സാന്റിയാഗോ: ലോകകപ്പ് ഫുട്‌ബോളിൽ കൊളംബിയ സമ്മാനിച്ച ദുരന്തം കോപ്പ അമേരിക്കയിലും ആവർത്തിച്ചു. നെയ്മർക്കും ബ്രസീലിനും ഒരുപോലെ തിരിച്ചടി സമ്മാനിച്ച് മുൻ ലോകചാമ്പ്യന്മാരെ ഒരു ഗോളിന് തകർത്തുകൊളംബിയ കോപ്പ അമേരിക്ക ഫുട്‌ബോളിൽ രണ്ടാം റൗണ്ട് സാധ്യതകൾ സജീവമാക്കി.

കളിയുടെ 36-ാം മിനിട്ടിൽ ജുവാൻ ക്വാർഡാഡോ എടുത്ത ഫ്രീ കിക്കിൽ സെന്റർ ബാക്ക് ജെയ്‌സൺ മുറീലോ ആണ് കൊളംബിയയുടെ വിജയഗോൾ നേടിയത്. മത്സരശേഷം നടന്ന കൈയാങ്കളിയാണ് സൂപ്പർതാരം നെയ്മറിന് ചുവപ്പുകാർഡ് സമ്മാനിച്ചത്. ലോകകപ്പ് ക്വാർട്ടറിൽ കൊളംബിയയെ ബ്രസീൽ തോൽപ്പിച്ചിരുന്നെങ്കിലും നെയ്മർക്കേറ്റ ഗുരുതര പരിക്ക് ടീമിന്റെ ലോകകപ്പ് സ്വപ്നങ്ങൾ തകർത്തിരുന്നു. ഇക്കുറി കൊളംബിയയുടെ ജയം ചുവപ്പു കാർഡിന്റെ രൂപത്തിലാണ് ബ്രസീലിനും നെയ്മർക്കും വിനയായത്.

വാക്കുതർക്കത്തിനൊടുവിലാണ് കൊളംബിയയുടെ വിജയഗോൾ നേടിയ മുറീലോയെ നെയ്മർ തലകൊണ്ട് ഇടിച്ചത്. ഇതുകണ്ട് നെയ്മറെ പിടിച്ചുതള്ളിയ കൊളംബിയ താരം കാർലോസ് ബാക്കയ്ക്കും ചുവപപ്പുകാർഡ് ലഭിച്ചു. തുടർച്ചയായ രണ്ടാം മത്സരത്തിൽ മഞ്ഞക്കാർഡ് കണ്ടതിനാൽ നെയ്മറിന് അടുത്തമത്സരം നഷ്ടമാകുമെന്ന് ഉറപ്പായിരുന്നു. അതിനുപിന്നാലെയാണ് മത്സരശേഷം താരത്തിന് ചുവപ്പുകാർഡും ലഭിച്ചത്.

മുന്നേറ്റ നിര പാളിപ്പോയതാണ് കൊളംബിയക്കെതിരായ മത്സരത്തിൽ ബ്രസീലിനു വിനയായത്. നിരവധി അവസരങ്ങൾ ലഭിച്ചിട്ടും അതൊന്നും ഗോളാക്കി മാറ്റാൻ അവർക്കു കഴിഞ്ഞില്ല. 55-ാം മിനിട്ടിൽ ലഭിച്ച സുവർണാവസരം റോബർട്ട് ഫിർമിനോ പാഴാക്കി. ഒഴിഞ്ഞ ഗോൾ പോസ്റ്റിലേക്ക് പന്ത് തട്ടിയിടുന്നതിന് പകരം ഫിർമിനോ കനത്തഷോട്ടിന് ശ്രമിച്ച് അവസരം പാഴാക്കിയത് ബ്രസീൽ ആരാധകർ അവിശ്വസനീയതയോടെയാണ് കണ്ടിരുന്നത്. നെയ്മർ മങ്ങിയതും ബ്രസീലിനു തിരിച്ചടിയായി.

കൊളംബിയ ആദ്യമത്സരത്തിൽ വെനസ്വേലയോട് അപ്രതീക്ഷിതമായി തോൽവി ഏറ്റുവാങ്ങിയിരുന്നു. തോൽവിയിൽ നിന്നു പാഠം പഠിച്ച കൊളംബിയയുടെ ശക്തമായ തിരിച്ചുവരവാണ് ഇന്നത്തെ മത്സരത്തിൽ കണ്ടത്. ആദ്യ മത്സരത്തിൽ ബ്രസീൽ പെറുവിനെ കീഴടക്കിയിരുന്നു. അടുത്ത കളിയിൽ ജയം നേടാനായില്ലെങ്കിൽ കോപ്പയിലും ബ്രസീലിനെ കാത്തിരിക്കുന്നത് മറ്റൊരു ദുരന്തമായിരിക്കും. നെയ്മർ പരിക്കേറ്റു പുറത്തുപോയതിനുശേഷം നടന്ന ലോകകപ്പ് സെമി ഫൈനൽ മത്സരത്തിൽ ബ്രസീൽ ദയനീയമായാണ് ജർമനിയോടു തോറ്റത്.

22ന് വെനസ്വേലയുമായി നടക്കുന്ന മത്സരം ബ്രസീലിന് നിർണായകമാണ്. വെനസ്വേലയോട് തോറ്റാൽ കോപ്പയിൽ ക്വാർട്ടർ കാണാതെ ബ്രസീൽ പുറത്താകും. ആദ്യ മത്സരത്തിൽ വെനസ്വേലയോട് തോറ്റ കൊളംബിയ ഇന്നത്തെ ജയത്തോടെ ക്വാർട്ടർ സാധ്യതകൾ സജീവമാക്കി. പെറുവുമായിട്ടാണ് കൊളംബിയയുടെ അടുത്ത മത്സരം.

പരിശീലകനായി ദുംഗ ചുമതലയേറ്റെടുത്തശേഷം ബ്രസീൽ നേരിടുന്ന ആദ്യ തോൽവിയാണിത്. ലോകകപ്പിനുശേഷമാണ് ദുംഗ കോച്ചായി ചുമതലയേറ്റത്. പരസ്പരം കളിച്ച 28 മത്സരങ്ങളിൽ ബ്രസീലിനെതിരെ കൊളംബിയയുടെ മൂന്നാം ജയം മാത്രമാണിത്. പ്രധാന ടൂർണമെന്റിൽ 1991ലെ കോപ അമേരിക്കയിലാണ് കൊളംബിയ ഇതിനുമുമ്പ് ബ്രസീലിനെ അട്ടിമറിച്ചത്.