തിരുവനന്തപുരം: കയർ വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ കയർ ഭൂവസ്ത്ര വിതാനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് അവബോധം നൽകുന്നതിനായി തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ പ്രതിനിധികൾക്കായി ഏകദിന സെമിനാർ സംഘടിപ്പിക്കുന്നു. നവംബർ 9 (ചൊവ്വാഴ്ച) രാവിലെ 9ന് ആറ്റിങ്ങൽ ചെമ്പകമംഗലത്തെ കണിമംഗലം കൺവെൻഷൻ സെന്ററിൽവെച്ച് നടക്കുന്ന സെമിനാർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാർ ഉദ്ഘാടനം ചെയ്യും. ജില്ലയിലെ ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, സെക്രട്ടറിമാർ, എം.ജി.എൻ.ആർ.ഇ.എസ് ഉദ്യോഗസ്ഥർ എന്നിവർ സെമിനാറിൽ പങ്കെടുക്കും.

പരമ്പരാഗത വ്യവസായമായ കയറിന് ആഭ്യന്തര വിപണി കണ്ടെത്തുന്നതിനായി ആവിഷ്‌കരിച്ച പദ്ധതിയാണ് കയർ ഭൂവസ്ത്ര വിതാനം. പരിസ്ഥിതിക്ക് അനുയോജ്യമായ രീതിയിൽ മണ്ണ്, ജലം എന്നിവയുടെ സംരക്ഷണത്തിനായി കയർഭൂവസ്ത്രവിതാനം ഉപയോഗിക്കുന്നു. ഭൂവസ്ത്രവിതാനത്തിന്റെ പ്രാധാന്യവും ഭൂവസ്ത്രവിതാനത്തിന്റെ സാങ്കേതിക വശങ്ങളും പരിചയപ്പെടുത്തുകയാണ് സെമിനാറിന്റെ ലക്ഷ്യം.

കയർഫെഡ് പ്രസിഡന്റ് എൻ.സായികുമാർ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ജില്ലാ കളക്ടർ ഡോ.നവ്‌ജ്യോത്‌ഖോസ, കയർവികസന വകുപ്പു ഡയറക്ടർ വി.ആർ വിനോദ്, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ത്രേസ്യാമ്മ ആന്റണി എന്നിവരും വിവിധ ജനപ്രതിനിധികളും പങ്കെടുക്കും.