കോയമ്പത്തൂർ: കോയമ്പത്തൂർ സ്ഫോടന പരമ്പരക്കേസിലെ പിടികിട്ടാപ്പുള്ളിയായ കോഴിക്കോട്ടുകാരൻ ഇരുപതു വർഷത്തിനുശേഷം അറസ്റ്റിൽ. അൻപത്തിയെട്ടുപേർ കൊല്ലപ്പെട്ട കോയമ്പത്തൂരിലെ സ്‌ഫോടനപരമ്പര കേസിലെ പ്രതിയെയാണ് പിടികൂടുന്നത്. കോഴിക്കോട് തിരുവണ്ണൂർ യമുന മൻസിലിൽ എൻ.പി. നൂഹ് റഷീദ് എന്ന മാങ്കാവ് റഷീദിനെ(44)യാണ് തമിഴ്‌നാട് ക്യൂ ബ്രാഞ്ചും ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണസംഘവും ചേർന്ന് ചെന്നൈയിൽ അറസ്റ്റുചെയ്തത്. മുതിർന്ന ബിജെപി. നേതാവ് എൽ.കെ. അദ്വാനിയെ വധിക്കാൻ ലക്ഷ്യമിട്ട് 1998 ഫെബ്രുവരി 14-നാണ് സ്‌ഫോടനപരമ്പര നടന്നത്.

സ്‌ഫോടനത്തിനുശേഷം ഖത്തറിലും ദുബായിലുമായി കഴിഞ്ഞ റഷീദ് അടുത്തിടെ കോഴിക്കോട്ടെത്തിയിരുന്നു. അവിടെനിന്ന് ചെന്നൈയിലേക്ക് തിരിക്കുന്നതിനിടെയാണ് പിടിയിലായത്. നാടുവിട്ട് പോയ ശേഷം റഷീദ് ബന്ധുക്കളെ ആരേയും കണ്ടിരുന്നില്ല. ഈ വിഷമം കാരണമാണ് ഖത്തറിൽ നിന്ന് എത്തിയത്. റഷീദ് നാട്ടിലെത്തിയ വിവരം അറിഞ്ഞ് തമിഴ്‌നാട് ക്രൈംബ്രാഞ്ച് സി ഐ ഡി സംഘം കോഴിക്കോട് എത്തുകയായിരുന്നു. കേരളാ പൊലീസിനെ അറിയിക്കാതെ അതീവ രഹസ്യമായാണ് സംഘം റഷീദിനെ കസ്റ്റഡിയിൽ എടുത്തത്. ഐ പി സി 302, 307, 449, 465,468,471,212 ഉൾപ്പെടെ പതിനാറ് വകുപ്പുകളാണ് റഷീദിനെതിരെ ചുമത്തിയത്. വിശദമായി ചോദ്യം ചെയ്തിന് ശേഷം കോടതിയിൽ ഹാജരാക്കിയ റഷീദിനെ പതിനഞ്ച് ദിവസത്തേക്ക് റിമാന്റ് ചെയ്തു.

വിചാരണയ്ക്ക് ഹാജരാകാതിരുന്ന റഷീദിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. കോയമ്പത്തൂർ ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി ഇയാളെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു. അദ്വാനി പ്രസംഗിക്കേണ്ടിയിരുന്ന കോയമ്പത്തൂരിലെ വേദിക്ക് സമീപമുള്ള നിരവധി സ്ഥലങ്ങളിൽ സ്‌ഫോടനം നടത്തിയ കേസിലെ മുഖ്യപ്രതികളിൽ ഒരാളാണ് റഷീദ്. സംഭവ ദിവസം വിമാനം വൈകിയതിനാൽ പ്രസംഗവേദിയിൽ എത്താൻ താമസിച്ചതുകാരണമാണ് സ്‌ഫോടനത്തിൽനിന്ന് അദ്വാനി രക്ഷപ്പെട്ടത്.

റഷീദിനെതിരേ കൊലപാതകം, ക്രിമിനൽ ഗൂഢാലോചന, വധശ്രമം, വീട്ടിൽ അതിക്രമിച്ചുകയറൽ, വ്യാജരേഖചമയ്ക്കൽ, വഞ്ചന, വ്യാജരേഖ ഉപയോഗിച്ച് കബളിപ്പിക്കൽ, പ്രതികളെ ഒളിവിൽ പാർപ്പിക്കൽ, മതസ്പർധ ഉണ്ടാക്കൽ, മാരകായുധം ഉപയോഗിച്ച് കലാപത്തിനു ശ്രമിക്കൽ, അന്യായമായി സംഘംചേരൽ, തെളിവ് നശിപ്പിക്കൽ, സർക്കാർ ഉദ്യോഗസ്ഥന്റെ കൃത്യം തടസ്സപ്പെടുത്തൽ എന്നീ വകുപ്പുകൾ പ്രകാരമാണ് കേസുകൾ നിലവിലുള്ളത്. ഈ സ്ഫോടന പരമ്പരയുമായി ബന്ധപ്പെട്ട് പി.ഡി.പി. നേതാവ് അബ്ദുൾ നാസർ മഅദനിയെ തമിഴ്‌നാട് പൊലീസിന്റെ പ്രത്യേകാന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു. ഒമ്പതു വർഷം വിചാരണത്തടവുകാരനായി കോയമ്പത്തൂർ ജയിലിൽ കഴിഞ്ഞ മദനിയെ 2007 ഓഗസ്റ്റ് ഒന്നിനാണ് കുറ്റക്കാരനല്ലെന്ന് കണ്ട് വിട്ടയച്ചത്.

സ്ഫോടന സമയത്ത് മദനിക്കൊപ്പം റഷീദ് ഉണ്ടായിരുന്നുവെന്നാണ് തമിഴ്‌നാട് സി.ബി.സിഐ.ഡി. സംഘം കണ്ടെത്തിയിട്ടുള്ളത്. സംഭവത്തിനുശേഷം വിദേശത്തേക്ക് കടന്ന റഷീദിനെ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. ഖത്തറിൽ നിന്ന് ദുബായിൽ എത്തി ബന്ധുവിന്റെ ഹോട്ടലിൽ ജോലിക്കും നിന്നു. കേസിൽ അൽഉമ സ്ഥാപകൻ എസ്.എ ബാഷ, മകൻ സിദ്ദിഖ് അലി, സഹോദരൻ നവാബ്ഖാൻ എന്നിവരടക്കമുള്ളവരെ കോടതി ശിക്ഷിച്ചിരുന്നു. മദനിയടക്കം 14 പേരെയാണു കുറ്റക്കാരല്ലെന്നു കണ്ട് വിട്ടയത്.

1998ഫെബ്രുവരി 14 നാണ് കോയമ്പത്തൂരിൽ സ്ഫോടന പരമ്പര നടന്നത്. ബിജെപി നേതാവ് എൽ കെ അദ്വാനിയുടെ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടിക്ക് മുന്നോടിയായി കോയമ്പത്തൂരിൽ 12 കിലോമീറ്റർ ചുറ്റളവിൽ 13 സ്ഫോടനങ്ങളാണ് നടന്നത്. സ്ഫോടനത്തിന്റെ ഉത്തരവാദിത്വം അൽ ഉമ്മ എന്ന തീവ്രവാദ സംഘടനയാണ് ഏറ്റെടുത്തത്. സംഭവത്തെ തുടർന്ന് തമിഴ്‌നാട്ടിൽ അൽ ഉമ്മ നിരോധിക്കപ്പെട്ടു.