- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാനഡ എന്ന കാനാൻ ദേശം
ഇടുക്കി ജില്ലയിലെ ഒരു കുടിയേറ്റഗ്രാമത്തിലെ കർഷകകുടുംബത്തിൽ പിറന്ന മരിയ ജോസഫ് പ്ലസ്ടു ജയിച്ചശേഷം 2019ൽ പതിനെട്ടാം വയസ്സിലാണ് കാനഡയിലെ ഒട്ടാവാ പ്രവിശ്യയിലുള്ള അൽഗോങ്കിയൻ കോളേജിൽ DSW (Disabled Support Work) എന്ന കോഴ്‌സിനു ചേർന്നത്. ഡിഗ്രി കോഴ്‌സുകൾക്കു ചേർന്നാലുണ്ടാകാവുന്ന വൻ സാമ്പത്തികച്ചെലവ് കണക്കിലെടുത്ത് ഡിപ്ലോമ കോഴ്‌സിനു ചേർന്ന മരിയ രണ്ടുവർഷം കൊണ്ട് കോഴ്‌സ് പൂർത്തിയാക്കി, ജോലിക്കു കയറി. പഠനകാലത്ത് തന്നെ ഒരുവർഷം Wallmartൽ ജോലിചെയ്ത് പഠനച്ചെലവ് കണ്ടെത്തിയ മരിയ പിന്നീട് ഒരുവർഷം ജോലിചെയ്തതിന്റെ ശമ്പളം കൊണ്ട് തന്നെ കാനഡയിലയ്ക്കാൻ പിതാവ് മുടക്കിയ 18 ലക്ഷം രൂപ തിരികെ കൊടുക്കുക മാത്രമല്ല, ഒരു മെഴ്‌സഡിസ് ബെൻസ് കാർ സ്വന്തമായി വാങ്ങുകയും ചെയ്തു. ഇരുപത്തൊന്നാംവയസ്സിൽ മരിയ തന്റെ ജീവിതം പുനർനിർണയിക്കുന്ന മറ്റൊരു തീരുമാനമെടുത്തു. രണ്ടുവർഷം കൂടി ഈ ജോലിചെയ്ത്, ഡിഗ്രിപഠനത്തിനുള്ള പണമുണ്ടാക്കി നല്ലൊരു ഡിഗ്രി പാസ്സായി കൂടുതൽ മെച്ചപ്പെട്ട ജോലി നേടും. എഴുപതുവർഷം മുൻപ് കോട്ടയം ജില്ലയിൽനിന്ന് നടന്നും വലഞ്ഞും ഏഴു സഹോദരങ്ങൾക്കും മാതാപിതാക്കൾക്കുമൊപ്പം ഹൈറേഞ്ചിലെത്തി കാടുവെട്ടിത്തെളിച്ച് ജീവിതം കെട്ടിപ്പൊക്കിയ വല്യപ്പനിലും ഒരു സാങ്കേതിക കോഴ്‌സ് പഠിച്ച് ഗൾഫിൽ പോയി കുറെക്കൂടി ഭേദപ്പെട്ട ജീവിതസാഹചര്യമുണ്ടാക്കിയ അപ്പനിലും നിന്ന് ഭിന്നയായി മരിയ മൂന്നുവർഷം കൊണ്ട് കാനഡയിൽ വർക്ക് വിസയും പി.ആറും നേടിക്കഴിഞ്ഞിരിക്കുന്നു.
മലയാളികൾ പുതിയൊരു പുറപ്പാടിന്റെ കാലത്താണ്. കാനഡയാണ് അവരുടെ ഏറ്റവും വലിയ വാഗ്ദത്തഭൂമി. മരിയയെപ്പോലെ ലക്ഷക്കണക്കിനു വിദ്യാർത്ഥികളാണ് ഇന്ത്യയിൽ നിന്ന് ഓരോ വർഷവും കാനഡയിലേക്ക് വിദ്യാഭ്യാസത്തിനും തുടർന്ന് തൊഴിലിനും സ്ഥിരവാസത്തിനുമായി പുറപ്പെടുന്നത്. 2021ൽ മാത്രം ഇന്ത്യയിൽനിന്ന് രണ്ടേകാൽ ലക്ഷം വിദ്യാർത്ഥികൾക്കാണ് കാനഡയിൽ പഠിക്കാൻ പ്രവേശനം കിട്ടിയത്. 2016നും 21 നുമിടയിൽ 220 ശതമാനം വർധനവാണ് ഈ രംഗത്തുണ്ടായിട്ടുള്ളത്. അപേക്ഷിച്ചവരിൽ 40 ശതമാനത്തിന് പ്രവേശനം കിട്ടിയില്ല എന്നതുകൂടി ശ്രദ്ധിക്കണം. പത്തുലക്ഷത്തോളം ഇന്ത്യാക്കാരുടെ അപേക്ഷകളാണ് കാനഡയിൽ സ്ഥിരവാസത്തിന് സമർപ്പിക്കപ്പെട്ടിട്ടുള്ളത്. ഇത് ഒരു ലോകറെക്കോർഡാണ്. പതിനായിരക്കണക്കിന് മലയാളി വിദ്യാർത്ഥികളാണ് ഓരോ വർഷവും കാനഡയിൽ വിദ്യാഭ്യാസത്തിനായി പോകുന്നത്. അവരുടെ മുഴുവൻ പേരുടെയും ലക്ഷ്യം വിദ്യാഭ്യാസം മാത്രമല്ല തൊഴിലും സ്ഥിരവാസവുമാണ് എന്നിടത്താണ് ഈ കുടിയേറ്റത്തിന്റെ രാഷ്ട്രീയം വ്യക്തമാകുന്നത്.
കഴിഞ്ഞ ഒരു നൂറ്റാണ്ടിൽ തൊഴിൽതേടി മലയാളി ഏഷ്യ, വടക്കൻ അമേരിക്ക, യൂറോപ്പ് എന്നീ മൂന്നു ഭൂഖണ്ഡങ്ങളിലുമുള്ള വിദേശരാജ്യങ്ങളിൽ പോയിരുന്നുവെങ്കിലും അടുത്ത കാലത്താണ് തെക്കെ അമേരിക്കയിലും ആഫ്രിക്കയിലും ആസ്‌ട്രേലിയയിലും കുടിയേറിപ്പാർത്തു തുടങ്ങിയത്. വടക്കെ അമേരിക്കയും യൂറോപ്പും ആസ്‌ട്രേലിയയുമാണ് ഇന്നിപ്പോൾ വിദ്യാഭ്യാസത്തിനും തൊഴിലിനും സ്ഥിരവാസത്തിനും മലയാളികൾ ഏറെ തെരഞ്ഞെടുക്കുന്നത്.
ആഗോളവൽക്കരണത്തിന്റെ ഏറ്റവും പ്രകടവും മൂർത്തവുമായ ഫലങ്ങളിലൊന്നാണ് വികസിതരാജ്യങ്ങളിലേക്ക് വികസ്വരരാജ്യങ്ങളിൽ നിന്നുണ്ടാകുന്ന അഭൂതപൂർവമായ കുടിയേറ്റം. ഇന്ത്യയിൽ പഞ്ചാബികളും ഗുജറാത്തികളും കഴിഞ്ഞാൽ ഈയൊരു ഗുണഫലം ഏറ്റവും കൂടുതലനുഭവിക്കുന്നത് കേരളീയരാണ് എന്നു തോന്നുന്നു. വിദ്യാഭ്യാസം, തൊഴിൽ, സ്ഥിരവാസം എന്നീ ലക്ഷ്യങ്ങളോടെ കേരളത്തിനും ഇന്ത്യക്കും വെളിയിൽ പോകുക എന്നതിനപ്പുറം മറ്റൊരു മോഹവും മധ്യവർഗമലയാളിക്ക് ഇപ്പോഴില്ല. ഒരുതരത്തിലും ജീവിക്കാൻ കൊള്ളാത്ത നാടാണ് കേരളം എന്നു കരുതുന്നവരുടെ എണ്ണം അനുദിനം കൂടിവരുന്നു.
ഈയൊരു സന്ദർഭത്തിലാണ് കഴിഞ്ഞ പത്തുവർഷമായി കാനഡയിൽ ആൽബർട്ട പ്രവിശ്യയിലെ മക്ഇവാൻ യൂണിവേഴ്‌സിറ്റിയിൽ സോഷ്യൽവർക്ക് വിഭാഗത്തിൽ അദ്ധ്യാപകനായ പി.വി. ബൈജുവിന്റെ 'കനേഡിയൻ കാഴ്ചകൾ' എന്ന പുസ്തകം ശ്രദ്ധേയമാകുന്നത്. കാനഡയിൽ പഠനവും തൊഴിലും കുടിയേറ്റവും സാധ്യമാകുന്നതെങ്ങനെ എന്നതിനെക്കുറിച്ചുള്ള ഉപദേശഗ്രന്ഥമൊന്നുമല്ല ഇത്. പകരം കാനഡ എന്താണെന്നും എങ്ങനെയാണെന്നും എന്തൊക്കെയാണ് അവിടത്തെ സംസ്‌കാരങ്ങളെന്നും മുപ്പത്തഞ്ച് ലേഖനങ്ങളിൽ സംക്ഷിപ്തമായി വിവരിക്കുന്ന മികച്ച ഒരു പഠനഗ്രന്ഥമാണിത്. 2016-18 കാലത്ത് എഴുതിയവ.
കൊളോണിയലിസത്തിന്റെ സൃഷ്ടിയും സ്ഥിതിയും സംഹാരവും ഒരുപോലെ പ്രാവർത്തികമായ, ഭൂവിസ്തൃതിയിൽ ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ രാജ്യം. ഇന്ത്യയുടെ മൂന്നിരട്ടി വലിപ്പം. കേരളത്തിന്റെ 257 മടങ്ങ് വിസ്തൃതി എന്നും പറയാം. പക്ഷെ ആകെ ജനസംഖ്യ കേരളത്തിലേതിനു തുല്യം. മൂന്നര കോടിയിൽ താഴെ. ജനസാന്ദ്രത ചതുരശ്ര കിലോമീറ്ററിന് വെറും നാല്. കേരളത്തിൽ ഇത് 860 ആണ് എന്നോർത്താൽമതി, വ്യത്യാസം മനസ്സിലാകും. വെനിസ്വേല, സൗദി അറേബ്യ എന്നീ രാജ്യങ്ങൾ കഴിഞ്ഞാൽ ലോകത്ത് ഏറ്റവും വലിയ എണ്ണ നിക്ഷേപമുള്ളത് കാനഡയിലാണ്. കാനഡയിലെ സേവന, ജീവിത നിലവാരം മനസ്സിലാക്കാൻ ഒരു കാര്യം ഉദാഹരിക്കാം. കാനഡയിലെ പതിമൂന്നു പ്രവിശ്യ(സംസ്ഥാനം)കളിലൊന്നായ ആൽബർട്ടയിൽ 2017-18 വർഷത്തെ ആരോഗ്യ സേവന മേഖലയിലെ മാത്രം നീക്കിയിരിപ്പ് ഒരുലക്ഷത്തി ഇരുപതിനായിരം കോടി രൂപയാണ്. ഇത് ആവർഷത്തെ കേരളബജറ്റിന്റെ മൊത്തം തുകക്കു തുല്യമാണ്. ആൽബർട്ടയിലെ ജനസംഖ്യ കാനഡയിലെ മൊത്തം ജനസംഖ്യയുടെ പത്തുശതമാനം മാത്രമാണ് എന്നുകൂടി മനസ്സിലാക്കിയാൽ കൂടുതൽ വിശദീകരിക്കേണ്ടതില്ലല്ലോ. മാനവവിഭവശേഷിവികസനത്തിലും മനുഷ്യാവകാശ സംരക്ഷണത്തിലും കുടിയേറ്റ, തൊഴിൽ നിയമങ്ങളിലും ജനാധിപത്യ രാഷ്ട്രീയ വ്യവസ്ഥയിലും മറ്റും കാനഡ പുലർത്തുന്ന ഉദാരവും ഉദാത്തവുമായ നയങ്ങളും നിലപാടുകളും ചൂണ്ടിക്കാണിച്ചുകൊണ്ട് ആധുനികകാലത്ത് കുടിയേറ്റങ്ങളുടെ കാനാൻദേശമായി കാനഡ മാറുന്നതിന്റെ പശ്ചാത്തലം അപഗ്രഥിക്കുകയാണ് സാമൂഹ്യസേവന/ശാസ്ത്ര/സമ്പദ്ഘടനാപഠനങ്ങളിൽ വൈദഗ്ദ്ധ്യവും പ്രാഗ്ത്ഭ്യവുമുള്ള ഗ്രന്ഥകാരൻ. (കാലടി സംസ്‌കൃതസർവകലാശാലയിൽ MSW അദ്ധ്യാപകനായിരുന്നു, 2012 വരെ ബൈജു.)
അഞ്ചു സമീപനങ്ങളിലാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം ബൈജു ക്രമീകരിച്ചിട്ടുള്ളത്.
1. ചരിത്രം, രാഷ്ട്രീയം, സമ്പദ്ഘടന, സമൂഹം, പരിസ്ഥിതിബോധം, ആരോഗ്യസുരക്ഷ എന്നിങ്ങനെ ആറു മേഖലകളിലായി വർഗീകരിച്ചിരിക്കുന്നു, ഈ ലേഖനങ്ങൾ.
2. ഓരോ ഭാഗത്തും കേന്ദ്രീകരിച്ചിരിക്കുന്ന വിഷയങ്ങളുടെ ഏറ്റവും പ്രസക്തമായ പശ്ചാത്തലങ്ങളും സ്വഭാവങ്ങളും അപഗ്രഥനാത്മകമായി വിവരിക്കുന്നു.
3. ഇതിനായി വസ്തുതകളും രേഖകളും കണക്കുകളും സംഭവങ്ങളും വ്യക്ത്യനുഭവങ്ങളും ഭരണകൂടനയങ്ങളും നിയമങ്ങളും മറ്റും മറ്റും ചൂണ്ടിക്കാണിക്കുന്നു.
4. ഓരോ പ്രശ്‌നത്തെയും വിഷയത്തെയും മേഖലയെയും കാനഡയുടെ ദേശീയതയോടും രാഷ്ട്രഘടനയോടും രാജ്യാന്തര ബന്ധവ്യവസ്ഥകളോടും ചരിത്രാത്മകമായി കൂട്ടിയിണക്കുന്നു.
5. സമാനമായ ഇന്ത്യൻ/കേരളീയ സന്ദർഭങ്ങൾ മുൻനിർത്തി മലയാളിയുടെ രാജ്യാന്തര യാത്രകളിലും ജീവിതസ്വപ്നങ്ങളിലും ഏറ്റവും വലിയ വാഗ്ദത്തഭൂമിയായി കാനഡ ഇടം പിടിക്കുന്നതെങ്ങനെ എന്ന കാര്യം സയുക്തികവും അതേസമയംതന്നെ വിമർശനാത്മകമായും വിശദീകരിക്കുന്നു.
നാലുലേഖനങ്ങളുണ്ട് 'ചരിത്രം' എന്ന ഭാഗത്ത്. ഇംഗ്ലണ്ടിലെ ഹെന്റി എട്ടാമൻ രാജാവിന്റെ കല്പനപ്രകാരം യാത്രപുറപ്പെട്ട ഇറ്റാലിയൻ നാവികനായ ജീൻ കാബോട്ടും സംഘവുമാണ് കാനഡയിൽ കാൽകുത്തിയ ആദ്യ യൂറോപ്യന്മാർ. 1497ലായിരുന്നു ഇത്. ക്രിസ്റ്റഫർ കൊളംബസ് അമേരിക്കയിൽ എത്തിയതിന് അഞ്ചുവർഷത്തിനുശേഷം. 1498ൽ വാസ്‌കോഡഗാമ ഇന്ത്യയിലുമെത്തി. യൂറോപ്പ് വടക്കെ അമേരിക്കയും ഏഷ്യയും കീഴടക്കിയതിന്റെ ആരംഭമുഹൂർത്തങ്ങളായിരുന്നു അവ. 16-ാം നൂറ്റാണ്ടിൽ ഫ്രഞ്ചുകാരെത്തി ഇംഗ്ലീഷുകാരെ തുരത്തി കാനഡ തങ്ങളുടെ കോളനിയാക്കി. 1534 മുതൽ 1763 വരെ ഫ്രഞ്ചുകാരാണ് കാനഡ ഭരിച്ചത്. ദശലക്ഷക്കണക്കിന് തദ്ദേശവാസികളെ കൊന്നൊടുക്കി യൂറോപ്യന്മാർ അമേരിക്ക സ്വന്തമാക്കിയതിനു പിന്നാലെ കാനഡക്കുവേണ്ടി 17, 18 നൂറ്റാണ്ടുകളിൽ നിരവധി തവണ ഫ്രഞ്ച്-ഇംഗ്ലണ്ട് യുദ്ധം നടന്നു. 1763ലെ പാരീസ് ഉടമ്പടിയോടെ കാനഡ ബ്രിട്ടന്റെ കോളനിയായി. പത്തൊൻപതാം നൂറ്റാണ്ടിൽ കാനഡയിൽ നടന്ന സ്വാതന്ത്ര്യസമരങ്ങൾക്കൊടുവിൽ 1867ൽ ഇന്നത്തെ കാനഡ രൂപംകൊണ്ടു. എങ്കിലും ഇംഗ്ലണ്ടിലെ രാജ്ഞി/രാജാവ് തന്നെയാണ് ഇന്നും കാനഡയുടെ അധിപ. ആദ്യം വാണിജ്യവും പിന്നെ മതവും ഒടുവിൽ രാഷ്ട്രീയവും മേൽക്കൈ നേടിയ യൂറോപ്യൻ കൊളോണിയലിസത്തിന്റെ സൃഷ്ടികളായ അമേരിക്കയും കാനഡയും ഇന്ന് ലോകത്തെതന്നെ ഏറ്റവും വലിയ രണ്ട് ഇംഗ്ലീഷ് രാജ്യങ്ങളാണ്-ഒന്നാമത്തെ ലേഖനം ഈ ചരിത്രമാണ് സംഗ്രഹിച്ചുപറയുന്നത്.
കാനഡയിലെ തദ്ദേശീയരെയും അവരുടെ മേൽ ഫ്രാൻസും പിന്നെ ബ്രിട്ടനും നടപ്പാക്കിയ ക്രൂരമായ ആധിപത്യങ്ങളെയും കുറിച്ചു പറയുന്നു, രണ്ടാം ലേഖനം. റസിഡൻഷ്യൽ സ്‌കൂളുകൾ എന്നറിയപ്പെടുന്ന പള്ളിക്കൂടങ്ങളായിരുന്നു തദ്ദേശീയ ജനതയെയും അവരുടെ സംസ്‌കാരത്തെയും ഉന്മൂലനം ചെയ്യാനുള്ള കോളനിസ്ഥാപനങ്ങൾ. വായിക്കൂ:
'രാഷ്ട്രീയാധികാരവും സാമ്പത്തികാധികാരവും നേടിയതിന് ശേഷവും സ്വതന്ത്രരാഷ്ട്രങ്ങൾ ഉണ്ടായിക്കഴിഞ്ഞതിനുശേഷവും തദ്ദേശവാസികളെ നികൃഷ്ടമായിത്തന്നെയാണ് യൂറോപ്യന്മാർ കണ്ടിരുന്നത്. അപരിഷ്‌കൃതരായ തദ്ദേശവാസികളെ പരിഷ്‌കൃതരാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി കാനഡ നടപ്പിലാക്കിയ റസിഡൻഷ്യൽ സ്‌കൂളുകളാണ് കാനഡയുടെ ചരിത്രത്തിലെ ഏറ്റവും വലിയ മനുഷ്യാവകാശലംഘനമായി കരുതപ്പെടുന്നത്. ഇംഗ്ലീഷ് അറിയാത്ത, മുടി നീട്ടിവളർത്തുന്ന, പരമ്പരാഗതമായ രീതിയിൽ വസ്ത്രധാരണം ചെയ്യുന്ന ആദിവാസിയെ പരിഷ്‌കരിക്കുക എന്നതായിരുന്നു റസിഡൻഷ്യൽ വിദ്യാലയങ്ങളുടെ ലക്ഷ്യമെങ്കിലും, നൂറ്റാണ്ടുകളുടെ ചരിത്രം പേറുന്ന ഒരു ജനതയുടെ സംസ്‌കാരവും ജീവിതരീതിയും പൊടുന്നനെ നഷ്ടപ്പെടുത്തുന്ന ക്രൂരതയായിപ്പോയി ഈ പാർപ്പിടവിദ്യാലയങ്ങൾ,
ചെറുപ്പത്തിലേ കുഞ്ഞുങ്ങളെ വീട്ടിൽനിന്നും നിർബന്ധപൂർവം പിടിച്ചുകൊണ്ടുപോയി ഈ വിദ്യാലയങ്ങളിൽ പാർപ്പിച്ച്, വിദ്യാഭ്യാസം കൊടുക്കുകയായിരുന്നു ഈ വിദ്യാലയങ്ങളുടെ രീതി. അവരുടെ ആചാരങ്ങളും അനുഷ്ഠാനങ്ങളും പാടെ മാറ്റി, മുടി പറ്റെ വെട്ടി, സായിപ്പിനെപ്പോലെ വസ്ത്രം ധരിപ്പിച്ച് ഇംഗ്ലീഷ് വിദ്യാഭ്യാസം കൊടുത്ത് അവരുടെ തദ്ദേശീയഭാഷ സംസാരിക്കാനനുവദിക്കാതെ, തങ്ങളുടെ സംസ്‌കാരത്തെ ഹീനമായി കാണുവാൻ പ്രേരിപ്പിച്ചു.
മക്കളെ വേർപിരിഞ്ഞ മാതാപിതാക്കളുടെ വിഷമം ഒരു വശത്ത്; മാതാപിതാക്കളെ പിരിഞ്ഞ മക്കളുടെ സങ്കടം വേറൊരിടത്ത്. തലമുറകൾ കൈമാറിവന്ന സംസ്‌കാരത്തെ അതിൽനിന്നും പറിച്ചുകളയാനുള്ള നിരന്തര പ്രക്രിയയിലൂടെ അവർ കടന്നുപോയി. ഈ വിദ്യാലയങ്ങളിൽ ഭീകരമായ പീഡനവും, ലൈംഗികചൂഷണവും നടന്നിരുന്നുവെന്ന് നിരവധി പേർ സാക്ഷ്യപ്പെടുത്തുന്നു. 1876-ൽ ആരംഭിച്ച ഈ വിദ്യാലയങ്ങളിൽ അവസാനത്തേത് അടച്ചത് 1996-ലാണ്. മൊത്തം 136 വിദ്യാലയങ്ങളിലായി,ഏകദേശം ഒരു ലക്ഷത്തി അമ്പതിനായിരം കുട്ടികൾ ഈ സ്ഥാപനങ്ങളിൽ ജീവിച്ചിട്ടുണ്ട്. അതിൽ 80,000 പേർ ഇന്നും ജീവിച്ചിരിക്കുന്നുവെന്നാണ് കണക്ക്.
ആറായിരത്തോളം കുട്ടികൾ അവിടെവെച്ചുതന്നെ മരിച്ചെന്ന് ജസ്റ്റീസ് സിൻക്ലയർ കമ്മീഷൻ സാക്ഷ്യപ്പെടുത്തുന്നു. സർക്കാരിന്റെ മേൽനോട്ടത്തിൽ ക്രിസ്ത്യൻ സഭകളാണ് ഈ സ്‌കൂളുകൾ നടത്തിയിരുന്നുവെന്നതാണ് മറ്റൊരു വിരോധാഭാസം. നന്മ ചെയ്യുകയാണെന്ന ബോധ്യത്തോടെ ചെയ്ത കാര്യങ്ങൾ, കാലത്തിന്റെ തിരിച്ചറിവിൽ എത്രയോ വലിയ തെറ്റായിരുന്നുവെന്ന് തിരിച്ചറിവ്, പക്ഷെ നഷ്ടപ്പെടുത്തിയത് ചരിത്രത്തെയും സംസ്‌കാരത്തെയുമാണ്. പല സഭകളും സംഘടനകളും ഈ കാലയളവിൽ ഈ വിദ്യാലയത്തിലെ തങ്ങളുടെ പങ്കിനെപ്പറ്റി പരസ്യമായി മാപ്പ് പറയുകയുണ്ടായി.
കാനഡ ജനതയ്ക്കുവേണ്ടി, പ്രധാനമന്ത്രി സ്റ്റീഫൻ ഹാർപർ 2008 ൽ രാജ്യത്തെ തദ്ദേശീയ ജനതയോട്, റസിഡൻഷ്യൽ സ്‌കൂളുകൾ എന്ന ക്രൂരതയുടെ പേരിൽ മാപ്പു പറഞ്ഞു. അതേവർഷം തന്നെ, റസിഡൻഷ്യൽ സ്‌കൂളുകളുടെ സത്യാവസ്ഥ കണ്ടെത്താനും അനുരഞ്ജനത്തിനുള്ള വഴികൾ ആരായാനുമായി ജസ്റ്റീസ് മുറെ സിൻക്ലയറിന്റെ അധ്യക്ഷതയിൽ മൂന്നംഗ ട്രൂത്ത് ആൻഡ് റികൺസിലിയേഷൻ കമ്മീഷനെ (ടിആർസി) വിന്നിപ്പെഗ് ആസ്ഥാനമായി നിയമിച്ചു. (സ്വതന്ത്രമായ ദക്ഷിണ ആഫ്രിക്കയിൽ, കറുത്തവരും വെള്ളക്കാരും തമ്മിലുള്ള രമ്യതക്കായി ബിഷപ് ഡെസ്മണ്ട് ടുട്ടുവിന്റെ നേതൃത്വത്തിൽ നടപ്പിലാക്കിയ ട്രൂത്ത് ആൻഡ് റികൺസിലിയേഷൻ കമ്മീഷനെ ഓർത്തുപോകുന്നു.) അഞ്ചുവർഷത്തെ കാലാവധി പോരാഞ്ഞ് നീട്ടിക്കൊടുത്ത സമയം കൂടിയെടുത്ത് 2015 ജൂൺ 2 നാണ് കമ്മീഷൻ അതിന്റെ പ്രാഥമിക റിപ്പോർട്ട് നൽകിയത്.
ടിആർസി ഏഴ് നഗരങ്ങളിലായി വിപുലമായ കമ്മീഷൻ സിറ്റിംഗുകൾ നടത്തുകയുണ്ടായി. അതിന് പൂരകമായി തദ്ദേശവാസികളുടെ റിസർവുകളിലും സിറ്റിംഗുകൾ നടത്തി. മൊത്തം 7000 പേരിൽനിന്നും തെളിവെടുത്തു. കമ്മീഷന്റെ അവസാന തെളിവെടുപ്പു നടന്നത് 2014 മാർച്ചിൽ എഡ്മണ്ടനിലാണ്. തെളിവെടുപ്പിൽ പങ്കെടുക്കാൻ ടിആർസിക്ക് പിന്തുണയുമായി ആയിരക്കണക്കിന് ആളുകളാണ് മൂന്നുദിവസം അവിടെ തടിച്ചുകൂടിയത്. അത് സന്ദർശിക്കാൻ പോയപ്പോൾ ആദ്യം എന്റെ ശ്രദ്ധയിൽപെട്ടത്. ക്ലീനെക്‌സിന്റെ ബോക്‌സും, ഉപയോഗിച്ച് കഴിഞ്ഞ ക്ലീനക്‌സ് ശേഖരിക്കാനുള്ള ബാഗുമായി നടക്കുന്ന വോളന്റിയേഴ്‌സിനെയാണ്. അതെന്തിനാണെന്ന് ആദ്യം മനസ്സിലായില്ല. കുറച്ചു കഴിഞ്ഞ് കമ്മീഷൻ തെളിവെടുപ്പ് ആരംഭിച്ചു. റസിഡൻഷ്യൽ സ്‌കൂളുകളിൽ കഴിഞ്ഞ ആളുകൾ ഓരോരുത്തരായി വന്ന് തങ്ങളുടെ അനുഭവങ്ങൾ പങ്കുവയ്ക്കുകയാണ്. ആരും ഒറ്റയ്ക്ക് വരുന്നില്ല-കുടുംബാംഗങ്ങൾ, സുഹൃത്തുക്കൾ, മനഃശാസ്ത്രജ്ഞർ, മറ്റ് സഹായികൾ ഇങ്ങനെ ആരെങ്കിലുമൊക്കെ കൂടെയുണ്ട്. തങ്ങളുടെ ചെറുപ്പത്തിലെ നീറുന്ന അനുഭവങ്ങളിൽനിന്നും അവർ പറഞ്ഞുതുടങ്ങിയപ്പോൾ, പലവുരു നിറുത്തി പൊട്ടിക്കരഞ്ഞു. ഒന്നു രണ്ട് പേർ അലറി ചീത്ത വിളിച്ചു. ഒരാൾ തന്നെ ലൈംഗികമായി പീഡിപ്പിച്ച മിഷനറിയുടെ പേര് വിളിച്ചു പറഞ്ഞു. പലരും കൂടെയുള്ള സഹായികളുടെ സഹായത്തോടെയാണ് സംഭാഷണങ്ങൾ പൂർത്തിയാക്കിയത്. സദസ്സിലിരിക്കുന്ന ആർക്കും കരയാതിരിക്കാനായില്ല. അടക്കിപ്പിടിച്ച തേങ്ങലുകൾ. കണ്ണീരൊപ്പാനും മൂക്ക് ചീറ്റാനും ക്ലീനക്‌സുമായി ഓടിവരുന്ന വളന്റിയേഴ്‌സ്. പൊട്ടിക്കരയുമെന്ന ഘട്ടമായപ്പോൾ ഞാനുമിറങ്ങിപ്പോന്നു. കാനഡയിലെ തദ്ദേശീയരുടെ പ്രശ്‌നങ്ങൾ പഠിപ്പിക്കുന്ന ക്ലാസ്സിൽ വെച്ച്, തദ്ദേശീയരായ വിദ്യാർത്ഥി കൾ, തങ്ങളുടെ മാതാപിതാക്കൾക്കു റസിഡൻഷ്യൽ വിദ്യാലയത്തിൽ അനുഭവിച്ച കദന കഥകൾ പറഞ്ഞ് വിതുമ്പുന്നതിനു സാക്ഷിയായി. താൻ സോഷ്യൽ വർക്ക് കോഴ്‌സിന് ചേരുന്നതിനെ മാതാപിതാക്കൾ എതിർത്തിരുന്ന കാര്യവും ഒരാൾ പറഞ്ഞു. കാരണം റസിഡൻഷ്യൽ സ്‌കൂൾ നടത്തിപ്പിൽ സോഷ്യൽ വർക്കേഴ്‌സും ഭാഗഭാക്കായിരുന്നു'.
ഇരുപതാം നൂറ്റാണ്ടിൽ കാനഡയിലേക്കുണ്ടായ ഇന്ത്യക്കാരുടെ കുടിയേറ്റശ്രമങ്ങളുടെ ദുരന്തകഥകൾ പറയുന്ന മൂന്നാം ലേഖനത്തിൽ ഏറ്റവും ഹൃദയഭേദകമായത് പഞ്ചാബികളുടെ ഒരു ഐതിഹാസിക ശ്രമമാണ്. കൊമഗതമാരു എന്ന കപ്പലിൽ ഗൂർദത്ത് സിങ് എന്ന ധനികനായ സിക്കുകാരൻ 1914ൽ ഒരു സംഘം ഇന്ത്യക്കാരുമായി കാനഡയിലേക്കു നടത്തിയ സമുദ്രസഞ്ചാരത്തിന്റെ കഥ. കൊമഗതമാരുസംഭവം നടക്കുന്ന കാലത്തുതന്നെ ഇന്ത്യയുടെ മോചനത്തിനുവേണ്ടി കാനഡയിലും അമേരിക്കയിലുമായി നടന്ന 'ഗദ്ദർ' എന്ന വിപ്ലവത്തിന്റെ കഥയും ഈ ലേഖനത്തിലുണ്ട്. ഗദ്ദർ എന്ന ഉറുദുവാക്കിന് വിപ്ലവം എന്നാണർഥം. 1913ൽ സാൻഫ്രാൻസിസ്‌കോയിൽ ആരംഭിച്ച 'ഗദ്ദർ' പാർട്ടി ലോകമെങ്ങും നിന്നുള്ള സ്വാതന്ത്ര്യസമരസൈനികരെ സംഘടിപ്പിച്ച് ഇന്ത്യയിലെത്തി. ബ്രിട്ടീഷ് സൈന്യം ഗദ്ദർ പോരാളികളെ ഉന്മൂലനം ചെയ്തുവെന്നാണ് ചരിത്രം. 47 പേരെ തൂക്കിക്കൊന്നു. 64 പേരെ ആന്തമാനിലേക്കു നാടുകടത്തി. 73 പേർ വിവിധ കാലയളിലേക്ക് ശിക്ഷിക്കപ്പെട്ടു.
ചൈനക്കാർ കാനഡയിലേക്കു നടത്തിയ കുടിയേറ്റത്തിന്റെയും അതിജീവനത്തിന്റെയും ചരിത്രമാണ് നാലാം ലേഖനം. 18-ാം നൂറ്റാണ്ട് തൊട്ടാരംഭിക്കുന്ന ഈ ചരിത്രം കാനഡയുടെ റിയൽ എസ്റ്റേറ്റ്, എണ്ണ ഖനനം, നിക്ഷേപരംഗം തുടങ്ങിയവ കീഴടക്കിയതിന്റെ കഥ കൗതുകകരമാണ്. സ്വർണഖനനത്തിനും റയിൽവേ നിർമ്മാണത്തിനുമായി വന്നുതുടങ്ങിയ ചൈനക്കാരുടെ എണ്ണം 15 ലക്ഷം കടന്നിരിക്കുന്നു.
കുടിയേറ്റങ്ങളുടെ ചരിത്രമാണ് കാനഡയുടെ ചരിത്രം. ആദിമനിവാസികളെ കൊന്നൊടുക്കിയും പ്രകൃതിവിഭവങ്ങൾ ചൂഷണം ചെയ്തും പരസ്പരം യുദ്ധം ചെയ്തും യൂറോപ്യൻശക്തികൾ കാനഡക്കുവേണ്ടി മത്സരിച്ചു. ആ കഥകൾ വസ്തുതകളുടെ പിൻബലത്തോടെ, ചരിത്രബദ്ധമായി പറഞ്ഞുപോകുകയാണ് ബൈജു.
രണ്ടാം ഭാഗമായ 'രാഷ്ട്രീയം' ആറ് ലേഖനങ്ങളുൾക്കൊള്ളുന്നു. 2015ലെ പൊതുതെരഞ്ഞെടുപ്പ് വിശകലനം ചെയ്തുകൊണ്ട് കാനഡയുടെ രാഷ്ട്രീയഭൂപടം, രാജ്യത്തെ രാഷ്ട്രീയപാർട്ടികൾ, ഫെഡറൽ സംവിധാനം, ജനസംഖ്യാവിതരണം, സാമൂഹ്യവിഭാഗങ്ങൾ എന്നിവയെല്ലാം വിവരിക്കുന്നു ആദ്യരചന. ഇംഗ്ലണ്ടിലെ രാജാവാണ് കാനഡയുടെ അധിപൻ എന്ന് സൂചിപ്പിച്ചു. ഗവർണർ ജനറൽ ആസ്ഥാനത്തെ പ്രതിനിധാനം ചെയ്യുന്നു. പതിമൂന്നു പ്രവിശ്യകൾ. അവയ്ക്ക് ലഫ്റ്റനന്റ് ഗവർണർമാർ. ഹൗസ് ഓഫ് കൗൺസിലും സെനറ്റും ഉൾപ്പെടുന്ന പാർലമെന്റ്. പ്രധാനമന്ത്രിയും മന്ത്രിമാരും. ജനസംഖ്യയുടെ 38.4 ശതമാനവും ഒന്റാറിയോ പ്രവിശ്യയിലാണ് താമസം. 23.6 ശതമാനം ക്യൂബക് പ്രവിശ്യയിൽ. ബ്രിട്ടീഷ് കൊളംബിയ, ആൽബർട്ട എന്നിവിടങ്ങളിലായി 24 ശതമാനം. ബാക്കി 14 ശതമാനം ജനങ്ങൾ ഒൻപത് പ്രവിശ്യകളിലായി. ഏറ്റവും കൂടുതൽ ഭൂവിസ്തൃതിയുള്ള (ഇന്ത്യയുടെ പകുതി വലിപ്പമുണ്ട് ഇതിന്!) നൂനാവത് പ്രവിശ്യയിലെ ആകെ ജനസംഖ്യ മൂന്നുലക്ഷമാണ്. കൺസർവേറ്റിവുകൾ, ലിബറലുകൾ, നാഷണൽ ഡമോക്രാറ്റിക് പാർട്ടി തുടങ്ങിയ കക്ഷികൾ.
വികസനത്തെക്കുറിച്ചുള്ള ലേഖനത്തിൽ ഐക്യരാഷ്ട്രസഭയുടെ മാനവവിഭവശേഷി വികസനസൂചിക (HDI) മുൻനിർത്തി ബൈജു കാനഡയുടെ സാമൂഹ്യക്രമം അപഗ്രഥിക്കുന്നു. ഇനിയങ്ങോട്ടുള്ള മിക്ക ലേഖനങ്ങളിലും കാനഡയുടെ സാമൂഹ്യ, രാഷ്ട്രീയ, സാമ്പത്തിക, ആരോഗ്യ, പരിസ്ഥിതിമേഖലകളെ ഇന്ത്യയും കേരളവുമായി തുലനം ചെയ്തും താരതമ്യപ്പെടുത്തിയുമാണ് ബൈജു തന്റെ ചർച്ച മുന്നോട്ടുവയ്ക്കുന്നത്. ജീവിതദൈർഘ്യം, വിദ്യാഭ്യാസം, ജീവിതാന്തസ് എന്നീ ഘടകങ്ങളിലൂന്നി വികസനത്തെക്കുറിച്ചെഴുതുന്ന ഈ ലേഖനത്തിലും അതങ്ങനെതന്നെയാണ്. ചില രചനകളിലെങ്കിലും കാനഡയെ കാര്യമായി സ്പർശിക്കാത്ത ചില രാഷ്ട്രീയ, സാമൂഹ്യവിചാരങ്ങളും കാണാം. രാഷ്ട്രീയത്തിലെ സ്ത്രീപങ്കാളിത്തത്തെക്കുറിച്ചും സിനിമയെക്കുറിച്ചുമുള്ള ലേഖനങ്ങൾ ഉദാഹരണം.
ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആദ്യ പതിനഞ്ചുവർഷംകൊണ്ട് സാധിക്കേണ്ടിയിരുന്ന എട്ട് വികസനലക്ഷ്യങ്ങളെക്കുറിച്ചുള്ള UNDPയുടെ നിർദ്ദേശങ്ങൾ ചൂണ്ടിക്കാട്ടി കാനഡയിൽ അവ എങ്ങനെ നടപ്പായി എന്നു വിവരിക്കുന്നു അടുത്ത ലേഖനം. കാനഡയുടെ അസാധാരണമായ മനുഷ്യാവകാശ സംരക്ഷണപ്രതിബദ്ധത വിവരിക്കുന്ന ലേഖനത്തിൽ ഒമർഖാദർ എന്ന ബാലന്റെ കഥ അവതരിപ്പിക്കുന്നു, ബൈജു. തുടർന്ന് ഇന്ത്യയുടെ അവസ്ഥയുമായി താരതമ്യം ചെയ്ത് ഈ വിഷയം അദ്ദേഹം ഇങ്ങനെ ക്രോഡീകരിക്കുന്നു:
'1982ലാണ് അന്നത്തെ പ്രധാനമന്ത്രി പിയറി റൂഡോയുടെ നേതൃത്വത്തിലുള്ള ലിബറൽ സർക്കാർ, കനേഡിയൻ ചാർട്ടർ ഓഫ് റൈറ്റ്‌സ് ആൻഡ് ഫ്രീഡം ഭരണഘടനയിൽ എഴുതിചേർത്തത്. അതുവരെ, പല നിയമങ്ങളിലായി നിലനിന്നിരുന്ന പൗരാവകാശങ്ങളെ വിപുലപ്പെടുത്തിക്കൊണ്ട് ഒരു കുടക്കീഴിലാക്കുകയാണ് ഈ ചാർട്ടർ ചെയ്തത്. പൗരന്റെ അവകാശങ്ങൾ സംരക്ഷിക്കാനുള്ള നടപടികൾ ഈ ചാർട്ടറിൽ ഉൾക്കൊണ്ടിട്ടുണ്ട്.
ആവിഷ്‌ക്കാരസ്വാതന്ത്ര്യം, ജനാധിപത്യസർക്കാറിനുള്ള അവകാശം, കാനഡയിൽ എവിടെയും ജോലി ചെയ്യാനും, ജീവിക്കാനുമുള്ള അവകാശം, കുറ്റകൃത്യങ്ങൾ ആരോപിക്കപ്പെടുന്നവർക്കുള്ള അവകാശങ്ങൾ, കാനഡയിലെ ആദിമനിവാസികൾക്കുള്ള (Aborigines) അവകാശങ്ങൾ, കാനഡയുടെ ഔദ്യാഗിക ഭാഷകൾ ഉപയോഗിക്കുന്നതിനുള്ള അവകാശങ്ങൾ തുടങ്ങിയവയാണ് ഈ ചാർട്ടറിൽ പറയുന്ന മുഖ്യ അവകാശങ്ങളും സ്വാതന്ത്ര്യങ്ങളും.
ഇതിലും ശക്തമായ ഭാഷയിലും വ്യക്തതയിലും ആഴത്തിലും പൗരന്റെ മൗലികാവകാശങ്ങൾ ഇന്ത്യൻ ഭരണഘടനയുടെ മൂന്നാം ഭാഗത്തിൽ ചേർത്തിട്ടുണ്ട്. തുല്യതയ്ക്കുള്ള അവകാശം, സ്വാതന്ത്ര്യത്തിനുള്ള അവകാശം, ചൂഷണത്തിനെതിരായ അവകാശം, മതസ്വാതന്ത്ര്യം, സാംസ്‌കാരികവും വിദ്യാഭ്യാസപരവുമായ അവകാശങ്ങൾ, ഭരണഘടനാപരമായ പരിഹാരങ്ങൾക്കുള്ള അവകാശങ്ങൾ എന്നിങ്ങനെ ആറ് അവകാശങ്ങൾ ഓരോ ഇന്ത്യൻ പൗരനും ആസ്വദിക്കുന്നുണ്ട്. 1950ലെ എ.കെ. ഗോപാലൻ v/s സ്റ്റേറ്റ് ഓഫ് ഇന്ത്യ കേസിലെ വിധി, ജീവിക്കാനുള്ള പൗരന്റെ അവകാശത്തെ അരക്കിട്ടുറപ്പിക്കുന്നതായിരുന്നു. ലോകത്തെ ഏറ്റവും മികച്ച ഭരണഘടനകളിലൊന്നായ ഇന്ത്യൻ ഭരണഘടന, പൗരാവകാശങ്ങളെ സംരക്ഷിക്കുന്നതിലും ജനാധിപത്യസംവിധാനങ്ങൾ നിലനിറുത്തുന്നതിലും നിർണായകമായ സ്വാധീനമാണ് ചെലുത്തുന്നത്. പക്ഷേ കാനഡയുടെയും ഇന്ത്യയുടെയും വ്യത്യാസം അവ പാലിക്കപ്പെടുന്നതിലാണ്. അഴിമതിയും സ്വജനപക്ഷപാതവും കക്ഷിരാഷ്ട്രീയവും കൂടിക്കലർന്ന ഇന്ത്യയിലെ നിയമസംവിധാനനടത്തിപ്പിൽ ചവിട്ടിമെതിക്കപ്പെടുന്നതും പൗരന്റെ അവകാശങ്ങൾ തന്നെയാണ്. പൊലീസ് ഉരുട്ടിപ്പീഡിപ്പിക്കുന്നത് മുതൽ സർക്കാർ ജീവനക്കാരന്റെ ആട്ടും തുപ്പും സഹിക്കുന്നതുവരെ ധ്വംസിക്കപ്പെടുന്നത് അടിസ്ഥാന അവകാശങ്ങൾ തന്നെയാണ്.
ഒമർ കാദറിന്റെ സംഭവത്തിൽ ഓർമ്മ വരിക, അടിയന്തരാവസ്ഥയിൽ കൊല്ലപ്പെട്ട രാജനാണ്. തന്റെ മകനെന്തുപറ്റിയെന്നറിയാതെ നെഞ്ചുപിടഞ്ഞാണ് രാജന്റെ അച്ഛൻ ഈച്ചരവാര്യർ മരിച്ചത്. രാജന്റെ മരണത്തെക്കുറിച്ചുള്ള പൂർണ്ണമായ സത്യാവസ്ഥകൾ ഇപ്പോൾ പോലും പുറത്തുവന്നിട്ടില്ല. 1948 ഡിസംബർ 10നാണ് അന്താരാഷ്ട്ര മനുഷ്യാവകാശ വിളംബരം നടന്നത്. അന്നു മുതൽ ഡിസംബർ 10 മനുഷ്യാവകാശങ്ങളെ ഓർക്കാനുള്ള ദിനമായി കൊണ്ടാടുന്നു. ഓരോ പൗരന്റെയും അവകാശങ്ങളും സ്വാതന്ത്ര്യവും അന്തസ്സും സംരക്ഷിക്കാൻ ഒരു രാഷ്ട്രം കടപ്പെട്ടിരിക്കുന്നു. വർണ്ണ-വർഗ്ഗ-ലിംഗ വൈജാത്യങ്ങൾക്കപ്പുറത്ത് പൗരാവകാശങ്ങൾ സംരക്ഷിക്കുന്നതിൽ കാനഡ എന്നും മുമ്പിൽ തന്നെയാണ്. മറ്റു രാജ്യങ്ങളും അതിലേക്ക് ഉയർന്നുകൊണ്ടിരിക്കുകയാണ്'.
തീവ്രവലതുപക്ഷ-മതമൗലികവാദ രാഷ്ട്രീയങ്ങളുടെ വ്യാപനം സാമാന്യേന കാനഡയിലില്ല എന്നു സൂചിപ്പിച്ചുകൊണ്ട് ആ വിഷയം ചർച്ച ചെയ്യുന്ന ഗ്രന്ഥകാരൻ കാനഡയിൽ നിലനിൽക്കുന്ന ഉയർന്ന നിലവാരത്തിലുള്ള സാമൂഹ്യജനാധിപത്യവ്യവസ്ഥയെക്കുറിച്ച് വിശദീകരിക്കുകയാണ് രണ്ടാംഭാഗത്തെ അവസാന ലേഖനത്തിൽ.
'വ്യക്തിസ്വാതന്ത്ര്യത്തെ മാനിക്കുന്ന ഒരു സാമൂഹിക ജനാധിപത്യ ക്രമമാണ് (Social democracy) കാനഡയിൽ നിലനിൽക്കുന്നത്. ഉല്പതിഷ്ണുവായ (Liberal) സാംസ്‌കാരികജീവിതം കാനഡയുടെ മുഖമുദ്രയാണ്. രാജ്യം മുതലാളിത്തത്തിലധിഷ്ഠിതമായ സാമ്പത്തികക്രമം അനുവർത്തിക്കുമ്പോഴും, സാമൂഹിക ക്ഷേമത്തിലൂടെ പരമാവധി ജനങ്ങളുടെ ക്ഷേമം നിലനിർത്തുവാൻ ആഗ്രഹിക്കുന്നു. വിശാലമായ ഭൂസ്വത്തും പ്രകൃതിവിഭവങ്ങളും കുറഞ്ഞ ജനസംഖ്യയും ഈ രാജ്യത്തിന്റെ ക്ഷേമൈശ്വര്യങ്ങളെ നിലനിറുത്താൻ സഹായമാകുന്നു. അമേരിക്കയിൽനിന്നും വ്യത്യസ്തമായി, ഇവിടെ കുടിയേറിവരുന്ന ജനവിഭാഗങ്ങൾക്ക് തങ്ങളുടേതായ സംസ്‌ക്കാരങ്ങളും ഭാഷയും മറ്റും പിന്തുടരാനുള്ള അവസരം നല്കുകയും ചെയ്യുന്നു.
അത്തരത്തിൽ നിർമ്മിക്കപ്പെട്ട സാമൂഹ്യ സാമ്പത്തിക സ്ഥിതികൊണ്ടാണ് കാനഡ ഇന്നും ലോകത്തിന് അഭിമാനമായി നിൽക്കുന്നത്. ഒത്തിരി മലയാളികൾ ഉൾപ്പെടെ, ലക്ഷക്കണക്കിന് പേർ ഒരുവർഷം ഇങ്ങോട്ട് കുടിയേറിവരുന്നു. കാനഡയിലെ മുഖ്യരാഷ്ട്രീയപാർട്ടികളെല്ലാം തന്നെ തീവ്രമായ വലത്-ഇടത് ചിന്തകൾക്ക് സ്ഥാനം കൊടുക്കാത്തവരാണ്. (ക്യൂബക്കിലെ പാർട്ടി ക്യൂബക്കാ പ്രാദേശികവാദം മുറുക്കെ പിടിക്കുന്നവരാണ്). അതിനാൽത്തന്നെ ട്രംപിനെപോലെ ഒരു നേതാവ് കാനഡയിൽ ജന്മം കൊള്ളില്ലെന്നാണ് വിദഗ്ധമതം. ഏതൊരു രാഷ്ട്രീയപാർട്ടികൾക്കും, അടിസ്ഥാനപരമായി ഇവിടത്തെ സാംസ്‌കാരിക വൈജാത്യങ്ങളെയും, കുടിയേറ്റ സംസ്‌കാരങ്ങളെയും, വ്യക്തിസ്വാതന്ത്ര്യത്തെയും, നിയമസംവിധാനങ്ങളെയും, പുരോഗമനചിന്താഗതിയെയും, ശാസ്ത്രീയകാഴ്ചപ്പാടുകളേയും, ജനക്ഷേമപ്രവർത്തനങ്ങളേയും മാനിച്ച് മാത്രമേ മുന്നോട്ട് പോകാനാവൂ; അത് നടപ്പിലാക്കുന്ന രീതി വ്യത്യസ്തമാണെങ്കിൽ പോലും'.
മൂന്നാം ഭാഗമായ സമ്പദ്‌വ്യവസ്ഥയിൽ എട്ട് ലേഖനങ്ങളുണ്ട്. എണ്ണ സമ്പദ്ഘടനയിലൂന്നിയ കാനഡയുടെ അവസ്ഥ വിശകലനം ചെയ്യുന്ന ആദ്യലേഖനം ആഗോള എണ്ണരാഷ്ട്രീയത്തെക്കുറിച്ചുള്ള ശ്രദ്ധേയമായ നിരീക്ഷണങ്ങളും അമേരിക്കയുടെ വാണിജ്യതാൽപര്യവും മുതൽ ഐസിസിന്റെ ഭീകരവാദപ്രവർത്തനങ്ങൾക്ക് എണ്ണരാഷ്ട്രീയം നൽകുന്ന പിന്തുണ വരെ ചർച്ചചെയ്യുന്നു. ശീതയുദ്ധാനന്തരലോകത്തെ നിയന്ത്രിക്കുന്ന എണ്ണയുദ്ധത്തിന്റെ കഥ.
'സാഹോദര്യസാമ്പത്തിക'(shared economy)മെന്ന സംസ്‌കാരത്തിന് കാനഡയിലുള്ള വ്യാപകമായ പ്രസക്തി ചൂണ്ടിക്കാണിക്കുന്നു, രണ്ടാം ലേഖനം. ഭക്ഷണം, വീട്, ഉപകരണങ്ങൾ, വാഹനം തുടങ്ങിയവ പങ്കുവയ്ക്കു; ഉപഭോഗധൂർത്ത്, പരിസ്ഥിതിനാശം എന്നിവ കുറയ്ക്കു എന്നീ ലക്ഷ്യങ്ങളോടെ നടപ്പാകുന്ന അസാധാരണമായ ഒരു സാമൂഹ്യ-സാമ്പത്തിക നയമാണിത്. ഊബർ, ഹോംസ്റ്റേ, ടൂൾ ലൈബ്രറി, സ്വിപ്കാർ, കാർപൂൾ... എന്നിങ്ങനെ.
കഴിഞ്ഞ ദശകത്തിന്റെ ആദ്യപകുതിയിൽ രൂക്ഷമായ ആഗോള സാമ്പത്തികമാന്ദ്യത്തെ (എണ്ണവിലത്തകർച്ച, തൊഴിലില്ലായ്മ....) കാനഡ അതിജീവിച്ചതിന്റെ കഥപറയുന്ന ലേഖനം ആഗോളവൽക്കരണകാലത്ത് ലോകമെങ്ങും പ്രകടമായ ശമ്പളനിരക്കിന്റെയും ദാരിദ്ര്യത്തിന്റെയും തൊഴിലില്ലായ്മയുടെയും അമ്പരപ്പിക്കുന്ന വൈരുധ്യങ്ങൾ കാനഡയെയും ഇന്ത്യയെയും മുൻനിർത്തി അപഗ്രഥിക്കുന്ന ലേഖനം, കാനഡയിലെ മുൻനിര കായികവിനോദങ്ങളിൽ വർധിച്ചുവരുന്ന സാമ്പത്തിക താൽപര്യങ്ങളെക്കുറിച്ചുള്ള ലേഖനം. 'പെരുമാറ്റസാമ്പത്തികശാസ്ത്രം' എന്നു വിളിക്കാവുന്ന ഉപഭോഗസംസ്‌കാരത്തിന്റെ സാമൂഹ്യ മനഃശാസ്ത്രത്തെക്കുറിച്ചുള്ള ലേഖനം, കാനഡയിലെ കുറഞ്ഞ വേതനം, തൊഴിലാളി ക്ഷേമം, തൊഴിൽനിയമങ്ങൾ തുടങ്ങിയവയെക്കുറിച്ചുള്ള വിശകലനം എന്നിവ തുടർന്നുവരുന്നു. അവസാന ലേഖനം വെള്ളക്കോളർ കുറ്റകൃത്യങ്ങളിൽ ഏറ്റവും കുപ്രസിദ്ധമായ ചിലതിനെക്കുറിച്ചാണ്. അതിസമ്പന്നരുടെ സാമ്പത്തികത്തട്ടിപ്പുകൾ, സ്റ്റോക് എക്‌സ്‌ചേഞ്ച് വെട്ടിപ്പുകൾ, ബാങ്ക്‌ലോൺ കുംഭകോണങ്ങൾ, ഓൺലൈൻ വ്യാജങ്ങൾ, ഭരണകൂടാഴിമതികൾ എന്നിങ്ങനെ.
മൂന്നാംഭാഗമായ 'സാമൂഹിക' വിശകലനങ്ങളിലാണ് ബൈജുവിന്റെ സമീപനങ്ങളും കാഴ്ചപ്പാടുകളും നിലപാടുകളും ഏറ്റവും ആർജ്ജവത്തോടെയും ആത്മബന്ധത്തോടെയും വെളിപ്പെടുന്നത്. സോഷ്യോളജി, ഇക്കണോമിക്‌സ് എന്നിവയിലും ബിരുദാനന്തര ബിരുദമുണ്ടെങ്കിലും സോഷ്യൽവർക്കാണ് ബൈജുവിന്റെ ഗവേഷണ-അദ്ധ്യാപന മേഖല എന്നതുകൊണ്ടുതന്നെ ഈ ലേഖനങ്ങളിൽ സവിശേഷമായ ശ്രദ്ധ പതിഞ്ഞിട്ടുണ്ട് എന്നു കാണാൻ വിഷമമില്ല.
കാനഡയിലെ അഭയാർഥികളുടെ കഥപറയുന്ന ആദ്യലേഖനം വായിക്കൂ. ഒന്നാം ഭാഗത്തെ കൊമഗതമാരു, ഗദ്ദർചരിതങ്ങൾ പറയുന്ന ലേഖനം പോലെ ഈ പുസ്തകത്തിലെ ഏറ്റവും മികച്ച രചനകളിലൊന്നാണിത്. ചൈന, ഇന്ത്യ, അഫ്ഗാൻ, സിറിയ, ഫലസ്തീൻ, ഹംഗറി, ഉഗാണ്ട, ചിലി, വിയറ്റ്‌നാം, ഇറാൻ, ബംഗ്ലാദേശ്, ബോസ്‌നിയ, ശ്രീലങ്ക, ഇറാക്ക്.... കാനഡ ഇരുകയ്യും നീട്ടി സ്വീകരിക്കുന്ന അഭയാർഥികളുടെ ഉറവിടങ്ങൾ നിരവധിയാണ്. ഓരോ വർഷവും ശരാശരി ഇരുപത്തയ്യായിരം അഭയാർഥികൾ കാനഡയിലെത്തുന്നു. 1776 തൊട്ട് തുടങ്ങുന്ന ചരിത്രമാണിത്. കറുത്ത വംശജർ, നാസി, കമ്യൂണിസ്റ്റ് സർവാധിപത്യങ്ങളിൽനിന്നു രക്ഷതേടിയെത്തിയവർ... എന്നിങ്ങനെ ലക്ഷക്കണക്കിനഭയാർഥികളുടെ വാഗ്ദത്തഭൂമിയായി കാനഡ നിലകൊള്ളുകയാണ്. ഇന്ത്യയുമായി താരതമ്യം ചെയ്ത് ഈ വിഷയം ബൈജു വിശദമായി ചർച്ചചെയ്യുന്നു.
'2014 അവസാനത്തിൽ ലോകത്ത് ആകമാനം 19.5 ദശലക്ഷം അഭയാർത്ഥികൾ ഉണ്ടെന്നാണ്, അഭയാർത്ഥികൾക്കായുള്ള ഐക്യരാഷ്ട്ര സംഘടനയുടെ വിഭാഗം യു.എൻ.സി.എച്ച്.ആർ. (യുണൈറ്റഡ് നേഷൻസ് ഹൈ കമ്മീഷണർ ഫോർ റെഫ്യൂജീസ്) വെളിപ്പെടുത്തുന്നത്. അത് 2011 നേക്കാൾ 20 ദശലക്ഷം കൂടുതലാണ്. കഴിഞ്ഞവർഷം അഭയാർത്ഥികളായവരിൽ 51 ശതമാനം 18 വയസ്സിനു താഴെയുള്ളവരാണ്. കഴിഞ്ഞ മൂന്നു ദശകങ്ങളിലായി ഏറ്റവും കൂടുതൽ അഭയാർത്ഥികൾ ഉണ്ടായിട്ടുള്ളത്, റഷ്യയും അമേരിക്കയും പിന്നെ താലിബാനും, പിന്നീട് ഐസിസും, തങ്ങളുടെ മസിൽപവ്വർ കാണിച്ച് നടന്ന അഫ്ഗാനിസ്ഥാനിൽനിന്നുമാണ്. സമീപത്തുള്ള പാക്കിസ്ഥാനിലേക്ക് ഏറെപ്പേർ പലായനം ചെയ്തതിനാൽ 2013ൽ ഏറ്റവും അധികം അഭയാർത്ഥികളെ സ്വീകരിച്ച രാജ്യം പാക്കിസ്ഥാനാണ്. ഏകദേശം 1.6 ദശലക്ഷം. പാക്കിസ്ഥാനിലെ 182 ദശലക്ഷം ജനസംഖ്യയിൽ 2.6 ദശലക്ഷം അഭയാർത്ഥികളാണ്. പക്ഷെ കഴിഞ്ഞ വർഷം സിറിയയിലെ ആഭ്യന്തരയുദ്ധം, ഏറ്റവും കൂടുതൽ അഭയാർത്ഥികൾ ഉള്ള രാജ്യമായി അതിനെ മാറ്റി. സിറിയയുടെ സമീപത്തുള്ള തുർക്കി, 2014 ൽ ഏറ്റവും കൂടുതൽ അഭയാർത്ഥികളെ സ്വീകരിച്ചു- 1.59 ദശലക്ഷം പേർ.
2009 മുതൽ 2013 വരെ കാനഡ 122518 അഭയാർത്ഥികളെ സ്വീകരിച്ചു. അതായത് ഓരോ വർഷവും 24514 പേർ, ദിനംപ്രതി 67 പേർ. പക്ഷെ ഇത്, കാനഡയിൽ അഭയാർത്ഥിയാവാൻ അപേക്ഷ നൽകിയവരിൽ പകുതി മാത്രമേ ആകുന്നുള്ളൂ. ബാക്കി പകുതി പേർ ഈ രാജ്യത്തെ പ്രക്രിയയിലൂടെ കടന്നുകൂടിയിട്ടില്ല.
കാനഡയിൽ അഭയാർത്ഥികളെ സ്വീകരിക്കുന്നതിന്റെ ചരിത്രം ആരംഭിക്കുന്നത് 1776ൽ, അമേരിക്കൻ വിപ്ലവത്തിനിടക്ക് മൂവായിരത്തോളം കറുത്തവരായവരെ (അടിമകളുൾപ്പെടെ) സ്വീകരിക്കുന്നതോടെയാണ്. (കാനഡ ഒരു രാജ്യമായി പ്രഖ്യാപിക്കപ്പെടുന്നത് 1867ലാണ്. യു.എസ്. 1776 ലും. അതിനുശേഷവും നിരവധി കറുത്ത വംശജമായ അടിമകൾ കാനഡയിലേക്ക് അഭയാർത്ഥികളായി പ്രവേശിച്ചിട്ടുണ്ട്. തുടർന്ന് 1830ൽ റഷ്യൻ ആക്രമണത്തെ ഭയന്ന് പോളണ്ട്കാരും, 1880-1914 കാലഘട്ടത്തിനിടക്ക് നിരവധി യഹൂദരും, അഭയാർത്ഥികളുമായി കാനഡയിൽ വന്നു. 1891 മുതലാണ് ഉക്രേനിയയിൽ നിന്നും ഓസ്‌ട്രോ-ഹംഗേറിയൻ ഭരണത്തിന്റെ ഭീകരതയിൽനിന്നും രക്ഷപ്പെടാനായി, നിരവധി ആളുകൾ കാനഡയിലേക്ക് അഭയാർത്ഥികളായി വന്നത്. തുടർന്ന് 1920 മുതൽ 1952 വരെ കമ്മ്യൂണിസ്റ്റ് ഭരണത്തെയും ആഭ്യന്തരകലാപങ്ങളെയും മറികടക്കാൻ നിരവധി ഉക്രേനിയക്കാർ കാനഡയിലെത്തി. ഏകദേശം ഒരു ലക്ഷത്തി എഴുപതിനായിരം ഉക്രേനിയക്കാർ അഭയാർത്ഥികളായിത്തന്നെ ഇവിടെയെത്തിയിട്ടുണ്ടെന്ന് കാനഡ ഗവൺമെന്റ് രേഖകൾ വ്യക്തമാക്കുന്നു.
രണ്ടാം ലോകമഹായുദ്ധത്തിന്റെയും, നാസിസത്തിന്റെയും ഫാസിസത്തിന്റെയും മറ്റും ഫലമായുണ്ടായ ക്രൂരതയിൽനിന്നും രക്ഷനേടാൻ യൂറോപ്പിൽ നിന്നും ഏകദേശം രണ്ടരലക്ഷം പേർ ഇവിടെയെത്തി. നാസികളുടെ ഭീകരതയിൽനിന്നും ഭാഗ്യത്തിന് രക്ഷപ്പെട്ട് ഇപ്പോൾ ജീവിച്ചിരിക്കുന്നവരുടെ സംഗമം, ഈ വർഷം നടന്നപ്പോൾ അതിൽ കുറച്ചുപേർ കാനഡയിൽ നിന്നുള്ളവരായിരുന്നു. യഹൂദന്മാരെപ്പോലെതന്നെ 1948കളിലെ അറബ് ഇസ്രയേൽ യുദ്ധകാലത്ത്, നിരവധി ഫലസ്തീൻകാരെയും കാനഡ അഭയാർത്ഥികളായി സ്വീകരിക്കുകയുണ്ടായി. 1956 ൽ മുപ്പത്തേഴായിരം ഹംഗറിക്കാരെയും 1970 ൽ ഏഴായിരത്തോളം ചിലിയൻ അഭയാർത്ഥികളെയും കാനഡ സ്വീകരിച്ചു. ഈദി അമീന്റെ ഉഗാണ്ടയിൽനിന്നും, ഷാ ഭരണം കെട്ടടങ്ങിയ ഇറാനിൽ നിന്നും, ചൈനയിൽനിന്നും ഓടിരക്ഷപ്പെട്ട തിബത്തൻ അഭയാർത്ഥികളെയും കാനഡ ഇരുകൈകളും നീട്ടി സ്വീകരിച്ചു.
ആധുനിക കാലഘട്ടത്തിലെ ഏറ്റവും വലിയ ഒരു അഭയാർത്ഥിപ്രവാഹം, വിയറ്റ്‌നാം യുദ്ധത്തിനുശേഷം കാനഡയിലേക്ക് കൊണ്ടുവരപ്പെട്ട അറുപതിനായിരത്തോളം വിയറ്റ്‌നാം അഭയാർത്ഥികളായിരുന്നു. തുടർന്ന് കംബോഡിയയിലെ ഖമർ റൂഷ് ഭരണത്തിൽനിന്നും രക്ഷപ്പെട്ട് ഏറെപ്പേർ ഇവിടെയെത്തി. ഇതിനിടയിൽ ഒന്ന് തിരിച്ചുപോകാം. 1971ലെ ബംഗ്ലാദേശ് യുദ്ധത്തിലേക്ക്. അക്കാലഘട്ടത്തിൽ, നിരവധി ബംഗ്ലാദേശ് മുസ്ലിംകൾ കാനഡയിൽ അഭയാർത്ഥികളായി എത്തി. കഴിഞ്ഞ രണ്ടു ദശകത്തിനിടക്ക് ഉണ്ടായ ആഭ്യന്തര കലഹങ്ങളിൽപ്പെട്ട ബോസ്‌നിയൻ മുസ്ലിംകളെയും, കൊസോവക്കാരെയും തായ്‌ലന്റിലെ ജനങ്ങളെയും, ഭൂട്ടാൻകാരെയും കാനഡ അഭയാർത്ഥികളായി സ്വീകരിച്ചു. ശ്രീലങ്കയിലെ വംശീയ കലാപത്തിനിടയിൽ കാനഡ ആയിരക്കണക്കിന് അഭയാർത്ഥികളെ ഇങ്ങോട്ട് സ്വീകരിച്ചു. 2009 മുതലിങ്ങോട്ട്, കാനഡ ഇരുപതിനായിരത്തോളം അഭയാർത്ഥികളെ, ഇറാഖിൽനിന്നും സ്വീകരിച്ചു. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ സിറിയയിൽനിന്നും പതിനായിരം പേരെ സ്വീകരിക്കാമെന്ന് കാനഡ, കഴിഞ്ഞ വർഷം അംഗീകരിച്ചിട്ടുണ്ട്. ആഭ്യന്തര കലഹം നടക്കുന്ന ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നും നിരവധി അഭയാർത്ഥികൾ ഇവിടെയെത്തിയിട്ടുണ്ട്.
2004 മുതൽ 2013 വരെയുള്ള പത്ത് വർഷത്തിൽ കാനഡയിലേക്ക് ഏറ്റവും അധികം അഭയാർത്ഥികൾ വന്നത് ചൈനയിൽ നിന്നുമാണ്. രണ്ടാംസ്ഥാനം പാക്കിസ്ഥാനും; ഇന്ത്യ പതിനൊന്നാമതാണ്. പക്ഷെ പാക്കിസ്ഥാനിൽനിന്നും മുഖ്യമായി വരുന്നത് അവിടേക്ക് അഭയാർത്ഥികളായി വന്ന അഫ്ഗാനിസ്ഥാൻകാരും, ഇന്ത്യയിൽനിന്ന് മുഖ്യമായും ഇന്ത്യ അഭയം കൊടുത്ത തിബത്തൻ അഭയാർത്ഥികളുമാണ്. കാനഡയിൽ 140 രാജ്യങ്ങളിൽനിന്നുള്ള ആളുകൾ അഭയാർത്ഥികളായി എത്തിച്ചേർന്നിട്ടുണ്ട്. ഓരോ കാലഘട്ടത്തിലും അഭയാർത്ഥികളെ സ്വീകരിക്കുന്നതിനെചൊല്ലി, നിരവധി സംവാദങ്ങൾ കാനഡയുടെ ചരിത്രത്തിൽ, രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്.
തങ്ങൾ ജീവിക്കുന്ന സ്ഥലത്ത് ജീവന് ഭീഷണിയുള്ളപ്പോഴും പീഡനം നേരിടേണ്ടിവരുമ്പോഴും ഒരാൾക്ക് അഭയാർത്ഥിയായി കാനഡയിലേക്ക് അപേക്ഷിക്കാം. മനുഷ്യാവകാശലംഘനവും, പീഡനവും നടക്കുവാൻ സാധ്യത ഉള്ള രാജ്യങ്ങളുടെ പട്ടിക കാനഡ ഇടക്കിടെ പുറത്തിറക്കാറുണ്ട്. ആ രാജ്യങ്ങളിൽനിന്നുള്ള അപേക്ഷകൾ പ്രത്യേകമായാണ് പരിഗണിക്കുക. അപേക്ഷ കൊടുക്കലും, ഇന്റർവ്യൂവും മറ്റു നടപടിക്രമങ്ങളും പൂർത്തിയാക്കുന്നത് ഇന്റർനാഷണൽ ഓർഗനൈനേഷൻ ഫോർ മൈഗ്രേഷൻ (IOM) എന്ന സംഘടനവഴിയാണ്. ഇതെല്ലാം കഴിഞ്ഞ് കാനഡയിലേക്ക് വരാൻ തെരഞ്ഞെടുക്കപ്പെട്ടാൽത്തന്നെ ആറ് മാസംവരെ കാത്തിരിപ്പുണ്ടാകാം. ഇങ്ങോട്ട് വരുന്നതിന് മുമ്പ് വൈദ്യപരിശോധന നടത്തേണ്ടതുണ്ട്. വൈദ്യപരിശോധനയുടെയും ഇങ്ങോട്ടുള്ള വിമാനയാത്രച്ചെലവിന്റെയും തുകകൂടി കാനഡ സർക്കാർ നൽകും; അത് പക്ഷെ ഇവിടെയെത്തിയതിനുശേഷം തവണകളായി തിരിച്ചടക്കേണ്ടതുണ്ട്. ഇവിടെത്തിക്കഴിഞ്ഞാൽ ഒരു വർഷം ജീവിക്കാനാവശ്യമായ സാമ്പത്തികസഹായവും കാനഡ സർക്കാർ നൽകും. സാമൂഹ്യസേവന സംഘടനകളുമായി ഒത്തുചേർന്ന് ഭാഷ പഠിക്കാനും, മറ്റ് നൈപുണ്യങ്ങൾ നേടാനും അവസരമൊരുക്കും. പെർമനന്റ് റസിഡന്റിന്റേതായ എല്ലാ അവകാശങ്ങളും ലഭിക്കും; വഴിയേ പൗരൻ ആയിത്തീരാനും കഴിയും. ഒറ്റക്കാണ് വന്നതെങ്കിൽ, സ്വന്തം രാജ്യത്തുനിന്ന് കുടുംബത്തെ കൂട്ടിക്കൊണ്ടുവരാനും സഹായിക്കും. അതെ, ഇതെല്ലാം നമ്മൾ കൊടുക്കുന്ന കരംകൊണ്ടുതന്നെ'.
കുറ്റകൃത്യങ്ങൾ, കൊലപാതകങ്ങൾ, ആത്മഹത്യകൾ എന്നിങ്ങനെയുള്ള സാമൂഹ്യപ്രവണതകൾ, സ്ത്രീ-പുരുഷ ബന്ധത്തിന്റെയും ലൈംഗിക രാഷ്ട്രീയത്തിന്റെയും മാറിവരുന്ന മുഖങ്ങൾ, ഇരുന്നൂറിലധികം മാതൃഭാഷകളുള്ള കാനഡയുടെ നരവംശ-ഭാഷാവൈവിധ്യം, ലോകത്തേറ്റവും ചെലവുകൂടിയ മൊബൈൽ സേവനസൗകര്യം (ഭൂവിസ്തൃതിയും ജനസംഖ്യയുടെ കുറവും മൂലം) നിലവിലുള്ള കാനഡയിലെ ടെലികോം വിപ്ലവം, ജനസംഖ്യാനിരക്ക്, ജനനനിയന്ത്രണങ്ങൾ, സ്ത്രീപുരുഷ അനുപാതം, ആരോഗ്യ-കുടുംബക്ഷേമനയങ്ങൾ, ആയുർദൈർഘ്യം... എന്നിങ്ങനെ പ്രകടമാകുന്ന കാനഡയുടെ സാമൂഹ്യഘടന, മീ ടു പ്രസ്ഥാനത്തിന്റെ ആഗോളപ്രവണതകൾ, മതവും മനുഷ്യജീവിതവും തമ്മിലുള്ള ബന്ധം വിശകലനം ചെയ്യുന്നതിൽ ജനസംഖ്യ, രാഷ്ട്രീയം, കുടിയേറ്റം എന്നിവയ്ക്കുള്ള പങ്ക്, ഓരോ പ്രവിശ്യയിലും നിലനിൽക്കുന്ന വിദ്യാഭ്യാസ നയങ്ങൾ, പരിപാടികൾ, സ്ഥാപനങ്ങൾ തുടങ്ങിയവ മുൻനിർത്തുന്ന കനേഡിയൻ വിദ്യാഭ്യാസസംസ്‌കാരം എന്നിവയാണ് തുടർന്നങ്ങോട്ടുള്ള ലേഖനങ്ങളുടെ ഉള്ളടക്കം.
'പരിസ്ഥിതി' എന്ന ഭാഗത്ത് മൂന്നു ലേഖനങ്ങളുണ്ട്. ഊർജ്ജം, ജലം, കാട്ടുതീ എന്നിവയെപ്പറ്റി. ഊർജ്ജപദ്ധതികൾ, ഉല്പാദനരീതികൾ, സ്രോതസുകൾ, ഉപഭോഗം എന്നിവ ഒരുവശത്തും കാലാവസ്ഥാവ്യതിയാനം, കാർബൺ പുറന്തള്ളൽ, എണ്ണക്കമ്പനികളുടെ അധിനിവേശം എന്നിവ സൃഷ്ടിക്കുന്ന പ്രതിസന്ധികൾ മറുവശത്തും വിശദീകരിക്കുന്ന ലേഖനമാണ് ആദ്യത്തേത്. ഇടുക്കി ജലവൈദ്യുതപദ്ധതിയുടെയും ലാവ്‌ലിൻ കേസിന്റെയും കനേഡിയൻ ബന്ധമുൾപ്പെടെയുള്ളവ ഇവിടെ സൂചിതമാകുന്നു.
വികസിതരാജ്യങ്ങളുടെ ഏറ്റവും വലിയ സവിശേഷതകളിലൊന്ന് ശുദ്ധജലത്തിന്റെ ലഭ്യതയാണല്ലോ. ഭൂഗർഭ, ഉപരിതല, ശുദ്ധജലസ്രോതസുകളെയും ജലശുദ്ധീകരണരീതികളെയും കുറിച്ചുള്ള വിവരങ്ങൾക്കൊപ്പം മലിനീകരണം, ജലദൗർലഭ്യം, ദാരിദ്ര്യം, വരൾച്ച, കുടിവെള്ളസമരങ്ങൾ തുടങ്ങിയവയുടെ താരതമ്യവും ഈ ലേഖനത്തിലുണ്ട്.
കാട്ടുതീയെക്കുറിച്ചുള്ള ലേഖനം കാനഡയിലെ അസാധാരണമായ ഒരു പ്രകൃതിപ്രതിഭാസത്തെക്കുറിച്ചും പാരിസ്ഥിതിക ദുരന്തത്തെക്കുറിച്ചുമുള്ള അപഗ്രഥനമായി മാറുന്നു. വായിക്കുക:
'കഴിഞ്ഞ 25 വർഷമായി കാനഡയിൽ ഓരോ വർഷവും ഏകദേശം 2.3 ലക്ഷം ഹെക്ടർ വനം കാട്ടുതീയിൽ എരിഞ്ഞടങ്ങുന്നുണ്ട്. വനത്തിലെ ആവാസവ്യവസ്ഥയുടെ പുനർജീവനത്തിന് കാട്ടുതീ ആവശ്യമാണ്. അതിനാൽ സ്വാഭാവികമായ കാട്ടുതീ ചിലയിടങ്ങളിൽ, പ്രകൃതിയുടെ ഒരു കളിതന്നെയാണ്. സ്വാഭാവികമായി കാട്ടുതീ ഇല്ലാത്ത ഇടങ്ങളിൽ ചിലപ്പോൾ അധികൃതർ തന്നെ നിയന്ത്രണവിധേയമായി തീ ഇടാറുണ്ട്. കഴിഞ്ഞ 25 വർഷങ്ങളിലായി ഏകദേശം 8300 കാട്ടുതീകൾ ഈ രാജ്യത്ത് ഉണ്ടായിട്ടുണ്ട്. പക്ഷേ അതിൽ ഏകദേശം മൂന്ന് ശതമാനം മാത്രമാണ്, 200 ഹെക്ടർ പ്രദേശത്തിന് മുകളിൽ സംഭവിച്ചത് ഇതുവരെയുള്ള എല്ലാ റിക്കാർഡുകളെയും തിരുത്തുന്നതാണ്.
1919ൽ ആൽബർട്ടയിലും സസ്‌കാച്ചുവനിലും ഉണ്ടായ കാട്ടുതീയിൽ 2.8 ദശലക്ഷം ഹെക്ടർ (ഏകദേശം നമ്മുടെ കൊച്ചു കേരളത്തിൽ മുക്കാൽ ഭാഗത്തോളം വരുന്ന പ്രദേശം. കേരളം മൊത്തം 3885000 ഹെക്ടർ) വനം കത്തിനശിച്ചു. ആളപയാമുണ്ടായെങ്കിലും, കാട്ടുതീയുടെ വിസ്തൃതിയുടെ കാര്യത്തിൽ അതായിരുന്നു കാനഡയിലെ ഏറ്റവും ഭീകരമായ കാട്ടുതീ. 1916ൽ ഒന്റാരിയോയിലെ മാത്തേസൻ കാട്ടുതീയിൽ 244 പേർ കൊല്ലപ്പെട്ടു. അഞ്ചുലക്ഷം ഹെക്ടർ പടർന്നുപിടിച്ച ആ തീയാണ് രേഖപ്പെടുത്തപ്പെട്ട കണക്കുകൾ പ്രകാരം, കനേഡിയൻ ചരിത്രത്തിൽ ഏറ്റവും അധികം ജീവനെടുത്ത കാട്ടുതീ. അതിന് അഞ്ചു വർഷം മുമ്പ് 1911ൽ ഒന്റാരിയോയിൽ ഉണ്ടായ തീപ്പിടുത്തത്തിൽ 73 പേർ മരിച്ചിരുന്നു. രണ്ടുലക്ഷം ഹെക്ടർ കവർന്ന ആ അഗ്‌നിബാധ കറുത്ത ചൊവ്വാഴ്ച എന്ന പേരിൽ അറിയപ്പെടുന്നു. അതിനും ദശകങ്ങൾക്കു മുമ്പ് 1825ൽ, ന്യൂ ബ്രൺസ്‌വിക്കിലുണ്ടായ കാട്ടുതീയിൽ ഏകദേശം ഒരു ദശലക്ഷം ഹെക്ടർ വനഭൂമി നശിച്ചു. അതിൽ 160 പേർ മരിച്ചതായാണ് രേഖപ്പെടുത്തപ്പെട്ടിട്ടുള്ളതെങ്കിലും നൂറുകണക്കിനാളുകൾ രക്ഷപ്പെടാനുള്ള തത്രപ്പാടിൽ നദിയിൽ മുങ്ങിമരിച്ചതായി സംശയിക്കുന്നു.
ഒന്റാരിയോയിൽ 1922ൽ ഉണ്ടായ കാട്ടുതീയിൽ 43 പേർ മരിക്കുകയും അഞ്ച് ലക്ഷം ഹെക്ടർ കത്തിനശിക്കുകയും ചെയ്തു. മാനിറ്റോബയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കാട്ടുതീ 1989ലാണ് ഉണ്ടായത്. ഏകദേശം 1200 തീപിടിത്തങ്ങളിലായി രണ്ടര ദശലക്ഷം ഹെക്ടർ പ്രദേശം കത്തിനശിച്ചു. 25000 ആളുകളെ മാറ്റിപ്പാർപ്പിക്കേണ്ടിവന്നു. 1998ൽ ബി.സി.യിലുണ്ടായ അഗ്‌നിബാധയിൽ ഏഴായിരത്തോളം പേരെ ഒഴിപ്പിച്ചിരുന്നു. ആൽബർട്ടയുടെ ചരിത്രത്തിലെ ഇതുവരെ ഏറ്റവും വലിയ അഗ്‌നിബാധ 2011ൽ സ്ലേവ് ലെയ്ക് ടൗണിന്റെ മൂന്നിലൊന്ന് കവർന്ന വൻ അഗ്‌നിബാധയായിരുന്നു. അത് 1.8 ശതകോടി ഡോളറിന്റെ നഷ്ടമാണ് വരുത്തിയത്'.
'ആരോഗ്യം' എന്ന ആറാം ഭാഗത്തെ നാലുലേഖനങ്ങൾ കാനഡയുടെ വൈവിധ്യമാർന്ന സാമൂഹ്യസുരക്ഷാബോധത്തെക്കുറിച്ചുള്ള ഉൾക്കാഴ്ചകൾ പകരുന്നവയാണ്.
1947 മുതൽ ചില പ്രവിശ്യകളിൽ നടപ്പായ സാർവത്രികമായ ആരോഗ്യപരിരക്ഷാനയങ്ങളും സൗജന്യചികിത്സാപദ്ധതികളും സേവനങ്ങളും 1984 മുതൽ രാജ്യം മുഴുവൻ നടപ്പായി. അതേസമയംതന്നെ ഒരു സ്‌പെഷലിസ്റ്റ് ഡോക്ടറെ കാണാൻ കാനഡക്കാർ മാസങ്ങൾ കാത്തിരിക്കേണ്ടിവരും. അവിശ്വസനീയമെങ്കിലും ഇതാണ് യാഥാർഥ്യം. ബൈജു എഴുതുന്നു:
'കാനഡയിലെ ആരോഗ്യസേവനരംഗത്തിനും പരിമിതകളുണ്ട്. അതിൽ മുഖ്യം കുപ്രസിദ്ധമായ കാത്തിരിപ്പ് സമയമാണ്. കാനഡയിലെ ഏറ്റവും പ്രശസ്തമായ ഗവേഷണ സ്ഥാപനമായ ഫ്രേസർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ കണക്ക് പ്രകാരം കാനഡയിലെ ഒരാൾ ജനറൽ പ്രാക്ടീഷണർ റഫർ ചെയ്തതിനുശേഷം ഒരു സ്‌പെഷ്യലിസ്റ്റിനെ കാണാൻ 2015ൽ നാലുമാസത്തിലധികം കാത്തിരിക്കണം. സ്‌പെഷ്യലിസ്റ്റിന്റെ പ്രാധാന്യവും പ്രവിശ്യകളും അനുസരിച്ച് അതിൽ അന്തരമുണ്ടാകും. എല്ല് രോഗ വിദഗ്ധനെ കാണാൻ നാല് മാസമാണെങ്കിൽ ന്യൂറോ സർജൻ ഒരു വർഷത്തിനും മേലെയാകാം. ഈ കാത്തിരിപ്പിലും ഭീകരമാണ് അത്യാഹിതവിഭാഗത്തിലെ കാത്തിരിപ്പ്. ശരാശരി നാല് മണിക്കൂറാണ് അത്യാഹിതവിഭാഗത്തിൽ കാനഡക്കാർ കാത്തിരിക്കേണ്ടിവരുന്നത്. ഇത് വായിക്കുന്ന ആരെങ്കിലും തങ്ങൾക്കോ മക്കൾക്കോ അസുഖം വന്നാൽത്തന്നെയും അത്യാഹിതവിഭാഗത്തിൽ പോകുന്നതിനുമുമ്പ് ഒന്ന് മടിക്കും. കാരണം മടുപ്പിക്കുന്ന അവിടത്തെ കാത്തിരിപ്പ് തന്നെ. 2013ൽ വിന്നിപ്പെഗിലെ ആശുപത്രിയിൽ ഡോക്ടറെ കാണാൻ കാത്തിരുന്ന ബ്രയാൽ സിൻക്ലയർ, 24 മണിക്കൂർ കാത്തിരിപ്പിനൊടുവിൽ ചികിത്സ കിട്ടാതെ മരിച്ചുവീണത് ഞെട്ടിക്കുന്ന വാർത്തയായിരുന്നു. ഫ്രേസർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ വേറൊരു പഠനപ്രകാരം 1993-2009 കാലയളവിൽ സ്ത്രീകളുടെ മരണനിരക്ക് കൂടാൻ ഈ കാത്തിരിപ്പ് ഇടയാക്കിയിട്ടുണ്ടെന്നാണ്. ഈ രാജ്യത്ത് ഒരു പട്ടിയുടെ ഇടുപ്പ് മാറ്റിവെയ്ക്കാൻ ഒരാഴ്ചകൊണ്ട് സാധിക്കും. ഒരു മനുഷ്യന്റെ ഇടുപ്പ് മാറ്റിവെയ്ക്കാൻ രണ്ടോ മൂന്നോ വർഷം വേണ്ടിവരുമന്ന ഒരു ഡോക്ടറുടെ പ്രസ്താവന വിവാദം സൃഷ്ടിച്ചുവെങ്കിലും സത്യം ഉൾക്കൊള്ളുന്നതായിരുന്നു (മൃഗങ്ങളുടെ ചികിത്സയ്ക്ക്, ഉടമ പണം മുടക്കണം)
ജനങ്ങൾക്ക് ആവശ്യമേറെയുള്ള സൈക്കോളജിസ്റ്റ്, ഫിസിയോതെറാപ്പിസ്റ്റ്, ദന്തസംരക്ഷണം തുടങ്ങിയവ, സാർവ്വത്രിക ആരോഗ്യസംരക്ഷണത്തിൽ പെടുത്താത്തതിനെക്കുറിച്ചുള്ള വിമർശനങ്ങളും സജീവമാണ്. മാത്രമല്ല ഇൻഷുറൻസും സാമ്പത്തിക അടിത്തറയുമില്ലാത്തവർ ഏറെ പണം ഡോക്ടർമാർ കുറിക്കുന്ന മരുന്ന് വാങ്ങാനും ചെലവഴിക്കേണ്ടിവരുന്നുണ്ട്. മരുന്നുകുറിപ്പുകളും കൂടി സൗജന്യമാക്കാനുള്ള നിർദ്ദേശവും ചർച്ചകളും കാനഡയിൽ സജീവമായി നടക്കുന്നുണ്ട്. 2018ലെ കേന്ദ്ര ബഡ്ജറ്റിൽ അങ്ങനെയൊരു നിർദ്ദേശം ഉണ്ടാവുമെന്ന അഭ്യൂഹവും ശക്തമായിരുന്നു. എന്നാൽ അത് ബഡ്ജറ്റിൽ വന്നില്ല'.
അരുണാഷാൻബാഗിന്റെ കഥ സൂചിപ്പിച്ചുകൊണ്ട്, മരിക്കാനുള്ള അവകാശം അനുവദിച്ചു കിട്ടാൻ കാനഡയിൽ നടന്ന നിയമ, രാഷ്ട്രീയ പോരാട്ടങ്ങളുടെ കഥ അടുത്ത ലേഖനം വിവരിക്കുന്നു. 2016ൽ കാനഡയിൽ ഈ നിയമം പ്രാബല്യത്തിലായി. ഒറ്റവർഷംകൊണ്ടുതന്നെ 1300 പേർ ഈ നിയമം ഉപയോഗിച്ച് സ്വമേധയാ മരണം തെരഞ്ഞെടുത്തു.
കഞ്ചാവിന്റെ ഉപയോഗം നിയമവിധേയമാക്കാൻ കാനഡയിൽ നടക്കുന്ന നീക്കങ്ങളെക്കുറിച്ചാണ് അടുത്ത രചന. പിന്നീട് ഇത് നിയമവിധേയമായി. ജനിതകമാറ്റം വരുത്തിയ ഉല്പന്നങ്ങളിൽനിന്നുണ്ടാക്കുന്ന ഭക്ഷ്യവസ്തുക്കളെയും അവയുടെ ഉപയോഗത്തെയും കുറിച്ചാണ് അവസാന ലേഖനം. മക്‌ഡൊണാൾഡ്‌സ്, കെ.എഫ്.സി, ബർഗർ കിങ്, പിസ, കൊക്കൊകോള, പെപ്‌സികോള തുടങ്ങിയ ഭക്ഷ്യശൃംഖലകളുടെ സ്വാധീനം ഈ രചനയിൽ ചർച്ചചെയ്യപ്പെടുന്നു.
ഏതെങ്കിലും വിദേശരാജ്യത്തിന്റെ സാമൂഹ്യ, സാമ്പത്തിക, രാഷ്ട്രീയ, സാംസ്‌കാരിക മണ്ഡലങ്ങളെക്കുറിച്ച് സമഗ്രവും വിപുലവുമായ അപഗ്രഥനം നടത്തുന്ന പഠനങ്ങൾ/ഗ്രന്ഥങ്ങൾ മലയാളത്തിൽ വിരളമാണ്. വിശേഷിച്ചും കാനഡപോലെ കുടിയേറ്റത്തിന്റെയും തൊഴിലിന്റെയും വിദ്യാഭ്യാസത്തിന്റെയും ആഗോളതലസ്ഥാനങ്ങളിലൊന്നായി മാറുന്ന രാജ്യങ്ങളെക്കുറിച്ച്. ഈ മൂന്നു മേഖലകളിലും മലയാളിയുടെ വാഗ്ദത്തഭൂമിയായി മാറിക്കഴിഞ്ഞ കാനഡയെക്കുറിച്ച് ബൈജു എഴുതിയ ഈ പുസ്തകം പല രീതികളിൽ പ്രസക്തവും ശ്രദ്ധേയവുമാണ്. ചരിത്രബോധവും സാമൂഹ്യനിരീക്ഷണങ്ങളും രാഷ്ട്രീയനിലപാടുകളും സമ്പദ്ജ്ഞാനവും മനുഷ്യാവകാശങ്ങളെയും പാരിസ്ഥിതിക നീതികളെയും കുറിച്ചുള്ള കാഴ്ചപ്പാടുകളും കൂട്ടിയിണക്കി കാനഡയുടെ സമകാല പ്രവണതകൾ അപഗ്രഥിക്കുന്നുവെന്നതാണ് ഇതിൽ ഏറ്റവും പ്രധാനം. കാനഡയിൽ വിദ്യാഭ്യാസവും തൊഴിലും സ്ഥിരവാസവും തേടുന്ന മലയാളികൽക്ക് വസ്തുതാപരമായി വ്യക്തവും കൃത്യവും നിയമബദ്ധവുമായ വിവരങ്ങളും മാർഗനിർദ്ദേശങ്ങളും നൽകുന്ന ഒരു പുസ്തകം എഴുതുക എന്നതാണ് ബൈജുവിന്റെ ഇനിയുള്ള ഏറ്റവും വലിയ ഉത്തരവാദിത്തം.
പുസ്തകത്തിൽനിന്ന്
'പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തിലും, ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിലുമായി കുറെ പഞ്ചാബികൾ യു.എസിലും കാനഡയിലും കുടിയേറിപ്പാർത്തിരുന്നു. എന്നാൽ വംശീയവും സാമ്പത്തികവും മറ്റുമായ കാരണങ്ങളാൽ, ഇന്ത്യയിലെയും, ചൈനയിലെയും ജപ്പാനിലെയും കുടിയേറ്റക്കാർക്കെതിരെ ശക്തമായ മുന്നേറ്റങ്ങളുണ്ടായി. അതിന്റെ ഫലമായി 1908 ൽ കാനഡ, ഇന്ത്യയിൽ നിന്നുള്ള കുടിയേറ്റത്തിന് വിലക്കേർപ്പെടുത്തി. അമേരിക്ക 1910ൽ അതിനെ പിന്തുടർന്നു. മറ്റൊരു നിയമം വഴി, ഏഷ്യൻ കുടിയേറ്റക്കാർ വരുമ്പോൾ അവരുടെ കൈയിൽ 200 ഡോളർ വേണമെന്നും നിർബന്ധമാക്കി. പലവഴിക്കുള്ള ഈ നിരോധനങ്ങളെ കാനഡയിലെ സിഖ് ജനത ശക്തിയുക്തം എതിർത്തു. 1913ൽ ജപ്പാൻ വഴി പനാമ മാരു എന്ന കപ്പലിൽ, കാനഡയിലെത്തിയ 38 സിഖുകാരെ, ഇവിടത്തെ ഉദ്യോഗസ്ഥർ ഈ നിയമങ്ങളുടെ പേരിൽ നാടുകടത്താൻ തീരുമാനിച്ചു. പക്ഷെ, ഇതിനെതിരായി പഞ്ചാബിസമൂഹം കൊടുത്ത കേസിൽ അവർക്ക് അനുകൂലമായി കോടതി വിധിച്ചു. അവർക്ക് കാനഡയിൽ ഇറങ്ങാൻ സാധിച്ചു.
ഈ അനുകൂല കോടതിവിധിയുടെ വെളിച്ചത്തിലാണ്. ധനാഢ്യനായ ഗുർദത്ത് സിങ് കൊമഗതമാരുവിൽ ഇന്ത്യക്കാരെ കാനഡയിലേക്ക് കൊണ്ടുവരാൻ തീരുമാനിച്ചത്. തന്റെ ബിസിനസ് ആവശ്യാർത്ഥം ഹോങ്കോങ്ങിലെത്തിയ അദ്ദേഹം, അവിടെവെച്ച് കണ്ടുമുട്ടിയ, കാനഡയിലേക്ക് വരാൻ ഒരുങ്ങിയിരുന്ന പഞ്ചാബികളെയാണ്, കൊമഗതമാരുവിലൂടെ കൊണ്ടുവന്നത്. യാത്രക്കാരെല്ലാം പഞ്ചാബികളായിരുന്നു. രണ്ട് സ്ത്രീകളും, നാലു കുട്ടികളും ഒഴികെ എല്ലാം പുരുഷന്മാർ. അതിൽ 337 സിഖുകാരും, 27 മുസ്ലിംകളും, 12 ഹിന്ദുക്കളും ആയിരുന്നു. കപ്പലിൽ മതപരമായ കർമങ്ങൾക്കുള്ള സ്ഥലവും, സിഖ് പുരോഹിതരും ഉണ്ടായിരുന്നു. കാനഡയിലെ പുതിയ കോടതിവിധിയിലുള്ള വിശ്വാസം കൂടാതെ, അന്ന് നിലനിന്നിരുന്ന രാഷ്ട്രീയകാലാവസ്ഥയും തങ്ങൾക്ക് അനുകൂലമാക്കാമെന്ന് അവർ ആഗ്രഹിച്ചിരുന്നു. അന്ന് ഇന്ത്യ ഭരിച്ചിരുന്നത് ബ്രിട്ടനാണ്; കാനഡയുടെ അധികാരിയും ബ്രിട്ടീഷ് രാജകുടുംബമാണ്. ഇന്ത്യയിലെ പട്ടാളത്തിലെ സിഖുകാരെക്കൊണ്ട് സമ്മർദം ചെലുത്തി, ബ്രിട്ടനെ ഇക്കാര്യത്തിൽ ഇടപെടുവിച്ച് അനുകൂല തീരുമാനമുണ്ടാക്കാമെന്നും അവർ ആഗ്രഹിച്ചിരുന്നുവെന്ന് വേണം കരുതാൻ.
1914 ഏപ്രിൽ 4 ന് ഹോങ്കോങ്ങിൽനിന്ന് യാത്ര തിരിക്കുമ്പോൾ കപ്പലിൽ ആകെ 150 യാത്രക്കാരാണുണ്ടായിരുന്നത്. കപ്പലിൽ അഞ്ഞൂറിലധികം ആൾക്കാർക്ക് യാത്ര ചെയ്യാനുള്ള സൗകര്യമുണ്ടായിരുന്നു. അതിനാൽ ഗുർദത്ത് സിങ്, തന്റെ ആളുകളെ മറ്റ് പ്രദേശങ്ങളിലേക്ക് അയച്ച്, കൂടുതൽ ആളുകളെ റിക്രൂട്ട് ചെയ്തു. കപ്പൽ ചൈനയും ജപ്പാനും കടന്നപ്പോഴേക്കും മൊത്തം 376 യാത്രക്കാരായി. ഏഴ് ആഴ്ചത്തെ യാത്രക്കുശേഷം മെയ് 21 ന് കപ്പൽ വാൻകൂവറിൽ നങ്കൂരമിട്ടു. കാനഡയിലെ നിയമത്തെ വെല്ലുവിളിച്ചുകൊണ്ട് കപ്പൽ പുറപ്പെട്ടിട്ടുള്ള വാർത്ത, കപ്പൽ വാൻകൂവർ എത്തുന്നതിനുമുമ്പേ ജർമൻ റേഡിയോ പ്രക്ഷേപണം ചെയ്തു. ഇതിനിടയിൽ കാനഡ സർക്കാർ കുടിയേറ്റനിയമങ്ങൾ കുറേക്കൂടി കർക്കശമാക്കിക്കഴിഞ്ഞിരുന്നു. ആരെയും കപ്പലിൽ നിന്ന് ഇറങ്ങാൻ ഇമിഗ്രേഷൻ അധികൃതർ സമ്മതിച്ചില്ല. കാനഡയിലേക്ക് തിരിച്ചുവന്ന 20 പേരെയും, വളരെ പ്രത്യേക സാഹചര്യത്തിൽ വേറെ കുറച്ചുപേരെയും മാത്രമേ കപ്പലിൽനിന്ന് ഇറങ്ങാൻ കനേഡിയൻ സർക്കാർ അനുവദിച്ചുള്ളു. കപ്പലിലെ ആളുകളും പുറത്ത് തടിച്ച കൂടിയ പഞ്ചാബി സമൂഹവുമായി ഒരുവിധ സമ്പർക്കവും സർക്കാർ അനുവദിച്ചില്ല. അടിയന്തരഘട്ടങ്ങളിൽ മാത്രമാണ് ഭക്ഷണവും മറ്റ് സാധനങ്ങളും കപ്പലിലേക്കെത്തിക്കാൻ സാധിച്ചത്.
കപ്പലിലെ യാത്രക്കാരെ കാനഡയിൽ ഇറക്കാൻ സമ്മതിക്കാത്തതിന്റെ പേരിൽ കാനഡയിലും അമേരിക്കയിലും കനേഡിയൻ ഗവൺമെന്റിനെതിരെ പ്രതിഷേധങ്ങൾ നടന്നു. ഏകദേശം 22000 ഡോളർ കപ്പലിലുള്ളവരെ സഹായിക്കാനായി സമാഹരിച്ചു. മറുവശത്ത്, കാനഡയിലും കപ്പലിലുള്ളവരെ ഇറക്കുന്നതിലും എതിർപ്പുകളുണ്ടായി. അന്നത്തെ ബി.സി. പ്രീമിയർ റിച്ചാർഡ് മക്‌ബ്രൈഡ് കുടിയേറ്റക്കാരെ കപ്പലിൽനിന്നും ഇറക്കാൻ അനുവദിക്കില്ലെന്ന് അസന്നിഗ്ധമായി പറഞ്ഞു. കൺസർവേറ്റീവ് പാർട്ടി എംപി.യായ എച്ച്.എച്ച് സ്റ്റീവൻസ്, കപ്പലിൽ നിന്നും യാത്രക്കാരെ ഇറക്കുന്നതിനെതിരായി പൊതുയോഗം സംഘടിപ്പിച്ചു.
കരയിലുണ്ടായിരുന്ന പഞ്ചാബി സുഹൃത്തുക്കൾ, കൊമഗതമാരുവിലെ യാത്രക്കാർക്ക് കാനഡയിൽ ഇറങ്ങാനുള്ള അവകാശത്തിനായി കോടതിയിൽ പോയി. ജൂലൈ ആറിന് ബി.സി. അപ്പീൽ കോടതി, കാനേഡിയൻ സർക്കാരിന് അനുകൂലമായി വിധി പ്രസ്താവിച്ചു. കാനഡ സുപ്രീം കോടതിയിലും ബ്രിട്ടീഷ് പ്രീവി കൗൺസിലിലും അപ്പീലിന് സാധ്യതയുണ്ടായിരുന്നെങ്കിലും നീണ്ട നിയമയുദ്ധത്തിന് നിൽക്കാതെ ഇന്ത്യയിലേക്ക് തിരിച്ചുപോകാൻ ഗുർദത്ത് സിംഗും കൂട്ടരും തീരുമാനിച്ചു.
ഇന്ത്യയിലേക്കുള്ള തിരിച്ചുപോക്കിനു സുരക്ഷയ്ക്കായി ഒരു പഴയ നാവികക്കപ്പലായ എച്ച്.എം.സി.എസ്. റെയിൻബോ അകമ്പടി പോയി. ജൂലൈ 23 ന് 355 യാത്രക്കാരുമായി കൊമഗതമാരു തിരിച്ചുപോയി. (അന്ന് വാൻകൂവർ തീരത്ത് ഇമിഗ്രേഷൻ ഓഫീസറായിരുന്ന ഡബ്ല്യൂ.ഡി. ഹോപ്കിൻസണും അദ്ദേഹത്തിന് വിവരങ്ങൾ ചോർത്തി നൽകിയ രണ്ട് പഞ്ചാബികളും ആ വർഷംതന്നെ വധിക്കപ്പെട്ടു. 1919 ലെ ജാലിയൻ വാലാബാഗ് സംഭവം നടക്കുമ്പോൾ, പഞ്ചാബ് പ്രവിശ്യ ലഫ്റ്റനന്റ് ഗവർണർ ആയിരുന്ന മൈക്കിൾ ഡയറിനെ, 1940ൽ ലണ്ടനിലെത്തി വെടിവെച്ചു കൊന്ന് പകവീട്ടിയ ഉത്തംഗസിംഗിന്റെ പോരാട്ടവീര്യമാണ് പഞ്ചാബികളുടേത്.)
1914 സെപ്റ്റംബർ 29 ന് കൊമഗതമാരു കൊൽക്കത്തക്ക് അടുത്തുള്ള ബുഡ്ജ് തുറമുഖത്തെത്തി. അപ്പോഴേക്കും ഒന്നാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ടിരുന്നു. കരയിൽ അവരെ കാത്തിരുന്നത് തീരെ പ്രതീക്ഷിക്കാത്ത അസ്വസ്ഥതകളായിരുന്നു. ലോകയുദ്ധം നടക്കുമ്പോൾ ബ്രിട്ടന് ഓരോ ഇന്ത്യക്കാരന്റെയും പിന്തുണ ആവശ്യമായിരുന്നു. ബ്രിട്ടന്റെ അധീനതയിലുള്ള കാനഡയിൽ കുടിയേറാൻ ശ്രമിച്ചത് നിയമലംഘനവും തങ്ങളോടുള്ള വെല്ലുവിളിയുമായാണ് ബ്രിട്ടൻ കണ്ടത്. കപ്പൽ നങ്കൂരമിട്ടപാടെ, നേതാവായ ഗുർദത്ത് സിംഗിനെ അറസ്റ്റുചെയ്യാൻ ബ്രിട്ടീഷ് പൊലീസെത്തി. ദത്തും സംഘവും അത് തടഞ്ഞു. തുടർന്ന് നടന്ന ഏറ്റുമുട്ടലിലും വെടിവെപ്പിലുമായി 20 പേർ മരിച്ചു. കുറെയാളുകളെ ബ്രിട്ടീഷ് പൊലീസ് അറസ്റ്റുചെയ്തു. കുറെപേർ ഓടിരക്ഷപ്പെട്ടു. കപ്പലിലെ യാത്രക്കാരെ ഭീകരരെന്ന പോലെയാണ് ബ്രിട്ടൻ ചിത്രീകരിച്ചത്. ലോകയുദ്ധം കഴിഞ്ഞതിനുശേഷം മാത്രമാണ് കപ്പലിലെ യാത്രക്കാർക്ക് തങ്ങളുടെ ഭാഗം പരസ്യമായി പറയാനുള്ള അവസരം കിട്ടിയത്. രക്ഷപ്പെട്ട ഗുർദത്ത് സിങ്, ഗാന്ധിജിയുടെ ആഹ്വാനപ്രകാരം സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തു; അറസ്റ്റുവരിച്ച് ജയിൽവാസം അനുഭവിക്കുകയും ചെയ്തു.
കനേഡിയൻ കാഴ്ചകൾ
പി.വി. ബൈജു
കൈരളി ബുക്‌സ്, കണ്ണൂർ
2019
240 രൂപ
കേരള സര്വകലാശാലയില് ഗവേഷകവിദ്യാര്ത്ഥിയായിരുന്ന കാലത്ത് കലാകൗമുദി വാരികയില് തുടര്ച്ചയായി ലേഖനങ്ങളും ഫീച്ചറുകളും എഴുതിത്തുടങ്ങി. ആനുകാലികങ്ങളിലും, പുസ്തകങ്ങളിലും, പത്രങ്ങളിലും രാഷ്ട്രീയസാംസ്കാരിക വിഷയങ്ങളെ സംബന്ധിച്ച നിരവധി ലേഖനങ്ങളും പഠനങ്ങളും എഴുതിയിട്ടുണ്ട്. അക്കാദമിക നിരൂപണരംഗത്തും മാദ്ധ്യമവിമര്ശനരംഗത്തും സജീവമായ വിവിധ വിഷയങ്ങളില് ഷാജി ജേക്കബിന്റെ നൂറുകണക്കിനു രചനകള് പുറത്തുവന്നിട്ടുണ്ട്.