പത്തനംതിട്ട: പുലർകാലത്തിന്റെ അരണ്ടവെളിച്ചം മാത്രം തുണയാക്കി നല്ല നടപ്പിന് ഇറങ്ങിയവർ റോഡിന് കുറുകേ കിടന്ന എന്തിലോ തട്ടി നിന്നു. തപ്പിപ്പിടിച്ചു നോക്കുമ്പോൾ ഒരു ശവപ്പെട്ടി. ശവം മിസിങ്!

ഞെട്ടാൻ ഇതിൽപ്പരം വല്ലതും വേണോ? നിലവിളിയായി ബഹളമായി. പൊലീസ് എത്തി ശവപ്പെട്ടി കസ്റ്റഡിയിൽ എടുത്തു. ഉടമസ്ഥൻ ഇല്ലാത്തതിനാൽ ശവപ്പെട്ടി സേഫ് കസ്റ്റഡിയിൽ തുടരുന്നു.

കുമ്പനാട്- നെല്ലിമല റോഡിൽ നീറുംപ്ലാക്കൽ ജങ്ഷനിൽ നിന്ന് ആറങ്ങാട്ടുപടി-കുമ്പനാട് വഴി കല്ലുമാലിയിലേക്ക് പോകുന്ന റോഡിലാണ് വിദേശ രാജ്യങ്ങളിൽ നിന്ന് മൃതദേഹം എംബാം ചെയ്തു കൊണ്ടുവരുന്ന ശവപ്പെട്ടി കണ്ടെത്തിയത്. വിവരം അറിഞ്ഞ് കുമ്പനാട് സ്റ്റാർ ക്ലബ്ബ് പ്രവർത്തകരും നാട്ടുകാരും ചേർന്ന് പ്രദേശം മുഴുവൻ അരിച്ചു പെറുക്കി. മൃതദേഹം മാത്രം കണ്ടില്ല. ഈ പ്രദേശങ്ങളിൽ അടുത്ത കാലത്തെങ്ങും വിദേശ രാജ്യത്ത് നിന്ന് മൃതദേഹം കൊണ്ടു വന്നിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു. വിവരമറിഞ്ഞ് എത്തിയ കോയിപ്രം പൊലീസ് ശവപ്പെട്ടിയും പ്രദേശവും വിശദമായി പരിശോധിച്ചു.

വിദേശത്ത് നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽ മൃതദേഹം കൊണ്ടു വന്നു ശവപ്പെട്ടിയാണെന്നാണ് സൂചന ലഭിച്ചത്. പിന്നീട് പെട്ടി പൊലീസ് കസ്റ്റഡിയിൽ എടുത്തു. വിജനമായ ഈ പ്രദേശത്തു കൂടി ആൾ സഞ്ചാരം വളരെ വിരളമാണ്. രാവിന്റെ മറവിൽ അറവു ശാലകളിൽ നിന്നുള്ള മാലിന്യവും മനുഷ്യ വിസർജ്യവും ഉൾപ്പെടെയുള്ളവ തള്ളുന്നത് പതിവാണ്. ഇതിനെതിരെ നാട്ടുകാർ നിരവധി പരാതികൾ നൽകിയെങ്കിലും നാളിതു വരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. കുറെ നാളുകൾക്ക് മുൻപ് പ്രദേശത്ത്അജ്ഞാത ജീവിയുടെ ശബ്ദം
കേൾക്കാമായിരുന്നതായി പ്രദേശ വാസികൾ പറഞ്ഞിരുന്നു.

തിരുവല്ല, കോയിപ്രം പൊലീസ് സ്റ്റേഷനുകളുടെ അതിർത്തി പ്രദേശമായ ഇവിടെ പൊലീസിന്റെ നിരീക്ഷണം കാര്യമായി നടക്കാറില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. മൃതദേഹം കൊണ്ടു വന്നതിന് ശേഷം ഉപേക്ഷിച്ചതാകും പെട്ടി എന്നാണ് പൊലീസ് പറയുന്നത്. എങ്കിലും ഇതാര് റോഡിൽ കൊണ്ടിട്ടുവെന്നതിനെ കുറിച്ചാണ് അന്വേഷണം നടക്കുന്നത്.