കാൾമാർക്‌സ് വിപരീതാർഥത്തിൽ എഴുതിയതാണെങ്കിലും കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടെ ആരംഭവാക്യം പോലെ അറംപറ്റിയ മറ്റൊരു നിരീക്ഷണം ആധുനിക ലോകചരിത്രത്തിലില്ല. കമ്യൂണിസം, മാർക്‌സിസം, ഇടതുപക്ഷം എന്നി മൂന്നു സംജ്ഞകളും സങ്കൽപനങ്ങളും തമ്മിൽ തമ്മിലുള്ള യോജിപ്പുകളും വിയോജിപ്പുകളും പോലെ സമീപകാല മലയാളിയുടെ ബൗദ്ധിക-രാഷ്ട്രീയ ജീവിതത്തെ സംഘർഷഭരിതമാക്കുന്ന മറ്റൊരു സന്ദർഭവുമില്ല. മുസോളിനിയെയും ഹിറ്റ്‌ലറെയും തോല്പിക്കുംവിധം നന്മകൾ മാത്രം ചെയ്ത സ്റ്റാലിനും ചെഷസ്‌ക്യുവിനും മറ്റനവധി മനുഷ്യസ്‌നേഹികൾക്കും ജന്മം നൽകിയ മഹാപ്രസ്ഥാനമാണ് കമ്യൂണിസം.

ചരിത്രത്തിലെ മറ്റെല്ലാ ദുർഭൂതങ്ങളെയുംപോലെ ജനാധിപത്യത്തിന്റെ കാറ്റടിയിൽ നിലംപൊത്തിയ ചീട്ടുകൊട്ടാരമായി അതു മാറിയെങ്കിലും മാർക്‌സിസം അതിനെ അതിജീവിച്ചു. അതൊരു സാമൂഹ്യവിശകലനപദ്ധതിയും പ്രത്യയശാസ്ത്രവുമായി ഒന്നാം ലോകബൗദ്ധികമണ്ഡലങ്ങളിൽ പോലും ഇടതുപക്ഷബോധത്തിന്റെ നിർമ്മിതി സാധ്യമാക്കി നിലനിൽക്കുന്നു. ചരിത്രത്തിന്റെ കാവ്യനീതിയാണത്.

ആഗോളവൽക്കരണകാലത്ത്, അഥവാ കമ്യൂണിസ്റ്റനന്തരകാലത്ത്, കേരളത്തിൽ അവശിഷ്ട കമ്യൂണിസ്റ്റ് പാർട്ടികൾക്കകത്ത്, വിശേഷിച്ചും സിപിഎമ്മിൽ നടക്കുന്ന സംഘർഷങ്ങൾക്കും ചേരിതിരിവുകൾക്കും ഉൾപ്പാർട്ടി സമരങ്ങൾക്കും പ്രത്യയശാസ്ത്രപരം മാത്രമായ മാനമല്ല ഉള്ളത്. മുതലാളിത്തത്തിന്റെ പ്രലോഭനങ്ങളും അധികാരക്കൊതിയും അഴിമതിയും സ്വത്തുതർക്കങ്ങളും ജാതിവെറിയും വ്യക്തിവൈരാഗ്യങ്ങളും മറ്റുമാണ് പാർട്ടിയിലെ മിക്ക പ്രശ്‌നങ്ങൾക്കും പിന്നിലുള്ള സാമൂഹ്യ യാഥാർഥ്യങ്ങൾ. ഇ എം എസിനു ശേഷം (1998 നുശേഷം) കേരളത്തിലെ (ഇന്ത്യയിലെ തന്നെയും) സിപിഎമ്മിന്റെ സംഘടനാതലത്തിലും ആശയതലത്തിലും സംഭവിക്കുന്ന ഇത്തരം ചേരിപ്പോരുകളുടെ ചരിത്രരേഖയെന്ന നിലയിൽ പ്രസക്തമാകുന്ന പുസ്തകമാണ് അപ്പുക്കുട്ടൻ വള്ളിക്കുന്നിന്റെ 'അപചയത്തിന്റെ അടയാളങ്ങൾ: പാലക്കാട് മുതൽ ഒഞ്ചിയം വരെ'. സിപിഎമ്മിലെ അവസരവാദപരവും ഒത്തുതീർപ്പുകൾ നിറഞ്ഞതുമായ രാഷ്ട്രീയപരിപാടികളിൽ പെട്ട് മാർക്‌സിസത്തിനു സംഭവിക്കുന്ന അപചയമാണ് അപ്പുക്കുട്ടന്റെ ചർച്ചാവിഷയം.

അവതാരികയിൽ വി.പി. വാസുദേവൻ പറയുന്നതുപോലെ, ഒരു പത്രത്തിന്റെ പത്രാധിപസ്ഥാനത്തുനിന്ന് പുറത്താക്കപ്പെട്ട് ഉപജീവനമാർഗം ഇല്ലാതായ ഒരാൾ മറ്റൊരു പത്രത്തിന്റെ കോളമെഴുത്തുകാരനായി ഉപജീവനമാർഗം തേടിയതിന്റെ ഫലമായുണ്ടായതല്ല ഈ ലേഖനങ്ങൾ. ആദർശരാഷ്ട്രീയത്തിന്റെ പേരിൽ ഒറ്റപ്പെടുത്തപ്പെടുകയും ഭ്രഷ്ടനാക്കപ്പെടുകയും ചെയ്യപ്പെട്ട ഒരു പൊതുപ്രവർത്തകന്റെ അതിജീവനത്തിന്റെ ചരിത്രരേഖകളാണ് ഇവ. ചരിത്രസന്ദർഭത്തിന്റെ സവിശേഷതകൊണ്ട് ഇവ ഒരു സമൂഹത്തിന്റെ മുഴുവൻ ആദർശ രാഷ്ട്രീയത്തിന്റെ അതിജീവനരേഖകളും ഒരു രാഷ്ട്രീയപ്രസ്ഥാനത്തിന്റെ അപചയഘട്ടത്തിന്റെ നാൾവഴി അടയാളങ്ങളുമായിത്തീരുന്നുണ്ട്.[BLURB#1-VL]

കഴിഞ്ഞ ഒരു പതിറ്റാണ്ടുകാലം 'മാതൃഭൂമി'പത്രത്തിൽ ഇടതുപക്ഷം എന്ന കോളത്തിലെഴുതിയ നാനൂറിലധികം ലേഖനങ്ങളിൽനിന്ന് തെരഞ്ഞെടുത്ത നാല്പതിലധികം രചനകളുടെ സമാഹാരമാണ് ഈ കൃതി. ഇ.എം.എസിനു ശേഷം കേരളത്തിലും ഇന്ത്യയിലും സിപിഎമ്മിലുണ്ടായ പ്രത്യയശാസ്ത്രപരവും സംഘടനാപരവുമായ മുതലാളിത്ത വ്യതിയാനങ്ങളുടെയും ഏകാധിപത്യപ്രവണതകളുടെയും നേർക്കുള്ള നിശിതവും നിരന്തരവുമായ വിരൽചൂണ്ടലുകളാണ് ഈ ലേഖനങ്ങൾ എന്ന് ഒറ്റവാക്യത്തിൽ പറയാം. വാർത്താചാനലുകളുടെ കഴിഞ്ഞ ദശകത്തിൽ കേരളത്തിൽ കരുത്താർജിച്ച ഇടതുപക്ഷവിമർശകരുടെ മാദ്ധ്യമസംഘത്തിലെ ഏറ്റവും പ്രമുഖനായ മുൻ കമ്യൂണിസ്റ്റുകൂടിയാണ് അപ്പുക്കുട്ടൻ വള്ളിക്കുന്ന്.

പാർട്ടികോൺഗ്രസുകളിലെ നയതീരുമാനങ്ങൾ പോലും നടപ്പാക്കാൻ കഴിയാത്തതിന്റെയും കേന്ദ്രനേതൃത്വത്തിന്റെ തീരുമാനങ്ങൾ സംസ്ഥാന നേതൃത്വം വകവയ്ക്കാത്തതിന്റെയും പാർട്ടിഭരണഘടനയെ നോക്കുകുത്തിയാക്കി സാങ്കേതികഭൂരിപക്ഷം മാത്രം നോക്കി തോന്നുംപടി നടപടികൾ കൈക്കൊള്ളുന്നതിന്റെയും വർഗസമരമെന്ന അടിസ്ഥാനപ്രമാണത്തെ മുതലാളിത്തത്തിനും സാമ്രാജ്യത്തത്തിനും അടിയറവയ്ക്കുന്നതിന്റെയും പാർലമെന്ററി വ്യാമോഹം ഒരു രാഷ്ട്രീയപ്രസ്ഥാനത്തെ എത്രമാത്രം അധാർമ്മികമാക്കാമോ അതിന്റെ പാരമ്യത്തിൽ സിപിഐ(എം) എത്തിപ്പെട്ടതിന്റെയും ഹിംസയുടെയും വർഗീയതയുടെയും അഴിമതിയുടെയും ധാർഷ്ട്യത്തിന്റെയും കൊടിപ്പടങ്ങൾ നിസ്സങ്കോചം വാരിച്ചുറ്റുന്നതിന്റെയും കാലഘട്ടമായി ഈ പതിറ്റാണ്ടുകളെ അപ്പുക്കുട്ടൻ വിലയിരുത്തുന്നു.

ഒറ്റുകാരനും ബൂർഷ്വാ ഏജന്റും മാദ്ധ്യമ സിൻഡിക്കേറ്റിന്റെ നായകനും മറ്റും മറ്റുമായി മുദ്രകുത്തപ്പെട്ട അപ്പുക്കുട്ടൻ വി.എസിന്റെ വെറുമൊരു വൈതാളികനല്ല എന്നതാണ് യാഥാർഥ്യം. സിപിഎമ്മിലെ മൂന്നു കൊമ്പുള്ള മുയലുകൾക്കെതിരെയാണ് അദ്ദേഹം യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നത്. തങ്ങളാണ് പാർട്ടിയും ചരിത്രവും എന്നു ഭാവിക്കുന്ന ഒരുസംഘം നേതാക്കളോട്. കേരളത്തിലെ മാദ്ധ്യമപ്രവർത്തകർ മുതൽ അമേരിക്കൻ ഭരണകൂടത്തിന്റെ ഏജന്റുമാർ വരെ (വിക്കിലീക്‌സ് രേഖകൾ ഓർക്കുക) ചോർത്തിയെടുക്കുന്ന സിപിഎമ്മിന്റെ രഹസ്യങ്ങൾ സമീപകാല കേരളത്തിലെ രാഷ്ട്രീയഫലിതങ്ങളിലൊന്നാണെന്ന് അപ്പുക്കുട്ടൻ ചൂണ്ടിക്കാണിക്കുന്നു.

ആഗോളരാഷ്ട്രീയം മുതൽ ദേശീയ, പ്രാദേശിക രാഷ്ട്രീയംവരെ, ഒന്നും 'ഇടതുപക്ഷ'ത്തിന്റെ കാഴ്ചയിൽ പെടാതിരിക്കുന്നില്ല. എം.എൻ. വിജയനെതിരെയുള്ള സിപിഐ(എം). വേട്ടയും ടി.പി. വധാനന്തരം സിപിഎമ്മിന്റെ ശവക്കുഴിതോണ്ടുന്ന പാർട്ടിനേതാക്കളുടെ കിരാതരാഷ്ട്രീയവും ബംഗാൾ, കേരള ഘടകങ്ങളിലെ ചേരിപ്പോരുകളും കേന്ദ്രനേതൃത്വത്തിന്റെ പരിഹാസ്യമായിത്തീരുന്ന രാഷ്ട്രീയമലക്കംമറിച്ചിലുകളും നേതൃത്വത്തിനെതിരെ നിരന്തരം ഉന്നയിക്കപ്പെടുന്ന സാമ്പത്തികാഴിമതികളും രാഷ്ട്രീയ എതിരാളികളുടെ ഉന്മൂലനത്തിൽ അവർക്കുള്ള പങ്കും പാർട്ടിക്കുമേൽ ആരോപിക്കപ്പെടുന്ന പാപക്കറകളുടെയും ചോരക്കറകളുടെയും പെരുപ്പവും രക്തസാക്ഷികളുടെ ഇറച്ചിവിറ്റു ജീവിക്കുന്ന കാലത്തേക്കുള്ള പ്രസ്ഥാനത്തിന്റെ അപചയവും... സിപിഎമ്മിന്റെ ഒരു വ്യതിയാനവും അപ്പുക്കുട്ടൻ കാണാതെപോകുന്നില്ല.

ഇക്കഴിഞ്ഞ ഒന്ന്-ഒന്നര പതിറ്റാണ്ടുപോലെ കേരളത്തിൽ സിപിഐ(എം) പൊതുസമൂഹത്തിലും പൊതുമാദ്ധ്യമങ്ങളിലും ഇത്രമേൽ തുറന്നുകാട്ടപ്പെട്ടിട്ടുള്ള മറ്റൊരു കാലമില്ല. വലിയ ഒരു ക്രിമിനൽസംഘമായി കേരളത്തിൽ പാർട്ടി മാറി എന്നാണ് ഗ്രന്ഥകാരൻ അസന്ദിഗ്ദ്ധമായി വിശദീകരിക്കുന്നത്. രാഷ്ട്രീയത്തിലെ ക്രിമിനൽവൽക്കരണത്തെക്കുറിച്ച് ഇ.എം.എസ്. പറഞ്ഞ വാക്കുകൾ അദ്ദേഹം ഉദ്ധരിക്കുന്നു: 'അമ്പതുകൊല്ലം മുമ്പുള്ള കമ്യൂണിസ്റ്റ് ശീലവും ശൈലിയും രസിക്കാത്ത ഇ.പി. ജയരാജനെപ്പോലുള്ള പുതിയ തലമുറക്കാർ നയിക്കുന്ന പാർട്ടിയാണ് ഇന്ന് കേരളത്തിലെ സിപിഐ(എം). എട്ടു പതിറ്റാണ്ടിനുമുമ്പ് ജീവിച്ച ശ്രീനാരായണഗുരുവിന്റെ ഉപദേശങ്ങൾ അവർ ഗൗനിച്ചെന്നു വരില്ല. എന്താണ് രാഷ്ട്രീയപാർട്ടികളുടെ ക്രിമിനൽവൽക്കരണമെന്ന് ഇ.എം.എസ്. പത്തുവർഷം മുമ്പ് വിശദീകരിക്കുകയുണ്ടായി, ഏതാനും വ്യക്തികൾ ക്രിമിനൽ രീതിയിൽ ആവലല്ല അതെന്ന്. 'അധികാരസ്ഥാനങ്ങൾക്കുവേണ്ടിയുള്ള വിശപ്പിൽനിന്നാണ് രാഷ്ട്രീയത്തിലെ ക്രിമിനൽവത്കരണം ഉണ്ടാകുന്നത്. അധികാരം നേടാൻ ഏതുമാർഗവും സ്വീകരിക്കുന്നതിലൂടെ അവർ നേടിയെടുക്കുന്ന അധികാരം സമ്പത്ത് വാരിപ്പിടിക്കാൻ ഉപയോഗിക്കുന്നു. അതിനുവേണ്ടി വിഭാഗീയ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു. സമ്പദ്‌വ്യവസ്ഥയുടെയും രാഷ്ട്രീയത്തിന്റെയും ഭരണത്തിന്റെയും നിയന്ത്രണം അഴിമതിയും മറ്റു കുറ്റകൃത്യങ്ങളും വ്യാപകമാക്കുന്നു. ഇതാണ് രാഷ്ട്രീയത്തെ ക്രിമിനൽവത്കരിക്കുന്നതിലേക്ക് നയിക്കുന്നത്'.[BLURB#2-H]

'ഇഥനോളം കാസ്‌ട്രോയും' എന്ന ലേഖനത്തിൽ അപ്പുക്കുട്ടൻ ചോദിക്കുന്നു: 'അൻപത് വർഷങ്ങൾക്ക് മുൻപ് കമ്യൂണിസ്റ്റ് പാർട്ടിയും ഇ.എം.എസ്. മന്ത്രിസഭയും പലതിനും തുടക്കം കുറിച്ചു. കാർഷികബന്ധ ബില്ലുതൊട്ട് ആസൂത്രണംവരെ. എല്ലാം ബദൽ നയങ്ങളായിരുന്നു. അൻപതുവർഷം പിന്നിട്ടിരിക്കുന്നു. ഭൂപരിഷ്‌കരണം ഇന്ന് എവിടെയാണ് എത്തിയിരിക്കുന്നത്. എന്താണ് യഥാർഥ കൃഷിക്കാരുടെ അവസ്ഥ? സംഘടിത തൊഴിലാളി മേഖലതന്നെ യഥാർഥത്തിൽ എവിടെ ചെന്നുനില്ക്കുന്നു? ആഗോളീകരണത്തിന്റെ ഈ പുതിയ ദശാസന്ധിയിൽ എന്താണ് കമ്യൂണിസ്റ്റ് പാർട്ടികളും ഇടതുപക്ഷ ഗവൺമെന്റുകളും ഇനി മുന്നോട്ടുവെക്കുന്നത്? എന്തുകൊണ്ട് നന്ദിഗ്രാമുണ്ടായി? എന്തുകൊണ്ട് എ.ഡി.ബി.യെ തലയിണയാക്കേണ്ടിവന്നു? എന്തുകൊണ്ട് ഇടതുപക്ഷം മുന്നോട്ടുവെക്കുന്ന നയങ്ങൾക്ക് സ്വന്തം അണികളിൽനിന്നുപോലും എതിർപ്പു നേരിടേണ്ടിവരുന്നു? രാഷ്ട്രീയ എതിരാളികളുടെ പിന്തുണ നേടാൻ ഇവിടെ ഇടതുപക്ഷത്തിന് എന്തുകൊണ്ട് കഴിയാതെ വരുന്നു?'

ടി.പി. വധത്തിൽ സിപിഎമ്മിനുള്ള പങ്കിനെപ്പറ്റി സംശയങ്ങളേതുമില്ലാത്ത അപ്പുക്കുട്ടൻ എഴുതുന്നു : 'കേസിന്റെ ആദ്യ അന്വേഷണഘട്ടത്തിലെ സിപിഐ(എം). നിലപാട്, പൊലീസ് ഗവൺമെന്റിന്റെ തിരക്കഥയനുസരിച്ച് പാർട്ടിയുടെ നിരപരാധികളായ 76 പേരെ കേസിൽ പെടുത്തിയെന്നായിരുന്നു. ഇപ്പോൾ ഉന്നത ഗൂഢാലോചനക്കാരെ കണ്ടെത്താൻ സിബിഐ. അന്വേഷണം ഏർപ്പെടുത്തുമെന്നായപ്പോൾ അന്നത്തെ പൊലീസ് അന്വേഷണവും കോടതിവിധിയും ശിക്ഷയും സ്വീകാര്യമായി. പാർട്ടിയെ തകർക്കാൻ നിയമത്തിന്റെ വഴിവിട്ട് സിബിഐ. അന്വേഷണം ഏർപ്പെടുത്തുകയാണെന്ന് പഴയപടി ആരോപണവും. വിചാരണയും ശിക്ഷയും നടന്ന് കേസിൽ രണ്ടാമതൊരു ഏജൻസി അന്വേഷിക്കുന്നത് നിയമവിരുദ്ധമാണെന്നും വാദിക്കുന്നു. ഒരിക്കൽ വിചാരണയും പ്രതികളെ വിട്ടയയ്ക്കലും കഴിഞ്ഞ ബെസ്റ്റ് ബേക്കറി കേസിൽ സിബിഐ. അന്വേഷണത്തെയും കോടതിവിധിയെയും പിന്തുണച്ചിരുന്നു പ്രകാശ് കാരാട്ടും പാർട്ടിയും. അവർ തന്നെയാണ് ഇപ്പോൾ ഇങ്ങനെ ചുവടുമാറ്റുന്നത്.

പണത്തിന്റെയും സംഘടനാബലത്തിന്റെയും അസഹിഷ്ണുതയുടെയും അധികാരരാഷ്ട്രീയത്തിന്റെയും പിൻബലത്തിൽ സത്യത്തെ വെട്ടിവെട്ടിതീർക്കാൻ ശ്രമിക്കുന്നതിലും അദ്ഭുതമില്ല. പക്ഷേ എത്ര വലിയ പാർട്ടിയായാലും അതിനു മീതെയാണ് ജനങ്ങളും ജനശക്തിയും എന്നത് വൈകിയായാലും തിരിച്ചറിയും. അത് ചരിത്രപാഠമാണ്'.

ഈ തരത്തിൽ ഇരുതലമൂർച്ചയുള്ള രൂപകങ്ങളും മുനകൂർപ്പിച്ച പ്രയോഗങ്ങളും നിറഞ്ഞതാണ് അപ്പുക്കുട്ടന്റെ ഭാഷ. പരന്ന രാഷ്ട്രീയധാരണ, സൂക്ഷ്മമായ ചരിത്രബോധം, മാർക്‌സിയൻ ആശയാവലികളിലുള്ള അവഗാഹം, കാലികപ്രസക്തിയുള്ള എഴുത്ത്, അച്ചടി, ദൃശ്യമാദ്ധ്യമങ്ങളിൽ ഒരേസമയം ഫലപ്രദമായി ഇടപെടാനുള്ള പാടവം, കൂസലില്ലാത്ത തുറന്നുപറച്ചിലുകൾ... സമർഥനായ മാദ്ധ്യമപ്രവർത്തകനെന്നപോലെ കൂർമ്മബുദ്ധിയായ രാഷ്ട്രീയനിരീക്ഷകനുമാണ് ഗ്രന്ഥകാരനെന്ന് അപചയത്തിന്റെ അടയാളങ്ങൾ തെളിയിക്കുന്നു. ഈ ലേഖനങ്ങൾ ഉന്നയിക്കുന്ന രാഷ്ട്രീയവിമർശനങ്ങൾ ഇങ്ങനെ സംഗ്രഹിക്കാം.
ആഗോളവൽക്കരണകാലത്തെ സിപിഐ(എം). ഒരു തൊഴിലാളിവർഗപാർട്ടിയല്ല, മുതലാളിത്ത പ്രസ്ഥാനമാണ്. മാർക്‌സിസത്തിന്റെ ആധാരതത്വമായ വർഗസമരത്തെ സിപിഐ(എം). കയ്യൊഴിഞ്ഞിരിക്കുന്നു. കുഴലൂത്തുകാരുടെ സംഘമായി മാറിക്കഴിഞ്ഞ സിപിഐ(എം). നേതൃത്വം ഏതാണ്ടൊന്നടങ്കം രാഷ്ട്രീയ നിരക്ഷരരും പ്രത്യയശാസ്ത്രദരിദ്രരുമാണ്. അഴിമതി, ജാതിമതചിന്തകൾ എന്നിവ സിപിഎമ്മിനെ അടിമുടി ഗ്രസിച്ചിരിക്കുന്നു. വർഗശത്രുക്കളോടല്ല, സിപിഐ(എം). വിമർശകരോടാണ് പാർട്ടി യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നത്. ഇ.എം.എസ്. വലിയൊരു ശരിയായിരുന്നു. ഇ.എം.എസിനു ശേഷമുള്ള സിപിഐ(എം). വലിയൊരു തെറ്റാണ്.

ജനാധിപത്യഘടന തീർത്തും നിരാകരിക്കുന്ന സംഘടനാതത്വവും പ്രവർത്തനവും സി.പി. എമ്മിന്റെ ആഭ്യന്തരജീർണത പൂർത്തിയാക്കുന്നു. സിപിഎമ്മിന്റെ സാമ്രാജ്യത്തപരമായ പരിഷ്‌ക്കരണവാദങ്ങൾക്കെതിരെ എം.എൻ. വിജയനും മറ്റും തുടങ്ങിവച്ച ആശയസമരം ഇന്നും പ്രസക്തമാണ്.

ഗ്രന്ഥത്തിൽനിന്ന്
കുഴിവെട്ടുന്നവർ ലോകത്തെ മഹത്തായ എല്ലാ ചരിത്രയഥാർഥ്യങ്ങളും മഹാപുരുഷന്മാരും രണ്ടുവട്ടം പ്രത്യക്ഷപ്പെടുമെന്ന് ഹെഗൽ പറഞ്ഞിട്ടുണ്ട്. കാൾ മാർക്‌സ് അതിങ്ങനെ വിശദീകരിച്ചിട്ടുണ്ട്: 'ആദ്യതവണ ദുരന്തമായിട്ടായിരിക്കും പ്രത്യക്ഷപ്പെടുന്നത്. രണ്ടാംതവണ പ്രഹസന നാടകമായും'. ഇപ്പോൾ സിപിഎമ്മിന്റെത് ആ രണ്ടാംവരവാണെന്ന് മാർക്‌സിന്റെ ലൂയിസ് ബോണാപാർട്ടിന്റെ ബ്രൂമെയർ 18 എന്ന വിഖ്യാതലേഖനം സ്ഥാപിക്കുന്നു.

പുന്നപ്ര-വയലാർ, കയ്യൂർ തുടങ്ങിയ സമരഭൂമികളിലെ രക്തസാക്ഷികളുടെ ചരിത്രാവകാശവുമായി മുന്നോട്ടുപോകുന്നു കേരളത്തിലെ സിപിഎമ്മും വിപ്ലവനായകൻ വി എസ്സും. ആദ്യകാലത്തെ പെഷവാർ, കാൻപൂർ, മീററ്റ് ഗൂഢാലോചന കേസുകളെയും കൊലമരങ്ങളെയും രാഷ്ട്രീയമായി നേരിട്ട് പ്രസ്ഥാനം വളർത്തിയ പി.സി.ജോഷി തൊട്ടുള്ള വ്യക്തിത്വങ്ങൾ. അവരുടെ തുടർ അവകാശിയാണ് ഇപ്പോൾ സിപിഐ(എം). ജനറൽ സെക്രട്ടറിയായ പ്രകാശ്കരാട്ട്. പതിനാറാം ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുൻപിൽ ചരിത്രത്തിന്റെ ഒരു രണ്ടാം വരവിന്റെ നില്പുംഅപഹാസ്യതയുമാണ് സിപിഐ(എം). ഇപ്പോൾ പ്രകടിപ്പിക്കുന്നത്.

ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ പാർട്ടി നിയോഗിച്ച ഗൂഢാലോചനക്കാർക്കും സഹായികൾക്കും കൊലയാളികൾക്കും രക്തസാക്ഷിപരിവേഷം നല്കാൻ വീറോടെ പാർട്ടി ശ്രമിച്ചേടത്തുനിന്നാണ് മാർക്‌സ് പറഞ്ഞ രണ്ടാം വട്ട അസംബന്ധനാടകങ്ങൾ അരങ്ങേറുന്നത്. മീററ്റ് ഗൂഢാലോചനക്കേസിലെ കുറ്റാരോപണത്തെ സാമ്രാജ്യത്വവിരുദ്ധ പോരാട്ടമായും സ്വാതന്ത്ര്യസമരമായും കോടതിയിൽ നേരിടുകയായിരുന്നു കമ്യൂണിസ്റ്റു പ്രതികൾ. ബ്രിട്ടനിലെ തിരഞ്ഞെടുപ്പിൽ ഇന്ത്യൻ ജയിലിൽക്കിടന്ന് പ്രതികളിലൊരാളായ ഷൗക്കത്ത് ഉസ്മാനി പാർലമെന്റിലേക്കു മത്സരിച്ച് തിരഞ്ഞെടുപ്പ് രാഷ്ട്രീയസമരമാക്കുകകൂടി ചെയ്തു.

ടി.പി വധക്കേസിൽ യു.ഡി.എഫ് ഗവണ്മെന്റെും പൊലീസും നേതാക്കളെയും പ്രവർത്തകരെയും കള്ളക്കേസിൽ കുടുക്കിയെന്നാണ് സിപിഐ(എം). നിലപാട്. എന്നിട്ടും രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ യു.ഡി. എഫുകാർക്കൊപ്പം ഇടത് എം. എൽ .എമാർ കോൺഗ്രസ് ഐയുടെ രാഷ്ട്രപതി സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്തു. മറ്റ് ഇടതുമുന്നണി പാർട്ടികൾ എതിർത്തിട്ടും. ടി.പി. വധത്തിലെ ഉന്നത ഗൂഢാലോചന സംബന്ധിച്ച പൊലീസ് അന്വേഷണം മരവിപ്പിച്ചത് ഈ ഘട്ടത്തിലായിരുന്നു. ഉന്നതങ്ങളിൽ നടന്ന രാഷ്ട്രീയ ഒത്തുകളിയുടെ മറ്റൊരു അസംബന്ധ നാടകത്തിലൂടെ . ഈയിടെ നടന്ന ബംഗാൾ രാജ്യസഭാ തിരഞ്ഞെടുപ്പിലും സിപിഎമ്മിന്റെ മിച്ചവോട്ടുകൾ കോൺഗ്രസ് ഐ സ്ഥാനാർത്ഥിക്ക് ഉദാരമായി നല്കി.

സംസ്ഥാന സെക്രട്ടറി രണ്ടു തവണ നടത്തിയ കേരള യാത്ര വടക്കുനിന്നും തെക്കോട്ടുള്ള ഏതൊരു രാഷ്ട്രീയയാത്രയുടെയും പതിവു റോഡ്‌ഷോ ആയിരുന്നു. ടി.പി.വധം പ്രതിക്കൂട്ടിൽ കയറ്റിയ പാർട്ടി നേതൃത്വം ഇത്തവണത്തെ കേരള രക്ഷായാത്ര പുന്നപ്ര-വയലാറിൽ നിന്നാണ് തുടങ്ങിയത്. രക്തസാക്ഷി മണ്ഡപങ്ങളെ വലംവച്ചും രക്തസാക്ഷി കുടുംബങ്ങളെ വഴിനീളെ വരുത്തി ആദരിച്ചുമാണ് സമാപിച്ചത്. ഭൂതകാലത്തിൽ നിന്ന് വേഷങ്ങളും ഭാഷയും നാമങ്ങളും കടമെടുത്ത് രക്തസാക്ഷിത്വത്തിന്റെ മഹത്ത്വം തങ്ങൾക്കവകാശപ്പെട്ടതാണെന്ന് സ്ഥാപിക്കാനായിരുന്നു ഈ മാറ്റം. ജീവിച്ചിരുന്ന ചന്ദ്രശേഖരനെക്കാൾ വലിയ ഭീഷണി കൊല്ലപ്പെട്ട ചന്ദ്രശേഖരനാണെന്ന് പാർട്ടി തിരിച്ചറിയുകയായിരുന്നു.

ടി.പി. ചന്ദ്രശേഖരൻ വധവും ആ രക്തസാക്ഷിത്വ മഹത്ത്വവും ഈ അഭ്യാസങ്ങൾകൊണ്ടും വഴിനീളെ നടത്തിയ അപവാദപ്രചരണംകൊണ്ടും തുടച്ചുമാറ്റാനായില്ല. കൊല്ലപ്പെട്ട ചന്ദ്രശേഖരൻ സിപിഐ(എം). നേതാക്കളുടെ മനസ്സിൽ മാർക്‌സ് പറഞ്ഞതുപോലെ ഒരു ദുഃസ്വപ്നമായി തുടരുകയാണു ചെയ്തത്. പ്രതിവിധിക്കാണ് ഒടുവിൽ പ്രകാശ് കാരാട്ടിന്റെ ഇടപെടലിൽ വി. എസ്സിനെത്തന്നെ പുതിയ വേഷംകെട്ടിച്ചിറക്കേണ്ടിവന്നത്.

ടി.പി. ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ.രമയടക്കമുള്ള രക്തസാക്ഷി കുടുംബത്തെയും ചന്ദ്രശേഖരൻ സ്ഥാപിച്ച റവല്യൂഷണറി മാർക്‌സിസ്റ്റു പാർട്ടിയെയും, ജനറൽ സെക്രട്ടറിക്കും പാർട്ടിക്കും വേണ്ടി വി എസ് തള്ളിപ്പറഞ്ഞു. ഫ്രഡറിക് നീഷേ പറഞ്ഞതുപോലുള്ള പ്രതികരണമാണ് ഇത് കേരള സമൂഹത്തിൽ പൊടുന്നനെയുണ്ടാക്കിയത്: 'നിങ്ങൾ എന്നോട് കള്ളം പറഞ്ഞു എന്നതിലല്ല ഞാൻ അസ്വസ്ഥനാകുന്നത് ഇനി എനിക്ക് നിങ്ങളെ വിശ്വസിക്കാൻ ആവിലല്ലോ എന്നതിലാണ്.'

സിപിഎമ്മിൽ ഈ ലേഖകൻ മൂന്നു പതിറ്റാണ്ടിലേറെ പ്രവർത്തിച്ചിട്ടും അറിയാൻ കഴിയാതെപോയ ചില രഹസ്യങ്ങളാണ് ജനറൽ സെക്രട്ടറിതന്നെ ഇപ്പോൾ വെളിപ്പെടുത്തുന്നത്. പാർട്ടിക്കകത്തുപോലും അറിയിക്കാത്ത ഒരു രഹസ്യാന്വേഷണ വിഭാഗം ജനറൽ സെക്രട്ടറിക്കും പോളിറ്റ്ബ്യൂറോയ്ക്കുമായുണ്ട്. ഹിറ്റ്‌ലർക്കും മുസ്സോളിനിക്കും സോവിയറ്റു പാർട്ടിക്കുതന്നെയും അത്തരം ചില രഹസ്യാന്വേഷണ വിഭാഗങ്ങൾ ഉണ്ടായിരുന്നതായി ചരിത്രം വെളിപ്പെടുത്തുന്നു.

ആറ് ഡസനിലേറെ വരുന്ന സിപിഐ(എം). നേതാക്കളും പ്രവർത്തകരുമായ ടി.പി. വധക്കേസിലെ പ്രതികളിൽനിന്ന് ഒരു കെ.സി. രാമചന്ദ്രനെ യഥാർഥകൊലയാളിയായി അവർ കണ്ടെത്തിയിരിക്കുന്നു. വ്യക്തിപരമായ അരിശം തീർക്കാനാണ് പാർട്ടിയുടെ ഈ ലോക്കൽ കമ്മറ്റിയംഗം ടി.പി. ചന്ദ്രശേഖരനെ കൊല്ലിച്ചതെന്നും അവർ റിപ്പോർട്ടുചെയ്തിരിക്കുന്നു. കാരാട്ടും പി.ബിയും വി എസ് പോലും അതു വിശ്വസിച്ചു. ആയിരക്കണക്കിൻ ടെലിഫോൺ സംഭാഷണങ്ങളും ഇരുനൂറിൽ താഴെ സാക്ഷിമൊഴികളും ശാസ്ത്രീയമായി ബോധ്യപ്പെട്ട മറ്റു തെളിവുകളും വിലയിരുത്തി ടി.പി.യെ വധിച്ചതിന് കോടതി ശിക്ഷിച്ചത് പന്ത്രണ്ടു പ്രതികളെയാണ്.

കുറ്റം ചെയ്തവരായി തെളിയിക്കപ്പെട്ട ഒരാളും പാർട്ടിയിൽ ഉണ്ടാകില്ലെന്ന് കാരാട്ടും സെൻട്രൽ കമ്മറ്റിയും ഉറപ്പുനല്കിയിരുന്നു. കോടതി ശിക്ഷിച്ച മറ്റുള്ളവർ നിരപരാധികളാണെന്ന് പാർട്ടിയുടെ രഹസ്യാന്വേഷണവിഭാഗം കാരാട്ടിനെ ബോധ്യപ്പെടുത്തിയിരിക്കണം. ഇന്ത്യൻ ശിക്ഷാനിയമമനുസരിച്ച് കോടതി ജയിലിലടച്ചവരെ നിരപരാധികളായി പ്രഖ്യാപിക്കാൻ സിപിഐ(എം). ഭരണഘടനയിൽ എഴുതിവെക്കാത്ത ഒരു വകുപ്പുണ്ടെന്ന കാര്യവും ഈ ലേഖകന് ഇപ്പോൾ വ്യക്തമായി. (ഇന്ത്യൻ ശിക്ഷാനിയമമനുസരിച്ച് കൊലക്കേസിൽ ലഭ്യമായ തെളിവുകൾ മറച്ചുവെക്കുന്നതും കോടതിയിൽ ഹാജരാക്കാതിരിക്കുന്നതും കുറ്റമാണ് എന്നത് കാരാട്ടിനും പാർട്ടിക്കും അറിവുണ്ടാകണം.)

ചന്ദ്രശേഖരൻ വധക്കേസിൽ കോടതി ശിക്ഷിച്ചവരെ മാത്രമല്ല രണ്ടു ജില്ലയിലെയും പാർട്ടിയെ ഏകോപിപ്പിച്ച് ചന്ദ്രശേഖരൻ വധം ഉറപ്പാക്കിയ ഉന്നത ഗൂഢാലോചനക്കാരെ കണ്ടെത്താൻ കെ.കെ.രമ സിബിഐ. അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. ഒട്ടും വൈകാതെ വിശ്വസനീയമായ നിലയിൽ ആ അന്വേഷണം ഉറപ്പുവരുത്താൻ മുഖ്യമന്ത്രിക്ക് കത്തെഴുതി നടപടികൾ ത്വരിതപ്പെടുത്തിയത് പ്രതിപക്ഷനേതാവുകൂടിയായ വി എസ്സാണ്. കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രൻ എന്ന കടുത്ത സിപിഐ(എം). വിരോധി പറഞ്ഞിരുന്നതുപോലെ വൻ സ്രാവുകളെ പിടികൂടണമെന്ന്.

വി എസ്സിന്റെ ഈ ആവശ്യം പാർട്ടി നിലപാടല്ലെന്ന് കാരാട്ട് പ്രസ്താവിച്ചിരുന്നു. കേരളരക്ഷായാത്രയിൽ വി എസ്സിന്റെ നിലപാട് പിണറായി ആവർത്തിച്ചു തള്ളിപ്പറഞ്ഞതുമാണ്. ഇപ്പോൾ കാരാട്ടിന്റെയും വി എസ്സിന്റെയും പിണറായി വിജയന്റെയും നിലപാടുകൾ ഒന്നായി തീർന്നു. മൂവരും പ്രത്യേകം പ്രത്യേകം നടത്തുന്ന പ്രതികരണങ്ങൾ അതു വ്യക്തമാക്കുന്നു. വി എസ്സിനു ചുറ്റും പാർട്ടി സംരക്ഷണം നല്കുമെന്നും പിണറായി പ്രഖ്യാപിച്ചിട്ടുണ്ട്. ടി.പി. ക്കു വളഞ്ഞുവച്ചു നല്കിയ സംരക്ഷപോലെ അത് ആകില്ലെന്നു പ്രതീക്ഷിക്കാം.

മനുഷ്യരാണ് അവരുടെ ചരിത്രം രചിക്കുന്നത്. പക്ഷേ, അവർ ആഗ്രഹിക്കുംപോലെയല്ല അതെന്ന് മാർക്‌സ് പറയുന്നുണ്ട്. സ്വയം തിരഞ്ഞെടുക്കുന്ന സാഹചര്യങ്ങൾവച്ചല്ല നിലവിൽ നിലനില്ക്കുന്ന സാഹചര്യങ്ങളിൽനിന്നാണത്. ഈ ചരിത്രവസ്തുത മാർക്‌സിസത്തിൽ വിശ്വസിക്കുന്ന കാരാട്ടും വി എസ്സും പിണറായിയും ആവേശതള്ളിച്ചയിൽ മറന്നുകൂടാത്തതാണ്.

വി എസ്. മുഖ്യമന്ത്രിയും കോടിയേരി ബാലകൃഷ്ണൻ ആഭ്യന്തരമന്ത്രിയുമായിരിക്കുമ്പോഴാണ് 2009-ൽ ടി.പി. ചന്ദ്രശേഖരനെ വധിക്കാൻ ഗൂഢാലോചന നടന്നതായും ക്രിമിനൽ സംഘം കണ്ണൂരിൽനിന്ന് അതിർത്തികടന്ന് വരുന്നതായും പൊലീസ് ഇന്റലിജന്റ് വിഭാഗം നിരന്തരം റിപ്പോർട്ടുചെയ്തത്. ഇന്റലിജന്റ് മേധാവി, ഡി.ജി.പി., ആഭ്യന്തരമന്ത്രി എന്നിവർക്കൊക്കെ ഈ അറിയിപ്പ് ലഭിച്ചിരുന്നു. സിപിഐ(എം)കാരാണ് ഇതിനു പിന്നിലെന്ന് അറിയിച്ചിരുന്നു. പാർട്ടി നയമല്ലാത്ത ഈ തീരുമാനം അറിഞ്ഞിട്ടും പാർട്ടിക്കാരനായ ആഭ്യന്തരമന്ത്രി എന്തുചെയ്തു? ഭരണത്തലവനായ മുഖ്യമന്ത്രി എന്തുകൊണ്ട് അറിയാതെ പോയി?

2011 മെയിൽ അധികാരത്തിൽ വന്ന യു.ഡി.എഫ്. ഗവൺമെന്റാണ് ടി.പി. വധത്തിന്റെ ഉത്തരവാദി എന്നാണ് ഇപ്പോൾ വി എസ്. കുറ്റപ്പെടുത്തുന്നത്. കൊല നടത്തിച്ചതു പാർട്ടിക്കാരും അവരുടെ ഉപകരണങ്ങളായ കൊലയാളികളും ആണെന്ന് അരിയാഹാരം കഴിക്കുന്നവരും കോടതിതന്നെയും ഇപ്പോൾ അംഗീകരിച്ചുകഴിഞ്ഞു. പക്ഷേ വി എസ്. അവരെ കുറ്റത്തിൽനിന്ന് ഒഴിവാക്കുന്നു. ധീരനായ കമ്യൂണിസ്റ്റിന്റെ രക്തസാക്ഷിത്വത്തിൽ വിപ്ലവകാരിയായ വി എസ്സിന്റെ ചുവടുമാറ്റം.

നാസി കോൺസെൻട്രേഷൻ ക്യാമ്പിലെ ഒരനുഭവം കേട്ടത് ഇപ്പോൾ ഓർമവരുന്നു. എൺപതുകഴിഞ്ഞ ഒരു വയോധികനെ മർദിച്ചവശനാക്കി കയ്യും കാലും കെട്ടി കൊണ്ടുവന്നു. മറ്റു തടവുകാരിൽനിന്ന് ഒരു മുപ്പതുകാരനെ നാസി ഉദ്യോഗസ്ഥർ മുന്നിലേക്കുനിർത്തി. വയോധികനെ ജീവനോടെ കുഴിച്ചുമൂടാൻ ആജ്ഞാപിച്ചു. ജീവനോടെ ഒരു മനുഷ്യനെ കുഴിച്ചുമൂടാൻ കൂട്ടുനില്ക്കില്ലെന്ന് യുവാവു പറഞ്ഞു. താനൊരു കമ്യൂണിസ്റ്റാണെന്നും.

വയോധികനും കമ്യൂണിസ്റ്റാണെന്ന് നാസികൾ പറഞ്ഞു. എന്നിട്ടും വഴങ്ങാതെ വന്നപ്പോൾ ആ ചെറുപ്പക്കാരന്റെ കയ്യും കാലും ബന്ധിച്ച് അതിക്രൂരമായി മാർദ്ദിച്ചു. ജീവച്ഛവമാകുംവരെ. എന്നിട്ടും അയാൾ വഴങ്ങിയില്ല.

വയോധികനെ ബന്ധനത്തിൽനിന്ന് മോചിപ്പിച്ചു. മരിക്കാറായ ചെറുപ്പക്കാരനുവേണ്ടി കുഴിതോണ്ടാൻ നാസികൾ അയാളോട് ആവശ്യപ്പെട്ടു. ഒരുവിധം എഴുന്നേറ്റ് മെല്ലെ മെല്ലെ അയാൾ ചെറുപ്പക്കാരനു ശവക്കുഴി വെട്ടിത്തുടങ്ങി....

അപചയത്തിന്റെ അടയാളങ്ങൾ:
പാലക്കാട് മുതൽ ഒഞ്ചിയം വരെ (ലേഖനങ്ങൾ)
അപ്പുക്കുട്ടൻ വള്ളിക്കുന്ന്
മാതൃഭൂമി ബുക്‌സ് - 2014
വില:160 രൂപ