തിരുവനന്തപുരം: മരണം കവർന്നെടുക്കും മുൻപ് കൺമണികൾ വേണമെന്ന സുധാകരന്റെ ആഗ്രഹം സഫലമായതിന്റെ സന്തോഷത്തിലാണ് സുധാകരന്റെ ഭാര്യ ഷിൽനയും കുടുംബവും. മക്കൾക്ക് നിമ മിത്രയെന്നും നിയ മാൻവിയെന്നും പേരിട്ടെന്ന വാർത്ത സമൂഹ മാധ്യമത്തിലൂടെ അറിഞ്ഞപ്പോൾ കണ്ണു നിറയാത്ത ആരും ഉണ്ടായിക്കാണില്ല. 2017 ആഗസ്റ്റിലാണ് തലശേരി ബ്രണ്ണൻ കോളേജ് അദ്ധ്യാപകനായ സുധാകരൻ വാഹനാപകടത്തിൽ മരിക്കുന്നത്. വിദ്യാർത്ഥികൾക്ക് ഏറെ പ്രിയപ്പെട്ട അദ്ധ്യാപകൻ കൂടിയായ സുധാകരൻ ഈ രംഗത്ത് തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച ആളുകൂടിയായിരുന്നു.

പ്രണയിച്ച് വിവാഹം കഴിച്ചവരായിരുന്നു സുധാകരനും ഭാര്യ ഷിൽനയും. നാലു വർഷം മുമ്പാണ് ഇവർ കുഞ്ഞുങ്ങളുണ്ടാകാനുള്ള ഐവിഎഫ് ട്രീറ്റ്‌മെന്റ് ആരംഭിച്ചത്. എന്നാൽ കുഞ്ഞുങ്ങളെ കാണാനുള്ള ഭാഗ്യം വിധി അദ്ദേഹത്തിന് നൽകിയില്ല. ഇന്നലെയാണ് ഏട്ടന്റെ കൺമണികൾക്ക് പേരിട്ടു എന്ന തലക്കെട്ടോടെ സുധാകരന്റെ ഭാര്യ സഹോദരിയായ ഷിജിന കണ്ണൻ തന്റെ ഫേസ്‌ബുക്ക് പേജിൽ പോസ്റ്റിട്ടത്.

നിമ മിത്ര സുധാകരൻ, നിയ മാൻവി സുധാകരൻ എന്നിങ്ങനെയാണ് കുഞ്ഞുങ്ങളുടെ പേരെന്നും ഷിജിന കൂട്ടിച്ചേർത്തിട്ടുണ്ട്. കുഞ്ഞിന് വേണ്ടിയുള്ള ചികിത്സയുടെ പാതി വഴിയിലാണ് സുധാകരൻ ഈ ലോകത്തോട് വിട പറഞ്ഞത്.

എന്നാൽ വീട്ടുകാരെയും സുഹൃത്തുക്കളെയും ബന്ധുക്കളെയും അമ്പരപ്പിച്ചു കൊണ്ട് ഷിൽന ചികിത്സ പൂർത്തിയാക്കി. ഇരട്ട പെൺകുഞ്ഞുങ്ങളാണ് സുധാകരന് പിറന്നത്. മറ്റൊരു ലോകത്തിരുന്ന് സുധാകരൻ ഇതെല്ലാം കാണുന്നുണ്ടെന്ന് എല്ലാവരും ഒരേ മനസ്സോടെ വിശ്വസിക്കുന്നു.