വിഖ്യാത റഷ്യൻ ചിത്രകാരൻ നിക്കൊലായ് റോറിച്ച് ഹിമാലയത്തിന്റെ മാന്ത്രിക ലാവണ്യത്തിൽ മയങ്ങി വരച്ച ചിത്രങ്ങൾ പിന്തുടർന്ന് പ്രശസ്ത ഫോട്ടോഗ്രാഫറായ അശോക് ദിൽവാലി തയ്യാറാക്കിയ ഒരു യാത്രാഭൂപടമുണ്ട്. പാശ്ചാത്യ ചിത്രകലയിലെ നിരവധി ക്ലാസിക് ചിത്രങ്ങളിൽനിന്ന് അതുല്യമായ ഒരു ചലച്ചിത്രപാഠം സൃഷ്ടിച്ച അകിരാ കുറൊസോവയുടെ 'ദ ഡ്രീംസ്' ഓർമ്മയിലെത്തിക്കും, റോറിച്ചിന്റെയും ദിൽവാലിയുടെയും ഈ അതിഗംഭീരമായ ഹിമാലയൻ ദൃശ്യങ്ങളുടെ പെയിന്റിങ്-ഫോട്ടോ ആൽബം. യാത്രയ്ക്കും കാഴ്ചയ്ക്കുമപ്പുറം, പ്രകൃതിക്ക് പുനഃസൃഷ്ടി നൽകുന്ന ചിത്രകലയെ പിന്തുടരുന്ന കാമറയുടെ കാവ്യകല. ഈ ആൽബത്തിനെഴുതിയ ആമുഖത്തിൽ പ്രശസ്ത കലാചരിത്രകാരിയും നിരൂപകയുമായ അൽക്കാ പാണ്ഡെ, സത്യത്തിന്റെ സാക്ഷാത്കാരത്തിൽ വാക്കുകളെക്കാൾ ചിത്രത്തിനുള്ള സാധ്യതകൾ ചൂണ്ടിക്കാണിച്ചുകൊണ്ട് റോറിച്ചിന്റെ രചനകളെക്കുറിച്ച് രവീന്ദ്രനാഥ ടാഗോർ എഴുതിയ നിരീക്ഷണത്തിൽ നിന്നൊരുഭാഗം ഉദ്ധരിക്കുന്നുണ്ട്. വാക്കും ചിത്രവും തമ്മിലാണ് ടാഗോർ താരതമ്യം ചെയ്യുന്നത്. ഫോട്ടോഗ്രഫി, സിനിമ എന്നിവ അദ്ദേഹത്തിന്റെ ചർച്ചയിൽ വരുന്നില്ല. സാഹിത്യം ദൃശ്യകലയിൽനിന്നു നേരിടുന്ന മാധ്യമപരവും അനുഭൂതിപരവുമായ വെല്ലുവിളികളെക്കുറിച്ച് ടാഗോറിനു മുൻപ് ടോൾസ്റ്റോയി ചിന്തിച്ചിരുന്നു. കഴിഞ്ഞ ശതകത്തിന്റെ ഒന്നാം ദശകത്തിൽ തന്നെ, നോവൽ ഉൾപ്പെടെയുള്ള സാഹിത്യരൂപങ്ങളെ കൊടുങ്കാറ്റിന്റെ വേഗത്തിൽ കടപുഴക്കാൻ സിനിമക്കുള്ള കഴിവിനെപ്പറ്റി അദ്ദേഹം എഴുതുന്നുണ്ട്. ടോൾസ്റ്റോയിയും ടാഗോറും ഒരുപോലെ ചൂണ്ടിക്കാണിക്കുന്നത് ദൃശ്യമാധ്യമങ്ങളും ദൃശ്യഭാവുകത്വവും പ്രചാരം നേടുന്നതോടെ വാക്കിനും എഴുത്തിനും വായനക്കും സംഭവിക്കുന്ന ഭാവുകത്വപരമായ പരിമിതികളെയാണ്. സിനിമയിൽനിന്നുള്ള  വലിയ കുതിപ്പായി മാറിയ ടെലിവിഷനാകട്ടെ, മേല്പറഞ്ഞ മുഴുവൻ മാധ്യമ, രൂപ, പദ്ധതികളെയും മറികടന്ന് പിൽക്കാലത്ത് സൃഷ്ടിച്ച ഭൂഭാഗങ്ങളുടെയും ജൈവികവും അജൈവികവുമായ പ്രകൃതിയുടെയും ദൃശ്യസാക്ഷാത്കാരങ്ങൾ യാഥാർഥ്യങ്ങളെയും ഭാവനയെയും കുറിച്ചുള്ള മുഴുവൻ അതിർവരമ്പുകളും മായ്ചു കളയുകയും ചെയ്തു.

         

പിക്ടോറിയൽ റിയലിസത്തിന്റെ അസാധ്യലോകങ്ങൾ സ്ഥലകേന്ദ്രിതമായി സാക്ഷാത്കരിക്കുന്ന അഞ്ചു മാധ്യമങ്ങളുടെ (വാക്ക്, ചിത്രം, ഫോട്ടോഗ്രഫി, സിനിമ, ടെലിവിഷൻ) താരതമ്യം നിശ്ചയമായും ഭിന്നങ്ങളായ നിലപാടുകളിലും കാഴ്ചപ്പാടുകളിലും രൂപപ്പെടുത്താൻ നമുക്കു കഴിയും. അടിസ്ഥാനപരമായി, യാത്രകളും സ്ഥലങ്ങളും കാഴ്ചകളും അനുഭവങ്ങളും ചേർന്നു സൃഷ്ടിക്കുന്ന അനുഭൂതികളുടെ ഭാവലോകാവിഷ്‌ക്കാരങ്ങളായെഴുതപ്പെടുന്ന വാങ്മയങ്ങൾ മാത്രമേ മലയാളത്തിൽ പ്രചാരത്തിലുള്ളു. മറ്റ് നാല് മാധ്യമങ്ങളിലും ശ്രദ്ധേയമായ ഒരു കേരളീയ/മലയാള പരീക്ഷണം ഇന്നോളമുണ്ടായിട്ടില്ല. മാധവമേനോന്റെയും രാമചന്ദ്രന്റെയും  ചില ചിത്രങ്ങളും ഡോക്യുമെന്ററി സ്വഭാവത്തിലുള്ള ഒരു പ്രശസ്ത ടെലിവിഷൻ പരിപാടിയും മറന്നുകൊണ്ടല്ല ഇതു പറയുന്നത്.

          യാത്രാവിവരണ/സഞ്ചാരസാഹിത്യത്തിന്റെ കലയിൽ മലയാളത്തിൽ ഏറ്റവും കൗതുകകരമായ വഴിമാറിനടപ്പുണ്ടായത് രവീന്ദ്രനിൽനിന്നാണ്. എന്തായിരുന്നു രവീന്ദ്രൻ സൃഷ്ടിച്ച മാറ്റം? യാത്രക്കു തെരഞ്ഞെടുത്ത തികച്ചും അസാധാരണമായ സ്ഥലങ്ങൾ, സഞ്ചാരത്തെ അപരരുടെ ജീവിതവും അനുഭവവുമായി പുനരാവിഷ്‌ക്കരിച്ച ശൈലികൾ; കാവ്യാത്മകമായ ഭാഷണകലയിലേക്ക് ആത്മനിഷ്ഠവും സാമൂഹ്യബദ്ധവുമായി യാത്രകളെ വിവർത്തനം ചെയ്ത രീതികൾ എന്നിവയാണ് അവയിൽ പ്രധാനം. ആത്മരതി നിറഞ്ഞ ക്ഷുദ്രവിവരണങ്ങളിലേക്ക് അവനവനെത്തന്നെ പ്രതിഷ്ഠിക്കുന്ന അല്പത്തങ്ങളായി രവീന്ദ്രന്റെ പിൻഗാമികളായി നടിക്കുന്ന ചിലർ രംഗത്തുവന്നതാണ് അച്ചടി-ദൃശ്യ മാധ്യമങ്ങളിൽ ഒരുപോലെ ഈ കലാരൂപത്തെ അപഹാസ്യമാക്കി മാറ്റിയത്. ഒരു പരിധിയോളം രവീന്ദ്രന്റെതന്നെ ടെലിവിഷൻ പരിപാടിയും അതിന്റെ എല്ലാ ചാരുതയും കളഞ്ഞുകുളിക്കുകയുണ്ടായി.

         

എസ്.കെ. പൊറ്റക്കാടിനു മുൻപും മലയാളത്തിൽ യാത്രാവിവരണങ്ങൾ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. എങ്കിലും പൊറ്റക്കാടാണ് അതിനൊരു സാഹിതീയപദവിയും ഭാവുകത്വവ്യവസ്ഥയും കൈവരുത്തിയത്. അദ്ദേഹത്തിനുശേഷമുണ്ടായ യാത്രാവിവരണഭാവനയിലെ ശ്രദ്ധേയമായ വഴിത്തിരിവ് രവീന്ദ്രന്റേതാണ് എന്നു സൂചിപ്പിച്ചു. പ്രാഥമികമായും അനുഭവകേന്ദ്രിതവും ഭാവാത്മകവുമായിരുന്നു പൊറ്റക്കാടിന്റെ യാത്രാഖ്യാനങ്ങളെങ്കിൽ ഒരേസമയംതന്നെ സാമൂഹ്യനിഷ്ഠവും രാഷ്ട്രീയബദ്ധവും കാവ്യാത്മകവുമായിരുന്നു രവീന്ദ്രന്റെ രചനകൾ. രവീന്ദ്രനുശേഷം ഈ രംഗത്തുണ്ടായ ജനപ്രിയമായ പ്രവണതകളിലൊന്ന് മുഖ്യമായും എം.കെ. രാമചന്ദ്രൻ തുടക്കമിട്ട ഹിമാലയൻ യാത്രാപര്യടനങ്ങളുടെ തീർത്ഥാടന സ്വഭാവമാണ്. ആത്മീയയാത്രകളുടെ ആഖ്യാനഭൂപടങ്ങളായി നവ-വിപണി ഹൈന്ദവതയുടെ നിരവധി വാങ്മയചിത്രങ്ങൾ രചിക്കപ്പെട്ടു. മേല്പറഞ്ഞ മൂന്ന് സഞ്ചാരസാഹിത്യധാരകളിലും നിന്ന് ഭിന്നമായ ചില രചനകൾ ഒറ്റക്കും തെറ്റക്കും രൂപംകൊണ്ടിട്ടുണ്ടെങ്കിലും ടെലിവിഷൻകാലത്ത് അവയുടെ സ്വഭാവം അടിസ്ഥാനപരമായി മാറിവന്നുവെന്നതാണ് യാഥാർഥ്യം. കാമറയുടെയും കണ്ണിന്റെയും കലയെന്ന നിലയിൽ ചിത്രവും ഫോട്ടോഗ്രഫിയും സിനിമയും ടെലിവിഷനും സൃഷ്ടിക്കുന്ന സാധ്യതകളിലേക്ക് യാത്രാസാഹിത്യത്തിന് കടന്നുചെല്ലാൻ കഴിയുന്നുണ്ടോ? കാഴ്ചക്കപ്പുറത്തേക്ക്, ടാഗോർ പറഞ്ഞതുപോലെ യാഥാർഥ്യത്തിന്റെ/സത്യത്തിന്റെ ഭിന്നലോകങ്ങൾ ആദേശം ചെയ്യാൻ വാക്കുകൾക്കു ശേഷിയുണ്ടോ? സഞ്ചാരസാഹിത്യം സാങ്കേതികവും മാധ്യമപരവും ഭാവുകത്വപരവുമായി പുതിയ കാലത്ത് നിർവഹിക്കുന്ന ധർമ്മമെന്താണ്?.... ചോദ്യങ്ങൾ നിരവധിയാണ്. നന്ദിനി മേനോന്റെ 'ആംചൊ ബസ്തർ' എന്ന പുസ്തകത്തിന്റെ വായന മേല്പറഞ്ഞ ആലോചനകളുടെ പശ്ചാത്തലത്തിലാണ് ഇവിടെ നടത്തുന്നത്. സ്ഥലപരവും ആഖ്യാനപരവുമായി രവീന്ദ്രനെ പിൻപറ്റുമ്പോൾതന്നെ തികച്ചും മൗലികവും ശ്രദ്ധേയവുമായ യാത്രാനുഭവങ്ങളുടെ രചന നിർവഹിക്കുന്ന നന്ദിനിയുടെ രണ്ടാമത്തെ സഞ്ചാരസാഹിത്യ കൃതിയാണിത്. മൂന്നുവർഷത്തോളം നിരന്തരം ഇന്ത്യയിലെ ഏറ്റവും വലിയ ആദിവാസിമേഖലയായ ബസ്തറിൽ തലങ്ങും വിലങ്ങും നടത്തിയ യാത്രകളുടെയും അവ നൽകിയ അസാധാരണമായ അനുഭവങ്ങളുടെയും ആവിഷ്‌ക്കാരമെന്ന നിലയിൽ ഈ പുസ്തകത്തിനുള്ള ആധികാരികതയും വ്യത്യസ്തതയും ചെറുതല്ല.

നാല് ഭൂമികകളിലാണ് ബസ്തറിന്റെ ഭൂതവും വർത്തമാനവും മിത്തുകളും ചരിത്രങ്ങളും ഭൂമിശാസ്ത്രവും പ്രകൃതിശാസ്ത്രവും സാമൂഹ്യശാസ്ത്രവും നരവംശശാസ്ത്രവും സ്ഥലവും കാലവും ഭാഷകളും രാഷ്ട്രീയവും മറ്റും മറ്റുമടങ്ങുന്ന സാംസ്‌കാരിക ജീവിതം നന്ദിനി ആഖ്യാനം ചെയ്യുന്നത്. ഒന്ന്, ഇതിഹാസപുരാണങ്ങളിൽ ദണ്ഡകാരണ്യം എന്ന പേരിലറിയപ്പെടുന്ന പ്രദേശത്തിന്റെയും അതിന്റെ പിൽക്കാല വിശ്വാസവ്യാപനങ്ങളുടെയും മിത്തിക്കൽ ഭൂമികയിൽ നിന്ന്. രണ്ട്, ആന്ധ്രപ്രദേശിലും ഉത്തരേന്ത്യയിലും വടക്കുകിഴക്കൻ ഇന്ത്യയിലും നിന്ന് ഏതാണ്ടൊരു സഹസ്രാബ്ദക്കാലത്തുണ്ടായ പടയോട്ടങ്ങളുടെയും അധിനിവേശങ്ങളുടെയും ചരിത്രഭൂമികയിൽനിന്ന്. മൂന്ന്, ഇന്ത്യയിലെ ഏറ്റവും വലിയ ആദിവാസിമേഖലയെന്ന നിലയിൽ നാഗരികതയുടെയും ഭരണകൂടപദ്ധതികളുടെയും വിന്യാസം ഏറ്റവും കുറഞ്ഞ, എണ്ണിയാലൊടുങ്ങാത്ത ഗോത്രങ്ങളുടെ ആവാസഭൂമികയെന്ന നിലയിൽ. നാല്, സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ഏറ്റവും രക്തരൂഷിതവും ഹിംസാത്മകവുമായ തീവ്ര ഇടതുരാഷ്ട്രീയത്തിന്റെ കളിത്തൊട്ടിലുകളായി രൂപംകൊണ്ട നക്‌സൽബാരിക്കും തെലുങ്കാനക്കും ശേഷം, ഏതാണ്ട് അരഡസനിലധികം സംസ്ഥാനങ്ങളിലെ നൂറോളം ജില്ലകളിൽ, വിശേഷിച്ചും ആദിവാസി, ഗ്രാമീണ മേഖലകളിൽ, സുശക്തവും സായുധവുമായ കലാപങ്ങൾക്കും പ്രതിരോധങ്ങൾക്കും നേതൃത്വം നൽകുന്ന മാവോയിസ്റ്റ് മുന്നേറ്റത്തിന്റെ ഹൃദയഭൂമിക എന്ന നിലയിൽ. ദേശരാഷ്ട്ര വിരുദ്ധതയുടെയും വർഗോന്മൂലനവാദത്തിന്റെയും 'ചുവന്ന ഇടനാഴി' (Red corridor) എന്നാണ് ഇന്ത്യൻ ഭരണകൂടം ഈ മേഖലയെ വിളിക്കുന്നത്.

          മേല്പറഞ്ഞ നാല് ഭൂമികകളും ഒന്നിനൊന്നു പൂരിപ്പിച്ചും പൂർത്തീകരിച്ചും ഊടും പാവും നെയ്യുന്ന ആറധ്യായങ്ങളാണ് 'ആംചൊ ബസ്തറി'ന്റെ മുഖ്യ ഉള്ളടക്കം. ഇവയ്ക്കു പുറമെ ബസ്തറിന്റെ ഭൂമിശാസ്ത്രവും ചരിത്രവും സൂചിപ്പിക്കുന്ന ഒരാമുഖവും പീപ്പ്ൾസ് വാർഗ്രൂപ്പ് എന്ന ഏറ്റവും ശക്തമായ ഇടതുതീവ്രവാദപ്രസ്ഥാനത്തിന്റെ കമാൻഡറുമായി നടത്തിയ ഒരഭിമുഖവും ഈ പുസ്തകത്തിലുണ്ട്.

ആമുഖത്തിൽ നന്ദിനി പറയുന്നു:

''ഇന്ത്യയിലെ ഏറ്റവും വലുതും അതിപുരാതനവുമായ ആദിവാസിമേഖലയാണ് ഏഴു ജില്ലകൾ ഒന്നിച്ചുചേരുന്ന ബസ്തർ ഡിവിഷൻ. അവിഭക്ത മദ്ധ്യപ്രദേശിലായിരുന്ന ഈ സ്ഥലം 2000 ലെ വിഭജനത്തെ തുടർന്ന് ഛത്തിസ്ഗഢിന്റെ ഭാഗമായി. ബസ്തർ, ദന്തേവാദ, കൊണ്ടേഗാവ്, നാരായൺപൂർ, കാംകേർ, സുക്മ, ബിജാപൂർ തുടങ്ങിയവയാണ് ബസ്തർ ഡിവിഷനായി മാറിയത്. ഒഡിഷ, മഹാരാഷ്ട്ര, തെലുങ്കാന, ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളുമായി ബസ്തർ അതിർത്തി പങ്കിടുന്നു. ബസ്തർ ഡിവിഷനിലെ ഓരോ ജില്ലയും ഐതിഹാസികമായും നരവംശശാസ്ത്രപരമായും ഭൂമിശാസ്ത്രപരമായും രാഷ്ട്രീയപരമായും ഏറെ സവിശേഷതകളും പ്രാധാന്യവും അവകാശപ്പെടുന്നു.

         

39,117 സ്‌ക്വയർ കിലോമീറ്റർ വിസ്തീർണ്ണമുള്ള ബസ്തർ ഡിവിഷൻ, കേരള സംസ്ഥാനത്തെക്കാൾ, ബെൽജിയം, ഇസ്രയേൽ തുടങ്ങിയ രാജ്യങ്ങളെക്കാൾ, വലുതാണ്. ഇന്ദ്രാവതി, ശബരി, ശംഖിനി, ദൂധ് നദി, സെന്ദൂർ നദി തുടങ്ങിയ നിരവധി നദികളും ചിത്രകൂട്, തീർത്ഥഗഢ്, ചിത്രധാര, ബീജാകാസ തുടങ്ങിയ നിരവധി വെള്ളച്ചാട്ടങ്ങളും കുടുംസോർ, കൈലാശ് തുടങ്ങിയ പ്രകൃതിദത്ത ചുണ്ണാമ്പുകല്ലുഗുഹകളും ഇന്ദ്രാവതി, കാംഗർവാലി തുടങ്ങിയ നാഷണൽ പാർക്കുകളുമടങ്ങിയ ഈ പ്രദേശം അതിവിചിത്രവും വൈവിദ്ധ്യപൂർണ്ണവുമായ ആവാസവ്യവസ്ഥയെ അടയാളപ്പെടുത്തുന്നു.

          ഗോണ്ട്, മാഡിയ, മുരിയ, ബത്ര, ഹൽബ, ധ്രുവ തുടങ്ങി എണ്ണിത്തീരാത്തത്രയും പ്രാചീന ഗോത്രങ്ങളും അത്രതന്നെ ഭാഷാവൈവിദ്ധ്യവും ജീവിതഭക്ഷണവസ്ത്രധാരണ പാർപ്പിട ശൈലികളുമുണ്ട് ഇവിടെ 'ബസ്തറിന്റെ ചരിത്രം അതിന്റെ ഭൂമിശാസ്ത്രമാണ്' എന്നു പറയാറുണ്ട്. പതിനായിരം വർഷങ്ങൾക്കു മുമ്പേയുള്ള സസ്യജാലങ്ങൾ അതേപടി ഈ കാനനം കാത്തുസൂക്ഷിക്കുന്നു എന്നാണർത്ഥം. ഏറ്റവും പഴക്കമേറിയ ഗോത്രജീവിതചിഹ്നങ്ങൾ, പ്രതീകങ്ങൾ ഇന്നും നമുക്കിവിടെ കാണാം.

         

ബസ്തർ ഡിവിഷൻ ഇന്ത്യൻ ഭൂപടത്തിൽ ചോരച്ചുവപ്പിൽ ആഴത്തിൽ അടയാളപ്പെട്ട 'ചുവന്ന ഇടനാഴി' അഥവാ 'റെഡ് കോറിഡോർ' ആണ്. കലാപഭൂമി എന്ന നിലയിൽ വികസനവഴികൾ അടഞ്ഞ് ഏകദേശം അരനൂറ്റാണ്ടായി ഒറ്റപ്പെട്ടു കിടക്കുന്ന ഇവിടേക്ക്, സ്വാതന്ത്ര്യാനന്തരം രാജ്യത്തിന്റെ ശ്രദ്ധ ആദ്യം തിരിഞ്ഞത് 1958-ൽ ബംഗ്ലാദേശ് അഭയാർത്ഥികളെ പുനരധിവസിപ്പിക്കുമ്പോഴാണ്. പിന്നീട് ബല്ലാഡില മലനിരകളിലെ കനത്ത ഇരുമ്പയിർനിക്ഷേപം വെളിപ്പെട്ടപ്പോഴും.

         

നാരായൺപൂർ, ബിജാപൂർ ജില്ലകളുടെ കുറെ ഭാഗങ്ങൾ ഉൾപ്പെട്ട അതി(കു)പ്രശസ്തമായ അബുജ്മാറാണ് ഇന്നും ഇന്ത്യൻ സർക്കാരിന് വെല്ലുവിളിയുയർത്തിനിൽക്കുന്നയിടം. അബൂജ്മാർ എന്നാൽ 'അറിയാമലകളുടെ നാട്' എന്ന് ഗോണ്ടി ഭാഷ പറയുന്നു. അതിഘോരവനപ്രദേശമായ ഈയിടം എന്നും ലോകത്തിനു മുഖംതിരിച്ചു നിന്നു. 1980 മുതൽ മറ്റു ഭാരതീയർക്ക് അബുജ്മാറിലേക്കു പ്രവേശിക്കാനുള്ള അനുമതി മദ്ധ്യപ്രദേശ് സർക്കാർ തടഞ്ഞിരുന്നു. എന്നാൽ ചില നിബന്ധനകൾക്കു വിധേയമായി പെർമിറ്റോടെ ഇവിടേക്കു വരാമെന്നൊരു ഭേദഗതി 2006-ൽ പാസാക്കി. 2009-ൽ ഈ പെർമിറ്റും ആവശ്യമില്ലാതായി.

         

പക്ഷേ, ഇതെല്ലാം സർക്കാർരേഖകളിൽ മാത്രം ഒതുങ്ങിനിന്നു. ഇന്നും നമുക്ക് അബുജ്മാറിലേക്കു പ്രവേശിക്കാനാവില്ല. 'സ്വതന്ത്രമാക്കപ്പെട്ട ഭൂഭാഗം' എന്ന് വിപ്ലവപ്രസ്ഥാനം അവകാശപ്പെടുന്ന ഇവിടേക്ക് പ്രവേശിക്കുവാൻ വഴികളോ പാലങ്ങൾ ഇല്ല. ഇന്ദ്രാവതിയുടെ ഒഴുക്ക് ഈ പ്രദേശത്തെ ലോകത്തുനിന്നുതന്നെ വേർപെടുത്തി ഒറ്റപ്പെടുത്തിയിരിക്കുന്നു എന്നു പറയാം. 1873-ൽ ബ്രിട്ടീഷുകാർ നടത്തിയ ഭൂസർവേയിൽ അബുജ്മാർ ഉൾപ്പെട്ടിരുന്നെങ്കിലും, ഈ കൊടുങ്കാട് ഒരിക്കലും സർക്കാർരേഖകളിൽ തെളിഞ്ഞിരുന്നില്ല. വിപ്ലവപ്രസ്ഥാനങ്ങൾക്ക് തമ്പടിക്കുവാൻ ഏറ്റവും പക്വമായ മണ്ണായി ഇതു മാറാനുള്ള കാരണവും വേറൊന്നല്ല.

          ആദ്യ സർവേ നടന്നതിന് 132 വർഷങ്ങൾക്കുശേഷം 2005-ൽ 55 മില്യൺ ചെലവാക്കി ഛത്തിസ്ഗഢ് സർക്കാർ ഒരു ആകാശസർവേ ഇവിടെ നടത്തുകയുണ്ടായി. സ്വതന്ത്ര ഇന്ത്യയുടെ ഏകദേശം മദ്ധ്യത്തിലായി കിടക്കുന്ന അബുജ്മാറിൽ 2016ലാണ് ആദ്യമായി ഒരു ഗ്രാമം വൈദ്യുതീകരിക്കപ്പെടുന്നത് എന്നറിയുക. ഛോട്ടെ ഡോംഗർ എന്ന ഗ്രാമത്തിനാണ് ഈ ഐതിഹാസിക നേട്ടമുണ്ടായത്. തുടർന്ന് 2017-ൽ ആണിവിടെ രണ്ടാമതൊരു ഭൂസർവേ നടക്കുന്നത്.

         

രാമായണത്തിലും മഹാഭാരതത്തിലും പറയുന്ന ദണ്ഡകാരണ്യമാണിത്. ദണ്ഡകൻ എന്ന കാട്ടുരാജാവിന്റെ സ്വന്തം സാമ്രാജ്യം. സപ്തർഷികളുടെയും മറ്റു സന്ന്യാസശ്രേഷ്ഠരുടെയും കാനനം. ജടായുവിന്റെ ആരണ്യം. രാമന്റെ ഗോദാവരീതീരത്തേക്കുള്ള വനഗമനപഥവും ഇതിലൂടെത്തന്നെ. രാമായണത്തിലെ പല സന്ദർഭങ്ങളുമായും ബസ്തർ കൂടിച്ചേർന്നുകിടക്കുന്നു.

          അരനൂറ്റാണ്ടുകാലമായി വിപ്ലവപ്രസ്ഥാനങ്ങളുടെ സജീവ കർമ്മഭൂമിയായ ബസ്തർ ഡിവിഷൻ, പീപ്പിൾസ് ലിബറേഷൻ ഗറില്ല ആർമി, ജനത സർക്കാർ, കാൽ വിദ്യാലയ്, സ്‌പെഷൽ പൊലീസ് ഓഫീസേഴ്‌സ്, ഓപറേഷൻ ഗ്രീൻ ഹണ്ട്, സൽവ ജുഡും തുടങ്ങിയ തലക്കെട്ടുകളിൽ എന്നും വർത്തമാനപത്രങ്ങളിൽ നിറഞ്ഞുനിൽക്കുന്നു. നൂറുകണക്കിനു സുരക്ഷാസേനാ ക്യാമ്പുകളാൽ വളയപ്പെട്ടിരിക്കുന്നു.

         

സംരക്ഷിക്കാനും ഉദ്ധരിക്കാനും വെമ്പുന്നവർക്കിടയിൽപ്പെട്ട് വഴിമുട്ടി, മൊഴിമുട്ടി നിൽക്കുന്നവർക്കിടയിലൂടെ മൂന്നു വർഷത്തിലധികമായി ഞാൻ നടത്തിയ യാത്രകളാണ് ആംചൊ ബസ്തർ. ഇതെന്റെ യാത്രാനുഭവങ്ങൾ മാത്രമാണ്. ഗവേഷണമോ പഠനമോ ഒന്നുമല്ല. ഞാൻ തിരഞ്ഞെടുത്ത സ്ഥലങ്ങളും വഴികളും മനുഷ്യരും എല്ലാം എന്റെ താത്പര്യത്തിനാണ്. പക്ഷേ, കാഴ്ചകളിലും അനുഭവങ്ങളിലും എനിക്കൊരു മുൻനിശ്ചയവും ധാരണയും ഇല്ലായിരുന്നുതാനും.

ഏതെങ്കിലും തരത്തിലുള്ള ഒരു രാഷ്ട്രീയാഭിമുഖ്യവും എന്റെ യാത്രകൾക്കില്ല. അതുകൊണ്ടുതന്നെ യാതൊരു വിധത്തിലുള്ള മുൻവിധിയോ പക്ഷപാതമോ കടുംപിടുത്തമോ ന്യായീകരണമോ വിശദീകരണമോ ഈ രചനയിലില്ല. അപരിചിതഭൂമിയിലൂടെ അപരിചിതർക്കൊപ്പം നടക്കുക എന്ന എന്റെ ഇഷ്ടവും കൗതുകവും മാത്രമാണിതിൽ''.

         

തുടർന്ന്, ആറധ്യായങ്ങളിൽ ബസ്തറിന്റെ ഒന്നാന്തരം ഒരു ജൈവഭൂപടം നെയ്തുണ്ടാക്കുകയാണ് ഈ യാത്രിക. വഴികാട്ടികൾക്കൊപ്പം ഏഴു ജില്ലകളിലും മാറിമാറി നടത്തിയ എത്രയെങ്കിലും യാത്രകൾ. കണ്ടുമുട്ടിയ വ്യത്യസ്തരായ മനുഷ്യർ. ഗ്രാമങ്ങൾ. ജനപദങ്ങൾ. പ്രകൃതിവിസ്മയങ്ങൾ. വനഭംഗികൾ. വെള്ളച്ചാട്ടങ്ങൾ. വഴിയും വൈദ്യുതിയും വാഹനങ്ങളും നിരാകരിക്കുന്ന പ്രസ്ഥാനങ്ങൾ. മിത്തുകളിൽനിന്ന് നേരെ വന്നിറങ്ങിയതുപോലുള്ള ആചാരങ്ങൾ. അനന്തവൈവിധ്യമുള്ള ദൈവങ്ങൾ. മന്ത്രവാദങ്ങൾ. നൂറ്റാണ്ടുകളായി മനുഷ്യസ്പർശമേൽക്കാത്ത സ്മാരകാവശിഷ്ടങ്ങൾ. അവിശ്വസനീയമായ ആത്മബലികളുടെയും ഗോത്രാഭിമാനത്തിന്റെയും ചരിതങ്ങളുറങ്ങുന്ന ദേശങ്ങൾ. തകർന്ന കൊട്ടാരങ്ങൾ. കോട്ടകൾ. ക്ഷയിച്ച പ്രഭുത്വങ്ങൾ. എണ്ണമറ്റ ഭാഷകൾ. നാഗരികതയുമായുള്ള സംഘർഷങ്ങൾ. ലോകത്തെതന്നെ ഏറ്റവും ദൈർഘ്യമേറിയ ഉത്സവം..... ബസ്തറിന്റെ ചരാചര ജീവിതചിത്രങ്ങൾ സപ്തവർണങ്ങളിൽ ആലേഖനം ചെയ്യുകയാണ് ആംചൊ ബസ്തർ.

ഗംഗുറാം മണ്ടാവിയെത്തേടിയും കണ്ടെത്തിയും മജുംദാർ എന്ന വഴികാട്ടിക്കൊപ്പം നാരായൺപൂരിലെ അവരുടെ ഗ്രാമത്തിൽ നടത്തുന്ന യാത്രകളുടെ അനുഭവങ്ങളാണ് ഒന്നാമധ്യായം. മണ്ടാവിസമുദായത്തിനുള്ള മണ്ടായി എന്ന പൊതുവിടത്തിലും മറ്റു ചില ഗോത്രങ്ങൾക്കുള്ള ഗോട്ടുൽ എന്ന യുവജനവിനോദശാലയിലും ഒത്തുകൂടി പരസ്പരം അറിഞ്ഞും അടുത്തും പ്രണയിച്ചും ജീവിതം കരുപ്പിടിപ്പിക്കുന്ന ഗോത്രയുവാക്കളെക്കുറിച്ചുള്ളതാണ് ഈയധ്യായത്തിലെ ഏറ്റവും ശ്രദ്ധേയമായ വിവരണം. സ്ത്രീപുരുഷസമത്വം, സ്ത്രീസ്വാതന്ത്ര്യം തുടങ്ങിയ വിഷയങ്ങളിൽ ബസ്തറിലെ ആദിവാസി ഗോത്രങ്ങൾ പുലർത്തുന്ന അസാധാരണമായ കാഴ്ചപ്പാടുകൾ നന്ദിനി വിശദീകരിക്കുന്നു. കഥപറച്ചിലിന്റെ കലയാണ് ഈ യാത്രാസാഹിത്യത്തെ വേറിട്ടുനിർത്തുന്ന ഏറ്റവും ശ്രദ്ധേയമായ സ്വഭാവം. വായിക്കൂ:

          ''ആരോ ചവിട്ടിത്തേച്ചതുപോലെ വഴി മഴയത്ത് ഒട്ടിക്കിടന്നു. ഒഴുകിപ്പോയ മഴവെള്ളം തേവിയിട്ട കല്ലുകൾ വഴിനടുവിൽ ചത്തുകിടന്നു. കുറച്ചാഴ്ചകളായി വിടാതെ പെയ്ത മഴയിലേക്കു കൈനീട്ടി പച്ചിലക്കാട് വഴിയുടെ നടുവിൽ കയറിനിന്നു. തീർത്തും വിജനമായ കാട്ടിലൂടെ ബൈക്കിലിരുന്ന് ചാടിയും ഇറങ്ങി ഇരടിനടന്നും യാത്ര നീണ്ടുനീണ്ടു പോയിരുന്നു. നാരായൺപൂരിലെ ഗോട്ടുലിലേക്കാണ് യാത്ര. പക്ഷേ, അവിടെയെത്തുന്നതുവരെയും, ഒഴുകുന്ന ജലംപോലെ തെളിഞ്ഞ ഒരു സാംസ്‌കാരികകേന്ദ്രത്തിലേക്കാണെന്റെ യാത്ര എന്നു ഞാനറിഞ്ഞില്ല, ഗോട്ടുലിനെക്കുറിച്ച് ചെറിയ ധാരണകളുണ്ടായിരുന്നെങ്കിലും.

         

ഗോട്ടുൽ ഗോണ്ട്, മുറിയ (മുഡിയ) ഗോത്രങ്ങളുടെ യുവജന വിനോദശാലയെന്ന് ഒഴുക്കനായി പറയാം. പക്ഷേ, അതിലപ്പുറം അതിന് ഏറെ നീണ്ടുപടർന്ന വേരുകളുമുണ്ട്. ഗ്രാമത്തിന്റെ അതിരുചേർന്ന് മണ്ണിൽത്തീർത്ത പുല്ലുമേഞ്ഞ മനോഹരമായ കുഞ്ഞുകെട്ടിടവും വൃത്തിയായി സൂക്ഷിക്കുന്ന പരന്ന മുറ്റവും മരത്തടികളോ കൽച്ചീളുകളോ കുത്തനെ കുത്തിനിർത്തിയ വേലിയും ചേർന്നതാണ് ഗോട്ടുൽ. ഗ്രാമത്തിലെ കൗമാരക്കാരായ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വിവാഹിതരാവുന്നതുവരെ ആഴ്ചയിലൊരു ദിനം (ചിലയിടങ്ങളിൽ രണ്ട്) ഒന്നിച്ചുകൂടാനുള്ള ഇടം.

         

ഇവിടെ അവർ പരിചയപ്പെടുന്നു, പാട്ടും നൃത്തവും വാദ്യങ്ങളും അലങ്കാരങ്ങളും പാചകവും അഭ്യസിക്കുന്നു, ഒന്നിച്ചുകൂടിയുള്ള കാനനയാത്രകൾ പ്ലാൻ ചെയ്യുന്നു, കൂട്ടുകാരുടെ വിവാഹത്തിനൊപ്പിക്കേണ്ട കുസൃതികൾക്കു പദ്ധതി തയ്യാറാക്കുന്നു, വരനെയും വധുവിനെയും ഒരുക്കുന്നു, പ്രണയിച്ച പെണ്ണിനെയുംകൊണ്ട് കാടു കേറാൻ കൂട്ടുകാരനെ രഹസ്യമായി സഹായിക്കുന്നു, പ്രണയികളെ തേടി കണ്ടുപിടിക്കാൻ വീട്ടുകാരെയും സഹായിക്കുന്നു, രാവെളുക്കുവോളം വാദ്യമേളങ്ങളോടെ മുറ്റം നിറഞ്ഞാടുന്നു, പുതിയ പാട്ടുകൾ കെട്ടിയുണ്ടാക്കുന്നു, പ്രണയിക്കുന്നു, സൗഹൃദങ്ങൾ സാൽമരത്തടിപോലെ കനത്ത് ചിതലെടുക്കാതെ സൂക്ഷിക്കുന്നു...

         

ചുരുക്കത്തിൽ കൗമാരനവയൗവ്വനങ്ങളുടെ പൂക്കാലം, ആർത്തിയും ദുസ്സാമർത്ഥ്യവും അപകർഷതയും അന്ധാളിപ്പും വികലചിന്തകളും ഒളിഞ്ഞു നോട്ടങ്ങളും ഇല്ലാതെ ആടിപ്പാടി ആഘോഷിക്കുന്നു.

          ഗോട്ടുൽ ഓരോ ഗ്രാമത്തിന്റെയും അഭിമാനവും സ്വത്തുമാണ്. ഗ്രാമസഭയിൽ ഗോട്ടുൽ പലപ്പോഴും പരാമർശിക്കപ്പെടാറുണ്ട്. അതുകൊണ്ടുതന്നെ, ഗ്രാമം പ്രത്യേകം തിരഞ്ഞെടുത്ത ഒരു മുതിർന്ന പുരുഷനും സ്ത്രീയും ഗോട്ടുലിലുണ്ടാവും. അവരുടെ തീരുമാനങ്ങൾ അലംഘനീയമായിരിക്കും. ഒരു പെൺകുട്ടിയെയും ഒന്നിനും നിർബ്ബന്ധിക്കുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്യരുത് എന്നത് കല്ലിൽ എഴുതിവെച്ചൊരു നിയമമാണ്. അതേപോലെ സൗഹൃദങ്ങളിൽ, പ്രണയങ്ങളിൽ വിഷം കലർത്തുന്നതരം പ്രവർത്തനങ്ങളോ നീക്കങ്ങളോ അതികർശനമായിത്തന്നെ നിരോധിച്ചിരിക്കുന്നു. നിരസിക്കപ്പെട്ട, ഉപേക്ഷിക്കപ്പെട്ട പ്രണയങ്ങൾ ഒരു രാത്രിയിലെ പാട്ടിലും ആട്ടത്തിലും മഞ്ഞുപോലെ മാഞ്ഞുപോകുന്നു.

          ഗോട്ടുൽരാവുകളിൽ വാതിലില്ലാത്ത അകമുറിയിലും മുൻ ചായ്പിലും ആണും പെണ്ണും ഇടകലർന്നുറങ്ങുന്നു. എന്നാൽ ഓരോ ആഴ്ചയിലും ഇവരുടെ സ്ഥാനം മാറ്റിക്കൊണ്ടേയിരിക്കും. ഈയിടം പരിചയത്തിനും പാരസ്പര്യത്തിനും പ്രണയത്തിനുമുള്ളതാണ്. പ്രകടിതപ്രണയങ്ങൾക്ക് കന്മദമൂറുന്ന പാറപ്പുറങ്ങളും കാറ്റു തോർത്തുന്ന പച്ചിലമെത്തകളും നിലാവു പൂക്കുന്ന പുഴയോരങ്ങളും പ്രണയികൾ കണ്ടുപിടിച്ചുകൊള്ളും. നിരീക്ഷകയായ മുതിർന്ന സ്ത്രീ പെൺകുട്ടികൾക്കു മാത്രമായി രതിസൂക്തങ്ങളും വിദ്യകളും പരമ്പരാഗത കുടുംബാസൂത്രണ മാർഗ്ഗങ്ങളും ഉപദേശിച്ചുകൊടുക്കും.

ഗോട്ടുലിലേക്ക് ആദ്യമായി പ്രവേശനം ലഭിക്കുന്നത് ഓരോ ഗോത്രജനും മരണംവരെ ലാളിക്കുന്ന അതിമനോഹരമായൊരു ഓർമ്മയാണ്. അവന്റെ പുരുഷത്വത്തെ, അവളുടെ സ്ത്രീത്വത്തെ, അതർഹിക്കുന്ന സ്വകാര്യതയെ, അതാവശ്യപ്പെടുന്ന സ്വാതന്ത്ര്യത്തെ, സമൂഹം അംഗീകരിച്ചിരിക്കുന്നു എന്നതിന്റെ തെളിവാണ്. ഗോട്ടുലിൽനിന്ന് എന്തെങ്കിലും കാരണത്താൽ പുറത്താക്കപ്പെടുന്ന സാഹചര്യം അവർ സൃഷ്ടിക്കാറില്ല. അതൊരു പരിഹാരമില്ലാ ശിക്ഷയായാണ് സമൂഹം കാണുന്നത്.

          വിവാഹങ്ങളേറെയും ഗോട്ടുൽപ്രണയത്തിലൂടെയാണ്. അപൂർവ്വം ചിലർ മാത്രം മേളയിലോ ചന്തയിലോ വെച്ച് പരിചയപ്പെടുന്നു. അതുകൊണ്ടുതന്നെ സാംഗോർ മരച്ചോട്ടിൽ സെൽപ്പി നുണഞ്ഞ് വളഞ്ഞുകൂടിയിരിക്കുന്ന വാർദ്ധക്യത്തിന്റെ തണുത്ത ഞരമ്പിലും ഗോട്ടുൽ ഡോൽ നാദം പഴയൊരു പൂക്കാലത്തിന്റെ ചൂടുള്ള ലഹരി കേറ്റുന്നു, വരണ്ട പാറപ്പുറങ്ങൾ പൂക്കുന്നു, ദൂരേക്കു മിഴിചൂണ്ടി ചുളിവുവീണ ശബ്ദത്തിൽ ചോദിക്കുന്നു. കൂട്ടുകാരീ... ആ പുഴയുടെ പേരെന്ത്?''.

          ജൽ, ജംഗൽ, ജമീൻ (ജലം, വനം, മണ്ണ്) എന്ന രണ്ടാമധ്യായത്തിൽ മംഗൾ കുഞ്ചാമാണ് പ്രധാന കഥപറച്ചിൽക്കാരനും വഴികാട്ടിയും. ഗോത്രങ്ങൾക്ക് സമുദായവും ജാതിയുമായി ബന്ധമുണ്ടായിരുന്നില്ലെന്നും കോയ്മകളെ മറികടന്ന ജീവിതമണ്ഡലങ്ങളായിരുന്നു അവയെന്നും സ്ഥാപിച്ചുകൊണ്ട് ഇന്ത്യൻ ആദിവാസി നരവംശശാസ്ത്രത്തിലെ ഒരു നിർണായക പ്രശ്‌നം അവതരിപ്പിക്കുകയാണ് ഈയധ്യായം. രാജഭരണകാലത്താണ് സമുദായവൽക്കരണം ആരംഭിക്കുന്നത്. രാജാക്കന്മാർ ഗോത്രങ്ങളെ ഭയന്നു. ബ്രിട്ടീഷ് ഭരണവും ഇതേ സമീപനമാണ് കൈക്കൊണ്ടത്. ഗോത്രദേവതകളെക്കുറിച്ചുള്ള ദീർഘദീർഘമായ വിവരണങ്ങൾ ഈയധ്യായത്തിലുണ്ട്. സുഹൃത്തായ ഷക്കീലിനൊപ്പം ഒരു മന്ത്രവാദിയുടെ ആഭിചാരത്തിനു കൂട്ടുപോയ കഥയും. അസാധാരണമായ പാരിസ്ഥിതികപ്രജ്ഞ പുലർത്തുന്ന ബസ്തറിലെ ഗോത്രങ്ങളുടെ പ്രകൃതിസമീപനങ്ങൾ നന്ദിനി ചൂണ്ടിക്കാണിക്കുന്നു. വായിക്കൂ:

          ''ഗോത്രം എന്നത് പ്രകൃതിയുടെ ചെറിയൊരു കഷണമാണ്. എണ്ണിയാൽ തീരാത്തത്രയും കഷണങ്ങളുണ്ടായിരുന്നു ബസ്തറിന്റെ ചരിത്രത്തിൽ. ഓരോ ഗോത്രവും അതികർശനമായി നിലനിർത്തിപ്പോന്ന ചില പരിസ്ഥിതിതുലനങ്ങളുണ്ടായിരുന്നു. ഗോത്രങ്ങളുടെ അധിദേവതകൾ എന്നാൽ വെറും ഈശ്വരസങ്കൽപ്പത്തിലൊതുക്കാനാവില്ല. അതവരുടെ ജീവിതത്തെ അപ്പാടെ നിയന്ത്രിക്കുന്ന പാരസ്പര്യമാണ്.

          ഉദാഹരണത്തിന് കുൻജാം ഗോത്രത്തിന്റെ മൃഗം ആടും, പക്ഷി മയിലും, വൃക്ഷം തേക്കുമാണ്. ഈ ഗോത്രജർ ഒരിക്കലും ആട്ടിന്മാംസം ഭക്ഷിക്കുകയോ മയിലിനെ കൊല്ലുകയോ തേക്കു മുറിക്കുകയോ ചെയ്യില്ല എന്നു മാത്രമല്ല, സംരക്ഷിക്കുകയും ചെയ്യും. കച്യപ് ഗോത്രത്തിന്റെ മൃഗം ആമ. കട്തിക്ക് കുരങ്ങ്, ബൊകാമിക്ക് കരടി, കിസാനിക്ക് തവള അങ്ങനെയങ്ങനെ. ഈ മൃഗം, പക്ഷി, വൃക്ഷം തുടങ്ങിയവയെ ജീവൻ നൽകിയും അവർ സംരക്ഷിക്കും. ഇങ്ങനെ ഓരോ ഗോത്രവും ചെയ്യുമ്പോൾ വംശനാശം എന്ന ഭീഷണി ജന്തുജാലങ്ങളോ വൃക്ഷങ്ങളോ നേരിടുന്നില്ല എന്നു മാത്രമല്ല, സമതുലിതാവസ്ഥ സംരക്ഷിക്കപ്പെടുകയും ചെയ്യുന്നു. ഈ ഗോത്രരീതിയെ ടോട്ടംചിൻ എന്നാണു പറയുന്നത്''.

         

നാരായൺപൂരിലേതുൾപ്പെടെയുള്ള ചന്തകളിലെ വാണിഭങ്ങളെക്കുറിച്ചും ചോരച്ചാലുകളൊഴുകുന്ന കോഴിപ്പോരുകളെക്കുറിച്ചും പാട്ടും നൃത്തവും ഇടകലരുന്ന കാംകേറിലെ ഗ്രാമ-ഗോത്ര കൂട്ടായ്മകളെക്കുറിച്ചും ദന്തേവാദയിലെ മരണാനന്തര ചടങ്ങുകളെയും സ്മാരകങ്ങളെയും കുറിച്ചുമൊക്കെയുള്ള കൗതുകകരമായ വസ്തുതകളും അനുഭവങ്ങളും നന്ദിനി പങ്കുവയ്ക്കുന്നു.

          'ആംചൊ ബസ്തർ' എന്ന മൂന്നാമധ്യായം (നമ്മുടെ ബസ്തർ) മുഖ്യമായും ബസ്തർ ജില്ലയിൽ സമീപകാലത്തു രൂപംകൊണ്ട ഒരു സർക്കാർ പദ്ധതിയുടെ പശ്ചാത്തലത്തിൽ ഈ ആദിവാസിമേഖലയിൽ പ്രകടമാകുന്ന അടിസ്ഥാനപരമായ ചില മാറ്റങ്ങളുടെ ചുവടുപിടിച്ചെഴുതപ്പെട്ടതാണ്. ജഗദൽപൂർ കളക്ടറുടെ മുൻകയ്യിൽ 2020ൽ ആരംഭിച്ചതാണ് ഈ പദ്ധതി. ഛത്തീസ്‌ഗഢിന്റെ വിനോദസഞ്ചാരഭൂപടത്തിൽ ബസ്തറിനെ അടയാളപ്പെടുത്താനും പ്രാദേശിക ടൂറിസംമേഖലയിൽ തദ്ദേശവാസികളായ യുവാക്കൾക്ക് തൊഴിൽ നൽകാനും ലക്ഷ്യമിട്ടാണ് ആംചൊ ബസ്തർ നിലവിൽ വന്നത്. തീവ്രവാദപ്രസ്ഥാനങ്ങളിലേക്കുള്ള യുവാക്കളുടെ ഒഴുക്ക് തടയുകയായിരുന്നു മറ്റൊരു ലക്ഷ്യം.

         

ഗ്രാമങ്ങളിലും വനാന്തരങ്ങളിലും നദീതടങ്ങളിലും ക്ഷേത്രങ്ങളിലും സന്നദ്ധസേവകരുടെ ഒരു സംഘത്തോടൊപ്പം നടത്തിയ യാത്രകളുടെ ഓർമ്മയാണ് നന്ദിനി ഈയധ്യായത്തിനാധാരമാക്കുന്നത്. വീടുകളും സ്ത്രീകളും കുട്ടികളും കൃഷിയിടങ്ങളും തുറന്നിട്ട അതുല്യമായ ആർജ്ജവത്തിന്റെയും ജീവിതലാളിത്യത്തിന്റെയും ആത്മബന്ധങ്ങളുടെയും കഥകൾ. ശിലാക്ഷേത്രങ്ങളുടെ മഹാവശിഷ്ടങ്ങൾ. ദന്തേവാദ, മാത്സിൻഗഡ്, ഭേദ്‌രെ, ബിജാപൂർ, ബർസൂർ തുടങ്ങിയ പ്രദേശങ്ങളിലെ ജീവിതസംസ്‌കൃതികൾ. ആചാരാനുഷ്ഠാനങ്ങൾ. ഇന്ദ്രാവതി, ശബരി, ശംഖിനി, സാരംഗി, സെന്ദൂർ, മൂദ്, മുഗെബനാർ തുടങ്ങിയ നദികൾ. ചിത്രകൂട്, തീർത്ഥഗഡ്, മോന്ദ്രിഗുമർ, താമ്ഡഗുമർ, ബീജാകാസ, ചിത്രധാര, സാത്ധാര തുടങ്ങിയ ജലപാതങ്ങൾ. മാവോയിസ്റ്റ് രാഷ്ട്രീയവും അതിനെതിരെ ഒരുവശത്ത് ഭരണകൂടവും മറുവശത്ത് സാൽവജുഡും എന്ന സംഘടനയും നടത്തുന്ന ചെറുത്തുനില്പുകൾ. മിത്തുകളും ചരിത്രവും രാഷ്ട്രീയവും ജീവിതവും ഊടും പാവും നെയ്ത ബസ്തറിന്റെ ഗതകാലങ്ങൾ....

         

നാലാമധ്യായം കൊണ്ടേഗാവിലും കാംകേറിലും നാരായൺപൂരിലുമുള്ള ബസ്തർ ശില്പ-ചിത്രകലകളെ കേന്ദ്രീകരിച്ചാണ് മുന്നോട്ട് പോകുന്നത്. ബെൽമെറ്റലിൽ തീർക്കുന്ന ശില്പങ്ങളിൽ ജീവിതവും തൊഴിലും കലയും ആചാരവും പാരമ്പര്യവും ഭാവനയും ഭിന്നമല്ലാതിരുന്ന ഒരു ജനതയുടെ ഭാവലോകകഥകൾ. പ്രകൃതിദത്തവും മനുഷ്യനിർമ്മിതവുമായ മഹാസിദ്ധികളുടെയും സാധനകളുടെയും ദൃക്‌സാക്ഷിവിവരണങ്ങൾ. കഥകളെക്കാൾ വിചിത്രവും അവിശ്വസനീയവുമായ ചില സംഭവങ്ങളുടെ സൂചനകളുമുണ്ട് ഈ ഭാഗത്ത്. ഒരെണ്ണം നോക്കൂ:

         

''1950കളിൽ, അബുജ്മാറിന്റെ ഉൾക്കാനനത്തിൽ, ചെൻന്ദ്രു മണ്ടാവിയെന്ന പതിനഞ്ചുകാരന് അഗതിയായൊരു പുലിക്കുട്ടിയെ കിട്ടി. കൗതുകത്തോടെ അവനതിനെ വീട്ടിലേക്കു കൊണ്ടുവരികയും അരുമയോടെ വളർത്തുകയും ചെയ്തു. അത് എപ്പോഴും അവനോടൊപ്പം ഉണ്ട്, ഉറങ്ങി, നടന്നു, കളിച്ചു. രണ്ടാൺകുട്ടികൾ തമ്മിലുള്ള സൗഹൃദംപോലെ. പുലി വലുതായിത്തുടങ്ങിയപ്പോൾ സ്വാഭാവികമായും ഗ്രാമവാസികൾക്ക് പേടിയും തുടങ്ങി. അതൊഴിവാക്കാൻ ചെൻന്ദ്രു അധികസമയവും കൂട്ടുകാരനുമൊത്ത് ഉൾക്കാട്ടിൽ കഴിഞ്ഞു. കറുത്ത കാട്ടിലൂടെ സന്തോഷഭരിതരായി നടക്കുന്ന പുലിയും മനുഷ്യനും ഭീതിയും അദ്ഭുതവും തരുന്ന കാഴ്ചയായിരുന്നു.

          ചില ഉദ്യോഗസ്ഥർ വഴി ഇതറിഞ്ഞ സ്വീഡിഷ് സിനിമാസംവിധായകൻ ആർനേ സുക്‌സ് ഡോർ ബസ്തറിലെത്തുകയും അതിസാഹസികമായി ഈ അപൂർവ്വസൗഹൃദം സിനിമയാക്കുകയും ചെയ്തു. 1960-ൽ ഓസ്‌കാർ അവാർഡ് നേടിയ എ ജംഗിൾ ടേൽ ബുക് ആയിരുന്നു ആ സിനിമ. ദ ബോയ് ആൻഡ് ദ ടൈഗർ ഓൺ ഹിം എന്നൊരു പുസ്തകവും എഴുതപ്പെട്ടു. ഗഡ്ബംഗാൾ എന്ന കാട്ടുഗ്രാമത്തിലെ കൗമാരക്കാരൻ ലോകപ്രശസ്തനായി. സിനിമയിലെ അവന്റെ പ്രകടനം കണ്ട പല പ്രമുഖരും അവനെ നേരിൽ കാണാനാഗ്രഹിച്ചു. അങ്ങനെ ചെൻന്ദ്രു ആർനേക്കൊപ്പം സ്വീഡനിലേക്കു പറന്നു.

         

ചെന്ദ്രുവിന് പഠിക്കണമെന്നും സിനിമയെന്ന മായികലോകത്ത് തുടർന്നും പ്രവർത്തിക്കണമെന്നും അതിയായ ആഗ്രഹമുണ്ടായിരുന്നു. പക്ഷേ, അങ്ങനെയൊരു പ്രോത്സാഹനം അയാൾക്കു ലഭിച്ചില്ല. വിരുന്നുകൾക്കും കാഴ്ചകൾക്കും ശേഷം അയാൾ മടക്കി അയയ്ക്കപ്പെട്ടു. ഒരു പരിപാടിക്കിടയിൽ ചെൻന്ദ്രു അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്രുവിനോട് തനിക്ക് മികച്ച വിദ്യാഭ്യാസം ലഭിക്കാനുള്ള സൗകര്യം ഒരുക്കിത്തരണമെന്നും അപേക്ഷിച്ചിരുന്നു. പക്ഷേ, അയാൾ തന്റെ കാട്ടുഗ്രാമത്തിലേക്കുതന്നെ തിരിച്ചുവന്നു.

          രണ്ടു വ്യത്യസ്ത ലോകങ്ങൾ കണ്ട ചെന്ദ്രുവിന് പിന്നീട് ഒരിക്കലും പഴയ ജീവിതത്തോട് ഒത്തുപോകാനായില്ല. പെട്ടെന്നു തീർന്നൊരു നാടകത്തിൽ നിന്നും മിനുക്കു തുടച്ച് ഇരുളിലേക്കിറങ്ങേണ്ടിവന്ന നടനെപ്പോലെയായി അയാൾ. ജീവിക്കാനായി അയാൾ കഠിനാദ്ധ്വാനം ചെയ്തു. പെട്ടെന്ന് എല്ലാവരും അയാളെ മറന്നു. വിറകുവെട്ടിയും നിലമുഴുതും നായാടിയും മഹുവ വാറ്റിയും, ഒട്ടേറെ സ്വപ്നങ്ങൾ കാണാനും ആഗ്രഹിക്കുവാനും പഠിച്ചുപോയ ഒരു ജന്മം പൊലിഞ്ഞു. 2013-ൽ നീണ്ട രോഗപീഡയും ദാരിദ്ര്യവും അനാഥത്വവും മറികടന്ന് ആ വെള്ളിനക്ഷത്രം കടന്നുപോയി.

         

പണ്ടിജിയുടെ പണിശാലയിൽ മരത്തിൽ തീർത്ത ചെൻന്ദ്രുവിന്റെയും പുലിയുടെയും വലിയ ശിൽപ്പങ്ങളുണ്ട്. വല്ലാത്തൊരു സങ്കടം തോന്നും അതു കാണുമ്പോൾ; വിദഗ്ദ്ധമായി ഉപയോഗിച്ച് വലിച്ചെറിഞ്ഞ മൺചട്ടിപോലെ. അവൻ തന്റേതായ വന്യാവസ്ഥകളിൽ മാത്രമായി ജീവിച്ചിരുന്നെങ്കിൽ ഒരുപക്ഷേ ഏറെ സന്തോഷവാനും സംതൃപ്തനും ആയിരുന്നേനെ. ചെൻന്ദ്രു വിദേശത്തേക്കും മറ്റും പോയപ്പോൾ കാട്ടിലൊറ്റപ്പെട്ട കൂട്ടുകാരന് എന്തു സംഭവിച്ചെന്ന് ദേവേന്ദറിന് അറിയില്ല, കഥയ്ക്കു കൂട്ടിരുന്ന മറ്റു ശിൽപ്പികൾക്കും അറിയില്ല''.

          അഞ്ചാമധ്യായം ബസ്തറിലെ ഉത്സവമായ ദസറയുടെ ദീർഘവും സവിസ്തരവുമായ പ്രതിപാദ്യത്തിൽ തുടങ്ങുന്നു. തുടർന്ന് മാവ്‌ലിയെന്ന ബസ്തറിന്റെ അധിദേവതയുടെ മിത്തുകളും മറ്റു നിരവധി ദേവതാപുരാണങ്ങളും. എങ്കിലും ഈയധ്യായത്തിലെ ഏറ്റവും ഹൃദ്യമായ ആഖ്യാനങ്ങൾ ഇവയൊന്നുമല്ല. ബസ്തർ കൊട്ടാരത്തിലെ കാകതീയ രാജാക്കന്മാരുടെ ചരിത്രവും അതിൽതന്നെ പ്രവീർചന്ദ്രബാൻജദേവിന്റെ അത്യസാധാരണമായ ജീവിതവുമാണ് ഒന്ന്. കൊളോണിയൽ അധിനിവേശത്തിൽ നിന്ന് ദേശീയാധുനികതയിലേക്കു കടന്നുചെന്ന ഇന്ത്യൻ നാട്ടുരാജ്യങ്ങളിൽ സംഭവിച്ച വിസ്മയകരമായ രാജപദവീപരിണാമങ്ങളിലൊന്നിന്റെ കഥയാണത്.

         

മറ്റൊന്ന്, ബിജാപൂരിലെ കുട്രൂരിൽ കാടുപിടിച്ചൊരു ജീർണ്ണഗൃഹത്തിൽ ഏകാകിനിയായി കഴിയുന്ന പഴയൊരു ജമീന്ദാരിണിയെക്കുറിച്ചുള്ളതാണ്. വായിച്ചുതന്നെയറിയണം ജീവിതവൈരുധ്യത്തിന്റെയും വിധിവിപര്യയത്തിന്റെയും ദുരന്തേതിഹാസംപോലുള്ള ഈ ജമീന്ദാരിണിയുടെ ഏകാന്തചരിതം.

         

''മുറ്റത്തേക്കു കയറിയപ്പോഴാണ് ഞാനാ വീടിന്റെ വലിപ്പം ശരിക്കു കാണുന്നത്. മൂന്നു തട്ടുകളിലായാണ് കിടപ്പ്. മുൻവശത്തെ വലിയ കെട്ടിടം വാതിലും ജനലുമൊക്കെ കൊട്ടിയടച്ചു കിടപ്പാണ്. അവിടെ നിന്നൊരൽപ്പം പൊങ്ങിയാണ് നടുവിലത്തെ ഭാഗം. അവിടെ നിന്നാണ് അവർ ഇറങ്ങിവന്നത്. അതിൽനിന്നാരൽപ്പം പൊങ്ങി മൂന്നാമത്തെ കെട്ടിടം. അതു മുഴുവൻ വള്ളികൾ പൊതിഞ്ഞ് കാട്ടുപൊന്തകൾ മൂടി മരവേരുകൾ ചുവരിലൂടെയിറങ്ങി ദ്രവിച്ച്...

          'വരൂ', അവരെന്നെ സ്‌നേഹപൂർവ്വം വിളിച്ചു. ഉയർന്ന പടികൾ കയറി ഞാൻ പൂമുഖത്തു നിന്നു. നല്ല കോട്ടൻസാരി വൃത്തിയായി പിൻ ചെയ്തുടുത്ത് വട്ടപ്പൊട്ടും കമ്മലും ഒക്കെയായി അറുപതു വയസ്സു തോന്നിക്കുന്ന വെളുത്തു മെലിഞ്ഞു നീണ്ട പ്രൗഢ. അവർക്ക് തെലുഗു ബ്രാഹ്മണസ്ത്രീകളുടെ ഛായ തോന്നി.

         

'ഇരിക്കു', അവരുടെ ശബ്ദം നേർത്തതാണ്. വലിയ മരക്കസേരകളാണ് പൂമുഖത്ത്. മൂലയ്‌ക്കൊരു ടീവിയിൽ ഏതോ ഹിന്ദി സിനിമ നടക്കുന്നുണ്ട്.

          നല്ല തണുപ്പ് ഇതിനകത്ത്. മുറ്റത്തുനിന്നും എത്ര ഉയരത്തിലാണ് പൂമുഖം എന്നതും കൗതുകം തോന്നിപ്പിച്ചു. എവിടെനിന്നെന്നറിയാതൊരു നേർത്ത സുഗന്ധം വരുന്നുണ്ട്, എന്തോ നീറിപ്പിടിക്കുന്നതുപോലെ. എന്നെക്കുറിച്ച് അഭിഷേകുതന്നെ പറഞ്ഞു. അവർ താത്പര്യത്തോടെ കേട്ടിരുന്നു. അവർ ജഗദൽപുരിലൊന്നും പോയിട്ടില്ല. ഒരു നേർത്ത ചിരിയോടെ എന്നെക്കുറിച്ചെന്തു പറയാൻ എന്ന് ലാഘവപ്പെട്ടു.

          കുമ്മായം തേച്ച ചുവരുകളൊക്കെ നഗ്‌നമാണ്. സാധാരണ ഇത്തരം ഗൃഹങ്ങളിൽ കാണാറുള്ളതുപോലെ വലിയ ഫോട്ടോകളില്ല, അലങ്കാരങ്ങളുമില്ല. കനത്ത കറുത്ത മരത്തടികൾകൊണ്ടാണ് മച്ച്. രണ്ടു തടിയൻ മരവാതിലുകൾ അകത്തേക്ക് തുറക്കുന്നുണ്ട്. ഇത് ബിജാപുർ കുട്രൂരിലെ ജമീന്ദാർകുടുംബമാണ്. ഷാ എന്ന ടൈറ്റിലുള്ള ബസ്തറിലെ ഒരേയൊരു കുടുംബം. ഇവരുടെ പേര് ശാന്താദേവി ഷാ എന്നാണ്. ടിവി ഓഫ് ചെയ്തു വന്ന് അവർ എന്നോടു സംസാരിച്ചു തുടങ്ങി.         

'സ്വർണ്ണമണ്ടാവി സമുദായമാണ്, ആദിവാസിഗോത്രമാണ്. പണ്ടുതന്നെ ഭൂസ്വത്തുള്ളവരും ധനികരും പ്രമുഖരുമായിരുന്നു. പക്ഷേ, കുട്രൂരിലും സമീപപ്രദേശങ്ങളിലുമായി ഒതുങ്ങിക്കഴിഞ്ഞിരുന്നു. പരമ്പരാഗതരീതിയിലുള്ളതായിരുന്നെങ്കിലും വലിയ വീടും കളപ്പുരയും കന്നുകാലികളും പല്ലക്കും ഒക്കെയുണ്ടായിരുന്നു. ഒരിക്കൽ ബസ്തർ രാജാവ് ബിജാപുരിൽ നായാട്ടിനു വന്നു. പക്ഷേ, തികച്ചും അപ്രതീക്ഷിതമായി കാട്ടിൽ ഒറ്റപ്പെട്ടുപോയി. വെള്ളം പോലുമില്ലാതെ വലഞ്ഞു. കൂടെയുള്ള ഭടന്മാർ പരിഭ്രാന്തരായി കാടുമുഴുവൻ തിരഞ്ഞു. വന്യമൃഗങ്ങൾ നിറഞ്ഞ കാട്ടിൽ എവിടെയോ കുടുങ്ങിപ്പോയ രാജാവിന്റെ ജീവനിൽപ്പോലും ആർക്കും പ്രതീക്ഷയില്ലാതായി.

അപ്പോൾ കാട്ടിലൂടെ നടന്നുവരികയായിരുന്ന ദിർപാൽ രാജാവിനെ കാണുകയും തോളിലേറ്റി വീട്ടിലേക്കു കൊണ്ടുവരികയും ചെയ്തു. തുടർന്ന് ഭടന്മാരുമെത്തി. ദിർപാലിന്റെ ഗൃഹത്തിൽ കുറച്ചു ദിവസം വിശ്രമിച്ച രാജാവ് ആരോഗ്യം വീണ്ടെടുക്കുകയും ജഗദൽപുരിലേക്ക് മടങ്ങുകയും ചെയ്തു. പിന്നീട് രാജാവിന്റെ ക്ഷണം ദിർപാലിനെ തേടിയെത്തി. കൊട്ടാരത്തിലെത്തിയ അയാൾക്ക് ഷാ എന്ന പദവി നൽകുകയും മുന്തിയ കുതിരകളെയും ആയുധങ്ങളും നൽകുകയും ചെയ്തു. ബിജാപുരിലെ ദിവാൻ എന്നവണ്ണം ദിർപാലിന് അധികാരങ്ങൾ നൽകി. തുടർന്ന് ദിർപാലിന്റെ മകൻ നിജാം ഷാ ലണ്ടനിലേക്ക് വിദ്യാഭ്യാസത്തിനു പോയി. ക്രമേണ അന്നത്തെ പ്രഭുത്വത്തിന് ഇണങ്ങുംവണ്ണം ഈ വീടു പണിതീർപ്പിച്ചു. നിജാമിന്റെ പുത്രൻ കേസരി ഷായും ലണ്ടനിലാണ് പഠിച്ചത്. എന്നോടു സംസാരിക്കുന്ന ഇവരുടെ ജ്യേഷ്ഠന്മാരും ഡൽഹിയിൽ പഠിച്ചവരാണ്. ജ്യേഷ്ഠന്മാരും അടുത്ത ബന്ധുക്കളും ഒക്കെ സിങ്കപ്പൂർ, ഡൽഹി, റായ്പുർ, മുംബൈ തുടങ്ങിയ ഇടങ്ങളിലാണ്. എല്ലാവർക്കും പ്രായമായി, വല്ലപ്പോഴും വരും. ഇപ്പോഴും ഭൂസ്വത്ത് കുറെയുണ്ട്. ജ്യേഷ്ഠന്മാരുടെ പേരിലൊക്കെയുണ്ട്. ഞാൻ കൃഷിയൊക്കെ ഇപ്പോഴും നോക്കുന്നുണ്ട്. പുറത്തു കണ്ട അവരൊക്കെ കാര്യസ്ഥന്മാരാണ്'.

          'തോട്ടമൊന്നും പ്രത്യേകം ശ്രദ്ധിക്കാറില്ല. കുറെയൊക്കെ കാടുപിടിച്ചു കിടപ്പാണ്'.

          'ഇതൊക്കെ നോക്കാൻ ആർക്കു കഴിയും? ഞാനിവിടെ തനിച്ചല്ലേ...'

          ഇളംചിരിയോടെ അവർ പുറത്തേക്കു നോക്കിയിരിക്കുന്നു.

          'ആരുമില്ലേ കൂടെ?'

          'ആരുമില്ല'.

          'ഇത്രയും വലിയ വീട്ടിൽ, ഈ വിജനതയിൽ....'.

          'ശീലമായി'.

          'വിവാഹം?'

          'ഇല്ല... അതെന്തോ നടന്നില്ല'.

          ഒരു സഹായി പെൺകുട്ടി അവിടെയുണ്ട്. അവൾ ചിലപ്പോൾ വൈകിട്ട് പോവുമായിരിക്കും. അവർ മരവാതിൽ ഉന്തിത്തുറന്നു. 'വരൂ' എന്ന് എന്നെ ക്ഷണിച്ചു. വലിയൊരു മുറി. ഉയർന്ന മരത്തട്ട്. തട്ടിനോടു ചേർന്ന് കൂറ്റനൊരു ചില്ലുജനാല. അതിന്റെ വാതിൽ തുറന്നു കിടപ്പാണ്.

          'ഇത്ര ഉയരത്തിലുള്ള ജനാലയെങ്ങനെയടയ്ക്കും? കയറു വല്ലതും.....'

          'ഞാനതൊന്നും അടയ്ക്കാറില്ല, എത്രയോ കാലമായി'.

          ആ മുറിയിൽ നാലഞ്ചു വലിയ അലൂമിനിയം പെട്ടികൾ കിടന്നിരുന്നു. അതിലൊന്നു തുറന്ന് അവർ ചില ഫോട്ടോസ് പുറത്തേക്ക് എടുത്തു. അച്ഛൻ, അമ്മ, ചെറിയച്ഛൻ, ജ്യേഷ്ഠന്മാർ...

          അഭിഷേക് ഇതുവരെ സ്വീകരണമുറിക്കപ്പുറം കണ്ടിട്ടില്ല. ഇന്നു ഞാൻ അകത്തു കയറിയതോണ്ട് വാതിൽക്കൽ വന്നെത്തിനോക്കി.

         

എവിടെനിന്നോ എന്തോ നീറിയെരിയുന്നതുപോലുള്ള മണം വരുന്നുണ്ട്. എന്തിന്റെ മണമാണ് വരുന്നത് എന്നു ഞാൻ ചോദിച്ചു. ഒരു മൺസാമ്പ്രാണി പാതത്തിൽ ചെറിയ കമ്പുകൾ എരിഞ്ഞുകൊണ്ടിരിക്കുന്നു. കമ്പുകളുടെ പേര് അവർക്കുമറിയില്ല. അഭിഷേകിനുമറിയില്ല. വീട്ടിലവിടവിടെ ഇതു വെക്കും. പലതരം പ്രാണിശല്യമുണ്ട്, അതിനാണ്. ആ വീടിനും അവർക്കും വെള്ളം കൊണ്ടുവന്ന കുഴൽഗ്ലാസിനും ആ മണമുണ്ട്.

          എന്തു ചെയ്യും പകലൊക്കെ, ഞാൻ ചോദിച്ചു. ഇങ്ങനെയോരോന്ന്. കൃഷിസ്ഥലത്തെ എല്ലാ പണികളും നേരിട്ടു ചെന്നുനിന്നു നോക്കും. ആഴ്ചച്ചന്തയിൽ പോകും. നാട്ടുകാർക്ക് ഇവരെ നല്ല പരിചയമുണ്ട്. ഞങ്ങൾ മുറ്റത്തേക്കിറങ്ങി. പുറകിലെ കാടുപിടിച്ച വീടിന്റെ ഭാഗം എന്നെ പേടിപ്പെടുത്തി.

          'അതൊന്നും ഉപയോഗിക്കാതെയായിട്ട് എത്രയോ ആയി. ഇതിനിടയ്ക്ക് അവിടെയൊരു തീപിടുത്തവും നടന്നു'.

         

അവർ സാധാരണക്കാര്യം പറയുന്നതുപോലെ. ആരുമില്ലാത്ത ഈ കാട്ടുപറമ്പിൽ ആ ഭാഗത്തെങ്ങനെ തീപിടിച്ചു എന്ന് എനിക്കു ശ്വാസംമുട്ടി. മുൻവശത്തെ കെട്ടിടത്തിൽ നെല്ലൊക്കെ സൂക്ഷിച്ചിരുന്നു. ഇപ്പോൾ അതും ഉപയോഗിക്കാറില്ല.

          'ദാ അത് മൂത്തജ്യേഷ്ഠൻ ഉപയോഗിച്ചതായിരുന്നു...'

          അവർ ഒരു വശത്തേക്ക് കൈ ചൂണ്ടി. പഴകിദ്രവിച്ച പച്ച നിറത്തിലുള്ള ഒരു ലാൻഡ് റോവറിന്റെ അസ്ഥികൂടം അവിടെ കിടക്കുന്നു.

          'ഞങ്ങളിറങ്ങട്ടെ'.

          'ഇനിയും വരൂ......'

          അവർ പടിക്കെട്ടിനു താഴെ നിന്നു. ഞാൻ ഗേറ്റടച്ച് തിരിഞ്ഞു നോക്കി. ചെറിയ ചിരി ഒളിപ്പിച്ച മുഖവുമായി അവർ നോക്കി നിൽക്കുന്നു. നീണ്ടു മെലിഞ്ഞ് ഒറ്റയ്‌ക്കൊരു സ്ത്രീ. ഒരു വശത്ത് നീറുന്ന ഗന്ധമുതിരുന്ന കൂറ്റൻ വീട്, പുറകിൽ കാടുപിടിച്ച വലിയൊരു കെട്ടിടം, മുൻവശത്ത് ഉപേക്ഷിക്കപ്പെട്ട വേറൊരു കെട്ടിടം, മുറ്റത്തിനതിരിൽ യന്ത്രത്തിന്റെ അസ്ഥികൂടം, പിന്നെ കാട്, പിന്നെയും കാട്...''.

          ആറാമധ്യായം മാവോയിസ്റ്റ് ബസ്തറിനെക്കുറിച്ചാകുന്നു. റെഡ്‌കോറിഡോറിന്റെ രാഷ്ട്രീയ നൈതികതകളെക്കുറിച്ചുള്ള ചർച്ചയായി പക്ഷെ ഇതു വികസിക്കുന്നില്ല. ഒരുവശത്ത് ഭരണകൂടവും അതിന്റെ സൈനിക സായുധശക്തിയും. മറുവശത്ത് സാൽവാജുഡും പോലുള്ള പ്രതിരോധ സംഘങ്ങൾ മാവോയിസ്റ്റുകൾക്കെതിരെ ഉയർത്തിയ ചെറുത്തുനിൽപ്പിന്റെ രാഷ്ട്രീയം. നന്ദിനി മാവോയിസത്തെ രാഷ്ട്രീയമായി സാധൂകരിക്കുന്നില്ല, കാല്പനികമായി മഹത്വവൽക്കരിക്കുന്നുമില്ല. സാൽവാജുഡുമിന്റെ ഭരണകൂടപിന്തുണയോടെയുള്ള തീവ്രവാദപ്രവർത്തനത്തെപ്പോലും വിമർശനാത്മകമായി കാണാൻ തയ്യാറാകാത്ത യാത്രിക ഭരണകൂടത്തിന്റെ കിരാതമായ അടിച്ചമർത്തൽ സമീപനങ്ങളെയും നിഷ്പക്ഷമായി നോക്കിക്കാണുന്നു.

         

1967-73 കാലത്തെ നക്‌സൽബാരി-തെലുങ്കാന പ്രക്ഷോഭങ്ങളും ചരിത്രവും ആ പ്രസ്ഥാനങ്ങളുടെ ഉന്മൂലനവും ചൂണ്ടിക്കാണിച്ചും ചാരുമജുംദാർക്കുശേഷം രൂപംകൊണ്ട പിപ്പ്ൾസ് വാർഗ്രൂപ്പ് ഉൾപ്പെടെയുള്ളവയുടെ തുടർച്ച വിശദീകരിച്ചും ദണ്ഡകാരണ്യങ്ങലിൽ വേരുപടർത്തിയ മാവോയിസ്റ്റുകൾ ഭരണകൂടവികസനപദ്ധതികൾ ഒന്നടങ്കം അട്ടിമറിച്ചും ഭരണകൂടസ്ഥാപനങ്ങൾ കയ്യടക്കിയും നടത്തുന്ന സമാന്തര ഭരണവ്യവസ്ഥ വ്യാഖ്യാനിച്ചും മാവോയിസ്റ്റുകൾക്കെതിരെ ബിജാപൂരിൽ മഹേന്ദ്രകർമ്മയുടെ നേതൃത്വത്തിൽ രൂപംകൊണ്ട സൽവജുഡുമിന്റെ പോരാട്ടവും മുന്നേറ്റവും കർമ്മയുടെ അതിദാരുണമായ അന്ത്യത്തോടെ അവസാനിച്ചതിന്റെ കഥപറഞ്ഞും നന്ദിനി ബസ്തറിന്റെ രാഷ്ട്രീയജീവിതമെഴുതുന്നു.

         

''2013 മെയ്‌ 25-ന് ധർബ താഴ്‌വരയിലെ കാട്ടിറമ്പിൽ മഹേന്ദ്ര കർമ്മ എന്ന അതിശക്തനായ ആദിവാസിനേതാവിന്റെ ശവം കിടന്നു. ശരീരത്തിൽ എഴുപത്തിയെട്ടു കുത്തുകളോടെ അത്യന്തം ക്രൂരമായി അയാൾ വധിക്കപ്പെട്ടു. വണ്ടിയിൽ നിന്നും അയാളെ ഇറക്കിയതും കാട്ടിലേക്കു വലിച്ചിഴച്ചതും ചോദ്യങ്ങൾ ചോദിച്ചുകൊണ്ട് കുത്തിയതും സ്ത്രീകളായിരുന്നു. ശവത്തിനു ചുറ്റും മണിക്കൂറുകളോളം അവർ നൃത്തം ചെയ്തു. വെറുമൊരു മാംസപിണ്ഡമായിത്തീർന്നിരുന്ന മൃതദേഹത്തെ ചവിട്ടുകയും തുപ്പുകയും ചെയ്തു. മഹേന്ദ്ര കർമ്മയ്‌ക്കൊപ്പമുണ്ടായിരുന്ന നിരവധിപേർ റോഡിൽ മരിച്ചും പരിക്കേറ്റും കിടന്നിരുന്നു. ആയുധക്കളിയുടെ രക്തരൂഷിത അദ്ധ്യായമാണ് അടഞ്ഞത്. ഒപ്പം ഗ്രാമങ്ങൾക്കിടയിലുള്ള വഴികളും..... ഒരു പതിറ്റാണ്ടു തികയാറാവുമ്പോഴും ആ വഴികൾ അടഞ്ഞു കിടക്കുന്നു''.

         

മാവോയിസ്റ്റുകൾക്കും ഭരണകൂടത്തിനുമിടയിൽ അകപ്പെട്ട സാധാരണ മനുഷ്യരുടെ ശബ്ദവും അഭയവും ആയിരുന്നോ സൽവജുഡും? ആ പ്രസ്ഥാനത്തിന്റെ ചിന്തകനും തലച്ചോറുമായിരുന്ന മധുകർ നന്ദിനിയോട് വിശദീകരിക്കുന്നതിങ്ങനെയാണ്:

 '' 'പത്തുപതിനഞ്ചു വർഷങ്ങൾക്കു മുമ്പുള്ള ബിജാപുർ നിങ്ങൾക്കറിയില്ല. വഴികളിലെല്ലാം തോക്കും കത്തിയും ചാട്ടയുമായി അവർ ഭീതി വിതയ്ക്കുകയായിരുന്നു. വിറകുമായി വരുന്ന സ്ത്രീകളുടെ പിൻഭാഗത്ത് വെറുതേ ചാട്ടവീശി തല്ലുമായിരുന്നു. കൈയും കാലുമുറിച്ച ആൺകുട്ടികളെ മുഴുവൻ നാടുകടത്തിക്കൊണ്ടു പോയിരുന്നു. ഒഡീഷയിലും ആന്ധ്രയിലും ലഹരിവേട്ടയ്ക്കിടയിൽ പിടിക്കപ്പെടുന്നതു മുഴുവൻ ഈ ജില്ലയിലെ കുട്ടികളായിരുന്നു. അന്തിമയങ്ങുംമുന്നെ ബിജാപുർ കണ്ണും ചെവിയും മൂടി ചുരുണ്ടു കിടന്നിരുന്നു. ഇവിടുത്തെ സ്‌കൂളുകൾ മുഴുവൻ തീയിട്ടു കളഞ്ഞിരുന്നു. ഇന്ത്യയിലെ മുക്കിലും മൂലയിലും പോളിയോ തുള്ളിമരുന്നു വിതരണം ചെയ്യുമ്പോൾ ഇവിടുത്തെ കുട്ടികൾ മരുന്നില്ലാതെ, ചികിത്സയില്ലാതെ, മിണ്ടാനാവാതെ, കളിക്കാനാവാതെ... വിചാരണയും വിധിയും ശിക്ഷയും ഒക്കെ അവർ നടത്തി, എല്ലായിടത്തും തോറ്റോടേണ്ടിവന്ന അവർ ഇവിടം സാമ്രാജ്യമാക്കാൻ ശ്രമിച്ചു'.

         

'ഒരു കുഞ്ഞിനെയെങ്കിലും രക്ഷിക്കാൻ കഴിയാത്ത, ഒരു വയറെങ്കിലും നിറയ്ക്കാൻ കഴിയാത്ത, ഒരു പയർമണിയെങ്കിലും കിളിർപ്പിക്കാൻ കഴിയാത്ത, ഒരു യുവാവിനുപോലും ദിശ ചൂണ്ടാൻ കഴിയാത്ത, ഒരു പെണ്ണിന്റെയെങ്കിലും കണ്ണീരു തുടയ്ക്കാൻ കഴിയാത്ത, ആ മനുഷ്യ/പ്രകൃതി/ സാമൂഹിക വിരുദ്ധരായിരുന്നോ വിപ്ലവകാരികൾ? അതായിരുന്നോ വിപ്ലവം? ആണെങ്കിൽ, മഹാത്മാഗാന്ധി ആരായിരുന്നു?'

         

നിറഞ്ഞ മഴയത്തും, നരച്ച ഇരുട്ടു നിറഞ്ഞ മുറിക്കകത്ത് ഉഷ്ണമേറിത്തുടങ്ങി. നനുത്ത ശബ്ദം കുപ്പിച്ചില്ലുപോലെ കുത്താൻ തുടങ്ങി. കൃഷിയിടങ്ങൾ വെറുതേ മാനം നോക്കി മലർന്നു കിടക്കുമ്പോൾ, മണ്ണിനുടയോൻ അതിൽ വിത്തിറക്കാനോ കൊയ്യാനോ ആവാതെ റേഷൻകടയ്ക്കു മുന്നിൽ വളഞ്ഞുകൂടി നിന്നു. റോഡു കുത്തിക്കീറാനും വൈദ്യുതിപോസ്റ്റിളക്കാനും സ്‌കൂൾ കത്തിക്കാനും പോകുന്നതിനു കിട്ടുന്ന കൂലിക്കള്ളു മോന്തി ജീവച്ഛവങ്ങൾ പാതയോരത്തു ബോധംകെട്ടു കിടന്നു. വല്ലപ്പോഴും ചരക്കുവണ്ടി മറിഞ്ഞതിനും കുഴിബോംബു പൊട്ടി പൊലീസുകാരുടെ ജഡം മരക്കൊമ്പിൽ തൂങ്ങിയതിനും ഇവരിൽ പലരും കസ്റ്റഡിയിലായി, പിന്നെ കാണാതെയുമായി.

         

'സ്വരക്ഷയ്ക്കായി അവരെക്കൊണ്ട് ആയുധമെടുപ്പിക്കാൻ ഞങ്ങൾക്ക് ഏറെയേറെ പരിശ്രമിക്കേണ്ടിവന്നു. കാറ്റിനുപോലും കണ്ണും കാതുമുണ്ടായിരുന്നു. ഒരാളോട് ഒന്നു സംസാരിക്കാൻ ഒരാഴ്ച തക്കം പാർക്കേണ്ടിവന്നിരുന്നു. എന്നിട്ടതു സംഭവിച്ചില്ലേ? ഉറക്കമുണർന്ന്, ഭീതി കുറഞ്ഞ്, പരമ്പരാഗത ആയുധമെടുത്ത് അവരിറങ്ങിയില്ലേ?'

          'പരമ്പരാഗത ആയുധങ്ങളായിരുന്നോ?'

          'ആയിരുന്നു, ആദിവാസികളുടെ കൈയിൽ മുഴുവൻ അതായിരുന്നു. മുമ്പും ഉണ്ടായിരുന്നു. പക്ഷേ, അവർ പേടിക്ക് അടിപ്പെട്ടിരുന്നു'. 

         

വെറും ഒരൊറ്റ വർഷംകൊണ്ട് കാടു തുരത്തി, പാലവും പാടവും തിരിച്ചു പിടിച്ചു. നിന്നുപോയിരുന്ന പൂജകളും മേളകളും ചന്തകളും തുടങ്ങി. പക്ഷേ, ഉണരുന്ന, കൂട്ടുകൂടുന്ന, അടിമകൾ ദളത്തിനെ മാത്രമല്ല മറ്റു പലരെയും ഭയപ്പെടുത്തിയിരുന്നു എന്നുതന്നെയാണ് ഞാൻ മനസ്സിലാക്കുന്നത്''.

          പിപ്പ്ൾസ് വാർഗ്രൂപ്പിന്റെ കമാൻഡർ ഭദ്രണ്ണ രാമയുമായുള്ള അഭിമുഖം, ഇടതുതീവ്രവാദത്തിന്റെ അന്തസ്സാരശൂന്യതകളെയും വരട്ടുതത്വവാദങ്ങളെയും ഒന്നോടെ വെളിപ്പെടുത്തുന്നുണ്ട്. മാവോയിസ്റ്റ് പ്രസ്ഥാനത്തിന്റെ പ്രതിസന്ധികളെക്കുറിച്ചും 'ജൽ, ജംഗൽ, ജമീൻ' എന്ന മുദ്രാവാക്യമുയർത്തി ബസ്തർ ആദിവാസിഗോത്രങ്ങളുടെ നിലനിൽപ്പിനുവേണ്ടി അവർ നടത്തിയ പ്രക്ഷോഭങ്ങളെക്കുറിച്ചും ഭരണകൂടത്തിന്റെ വികസനപദ്ധതികൾക്കെതിരെ സ്വീകരിക്കുന്ന നിലപാടുകളെക്കുറിച്ചുമുള്ള ഭദ്രണ്ണയുടെ വാദഗതികൾ എത്രയും ഉപരിപ്ലവവും ക്ഷുദ്രവും പ്രാകൃതവുമാണ്.

         

മലയാളത്തിൽ തികച്ചും അപൂർവമെന്നുതന്നെ പറയാം, ആംചൊ ബസ്തറിന്റെ ഉള്ളടക്കവും പ്രാതിനിധ്യവും. ഭാഷ, ചിലേടങ്ങളിലെങ്കിലും അതികാല്പനികതകൊണ്ടും ആഖ്യാനം ചിലേടങ്ങളിലെങ്കിലും അമിതമായ ആത്മത്വം കൊണ്ടും ചെടിപ്പിക്കുമെങ്കിലും ഒരു വിശാല ജനവാസമേഖലയിൽ മൂന്നുവർഷക്കാലം നിരവധി തവണ യാത്രചെയ്തും ഏറെനാൾ ജീവിച്ചും അവരുടെ ജൈവികസംസ്‌കൃതി തൊട്ടറിഞ്ഞും രചിച്ച ഈ യാത്രാവിവരണഗ്രന്ഥത്തിൽ താഴെപ്പറയുന്ന സവിശേഷതകൾ ചൂണ്ടിക്കാണിക്കാനാവും.

1. 'സഞ്ചാരസാഹിത്യം' എന്ന സംജ്ഞ സാർഥകമാക്കും വിധം, യാത്രകൾക്കും കാഴ്ചകൾക്കും അനുഭവങ്ങൾക്കുമൊപ്പമോ അതിലധികമോ ഭാവനാത്മകവും കഥാത്മകവും സൗന്ദര്യാത്മകവുമാണ് 'ആംചൊ ബസ്തർ'. പല ഭാഗങ്ങളും നോവൽപോലെ വായിച്ചുപോകാം. പലതും കാവ്യാത്മകമായ ഭാവബന്ധങ്ങളാണ്. ചിലത് ഒന്നാന്തരം ചെറുകഥകൾതന്നെ. അടിമുടി, നാടകീയമാണ് നന്ദിനിയുടെ അവതരണം.

2. അതിസൂക്ഷ്മമായ വിവരണങ്ങളും വിശദാംശങ്ങളും കൊണ്ട് ആദ്യന്തം ദൃശ്യവൽക്കരിച്ച ആഖ്യാനം. കാഴ്ചയുടെ അനുഭൂതി പകരുന്ന വാക്കുകളുടെയും ബിംബകല്പനകളുടെയും തുടർവിന്യാസം. അനുഭവത്തിന്റെ സാംഗോപാംഗസാക്ഷാത്കാരം.

3. ബസ്തർ മേഖലയിലെ ഏഴു ജില്ലകളിൽ നെടുകെയും കുറുകെയും നടത്തിയ മൂന്നു വർഷം നീണ്ടുനിന്ന യാത്രകളിൽ നിന്നു പകർത്തുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ആദിവാസിസമൂഹങ്ങളുടെ നാനാമുഖ ജീവിതങ്ങളുടെ അടരുകളും പടലങ്ങളും.

4. മിത്തുകളും ചരിത്രങ്ങളും കൊണ്ട് ഊടും പാവും നെയ്ത ഒരു വൻ ഭൂപ്രദേശത്തിന്റെയും, എട്ടുപത്തു നൂറ്റാണ്ടുകളുടെയും എണ്ണമറ്റ ഗോത്രങ്ങളുടെയും ഭാഷാസംസ്‌കൃതികളുടെയും കാലഭൂപടം.

5. 'ഭൂമിശാസ്ത്രമാണ് ചരിത്രം' എന്ന കാഴ്ചപ്പാട് ഉറപ്പിച്ചെടുക്കുംവിധം സ്ഥലങ്ങളുടെയും ദേശങ്ങളുടെയും ഇടങ്ങളുടെയും നിർമ്മിതികളുടെയും വഴികളുടെയും ഗ്രാമങ്ങളുടെയും വനങ്ങളുടെയും പുഴകളുടെയും..... മൂർത്തമായ ആഖ്യാനം.

6. പ്രാക്തനവും അനാഗരികവുമായ ഒരു ജനസംസ്‌കൃതിയെ അതിന്റെ ഗോത്രവൈവിധ്യങ്ങളിലും ജൈവികവും സ്വാഭാവികവുമായ അവസ്ഥകളിലും പകർത്തിവയ്ക്കാനുള്ള നിരന്തര ശ്രമം.

7. മാവോയിസ്റ്റ് റെഡ്‌കോറിഡോറിന്റെ രാഷ്ട്രീയാന്തർനാടകങ്ങൾ, നിഷ്പക്ഷമെന്നവകാശപ്പെട്ടാണെങ്കിലും, ഇതാദ്യമായാവണം, മലയാളത്തിൽ ഇത്രമേൽ വിശദവും വിപുലവുമായി ആവിഷ്‌കൃതമാകുന്നു. 

പുസ്തകത്തിൽ നിന്ന്

''പല തവണ പലരാലും തിരുത്തിയെഴുതപ്പെട്ട ജീവിതകഥയാണ് പ്രവീർചന്ദ്ര ബാൻജദേവിന്റേത്. ചില കഥകൾ അത്യന്തം ഹൃദയസ്പർശിയും, ചിലത് രാജഭോഗങ്ങൾക്കതീതനായ ഒരു മനുഷ്യസ്‌നേഹിയുടെയും, ചിലത് വിപ്ലവകാരിയുടേതും, ചിലത് രാഷ്ട്രീയക്കളികളുടെ രക്തസാക്ഷിയുടേതും, ചിലത് കുടുംബത്തിനകത്തെ അധികാരവടംവലിയുടെ ഇരയുടേതും ഒക്കെയാണ്. പക്ഷേ, ഒരു കാര്യം നമുക്ക് നേരിൽ തൊട്ടറിയാം.

ബസ്തർ കൊട്ടാരത്തിലോ ദന്തേശ്വരീമന്ദിരത്തിലോ ബഡെ ഡോങ്കർ പോലുള്ള പ്രദേശങ്ങളിലോ എവിടെയും കാണുന്ന പ്രവീർചന്ദ്ര ബാൻജദേവിന്റെ ഫോട്ടോവിലൊന്നും അദ്ദേഹം രാജാവിന്റെ വേഷഭൂഷഭാവഹാദികളിലല്ല. മറ്റെല്ലാ രാജാക്കന്മാരുടെയും ചിത്രങ്ങൾക്കിടയിൽ ഇദ്ദേഹം തീർത്തും വ്യത്യസ്തനായി നിലകൊള്ളുന്നു. സ്വപ്നങ്ങൾ മയങ്ങുന്ന കണ്ണുകൾ അയാളൊരു കലാകാരനായിരുന്നെന്നു തോന്നിച്ചു. തീർത്തും അലസമായ വസ്ത്രധാരണം. അയാളൊരു ചിന്തകനായിരുന്നെന്നു തോന്നിച്ചു. തലപ്പാവില്ലാതെ കഴുത്തറ്റം നീട്ടിയിട്ടിരിക്കുന്ന മുടി അയാളൊരു സ്വയം നിഷ്‌കാസിതനായിരുന്നെന്നു തോന്നിച്ചു. പ്രവീർചന്ദ്രയുടെ ജീവിതകാലം അത്ര പഴയതൊന്നുമല്ല. എന്നിട്ടും അയാളെ ചുറ്റിനിൽക്കുന്ന നിഗൂഢത അയാളൊരു സാമാന്യനല്ലായിരുന്നെന്നു തോന്നിച്ചു.

          പ്രവീർചന്ദ്രയുടെ ജനനം 1929ലായിരുന്നു. വളരെ ചെറിയ പ്രായത്തിൽത്തന്നെ വിദ്യാഭ്യാസത്തിനായി ലണ്ടനിലേക്കു പോയി. 1936-ൽ ഏഴാമത്തെ വയസ്സിൽ രാജപദവിയിൽ അവരോധിതനായെങ്കിലും, ഭരണം ബ്രിട്ടീഷ് റിസീവറുടെ കൈയിലായിരുന്നു. അദ്ദേഹം ലണ്ടനിൽത്തന്നെ തുടർന്നു. ഇരുപത്തിമൂന്നാമത്തെയോ മറ്റോ വയസ്സിലാണ് തിരിച്ചുവരവ്. അപ്പോഴേക്കും ഇന്ത്യ സ്വതന്ത്രമാവുകയും രാജാധികാരം ഇല്ലാതാവുകയും നാട്ടുരാജ്യങ്ങൾ ഇന്ത്യൻ യൂണിയനിൽ ലയിക്കുകയും ചെയ്തിരുന്നു. അതോടെ അദ്ദേഹം തലപ്പാവ് ഉപേക്ഷിച്ചു. ഇനിയതിന്റെ ആവശ്യമില്ലായെന്നാണ് കുടുംബസദസ്സിൽ പ്രഖ്യാപിച്ചത്.

          പ്രവീറിന് താത്പര്യം മുഴുവൻ ഗോത്രജനതയുടെ കൂടെക്കൂടാനായിരുന്നു. അതിനായി അദ്ദേഹം വനാന്തരത്തിലൂടെ ദീർഘയാത്രകൾ നടത്തി. പലതരം ഗോത്രഭാഷകൾ പഠിച്ചു.

          കാട്ടുജനതയുടെ സ്വതന്ത്രജീവിതത്തിൽ ആകർഷിതനായി. ദന്തശ്വരീമാതാവിന്റെ മുറ്റത്തുവെച്ച് പല തവണ വലിയ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്തു സംസാരിച്ചു. ഒരു സാധാരണ മദ്ധ്യപ്രദേശുകാരന്റെ വസ്ത്രങ്ങളണിഞ്ഞു.

          പ്രവീർ ദണ്ഡകാരണ്യവാസികൾക്ക് ഏറെ പ്രിയപ്പെട്ടവനായി, അവർ അദ്ദേഹത്തിന്റെ വിശ്വസ്ത അനുയായികളായി. 1957-ൽ അദ്ദേഹം മദ്ധ്യപ്രദേശ് വിധാൻസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുകയുമുണ്ടായി. ആ സമയത്താണ് ബസ്തറിലെ പ്രത്യേകിച്ച് ബല്ലാഡില മലനിരകളിലെ കനത്ത ഇരുമ്പയിർ ബോക്‌സൈറ്റ് നിക്ഷേപങ്ങളിലേക്ക് രാജ്യത്തിന്റെ ശ്രദ്ധ തിരിയുന്നത്. അതേക്കുറിച്ചു പഠിക്കുവാനായി ജഗദൽപുരിലെത്തിയ വിദഗ്ദ്ധരോട് തന്റെ അതിരൂക്ഷമായ വിസമ്മതം അറിയിച്ചതോടെ പ്രവീർ രാഷ്ട്രീയക്കണ്ണുകളിൽ കരടായി.

          ഖനന നടപടികൾ തുടങ്ങാൻ ഒരുപക്ഷം ഒരുക്കുകൂട്ടുമ്പോൾ, പ്രവീർ കാടുമുഴുവൻ യാത്ര ചെയ്ത് ആദിവാസികളെ ബോധവത്കരിക്കാൻ തുടങ്ങി. പ്രകൃതിവിഭവങ്ങൾ ഉപയോഗിക്കുന്നതിന് അദ്ദേഹം എതിരല്ലായിരുന്നു. പക്ഷേ, അതിനുമുന്നെ പ്രദേശവാസികളോടു ചെയ്യേണ്ട നീതിയെക്കുറിച്ചാണ് അദ്ദേഹം സംസാരിച്ചത്. ഒരഞ്ചു വർഷമെങ്കിലും പുനരധിവാസപ്രക്രിയകൾ ഫലപ്രദമായി നിർവ്വഹിച്ചതിനുശേഷം മാത്രം പദ്ധതി തുടങ്ങിയാൽ മതി എന്നു ശഠിച്ചു. പല തവണ ദന്തേശ്വരിയുടെ മുറ്റത്ത് ആളുകൾ നിറഞ്ഞു, തിലകം ചാർത്തി സത്യം ചെയ്തു.

          മാവോയിസം എന്നൊക്കെ കേൾക്കുംമുന്നേതന്നെ ക്ഷേത്രമുറ്റത്തുനിന്നു തുടങ്ങിയ ഈ ജനകീയമുന്നേറ്റത്തെ, 'ബസ്തർ വിപ്ലവപ്രവർത്തനങ്ങളുടെ മാതാവ്' എന്നു വിശേഷിപ്പിക്കുന്നവരുണ്ട്. വലിയൊരു പൊലീസ് ക്യാമ്പ് പൊടുന്നനേ ജഗദൽപുരിൽ പ്രവർത്തനം തുടങ്ങിയതിനും വേറെ ന്യായീകരണങ്ങളില്ല. വലിയ നേതാക്കൾ പലരും കൊട്ടാരത്തിൽ വന്നു മടങ്ങിപ്പോയി. ഖനനം മാത്രമായിരുന്നില്ല, ഭൂപരിഷ്‌കരണനിയമത്തിലൂടെ മണ്ണ് വിഭജിച്ചു കൊടുത്തതിലെ അപാകതകളിലും, പ്രാദേശിക രാഷ്ട്രീയനേതാക്കന്മാരുടെ പ്രവർത്തനശൈലികളിലും പ്രവീർ അങ്ങേയറ്റം രോഷാകുലനായിരുന്നു.

ചൈത്രമാസം തുടങ്ങിയാൽ ആദിവാസികൾ കൂട്ടമായി ഊരുകളുപേക്ഷിച്ച് നായാട്ടിനായി കാടുകേറുക എന്നതൊരു ജീവിതശൈലിയാണ്. അതിനുമുന്നേ ഔപചാരികമായി സമ്മതം ചോദിക്കുവാൻ അവർ രാജാങ്കണത്തിലെത്തും. പരമ്പരാഗത ആയുധങ്ങളും വേഷങ്ങളും വാദ്യങ്ങളുമായി ആഘോഷമായാണ് അവർ വരിക. രാജാവ് അവർക്കിടയിലേക്കിറങ്ങിവന്ന് ഗോത്രമൂപ്പന്മാർക്ക് സമ്മാനങ്ങൾ നൽകും. 1966 മാർച്ച് 25ന് ആദിവാസികൾ കൂട്ടമായി രാജാങ്കണത്തിലേക്ക് എത്തിച്ചേരാൻ തുടങ്ങി. ചൈത്രാരംഭമായിരുന്നു. ഗോത്രവംശജർ സായുധരായി കൊട്ടാരത്തിലെത്തുന്നതിന് പൊലീസ് ദുർവ്യാഖ്യാനം ചമച്ചു. പ്രവീറിന്റെ നേതൃത്വത്തിൽ സായുധാക്രമണത്തിന് നീക്കം എന്നു പ്രചരിപ്പിച്ചു. ചുരുങ്ങിയ സമയംകൊണ്ട് പൊലീസ് സേന കൊട്ടാരം വളഞ്ഞു.

ആഘോഷോന്മത്തരായിരുന്ന കാട്ടുമനുഷ്യർ പെട്ടെന്നുള്ള സംഭവവികാസങ്ങളിൽ ഭയഭീതരായി. അറിയാതെ ഒരാളുടെ കൈയിൽ നിന്നും ഒരമ്പ് ചീറിപ്പായുകയും ഒരു പൊലീസുകാരന് എൽക്കുകയും ചെയ്തു. അതോടെ പൊലീസ് വെടിവെപ്പു തുടങ്ങി. ചിലർ പേടിച്ച് കൊട്ടാരത്തിന്റെ സ്വീകരണമുറിയിലേക്കു കയറി. പൊലീസ് അവരെ പിന്തുടർന്ന് അകത്തെത്തി. പുറത്തെ ബഹളം കേട്ട് കോണിപ്പടികളിറങ്ങി ഓടിവരികയായിരുന്ന പ്രവീർചന്ദ്ര, പടികളിൽത്തന്നെ വെടികൊണ്ടു മരിച്ചുവീണു. അപ്പോഴദ്ദേഹത്തിന് മുപ്പത്തേഴു വയസ്സു മാത്രം പ്രായമായിരുന്നു.

അന്നത്തെ വെടിവെപ്പിൽ എത്ര ആദിവാസികൾ മരിച്ചുവെന്നതിന് കണക്കൊന്നുമില്ല. തിരിച്ചുവരാത്തവരെല്ലാം മരണപ്പെട്ടു എന്നു കരുതാം. പിറ്റേന്നു പുലരുംമുന്നേതന്നെ മൃതദേഹങ്ങളെല്ലാം ദൂരെയെവിടെയോ കൊണ്ടുപോയി കത്തിച്ചു. മുറ്റം കഴുകി വൃത്തിയാക്കി. ഇങ്ങനൊരു മനുഷ്യക്കുരുതി നടന്നതിന്റെ ഒരു തെളിവും പിറ്റേന്ന് അവശേഷിച്ചില്ല.

          ഇതിലൊരു കഥ കൂടെയുണ്ട്. 1947 മുതൽ രാജാധികാരം നഷ്ടപ്പെട്ട രാജാക്കന്മാർക്ക് പ്രിവിപേഴ്‌സ് എന്നൊരുതരം പെൻഷൻ നൽകിയിരുന്നല്ലോ. പദവിയിലുള്ള രാജാവിന്റെ പേരിലാണത് റൊക്കമായി കൊടുത്തിരുന്നത്. പ്രവീറിന്റെ ഇളയ സഹോദരന് ഇതിൽ കണ്ണുണ്ടായിരുന്നു. പക്ഷേ, തന്റെ വിഹിതം ജ്യേഷ്ഠനിൽനിന്നു കിട്ടാനുള്ള അർഹത മാത്രമേ അയാൾക്കുണ്ടായിരുന്നുള്ളൂ. ചില ഉദ്യോഗസ്ഥർ ഇയാളെ സഹായിക്കാനുണ്ടായിരുന്നു. പ്രവീർ മാനസികപ്രശ്‌നങ്ങളുള്ള വ്യക്തിയാണെന്നു കാണിച്ച് ഇയാൾ ഒരുപാടു നീക്കങ്ങൾ നടത്തിയിരുന്നു. കൊട്ടാരത്തിനകത്തു പൊട്ടിയ വെടിയിൽ എത്ര കൈയുകളുണ്ടെന്നു പറയാനാവില്ല.

          മുപ്പത്തിരണ്ടാമത്തെ വയസ്സിൽ രാജസ്ഥാനിലെ രാജകുമാരി ശുഭ് രാജ് കുമാരിയെ വിവാഹം കഴിച്ച പ്രവീറിനോ ഇളയ സഹോദരനോ മക്കളുണ്ടായിരുന്നില്ല. അതിനാൽ അവർ ഒഡീഷയിലെ പർലേഖ് മുൻഡിയിലെ ഗജപതി രാജവംശത്തിൽനിന്നൊരു കുഞ്ഞിനെ ദത്തെടുത്തു. അങ്ങനെയെങ്കിൽ ബസ്തറിലെ ഒടുവിലത്തെ കാകതീയരാജാവായിരുന്നു പ്രവീർചന്ദ്ര ബാൻജ്‌ദേവ് എന്നു പറയാം.

          എന്നാൽ ഇന്നും ബസ്തർവാസികളുടെ 'സ്വന്തം' രാജാവ് പ്രവീർതന്നെയെന്ന് നിസ്സംശയം പറയാം. രാജകൊട്ടാരത്തിന്റെ സ്വീകരണമുറി തൊട്ട് ക്ഷേത്രങ്ങളിലും ധർമ്മസ്ഥാപനങ്ങളിലും ആഫീസുകളിലും, സ്വപ്നങ്ങൾ കുടുങ്ങിയ കണ്ണുകളുള്ള, തോളറ്റം ചിന്നിയ മുടിയുള്ള ഒരൽപ്പം ആരോഗ്യക്കുറവു തോന്നിക്കുന്ന പ്രവീറിന്റെ ചിത്രം കാണാം. കൊട്ടാരത്തിൽ ആടയാഭരണങ്ങളോടു കൂടിയ വലിയ മനുഷ്യർക്കിടയിൽ ദീപങ്ങൾ പിടിപ്പിച്ച് പൂക്കൾ ചൂടി പ്രവീർ ഇരിക്കുന്നു''. 

ആംചൊ ബസ്തർ
നന്ദിനി മേനോൻ
മാതൃഭൂമി ബുക്‌സ്
2022
550 രൂപ