തിരുവനന്തപുരം: കോഴിക്കോട്, മലപ്പുറം ജില്ലകൾ നിപ വൈറസ് ഭീതിയിലാണ്. എന്നാൽ, ആരോഗ്യമന്ത്രി ഇതേക്കുറിച്ച് വ്യക്തമാക്കിയത് ആശങ്കപ്പെടാൻ ഒന്നുമില്ലെന്നാണ്. ലോക മാധ്യമങ്ങളിലെല്ലാം വൈറസ് ബാധയുടെ വാർത്തകൾ എത്തി. ഇതിനിടെ വിവിധ വകുപ്പുകളുടെ ഏകോപനം ഇക്കാര്യത്തിൽ നടക്കുന്നില്ലെന്നാണ് പുറത്തുവരുന്ന വിവരം. കേരളത്തിലേക്ക് സഞ്ചാരികൾ വരുന്നതിൽ ജാഗ്രത പാലിക്കണമെന്ന വിധത്തിൽ നിർദ്ദേശങ്ങളും എത്തിക്കഴിഞ്ഞു. ഇതിനിടെ കേരളത്തിലെ രണ്ട് വകുപ്പുകൾ പരസ്പ്പര വിരുദ്ധമായ കാര്യങ്ങൾ ചൂണ്ടിക്കാട്ടി രംഗത്തെത്തി.

നിപ വൈറസ് ഭീഷണിയുടെ പശ്ചാത്തലത്തിൽ കേരളത്തിലേക്ക് യാത്ര ചെയ്യുന്നതിൽ ഒരു പ്രശ്‌നവുമില്ലെന്നും എങ്ങോട്ട് വേണമെങ്കിലും യാത്ര ചെയ്യാമെന്നുമാണ് ഡിജിപി ലോകനാഥ് ബഹ്‌റ പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നത്. അതേസമയം തന്നെ, ആരോഗ്യവകുപ്പ് സെക്രട്ടറി പുറത്തിക്കിറക്കിയ ഉത്തരവിൽ കേരളത്തിലേക്ക് യാത്ര ചെയ്യുന്നത് സൂക്ഷിച്ചു വേണമെന്നും വ്യക്തമാക്കുന്നു. ഈ രണ്ട് ലെറ്ററുകളും കൂട്ടി ഫേസ്‌ബുക്കിൽ പോസ്റ്റിട്ടിരിക്കയാണ് കലക്ടർ ബ്രോ പ്രശാന്ത് നായർ.

സൈബർലോകത്ത് പകടരുന്ന മെസേജുകൾ വ്യാജമാണെന്ന് പറഞ്ഞു കൊണ്ടാണ് ലോകനാഥ് ബെഹ്‌റ യാത്രാവിലക്കില്ലെന്നും പ്രശ്‌നങ്ങളില്ലെന്നും പറഞ്ഞ് ഉത്തരവ് പുറപ്പെടുവിച്ചത്. നിപ വൈറസ് ബാധയുണ്ടെങ്കിലും എവിടെ വേണമെങ്കിലും യാത്ര ചെയ്യാമെന്നും ബെഹ്‌റ പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു. വ്യാജ സന്ദേശങ്ങൾക്കെതിരെ കേസെടുക്കുമെന്നും ഉത്തരവിൽ പറയുന്നുണ്ട്. അതേസമയം ആരോഗ്യ വകുപ്പ് സെക്രട്ടറി രാജീവ് സദാനന്ദൻ പുറപ്പെടുവിച്ച ഉത്തരവിൽ യാത്ര ചെയ്യാൻ പ്രശ്‌നങ്ങൾ ഇല്ലെങ്കിലും നിപ്പ ബാധിച്ച കോഴിക്കോട് അടക്കമുള്ള സ്ഥലങ്ങളിൽ യാത്രചെയ്യുമ്പോൾ മുൻകരുതൽ നടപടി സ്വീകരിക്കണമെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്.

ഈരണ്ട് ഉത്തരവുകളിലെയും വൈരുദ്ധ്യമാണ് പ്രശാന്ത് നായർ ഐഎഎസ് ചൂണ്ടിക്കാട്ടിയത്. ഫേസ്‌ബുക്കിൽ പോസ്റ്റിട്ട ശേഷം പ്രശാന്തിനെതിരെ സൈബർ സഖാക്കളുടെ കടുത്ത പ്രതിഷേധം ഉടലെടുത്തു. ഇവർ പ്രശാന്ത് നായർക്കെതിരെ വിമർശനവുമായി രംഗത്തെത്തി. കലക്ടർ ബ്രോ അൽഫോൻസ് കണ്ണന്താനത്തിന്റെ കീഴിൽ ജോലി ചെയ്യുന്ന വ്യക്തിയായതു കൊണ്ട് സംഘിയാണെന്നാണ് വിമർശനം.

അതേസമയം നിപ വൈറസ് ഭീഷണിയുടെ പശ്ചാത്തലത്തിൽ കേരളത്തിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് തമിഴ്‌നാട് സർക്കാർ ജനങ്ങൾക്ക് നിർദ്ദേശം നൽകിയിരുന്നു. അവധിക്കാലമായതിനാൽ കൂടുതൽ പേർ കേരളത്തിലേക്ക് എത്തുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്. യാത്രകളിൽ കോഴിക്കോടും പരിസരപ്രദേശങ്ങളും ഒഴിവാക്കണം ആതിവ ജാഗ്രത പുലർത്തണമെന്നും തമിഴ്‌നാട് ആരോഗ്യ വകുപ്പ് പ്രത്യേകം പറയുന്നു.

മുൻകരുതലുകളുടെ ഭാഗമായി കോഴിക്കോട് ജില്ലക്കടുത്തുള്ള കേരള- =തമിഴ്‌നാട് അതിർത്തി പ്രദേശങ്ങളായ നീലഗിരി, കോയമ്പത്തൂർ മേഖലകളിൽ അതീവ ജാഗ്രത പുലർത്താനും മുന്നറിയിപ്പ് ആവശ്യപ്പെടുന്നു. സംസ്ഥാനത്തെ പനിബാധിതരുടെ കണക്കുകൾ എടുക്കാനും, കേരളത്തിൽ നിന്നും തമിഴ്‌നാട്ടിലേക്കെത്തുന്ന ചക്ക ഉൾപ്പെടെയുള്ള പഴവർഗങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്താനും നിർദ്ദേശമുണ്ട്.