മംഗൾയാൻ ആകാശത്തേക്ക് ഉയർന്നു പൊന്തിയപ്പോൾ സായിപ്പന്മാർ അടക്കി ചിരിക്കുകയായിരുന്നു. അമേരിക്കയ്ക്കും റഷ്യയ്ക്കും യൂറോപ്യൻ സ്‌പേസ് ഏജൻസിക്കും മാത്രം സാധിച്ച നേട്ടം ഇന്ത്യ സ്വപ്‌നം കാണുന്നതിലെ തമാശ ഓർത്തായിരുന്നു ആ പരിഹാസം. ഇപ്പോൾ താഴെ വീഴും എന്നു കരുതി കാത്തിരുന്നിട്ടും കാണാതെ വന്നപ്പോൾ പട്ടിണി മാറ്റാൻ നിവൃത്തിയില്ലാത്ത ഒരു രാജ്യം ചൊവ്വയെ സ്വപ്‌നം കാണുന്നതിലെ ക്രൂരതയെ കുറിച്ചായി ചർച്ച. ഒടുവിൽ എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ച് നമ്മുടെ മംഗൾയാൻ ചുവന്ന ഗ്രഹത്തിൽ വിജയകരമായി കയറിക്കൂടിയപ്പോൾ അവർ കാളവണ്ടിയിൽ ഉപഗ്രഹവുമായി വന്ന കാർട്ടൂൺ വരച്ചാണ് നേരിട്ടത്.

നാസയുടെ ഉപഗ്രഹങ്ങൾ എങ്ങോട്ട് തിരിഞ്ഞാലും വാർത്ത ആക്കുന്ന വിദേശ മാദ്ധ്യമങ്ങൾ എന്നിട്ടും ഇന്ത്യൻ നേട്ടത്തെ കണ്ടില്ലെന്നു നടിച്ചു. ചൊവ്വാ നേട്ടത്തിന്റെ ആവേശത്തിൽ നിന്നും നമ്മളും പതിയെ പിന്മാറിയപ്പോൾ ഇതാ സായിപ്പന്മാരും കയ്യടി തുടങ്ങിയിരിക്കുന്നു. അവരുടെ ഉപഗ്രഹങ്ങൾ ചുറ്റിത്തിരിഞ്ഞിട്ടു ലഭിക്കാത്ത ഉഗ്രൻ കളർ ചിത്രങ്ങൾ മംഗൾയാൻ ഭൂമിയിലേക്ക് അയക്കാൻ തുടങ്ങിയപ്പോഴാണ് സായിപ്പന്മാർ നിലപാട് മാറ്റിയത്.

2014 സെപ്റ്റംബറിൽ ചൊവ്വാ ഗ്രഹത്തിന്റെ ഭ്രമണപഥത്തിലെത്തിയ മംഗൾയാൻ ചൊവ്വയിലെ കൂറ്റൻ മലഞ്ചെരിവുകളും കുന്നുകളും നിറങ്ങളിൽ ഒപ്പിയെടുത്താണ് ഭൂമിയിലേക്ക് അയച്ചിരിക്കുന്നത്. മംഗൾയാനിലെ മാർസ് കളർ ക്യാമറ പകർത്തിയ ആദ്യ കളർ ചിത്രങ്ങൾ ഐ എസ് ആർ ഒ പുറത്തു വിട്ടു. ജനുവരിയിലും ഫെബ്രുവരിയിലുമായി പകർത്തിയ വർണ ചിത്രങ്ങളാണ് നിറങ്ങളുടെ ആഘോഷമായ ഹോളിക്കിടെ ഫേസ്‌ബുക്ക് പേജിലൂടെ ഐ എസ് ആർ ഒ പുറത്തു വിട്ടത്. ചുവന്ന ഗ്രഹത്തിലെ കൂറ്റൻ അഗ്നിപർവ്വതത്തിന്റെ അവശിഷ്ടം, വലിയ ഗർത്തം എന്നിവ ചിത്രങ്ങളിൽ വ്യക്തമായി കാണാം.

ആർസിയ മോൺസ് എന്നു വിളിക്കപ്പെടുന്ന കൂറ്റൻ അഗ്നിപർവ്വതത്തിന്റെ ഒരു ത്രിമാന ചിത്രം ഉൾപ്പെടെയുള്ള കളർ ചിത്രങ്ങൾ ചൊവ്വാ പ്രതലത്തിൽ നിന്ന് 10,707 കിലോമീറ്റർ മുകളിൽ നിന്നാണ് മംഗൾയാൻ പകർത്തിയത്. 16 കിലോമീറ്ററോളം ഉയരമുള്ള കൂറ്റൻ മലയാണിത്. നാലായിരം കിലോമീറ്റർ നീളവും 200 കിലോമീറ്റർ വീതിയും ഏഴു കിലോമീറ്റർ ആഴവുമുള്ള കൂറ്റൻ മലയിടുക്കുകളുടേയും ഗർത്തങ്ങളുടേയും ദൃശ്യവും വർണ്ണപ്പകിട്ടോടെ പകർത്തിയിട്ടുണ്ട്. 2400 കിലോമീറ്റർ അകലെ നിന്നാണ് ഈ ദൃശ്യം മംഗൾയാന്റെ ക്യാമറക്കണ്ണിൽ പതിഞ്ഞത്. സൗരയൂഥത്തിലെ ഏറ്റവും വലിയ മലയിടുക്കുകളിൽ ഒന്നാണ് വാലിസ് മറിനറിസ് എന്നറിയപ്പെടുന്ന ഇത്. ഏറ്റവും സങ്കീർണമായ ഗർത്തമെന്നറിയപ്പെടുന്ന ഇയോസ് കെയോസിന്റെ ചിത്രവും കൂട്ടത്തിലുണ്ട്. ചൊവ്വാ പ്രതലത്തിൽ നിന്ന് 4403 കിലോമീറ്റർ അകലെ നിന്ന് ഫെബ്രുവരി അഞ്ചിന് പകർത്തിയതാണ് ഈ ദൃശ്യം.

ചൊവ്വയുടെ അന്തരീക്ഷത്തിലെ മീഥെയ്ൻ സാന്നിധ്യത്തെ കുറിച്ച് പഠിക്കുന്നതിനുള്ള മംഗൾയാനിലെ പ്രത്യേക മീഥെയ്ൻ സെൻസറുകളും കഴിഞ്ഞ ദിവസം മുതൽ ഐ എസ് ആർ ഒ പ്രവർത്തിച്ചു തുടങ്ങിയിട്ടുണ്ട്. ചൊവ്വോപരിതലത്തിലെ തരംഗപ്രവാഹത്തിന്റെ തോത് അളയ്ക്കാൻ സഹായിക്കുന്ന ഈ സെൻസർ ചൊവ്വയിലെ ജീവനെ തേടിയുള്ള അന്വേഷണത്തിൽ നിർണായകമാണ്. സൂര്യ തരംഗങ്ങളുടെ പ്രവാഹം ചൊവ്വാ ഗ്രഹം എത്രത്തോളം തിരിച്ച് പ്രതിഫലിപ്പിക്കുന്നുണ്ട് എന്ന് അളന്നെടുക്കാൻ ഈ സെൻസറിനു കഴിയും. ഈ സെൻസർ നൽകുന്ന വിവരങ്ങൾ ഇപ്പോൾ പുറത്തു വിടുന്നില്ലെന്നും ശരിയായ പഠനങ്ങൾക്കു ശേഷമെ പരസ്യപ്പെടുത്തൂവെന്നും ഐ എസ് ആർ ഒ വ്യക്തമാക്കി.