- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീട്ടുപകരണങ്ങളും വളർത്തുമൃഗങ്ങളുമായി ജലപാതയ്ക്കു വേണ്ടി കുടിയിറക്കുന്നവർ കലക്ടറേറ്റ് മാർച്ച് നടത്തി; കലക്ട്രേറ്റിന് മുന്നിൽ സമരം ഉദ്ഘാടനം ചെയ്തു പ്രതിപക്ഷ നേതാവ്
കണ്ണൂർ: പിണറായി സർക്കാരിന്റെ സ്വപ്ന പദ്ധതിയായ കൃത്രിമ ജലപാതാ പദ്ധതിക്കെതിരെ വളർത്തുമൃഗങ്ങളും വിട്ടു പകരണങ്ങളുമായി സമരസമിതിയുടെ നേതൃത്വത്തിൽ സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിനാളുകൾ കണ്ണൂർ കലക്ടറേറ്റിലേക്ക് കുടിയിറക്ക് വിരുദ്ധ ദുരിതയാത്ര നടത്തി. ഇന്ന് രാവിലെ കണ്ണൂർ താണയിൽ നിന്നാണ് സമരസമിതി യു.ഡി.എഫ് പിൻതുണയോടെ ദുരിതയാത്ര നടത്തിയത്.
ഒരു രാത്രി മുഴുവൻ മഴപെയ്താൽ പ്രളയം വരുന്ന കേരളത്തിൽ ഭരണതലത്തിലും ഉദ്യോഗസ്ഥ തലത്തിലും മാത്രം തീരുമാനമെടുത്തു ഒരു ലക്ഷം കോടിയോളം ചെലവഴിച്ചു ജനത്തെ സങ്കടക്കടലിൽ ആഴ്ത്തി നിർമ്മിക്കാനുദ്ദേശിക്കുന്ന കൃത്രിമ ജലപാത ആർക്കുവേണ്ടി ആണെന്ന് ഇതുവരെ സർക്കാർ വ്യക്തമാക്കിയിട്ടില്ലെന്ന് കലക്ടറേറ്റിനു മുൻപിൽ സമരസമിതി നടത്തിയ പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്തു കൊണ്ടു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ചോദിച്ചു.
ജലപാതക്കെതിരെ നിയമസഭയിൽ ശക്തമായ സമരം നടത്തുമെന്നും പ്രതിപക്ഷനേതാവ് വി ഡി സതീശൻ പറഞ്ഞു. പൂർത്തിയായ ദേശീയജലപാത പോലും ഗുണം ചെയ്യുന്നില്ല. അപ്പോഴാണ് ഒരു ലക്ഷം കോടി ചെലവഴിച്ച് കൃത്രിമ ജലപാത ഉണ്ടാക്കാൻ ശ്രമിക്കുന്നത്. മനുഷ്യർ ജീവിക്കുന്ന ഇടങ്ങൾ കുളം തോണ്ടുകയാണ് സർക്കാർ ചെയ്യുന്നത്. പുതിയ കുഴികൾ കുഴിച്ച് എങ്ങനെ ടൂറിസം മെച്ചപ്പെടുത്താൻ ആവും ? സർക്കാരിന്റെ ഒരു വാദഗതിയും യുക്തിഭദ്രമല്ല. ജനത്തിന്റെ നികുതിപ്പണം കൊണ്ടാണ് എല്ലാം ചെയ്യുന്നത്.
ആശങ്കയുള്ള ജനങ്ങളു മായോ പ്രതിപക്ഷവുമായോ സമരസമിതിയുമായോ ചർച്ച ചെയ്യാൻ സർക്കാർ തയ്യാറാവുന്നില്ല. പാരിസ്ഥിതിക ആഘാത പഠനത്തിലൂടെ വ്യാപ്തി എന്തെന്ന് ആരെയും ബോധ്യപ്പെടുത്താൻ ആവുന്നില്ല. ആരുമായും ചർച്ച ഇല്ലെന്ന് പറയുന്നത് എന്തുമാത്രം ജനവിരുദ്ധമാണ് ? ഭൂഗർഭജലം താഴുക മാത്രമല്ല ഉപ്പുവെള്ളം കയറുകയും ചെയ്യും.ഇവിടെ സമീപ പ്രദേശങ്ങളിൽപ്പോലും കൃഷി ചെയ്യാനാവില്ല . കുടിയിറക്കപ്പെട്ടവർ ദുരിതബാധിതരാവും. അതുപോലെ തന്നെദുരിതമനുഭവിക്കേണ്ടി വരും കൃത്രിമ ജലപാത പോകുന്ന ഇടങ്ങളിലെ മറ്റുള്ളവരും .
കാലാവസ്ഥ വ്യതിയാനം ലോകത്ത് ഉണ്ടാകുന്ന പാരിസ്ഥിതിക ആഘാതത്തെക്കുറിച്ച് പഠനം നടത്തിയ അമേരിക്കൻ ഏജൻസിയായ നാസയുടെ പഠനറിപ്പോർട്ടിൽ കേരളത്തെക്കുറിച്ച് പരാമർശമുണ്ട് ശ്രീലങ്കൻ തീരം മുതൽ ഗുജറാത്ത് തീരം വരെ അറബിക്കടലിൽ ഗുരുതര
പ്രശ്നങ്ങൾ ഉയരുകയാണ്. ചൂടുകൂടുമ്പോൾ അതിതീവ്ര ന്യൂനമർദ്ദം ഉണ്ടാകുന്നു. ചക്രവാതചുഴികളും ചുഴലി കാറ്റുകളും ഇടയ്ക്കിടെ ഉണ്ടാവാം.
അന്താരാഷ്ട്ര ഏജൻസികൾ തന്നെ കേരളം ഗുരുതരമായ പാരിസ്ഥിതിക പ്രശ്നങ്ങളിൽ അപകട തീരത്താണ് എന്നുപറയുമ്പോൾ ആരെയും വിശ്വാസത്തിലെടുക്കാതെ ആരുടെയും ചോദ്യങ്ങൾക്ക് പരിഹാരം തേടാതെ സർക്കാർ ഭീമമായ തുക ചെലവഴിച്ച് ഉണ്ടാക്കുന്ന കൃത്രിമ ജലപാത അടുത്ത തലമുറയെ അടക്കം കടക്കെണിയിലാഴ്ത്തുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
പ്രശ്ന ബാധിതരുടെ ചോദ്യങ്ങൾക്ക് വ്യക്തമായ ഉത്തരം വേണം. വ്യക്തത വേണം. കൃത്രിമ ജലപാത വരുമ്പോൾ എത്ര പാരിസ്ഥിതിക ആഘാതം ഉണ്ടാകും? എത്ര പേരെ കുടിയൊഴിപ്പിക്കണം. പണം കേന്ദ്രം പണം നൽകുന്നുണ്ടോ . ഒരുപാട് ചോദ്യങ്ങൾക്ക് ഉത്തരം പറയേണ്ടതുണ്ട്. ന്യായമായ സമരത്തിന് തീരുമാനമാകാതെ പിന്നോട്ടില്ല.നിയമസഭയിൽ പ്രശ്നം ശക്തമായി അവതരിപ്പിക്കുമെന്നും വിഡി സതീശൻ പറഞ്ഞു
സണ്ണി ജോസഫ് എംഎൽഎ മേയർ ടി ഒ മോഹനൻ ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് പി ആർ രാജൻ പി ടി മാത്യു അബ്ദുൽ കരീം ചേലേരി ഡി സുരേന്ദ്രനാഥ് കെ വി ജയരാജൻ കെ വി ചന്ദ്രൻ അഡ്വ.വിനോദ് പയ്യട, രാജൻ കോരമ്പേത്ത്, നാവത്ത് ചന്ദ്രൻ ,സി.എ അജീർ, ബഷീർ കണ്ണാടിപ്പറമ്പ് 'സി.കെ മുന വിർ, കെ കെ സുരേന്ദ്രൻ, കെ.വി.അജിതുടങ്ങിയവർ പ്രസംഗിച്ചു സംഘാടകസമിതി ചെയർമാൻ ഇ മനീഷ് അധ്യക്ഷനായി. ചാല, കടമ്പുർ, ആറ്റപ്പെ, മേലൂർ, ധർമ്മടം തുടങ്ങിയ പ്രദേശങ്ങളിൽ നിന്നുള്ള സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിനാളുകളാണ് വിവിധ സംഘടനകളുടെ നേതൃത്വത്തിൽ കുടിയിറക്ക് വിരുദ്ധ ദുരിതയാത്രാ സമരത്തിൽ പങ്കെടുത്തത്.
മറുനാടന് മലയാളി ബ്യൂറോ