ബംഗളൂരു: കച്ചവടം ചെയ്യാനായി തേങ്ങകൾ ഓൺലൈനായി വാങ്ങാൻ ശ്രമിച്ച സ്ത്രീക്ക് നഷ്ടമായത് 45,000 രൂപ. വിമാനപുരയിൽ കച്ചവടം നടത്തുന്ന സ്ത്രീയാണ് ബംഗളൂരു സൈബർ ക്രൈം പൊലീസിൽ ഇത്തരമൊരു പരാതി നൽകിയിരിക്കുന്നത്. തേങ്ങകൾ ഒന്നിച്ച് ലഭിക്കാനുള്ള വഴി തേടി ഗൂഗിളിൽ അന്വേഷിച്ചപ്പോഴാണ് മൈസൂരു ആർ.എം.സി യാർഡിലെ മല്ലികാർജുൻ എന്ന വ്യക്തിയുടെ നമ്പർ കണ്ടത്. ഈ നമ്പറിൽ വിളിച്ച് കച്ചവടം ഉറപ്പിച്ചു. എന്നാൽ, മുഴുവൻ പണവും മുൻകൂറായി അയക്കണമെന്ന് മല്ലികാർജുൻ ആവശ്യപ്പെട്ടു.

ഇതനുസരിച്ച് 45,000 രൂപ സ്ത്രീ ഗൂഗിൾ പേ വഴി അയച്ചുകൊടുത്തു. എന്നാൽ, കുറച്ചു ദിവസം കഴിഞ്ഞിട്ടും തേങ്ങ എത്താത്തതിനാൽ സ്ത്രീ മൈസൂരുവിലെത്തി അന്വേഷിച്ചപ്പോൾ ആർ.എം.സി യാർഡിൽ മല്ലികാർജുൻ എന്ന ആളില്ലെന്ന് വ്യക്തമാകുകയായിരുന്നു. വഞ്ചിക്കപ്പെട്ടതായി മനസ്സിലായതോടെയാണ് പൊലീസിൽ ഇത്തരത്തിൽ പരാതി നൽകിയിരിക്കുന്നത്.