തിരുവനന്തപുരം: മലയാള സിനിമയിൽ ചരിത്ര മുഹുർത്തങ്ങളും പുത്തൻ താരോദം ക്യാമറയ്ക്കു മുന്നിലും പിന്നിലും ഉയർന്നു വന്ന വർഷമാണ് കടന്നു പോയത്. പ്രേക്ഷകരെ ചിരിപ്പിക്കുകയൂം ചിന്തിപ്പിക്കുകയും ബോറടിപ്പിക്കുകയും ചെയ്ത കഥാപാത്രങ്ങളും കഥാ മുഹുർത്തങ്ങളും അവയിൽ ഉൾപ്പെടുന്നു. ഒന്ന് രണ്ട് നായകൻ മാരുടെ നിഴലിൽ കഥയും കഥാ പാത്രങ്ങളും ഒതുങ്ങി കൂടാതെ പല തരത്തിലൂള്ള കഥകൾക്ക് വേദിയായി.

പോയ വർഷം മലയാളത്തിൽ ആകെ 121 ചിത്രങ്ങളാണ് റിലീസ് ചെയ്തത്. 188 തമിഴ് ചിത്രങ്ങളും 102 തെലുങ്കു ചിത്രങ്ങളും ബോക്സ് ഓഫീസ് ലക്ഷ്യമിട്ട് മലയാളക്കരയിലെത്തി. മുൻ വർഷത്തെ അപേക്ഷിച്ച് ഹിറ്റുകളുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടായെങ്കിലും വലിയ കളക്ഷൻ റെക്കോർഡുകൾ തീർത്തത് വിരലിൽ എണ്ണാവുന്ന ചിത്രങ്ങൾ മാത്രമാണ്. 121 ചിത്രങ്ങൾക്കുമായി 460 കോടി രൂപയാണ് ആകെ ചെലവായത്. ഇത്രയും തുക നിർമ്മാണ ചെലവിലേക്ക് പോയപ്പോൾ നേടാനായത് 425 കോടി രൂപ മാത്രമാണ്. 20 കോടിക്ക് മുകളിൽ നിർമ്മാണ ചെലവ് ആയത് പുലിമുരകനാണ് ഇതിൽ മുൻ പന്തിയിൽ. കളക്ഷൻ നേട്ടത്തിലും പുലിമുരുകൻ തന്നെ ഒന്നാമതായി.

മോഹൻ ലാൽ നായനായ ഒപ്പം പുലിമുരുകൻ എന്നി ചിത്രങ്ങൾ 119 ചിത്രങ്ങളുടെ ആകെ കളക്ഷനേയും മറി കടന്നിട്ടുണ്ട്. 12 കോടിക്ക് പൂർത്തിയായ 2 ചിത്രങ്ങളും 10 കോടി വരെ നിർമ്മാണ ചെലവിൽ 8 ഓളം ചിത്രങ്ങളും റിലീസിനെത്തി. 2016 ലെ താരം മോഹൻ ലാൽ തന്നെയാണ്. മലയാളത്തിലും തെലുങ്കിലുമായി 4 ചിത്രങ്ങളാണ് ലാലിന്റേതായി റിലീസിന് എത്തിയത്. അതിൽ പുലിമുരുകൻ മോഹൻ ലാൽ എന്ന നടന്റേയും മലയാള സിനിമയുടെയും ചരിത്രമായി മാറി.

മമ്മൂട്ടിയുടേതായി കഴിഞ്ഞ വർഷം റിലീസിനെത്തിയത്, പുതുിയ നിയമം, കസബ, തോപ്പിൽ ജോപ്പൻ, വൈറ്റ് തുടങ്ങിയ ചിത്രങ്ങളാണ്. ബോക്സ് ഓഫീസിൽ കാര്യമായ ചലനങ്ങൾ ഒന്നും തന്നെ സൃഷ്ടിക്കാൻ സാധിച്ചില്ല. പല ചിത്രങ്ങളും സാറ്റലൈറ്റ് തുക കൊണ്ടാണ് പിടിച്ചു നിന്നത്. പുതുയ നിയമത്തിന് ആകെ ചെലവായ തുക 5 കോടി എട്ടു ലക്ഷം രൂപയാണ്. തിയ്യറ്ററിൽ നിന്നും 4 കോടി 50 ലക്ഷവും മറുഭാഷകളിൽ ചിത്രം വിറ്റപ്പോൾ ഒന്നര കോടിയും സാറ്റലൈറ്റ് 4 കോടിയും കിട്ടി. മമ്മൂട്ടിയുടെ തോപ്പിൽ ജോപ്പൻ പുലിമുരുകന്റെ പ്രഭയിൽ അല്പം മങ്ങി പോയെങ്കിലും ലാഭം നേടിയ പടങ്ങളുടെ പട്ടികയിൽ ഇടം നേടി. 8 കോടി 25 ലക്ഷത്തിന് നിർമ്മിച്ച ചിത്രത്തിന്റെ സാറ്റലൈറ്റും വീഡിയോയും ഒക്കെകൂടി തട്ടിം മുട്ടിയും പോയി.

താര പരിവേഷമില്ലാതെ വിജയിച്ച 10 ഓളം ചിത്രങ്ങളും മലയാളത്തിൽ ഉണ്ടായിരുന്നു. അത്തരം സിനിമകളുടെ താരങ്ങൾ സംവിധായകർ തന്നെയായിരുന്നു. നാദിർഷയുടെ കട്ടപ്പനയിലെ ഋത്വിക് റോഷൻ, മഹേഷിന്റെ പ്രത്രികാരം, ആക്ഷൻ ഹീറോ ബിജു തുടങ്ങിയ ചിത്രങ്ങൾ എല്ലാം അതിന് ഉദാഹരണമാണ്. മികച്ച സംവിധായകനും നായകനും ഒന്നിച്ചാൽ നല്ല ചിത്രങ്ങൾ പിറക്കും എന്നതിന്റെ ഉദാഹരണം കൂടിയാണവ. വിനീത് ശ്രീനിവാസൻ നിർമ്മിച്ച ആനന്ദം, സംവിധാനം ചെയ്ത ജേക്കബിന്റെ സ്വർഗ രാജ്യം, കിസ്മത്ത്, ആൻ മരിയ കലിപ്പിലാണ്, ഗപ്പി തുടങ്ങിയ ചിത്രങ്ങളും താര പരിവേഷമില്ലാതെ വന്ന് മികച്ച അഭിപ്രായം നേടിയ ചിത്രങ്ങളാണ്.