കൊച്ചി: കൊച്ചിയിലെ വാടകവീട്ടിൽ കാമുകനൊപ്പം താമസിച്ചുവരവേ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ പെൺകുട്ടിയുടെ മരണത്തിലെ ദൂരൂഹത തുടരുന്നു. പെൺകുട്ടിയുടെ കാമുകനായിരുന്ന ഖലീം യുവമോർച്ച പ്രവർത്തകനെ കൊന്ന കേസിലെ പ്രതിയാണെന്നും ഇയാൾക്ക് ഭാര്യയും കുട്ടികളുമുണ്ടെന്ന് പൊലീസ് അറിയിച്ചു. ജീവനൊടുക്കിയ മുറിയിൽ അനുജ തലമുടി മുഴുവനായി വടിച്ചിട്ട നിലയിൽ കണ്ടെത്തിയതിലും പൊലീസിന് സംശയമുണ്ട്. അനൂജ ആവശ്യപ്പെട്ടതിനാൽ താൻ തന്നെയാണ് മുടി വടിച്ചുകളഞ്ഞതെന്ന് ഖലീം പറഞ്ഞതായി പൊലീസ് അറിയിച്ചു.

ഖലീമിന്റെ ക്രിമിനൽ പശ്ചാത്തലവും പൊലീസ് വിശദമായി അന്വേഷിക്കുന്നുണ്ട്. ഇയാൾ തൃശൂർ വടക്കേക്കാട്ടെ യുവമോർച്ച പ്രവർത്തകൻ മണികണ്ഠനെ കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതിയും മറ്റൊരു വധശ്രമക്കേസിലെ പ്രതിയുമാണെന്നു പൊലീസ് പറഞ്ഞു. ഖലീമും അനൂജയും വിവാഹം കഴിച്ചതിനു തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും ഇയാൾക്ക് വേറെ ഭാര്യയും കുട്ടികളുമുണ്ടെന്നും പൊലീസ് അറിയിച്ചു. താൻ വൈകിട്ട് പുറത്തുപോയി മടങ്ങിയെത്തിയപ്പോഴാണ് അനൂജയെ വാടകവീടിന്റെ രണ്ടാമത്തെ നിലയിലെ കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടതെന്നാണ് ഖലീമിന്റെ മൊഴി. മരണ വിവരം വെള്ളിയാഴ്ച രാത്രി എട്ടരയോടെയാണ് ഖലീം പൊലീസിനെ അറിയിച്ചത്.

അനുജയുടെ മൃതദേഹം ആലുവ അഡീഷനൽ തഹസിൽദാൽ പി.ബി. സുനിൽലാലിന്റെ സാന്നിധ്യത്തിൽ പൊലീസ് ഇൻക്വസ്റ്റ് തയാറാക്കി പോസ്റ്റ്‌മോർട്ടത്തിനായി ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് അയച്ചു. സംസ്‌കാരം ഇന്ന് ഇടപ്പള്ളി ശ്മശാനത്തിൽ നടത്തും. ഖലീലിന്റെ ക്രിമിനൽ പശ്ചാത്തലത്തെക്കുറിച്ച് അനൂജ പറഞ്ഞിട്ടുള്ളതായി സുഹൃത്തുക്കളും പറയുന്നു. പഠിത്തത്തിൽ മുൻപന്തിയിലുള്ള മകൾ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് അനൂജയുടെ അമ്മയും സുഹൃത്തുക്കളും പറയുന്നു. ഫോറൻസിക് വിദഗ്ദ്ധർ സംഭവസ്ഥലത്തെത്തി തെളിവെടുത്തിട്ടുണ്ട്.

സംഘപരിവാർ അനുജയുടെ മരണത്തിൽ കൂടുതൽ അന്വേഷണം ആവശ്യപ്പെട്ട് രംഗത്തുണ്ട്. മരണവിവരം അറിയിച്ചിട്ടും ഉന്നതോദ്യോഗസ്ഥർ സ്ഥലത്തെത്താൻ വൈകിയെന്നാരോപിച്ച് ബിജെപി-ഹിന്ദു ഐക്യവേദി പ്രവർത്തകർ അഡീഷനൽ തഹസിൽദാറെ തടഞ്ഞു. ആർഡിഒ എസ്. സുഹാസ്, അസി. പൊലീസ് കമ്മിഷണർ ബിജോ അലക്‌സാണ്ടർ എന്നിവർ എത്തിയതോടെയാണ് സംഘർഷത്തിന് അയവു വന്നത്. എൻഡിഎഫ് പ്രവർത്തകനാണ് ഖലീലെന്നാണ് യുവമോർച്ച പ്രവർത്തകരുടെ ആരോപണം.

വെള്ളിയാഴ്ച രാത്രിയാണ് അനൂജയെ തൂങ്ങിമരിച്ച നിലയിൽ വാടകവീട്ടിൽ കണ്ടെത്തിയത്. കാമുകനായ ഖലീമാണ് പൊലീസ് സ്‌റ്റേഷനിലെത്തി മരണവിവരം അറിയിച്ചത്. എറണാകുളം മഹാരാജാസ് കോളജിലെ എംഎ പൊളിറ്റിക്‌സ് അവസാന വർഷ വിദ്യാർത്ഥിനിയായ അനുജയും (23) കാമുകനായ തൃശൂർ ചാവക്കാട് ആണ്ടത്തോട് വലിയകത്തു ഖലീമും (34) ഒരു മാസത്തോളമായി ഇടപ്പള്ളി ഉണിച്ചിറയിലെ വാടകവീട്ടിൽ ഒരുമിച്ച് താമസിച്ചു വരികയായിരുന്നു. ഖലീമും ഒന്നരവർഷത്തോളമായി അനുജയുടെ മാതാപിതാക്കളുടെ സമ്മതതോടെ ലിവിങ് ടുഗെദറിലായിരുന്നു. ഒന്നര വർഷം പച്ചാളത്ത് ഒരുമിച്ചു താമസിച്ചിരുന്ന ശേഷം ഒന്നര മാസം മുൻപാണ് ഉണിച്ചിറയിൽ ഇവർ താമസത്തിനെത്തിയതെന്നും പൊലീസ് പറഞ്ഞു.

പെരിന്തൽമണ്ണ പുലാമന്തോൾ പുതുശേരിപ്പറമ്പിൽ അശോക് കുമാറിന്റെയും ഷൈലജയുടെയും മകളാണ് അനൂജ. 10 വർഷമായി ഇവർ ഇടപ്പള്ളിയിലാണ് താമസം. ഫെയ്‌സ് ബുക്കിലൂടെയാണ് അനൂജ ഖലീമിനെ പരിചയപ്പെട്ടതെന്നും വിവാഹം കഴിച്ച് സംരക്ഷിച്ചുകൊള്ളാമെന്നു ഖലീം ഉറപ്പു കൊടുത്തതിനാലും മകളിൽ വിശ്വാസമുള്ളതിനാലുമാണ് ഒരുമിച്ചു താമസിക്കാൻ അനുവദിച്ചതെന്നും അശോക് കുമാർ പറഞ്ഞു. ഉണിച്ചിറ ഹിൽവാലി സ്‌കൂളിനു സമീപം മാതാവ് ഷൈലജ വാടകയ്ക്ക് എടുത്തു നൽകിയ വീട്ടിലാണ് ഇവർ താമസിച്ചിരുന്നത്. അനൂജ സിവിൽ സർവീസ് പരീക്ഷ എഴുതുന്നതിനുള്ള തയ്യാറെടുപ്പിലായിരുന്നുവെന്നും പിതാവ് പറഞ്ഞു.

കാൻസർ രോഗികൾക്കു നൽകുന്നതിനായി ദിവസങ്ങൾക്കു മുൻപ് മുടിയുടെ കുറച്ചുഭാഗം മുറിച്ചു നൽകിയിരുന്നതായി ബന്ധുക്കൾ പറഞ്ഞു. ഖലീമിനെ മരണത്തെ തുടർന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു. കൂടുതൽ വിവരങ്ങൾക്കായി ഖലീമിനെ ചോദ്യം ചെയ്യുമെന്നും പൊലീസ് അറിയിച്ചു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ, കൂടുതൽ നിഗമനങ്ങളിലെത്താൻ കഴിയൂവെന്നും ഖലീമിനെ കൂടുതൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും എസിപി ബിജോ അലക്‌സാണ്ടർ പറഞ്ഞു.