- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- USA
- /
- Marketing Feature
സായിപ്പും കവാത്തും; സ്റ്റീവ് ജോബ്‌സിൽ നിന്ന് മലയാളി സംരംഭകന് പഠിക്കാനുള്ളത്
'സായിപ്പിനെ കാണുമ്പോൾ കവാത്ത് മറക്കുന്നവർ' എന്ന് മലയാളിയെപ്പറ്റി പണ്ടേയുള്ള ആക്ഷേപമാണ്. മറവിയിൽ നിന്ന് നമ്മളുണരുന്നത് സായിപ്പ് കവാത്തു നടത്തിപോയി നട്ടുച്ചയാവുമ്പോഴായിരിക്കും. സായിപ്പ് നടത്തിയ കവാത്തിൽ നിന്ന് വ്യായാമവും ആരോഗ്യസംരക്ഷണവും ഒഴിവാക്കി നമ്മൾ അനുകരിക്കുന്നത് ഗോഷ്ഠികൾ മാത്രമായിരിക്കും. പറഞ്ഞുവന്നത് സംരംഭകരെക്കുറ
'സായിപ്പിനെ കാണുമ്പോൾ കവാത്ത് മറക്കുന്നവർ' എന്ന് മലയാളിയെപ്പറ്റി പണ്ടേയുള്ള ആക്ഷേപമാണ്. മറവിയിൽ നിന്ന് നമ്മളുണരുന്നത് സായിപ്പ് കവാത്തു നടത്തിപോയി നട്ടുച്ചയാവുമ്പോഴായിരിക്കും. സായിപ്പ് നടത്തിയ കവാത്തിൽ നിന്ന് വ്യായാമവും ആരോഗ്യസംരക്ഷണവും ഒഴിവാക്കി നമ്മൾ അനുകരിക്കുന്നത് ഗോഷ്ഠികൾ മാത്രമായിരിക്കും.
പറഞ്ഞുവന്നത് സംരംഭകരെക്കുറിച്ചുകൂടിയാണ് സുരക്ഷിതമായ സാമൂഹ്യസാമ്പത്തികതൊഴിൽ പശ്ചാത്തലമുള്ള പുതുതലമുറയിലെ അഭ്യസ്ഥവിദ്യരിൽ പലരും സ്വന്തം സംരംഭം എന്ന ഉദ്യമത്തിലേക്ക് കാൽ വെയ്ക്കുന്നത് അന്താരാഷ്ട്രതലത്തിലെ പ്രഥമഗണരീയരായ സംരംഭക ഐക്കണുകളെ മാതൃകയാക്കിയാണ്. ഈ തലമുറയിലെ സംരംഭകരെ ഏറ്റവുമധികം പ്രചോദിപ്പിച്ച ബിംബം ഒരുപക്ഷേ സ്റ്റീവ് ജോബ്‌സായിരിക്കും. റ്റീഷർട്ടിനും വട്ടക്കണ്ണടയ്ക്കുമപ്പുറം മലയാളിസംരംഭകന് ജോബ്‌സിൽ നിന്ന് എന്തൊക്കെ പഠിക്കാനുണ്ടെന്ന് പരിശോധിക്കേണ്ടതുണ്ട്.
തീരുമാനങ്ങൾ ഉറച്ചതായിരിക്കുക
അണുകുടുംബങ്ങളിൽ നിന്നുള്ള സംരംഭകന്റെ ഒന്നാമത്തെ കടമ്പ ഇതാണ് ജീവിതത്തിലെ സുപ്രധാനതീരുമാനങ്ങൾ കോഴ്‌സും കോളേജും തൊട്ട് ജോലിയും കരിയറും വരെ കുടുംബവും സമൂഹവും തീരുമാനിക്കുന്ന പരിതസ്ഥിതിയിൽ നിന്ന് തന്റെ പാഷനുപിന്നാലെ പോകാൻ അസാമാന്യമായ ഇച്ഛാശക്തി വേണം. ജോബ്‌സിന്റെ തന്നെ വാക്കുകളിൽ : 'നിങ്ങൾക്കുള്ള സമയം പരിമിതമാണ്, അതുകൊണ്ട് മറ്റുള്ളവരുടെ ജീവിതം ജീവിച്ച് സ്വന്തം ജീവിതം പാഴാക്കാതിരിക്കുക. ചുറ്റുമുള്ളവരുടെ ശബ്ദകോലാഹലങ്ങളിൽ നിങ്ങളുടെ ആത്മാവിന്റെ സ്വരം മുങ്ങിപ്പോകാൻ അനുവദിക്കാതിരിക്കുക'. സംരംഭകനാകാൻ ആദ്യം വേണ്ടത് ഒരു ഉറച്ചതീരുമാനമാണ്.
എന്ത് നൽകാനാവുമെന്ന് കണ്ടെത്തുക; എന്ത് വേണമെന്ന് നിശ്ചയിക്കുക
ആവശ്യങ്ങൾ നിവർത്തിക്കാനോ നേട്ടങ്ങൾ കയ്യെത്തിപ്പിടിക്കാനോ സംരംഭം തുടങ്ങുന്നവരാണ് പലരും. സംരംഭകന്റെ വ്യക്തിഗതമായ നേട്ടങ്ങൾ ദ്വിതീയമാണെന്നും പ്രാഥമികഘടകം സംരംഭകന് സമൂഹത്തിന് നൽകാനാവുന്ന മൂല്യമാണെന്നും മനസിലാക്കേണ്ടതുണ്ട്.
നിങ്ങളാഗ്രഹിക്കുന്ന നേട്ടങ്ങൾക്ക് നിങ്ങളെ അർഹനാക്കുന്ന എന്ത് മൂല്യമാണ് സംരംഭത്തിലൂടെ ഉപഭോക്താവിന് നൽകുന്നതെന്ന് കണ്ടെത്തുക. സംരംഭത്തിന്റെ ഓരോ ഘട്ടത്തിലും ഉപഭോക്താവിനുനൽകുന്ന വാഗ്ദാനം പാലിക്കാൻ പ്രതിജ്ഞാബദ്ധമായിരിക്കുക. സങ്കുചിതമായ ആവശ്യങ്ങൾക്ക് വിശാലമായ സംരംഭകലക്ഷ്യങ്ങൾ പകരം വെക്കുക. സ്റ്റീവ് ജോബ്‌സ് ഓർമിപ്പിച്ചതുപോലെ ശവപ്പെട്ടിയിൽ സമ്പന്നനായിക്കിടക്കുക എന്നതാവരുത് സംരംഭകന്റെ ലക്ഷ്യം.
പിന്നിലെ പാലങ്ങൾ ആശ്രയിക്കാതിരിക്കുക.
സുരക്ഷിതമായ കുടുംബസാമ്പത്തികകരിയർ സാഹചര്യങ്ങളിൽ നിന്ന് സംരംഭകനാകാൻ ഇറങ്ങിത്തിരിക്കുന്നവരുടെ ആത്മവിശ്വാസം സംരംഭം പരാജയപ്പെട്ടാലും തനിക്ക് താങ്ങായിത്തീരുന്ന ഉപാധികളായിരിക്കും. സംരംഭകവഴിയിലെ അപ്രതീക്ഷിത വീഴ്ചകളിൽ ചില അത്താണികൾ സഹായകരമാണ്, പക്ഷെ പലപ്പോഴും പ്രതിസന്ധികളിൽ പൊരുതാനുള്ള സന്നദ്ധത അതില്ലാതാക്കും. വീഴ്ചകളെയും പ്രതിസന്ധികളെയും ഉയർന്ന ശിരസോടെ നേരിടാനാവുന്ന മാനസികാവസ്ഥ കൈവരിക്കേണ്ടതുണ്ട് ജോബ്‌സിന്റെ ആപ്പിളിലെ ഒന്നാം ഘട്ടവും, ശേഷം നെക്സ്റ്റും പിക്‌സറുമടങ്ങുന്ന ഘട്ടവും ആപ്പിളിലേക്കുള്ള തിരിച്ചുവരവും - ജോബ്‌സിന്റെ കരിയർഗ്രാഫ് സ്ഥൈര്യമാർന്ന ഒരു പോരാളിയുടേതാണ്.
സ്വയം അച്ചടക്കം പാലിക്കുക
ബഹുമുഖമായ ഉത്തരവാദിത്തങ്ങൾ സമയബന്ധിതമായി നിർവഹിക്കേണ്ട ചുമതല സംരംഭകനുണ്ട്, അതുകൊണ്ട് ജീവിതത്തിന്റെ സമസ്തമേഖലകളിലും അച്ചടക്കം പാലിക്കേണ്ടത് അനിവാര്യമാണ്. പരക്കേ കരുതപ്പെടുന്നതുപോലെ അച്ചടക്കമെന്നാൽ ജീവിതത്തിന്റെ സർഗാത്മകതയെ നശിപ്പിക്കുന്ന യാന്ത്രികതയല്ല, മറിച്ച് ചില അടിസ്ഥാന പ്രമാണങ്ങളും മൂല്യങ്ങളും എല്ലാ പ്രവർത്തനങ്ങളിലും അനുവർത്തിക്കുക എന്നതാണ്. ഉത്തരവാദിത്തങ്ങളിൽ നിന്ന് വ്യതിചലിക്കാതിരിക്കുകയും പ്രവൃത്തികളിൽ സ്ഥിരത പുലർത്തുകയും വേണം. കരിയറിന്റെ ഓരോ ഘട്ടത്തിലും ജോബ്‌സിനെ പിടിച്ചുനിർത്തിയത് അച്ചടക്കവും പ്രതിബദ്ധതയുമായിരുന്നു.
ചുറ്റുമുള്ളവരെ പ്രചോദിപ്പിക്കുക
ഒരു സംരംഭവും വ്യക്തിനിഷ്ഠമല്ല, എന്നാൽ സംരംഭം പുലർത്തുന്ന സംസ്‌കാരം നിർണയിക്കപ്പെടുന്നത് സംരംഭകന്റെ വ്യക്തിത്വത്തെക്കൂടി ആശ്രയിച്ചാണ്. സംരംഭത്തിന്റെ ഓരോ തലത്തിലും 'സിനർജി' സാധ്യമാക്കാൻ സംരംഭകനുകഴിയേണ്ടതുണ്ട്, സംരംഭകന്റെ സ്വപ്നത്തോട് സ്വയം താദാത്മ്യം പ്രാപിക്കുകയും അതിനായി പരിശ്രമിക്കുകയും ചെയ്യുന്ന ഒരുകൂട്ടായ്മ രൂപീകരിക്കാൻ സാധിക്കേണ്ടതുണ്ട്. സ്വയം പ്രചോദിതനാവുകയും ചുറ്റുമുള്ളവരെ നിരന്തരം പ്രചോദിപ്പിക്കുകയും ചെയ്യുക എന്നതാണ് മാർഗം. സ്റ്റീവ് ജോബ്‌സിന്റെ ഡിസൈൻ സങ്കല്പങ്ങളും ഗുണമേന്മാ നിബന്ധനകളും ആപ്പിളിലെ ഓരോരുത്തരുടേതുമായിരുന്നു.
അഥവാ ബിരിയാണി കിട്ടില്ല
സംരംഭം ഒരു ഭാഗ്യപരീക്ഷണമല്ല. വ്യക്തമായ കണക്കുകൂട്ടലുകളുടെ അടിസ്ഥാനത്തിലുള്ള ഉദ്യമമാവണം ഓരോ സംരംഭവും. തീർച്ചയായും വിപണിയുടെ പല ഘടകങ്ങളും സംരംഭകന്റെ നിയന്ത്രണപരിധിക്ക് അതീതമാണ്, എന്നാൽ സംരംഭത്തിന്റെ ഉൽപ്പന്നമോ സേവനമോ ഉപഭോക്താവിനു നൽകുന്ന മൂല്യത്തിന്റെ വ്യാപ്തി സംരംഭകന്റെ നിയന്ത്രണത്തിലാണ്. വിപണിയുടെ അനിശ്ചിതങ്ങളേക്കാളേറെ ഉൽപ്പന്നത്തിന്റെ മേന്മയാണ് സംരംഭത്തിന്റെ വിജയം നിർണയിക്കുന്നത്.
സംരംഭത്തിലൂടെ താൻ മുന്നോട്ടുവെയ്ക്കുന്ന മൂല്യത്തെക്കുറിച്ച് പൂർണബോധ്യം കൈവരിക്കുകയും അത് യാഥാർത്ഥ്യമാക്കാനുള്ള ഇച്ഛാശക്തി സമാഹരിക്കുകയും ചെയ്തതിനു ശേഷം സംരംരംഭകത്വത്തിലേക്കിറങ്ങുക സ്റ്റീവ് ജോബ്‌സ് ഒരു പാഠപുസ്തകമായി മുന്നിലുണ്ട്.
(കോർപ്പറേറ്റ് ട്രെയ്‌നറും കൺസൾട്ടന്റുമായ അജാസ് ടി എ വിവിധ ബിസിനസ് സ്ഥാപനങ്ങൾക്ക് പരിശീലനവും നേതൃതലത്തിലുള്ളവർക്ക് കോച്ചിംഗും നൽകിവരുന്നു. വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ജൈവികമായ വളർച്ച കണ്ടെത്താനുള്ള 'ഓർഗാനിക് ഗ്രോത്ത്' എന്ന ആശയത്തിന്റെ ഉപജ്ഞാതാവുകൂടിയാണ് ഇദ്ദേഹം.)
+91-9400155565
ajas@outlook.com
www.ajas.in