'ന്നു രാവിലെ എറണാകുളം ജെട്ടിയിൽ നടന്ന പ്രതിഷേധപ്രകടനത്തിനു നേതൃത്വം വഹിച്ച സ.എ.കെ.ജിയെ പൊലീസ് ക്രൂരമായി മർദ്ദിച്ചു.' ജനാധിപത്യവും പൗരാവകാശവും തകർത്തെറിഞ്ഞ് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച ഭരണകൂടത്തിനെതിരെ പാർട്ടി ആഹ്വാനം ചെയ്ത സമരം ശക്തമായി നാടിന്റെ നാനാഭാഗങ്ങളിൽ നടന്നുവരികയാണ്.'

മൂവാറ്റുപുഴയിലെ പാർട്ടികമ്മിറ്റിയിൽ സ.എൻ.കെ.റിപ്പോർട്ട് ചെയ്യുകയായിരുന്നു. അമ്പലക്കുന്നിലെ സദൻചേട്ടന്റെ പഴയ വീടിന്റെ മുകളിലെ ഇടുങ്ങിയ മുറി.

ഞങ്ങൾ ശ്വാസം അടക്കിപ്പിടിച്ചിരുന്നു. ഒളിവിൽ പ്രവർത്തിക്കുന്ന ഡിസി നേതാക്കൾ ചേർന്നെടുത്ത തീരുമാനമാണു റിപ്പോർട്ട് ചെയ്യുന്നത്.

ജില്ലാസെക്രട്ടറി സ.എ.പി, സ.കെ.എം.സുധാകരൻ, സ.കെ.എൻ.രവീന്ദ്രനാഥ്, സ.എം.എം.ലോറൻസ്, സ.എ.പി.കുര്യൻ, സ.എസ്‌തോസ് എന്നിങ്ങനെ നിരവധി നേതാക്കൾ അറസ്റ്റുചെയ്യപ്പെട്ടു ജയിലിലടയ്ക്കപ്പെട്ടു. ക്രൂരമായ ലോക്കപ്പ് മർദ്ദനങ്ങളും ചിലയിടങ്ങളിൽ പൊലീസ് മർദ്ദനത്തെത്തുടർന്നുണ്ടായ മരണങ്ങളും. സദാസമയത്തും പൊലീസ് എവിടെയും കയറിനടത്തുന്ന അതിക്രമങ്ങളും മനസ്സിനെ പിടിച്ചുകുലുക്കുന്ന ഒട്ടേറെ സംഭവങ്ങൾ. എൻ.കെ അത്യന്തം ഗൗരവത്തോടെ അടുക്കും ചിട്ടയുമായി അവതരിപ്പിച്ചു.

'....... അതുകൊണ്ട് സഖാക്കളെ ഞാനവസാനിപ്പിക്കുകയാണ്. എകെജിയുൾപ്പെടെയുള്ള സഖാക്കൾക്കെതിരെ നടത്തിയ കൊടിയ മർദ്ദനത്തിൽ പ്രതിഷേധിച്ച് നാളെ രാവിലെ നിങ്ങളിവിടത്തെ ടൗണിലും പ്രകടനം നടത്തണം. പതിനഞ്ചുപേരുണ്ടാവണം. ഡിസി ആലോചിച്ചിട്ടുള്ളത്. സ.മണി അതിനുനേതൃത്വം നൽകണമെന്നാണ് കൂത്താട്ടുകുളം ഭാഗത്തുനിന്ന് അഞ്ചുപേരുണ്ടാവും ബാക്കി പത്തുപേരെ നിങ്ങൾ നിശ്ചയിക്കണം.'

എൻ.കെ. റിപ്പോർട്ടിംഗവസാനിപ്പിച്ചു.

ഓരോരുത്തരായി പല വഴികളിലൂടെയാണ് യോഗത്തിനെത്തിയത്. അതുപോലെ തന്നെ ഒറ്റയ്‌ക്കൊറ്റയ്ക്കായി തിരിയെ പോകണം. പാർട്ടിക്കാരനാണെന്ന് ഒരു പൊലീസുകാരനു തോന്നിയാൽ മതി. ആ നിമിഷം അറസ്റ്റ് ഉറപ്പാണ്. ആകെ പേടിപ്പെടുത്തുന്ന അന്തരീക്ഷം.

'അധികം സമയമൊന്നും കളയണ്ട. എന്തെങ്കിലും പറയാനുണ്ടെങ്കി പെട്ടന്നു പറഞ്ഞവസാനിപ്പിക്ക്.' ഡേവിഡ് രാജന്റെ നിർദ്ദേശം.

'എനിക്ക് പോകാൻ കൊറച്ചു ബുദ്ധിമുട്ടൊണ്ട്. എന്നെ ഒഴിവാക്കിത്തരണം' മണിയുടെ വാക്കുകൾ.

'ന്താ കാര്യം?' പി.എം.മക്കാരിനു സംശയം.

'അതൊന്നും ഇവ്‌ടെ കൊടഞ്ഞിടണ്ട. പറ്റൂല്ലെങ്കി അയാളെ മാറ്റ്. വേറെ പറ്റിയയാളെ തീരുമാനിക്ക്.' എൻ.കെ.യുടെ സ്വരം കനത്തു.

ആരും ഒന്നു മിണ്ടുന്നില്ല. ഓരോരുത്തരും പരസ്പരം നോക്കി. പരിപൂർണ്ണ നിശബ്ദത.
കടുത്ത രോഷം കൊണ്ടു മേശപ്പുറത്തടിക്കുമ്പോലെ ഉച്ചവെയിലിനൊപ്പം ഓടിവന്ന കാറ്റേറ്റ് ജനാലയുടെ ഒരു പാളിയടഞ്ഞ ശബ്ദം. ശേഷിച്ച പാൽ#ിലൂടെ ഞാൻ പുറത്തേയ്ക്കു നോക്കി. ഇളംപച്ചയാർന്ന കുഞ്ഞിലക്കൈകൾ നീട്ടി കാറ്റത്തു തലയാട്ടി അകത്തെന്തു നടക്കുന്നുവെന്നൊളിഞ്ഞു നോക്കുന്ന നല്ല തലപ്പൊക്കമുള്ള മുരിങ്ങാച്ചെടി.

'ന്താ ആരുമൊന്നും മിണ്ടാത്തെ ?' എൻ.കെ. അല്പം ദേഷ്യത്തിലായി. ഓരോരുത്തരുടെയും മുഖങ്ങളിലേയ്ക്കു തറപ്പിച്ചുനോക്കി.

'ഞാൻ പോകാം.' മറ്റെല്ലാവർക്കും ആശ്വാസമായി.

പിന്നെ ചുരുങ്ങിയ മിനിട്ടുകൾക്കുള്ളിൽ മറ്റ് ഒമ്പതുപേരെയും അവരെ നേരിൽ കണ്ട് രാവിലെ 8 മണിക്ക് മൂവാറ്റുപുഴയിലെത്തിക്കാനുള്ള ചുമതലക്കാരെയും തീരുമാനിച്ചു.

'മക്കാരും ഗോപീം ഒഴികെ ബാക്കിയൊള്ളോർക്കു പോകാം.'

'നീ താഴെ പോയി കുടിക്കാൻ കൊറച്ചുവെള്ളമെടുത്തോണ്ടു വാ.' എൻ.കെ.യുടെ വാക്കുകൾ.

ഞാൻ അടുക്കളയിലേയ്ക്കു ചെന്നു.

'അമ്മായീ കൊറച്ചു വെള്ളം താ.'

'പ്പെയന്തിനാ വെള്ളം! നേരം ഉച്ചയായില്ലെ ? രണ്ടുപേർക്കു ചോറുണ്ടാക്കാൻ കുഞ്ഞ് (സദൻ ചേട്ടനെ വീട്ടിലങ്ങിനെയാണു വിളിക്കുന്നത്) പറഞ്ഞാർന്നു. അവൻ കോതമംഗലത്തേയ്ക്കു പോയി. അവരെ വിളിക്ക്. അതാരാ ഗോപീ ആ കാർന്നോര് കണ്ണു രണ്ടും ചൊകചൊകന്നിരിക്കാണല്ലോ.' തീരെ ശബ്ദം താഴ്‌ത്തിയാണ് അമ്മായി ചോദിച്ചത്.

'അതെ കോലഞ്ചേരീലുള്ളയാളാ. മക്കാരിക്കാനേം ഡേവിഡ് രാജനേം അമ്മയിക്കറിയാമോ.' എന്റെ മറുപടി.

'ന്താ അങ്ങേരുടെ പേര്?' അമ്മായി വിടാനൊള്ള മട്ടല്ല.

'കുര്യാച്ചൻ' ഞാൻ എൻ.കെയുടെ പേരുമാറ്റിപ്പറഞ്ഞു.

നാടു പിടിച്ചു കുലുക്കിയ ഇടപ്പള്ളി സ്റ്റേഷനാക്രമണക്കേസിലെ പ്രതികളിലൊരാളായ
സ.എൻ.കെ.മാധവൻ. അതെ 'കുര്യാച്ചൻ'.

ഒളിവിലെ ജില്ലാപാർട്ടി നേതാക്കളിലെ പ്രമുഖൻ. തോക്കിന്റെ പാത്തിക്കടിച്ചും, കണ്ണിൽ
മുളകുതേച്ചും തോർത്തുമുണ്ടിൽ കല്ലുകെട്ടി ദേഹമാസകലം ഇടിച്ചുചതച്ചും ചൊകചൊകാന്ന കണ്ണുള്ളവനാക്കി മാറ്റി തീർത്ത സ.എൻ.കെ.മാധവൻ.

ഡേവിഡ് രാജൻ ഊണിനു നിന്നില്ല. ഉള്ളതുകൊണ്ട് ഞങ്ങൾ മൂന്നുപേരും കഴിച്ചു. പ്രകടനം എങ്ങിനെ നടത്തണമെന്നും പൊലീസ് എങ്ങിനെയൊക്കെ പെരുമാറിയേക്കാമെന്നും ലീഡറായ എന്റെ റോളിനെക്കുറിച്ചുമെല്ലാം എൻ.കെ. എന്നെ പഠിപ്പിച്ചു.

മക്കാരിക്ക വാഴക്കുളത്തുള്ള ഒരാളുടെ ഒരു ജീപ്പ് സംഘടിപ്പിച്ച്, ഡ്രൈവറെ മാറ്റിനിർത്തി സ്വകാര്യമായി എന്തൊക്കെയോ പറഞ്ഞു. കുറച്ചുകാശും കൊടുത്തു. എൻ.കെ.ജീപ്പിൽ കയറി. വണ്ടി പുറപ്പെടും മുമ്പ് എന്നെ അടുത്തേയ്ക്കു വിളിപ്പിച്ചു.

'പ്രകടനം തൊടങ്ങും മുമ്പ് നീ പിടി കൊടുക്കരുത്. എന്തു വന്നാലും ധൈര്യം വിടരുത്. കേട്ടോ. ന്നാ ശരി.'

ചുവന്ന കണ്ണുള്ള തന്റേടിയായ ആ കമ്മ്യൂണിസ്റ്റ് എന്നോടു യാത്ര പറഞ്ഞു. മക്കാരിക്ക ജീപ്പിന്റെ പിന്നിലെ സീറ്റിലിരുന്നു.

പരിചയമില്ലെങ്കിലും കുറച്ചകലെ നിന്ന ഡ്രൈവർ എന്നെയൊന്നു പാളി നോക്കി. പുകയുന്ന ബീഡിക്കുറ്റി ദൂരേയ്‌ക്കെറിഞ്ഞ് വണ്ടിയിൽ കയറി. പഴുതാര പോലെ വളഞ്ഞുപുളഞ്ഞ് താഴേയ്ക്കു നീണ്ടുകിടക്കുന്ന റോഡുവഴി ജീപ്പുമെല്ലെ പുറപ്പെട്ടു.
നേരം സന്ധ്യയായി. കർക്കിടകമായിരുന്നെങ്കിലും കുറച്ചുമുമ്പുവരെ ഒരുവിധം തെളിഞ്ഞ അന്തരീക്ഷമായിരുന്നു.

അമ്മയോടും ഭാര്യയോടും നാളത്തെക്കാര്യം ഒന്നുപറഞ്ഞാലൊ. ഞാൻ ആലോചിച്ചു. അയ്യയ്യൊ വേണ്ട. അവർ റെ#ുതെ ബഹളമുണ്ടാക്കും. പോകാൻ പാടില്ലെന്നു നിർബന്ധം
പിടിച്ചാലോ ? പാർട്ടി കമ്മിറ്റിയിൽ സ്വയം ചുമതലയേറ്റ ഞാൻ കാലുമാറിയാൽ ബാക്കി സഖാക്കളെന്തു ചെയ്യും. പരിപാടി തകർന്നുപോയാലൊ.! നാട്ടുകാർ മുഴുവൻ എന്നെ
'പേടിത്തൊണ്ടൻ', 'വെറും ഭീരു' എന്നൊക്കെ വിളിച്ചുകളിയാക്കും.

ഇല്ല!. ആരോടും പറയുന്നില്ല.! പാർട്ടി പറഞ്ഞതു ഞാൻ ചെയ്യും. ഞാൻ മനസ്സിലുറപ്പിച്ചു മെയിൻ റോഡിലേയ്ക്ക് മെല്ലെ നടന്നു.

രാത്രിയിൽ ഞാൻ തങ്ങേണ്ടതായ വീട് എതെന്നു എൻകെയും മക്കാരിക്കയും കൂടി പറഞ്ഞിരുന്നു.

റോഡുവാക്കിലുള്ള പാർട്ടി അനുഭാവി കുടുംബം. ഓലമേഞ്ഞ ആ വീടിന്റെ താഴത്തെപടിയിൽ നിന്നുനോക്കിയാൽ കച്ചേരിത്താഴം കാണാം. രാവിലെ മെയിന്റോഡു വഴി പോരരുത്. ആ വീടിന്റെ പിന്നാമ്പുറം വഴി എത്തിയാൽ മതി. അവരുടെ നിർദ്ദേശമതായിരുന്നു. ഞാനാവീടിന്റെ അകത്തേയ്ക്കു കടന്നുചെന്നു.

വില്ലേജാഫീസ് ജീവനക്കാരനായ വിജയൻചേട്ടനും അച്ഛനും അമ്മയും നിലത്ത് ചമ്രം പടിഞ്ഞിരുന്നു ഭക്ഷണം കഴിക്കാൻ അവർ ഇരുന്നു.

എന്നെ കണ്ടയുടനെ 'ങാ ! ബാ! വന്നുകൈകഴുക്!' അച്ഛൻ കുട്ടപ്പന്റെ സന്തോടത്തോടെയുള്ള വാക്കുകൾ

ഞാനവർക്കൊപ്പമിരുന്നു. ചക്കക്കുരുവും മാങ്ങയും മുരിങ്ങായ്ക്കായും ഉണക്കചെമ്മീനുമിട്ട് തേങ്ങയരച്ചകറ്റി. ഉണക്കപ്പരവ മൊരുമൊരാന്നു വറുത്തതും നല്ല ചൂടൻചോറും . ഞാനൊരു പെരുക്കു പെരുക്കി.

നാട്ടുവിശേഷങ്ങളും കുടുംബകാര്യങ്ങളും കുടുംബകാര്യങ്ങളുമായി രാവേറെചെന്നിട്ടും ഞങ്ങൾ വർത്തമാനം പറഞ്ഞിരുന്നു.

മഴ തകർത്തു പെയ്യുകയാണ്.

കർക്കിടകം അങ്ങിനെയാണ്. പണ്ടൊക്കെ സ്‌കൂൾ തുറക്കുന്ന ദിവസം നന്നെ ഒപ്പംചേരാൻ ഒളിച്ചുമാറി നിന്ന ഒരു കൂട്ടുകാരനെപ്പോലെ രാവിലെ തന്നെ മഴ തുടങ്ങുകയായിരുന്നു. ഇന്ന് രാവിലെയൊന്നും ഒരു തുള്ളിപെയ്തില്ല.
രാത്രി ആവാൻ കാത്തു നിൽക്കുകയായിരുന്നു.

ഓലമേഞ്ഞ വീടിനുമേൽ മഴ വീഴുമ്പോൾ ഇമ്പമാർന്നൊരു ശബ്ദം കേൾക്കാം. വാദ്യോപകരണങ്ങൾക്കൊന്നിനും കാഴ്ചവയ്ക്കാനാവാത്ത പ്രകൃതിനമുക്കായി നൽകുന്ന പ്രത്യേകതരം ശീലുകൾ.!

ആ വീട്ടിൽ ഞാനൊഴികെ മറ്റെല്ലാവരും ഉറങ്ങിത്തുടങ്ങിയിട്ട് മണിക്കൂറുകളായിക്കാണും. വീടിന്റെ പുറകിലെ വരാന്തയിലുള്ള ഒരു കൊച്ചുമുറിയിൽ കഷ്ടിച്ചൊരാൾക്കു നീണ്ടുനിവർന്നു കിടക്കാൻ പറ്റുന്ന മേശമേൽ തഴപ്പാവിരിച്ച് ഞാൻ കിടന്നു.

ഉടുത്തിരുന്നത് പിഞ്ചിത്തുടങ്ങിയ ഒരു കള്ളിമുണ്ടും പുതയ്ക്കാൻ ഒരു വെള്ളമുണ്ടും. രണ്ടും നന്നായി അലക്കിയുണക്കി മേശപ്പുറത്ത് മടക്കിവച്ചിരുന്നു.

ശബ്ദഘോഷങ്ങളില്ലാത്ത ഇടിമിന്നലുകൾ!

ഓലക്കീറുകൾക്കിടയിലൂടെ മിന്നുന്ന വാളുകൾ ആയി.
തലകൊയ്‌തെടുക്കാൻ വരുമ്പൊലെ. ഒട്ടും ഉറങ്ങാനാവുന്നില്ല!

ഒരുപക്ഷേ അനന്തമായ ജയിൽവാസം. അല്ലെങ്കിൽ നിരന്തരവും ഭീകരവുമായ പൊലീസുമർദ്ദനം. ഇത് എതാണെങ്കിലും സഹിക്കണം. പതറരുതെന്ന് എൻ.കെ. പറഞ്ഞതാണല്ലൊ!

നെറുക മുതൽ കാലിന്റെ പെരുവിരൽ വരെ സർവ്വാംഗം അരിയുറുമ്പുകൾ അരിച്ചിറങ്ങുമ്പോലെ!

പേടി കൊണ്ടുള്ള ഒരുതരം വിറയൽ.
ഓർക്കുന്തോറും ഞെട്ടിത്തരിക്കുകയാണ്.
എന്തെങ്കിലും സംഭവിച്ചാൽ ആർക്കെങ്കിലും വന്ന് ഒന്നന്വേഷിക്കാൻ പോലും കഴിയാത്ത ഭീകരാവസ്ഥ.!

ഒരു പോസ്റ്റർ പോലും എഴുതി ഒട്ടിക്കാനാവില്ല. നോട്ടീസടിക്കാൻ കഴിയില്ല. ഒരു കൊച്ചുപ്രകടനം പോലും നടത്താനൊ. ചിന്തിക്കാനൊ കഴിയില്ല.
സെൻസർഷിപ്പു കാരണം പാർട്ടി അറിയേണ്ടുന്ന, ജനങ്ങളെ അറിയിക്കേണ്ടുന്ന ഒന്നും ദേശാഭിമാനിക്കു പോലും പ്രസിദ്ധീകരിക്കാൻ പറ്റുന്നില്ല.

ഒരു വണ്ടി വന്നുനിന്നു. ചടപടാന്ന് കുറെ പട്ടാളക്കാർ ചാടിയിറങ്ങി പാഞ്ഞുവന്ന് എന്നെ വളഞ്ഞു. ആകാശത്തേയ്ക്കു ചറപറാന്ന് കുറെ വെടിവച്ചു. താക്കിന്റെ പാത്തികൊണ്ട് നെഞ്ചത്തേയ്ക്ക് ആഞ്ഞുകുത്താനൊരുത്തൻ.! ഞാനാ കൈതടഞ്ഞു.!

'ഹേയ് ഇതെന്താ കൈ തട്ടിക്കളയുന്നത് ? മണിയെത്രയായീന്നാ വിചാരം.? ഇന്നാ ഇതു കുടിച്ച് നന്നായി ഒന്നു കുളിച്ച് റെഡിയാവ്. ക്ഷീണം മാറട്ടെ!'

വിജയൻ ചേട്ടൻ പുലർച്ചെ ചുക്കുകാപ്പിയുമായി വന്നുവിളിച്ചതാണ്. പലതും ആലോചിച്ചാലോചിച്ച് എപ്പോഴൊ ഞാനുറങ്ങിപ്പോയി. അന്നത്തെ പ്രായക്കുറവും തീഷ്ണമായ പ്രശ്‌നങ്ങളെ നേരിട്ടുള്ള അനുഭവങ്ങളില്ലായ്മയും ആണ് ചില സമയങ്ങളിൽ ഞാനൊരു പേടിത്തൊണ്ടൻ ആയി മാറാനിടയായത്.

പകച്ചുള്ള എന്റെ നോട്ടം കണ്ട് വിജയൻചേട്ടൻ തന്നെ ഒരു സത്യം പറഞ്ഞു.
'എന്തോ ദുഃസ്വപ്നം കണ്ട് പേടിച്ചുപോയീന്നാ തോന്നണെ'
'ഏയ്' ജാള്യം മറച്ചു ഞാനതു നിഷേധിച്ചു.

മഴ തോർന്നിട്ടില്ല. എഴുന്നേറ്റിരുന്ന് പുറത്തേയ്ക്കുനോക്കി. ഓരോ മഴത്തുള്ളിയും മണ്ണിന്റെ വിരിമാറിലേയ്‌ക്കൊട്ടിച്ചേരാനുള്ള ലക്ഷ്യം വിജയകരമായി പൂർത്തിയാക്കുന്നു. ഒടുവിൽ ചിരിതൂവി ചിതറിത്തെറിച്ചെന്നെ നോക്കുമ്പോലെ!

ചൂടുള്ള ചുക്കുകാപ്പിയൂതി ഊതി ആസ്വദിച്ചുകുടിച്ചു. എത്രയോ പ്രധാന നേതാക്കൾ ജയിലഴിക്കുള്ളിലായി. പ്രമുഖരായ എത്ര നേതാക്കളെയാണീ ഭരണകൂടം കൊല്ലാക്കൊല ചെയ്തത്.? വെറും പാവപ്പെട്ട കൂലിപ്പണിക്കാരെവരെ കെടക്കപ്പായിൽ നിന്നും കൊണ്ടുപോയി കൊന്നു കൊല വിളിച്ചില്ലെ ? വന്നുവന്നു പാവപ്പെട്ടവന്റെ ഹൃദയവികാരമായ മഹാനായ എകെജിയെ വരെ തല്ലാൻ ഒരു പൊലീസുകാരനെങ്ങിനെ ധൈര്യം വന്നു. ഇല്ല! തളരാൻ പാടില്ല! പതറാൻ പാടില്ല. രാജ്യത്ത് നടമാടുന്ന ഭീകരാവസ്ഥയ്‌ക്കെതിരെ പോരാടുന്നത് എന്റെ പാർട്ടി മാത്രമാണ്. സാക്ഷാൽ സിപിഐ(എം). ആ പാർട്ടി എന്നെ ഒരു ദൗത്യം എൽപ്പിച്ചിരിക്കുന്നു. മരിച്ചാലും വേണ്ടില്ല. അതിലെനിക്കു വിജയിക്കണം. അക്ഷരംപ്രതി, വള്ളിപുള്ളി തെറ്റാതെ അതെനിക്കു നടപ്പിലാക്കണം.

ഞാൻ നിമിഷനേരം കൊണ്ട് കുളിച്ചുറെഡിയായി. എന്തൊക്കെയോ തയ്യാറാക്കി ആ വീട്ടുകാരെന്നെ പ്രഭാതഭക്ഷണത്തിനു നിർബന്ധിച്ചു.

വെറുമൊരു ചായ മാത്രം നിന്ന നിൽപ്പിൽ കഴിച്ച് ഞാനിറങ്ങി. മഴ തോർന്നിരുന്നു.
വീടിന്റെ പിന്നാമ്പുറത്തുള്ള കാട്ടുചെടികൾ വകഞ്ഞുമാറ്റി ചെറിയകുന്നു കയറി സത്രക്കുന്നു സ്‌കൂളിന്റെ നടയിറങ്ങി കച്ചേരിത്താഴത്തുള്ള വഴിയിലേക്കിറങ്ങി.

നേരെ മുന്നോട്ടു നടന്നു. മുനിസിപ്പലാപ്പീസീനും മമ്മിക്കുട്ടി ബിൽഡിങ്‌സിനുമടിയിലുള്ള ചെറിയ ഇടഴവിയലൂടെ ലിബർട്ടി തങ്കപ്പന്റെ തയ്യൽക്കട പിന്നെ കുഞ്ഞൻചേട്ടന്റെ ബാർബർ ഷോപ്പ്. അവിടെ മതിലിനോട് ചേർന്നുനിന്നു നോക്കിയാൽ ഉഷാപിള്ളയുടെ കടയുടെ മുന്നിലെ ബസ്സ്‌റ്റോപ്പ് കാണാം.

ഞാനൊഴികെ മറ്റ് 14 പേരും യാത്രക്കാരെപ്പോലെ അവിടെ വന്നുനിൽക്കാനാണു നിർദ്ദേശം.

ഞാൻ റോഡിനപ്പുറെ നിന്ന് എണ്ണിനോക്കി. രണ്ടുപേരില്ല. കൂത്താട്ടുകുളത്തു വരുമെന്നറിയിച്ച അഞ്ചും റെഡി.

മൂവാറ്റുപുഴയിൽ നിന്നുള്ളവർ, ഉല്ലാപ്പിള്ളി (സ.ടി.എൻ.മോഹനൻ), മടക്കത്താനത്തു നിന്നുള്ള എ.കെ.ചന്ദ്രശേഖരൻ, വാളകത്തെ വി.വി.ഉതുപ്പ്, ത്രീസ്റ്റാർ ബീഡിക്കമ്പനിയിലെ ഉമ്മർ, കാസിം രണ്ടുപേരൊഴികെ മറ്റെല്ലാവരും എത്തിക്കഴിഞ്ഞു.

ടൗണിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. പരിപൂർണ്ണ ബന്ദുപോലെ പൊലീസ് വണ്ടികൾ തലങ്ങും വിലങ്ങും പായുന്നുണ്ട്.

രണ്ടുവണ്ടികൾ അനൗൺസ്‌മെന്റു നടത്തി തെക്കുവടക്കായി ഓടുന്നു.

'പൊലീസ് ആക്ട് 144 പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. ജനങ്ങൾ മൂന്നുപേരിൽ കൂടുതൽ ഒരേസമയം സംഘം ചേർന്ന് സഞ്ചരിക്കുകയോ ശബ്ദഘോഷങ്ങളുണ്ടാക്കുകയോ പാടില്ല.'

അനൗൺസ്‌മെന്റ് പൊടിപൊടിക്കുന്നു. അല്പം അകലെ ഹോട്ടൽ സൽക്കാരയുടെ മുന്നിലൂടെ പൊലീസിന്റെ ഒരു റൂട്ട് മാർച്ച് കടന്നുവരികയാണ്.

അതു ഞങ്ങൾക്കടുത്തൂടെ വന്ന് പാലത്തിന്റെ മുമ്പിലെത്തി വട്ടംതിരിഞ്ഞുവന്ന വഴിയെ മാർച്ചുചെയ്തു നടന്നു നീങ്ങി.

അവർക്കു കാണാനാകാത്ത വിധം റോഡിനപ്പുറെയിപ്പുറെയായി കരുതലോടെ നിന്നു.

ടാറിട്ട റോഡിലെ മൺതരികളെ ഞെരിച്ചമർത്തി കരകര ശബ്ദമുണ്ടാക്കുന്ന കനത്ത ബൂട്ട്‌സ്! മുഴുവൻ പേരുടെയും കയ്യിൽ നിറതോക്കുകൾ. ഞാൻ എണ്ണി നോക്കി. മുപ്പത്തിനാലുപേർ.

അവരെ തൊട്ടുരുമ്മി നിറയെ പൊലീസുകാരുമായി രണ്ടുവലിയ വണ്ടികൾ മെല്ലെ കടന്നുപോയി.

ഇപ്പോൾ ഞങ്ങളുടെ മുന്നിൽ അനൗൺസ്‌മെന്റ് വണ്ടിയില്ല.

ബൂട്ട്‌സിട്ട പൊലീസുകാർ മുന്നോട്ടുപോയി.

ഇതാണ് ഏറ്റവും പറ്റിയ സമയം.

എല്ലാം മുൻകൂട്ടി നിശ്ചയിച്ചപോലെ!

ഇന്ത്യൻ ബേക്കറിയുടെ മുന്നിലൂടെ നടന്ന് ഞാൻ ഞൊടിയിടെ റോഡിന്റെ നടുവിലെത്തി ഇടിനാദം പോലെ ഞാനുറക്കെ വിളിച്ചു.

'ഈങ്ക്വിലാബ് സിന്ദാബാദ്'

സഖാക്കളതേറ്റുവിളിച്ച് എന്നോടൊപ്പം ചേർന്നു.

'മാർക്‌സിസ്റ്റ് പാർട്ടി സിന്ദാബാദ്'

അന്തരീക്ഷം പ്രകമ്പനം കൊണ്ടു.

'അടിയന്തിരാവസ്ഥ അറബിക്കടലിൽ '

ഒരായിരം പേരൊന്നിച്ചലറുമ്പോലെ ഞങ്ങൾ മുന്നോട്ടുകുതിച്ചു.

പ്രകടനം കച്ചേരിത്താഴം പിന്നിട്ടു.!

ആർഡിഒ ഓഫീസിനു താഴെയെത്തി!!

പാർട്ടിനിർദ്ദേശം നടപ്പിലാക്കി ഇനി മരിച്ചാലും വേണ്ടില്ല!!!

തോക്കുധാരികളായ പൊലീസുകാർ ഞങ്ങളെ വളഞ്ഞു. അൻ#ൗൺസ്‌മെന്റ് മുഴങ്ങി. മറ്റുവണ്ടികൾ വലയം തീർത്തു. വണ്ടിയിലെ മുഴുവൻ പൊലീസുകാരും ചേർന്നു വിപുലമായ മറ്റൊരു വലയം തീർത്തു.

തുറന്നിരുന്ന കടകൾ പടപടാന്നു ഷട്ടറിട്ടു. ടൗണിലുണ്ടായിരുന്ന ആളുകൾ ഓടി കെട്ടിടങ്ങൾക്കു മുകളിൽ കയറി.

'നിയമവിരുദ്ധമായ പ്രകടനം. പിരിഞ്ഞുപോകണം. സ്വമേധയാ പിരിഞ്ഞുപോകാത്ത പക്ഷം ബലം പ്രയോഗിക്കേണ്ടി വരും.'

പരുക്കൻ ശബ്ദത്തിൽ അനൗൺസമെന്റ് നടത്തുന്ന പൊലീസുകാരന്റെ രൂക്ഷമായ നോട്ടം.

'പോടാ പുല്ലേ പൊലീസെ
തല്ലാമെങ്കിൽ തല്ലിക്കോ'

'അടിയന്തിരാവസ്ഥ അറബിക്കടലിൽ'

'മാർക്‌സിസ്റ്റ് പാർട്ടി സിന്ദാബാദ്!'

ചെകിടടപ്പിക്കുന്ന മുദ്രാവാക്യം.

ഞങ്ങൾ സഖാക്കൾ ഒരു മനുഷ്യമഹാശക്തിയായി വളർന്നതുപോലെ തോന്നി.

'ചാർജ്ജ്'

കാക്കി വേഷധാരിയായ ഒരു ഭീകരൻ പൊലീസാഫീസർ അലറി.

അടി! അടിയോടടി!! സർവ്വപേരും കൂടി സർവ്വതും പ്രയോഗിച്ചു കൊണ്ടുള്ള ഭീകരമായ മർദ്ദനം. തോളത്തും നെഞ്ചത്തും പിന്നിലുമെല്ലാം വിശ്രമമില്ലാതെ തോക്കിന്റെ പാത്തിയും ലാത്തിയും പരതിപാഞ്ഞു നടന്നു. പൊലീസും ഞങ്ങളും കെട്ടിപ്പിരണ്ട് റോഡിലുരുണ്ടും സെക്കന്റുപോലും പാഴാക്കാതെയുള്ള മൽപ്പിടുത്തങ്ങൾ.

അടിയും തൊഴിയുമേറ്റ് നിൽക്കക്കള്ളിയില്ലാതെ ആറുപേർ ഞങ്ങളെയുപേക്ഷിച്ച് ഓടി രക്ഷപെട്ടു.

ഞാനും മറ്റു ആറുപേരും പിന്നെയും പിടിച്ചുനിന്നു.
അടികൊണ്ട് ചുണ്ടും തലയും പൊട്ടി ചോരവാർന്നു. ഞഉഛ ഓഫീസിനു മുന്നിലെ ടാറിട്ട റോഡിൽ ചോര തളംകെട്ടി. പൊലീസുകാർ സംഘം ചേർന്ന് ഞങ്ങളെ ഓരോരുത്തരെയായി വാനിലേക്ക് എടുത്തെറിഞ്ഞു.ഓരോരുത്തരെയായി പൊലീസ് വാനിലേയ്‌ക്കെടുത്തെറിഞ്ഞു. ഏഴുപേരും വണ്ടിയുടെ തറയിൽ കിടന്നു. അവർ ഞങ്ങളെ ചവിട്ടിപ്പിടിച്ചു.

കിടന്ന കിടപ്പിലും ഞങ്ങൾ ഒരുമിച്ചൊന്നായി അലറി വിളിച്ചു.

'സിപിഐ(എം) സിന്ദാബാദ്
രക്തസാക്ഷികൾ സിന്ദാബാദ് '

സ്റ്റേഷിലേയ്‌ക്കെത്തട്ടെ കാണിച്ചുതരാമെന്ന ഭാവത്തിൽ ആ വലിയ പൊലീസുവണ്ടി ഞങ്ങളെയും കൊണ്ട് ചീറിപ്പാഞ്ഞു.