''ഒരു രാഷ്ട്രീയകക്ഷിക്ക് പല സമരമുഖങ്ങളിലൊന്നുമാത്രമാണ് സാംസ്‌കാരികരംഗം. ഒരു സാംസ്‌കാരികസംഘടനക്കാകട്ടെ പല സമരമുഖങ്ങളിലൊന്നു മാത്രമാണ് രാഷ്ട്രീയരംഗം''.

-എംപി. പോൾ

സാഹിത്യവും കലയും മാധ്യമവും ഉൾപ്പെടെയുള്ള സാംസ്‌കാരിക രൂപങ്ങളെ രാഷ്ട്രീയപ്രചാരണത്തിനുള്ള പ്രത്യയശാസ്ത്ര ഉപകരണങ്ങളാക്കി മാറ്റുന്നതിൽ കമ്യൂണിസത്തോളം ശ്രദ്ധയും താല്പര്യവും പ്രകടിപ്പിച്ചിട്ടുള്ള മറ്റൊരു പ്രസ്ഥാനമില്ല. ആശയവാദപരവും പ്രായോഗികവുമായ മൗലികവാദത്തിൽ മുറുകെപിടിച്ച് കുറഞ്ഞൊരുകാലം മാത്രം ഭരണത്തിൽ പിടിമുറുക്കിയ ഫാസിസവും നാസിസവും ചെയ്തതിനെക്കാൾ എത്രയോ മടങ്ങ് നിർബന്ധബുദ്ധിയോടെയും നിഷ്ഠൂരതയോടെയും സാംസ്‌കാരിക മണ്ഡലങ്ങളെ രാഷ്ട്രീയത്തിനടിയറവെച്ചു, കമ്യൂണിസം. ക്ലാസിക്കൽ മാർക്‌സിസത്തിന്റെ വരട്ടുതത്വവാദങ്ങൾ മറികടന്ന് യൂറോപ്യൻ-നവമാർക്‌സിസം സാംസ്‌കാരിക വിചാരങ്ങളിൽ ബഹുദൂരം മുന്നോട്ടുപോയിട്ടും സോവിയറ്റ് യൂണിയനോ യൂറോപ്പിലും പുറത്തുമുള്ള കമ്യൂണിസ്റ്റ് ഭരണകൂടങ്ങളോ പാർട്ടികളോ സാംസ്‌കാരികരംഗത്ത് പിടി തെല്ലും അയച്ചുകൊടുത്തില്ല എന്നതാണ് യാഥാർഥ്യം. രാഷ്ട്രീയവിചാരത്തിൽ ജനാധിപത്യവും സാംസ്‌കാരിക വിചാരത്തിൽ ആവിഷ്‌ക്കാരസ്വാതന്ത്ര്യവും അനുവദിക്കാതിരിക്കുക എന്നതായിരുന്നല്ലോ എക്കാലത്തും കമ്യൂണിസത്തിന്റെ അതിജീവനതന്ത്രം. കമ്യൂണിസത്തിന്റെ യഥാർഥ രാഷ്ട്രീയവിപരീതം പലരും തെറ്റിദ്ധരിക്കുന്നതുപോലെ മുതലാളിത്തമല്ല, ജനാധിപത്യമാണ് എന്ന് തെളിയിച്ചുകൊണ്ട് സാംസ്‌കാരികരംഗത്തും വ്യക്തിഭാവനയുടെ സർഗസ്വാതന്ത്ര്യങ്ങളെ ആ ഭരണകൂടങ്ങൾ കൂച്ചുവിലങ്ങിട്ടു തളച്ചു. ഇരുപതാം നൂറ്റാണ്ടിൽ ലോകത്തെവിടെയുമുണ്ടായ സാംസ്‌കാരികപ്രസ്ഥാനങ്ങളെ കമ്യൂണിസമുൾപ്പെടെയുള്ള സർവാധിപത്യങ്ങൾക്ക് വഴിപ്പെട്ട് നിലനിന്നവയും വഴിപ്പെടാതെ നിലനിന്നവയും എന്ന് രണ്ടായി വിഭജിക്കാം. സ്വാതന്ത്ര്യത്തിന്റെ ജീവവായു നിഷേധിക്കപ്പെട്ട മനുഷ്യാവസ്ഥകളുടെയും ജനാധിപത്യമെന്ന ആവാസക്രമം നിരാകരിക്കപ്പെട്ട രാഷ്ട്രീയവ്യവസ്ഥകളുടെയും പേരിൽ ഉന്നയിക്കപ്പെട്ട സാംസ്‌കാരിക വിമർശനങ്ങളാണ് കഴിഞ്ഞ നൂറ്റാണ്ടിലെ ഏറ്റവും വിഖ്യാതമായ സാഹിത്യ, കലാ, മാധ്യമപ്രവർത്തനങ്ങൾ മിക്കവയും.

സാഹിത്യം, സിനിമ, നാടകം, സംഗീതം, ചിത്ര-ശില്പ-വാസ്തു കലകൾ, അച്ചടി-ദൃശ്യ-ശ്രാവ്യ മാധ്യമങ്ങൾ.... എന്നിങ്ങനെ മനുഷ്യരുടെ ബൗദ്ധികവും ചോദനാപരവുമായ മുഴുവൻ ലോകബോധങ്ങൾക്കും ഭാവജീവിതങ്ങൾക്കും കൈവരുന്ന ആവിഷ്‌ക്കാരങ്ങളൊന്നടങ്കം ഒരുപകുതി രാജ്യങ്ങളിൽ പ്രത്യയശാസ്ത്ര-ഭരണകൂട നിയന്ത്രണങ്ങൾക്കുള്ളിൽ ശ്വാസം മുട്ടി മരിച്ച കാലം. സമാന്തരമായി, അതേ രാജ്യങ്ങളിൽതന്നെ രാഷ്ട്രീയവിശ്വാസങ്ങൾക്ക് മൂഢഭാഷ്യം ചമച്ച അടിമഭാവനയുടെ യാന്ത്രികപുനരുല്പാദനങ്ങളുടെ ചാപിള്ളക്കാലവും. സോവിയറ്റ് യൂണിയനിലും കിഴക്കൻ യൂറോപ്പിലും മൂന്നു ദശകം മുൻപ് സംഭവിച്ച രാഷ്ട്രീയവിപ്ലവം സാംസ്‌കാരികവിപ്ലവം കൂടിയായി മാറിയത് അതുകൊണ്ടാണ്. അവശിഷ്ടകമ്യൂണിസ്റ്റ് രാജ്യങ്ങളുടെ സ്ഥിതി ഈ നിരീക്ഷണത്തെ ശരിവയ്ക്കുന്നുമുണ്ടല്ലോ.

          അതേസമയംതന്നെ രണ്ടുമൂന്നു ഭൂഖണ്ഡങ്ങളിലെങ്കിലും ഉദാര, മുതലാളിത്ത, ജനാധിപത്യ രാഷ്ട്രീയപ്രക്രിയകൾക്കുള്ളിൽ പ്രവർത്തിച്ച് കുറെയൊക്കെ ജനവിശ്വാസം നേടിയെടുക്കാൻ കഴിഞ്ഞ കമ്യൂണിസ്റ്റ് പാർട്ടികൾ ചില ചെറുതുരുത്തുകൾപോലെ പിന്നീടും ഭരണകൂടങ്ങൾ സ്ഥാപിച്ചും അല്ലാതെയും നിലനിന്നുപോരുന്നുണ്ട്. ഇവ രാഷ്ട്രീയത്തിനു സമാന്തരമായി നടത്തുന്ന സാംസ്‌കാരിക ഇടപെടലുകൾക്ക് ആശയപ്രചാരണത്തിനൊപ്പം സാമാന്യമായെങ്കിലും കലാസാഹിത്യാദികളുടെ സ്വാതന്ത്ര്യം വകവച്ചുകൊടുക്കേണ്ടിയും വന്നിട്ടുണ്ട്. ഇതാകട്ടെ അകത്തും പുറത്തും ഒരുപോലെ പ്രതിധ്വനിക്കുന്ന സംഘർഷമായി തുടക്കംതൊട്ടിന്നോളം നിലനിന്നുപോരികയും ചെയ്യുന്നു. കേരളത്തിലെ സാംസ്‌കാരികരംഗം ഇതിന്റെ നല്ല ഉദാഹരണമാണ്. സംഘടനാതലങ്ങളിലും സ്ഥാപനങ്ങളിലും രാഷ്ട്രീയാടിമകളെ മാത്രം നിയോഗിക്കുന്ന പാർട്ടിക്ക് പൊതുസമൂഹത്തിൽ സമ്മതിനേടാൻ സാംസ്‌കാരികരംഗത്തെ സ്വാതന്ത്ര്യം കുറെയൊക്കെ അംഗീകരിച്ചേ പറ്റൂ. പ്രകൃതിപരമായും ജൈവികമായും മനുഷ്യൻ ഒരു ജനാധിപത്യജന്തുവാണ്. സർവാധിപത്യ പ്രത്യയശാസ്ത്രങ്ങൾ ആ ജന്തുവിന്റെ വാസനാബന്ധത്തിൽ വീണ ചങ്ങലകളും. സ്വാഭാവികമായും കമ്യൂണിസ്റ്റ്  സാംസ്‌കാരിക രാഷ്ട്രീയത്തിന്റെ തീട്ടൂരങ്ങൾ മലയാളിയുടെ സ്വതന്ത്രചിന്തക്കും സ്വതന്ത്രഭാവനക്കും മേൽ വീണ കൂച്ചുവിലങ്ങായി മാറി.

         

1930കളുടെ അവസാനം മുതൽ ഇന്നുവരെ കേരളത്തിലെ സാഹിത്യ, കലാ, മാധ്യമമണ്ഡലങ്ങളിൽ നിലനിൽക്കുന്ന ഏറ്റവും അടിസ്ഥാനപരമായ ബലതന്ത്രങ്ങളിലൊന്ന് ജനാധിപത്യവും കമ്യൂണിസവും തമ്മിലുള്ളതാണെന്നു കാണാൻ വിഷമമില്ല. അതിന്റെ ഉച്ചഘട്ടങ്ങളിലൊന്നിൽ (1940കളുടെ ഒടുവിൽ) പോൾ നടത്തിയ നിരീക്ഷണമാണ് തുടക്കത്തിൽ ചൂണ്ടിക്കാണിച്ചത്.

          കേരളത്തിലെ കമ്യൂണിസ്റ്റ്പ്രസ്ഥാനത്തിന്റെ ചരിത്രത്തിൽ ഏതർഥത്തിലും ഏറ്റവും പ്രാധാന്യമുള്ള കാലഘട്ടത്തിൽ (1940-1960) രാഷ്ട്രീയ-സാംസ്‌കാരിക പ്രക്രിയകളെ പരസ്പരം കോർത്തിണക്കിയ രംഗങ്ങളിലൊന്നായിരുന്നു നാടകം. സാഹിത്യം സമ്പുഷ്ടമായിരുന്നുവെങ്കിലും സാക്ഷരതയുടെയും മറ്റും പരിമിതി അതിന്റെ ജനകീയതക്കു പരിധി സൃഷ്ടിച്ചിരുന്നു. മറുവശത്താകട്ടെ, ദൃശ്യപരതയും അതിന്റെ സാമൂഹികതയും ചേർന്നു സൃഷ്ടിച്ച ജനകീയത നാടകത്തിനനുകൂലമായ ഒരന്തരീക്ഷമൊരുക്കി. സിനിമ ജനപ്രിയമായി വരുന്നതേയുണ്ടായിരുന്നുള്ളു. നാടകസാഹിത്യം, അഭിനയരീതി, പ്രമേയസ്വഭാവം, ഗാന-സംഗീതഘടകങ്ങൾ, അരങ്ങനുഭവം തുടങ്ങിയ കലാരംഗങ്ങളിലും സാമൂഹികവിമർശനം, സംഘടനാപിൻബലം, ആശയപ്രചാരണം തുടങ്ങിയ രാഷ്ട്രീയ രംഗങ്ങളിലും ഒരേസമയം ചുവടുറപ്പിച്ച് മുന്നോട്ടു നീങ്ങിയ നാടകങ്ങളും നാടകസംഘങ്ങളും വളരെ വേഗം സാക്ഷാത്കരിച്ചത് മേല്പറഞ്ഞ ഉഭയലോകത്തെയായിരുന്നു. രൂപംകൊണ്ട് രണ്ടുദശകത്തിനുള്ളിൽ ഐക്യകേരളത്തിലെ ആദ്യഭരണകൂടം ജനാധിപത്യമാർഗത്തിലൂടെ സംസ്ഥാപിക്കാൻ കമ്യൂണിസ്റ്റ് പാർട്ടിക്കു കഴിഞ്ഞത് വർഗരാഷ്ട്രീയപ്രക്രിയയിൽ അലിഞ്ഞുചേർന്ന സർഗസാംസ്‌കാരികപ്രക്രിയയുടെ കൂടി പ്രവർത്തനഫലമായാണ്. ആ സാംസ്‌കാരിക മണ്ഡലത്തിന്റെ അച്ചുതണ്ട് കെ.പി.എ.സി. എന്ന നാടകസംഘവും അവർ അവതരിപ്പിച്ച നാടകങ്ങളുമായിരുന്നു.

         

കെ.പി.എ.സിയുടെ ചരിത്രം പലനിലകളിൽ രചിക്കപ്പെട്ടിട്ടുണ്ട് മലയാളത്തിൽ. ആ സംഘത്തിന്റെ മുന്നണിപ്രവർത്തകരായിരുന്ന തോപ്പിൽ ഭാസിയുടെയും ജി. ജനാർദ്ദനക്കുറുപ്പിന്റെയും ഒ. മാധവന്റെയും കാമ്പിശ്ശേരി കരുണാകരന്റെയും കെ.എസ്. രാജാമണിയുടെയും കെ. സുലോചനയുടെയും സുധർമ്മയുടെയും തോപ്പിൽ കൃഷ്ണപിള്ളയുടെയും കുമരകം ശങ്കുണ്ണിമേനോന്റെയും കെ.എസ്. ജോർജിന്റെയും പുനലൂർ ബാലന്റെയും ജി. ദേവരാജന്റെയും ഒ.എൻ.വി. കുറുപ്പിന്റെയും കെ.പി. ഉമ്മറിന്റെയും ലളിതയുടെയും വൈക്കം ചന്ദ്രശേഖരൻനായരുടെയുമൊക്കെ ആത്മകഥാപരമോ ജീവചരിത്രപരമോ സ്മൃതിരേഖാപരമോ ആയ രചനകളാണ് ഇവയിൽ ഏറ്റവും പ്രധാനം. മലയാള നാടക കലാ സാഹിത്യചരിത്രങ്ങൾ, കെ.പി.എ.സിയെക്കുറിച്ചും തോപ്പിൽ ഭാസിയെക്കുറിച്ചും രാഷ്ട്രീയനാടകങ്ങളെക്കുറിച്ചുമുള്ള പഠനങ്ങൾ, കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ രാഷ്ട്രീയചരിത്രങ്ങൾ, കമ്യൂണിസ്റ്റ് പാർട്ടിനേതാക്കളുടെ ആത്മകഥകൾ തുടങ്ങിയവ രണ്ടാമതുവരുന്നു. വള്ളിക്കാവ് മോഹൻദാസ് എഴുതിയ 'കെ.പി.എ.സിയുടെ ചരിത്ര'മാണ് ഈ വിഷയം ഏറെക്കുറെ സമഗ്രമായവതരിപ്പിക്കുന്ന ഏകഗ്രന്ഥം.

          മേല്പറഞ്ഞ മുഴുവൻ ജീവിത-നാടക-രാഷ്ട്രീയ ചരിത്രരേഖകളും സമഗ്രമായി പരിശോധിച്ചും അവയിൽ പലതിലുമുള്ള വൈരുധ്യങ്ങളുടെ നിജസ്ഥിതിയന്വേഷിച്ചു കണ്ടെത്തിയും ആരും ഉപയോഗപ്പെടുത്താത്ത ഒരു സമീപനരീതിശാസ്ത്രം (ഒരു കലാകാരിയുടെ നാടക-ജീവിതം) ഗ്രന്ഥപാഠത്തിനു സ്വീകരിച്ചും മലയാളനാടകവേദിയുടെ സമാന്തര ചരിത്രങ്ങൾ സ്വാംശീകരിച്ചും 'കമ്യൂണിസ്റ്റ് നാടകകാലം' എന്ന ഊന്നൽ നൽകി 1950കളും 1960കളും സവിശേഷമായി ചർച്ചക്കെടുത്തും രചിക്കപ്പെട്ട ബൈജുചന്ദ്രന്റെ 'ജീവിതനാടകം' ഈ രംഗത്തുണ്ടായ ഏറ്റവും ബൃഹത്തായ കൃതിയാണ്. രണ്ടുദശകക്കാലത്തെ രാഷ്ട്രീയനാടകങ്ങളും നാടകരാഷ്ട്രീയങ്ങളും. തിരയിളക്കങ്ങൾ മുതൽ കൊടുങ്കാറ്റുകൾ വരെയുണർത്തിയ സംഭവങ്ങൾ. നിരവധിയായ നാടകസംഘങ്ങൾ. നാടകപ്രവർത്തകർ. നാടകസമീപനങ്ങൾ. നാടകങ്ങൾ. അരങ്ങിലും രചനയിലും നടന്ന പരീക്ഷണങ്ങൾ. സംഗീതം, സിനിമ, സാഹിത്യം തുടങ്ങിയ മണ്ഡലങ്ങളുമായുണ്ടായ ബാന്ധവങ്ങൾ. രാജ്യമെങ്ങും നടത്തിയ നാടകയാത്രകൾ. പുരോഗമന രാഷ്ട്രീയപ്രസ്ഥാനങ്ങളുമായുണ്ടായ സമ്പർക്കങ്ങൾ. അരങ്ങിലെക്കാൾ നാടകീയമായ അണിയറജീവിതങ്ങൾ. ജീവിതത്തെക്കാൾ നാടകീയമായ അരങ്ങനുഭവങ്ങൾ. തളിർക്കുകയും പൂക്കുകയും മാത്രമല്ല വാടുകയും കരിയുകയും കൊഴിയുകയും ചെയ്ത വ്യക്തിബന്ധങ്ങൾ. ഭരണകൂടവും കലാരംഗവും തമ്മിലുണ്ടായ സംഘർഷങ്ങൾ. സാമ്പത്തികപ്രതിസന്ധികൾ. സാമൂഹികവും രാഷ്ട്രീയവുമായ വെല്ലുവിളികൾ. പടലപ്പിണക്കങ്ങൾ. പടിയിറങ്ങലുകൾ. കലയെ പിന്തള്ളി മുന്നേറിയ കെടുമത്സരങ്ങൾ. ജനപ്രിയതയുടെയും താരപദവിയുടെയും ആരോഹണാവരോഹണങ്ങൾ. അപൂർവമായ ചിത്രങ്ങൾ... അഞ്ഞൂറിലധികം പുറങ്ങളിൽ ബൈജു ആവിഷ്‌ക്കരിക്കുന്നത് ഒരു നാടിന്റെ ജീവിതനാടകങ്ങളെന്നതുപോലെതന്നെ ഒരു കാലത്തിന്റെ നാടകജീവിതങ്ങളുമാണ്.

കേരളം കണ്ട ഏറ്റവും മികച്ച നാടകകലാകാരിയെന്ന് നിസംശയം പറയാവുന്ന സുലോചനയുടെ ജീവചരിത്രത്തിന്റെ ഒരേട് എന്ന രീതിയിൽ വിഭാവനം ചെയ്തും കെ.പി.എ.സിയുടെ ഏറ്റവും വിഖ്യാതമായ ഏഴെട്ടു നാടകങ്ങളുടെ അവതരണകാലം പശ്ചാത്തലമാക്കിയും കേരളത്തിലുണ്ടായ ഏറ്റവും പ്രധാനപ്പെട്ട രാഷ്ട്രീയനാടകവേദിയുടെ കലാപരവും രാഷ്ട്രീയവുമായ ആന്തരസംഘർഷങ്ങൾ അനാവരണം ചെയ്തും വ്യക്തിജീവിതവും കുടുംബജീവിതവും കലാജീവിതവും രാഷ്ട്രീയജീവിതവും തമ്മിൽ തമ്മിലുണ്ടായ കടലകലങ്ങൾ താണ്ടാൻ ഒരുപറ്റം നാടകപ്രവർത്തകർ കുടിച്ചുതീർത്ത ലവണതിക്തകം വറ്റിച്ചെടുത്തും ബൈജു തന്റെ ഗ്രന്ഥം പൂർത്തിയാക്കുന്നു.

ഏഴുപതിറ്റാണ്ടു മുൻപ്, 1950കളുടെ തുടക്കത്തിൽ എറണാകുളം ലോകോളേജ് വിദ്യാർത്ഥികളായിരുന്ന ജി. ജനാർദ്ദനക്കുറുപ്പ്, പുനലൂർ എൻ. രാജഗോപാലൻനായർ തുടങ്ങിയവരുടെ നേതൃത്വത്തിൽ രൂപംകൊണ്ടതാണ് കേരളാ പീപ്പ്ൾസ് ആർട്‌സ് ക്ലബ് എന്ന കെ.പി.എസി. രാജവാഴ്ചക്കും ദിവാൻഭരണത്തിനും ജന്മിത്തത്തിനുമെതിരെ അവരിരുവരും ചേർന്ന് എഴുതിയ എന്റെ മകനാണ് ശരി എന്ന നാടകമായിരുന്നു കെ.പി.എ.സിയുടെ ആദ്യ അവതരണം. അതിനുവേണ്ടി കെ.പി.എ.സി. കെ. എസ്. രാജാമണി വഴി കണ്ടെത്തിയ നടിയും ഗായികയുമാണ് കെ. സുലോചന. ജീവിതത്തിന്റെ കഷ്ടകാണ്ഡങ്ങൾ പലതും കടന്ന് കെ.എസ്. ജോർജ് നടനും ഗായകനുമായെത്തിയതും ഇതേ നാടകത്തിൽ തന്നെ. കൽക്കത്താ തീസിസിന്റെയും ജീവൽ-പുരോഗമന സാഹിത്യസമിതിയുടെ തകർച്ചയുടെയും പശ്ചാത്തലത്തിൽ കമ്യൂണിസ്റ്റ് പാർട്ടി രാഷ്ട്രീയരംഗത്തും സാംസ്‌കാരിക രംഗത്തും ഒരേപോലെ കരിനിഴലിലും പ്രതിക്കൂട്ടിലുമായിക്കഴിഞ്ഞിരുന്ന കാലമായിരുന്നു അത്. എന്നിട്ടും എംപി. പോളിന്റെ പിന്തുണ കെ.പി.എ.സിക്കു കിട്ടി. ജി. ദേവരാജൻ തന്റെ പാട്ടുകൾക്ക് ഈണം പകരണം എന്ന് ഒ.എൻ.വി. ആവശ്യപ്പെട്ടെങ്കിലും കെ.പി.എ.സി. വഴങ്ങിയില്ല. പിണങ്ങിപ്പോയ ഒ.എൻ.വിക്കു പകരം പുനലൂർ രാജൻ പാട്ടെഴുതി.

          ശൂരനാട് കലാപക്കേസിൽ പ്രതിയായി ഒളിവിൽ കഴിഞ്ഞിരുന്ന കാലത്ത് തോപ്പിൽ ഭാസി എഴുതിയ (സോമൻ എന്ന പേരിൽ) 'നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി' എന്ന നാടകമാണ് കെ.പി.എ.സി. പിന്നീടവതരിപ്പിച്ചത്. 1929ൽ രംഗത്തവതരിപ്പിക്കപ്പെട്ട അടുക്കളയിൽനിന്ന് അരങ്ങത്തേക്ക്, തുടർന്നുണ്ടായ ഋതുമതി, മറക്കുടക്കുള്ളിലെ മഹാനരകം; 1937ൽ കെ. ദാമോദരൻ രചിച്ച് പാട്ടബാക്കി, രക്തപാനം; ചെറുകാട് എഴുതിയ നമ്മളൊന്ന്, ഇടശ്ശേരിയുടെ കൂട്ടുകൃഷി, കെ.ടി. മുഹമ്മദിന്റെ മനുഷ്യൻ കാരാഗൃഹത്തിലാണ്, ഇതു ഭൂമിയാണ്, കറവറ്റ പശു തുടങ്ങിയ നാടകങ്ങൾ മലബാറിലും കുട്ടനാട് രാമകൃഷ്ണപിള്ള എഴുതിയ പ്രതിമ, വെള്ളപ്പൊക്കത്തിൽ; തകഴിയുടെ 'തോറ്റില്ല', പൊൻകുന്നം വർക്കിയുടെ ജേതാക്കൾ, കേശവദേവിന്റെ മുന്നോട്ട്, പി.ജെ. ആന്റണിയുടെ ഇൻക്വിലാബിന്റെ മക്കൾ തുടങ്ങിയ നാടകങ്ങൾ തിരുവിതാംകൂറിലും സൃഷ്ടിച്ച രാഷ്ട്രീയ-സാമൂഹിക നാടകപ്രസ്ഥാനത്തിന്റെ പശ്ചാത്തലം ചൂണ്ടിക്കാണിച്ചുകൊണ്ട് 'നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി'യുടെ അവതരണചരിത്രം ബൈജു സവിസ്തരം പ്രതിപാദിക്കുന്നു.

         

ജനാർദ്ദനക്കുറുപ്പിന്റെ സംവിധാനത്തിൽ, 'പൊന്നരിവാളും' 'വെള്ളാരംകുന്നും' ഉൾപ്പെടെ ഇരുപത്തിനാലു പാട്ടുകളുമായി ഒ.എൻ.വി-ദേവരാജൻ ടീമും ഒരേസമയംതന്നെ അഭിനേതാക്കളും ഗായകരുമായി സുലോചന, ജോർജ് എന്നിവരും ഒപ്പം കാമ്പിശ്ശേരി, ഒ. മാധവൻ, തോപ്പിൽ കൃഷ്ണപിള്ള, സാംബശിവൻ, സുധർമ്മ എന്നിവരുൾപ്പെടുന്ന നടീനടന്മാരും ചേർന്ന് 1952 ഡിസംബറിൽ 'കമ്യൂണിസ്റ്റാക്കി' അരങ്ങത്തെത്തിച്ചു. ഇരമ്പുന്ന ജനപ്രീതിനേടി മുന്നേറിയ നാടകം കേരളത്തിലങ്ങോളമിങ്ങോളം നൂറുകണക്കിനു വേദികളിൽ കമ്യൂണിസ്റ്റ് പാർട്ടിപ്രവർത്തകരെയും അനുഭാവികളെയും ആവേശം കൊള്ളിച്ചപ്പോൾ രാഷ്ട്രീയ എതിരാളികളുടെ ഉറക്കം കെടുത്തി. വ്യാപകമായ എതിർപ്പുകളും ആക്രമണങ്ങളും കെ.പി.എ.സി. നേരിട്ടു. സർക്കാർ പലേടത്തും നാടകാവതരണം നിരോധിച്ചു. നിരോധനം ലംഘിച്ച് നാടകം കളിച്ച കലാകാരരെ അറസ്റ്റ് ചെയ്തു. നിയമസഭയിൽ പ്രശ്‌നം ഒച്ചപ്പാടുണ്ടാക്കി. ബോംബെയിൽ നടന്ന ഇപ്റ്റയുടെ സമ്മേളനത്തിൽ കമ്യൂണിസ്റ്റാക്കി അവതരിപ്പിക്കപ്പെട്ടു. തുടർന്ന് നിരവധി ഉത്തരേന്ത്യൻ നഗരങ്ങളിലും.

          1953ൽ മലയാള നാടകവേദിയിൽ തരംഗം സൃഷ്ടിച്ച ചില നാടകസമിതികളെക്കുറിച്ച് ബൈജു വിശദമായി എഴുതുന്നു. കെ.പി.എ.സിക്കു പുറമെ, കൊച്ചിയിൽ പി.ജെ. ആന്റണിയും ശങ്കരാടിയും മറ്റും നേതൃത്വം കൊടുത്ത പ്രതിഭാ ആർട്‌സ് ക്ലബ്ബ് (ഇതു പിന്നീട് പിളർന്നു. ആന്റണിയും ശങ്കരാടിയും രണ്ടുവഴിക്കായി), കെ.ടി. മുഹമ്മദിന്റെ നേതൃത്വത്തിൽ കോഴിക്കോട്ട് രൂപംകൊണ്ട മലബാർ കേന്ദ്രകലാസമിതി, കമ്യൂണിസ്റ്റ് പാർട്ടിയുടെ പിന്തുണയോടെ ഇരിങ്ങാലക്കുടയിൽ രൂപംകൊണ്ട കേരളകലാവേദി, കോട്ടയം കേന്ദ്രമാക്കിയുണ്ടായ എൻ.എൻ. പിള്ളയുടെ 'വിശ്വകേരള കലാസമിതി' എന്നിങ്ങനെ.

          തുടർന്നിങ്ങോട്ട് മുഖ്യമായും നാലിഴകളായി ഈ നാടക-ജീവിത കഥയുടെ ആഖ്യാനം നിർവഹിക്കുകയാണ് ഗ്രന്ഥകാരൻ. ഒന്നിനു പിന്നാലെ ഒന്നായി വരുന്ന നാലങ്കങ്ങളായല്ല, സമാന്തരമായി പാകിപ്പോകുന്ന നാല് ഇഴകളായാണ് ഈ ചരിത്രഗ്രന്ഥത്തിന്റെ ഊടും പാവും ബൈജു നെയ്യുന്നത്.

          കമ്യൂണിസ്റ്റാക്കിക്കുശേഷം 1965 വരെയുള്ള കാലത്ത് കെ.പി.എ.സി. അരങ്ങിലെത്തിച്ച നാടകങ്ങളായ സർവ്വേക്കല്ല്, മുടിയനായ പുത്രൻ, മൂലധനം, പുതിയ ആകാശം പുതിയ ഭൂമി, അശ്വമേധം, ശരശയ്യ എന്നിവയുടെ രചനാസന്ദർഭങ്ങളും അവതരണചരിത്രവുമാണ് ഒന്നാമത്തെ ഇഴ.

കെ.പി.എ.സിയുടെ ചരിത്രത്തിനൊപ്പം നിർവഹിക്കപ്പെടുന്ന സുലോചനയുടെ നാടകജീവിതവും ജീവിതനാടകവുമാണ് രണ്ടാമത്തെ ഇഴ.

          കെ.പി.എ.സിയിലെ പ്രമുഖരായ കലാകാരരുടെ നിഴലും വെളിച്ചവും ഇടകലർന്ന പരസ്പരബന്ധങ്ങളും കലയോടും രാഷ്ട്രീയത്തോടും സംഘടനാബോധം മുൻനിർത്തി ഇടപെടുന്നതിൽ വരുന്ന വഴിത്തിരിവുകളുമാണ് മൂന്നാമത്തെ ഇഴ.

          നാടകചരിത്രത്തിനു സമാന്തരമായി രൂപംകൊള്ളുന്ന ചലച്ചിത്ര, സംഗീത ചരിത്രങ്ങളുടെയും കെ.പി.എ.സിക്കു സമകാലികമായി നിലനിന്ന ഇതര നാടകസംഘങ്ങളുടെയും കെ.പി.എ.സിയുടെ പിളർപ്പിനെത്തുടർന്നു രൂപംകൊണ്ട കാളിദാസ കലാകേന്ദ്രത്തിന്റെയും കഥകളാണ് നാലാമത്തെ ഇഴ.

          ഈ പുസ്തകം ചർച്ചക്കെടുക്കുന്ന ഒന്നരപതിറ്റാണ്ടിലെ കെ.പി.എ.സിയുടെ ചരിത്രം മൂന്നു ഘട്ടങ്ങളിലായി കാണണം. കമ്യൂണിസ്റ്റ് പാർട്ടി ഭരണത്തിലെത്തുന്ന 1957നു മുൻപ്, 57 മുതൽ പാർട്ടി പിളരുന്ന 64 വരെ; 1964നു ശേഷം എന്നിങ്ങനെ. ആദ്യ നാലു നാടകങ്ങളുടെ കാലം ഇതിൽ ഒന്നാം ഘട്ടത്തിലാണ്. പുതിയ ആകാശവും അശ്വമേധവും  രണ്ടാം ഘട്ടത്തിൽ. ശരശയ്യതൊട്ടുള്ളവ മൂന്നാം ഘട്ടത്തിൽ. പിൽക്കാല കെ.പി.എ.സിയുടെ ചരിത്രം മറ്റൊന്നാണ്. ഭാസിതന്നെ സംഘം വിട്ടുപോയ സാഹചര്യമുണ്ടായി. പിന്നീടു തിരിച്ചുവന്നു. ഒ.എൻ.വിയും ദേവരാജനും അങ്ങനെതന്നെ. പൊൻകുന്നം വർക്കി, വൈക്കം ചന്ദ്രശേഖരൻനായർ, എൻ.എൻ. പിള്ള, കെ.ടി. മുഹമ്മദ്, തിക്കോടിയൻ, കണിയാപുരം രാമചന്ദ്രൻ തുടങ്ങിയവർ പലപ്പോഴായി കെ.പി.എ.സിയുടെ ഭാഗമായി. ഇതിനിടെ ആദ്യം വയലാറും പിന്നെ കാമ്പിശ്ശേരിയും തുടർന്ന് ഭാസിയും അന്തരിച്ചു. നിരവധി നാടകങ്ങൾ ജനപ്രീതിയും കലാമേന്മയും ഒന്നിച്ചു കൈവരിച്ചു. പ്രസിദ്ധങ്ങളായ സംസ്‌കൃതനാടകങ്ങളും എൻ. കൃഷ്ണപിള്ളയുടെ ചില രചനകളും അരങ്ങിലെത്തിച്ചു. വിദേശരാജ്യങ്ങളിൽ പോലും നാടകാവതരണപര്യടനം നടത്തി. അരനൂറ്റാണ്ടുകൊണ്ട് നാല്പത്തിനാല് നാടകങ്ങൾ. നിരവധി നടീനടന്മാരും നാടകകൃത്തുക്കളും സാങ്കേതികപ്രവർത്തകരും കെ.പി.എ.സിയിൽ എത്തി. (വള്ളിക്കാവ് മോഹൻദാസിന്റെ പുസ്തകത്തിൽനിന്ന്)

          യഥാർഥത്തിൽ 'കമ്യൂണിസ്റ്റാക്കി'യും 'മൂലധന'വും മാത്രമാണ് തങ്ങളുടെ ഉറച്ച രാഷ്ട്രീയവിശ്വാസത്തിലും ആശയപ്രചാരണ താല്പര്യത്തിലും കെ.പി.എ.സിയും ഭാസിയും അവതരിപ്പിച്ച നാടകങ്ങൾ. ബാക്കിയുള്ളവ പുരോഗമനപരമോ ദേശീയോദ്‌ഗ്രഥനപരമോ ഒക്കെയായ രാഷ്ട്രീയ-ജീവിത മൂല്യങ്ങൾ മുൻനിർത്തിയെഴുതപ്പെട്ട സാമൂഹ്യനാടകങ്ങളായിരുന്നു. ജനപ്രിയ-പ്രൊഫഷണൽ നാടകവേദിയുടെ ഭാഗമായി അവതരിപ്പിക്കപ്പെട്ടവയും. ഓരോ നാടകത്തിന്റെയും ഉള്ളടക്കം, പ്രമേയം, രചനാസന്ദർഭം, ചർച്ചകൾ, കൂടിയാലോചനകൾ, അവതരണസാധ്യതകൾ, അരങ്ങനുഭവങ്ങൾ, പര്യടനങ്ങൾ, അഭിനയരംഗത്തെ മികവുകളും പരിമിതികളും, കലാപരവും വിപണിപരവുമായ ജയപരാജയങ്ങൾ, മാറിമാറിവന്ന നടീനടന്മാർ, ഗാന-സംഗീത ഘടകങ്ങൾ സൃഷ്ടിച്ച ചലനങ്ങൾ, ഭരണകൂട ഇടപെടലുകൾ.... എന്നിങ്ങനെ ഓരോ തലവും പരസ്പരം കൂട്ടിയിണക്കി വിശദീകരിച്ചുപോവുകയാണ് ബൈജു. സമിതിയുടെ നടത്തിപ്പുകാരിൽ പ്രമുഖനായിരുന്ന കൊടാകുളങ്ങര വാസുപിള്ളയെ തൂക്കുമരത്തിന്റെ നിഴൽവരെയെത്തിച്ച ഒരു കൊലക്കേസ് ഉൾപ്പെടെയുള്ളവയുടെ പരാമർശങ്ങളും ഇവയോടു ചേർത്തുവായിക്കണം.

          കെ.പി.എ.സിയുടെ നാടകങ്ങൾ പോലെയോ ഒരുപക്ഷെ അതിലധികമോ മലയാളികളെ കീഴടക്കിയവയായിരുന്നു അവരുടെ നാടകങ്ങളിലെ പാട്ടുകൾ. മലയാളഗാനസാഹിത്യപാരമ്പര്യത്തെയും ജനപ്രിയസംഗീതപാരമ്പര്യത്തെയും ഇത്രമേൽ നവീകരിക്കാൻ ചലച്ചിത്രഗാനങ്ങൾക്കുപോലും കഴിഞ്ഞിട്ടില്ല എന്നതാണ് വസ്തുത. ആദ്യം ഒ.എൻ.വി-ദേവരാജൻ ടീമും പിന്നെ വയലാർ-കെ.രാഘവൻ ടീമും സൃഷ്ടിച്ച കെ.പി.എ.സി. നാടകഗാനങ്ങൾ ഏറ്റവും ജനപ്രിയമായ ചലച്ചിത്രഗാന-സംഗീതധാരകൾക്കൊപ്പം ഒരു കാലഘട്ടത്തിൽ മലയാളിയെ രാഷ്ട്രീയമായും വൈകാരികമായും തുയിലുണർത്തിയതിന്റെ കലാചരിത്രം ബൈജു എഴുതുന്നു.

         

ഉത്തരേന്ത്യയിലും മധ്യേന്ത്യയിലുമൊക്കെ നാടകമവതരിപ്പിക്കാൻ നടത്തിയ അതിദീർഘവും ക്ലേശഭരിതവുമായ യാത്രകളും അവയിൽ ചിലത് സൃഷ്ടിച്ച അസാധാരണമായ അനുഭവങ്ങളും ഇന്നു വായിക്കുമ്പോൾ അവിശ്വസനീയമായിത്തോന്നാം. നോക്കൂ:

          ''ഭോപ്പാലിൽനിന്ന് നാഗ്പൂരിലേക്കുള്ള യാത്രയിലാണ് അതു സംഭവിച്ചത്. തോരാതെ പെയ്യുന്ന മഴ വഴിനീളെ വിഘ്‌നങ്ങൾ സൃഷ്ടിച്ചുകൊണ്ടിരുന്നു. വെള്ളപ്പൊക്കം കാരണം അവർക്ക് ഭോപ്പാലിൽത്തന്നെ രണ്ടുദിവസം തങ്ങേണ്ടിവന്നു. നാഗ്പൂരിലും അവിടെനിന്നു തെക്കോട്ടുള്ള സ്ഥലങ്ങളിലും നാടകം ബുക്ക് ചെയ്തിരുന്നതുകൊണ്ട്, മഴയെ അവഗണിച്ചുകൊണ്ട് മുന്നോട്ടു പോകാതെ നിവൃത്തിയില്ലായിരുന്നു. നർമ്മദാനദിയുടെ മുകളിലൂടെയുള്ള പാലം കടന്നുവേണം നാഗ്പൂരിലേക്ക് പോകേണ്ടത്. കൂലംകുത്തി പാഞ്ഞൊഴുകുന്ന നദിയുടെ കരയിൽ ചെന്നപ്പോൾ അവിടെ അങ്ങനെയൊരു പാലമുണ്ടായിരുന്നതിന്റെ സൂചനപോലുമില്ല. തലേദിവസമുണ്ടായ വെള്ളപ്പൊക്കത്തിലും പേമാരിയിലും പെട്ട് പാലം ഒലിച്ചുപോയിരുന്നു. അവിടെനിന്ന് മറ്റൊരു മാർഗ്ഗത്തിലൂടെ പുനെവഴി നാഗ്പൂരിലെത്താൻ രണ്ടുദിവസമെങ്കിലും വേണ്ടിവരും. പിറ്റേന്നു വൈകീട്ടാണ് നാഗ്പുരിൽ നാടകം. എങ്ങനെയെങ്കിലും നദി കടന്നാൽ ഇന്നുതന്നെ എത്താം. അവിടെയുണ്ടായിരുന്ന ചില ആളുകൾ അപ്പോൾ സഹായവാഗ്ദാനവുമായെത്തി:

          'ഒരു നാടൻ ചങ്ങാടമുണ്ട്. അതിൽ വണ്ടിയെയും ആൾക്കാരെയുംകൂടി അക്കര കടത്താൻ പറ്റുമോയെന്ന് ശ്രമിച്ചുനോക്കാം'. പക്ഷേ, അതിനായി അവർ ആവശ്യപ്പെട്ട തുക അൽപ്പം കൂടുതലായിരുന്നു, അഞ്ഞൂറു രൂപ! കുറെ തർക്കിച്ചുനോക്കിയെങ്കിലും നാട്ടുകാർ ഒരു വിട്ടുവീഴ്ചയ്ക്കും ഒരുക്കമായിരുന്നില്ല. നദി കടക്കാനുള്ള ശ്രമമുപേക്ഷിച്ച് ആരോ നിർദ്ദേശിച്ച മറ്റൊരു വഴിയിലൂടെ യാത്രപുറപ്പെട്ടു. കുറെ മുന്നോട്ടു ചെന്നപ്പോഴാണറിയുന്നത്, ആ വഴിയേ പോയാൽ പുനെയിലെത്താൻതന്നെ മൂന്നു ദിവസമെങ്കിലുമെടുക്കുമെന്ന്. അപ്പോഴേക്കും നേരമിരുട്ടിത്തുടങ്ങിയി രുന്നു. മടങ്ങി നദിക്കരയിലെത്തിയപ്പോൾ രാത്രി പത്തുമണിയോളമായി. അപ്പോൾ പുതിയൊരു പ്രശ്‌നം, നേരത്തെ സമ്മതിച്ച അഞ്ഞൂറുരൂപയ്ക്ക് കൊണ്ടുപോകാൻ ചങ്ങാടക്കാർ ഒരുക്കമല്ല. അവർക്ക് ആയിരം രൂപ വേണം. അതിഭയങ്കരമായ കാറ്റും കോളും. കടലുപോലെ ആർത്തലയ്ക്കുന്ന തിരകളുമായി ഇളകിമറിയുന്ന നദി.

          സുലോചനയുടെ നേതൃത്വത്തിലുള്ള സ്ത്രീകൾക്ക് എങ്ങനെയെങ്കിലും അക്കരയൊന്നു ചെന്നുപറ്റിയാൽ മതിയെന്നായി. ഒടുവിൽ അവരുടെ നിർബന്ധം മൂലം ആയിരം രൂപയ്ക്ക് ഒത്തുതീർപ്പായി. എന്നാൽ ചങ്ങാടത്തിൽ കയറേണ്ട നേരമായപ്പോൾ സ്ത്രീകളെല്ലാവരും പേടിച്ചു വിറയ്ക്കാൻ തുടങ്ങി. തോപ്പിൽ ഭാസിയും കെ.പി. ഉമ്മറുംകൂടി അവരെ അനുനയിപ്പിച്ച് വാനിനുള്ളിൽ കയറ്റിയിരുത്തി. വാൻ ചങ്ങാടത്തിൽ കയറ്റിയിട്ട് പുരുഷന്മാരെല്ലാംകൂടി അതിനു ചുറ്റുമായി നിലയുറപ്പിച്ചു. കൈവരിയൊന്നുമില്ലാത്ത, മരത്തടികൾ ചേർത്തുകെട്ടിയുണ്ടാക്കിയ, തുറന്ന ചങ്ങാടം ഇളകിമറിയുന്ന നർമ്മദയിലൂടെ മെല്ലെ ചാഞ്ചാടി മുന്നോട്ടു നീങ്ങി. വാനിന്റെ ടയറുകൾ പകുതിയോളം വെള്ളത്തിലാണ് വാനിന്റെയുള്ളിലേക്ക് ഇരച്ചുകയറിക്കൊണ്ടിരിക്കുന്ന വെള്ളം എല്ലാവരുംകൂടിച്ചേർന്ന് തൊട്ടികൊണ്ടു കോരി ഒഴിച്ചുകളഞ്ഞുകൊണ്ടിരുന്നു. ഏതു നിമിഷവും നർമ്മദയുടെ ആഴങ്ങളിലേക്ക് വാൻ മുങ്ങിത്താഴുമെന്ന അവസ്ഥയിലാണ്. ഒരുവശത്തേക്ക് ചരിഞ്ഞുകൊണ്ടിരുന്ന വാൻ കൂട്ടത്തിലെ ദീർഘകായനായ ഉമ്മർ രണ്ടു കൈകൾകൊണ്ടും താങ്ങിപ്പിടിച്ചിരിക്കുകയാണ്. സുലോചനയും ലീലയും ലളിതയുമെല്ലാം ഉറക്കെ നിലവിളിക്കാൻ തുടങ്ങി. ഒരു മണിക്കൂറോളം അങ്ങനെ മരണത്തെ മുഖത്തോടുമുഖം കണ്ടുകൊണ്ട് അവർ നദി കടന്ന് അക്കരെയെത്തി. മുട്ടറ്റം വെള്ളത്തിലേക്ക് എല്ലാവരും ചാടിയിറങ്ങി. സെറ്റും ലൈറ്റും മറ്റു സാധനങ്ങളുമെല്ലാമെടുത്തുകൊണ്ട് കുറച്ചുപേർ മുന്നിലും, കുത്തനെയുള്ള കയറ്റത്തിലൂടെ വാൻ തള്ളി മുകളിലേക്കു കയറ്റിക്കൊണ്ട് മറ്റുള്ളവരും ഒരുവിധത്തിൽ ഉയരത്തിലുള്ള പ്രധാനറോഡിലെത്തിയപ്പോൾ സമയം രാവിലെ ആറുമണി.

         

കുളിക്കാനോ നിത്യകർമ്മങ്ങൾ നടത്താനോ വേണ്ടി വഴിയിലൊരിടത്തും നിറുത്താതെ വാൻ മുന്നോട്ടു പാഞ്ഞു. രാത്രി എട്ടുമണിക്ക് നാഗ്പൂരിലെത്തി ഓഡിറ്റോറിയത്തിൽ ഇറങ്ങി നേരേ മേക്കപ്പ് റൂമിലേക്കു പോയി. നാടകസംഘത്തെ സംബന്ധിച്ച് വിവരങ്ങളൊന്നുമറിയാതെ സംഘാടകരാകെ പരിഭ്രാന്തരായി നിൽക്കുകയായിരുന്നു. തിങ്ങിനിറഞ്ഞ സദസ്സാകട്ടെ, ബഹളംകൂട്ടാൻ തുടങ്ങിയിരുന്നു. മേക്കപ്പ് പൂർത്തിയായി. തോപ്പിൽ ഭാസി നാടകത്തെക്കുറിച്ചുള്ള അനൗൺസ്‌മെന്റ് നടത്തി. കൂട്ടത്തിൽ ഒരു കാര്യം കൂടി പറഞ്ഞു. 'നാടകം കഴിഞ്ഞ് ഉടനെ ആരും പോകരുത്. ഞങ്ങൾക്ക് ചില കാര്യങ്ങൾ അറിയിക്കാനുണ്ട്.' തുടർന്ന് സുലോചന അഭിവാദനഗാനത്തിന്റെ പല്ലവി പാടി. 'കുരുക്ഷേത്രഭൂമി...' ശരശയ്യ ആരംഭിച്ചു.

          നാടകവും തുടർന്ന് സുലോചനയുടെ ഏതാനും പാട്ടുകളും കഴിഞ്ഞ് തോപ്പിൽ ഭാസി സ്റ്റേജിൽ കയറി മൈക്ക് കൈയിലെടുത്തു. തലേന്നാൾ രാവിലെത്തൊട്ടുള്ള സംഭവങ്ങൾ വിവരിച്ചു. സദസ്സ് ശ്വാസമടക്കിപ്പിടിച്ച് കേട്ടിരുന്നു. ഭാസി പറഞ്ഞവസാനിപ്പിച്ചപ്പോൾ ഒരുനിമിഷം നിശ്ശബ്ദത. പിന്നെ നിലയ്ക്കാത്ത കൈയടിയായിരുന്നു''.

          സുലോചനയുടെ നാടകജീവിതമാണ് ഈ ഗ്രന്ഥത്തിന്റെ ആഖ്യാനപരമായ അച്ചുതണ്ട്. കെ.പി.എ.സിയിൽ സുലോചന പ്രവർത്തിച്ച 1951-1965 കാലം അതിന്റെ ചരിത്രഭൂമികയും. കമ്യൂണിസ്റ്റ് പാർട്ടിയുടെയും കെ.പി.എ.സിയുടെയും സുലോചനയുടെയും ചരിത്രങ്ങളിൽ ഉയരങ്ങളും പതനങ്ങളും ഒരുപോലെ പ്രകടമായ കാലം കൂടിയാണിത്. വ്യക്തിജീവിതം തൊട്ട് രാഷ്ട്രീയജീവിതം വരെയുള്ളവയിൽ സുലോചന കടന്നുപോയ ധ്രുവാന്തരവൈരുധ്യമുള്ള അനുഭവങ്ങളുടെ ആവിഷ്‌ക്കാരം കെ.പി.എ.സിയുടെ നാടകചരിത്രത്തിനു സമാന്തരമായി ബൈജു നടത്തുന്നു. ഗായികയും നടിയുമായി 'എന്റെ മകനാണ് ശരി'യിൽ എത്തിയ സുലോചന സമിതിയിൽനിന്നു പിരിയുംവരെ കെ.പി.എ.സിയുടെ ഏറ്റവും പ്രസിദ്ധമായ മുഖവും ശബ്ദവുമായിരുന്നു. അതേസമയംതന്നെ നാടകരംഗത്തും ചലച്ചിത്രരംഗത്തും നേരിട്ട നിരവധി ദുരനുഭവങ്ങൾ അവരുടെ ജീവിതത്തെ ആഴത്തിൽ ബാധിച്ചു. ഒപ്പം നിന്നവർ അകന്നുപോകുന്നതും വിശ്വസിച്ചവർ വഞ്ചിക്കുന്നതും അവരെ തളർത്തി. ജനപ്രീതിയുടെ കൊടുമുടിയിൽ നിൽക്കുന്ന സമയത്തുതന്നെയാണ് ഇത്തരം ദുരനുഭവങ്ങൾ അവരെ തേടിവന്നത്. അക്കാലത്തെ മലയാള നാടകപ്രേക്ഷകർക്ക് ആരായിരുന്നു സുലോചന എന്നറിയാൻ കട്ടപ്പനയിൽ കെ.പി.എ.സി. നാടകം കളിക്കാൻ പോയ ഒറ്റസന്ദർഭം ഓർത്താൽ മതി.

         

''കോടമഞ്ഞു മൂടിയ ഹൈറേഞ്ചിന്റെ വളഞ്ഞുചുറ്റിയ വഴികളിലൂടെ, കെ.പി. എ.സിയുടെ ചെങ്കൊടി പറക്കുന്ന വാൻ കട്ടപ്പന ടൗണിലെത്തിയപ്പോൾ, നേരം സന്ധ്യയോടടുക്കുകയായിരുന്നു. കൊട്ടകയ്ക്കുള്ളിലേക്ക് കയറിച്ചെന്ന പോറ്റിസാറിന്റെ നേതൃത്വത്തിലുള്ള കെ.പി.എ.സി. സംഘത്തെ നാടകസംഘാടകർ ആഹ്ലാദത്തോടെ സ്വീകരിച്ചു. ഒട്ടും വൈകാതെ കർട്ടനും സെറ്റിങ്‌സുമൊക്കെ വലിച്ചുകെട്ടാനാരംഭിച്ചു. മേക്കപ്പ് തുടങ്ങുന്നതിന് മുമ്പായി, ശരീരം കോച്ചിവലിക്കുന്ന തണുപ്പ് മാറ്റുന്നതിനുവേണ്ടി, കട്ടൻകാപ്പി ഊതിയൂതികുടിച്ചുകൊണ്ട് എല്ലാവരും നേരമ്പോക്ക് പറഞ്ഞുകൊണ്ടിരിക്കുമ്പോൾ സംഘാടകരിലൊരാൾ വന്നു ചോദിച്ചു:

          'എല്ലാവരെയും കണ്ടാരുന്നു. ആട്ടെ, നമ്മടെ സുലോചന എങ്ങോട്ടു പോയി? കണ്ടില്ലല്ലോ.'

          പോറ്റിസാർ അതിന് മറുപടി പറഞ്ഞു.

          'ഇന്നത്തെ നാടകത്തിന് സുലോചന വന്നിട്ടില്ല. പകരം വേറൊരാളാ ആ വേഷമഭിനയിക്കുന്നത്.'

          അപ്പോഴേക്കും അങ്ങോട്ടേക്ക് കൂടുതൽപേരെത്തി.

          'അതെന്നാ സുലോചന വരാഞ്ഞേ? അതെന്നാ പറ്റിയതാ?'

          'സുലോചന മദ്രാസിൽ ഒരു സിനിമയിൽ അഭിനയിക്കാൻ പോയിരിക്കുകയാ. സുലോചനയ്ക്കു പകരം, ദേ ഇരിക്കുന്ന കവിയൂർ പൊന്നമ്മയാണ് ഇന്ന് ആ വേഷമെടുക്കുന്നത്.'

          അതുവരെ എല്ലാവരോടും അങ്ങേയറ്റത്തെ ആതിഥേയമര്യാദകൾ പാലിച്ചുകൊണ്ട്, ബഹുമാനത്തോടെ പെരുമാറിയിരുന്ന സംഘാടകർ-അക്കൂട്ടത്തിൽ പാർട്ടിസഖാക്കളുമുണ്ട്- പെട്ടെന്നാണ് പൊട്ടിത്തെറിച്ചത്.

          'അതൊന്നും പറഞ്ഞാൽ പറ്റുകേല. ഇവിടെ സുലോചനതന്നെ അഭിനയിച്ചാൽ മതി.'

          ക്ഷുഭിതസ്വരത്തിൽ, കൂടുതൽ ശബ്ദങ്ങൾ ഉയർന്നുകേൾക്കാൻ തുടങ്ങി.

          'അവള് വരട്ടെ. അവളു വന്നിട്ട് നാടകം കളിച്ചാൽ മതി. അവളില്ലാതെ ഇവിടിപ്പം ആരുമങ്ങനെ നാടകം കളിക്കണ്ട.'

          ഇഷ്ടവും ആരാധനയും കൂടുമ്പോൾ കലാകാരന്മാരെയും കലാകാരികളെയും 'അവനെ'ന്നും 'അവളെ'ന്നും സംബോധന ചെയ്യുന്നത് മലയാളികളുടെ ഒരു ശീലമാണല്ലോ. അങ്ങനെയാണ് സുലോചനയെയും അവർ 'അവളെ'ന്ന് വിളിച്ചത്.

          അപ്പോഴേക്കും അവിടമാകെ ബഹളമയമായിക്കഴിഞ്ഞിരുന്നു. കെ.പി.എ.സിക്കാരെ വളഞ്ഞുവെച്ചുകൊണ്ട് എല്ലാവരുംകൂടി ഒച്ചയിട്ടു. 'സുലോചന വരട്ടെ. അതു കഴിഞ്ഞ് നാടകം കളിച്ചിട്ട് ഇവിടെനിന്നു പോയാൽ മതി'യെന്ന് ആക്രോശിച്ചുകൊണ്ട് കൊട്ടകയുടെ പുറത്തേക്കുള്ള വാതിലുകൾ വെളിയിൽ നിന്ന് വലിച്ചടച്ചു. കെ.പി.എ.സിക്കാർ അക്ഷരാർത്ഥത്തിൽ തടങ്കലിലായി.

സുലോചന അപ്പോൾ മദ്രാസിലായിരുന്നു. ഏഴുവർഷത്തെ ഇടവേളയ്ക്കു ശേഷം ഒരു സിനിമയിൽ അഭിനയിക്കാൻ പോയതാണ്. സിനിമയുടെ പേര് അരപ്പവൻ. സിനിമയിലേക്കുള്ള ക്ഷണം കിട്ടിയപ്പോൾ സുലോചന ആദ്യം നിരസിച്ചു. കാരണം, ആ സമയത്ത് എല്ലാ ദിവസവും നാടകമുണ്ടായിരുന്നു. നാടകം മുടക്കിക്കൊണ്ട് സിനിമയിൽ അഭിനയിക്കാൻ പോകുന്നതിൽ സുലോചനയ്ക്ക് ഒട്ടും താത്പര്യമുണ്ടായിരുന്നില്ല. ഒടുവിൽ പാർട്ടിക്കാർ വഴി നിർമ്മാതാവിന്റെ സമ്മർദ്ദമുണ്ടായി. പുറമേ, കെ.പി.എ.സിയിൽനിന്ന് രണ്ടാഴ്ചത്തെ ലീവും അനുവദിച്ചു. അങ്ങനെയാണ്, ഷൂട്ടിങ്ങിൽ പങ്കെടുക്കാനായി അണ്ണന്റെയും അക്കമ്മയുടെ ഭർത്താവിന്റെയും കൂടെ സുലോചന മദ്രാസിലേക്കു പോയത്. എന്നാൽ വിചാരിച്ച സമയത്ത് സുലോചനയുടെ ഭാഗങ്ങൾ എടുത്തുതീർന്നില്ല. കൂടെ അഭിനയിക്കുന്ന ആർട്ടിസ്റ്റുകളിൽ ആരോ 'കോൾ ഷീറ്റ്' തെറ്റിച്ചതുകൊണ്ട് രണ്ടുദിവസം ഷൂട്ടിങ് 'ബ്രേക്ക്' ആയി. പറഞ്ഞ സമയത്ത് നാടകത്തിനു പോകാൻ പറ്റാത്തതുകൊണ്ട് സുലോചന ആകെ അസ്വസ്ഥയായിരുന്നു. ഉടനെത്തന്നെ കൃഷ്ണൻകുട്ടി പോറ്റിസാറിനെ വിളിച്ചു വിവരമറിയിച്ചു. സുലോചനയ്ക്ക് പകരം ഉഷയുടെ വേഷത്തിൽ, അപ്പോൾ കവിയൂർ പൊന്നമ്മ അഭിനയിച്ചുകൊണ്ടിരിക്കുകയായിരുന്നു. എന്നാൽ കട്ടപ്പനയിൽ ബുക്ക് ചെയ്തിരുന്ന നാടകം തൊട്ട്, സുലോചനയാണ് അഭിനയിക്കേണ്ടിയിരുന്നത്. ഒടുവിൽ പൊന്നമ്മയെത്തന്നെ കട്ടപ്പന നാടകത്തിനു കൊണ്ടുപോകാൻ കെ.പി.എ.സി. തീരുമാനിക്കുകയായിരുന്നു.

          പോറ്റിസാർ കായംകുളത്ത് കെ.പി.എ.സി. ഓഫീസിലേക്കു വിളിച്ച് സുലോചന മദ്രാസിൽ നിന്ന് എത്തിയാലുടൻ തന്നെ ഒരു ടാക്‌സി പിടിച്ച് കട്ടപ്പനയിലെത്തിക്കാൻ നിർദ്ദേശിച്ചു. പിറ്റേന്നു രാവിലെ സുലോചന കായംകുളത്ത് എത്തിയപ്പോഴാണ് സംഭവങ്ങളൊക്കെ അറിയുന്നത്. ഒറ്റനിമിഷം പോലും കളയാൻ നിൽക്കാതെ, അപ്പോൾത്തന്നെ അണ്ണന്റെ കൂടെ കട്ടപ്പനയിലേക്ക് തിരിച്ചു. സുലോചന വന്നുചേർന്നതോടെ, സമിതിയിൽ എല്ലാവരുടെയും ശ്വാസം നേരേവീണു. അങ്ങോട്ടുമിങ്ങോട്ടുമൊന്നു തിരിയാൻപോലുമാകാതെ ബന്ദികളെപ്പോലെ കഴിയുകയായിരുന്നല്ലോ അവർ. ഒടുക്കം 'അവൾ' എത്തിച്ചേർന്നപ്പോൾ, കട്ടപ്പനക്കാർ അത് ഗംഭീരമായിത്തന്നെ ആഘോഷിച്ചു. സുലോചന നാടകത്തിനെത്തിയ വിശേഷം, കട്ടപ്പന ടൗണിൽ മുഴുവൻ അനൗൺസ് ചെയ്തറിയിച്ചതിനു ശേഷമാണ്, നിറഞ്ഞ സദസ്സിൽ അന്ന് പുതിയ ആകാശം പുതിയ ഭൂമി അരങ്ങേറിയത്.

          വല്ലപ്പോഴും മാത്രം പ്രദർശനത്തിനെത്തുന്ന സിനിമയെക്കാൾ, ജനകീയ കലയായ നാടകത്തെ സ്‌നേഹിച്ചിരുന്ന അന്നത്തെ പൊതുസമൂഹത്തിന്റെ ആരാധനാപാത്രങ്ങളായിരുന്നു, നാടകനടീനടന്മാർ. അക്കൂട്ടത്തിൽ സൂപ്പർ താരപദവിയായിരുന്നു സുലോചനയ്ക്ക്. കെ.എസ്. ജോർജിന്റെയും സുലോചനയുടെയും പാട്ടുകളില്ലാത്ത ഒരു കെ.പി.എ.സി. നാടകം അന്ന് സങ്കൽപ്പിക്കാൻപോലും കഴിയില്ലായിരുന്നു. തോപ്പിൽ ഭാസിയുടെ ശക്തമായ തൂലികയും നടീനടന്മാരുടെ അതുല്യമായ അഭിനയപാടവവും ഒ.എൻ.വി-ദേവരാജൻ ടീമിന്റെ നാടൻ സൗന്ദര്യം തുടിച്ചുനിൽക്കുന്ന ഗാനങ്ങളും കമ്യൂണിസ്റ്റ് പാർട്ടിയുടെ രാഷ്ട്രീയ പിൻബലവുമെല്ലാം ചേർന്നാണ് കെ.പി.എ.സിയുടെ നാടകങ്ങളെ ജനപ്രീതിയുടെ ഉയരങ്ങളിലെത്തിച്ചതെന്നത് സത്യമാണ്. എന്നാൽ കാന്തത്തിന്റേതുപോലെയുള്ള ആകർഷണശക്തിയോടെ ആളുകളെ ആ നാടകങ്ങളിലേക്ക് വലിച്ചടുപ്പിച്ചത്, കെ.എസ്. ജോർജിന്റെയും സുലോചനയുടെയും വശ്യമനോഹരമായ ആലാപനശൈലിയായിരുന്നു. സുലോചനയുടെ പാട്ടും അഭിനയവും നേരിട്ടു കണ്ട് ആസ്വദിക്കാൻ എത്തിയവർക്ക് അത് സാദ്ധ്യമല്ല എന്നറിഞ്ഞപ്പോൾ പെട്ടെന്നുണ്ടായ നിരാശയും കോപവുമാണ് കട്ടപ്പനക്കാരെ അങ്ങനെ രൂക്ഷമായി പ്രതികരിക്കാൻ പ്രേരിപ്പിച്ചത്. 'കട്ടപ്പന സംഭവ'ത്തിന് ഏതാനും ആഴ്ചകൾക്കുമുമ്പ് കൊല്ലത്ത് സംഭവിച്ചതും പ്രേക്ഷകരുടെ ഭാഗത്തുനിന്നുള്ള അത്തരമൊരു തിരസ്‌കാരമായിരുന്നു. പക്ഷേ, നിർഭാഗ്യവശാൽ, കേരളത്തിന്റെ സ്വന്തം ജനകീയനാടക പ്രസ്ഥാനത്തിന്റെ ശക്തമായ കെട്ടുറപ്പിന് വിള്ളലേൽപ്പിക്കുന്നതിലാണ് ആ സംഭവം വഴിതെളിച്ചത്.''

ഒന്നരപതിറ്റാണ്ട് ഊർജ്ജസ്വലമായി നിലനിന്ന കെ.പി.എ.സിയുടെ ചരിത്രത്തിന്റെ മുൻപറഞ്ഞ ഓരോ ഘട്ടവും ഒരുപാട് അന്തഃഛിദ്രങ്ങളുടെയും വഴിപിരിയലുകളുടെയും കൂടി കാലമായിരുന്നു. ദേവരാജനും ഒ.എൻ.വിയും ഒ. മാധവനും വിജയകുമാരിയും കെ.എസ്. ജോർജും സി.ജി. ഗോപിനാഥും ശ്രീനാരായണപിള്ളയും സുധർമ്മയും സുലോചനയും കെ.പി.എ.സി. വിട്ടു. ഓരോ ഘട്ടത്തിലായി പി.ജെ. ആന്റണിയും കെ.പി. ഉമ്മറും ഗോവിന്ദൻകുട്ടിയും ലളിതയും ഉൾപ്പെടെ പലരും സുലോചനയുള്ള കാലത്തുതന്നെ കെ.പി.എ.സിയിലെത്തി. രാഷ്ട്രീയമായ ചേരിതിരിവുകളെക്കാൾ വ്യക്തിബന്ധങ്ങളിലെ വിള്ളലുകളും കലാരംഗത്തെ അഭിപ്രായവ്യത്യാസങ്ങളും തന്നെയാണ് കെ.പി.എ.സിയെ പടിപടിയായി പ്രതിസന്ധിയിലെത്തിച്ചത്. തോപ്പിൽ ഭാസിക്കു കൈവന്ന അപ്രമാദിത്വം ഒ. മാധവന്റെയും ജനാർദ്ദനക്കുറുപ്പിന്റെയും പടിയിറക്കത്തിൽ കലാശിച്ചു. സുലോചനയുമായുള്ള അഭിപ്രായവ്യത്യാസം ദേവരാജന്റെ രാജിയിലും. തുടർന്നും ഓരോ സന്ദർഭങ്ങളിലുണ്ടായ പടലപ്പിണക്കങ്ങൾ ഓരോരുത്തർക്കും പുറത്തേക്കുള്ള വഴി തുറന്നിടുകയായിരുന്നു. അതേസമയം പാർട്ടിയുടെ പിളർപ്പിന്റെ ഘട്ടത്തിൽ തോപ്പിൽ ഭാസിയുൾപ്പെടെയുള്ളവർ അനുഭവിച്ച സ്വത്വപ്രതിസന്ധി ചെറുതായിരുന്നില്ല.

          ''കമ്യൂണിസ്റ്റ് പാർട്ടിയിലുണ്ടായ പിളർപ്പ് പല നേതാക്കളിലും സാധാരണ പ്രവർത്തകരിലുമൊക്കെ ഉണ്ടാക്കിയത് കനത്ത ആഘാതമായിരുന്നു. ഒരു 'വികാരജീവിയായ കമ്യൂണിസ്റ്റ്' എന്നു സ്വയം വിശേഷിപ്പിച്ചിരുന്ന തോപ്പിൽ ഭാസിക്ക് ആഴത്തിലുള്ള ആ മുറിവ് താങ്ങാനാവുന്നതിലേറെയായിരുന്നു. 'ത്യാഗികളായ കമ്യൂണിസ്റ്റുകാരുടെയും കമ്യൂണിസ്റ്റനുഭാവികളു ടെയും ഒരു രൂപരേഖ ഒളിവിലെ ഓർമ്മകൾ എന്ന തന്റെ ആത്മകഥാക്കുറിപ്പുകളിൽ ചോരത്തുടിപ്പാർന്ന വരികളിലൂടെ വരച്ചിട്ട തോപ്പിൽ ഭാസി ഭിന്നിപ്പിന്റെ പശ്ചാത്തലത്തിൽ ഒരു ലഘുലേഖയെഴുതി പ്രസിദ്ധീകരിച്ചു. പിളർപ്പിന് നേതൃത്വം നൽകിയ തന്റെ പഴയ നേതാക്കളെ അഭിസംബോധന ചെയ്തുകൊണ്ട് വികാരംകൊള്ളിക്കുന്ന ഭാഷയിൽ എഴുതിയ 'തെളിവിലെ യാഥാർത്ഥ്യങ്ങൾ' വ്യാപകമായ പ്രതികരണങ്ങൾക്കാണ് വഴിതെളിച്ചത്.

          'പ്രിയപ്പെട്ട ഇ.എം.എസ്., പ്രിയപ്പെട്ട എ.കെ.ജി., രണ്ടു ചോദ്യങ്ങൾ ഞാൻ ചോദിച്ചുകൊള്ളട്ടെ:

          1. ഒരു കമ്യൂണിസ്റ്റുപാർട്ടി ഘടകത്തിൽനിന്ന് ഏതു സാഹചര്യത്തിലായാലും ഇറങ്ങിപ്പോക്കു നടത്തുന്നത് ശരിയാണോ?

          2. ഏതു സാഹചര്യത്തിലായാലും ഒരു പാർട്ടിഘടകത്തിന്റെ ഭൂരിപക്ഷനടപടിയെ അനുസരിക്കാതെ അതിനെ വെല്ലുവിളിച്ചുകൊണ്ട് ഒരു സഖാവോ, ഏതാനും സഖാക്കളോ സമാന്തര പാർട്ടിപ്രവർത്തനം നടത്തുന്നത് നമ്മൾ ഇന്നോളം അനുസരിച്ചുപോന്ന സംഘടനാതത്ത്വങ്ങൾക്കും പ്രമാണങ്ങൾക്കും ചേർന്നതാണോ?

          ബഹുമാനപ്പെട്ട സഖാക്കളേ, ഹൃദയവേദനയോടെ ഒരു കാര്യം ചോദിച്ചു കൊള്ളട്ടെ, പലരും ആഗ്രഹിക്കുന്നതുപോലെ ഭിന്നിച്ച പാർട്ടി ഒന്നിച്ചുവെന്നു വിചാരിക്കുക. എന്നാലും നമുക്ക് നമ്മുടെ എതിരാളിയുടെ മുഖത്തു നോക്കി, ഇനിയൊരിക്കലെങ്കിലും, 'ഒറ്റക്കല്ലിൽ പണിതെടുത്ത പാർട്ടി'യെന്ന് നമ്മുടെ പാർട്ടിയെപ്പറ്റി പറയുവാൻ ഇന്നു കഴിയുമോ? പറഞ്ഞാൽ അതു സത്യമാവുമോ? അച്ചടക്കത്തിന്റെ ഇരുമ്പുചട്ട ധരിച്ച് പാർട്ടിയെന്ന് നമ്മുടെ പാർട്ടിയെപ്പറ്റി പറയുവാൻ ഇനി കഴിയുമോ? പറഞ്ഞാൽ അത് സത്യമാവുമോ? തെറ്റുകൾ പലതും രാഷ്ട്രീയപ്രവർത്തകർക്ക് വരും. പക്ഷേ, ഒരിക്കലും നികത്താനാവാത്ത തെറ്റുകൾ നിങ്ങളിൽനിന്നു പ്രതീക്ഷിച്ചതല്ല.

          നിങ്ങൾ നേതാക്കൾ പഠിപ്പിച്ചതും ഞാനും എന്നെപ്പോലെയുള്ള അനുയായികൾ പഠിച്ചതും ഇന്നോളം അനുസരിച്ചുപോന്നതുമായ പാർട്ടിചിട്ടയും അച്ചടക്കവും നിങ്ങൾ ഇപ്പോൾ കാണിച്ച രീതിയിലല്ലായിരുന്നു.

         

സഖാവേ, നിങ്ങൾ പഠിപ്പിച്ചിട്ടുള്ളതാണ് ഞാൻ എഴുതിയിട്ടുള്ളത്. പഠിക്കുകയും എഴുതുകയും മാത്രമല്ല, ഞാനും എന്നെപ്പോലെയുള്ളവരും അതുപോലെ പ്രവർത്തിച്ചു. ഞങ്ങൾ അതിനുവേണ്ടി ജീവൻ ഹോമിച്ചു. രക്തമൊഴുക്കി. അങ്ങയുടെ രാഷ്ട്രീയാഭിപ്രായത്തിന് പാർട്ടിയിൽ ഭൂരിപക്ഷം കിട്ടാതെവന്നപ്പോൾ അങ്ങു പ്രവർത്തിച്ചതുപോലെ നിസ്സാരനായ ഞാനും എന്നെപ്പോലുള്ള ഒന്നുരണ്ടു സഖാക്കളും പ്രവർത്തിച്ചിരുന്നെങ്കിൽ പൊടുന്നനേയുള്ള പത്തു മരണങ്ങൾ ഒഴിവാക്കാമായിരുന്നു; അഞ്ചു പൊലീസുകാരുടെയും അഞ്ചു സഖാക്കളുടെയും (ശൂരനാട്), മർദ്ദനംകൊണ്ട് ചുമച്ച്, ഏങ്ങിവലിച്ചു. ജീവിച്ച മുപ്പതിൽപ്പരം സഖാക്കളിൽ പിന്നീടു മരിച്ച പതിനൊന്നുപേരുടെ മരണവും ഒഴിവാക്കാമായിരുന്നു. എന്റെയും എന്നെപ്പോലുള്ള ഒട്ടനവധി പാർട്ടിപ്രവർത്തകരുടെയും കുടുംബങ്ങളെ മർദ്ദനങ്ങളിൽനിന്നും എണ്ണമറ്റ ദുരിതങ്ങളിൽനിന്നും രക്ഷിച്ചു നിറുത്താമായിരുന്നു. ഞങ്ങളത് ചെയ്തില്ല. പാർട്ടി അച്ചടക്കം ഞങ്ങൾക്ക് ദിവ്യമന്ത്രമായിരുന്നു.''

         

കെ.പി.എ.സിയിലെ പിളർപ്പുകൾക്കും അവ സൃഷ്ടിച്ച പ്രതിസന്ധികൾക്കും പിന്നിലെ പ്രധാന കാരണങ്ങൾ സമാന്തരമായി വളർന്നുവന്ന നാടകസംഘങ്ങളുടെ ജനപ്രീതിയോ നാടകരംഗത്തുണ്ടായ പരാജയങ്ങളോ ആയിരുന്നില്ല. 1951 മുതൽ ഒരുദശകത്തിലധികകാലം കെട്ടുറപ്പോടെ നിലനിന്ന സംഘം മുൻപറഞ്ഞ ആഭ്യന്തരപ്രശ്‌നങ്ങൾ മൂലം ശിഥിലമായതും ഭാസിയും സുലോചനയുമൊഴികെയുള്ള മുൻനിര നാടകപ്രവർത്തകർ ഒന്നടങ്കം സംഘം വിട്ടുപോയതും സിനിമ അപൂർവമാംവിധം ജനപ്രിയമായതും 1961നുശേഷം കെ.പി.എ.സിയിലെത്തിയ ഉമ്മറും ഗോവിന്ദൻകുട്ടിയും ലളിതയുമൊക്കെ ചുരുങ്ങിയ കാലംകൊണ്ട് തന്നെ ചലച്ചിത്രരംഗത്ത് ചുവടുറപ്പിച്ചതും മറ്റുമായിരുന്നു. ഒപ്പം, കമ്യൂണിസ്റ്റ് പാർട്ടിയുടെ പിളർപ്പോടെ രാഷ്ട്രീയ നാടകവേദിക്കു സംഭവിച്ച അപ്രസക്തിയും. 1940കളിൽ തന്നെ തിരുവനന്തപുരത്തു രൂപംകൊണ്ട നവനാടകവേദിയുടെയും എൻ. കൃഷ്ണപിള്ള മുതൽ പി.കെ. വിക്രമൻനായർ വരെയുള്ള നാടകപ്രവർത്തകരുടെയും കഥയിൽ തുടങ്ങി, മൂന്നുദശകക്കാലം തിരുവിതാംകൂറിലും കൊച്ചിയിലും മലബാറിലും ഉടലെടുത്ത നാടകസംഘങ്ങളുടെ കഥവരെ വിശദീകരിച്ചു പറയുന്ന ബൈജു, 61ൽ കെ.പി.എസി. വിട്ട് ദേവരാജനും ഒ.എൻ.വിയും മാധവനും വൈക്കത്തിന്റെ നേതൃത്വത്തിലാരംഭിച്ച കൊല്ലം കാളിദാസകലാകേന്ദ്രത്തിന്റെ കഥ കുറെക്കൂടി വിശദീകരിച്ചു പറയുന്നു. ജനാർദ്ദനക്കുറുപ്പ് ഉൾപ്പെടെയുള്ളവർ പിന്നീട് കലാകേന്ദ്രവുമായി സഹകരിക്കുന്നുണ്ട്. നാടൊട്ടുക്കു രൂപംകൊണ്ട ഇടതുപക്ഷ-കമ്യൂണിസ്റ്റ് നാടകസംഘങ്ങൾ മുൻപത്തെക്കാൾ വിലക്ഷണമായി പരസ്പരം മത്സരിച്ചും കുതികാൽ വെട്ടിയും അന്യോന്യം തോല്പിച്ചും മുന്നേറിയ കാലമായിരുന്നു 60കൾ. ദേവരാജൻ ഉൾപ്പെടെയുള്ളവർ കെ.പി.എ.സി. വിട്ട സാഹചര്യത്തെക്കുറിച്ച് ബൈജു എഴുതുന്നു:

          ''തന്റെയും ഒ.എൻ.വിയുടെയും പാട്ടുകൾക്ക് ചരിത്രത്തിൽ സ്ഥാനം കൈവരുത്തുകയും കെ.എസ്. ജോർജിനോടൊപ്പം ജനകീയസംഗീതം എന്ന ഒരു ഗാനവിഭാഗത്തിന്റെ പാത വെട്ടിത്തുറക്കുകയും ചെയ്ത സുലോചനയുടെ ശബ്ദം എന്തുകൊണ്ട് വേണ്ടെന്നുവെച്ചു എന്ന് ദേവരാജൻ ഒരിക്കലും വിശദീകരിച്ചില്ല.

          ഇതിനിടയ്ക്ക് ദേവരാജൻ വീണ്ടുമൊരു മലയാളസിനിമയ്ക്ക് സംഗീതസംവിധാനം നിർവ്വഹിച്ചിരുന്നു. 1959 സെപ്റ്റംബറിൽ പുറത്തുവന്ന ചതുരംഗം എന്ന ചിത്രത്തിനുവേണ്ടി യായിരുന്നു അത്. ജെ.ഡി. തോട്ടാൻ നിർമ്മാണവും സംവിധാനവും നിർവ്വഹിച്ച ചിത്രത്തിൽ വയലാർ രാമവർമ്മ എഴുതിയ ഏഴു പാട്ടുകൾ പാടിയത് കെ.എസ്. ജോർജ്, ശാന്താ പി നായർ, കർണ്ണാടകസംഗീത വിദുഷിയായ എം.എൽ. വസന്തകുമാരി, കുമരേശൻ, പട്ടം സദൻ എന്നിവരാണ്. അക്കൂട്ടത്തിൽ, ജോർജും ശാന്താ പി. നായരും ചേർന്നു പാടിയ 'വാസന്തരാവിന്റെ വാതിൽ തുറന്നുവരും വാടാമലർക്കിളിയേ' ഇമ്പമാർന്ന പ്രണയഗാനമായി സംഗീതപ്രേമികളുടെ മനസ്സിലിടം നേടി. എന്നാൽ ആ ഏഴു പാട്ടുകളിൽ ഒരൊറ്റയെണ്ണംപോലും പാടാൻ ദേവരാജൻസഖാവ് തന്നെ വിളിച്ചില്ല എന്ന സംഗതി സുലോചനയുടെ മനസ്സിൽ ചെറിയൊരു നൊമ്പരമുണ്ടാക്കിയിരുന്നു. ആ പരിഭവത്തിന്റെ കനൽ കെടാതെ മനസ്സിൽക്കിടപ്പുണ്ടായിരുന്നത് ഇതോടെ ആളിക്കത്തുകയായി രുന്നു...

          എ.പി. കോമളയെയും റാണിയെയുംകൊണ്ട് പാട്ടുകൾ പാടിക്കാനുള്ള ദേവരാജന്റെ തീരുമാനം സുലോചനയ്ക്ക് വലിയൊരു ആഘാതവും മാനസികവേദനയുമാണ് ഉണ്ടാക്കിയത്. ദേവരാജനോട് തനിക്കുള്ള എല്ലാ ബഹുമാനവും മനസ്സിൽ സൂക്ഷിച്ചുകൊണ്ട് ഇതിനെതിരേ സുലോചന കെ.പി.എ.സിയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റിക്കും കമ്യൂണിസ്റ്റ് പാർട്ടിക്കും പരാതി നൽകി. കെ.പി.എ.സിയുടെ ഗായകരെക്കൊണ്ടുതന്നെ ആ പാട്ടുകൾ പാടിക്കണമെന്ന് എക്‌സിക്യൂട്ടീവ് കമ്മിറ്റി ദേവരാജനോട് ആവശ്യപ്പെട്ടു. ദേവരാജൻ അതനുസരിക്കാൻ കൂട്ടാക്കിയില്ല. കെ.പി.എ.സിയുടെ നാടകങ്ങളിലെ പാട്ടുകൾ സമിതിയുടെ അനുവാദമില്ലാതെ റെക്കോഡ് ചെയ്യാൻ പാടില്ലെന്നു കാണിച്ചുകൊണ്ട് എച്ച്.എം വി, കൊളംബിയ എന്നീ കമ്പനികൾക്ക് ടെലിഗ്രാം ചെയ്യാൻ എക്‌സിക്യൂട്ടീവ് കമ്മിറ്റി തീരുമാനമെടുത്തു. അതനുസരിച്ച് ടെലിഗ്രാം അയച്ചെങ്കിലും സംഗീതസംവിധായകന്റെ അധികാരമുപയോഗിച്ച്, താൻ നിശ്ചയിച്ചതുപോലെ പാട്ടുകളുടെ റെക്കോഡിങ്ങുമായി ദേവരാജൻ മുന്നോട്ടുപോകുകതന്നെ ചെയ്തു. സുലോചനയുടെ കലാജീവിതത്തിൽ ഏറ്റവും നൊമ്പരമുളവാക്കിയ ആ സംഭവമവസാനിച്ചത് ദേവരാജൻ കെ.പി.എ.സിയോട് വിടപറഞ്ഞതോടുകൂടിയാണ്. അദ്ധ്യാപകജീവിതത്തിന്റെ തിരക്കുകൾ കാരണം കെ.പി.എ.സിയിൽ സജീവമല്ലാത്ത ഒ.എൻ.വി. കുറുപ്പ് ദേവരാജനും സമിതിക്കുള്ളിലെ എതിർപക്ഷക്കാർക്കുമിടയിലുള്ള പ്രശ്‌നങ്ങൾ ഒത്തുതീർക്കാൻ ശ്രമം നടത്തി. ദേവരാജനെ സമിതിയിൽ കൊണ്ടുവന്ന ആൾ എന്ന ധാർമ്മിക ഉത്തരവാദിത്വമേറ്റെടുത്താണ് ഒ.എൻ.വി. അതിനു മുതിർന്നത്. എല്ലാവരുമായും നല്ല ബന്ധം പുലർത്തിയിരുന്ന സമിതിയുടെ സെക്രട്ടറി പോറ്റിസാറിന്റെ

പിന്തുന്ന ഒ.എൻ.വിക്കുണ്ടായിരുന്നെങ്കിലും നടന്ന കാര്യങ്ങളൊക്കെ മറക്കാൻ സുലോചനയുൾപ്പെടെ മറ്റാരും തയ്യാറായിരുന്നില്ല.

         

'പഴയ സഹപ്രവർത്തകരെല്ലാം പുറത്തു പോയപ്പോൾ ദേവരാജന് വല്ലാത്തൊരൊറ്റപ്പെടൽ അവിടെ അനുഭവപ്പെട്ടത് സ്വാഭാവികം. താൻ വളർത്തിക്കൊണ്ടുവന്ന ചിലർപോലും തന്നെ അനാദരിക്കുന്ന പ്രവണത ദേവരാജന് അനുഭവപ്പെട്ടതായി എന്നോടു പറഞ്ഞിട്ടുണ്ട്. പറഞ്ഞുതീർക്കാന്മാത്രമുള്ള പ്രശ്‌നങ്ങളേയുള്ളൂ എന്ന വിശ്വാസത്തിലാണ് ഒരുദിവസം ദേവരാജനെയുംകൂട്ടി ഞാൻ കെ.പി.എ.സി. ആസ്ഥാനത്തേക്കു പോയത്. പോകുംവഴി ദേവരാജൻ എന്നോടു പറഞ്ഞിരുന്നു, 'ഒ.എൻ.വി. എനിക്കുവേണ്ടി താഴരുത്.'

          മുൻകൂട്ടി അറിയിച്ചു ചെന്നിട്ടും ഞങ്ങൾക്കു കാണേണ്ടിയിരുന്നവർ അവിടെയുണ്ടായിരുന്നില്ല. ഞങ്ങളെ അകമഴിഞ്ഞു സ്‌നേഹിച്ചിരുന്ന പോറ്റിസാർ എവിടെനിന്നോ അവരെ കണ്ടുപിടിച്ചു കൊണ്ടുവന്നു. പക്ഷേ, അവരുടെ പെരുമാറ്റം ഉദാസീനവും പലതും മറന്ന മട്ടിലുള്ളതുമായിരുന്നു. എന്റെ അനുരഞ്ജനശ്രമം ഫലിച്ചില്ലെന്നതിൽ എനിക്ക് അത്യഗാധമായ ദുഃഖം തോന്നി. ഒടുവിൽ ദേവരാജൻ പിരിയാനുറച്ച് പടിയിറങ്ങുമ്പോൾ, ഞാൻ പറഞ്ഞു: 'ഞാനിവിടെ ദേവരാജനെയും കൂട്ടി വന്നയാളാണ്. ഒന്നിച്ചുതന്നെ ഞാനും പടിയിറങ്ങുന്നു.'

          കെ.പി.എ.സിയുടെ പ്രസിഡന്റ് ജി. ജനാർദ്ദനക്കുറുപ്പ് സജീവരാഷ്ട്രീയവും നാടകപ്രവർത്തനങ്ങളുമെല്ലാം ഉപേക്ഷിച്ച് മുഴുവൻസമയവും അഭിഭാഷകവൃത്തിക്കുവേണ്ടി ചെലവഴിക്കാനാലോചിച്ചുകൊണ്ടിരിക്കുന്ന വേളയിലാണ് സമിതിയിൽ ഈ ഉരുൾപൊട്ടലൊക്കെ ഉണ്ടാകുന്നത്. ഒ. മാധവന്റെ പിന്നാലെ ദേവരാജനും ഒ.എൻ.വിയും കൂടി കെ.പി.എ.സി. വിട്ടതോടെ, അവർ മൂന്നുപേരുമായി ഉറ്റസൗഹൃദം പുലർത്തിയിരുന്ന ജനാർദ്ദനക്കുറുപ്പ് പിന്നെ മടിച്ചുനിന്നില്ല. ഉടൻ തന്നെ കെ.പി.എ.സിയിൽ നിന്ന് രാജിവെച്ചു. മുടിയനായ പുത്രന്റെ വലിയ വിജയത്തെത്തുടർന്ന് കെ.പി.എ.സിയിലെ മറ്റെല്ലാവരെയും മറികടന്ന് തോപ്പിൽ ഭാസിക്കു കൈവന്ന അപ്രമാദിത്വവും ആധിപത്യവും, സമിതിക്കുള്ളിൽ പുതിയ സമവാക്യങ്ങൾ ഉടലെടുക്കാൻ കാരണമായി. ജനാർദ്ദനക്കുറുപ്പിന്റെ രാജിക്കു പിന്നിൽ ഇതുമൊരു ഘടകമായിട്ടുണ്ടാകാം.''

         

കലാപരമായും രാഷ്ട്രീയമായും വിമർശനാതീതമായ ഒന്നായിരുന്നോ കെ.പി.എ.സിയുടെ നാടകചരിത്രം? നിശ്ചയമായും അല്ല. കമ്യൂണിസ്റ്റ് നാടകവേദിയെന്ന നിലയിൽ കെ.പി.എ.സി. പുലർത്തിയ നിലപാടുകളുടെയും കമ്യൂണിസ്റ്റാക്കി നാടകത്തെക്കുറിച്ചുതന്നെയും ഇ.എം.എസ്. ഉൾപ്പെടെയുള്ളവർ ഉന്നയിച്ചിട്ടുള്ള വിമർശനങ്ങൾ ഗ്രന്ഥകാരൻ കാണുന്നില്ല. കടുത്ത രാഷ്ട്രീയപക്ഷപാതത്തോടെയാണ് ഈ നാടകചരിത്രത്തിന്റെ രചന നിർവഹിക്കപ്പെട്ടിരിക്കുന്നത് എന്നതു കാണാതിരിക്കാനാവില്ല. എങ്കിലും മുൻപെഴുതപ്പെട്ടിട്ടുള്ള സാന്ദർഭികമോ ഭാഗികമോ പൂർണമോ ആയ മലയാളനാടകചരിത്രങ്ങളിലോ കെ.പി.എ.സിയുടെ ചരിത്രം പറയുന്ന കൃതികളിലോ കാണാത്തവിധം സമഗ്രവും സൂക്ഷ്മവുമായി, സവിശേഷമായ ഒരു കാലഘട്ടത്തിലെ രാഷ്ട്രീയനാടകസംസ്‌കാരത്തിന്റെ അകംപുറലോകങ്ങൾ രേഖപ്പെടുത്താൻ ബൈജുവിനു കഴിയുന്നു. സുലോചനയെന്ന നാടകകലാകാരിയുടെ ജീവിതം ആർജ്ജവത്തോടെ പിന്തുടർന്നും നാടകചരിത്രത്തിനു സമാന്തരമായി രൂപംകൊണ്ട രാഷ്ട്രീയചരിത്രം ഇടതടവില്ലാതെ ചൂണ്ടിക്കാണിച്ചും കെ.പി.എ.സിക്കകത്തും പുറത്തും നിർണായകമായി ജീവിച്ച കുറെ വ്യക്തികളുടെ നാടക-ജീവിതബന്ധങ്ങൾ സൂക്ഷ്മമായാവിഷ്‌ക്കരിച്ചും വ്യക്തിനിഷ്ഠമോ സമൂഹനിഷ്ഠമോ ആയ അനുഭവങ്ങളുടെയും സംഭവങ്ങളുടെയും പിന്നാമ്പുറങ്ങൾ വിശദമായപഗ്രഥിച്ചും നാടകമെന്ന സാഹിത്യ-കലാരൂപത്തിന്റെ സാമൂഹിക-സാംസ്‌കാരിക മാനങ്ങൾ വിശകലനം ചെയ്തും ഈ നാടക/കലാപഠനം ബൈജു പൂർത്തിയാക്കുന്നു. 

പുസ്തകത്തിൽനിന്ന്

''കൗമാരം കടക്കുന്നതിനു മുമ്പ് അഭിനയവേദിയിലെത്തിയ സുലോചനയുടെ കെ.പി.എ.സിയിലെ തുടക്കംതന്നെ നായികയും പ്രധാന ഗായികയുമായിട്ടാണല്ലോ. സുലോചനയുടെയും കെ.എസ്. ജോർജിന്റെയും അപൂർവ്വമധുരമായ ശബ്ദവും ആലാപനസിദ്ധിയും കെ.പി.എ.സി. നേടിയ ജനകീയാംഗീകാരത്തിന്റെ പ്രധാന കാരണങ്ങളായി. 'അവളി'ല്ലെങ്കിൽ നാടകം കളിക്കേണ്ടെന്നു പറഞ്ഞ് നാട്ടുകാർ നാടകംതന്നെ മുടക്കിയ അപൂർവ്വസംഭവം ഒരുപക്ഷേ മറ്റൊരു കലാകാരിയുടെ ജീവിതത്തിലും സംഭവിച്ചിട്ടുണ്ടാകില്ല. പാട്ടുകാരി എന്നതിനോടൊപ്പം, നടിയെന്ന നിലയിലുള്ള ഉയർച്ചയോടൊപ്പം, ഒരു സിനിമാതാരത്തെക്കാൾ പേരും പ്രശസ്തിയും കൂടി തന്നെ തേടിയെത്തിയപ്പോൾ ആ നാടൻ പെൺകുട്ടിയിലും അതനുസരിച്ചുള്ള മാറ്റങ്ങളുണ്ടായത് സ്വാഭാവികം. തനിക്ക് ശരിയല്ലെന്നു തോന്നിയ പ്രശ്‌നങ്ങളിൽ വെട്ടിത്തുറന്ന് അഭിപ്രായം പറയാനും മുഖത്തു നോക്കി വിമർശിക്കാനും സുലോചന മടിച്ചില്ല. ഗുരുതുല്യനായ ദേവരാജൻസഖാവ് തന്റെ അഭിമാനത്തെ മുറിപ്പെടുത്തിയെന്നു തോന്നിയപ്പോൾ സമിതിക്കുള്ളിൽ പരാതിപ്പെടാനും വലിയ ഒരു പ്രശ്‌നമായി ആ സംഭവത്തെ വളർത്താനും തയ്യാറായത് ആ തന്റേടത്തിന്റെ ഉദാഹരണമാണ്. കെ.പി.എ. സിയുടെ ആരംഭം മുതൽ തന്നോടൊപ്പമുണ്ടായിരുന്നവർ മത്സരബുദ്ധിയോടെ മറ്റൊരു സമിതി രൂപീകരിച്ചപ്പോൾ, പ്രസ്ഥാനത്തെ താങ്ങിനിറുത്തേണ്ടത് തന്റെകൂടി ഉത്തരവാദിത്വമായി സുലോചന ഏറ്റെടുത്തു. അങ്ങനെയാണ് കെ.പി. ഉമ്മറിനെ കെ.പി.എ.സിയിൽ നായകനായി കൊണ്ടുവരാൻ മുൻകൈയെടുത്തത്. ലളിതയുടെ കഴിവ് കണ്ടറിഞ്ഞു സമിതിയിലെടുക്കാനും പ്രോത്സാഹിപ്പിക്കാനും മുമ്പിൽ നിന്നതും ഇക്കാരണംകൊണ്ടാണ്. എന്നാൽ, തനിക്കിഷ്ടപ്പെടാത്ത കാര്യം എടുത്തടിച്ചതുപോലെ പറയുകയും ദേഷ്യം വരുമ്പോൾ മുൻപിൻ നോക്കാതെ പ്രതികരിക്കുകയും ചെയ്യുന്ന സ്വഭാവം സഹപ്രവർത്തകരിൽ പലരേയും ശത്രുക്കളാക്കി.

          'എനിക്ക് കെ.പി.എ.സിയിലൂടെ ലഭിച്ച അംഗീകാരവും അതിലൂടെ വളർന്ന തലക്കനവും എന്റെ സഹപ്രവർത്തകർക്ക് രുചിച്ചില്ല. അതുകൊണ്ട് എന്നെ തരംതാഴ്‌ത്തി സംസാരിക്കാൻ കിട്ടുന്ന ഏതൊരവസരവും അവർ പാഴാക്കിയില്ല' എന്ന് സുലോചന പറയുമായിരുന്നു.

          അശ്വമേധത്തിലെ സരോജത്തെപ്പോലെ തനിക്ക് മഹാവ്യാധിയാണെന്ന് പറഞ്ഞുപരത്തി തന്റെ കല്യാണം മുടക്കിയതിനു പിന്നിൽപ്പോലും അവരൊക്കെയാണെന്ന് സുലോചന വിശ്വസിച്ചു. സമിതിക്കുള്ളിൽ കലഹങ്ങൾ പതിവായെന്ന് ലളിത ഓർക്കുന്നു: 'വഴക്കുകൾ ഇടയ്ക്കിടെ ഉണ്ടാകും. ക്യാമ്പിൽ വഴക്കുണ്ടാക്കി ഇറങ്ങിയങ്ങുപോകും. പിന്നെ നാടകത്തിനൊന്നും വരില്ല. ഞങ്ങളെല്ലാം റെഡിയായി ഇരിക്കുകയായിരിക്കും. 'ഇന്നു തൊട്ട് ഇനി വരുന്നില്ല' എന്ന് ഭീഷണിപ്പെടുത്തിയിട്ടാ യിരിക്കും ഇറങ്ങിപ്പോവുന്നത്. ഇതൊക്കെ എന്തിനാണെന്നോ.... ഇവിടെ നിന്ന്, കെ.പി.എ.സിയുടെ ക്യാമ്പിൽ നിന്ന് ആരെങ്കിലും ചെല്ലണം, സമാധാനിപ്പിക്കണം, അനുനയിപ്പിക്കണം, അത്രതന്നെ. ആരെങ്കിലും ചെന്നാലൊന്നും അങ്ങനെ പോരില്ല. പോകേണ്ട ആൾക്കാരുണ്ട്. ഒന്നുകിൽ ഉമ്മുക്ക (കെ.പി. ഉമ്മർ), അല്ലെങ്കിൽ ഭാസിച്ചേട്ടൻ. അവരാരെങ്കിലും പോയി അരമണിക്കൂറാകുമ്പോഴേക്കും എല്ലാം സമാധാനമായി എന്നു പറഞ്ഞ് പോയ ആൾ തിരിച്ചുവരും. അവർ വന്നുകയറുന്നതിനു പിന്നാലെ ചിരിച്ചുകൊണ്ട് സുലോചനച്ചേച്ചിയും തിരിച്ചുവരും.'

          സുലോചനയുടെ സാന്നിദ്ധ്യം കെ.പി.എ.സിയെ സംബന്ധിച്ചിടത്തോളം അത്രത്തോളം പ്രാധാന്യമുള്ളതായിരുന്നു അന്ന്. സുലോചനയുടെ താരപരിവേഷം മാത്രമായിരുന്നില്ല അതിന്റെ കാരണം. നാടകാവതരണം സംബന്ധിച്ച ഏതാണ്ടെല്ലാ മേഖലകളെക്കുറിച്ചും സുലോചനയ്ക്ക് താത്പര്യവും താൻ അഭിനയിക്കുന്ന നാടകത്തെ സംബന്ധിച്ച് വ്യക്തമായ അഭിപ്രായങ്ങളും ഉണ്ടായിരുന്നു. പണ്ട്, കാമ്പിശ്ശേരി പരമുപിള്ളയുടെ വേഷമഭിനയിക്കുമ്പോൾ, കൂടുതൽ ശോകഭാവം തോന്നിക്കാനായി, ഇടയ്ക്കിടെ പഴയ പ്രതാപകാലമോർമ്മിച്ചുകൊണ്ട് ഒന്നു ചിരിച്ചാൽ നന്നായിരിക്കുമെന്ന അഭിപ്രായം പറഞ്ഞത് അന്നൊരു തുടക്കക്കാരിയായിരുന്ന സുലോചനയായിരുന്നു. നാടകസംവിധാനം പൂർണ്ണമായും പുരുഷന്റെ മേഖലയാണെന്നു പരക്കെ അംഗീകരിക്കപ്പെട്ട ഒരു കാലത്ത്, സുലോചനയുടെ നിർദ്ദേശങ്ങൾക്ക് കെ.പി.എ.സിയും തോപ്പിൽ ഭാസിയും അർഹിക്കുന്ന പ്രാധാന്യം കൊടുത്തിരുന്നു''.

          ''ഇങ്ങനെ ഒന്നിനു പിറകേ മറ്റൊന്നായി നേരിട്ടുകൊണ്ടിരുന്ന പ്രശ്‌നങ്ങൾക്കെല്ലാം പരിഹാരം കാണാനും പുതിയൊരു ഉണർവ്വോടെ മുന്നോട്ടു പോകാനുമുള്ള ശ്രമങ്ങൾ തുടരുമ്പോഴാണ്, മറ്റൊരു പ്രതിസന്ധിയിൽ പ്രസ്ഥാനം എത്തിച്ചേർന്നത്...

         

മറുനാടൻപര്യടനം കഴിഞ്ഞു മടങ്ങിവന്ന് അധികം വൈകാതെത്തന്നെ സുലോചന കെ.പി.എ.സിയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റിക്ക് ഒരു കത്തെഴുതി. അച്ഛനോടും അണ്ണനോടും അക്കമ്മയുടെ ഭർത്താവിനോടും വളരെ അടുപ്പമുള്ള മറ്റുചില അഭ്യുദയകാംക്ഷികളോടുമെല്ലാം ആലോചിച്ചു തീരുമാനമെടുത്തതിന്റെ അടിസ്ഥാനത്തിലാണ് എഴുതിയത്.

          വളരെക്കാലമായി ഒരു ദിവസംപോലും ഒഴിവില്ലാതെ അരങ്ങത്ത് അഭിനയിക്കുകയും പാട്ടു പാടുകയും ചെയ്യുന്നത് തന്റെ ആരോഗ്യത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്. അതുകാരണം കുറച്ചു കാലത്തേക്ക് അഭിനയരംഗത്തുനിന്ന് വിട്ടുനിൽക്കാൻ ആഗ്രഹിക്കുന്നു. എന്നാൽ ഒരു ഗായികയെന്ന നിലയിൽ ഇനിയും സജീവമായി തുടരണമെന്നുതന്നെയാണ് വിചാരിക്കുന്നത്. അതിനുവേണ്ടി സ്വന്തമായി ഒരു ഗാനമേളട്രൂപ്പ് രൂപീകരിക്കണമെന്നാണ് ആഗ്രഹം. ഇക്കാരണങ്ങൾകൊണ്ട്, കെ.പി.എ.സി. തനിക്ക് ഒരു വർഷത്തെ അവധി അനുവദിക്കണം.

          കഴിഞ്ഞ കുറെ മാസക്കാലമായി സുലോചന സമിതിയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിൽ പങ്കെടുക്കാറുണ്ടായിരുന്നില്ല. പാർട്ടിഭിന്നിപ്പിനെത്തുടർന്നുള്ള രാഷ്ട്രീയാഭിപ്രായവ്യത്യാസങ്ങളെ ക്കാൾ വ്യക്തിപരമായ സ്വരച്ചേർച്ചയില്ലായ്മയായിരുന്നു കാരണം. കെ.പി.എ.സി. ആരംഭിച്ച നാൾതൊട്ട് അതിലെ അംഗവും നായികയും പ്രധാന ഗായികയുമായ, തോപ്പിൽ ഭാസിയോടൊപ്പമോ ഒരുപക്ഷേ, അതിനെക്കാളുമോ താരപരുവേഷമുള്ള സുലോചനയുടെമേൽ, തുടർച്ചയായി കമ്മിറ്റിയിൽനിന്ന് വിട്ടുനിൽക്കുന്ന കാരണത്തിന്റെ പേരിൽ നടപടിയെടുക്കുവാൻ സമിതിയുടെ നേതൃത്വം ഒരുക്കമായിരുന്നില്ല. സുലോചനകൂടി ഉൾപ്പെട്ടിരുന്ന പരസ്യമായ ചില കലഹങ്ങളും പൊട്ടിത്തെറികളും എന്തെങ്കിലും വിധത്തിലുള്ള നടപടികളിലേക്ക് വഴിതെളിച്ചുമില്ല.

          എന്നാൽ ഒരുവിധത്തിലുമുള്ള അനുരഞ്ജനത്തിനും സുലോചന തയ്യാറാകില്ലെന്നും പുറത്തേക്കുള്ള വഴിയിലാണെന്നും എല്ലാവർക്കും അറിയാമായിരുന്നു. ഇതു സംബന്ധിച്ച് കാമ്പിശ്ശേരിയും പോറ്റിസാറും സുലോചനയോട് സംസാരിക്കുകയും ചെയ്തിരുന്നു. കെ.എസ്. ജോർജ് മാറിനിൽക്കുന്നതുപോലെയല്ല സുലോചന വിട്ടുപോയാൽ എന്ന് സമിതിക്കും പാർട്ടിക്കും നന്നായി അറിയാമായിരുന്നു. മലയാളികൾക്കിടയിൽ മുഴുവൻ അലയൊലിക്കൊള്ളുന്ന വശ്യമനോഹരമായ ജനകീയസംഗീതത്തിന്റെ അടയാളരൂപമാണ് സുലോചന എന്നതുകൊണ്ടു മാത്രമായിരുന്നില്ല അത്; മലയാളനാടകവേദിയിലെ ഏറ്റവും കരുത്തയായ, പ്രേക്ഷകർക്ക് ഒരുപാടിഷ്ടപ്പെട്ട അഭിനേത്രിയാണ് സുലോചന എന്ന വസ്തുതയും ഒരു പ്രധാന ഘടകമായിരുന്നു.

          സുലോചനയുടെ കത്ത് ചർച്ച ചെയ്ത, 1965 ഒക്ടോബർ 30നു ചേർന്ന കമ്മിറ്റിയിലും സുലോചന പങ്കെടുത്തില്ല. സുലോചന ഉന്നയിച്ച ആവശ്യത്തെ സംബന്ധിച്ച് വിശദമായി ചർച്ചചെയ്ത എക്‌സിക്യൂട്ടീവ് കമ്മിറ്റി നൽകിയ മറുപടി ഇതാണ്:

          'നമ്മുടെ സംഘടനയുടെ തത്ത്വങ്ങൾക്കു വിധേയമായി നിങ്ങൾക്ക് ഗാനമേളാപരിപാടി നടത്തണമെങ്കിൽ ഒരിക്കലും കമ്മിറ്റി എതിരാവുകയില്ല. നമുക്കുതന്നെ ആലോചിച്ച് സംഘടനയ്ക്കു വിധേയമായി നടത്താവുന്നതേയുള്ളൂതാനും.'

          സുലോചന സംഘടന വിട്ടു പോകാതെ നോക്കുന്നതിനോടൊപ്പംതന്നെ എത്ര വലിയ ആളായാലും സംഘടനയ്ക്ക് ആരും അതീതരല്ല എന്ന് കാണിച്ചുകൊടുക്കുകയുംകൂടി ചെയ്യാനുള്ള ഒരു ശ്രമമായിരുന്നു അത്. സുലോചന പക്ഷേ, അതിനു വഴങ്ങാൻ കൂട്ടാക്കിയില്ല.

          എന്നാൽ അതിനിടെ കെ.പി.എ.സി. ആവശ്യപ്പെട്ടതനുസരിച്ച് ശരശയ്യയിലെയും മൂലധനത്തിലെയും പാട്ടുകൾ എച്ച്.എം.വിക്കും കൊളമ്പിയയ്ക്കുംവേണ്ടി റെക്കോഡ് ചെയ്തുകൊടുക്കാൻ സുലോചന മടികാണിച്ചില്ല. ആ പാട്ടുകളുടെ റെക്കോഡിങ് കഴിഞ്ഞയുടനെ സുലോചന കെ.പി.എ.സിയിൽ നിന്നു രാജിവെച്ചുപിരിഞ്ഞു.

          സ്വന്തം പേരിനോടൊപ്പം മാത്രമല്ല, ജീവിതത്തിലേക്കുതന്നെ അണച്ചുചേർത്തുപിടിച്ച പ്രിയപ്പെട്ട പ്രസ്ഥാനത്തോട് വേദനയോടെ വിടപറയുമ്പോൾ, ആയിരമായിരം അരങ്ങുകളുടെ ഓർമ്മകൾ സുലോചനയുടെ മനസ്സിലുണർന്നു. രാഷ്ട്രീയശത്രുക്കളും പൊലീസും വേട്ടയാടിയ ദിനങ്ങൾ, എല്ലാ പ്രതിസന്ധികളെയും മറികടന്ന് അരങ്ങത്തേറി നാടകം കളിക്കുമ്പോൾ അനുഭവിച്ച ഉന്മാദതുല്യമായ ആവേശവും സംഘബോധവും, ചെങ്കൊടി മുന്നിൽ കെട്ടിയ നാടകവാനിലെ ആഹ്ലാദത്തിന്റെ മുഹൂർത്തങ്ങൾ... അതോടൊപ്പം മറ്റൊരു രംഗംകൂടി ഉള്ളിൽ തെളിഞ്ഞുവന്നു. സ്‌കൂളിലേക്കു പോകുന്ന വഴിയിലുള്ള ചായക്കടയുടെ മുന്നിൽ, ഗ്രാമഫോൺ റെക്കോഡ് കേൾക്കാൻ, കണ്ണും കാതും തുറന്നുപിടിച്ചുകൊണ്ട്, ആർത്തിയോടെ കാത്തുനിൽക്കുന്ന ഒരു എട്ടുവയസ്സുകാരി.

          ജനങ്ങൾ തന്നെ ഇഷ്ടപ്പെടാനും ആരാധിക്കാനും അവരുടെ ഹൃദയത്തിലേറ്റാനും ഇടയാക്കിയത് തന്റെ പാട്ടാണ്. ജീവന്റെ ജീവനായി താൻ ഉപാസിക്കുന്ന സംഗീതമാണ്. ആ പാട്ടുകളുടെ മാസ്മരികലോകത്ത് ഇനിയും മുന്നോട്ട് യാത്ര ചെയ്യാൻ നിശ്ചയിച്ചുറപ്പിച്ചുകൊണ്ട്, തന്റെ ജീവിതനാടകത്തിലെ ഏറ്റവും നിറപ്പകിട്ടാർന്ന അങ്കത്തിന്റെ യവനിക താഴ്‌ത്തിക്കൊണ്ട്, സുലോചന കെ.പി.എ.സിയുടെ പടികളിറങ്ങി''. 

ജീവിതനാടകം
ബൈജുചന്ദ്രൻ
മാതൃഭൂമി ബുക്‌സ്
2022
660 രൂപ