തിരുവനന്തപുരം: നെയ്യാറ്റിൻകരയിലെ വസ്തു തർക്കത്തിൽ വീണ്ടും ട്വിസ്റ്റ്. ദമ്പതികൾ പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ വിവാദ ഭൂമി ഉടമയായ വസന്ത പോക്കുവരവ് ചെയ്തതിൽ ദുരൂഹത. ഇക്കാര്യത്തിൽ സംശയങ്ങൾ തീർക്കാൻ ഇക്കാര്യത്തിൽ പൊലീസ് അന്വേഷണത്തിന് ജില്ലാ കലക്ടർ ശുപാർശ ചെയ്തു. ഭൂമി കൈമാറ്റത്തിൽ ചട്ടലംഘനമെന്നാണ് റിപ്പോർട്ടുള്ളത്. ഇടപാട് നേരാംവഴിയാണോ നടന്നതെന്ന് അറിയാനാണ് പൊലീസ് അന്വേഷണം നടത്തുനന്ത്.

ഭൂമി തന്റേതു തന്നെയെന്നും പട്ടയമുണ്ടെന്നും പരാതിക്കാരി വസന്ത അവകാശപ്പെട്ടിരുന്നു. മരിച്ച രാജനും കുടുംബവും താമസിച്ചിരുന്നത് 15 വർഷമായി താൻ കരമടയ്ക്കുന്ന ഭൂമിയിലാണ്. കോടതിയിൽ ഉടമസ്ഥാവകാശം തെളിയിക്കുമെന്നും വസന്ത പറഞ്ഞിരുന്നു. തർക്കഭൂമി വസന്ത വിലകൊടുത്ത് വാങ്ങിയതാണെന്ന് നേരത്തെ തഹസിൽദാർ റിപ്പോർട്ട് നൽകിയിരുന്നു. വസന്തയുടെ പേരിലുള്ള ഭൂമി പുറമ്പോക്ക് ഭൂമിയല്ലെന്നും സർക്കാർ പട്ടയം അനുവദിച്ച ഭൂമിയാണെന്നും തഹസിൽദാറിന്റെ റിപ്പോർട്ടിൽ പറയുന്നു. എന്നാൽ, ലക്ഷം വീടിന് അനുവദിച്ച ഭൂമി വസന്ത വാങ്ങിയത് നിയമാനുസൃതമാണോഎന്ന് സർക്കാർ പരിശോധിക്കണമെന്നും തഹസീൽദാർ ശുപാർശ ചെയ്തിരുന്നു. തുടർന്നാണ് ഇതു സംബന്ധിച്ച് അന്വേഷണം നടത്തിയത്.

2006ൽ സുഗന്ധി എന്ന സ്ത്രീയിൽ നിന്നും പണം നൽകിയാണ് വസന്ത ഭൂമി വാങ്ങിയത്. ഈ മൂന്ന് സെന്റ് ഭൂമി രാജൻ കയ്യേറി ഷെഡ് കെട്ടിയതെന്നാണ് കണ്ടെത്തൽ. 40 വർഷം മുമ്പ് ലക്ഷംവീട് കോളനി നിർമ്മാണത്തിനായി അതിയന്നൂർ പഞ്ചായത്ത് വിലകൊടുത്ത് വാങ്ങിയ ഭൂമിയിൽ പലർക്കും പട്ടയം അനുവദിച്ചിരുന്നു. ഇതിൽ സുകുമാരൻ നായർ എന്നയാൾക്ക് അനുവദിച്ച പട്ടയ ഭൂമിയാണ് കൈമാറ്റം ചെയ്ത് വസന്തയുടെ കൈവശം എത്തിയതെന്നാണ് തഹസിൽദാറുടെ കണ്ടെത്തൽ.

ദമ്പതികൾ പൊള്ളലേറ്റു മരിച്ച സംഭവത്തിൽ പൊലീസിനെതിരേ ആരോപണം നിലനിൽക്കുന്ന സാഹചര്യത്തിൽ അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറിയിരുന്നു. രക്ഷിതാക്കൾ മരിക്കാനിടയായത് എസ്‌ഐയും അയൽവാസിയുമായ വസന്തയും കാരണമാണെന്ന് രാജൻ- അമ്പിളി ദമ്പതികളുടെ രാഹുലും രഞ്ജിത്തും മൊഴി നൽകിയിരുന്നു. അച്ഛൻ തലയിൽ പെട്രോൾ ഒഴിച്ചത് ആത്മഹത്യ ചെയ്യാനല്ലെന്നും മറിച്ചു വന്നവരെ പിൻതിരിപ്പിക്കാൻ വേണ്ടിയാണെന്നും കേസിൽ ദൃക്‌സാക്ഷിയായ രാഹുൽ ക്രൈംബ്രാഞ്ചിനോട് വ്യക്തമാക്കിയിരുന്നു.

പോങ്ങിൽ നെട്ടത്തോട്ടം ലക്ഷംവീട് കോളനിയിൽ രാജനും ഭാര്യ അമ്പിളിക്കും കഴിഞ്ഞ 22ന് ആണ് വീടൊഴിപ്പിക്കുന്നതിനിടെ പൊള്ളലേൽക്കുന്നത്. 28ന് മണിക്കൂറുകളുടെ വ്യത്യാസത്തിൽ ഇരുവരും മരിച്ചു. അതേസമയം മരിച്ച രാജൻ-അമ്പിളി ദമ്പതികളുടെ മക്കൾക്ക് ലൈഫ് മിഷനിൽ വീട് നൽകുമെന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്. തങ്ങളുടെ മാതാപിതാക്കളെ അടക്കിയ ഭൂമിയിൽ തന്നെ വീട് വേണമെന്ന് മക്കളായ രാഹുലും രഞ്ജിത്തും ആവശ്യപ്പെട്ടിരുന്നു. ഇതിനിടെയാണ് ലൈഫ് പദ്ധതിയിൽ മുൻഗണന ക്രമത്തിൽ വീട് നൽകാൻ സർക്കാർ തീരുമാനിച്ചത്. ഇതിന് സർക്കാർ സ്വയം ഭരണ വകുപ്പ് ഉത്തരവ് ഇറക്കി. ലൈഫ് മിഷനിൽ പത്ത് ലക്ഷം രൂപ ചെലവിലാണ് വീട് നിർമ്മിച്ചു നൽകുന്നത്.

എന്നാൽ, വീട് നിർമ്മിച്ചു നൽകേണ്ട സ്ഥലത്തിന്റെ കാര്യത്തിൽ അവ്യക്തതയുണ്ട്. മാതാപിതാക്കളെ അടക്കിയ ഭൂമിയിൽ തന്നെ വീട് വേണമെന്ന് കുട്ടികൾ ആവശ്യപ്പെടുന്നുണ്ടെങ്കിലും അത് സാധ്യമാകില്ലെന്നാണ് സൂചന. അങ്ങനെ വന്നാൽ മറ്റൊരു സ്ഥലത്തായിരിക്കും ഇരുവർക്കുമുള്ള വീട് നിർമ്മിച്ചു നൽകുക.