- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലപ്പുറത്ത് താൽകാലിക ഫുട്‌ബോൾ ഗ്യാലറി തകർന്നു വീണ സംഭവം; സംഘാടകർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്; മത്സരം നടത്തിയത് വേണ്ട മുൻകരുതലുകളോ, സുരക്ഷാമാനദണ്ഡങ്ങളോ പാലിക്കാതെ
മലപ്പുറം: മലപ്പുറത്ത് താൽകാലിക ഫുട്‌ബോൾ ഗ്യാലറി തകർന്നു വീണ സംഭവത്തിൽ സംഘാടകർക്കെതിരെ ജാമ്യമില്ലാ വകുപ്പിൽ പൊലീസ് കേസെടുത്തു. സെക്ഷൻ 308 ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് പൂക്കോട്ടുംപാടം പൊലീസ് കേസെടുത്തിട്ടുള്ളത്. ആരുടെയും പേര് പരാമർശിച്ചിട്ടില്ല . ഇത്തരം മത്സരങ്ങൾ നടത്തുമ്പോൾ വേണ്ടതായ മുൻകരുതലുകളോ മാനദണ്ഡങ്ങളോ സ്വീകരിച്ചിട്ടില്ലെന്ന് അധികൃതർ പറഞ്ഞു.
ഫയർ ആൻഡ് സേഫ്റ്റി വിഭാഗത്തിന്റേതുൾപെടെ അനുമതിയുമില്ല. ചൊവ്വാഴ്ച രാത്രിയിലാണ് പൂക്കോട്ടുംപാടം ഹൈസ്‌കൂൾ മൈതാനത്ത് പൂക്കോട്ടുംപാടം ഐ.സി.സി. ക്ലബ്ബ് നടത്തുന്ന ഐ.സി.സി സൂപ്പർ സോക്കർ 2022 ഫ്‌ളഡ് ലൈറ്റ് മത്സരം കാണുന്നതിനായി നിർമ്മിച്ച താൽകാലിക ഗ്യാലറി തകർന്നത്. കുട്ടികൾ ഉൾപെടെ 50 ഓളം പേർ പരിക്കേറ്റ് വണ്ടൂർ സ്വകാര്യ ആശുപത്രി, നിലമ്പൂർ ഗവ. ജില്ലാ ആശുപത്രി എന്നിവിടങ്ങളിൽ ചികിത്സ തേടി. ഗുരുതരമായി പരിക്കേറ്റ രണ്ടുപേരാണ് നിലവിൽ ചികിത്സയിലുള്ളത്. മറ്റാരുടെയും പരിക്ക് ഗുരുതരമല്ലാത്തതിനാൽ പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചു.
കളി തുടങ്ങുന്നതിനു തൊട്ടു മുമ്പാണ് ഗ്യാലറി തകർന്നത്. വിദേശ കളിക്കാർ ഉള്ളതിനാൽ ഗാലറിയിൽ 700 ലധികം പേരുണ്ടായിരുന്നു. കാണികൾ കൂടുതലായതോടെ അഞ്ച് വരിയുള്ള ഇരുമ്പ് പൈപ്പുകളും കമുകിൻ പാത്തികളും ഉപയോഗിച്ച് നിർമ്മിച്ച ഗാലറി സൈഡിലേക്ക് ചരിയുകയായിരുന്നു. രണ്ടര ലക്ഷം രൂപയോളം ചിലവഴിച്ചാണ് ഗ്യലറി പണിതത്. അപകടം നടന്നതോടെ കാണികൾ ചിതറിയോടി. സംഘാടകരും സന്നദ്ധപ്രവർത്തകരുമാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്.