പാലക്കാട്: അജ്മലിന്റെ മരണം ആത്മഹത്യയാണോ കൊലപാതകമാണോ എന്ന് സ്ഥിരീകരിക്കാനാവാതെ പൊലീസ്. തൃത്താലയിലെ സ്വകാര്യ കോളേജ് കെട്ടിടത്തിന് മുകളിൽ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിലാണ് ദുരൂഹത തുടരുന്നത്. തൃത്താല പടിഞ്ഞാറങ്ങാടി മൈനോറിറ്റി കോളേജിലാണ് അവസാനവർഷ ഡിഗ്രി വിദ്യാർത്ഥിയായ ചങ്ങരംകുളം സ്വദേശി അജ്മലിനെ(21) മരിച്ച നിലയിൽ കണ്ടെത്തുന്നത്.

കോളേജിൽ പരീക്ഷയ്ക്ക് പോയ അജ്മലിനെ കഴിഞ്ഞ ദിവസം വൈകിട്ട് മുതൽ കാണാതാവുകയായിരുന്നു. തുടർന്ന് വീട്ടുകാരും കോളേജ് അധികൃതരും ചേർന്ന് നടത്തിയ തിരച്ചിലിലാണ് അജ്മലിന്റെ മൃതദേഹം കോളേജ് കെട്ടിടത്തിന് മുകളിൽ നിന്നും കണ്ടെത്തുന്നത്. പരീക്ഷ നടക്കുന്നതിനാൽ രാവിലെ പതിനൊന്ന് മണിയോടെയാണ് അജ്മൽ വീട്ടിൽനിന്ന് കോളേജിലേക്ക് തിരിച്ചത്. തുടർന്ന് പരീക്ഷയ്ക്ക് കയറിയ അജ്മൽ മൂന്നരമണിയോടെ പരീക്ഷാഹാൾ വിട്ടു. ഇതിനുശേഷം വിദ്യാർത്ഥിയെ കാണാതാവുകയായിരുന്നു. കൂട്ടുകാർക്കും അജ്മലിനെ കുറിച്ച് യാതൊരു വിവരവുമില്ലായിരുന്നു.

കോളേജ് വിട്ടാൽ സാധാരണ അജ്മൽ ആറു മണിയോടെ വീട്ടിലെത്തും. എന്നാൽ അന്ന് രാത്രിയായിട്ടും കാണാത്തതിനെ തുടർന്നാണ് വീട്ടുകാർ കോളേജ് അധികൃതരും സുഹൃത്തുക്കളുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചത്. എന്നാൽ ആർക്കും അജ്മൽ എങ്ങോട്ട് പോയി എന്ന് അറിയാമായിരുന്നില്ല. തുടർന്ന് വീട്ടുകാരും സുഹൃത്തുക്കളും കോളേജ് അധികൃതരും രാത്രിയിൽ കോളേജിലെത്തി പരിശോധന നടത്തിയപ്പോൾ പരിക്കേറ്റനിലയിൽ അജ്മലിനെ കണ്ടെത്തുകയായിരുന്നു. ഉടൻതന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നതായി ഡോക്ടർമാർ അറിയിച്ചു.

കോളേജ് കെട്ടിടത്തിന്റെ മുകളിൽ അജ്മലിനെ കണ്ടെത്തുമ്പോൾ കഴുത്തിൽ തുണികഷ്ണം കെട്ടിയനിലയിൽ കിടക്കുകയായിരുന്നെന്നാണ് വിദ്യാർത്ഥികളിൽ ചിലർ പറഞ്ഞത്. വിദ്യാർത്ഥിയുടെ മരണം ആത്മഹത്യയാണോ എന്ന കാര്യം ഇതുവരെ സ്ഥിരീകരിക്കാനായിട്ടില്ല. സംഭവത്തിൽ അന്വേഷണം തുടരുകയാണെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചാലേ കാര്യങ്ങൾ വ്യക്തമാകൂവെന്നും തൃത്താല പൊലീസ് അറിയിച്ചു. അജ്മലിന്റെ മൃതദേഹം വ്യാഴാഴ്ച ഉച്ചയോടെ തൃശൂർ മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം പൂർത്തിയാക്കിയശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. ഒരാഴ്ച മുൻപ് വലിയുമ്മ മരണപ്പെട്ടതിന് ശേഷം അജ്മലിനെ നിരാശനായനിലയിലാണ് കണ്ടെതെന്നും വിദ്യാർത്ഥികൾ പറഞ്ഞു.