ധുനിക കലാരൂപമെന്ന സാംസ്‌കാരിക പദവിയിലേക്ക് മലയാളചെറുകഥ ചുവടുവച്ച 1930കൾ തൊട്ടിന്നോളം കഥയുടെ ആഖ്യാനകലയിൽ മുഖ്യമായും രണ്ടു ഭിന്ന ഭാവ/ഭാവുകത്വ ധാരകൾ കാണാം. ചരിത്രാത്മകത, രാഷ്ട്രീയബോധം, തത്വചിന്താപരത, ദേശ-കാല വ്യാഖ്യാനങ്ങൾ, ജീവിതവിമർശനം, സാമൂഹ്യനിഷ്ഠത തുടങ്ങിയ സങ്കേതങ്ങൾ കൊണ്ട് ആഖ്യാനത്തെ അനുഭൂതിപരമെന്നതിനെക്കാൾ വിചാരബദ്ധവും ലാവണ്യാത്മകമെന്നതിനെക്കാൾ പ്രത്യയശാസ്ത്രപരവുമാക്കുന്ന കഥകളുടെ താവഴിയാണ് ഒന്ന്. യഥാതഥസംഭവങ്ങളെക്കാൾ കാല്പനികാനുഭവങ്ങൾക്കും സാമൂഹ്യമെന്നതിനെക്കാൾ വ്യക്തിപരമായ ജീവിതസംഘർഷങ്ങൾക്കും കാമനാഭരിതമായ മാനുഷികബന്ധങ്ങൾക്കും പ്രാമുഖ്യം നൽകുന്ന കഥകളുടേതാണ് മറ്റൊരു താവഴി. ആഖ്യാനത്തിലെ സ്ഥൂലവും സൂക്ഷ്മവുമായ കലാപദ്ധതികളെ മുൻനിർത്തി വേറെയും വർഗീകരണങ്ങൾ കഥാചരിത്രത്തിന് സാധ്യമാണെങ്കിലും ഈ പറഞ്ഞ വിഭജനത്തിന്റെ ഉൾപ്പിരിവുകളായാണ് അവയെയും കാണാനാവുക. യഥാക്രമം രാഷ്ട്രീയവസ്തു, സൗന്ദര്യവസ്തു എന്നീ നിലകളിൽ ചെറുകഥയെ സങ്കല്പിക്കുകയും സമീപിക്കുകയും ചെയ്യുന്ന ഈ ധാരകളെ സമന്വയിപ്പിച്ചും സമീകരിച്ചും കഥയിൽ രാഷ്ട്രീയ-സൗന്ദര്യവും സൗന്ദര്യ-രാഷ്ട്രീയവും സൃഷ്ടിക്കുന്ന രചനകളും നമുക്കു മുന്നിലുണ്ട്. മിക്ക നിരൂപകരും കരുതുന്നത് ഇത്തരം രചനകളാണ് ഏറ്റവും മികച്ച കഥകളാവുക എന്നാണ്. കേവലരാഷ്ട്രീയവും കേവലസൗന്ദര്യവുമല്ല, അവയെ സമ്യക്കായി സംലയിപ്പിക്കുകയാണ് ചെറുകഥയുടെ ഉന്നതമൂല്യവും പരമസാധ്യതയും എന്നു കരുതുന്നതിൽ തെറ്റില്ല-ആ പ്രക്രിയ മികച്ച രീതിയിൽ നടപ്പാക്കുന്ന രചനകൾ എണ്ണത്തിൽ തുലോം കുറവാണെങ്കിലും. മലയാളത്തിലെ മിക്ക കഥാകൃത്തുക്കളും മേല്പറഞ്ഞവയിൽ ഏതെങ്കിലും ഒരു താവഴി മാത്രം പിന്തുടരുമ്പോൾ ചുരുക്കം ചിലർ ഇരു ഭാവധാരകളിലും മാറിമാറി ചുവടുറപ്പിച്ചു നിൽക്കും. അല്ലെങ്കിൽ ഇരു ഭാവധാരകളെയും ഇണക്കിച്ചേർക്കും. നിശ്ചയമായും വായനാക്ഷമതയും ജനപ്രീതിയും കാവ്യാത്മകതയും വൈകാരികാനുഭൂതിയും പാഠാന്തരരൂപങ്ങളിലേക്കുള്ള അനുകല്പനസാധ്യതയും മറ്റും മറ്റും ഏറിനിൽക്കുന്നത് രണ്ടാമത്തെ താവഴിയിൽ പെടുന്ന കഥകൾക്കാണ്. കാരണം, റിയലിസത്തിലും മോഡേണിസത്തിലും പോസ്റ്റ് മോഡേണിസത്തിലും ഒരുപോലെ മരണമില്ലാതെ നിലനിൽക്കുന്ന കാല്പനികതയുടെ ഭാവസാന്ദ്രതയിലാണ് അവയുടെ രസതന്ത്രം കുടികൊള്ളുന്നത് (തകഴി മുതൽ ഇങ്ങോട്ട് നാളിതുവരെ മലയാളത്തിലുണ്ടായിട്ടുള്ള മുഴുവൻ കഥാകൃത്തുക്കൾക്കും ബാധകമാണ് ഈ നിരീക്ഷണം).

ഏറ്റവും പുതിയ തലമുറയിൽ പെടുന്ന കഥാകൃത്തായ മിനി പി. സി. ഈ ധാരയിൽ നിലകൊള്ളുന്നുവെന്ന് അവരുടെ മുൻ സമാഹാരമായ ഫ്രഞ്ച് കിസ്സ് തെളിയിച്ചതാണ്. 'കനകദുർഗ്ഗ' എന്ന ഈ സമാഹാരത്തിലെ ആറുകഥകളും ഈ ഭാവുകത്വത്തിന്റെ മികച്ച ഉദാഹരണങ്ങളാണ്. തന്റെ തലമുറയിൽ പെടുന്ന പല സ്ത്രീകഥാകൃത്തുക്കളും കണിശതയുള്ള രാഷ്ട്രീയകഥകളുടെ 'ശരി'പക്ഷത്ത് ചുവടുറപ്പിക്കുമ്പോൾ, മിനി, നിസ്സംശയം തന്റെ രചനകളെ അനുഭൂതിസമൃദ്ധവും ലാവണ്യതീക്ഷ്ണവുമായ കഥാപദ്ധതിയുടെ ഭാഗമാക്കുന്നു. സരസ്വതിയമ്മ മുതൽ യമ വരെയുള്ളവരുടെ താവഴിയല്ല, ലളിതാംബിക മുതൽ മിനി വരെയുള്ളവരുടെ താവഴി എന്നർഥം. സുവ്യക്തവും മൂർത്തവുമായ പ്രമേയം, ഒരേസമയംതന്നെ യഥാതഥവും കാല്പനികവും മോഡേണിസ്റ്റുമായ കഥനശൈലി, രൂപസാങ്കേതികതകളോ ഭാവസങ്കീർണതകളോ ബാധ്യതയാകാത്ത അവതരണ രീതി, രേഖീയവും സയുക്തികവുമായ സംഭവങ്ങളിലൂടെയും അനുഭവങ്ങളിലൂടെയും വികാസം നേടുന്ന ഇതിവൃത്തഘടന, നാടകീയവും സംഘർഷാത്മകവുമായ കഥാപരിണതി, കാവ്യാത്മകമായ ഭാഷണകല, അതിഭാവുകത്വത്തിനു കടിഞ്ഞാണിടുന്ന ഭാഷാനിഷ്ഠ.... എന്നിങ്ങനെ നവോത്ഥാന കഥകളിലാരംഭിച്ച് പടിപടിയായി ഓരോ ഘട്ടത്തിലും കൂടുതൽ കൂടുതൽ സാന്ദ്രവും സൂക്ഷ്മവുമായിത്തീർന്ന കഥയുടെ കലാമണ്ഡലത്തിൽ ഉൾപ്പെടുന്നവയാണ് മിനിയുടെ ആറുകഥകളും.

ഒന്നിനൊന്നു ഭിന്നവും വിചിത്രവുമായ ജീവിതമാർഗങ്ങളെ പ്രതിനിധീകരിക്കുന്നവയാണ് ഓരോ രചനയും. ഗുപ്തവും ഗൂഢവുമായ പ്രാണകാമനകളുടെ കുമ്പസാരരഹസ്യങ്ങളാണ് ഈ സമാഹാരത്തിലെ 'കനകദുർഗ്ഗ' മുതൽ 'ചൂളം' വരെയുള്ള എല്ലാ കഥകളും. പാപപുണ്യങ്ങളുടെ സദാചാര കുറ്റവിചാരണ മറികടന്ന്, ശരീരത്തിന്റെയും ആത്മാവിന്റെയും സുഖദുഃഖങ്ങളെ ഒരേ ജീവിതതീക്ഷ്ണതയിൽ പുനരാവിഷ്‌ക്കരിക്കുന്ന മനുഷ്യാസ്തിത്വത്തിന്റെ പര്യവേഷണങ്ങൾ. 'പട്ടമായ്' എന്ന കഥയൊഴികെ എല്ലാം സ്ത്രീയുടെ ജീവിതാർഥങ്ങളിൽ സാരം നിറയ്ക്കുന്ന ഭാവനയുടെ പരകായപ്രവേശങ്ങൾ. 'പട്ടമായ്' എന്ന കഥയാകട്ടെ രണ്ടു കുഞ്ഞുങ്ങളുടെ പാറിപ്പറക്കുന്ന സങ്കടങ്ങളുടെ ഗാഥയും.

'ഫ്രഞ്ച് കിസ്സി'ലെ കഥകളെന്നപോലെ 'കനകദുർഗ്ഗ'യിലെ കഥകളും ഒരൊറ്റ രൂപക/ബിംബത്തിന്റെ അസാധാരണമായ വിടർച്ചയും പടർച്ചയുമാണ്. ഒരുപക്ഷെ മിനിയുടെ കഥകളുടെ ഏറ്റവും മൗലികമായ രസവിദ്യയും ഇതുതന്നെയാണ്. കനകദുർഗ്ഗയിൽ അത് 'ചതി'യാണ്. മകാബ്‌റയിൽ 'മരണം'. പട്ടമായ് എന്ന കഥയിൽ 'പട്ടം'. ആത്മാവിൽ ദരിദ്രരായവരിൽ 'നുണ'. രതിയിൽ 'രതി' തന്നെ. ചൂളത്തിൽ 'ചൂള'വും. ഭാവപരമായി ചിലത് പ്രത്യക്ഷവും മറ്റുചിലത് പ്രതീകാത്മകവും ഇനിയും ചിലത് പ്രതിനിധാനപരവുമാണ് എന്നു മാത്രം.

'കനകദുർഗ്ഗ' എന്ന കഥ നോക്കുക. ചെറുപ്പത്തിൽതന്നെ വിധവയായ തെയ്യാമ്മയും മകൾ മേഴ്‌സിയും അവളുടെ മകൾ മേരിയുമാണ് കേന്ദ്രകഥാപാത്രങ്ങൾ. 'നെല്ല്' സിനിമയിൽ പാട്ടുപാടി നൃത്തം ചെയ്ത് പുരുഷപ്രേക്ഷകരെ ഹരംകൊള്ളിച്ച കനകദുർഗ്ഗയുടെ ഛായയുണ്ട് തെയ്യാമ്മക്ക് എന്ന പറച്ചിൽ നാട്ടിൽ പരന്നതോടെ അതവരുടെ ഇരട്ടപ്പേരായി. പിൽക്കാലത്ത് മേരിക്കും. ആൺതുണയില്ലാതെ മകളെയും കൊണ്ടു ജീവിക്കുന്ന തെയ്യാമ്മയെ പാട്ടിലാക്കാൻ വന്ന ശാന്തൻ എന്ന റൗഡിയുടെ കൈകൾ ജനലഴികളിൽ കുരുക്കി തളർത്തിയൊടിച്ച് അയാളെ നാട്ടിൽനിന്നോടിച്ചതോടെ തെയ്യാമ്മക്ക് ആരെയും ഭയക്കാതെ ജീവിക്കാൻ കഴിഞ്ഞു. മകൾ മേഴ്‌സിയുടെ ഭർത്താവും അകാലത്തിൽ മരിച്ചതോടെ ആ വീട്ടിൽ മൂന്നു സ്ത്രീകൾ മാത്രമായി, വീഗാലാൻഡിൽ വച്ചു പരിചയപ്പെട്ട ജീസനുമായി മേരി പ്രണയത്തിലാവുകയും അവന്റെ പിന്നാലെ ബംഗളുരുവിൽ ജോലി സംഘടിപ്പിച്ച് നാടുവിടുകയും ചെയ്യുന്നു. തങ്ങളുടെ വിവാഹാലോചന അലസിപ്പോയതിനു പിന്നിൽ അയൽക്കാരനായ പീറ്ററിന്റെ ഏഷണിയാണെന്ന ജീസന്റെ വാക്കുകൾ വിശ്വസിച്ച് മേരി തെയ്യാമ്മയോട് അക്കാര്യം പറഞ്ഞതോടെ അയാളുടെ കുതികാൽ അരിവാളിനു വെട്ടിമുറിച്ച് തെയ്യാമ്മ പകരം വീട്ടി. പക്ഷെ, മറ്റൊരു പെണ്ണുമായി പ്രണയത്തിലായിരുന്ന ജീസൻ അവളെ കെട്ടാനും മേരിയെ ഒഴിവാക്കാനും പറഞ്ഞ നുണയും ചെയ്ത ചതിയുമായിരുന്നു അതെന്ന് പിന്നീടാണ് മേരി അറിയുന്നത്. അവൾ പീറ്ററിനോട് മാപ്പിരന്നെങ്കിലും അയാൾ ആയുഷ്‌കാലത്തേക്ക് കിടപ്പിലായിപ്പോയിരുന്നു. ഭാര്യ ലിസയും കുഞ്ഞുമായി ജീവിക്കുന്ന ജീസൻ, കോവിഡ് കാലത്ത് ലോക്ഡൗണിൽ പെട്ട് ലിസ നാട്ടിൽ അകപ്പെട്ടതോടെ മേരിയുടെ സഹായം തേടുന്നു. അവളാകട്ടെ പേയിങ് ഗസ്റ്റായി താമസിച്ചിരുന്ന വീട് ഒഴിവാക്കേണ്ടിവരുന്നതിന്റെ സംഘർഷത്തിലുമായിരുന്നു. രണ്ടും കല്പിച്ച് മേരി ജീസന്റെ ഫ്‌ളാറ്റിൽ താമസിക്കാനെത്തി. രാത്രി രണ്ടെണ്ണം വീശി, അവളെ പ്രാപിക്കാനെത്തുന്ന ജീസനെ, മൂർച്ചയുള്ള കത്തി മുന്നിൽവച്ച്, തന്റെ വല്യമ്മ തെയ്യാമ്മ ശാന്തൻ റൗഡിയെ തുരത്തിയ കഥ പറയാനൊരുങ്ങുന്നു, മേരി. ജീസൻ ജീവനുംകൊണ്ട് പിന്മാറുന്നു.

ആദ്യന്തം നർമഭരിതവും ചടുലവുമാണ് കനകദുർഗ്ഗയുടെ ആഖ്യാനം. തെയ്യാമ്മയുടെ സ്ഥൈര്യവും ആത്മധൈര്യവും മകളിലേക്കും കൊച്ചുമകളിലേക്കും പകർന്നുകിട്ടിയതിന്റെ വീറാണ് ചതികളുടെ പരമ്പരകളിലൂടെ കടന്നുപോയിട്ടും ആ സ്ത്രീകളെ അതിജീവിക്കാൻ സഹായിക്കുന്നത്. സങ്കടകാലങ്ങളിൽ ഒപ്പം നിന്ന സുഹൃത്ത് വെങ്കിടി നിരുത്സാഹപ്പെടുത്തിയിട്ടും ജീസന്റെ ഫ്‌ളാറ്റിൽ താമസിക്കാൻ മേരി തയ്യാറാകുന്നത് ആ ബലത്തിലാണ്. അവൾ മധുരമായി പകരം വീട്ടുകയായിരുന്നു ജീസനോട്. വായിക്കൂ:

          'മേരി ജീസന്റെ അടുത്ത് അനങ്ങാതെ കിടന്ന പട്ടിക്കുഞ്ഞിന്റെ താഴോട്ടു തൂങ്ങിക്കിടന്ന കാലേൽ പിടിച്ചു പതിയേ വലിച്ച് അതിനെ കരയിച്ചുകൊണ്ട് ചോദിച്ചു. പെട്ടെന്ന് പട്ടിക്കുഞ്ഞിന്റെ മോങ്ങലിനെക്കാൾ വലുതൊന്ന് ജീസനിൽനിന്നും പൊട്ടി.

          'ലൈസ എങ്ങോട്ട് പോയതാണെന്ന് നിനക്കറിയാവോ? എനിക്ക് അറിയത്തില്ല. അവൾക്കടെ ലോകം വേറെയാ. ഒരിക്കലും നിന്നെ കൺട്രോളു ചെയ്തപോലെ അവളെ നിർത്താൻ എനിക്ക് പറ്റിയിട്ടില്ല. അവൾ എന്നെയാ കൂച്ചു വിലങ്ങിട്ടു പൂട്ടിവെച്ചേക്കുന്നേ... എടീ ഞാൻ ഒരു സത്യം പറയട്ടേ?' കരച്ചിലിനിടെ അവൻ ചോദിച്ചു.

          'എന്നതാ?' മേരി അവനെ നോക്കി.

          'ഞാനന്ന് നിന്നെ ഒഴിവാക്കാൻ വേണ്ടിയാ പീറ്ററുചാച്ചൻ അങ്ങനൊക്കെ പറഞ്ഞെന്നു പറഞ്ഞത്. അതു കള്ളമായിരുന്നു', ജീസൻ മൂക്കുപിഴിഞ്ഞുകൊണ്ട് ഒരു പെഗ്ഗും കൂടി വായിലേക്ക് കമഴ്‌ത്തി.

          'ഹോ... തെന്നേ? ഈ മഹാരഹസ്യം ഞാൻ ഇപ്പഴാ അറിയുന്നേ. എല്ലാം കഴിഞ്ഞപ്പം നിഗൂഢതയോടെ ചുരുളഴിക്കാൻ വന്നിരിക്കുന്നു, ശവം', മേരി ബാൽക്കണിയുടെ കൈവരിയും ചാരിനിന്ന് പുച്ഛിച്ചൊന്നു ചിരിച്ചു.

          ജീസൻ കനകദുർഗ്ഗയുടെ ചേലുള്ള അവളുടെ കണ്ണുകളും നുണക്കുഴികളും ആ ഇരുളിലും തിളങ്ങുന്നതു നോക്കി അവസാന പെഗ്ഗും കുത്തിയിറക്കി ചിറി തുടച്ചു.

          'ഇപ്പം നിന്റെ ഈ പുച്ഛം കാണാൻപോലും എന്ത് രസമാ മേരീ', ജീസന്റെ കുഴഞ്ഞ ശബ്ദത്തിനുള്ളിൽ കിടന്ന് വേദനയും നിരാശയും ആസക്തിയും സമാസമം വീർപ്പുമുട്ടി.

          'അയ്യ, ഒന്നു പോടാ നാറീ', മേരി അതുകേട്ട് അമ്മാമ്മ ആവേശിച്ചതുപോലെ കസേരയിൽനിന്നെഴുന്നേറ്റ് അത്തേക്കു നടന്നു.

പുറമേ നഗരത്തിന്റെ മുരൾച്ച മന്ദീഭവിച്ചു. കുഞ്ഞ് ഉണർവിലോ ഉറക്കത്തിലോ മൂളുകയും ഞരങ്ങുകയും ചെയ്തുകൊണ്ടിരുന്നു. കുഞ്ഞിന്റെ പൊള്ളുന്ന നെറ്റിയിൽ പനിക്കൂർക്കച്ചാറിൽ നനച്ച തുണിക്കഷ്ണം ഇട്ടുകൊണ്ട് മേരി അതിനരികിൽ ഇരുന്നു. നഗരം മുഴുവനായും ഉറക്കം പിടിച്ചിരുന്നു. ഉറങ്ങുന്ന നഗരത്തിനു മീതേക്ക് എങ്ങുനിന്നോ ഉറങ്ങാത്ത ആസക്തികൾ പുതച്ച ചൂടുകാറ്റ് വീശി. അത് ബാൽക്കണിയിലാകെ നിറഞ്ഞ് ചൂരൽക്കസേരയേയും തന്നേയും വട്ടംചുഴറ്റിയതോടെ ജീസൻ എഴുന്നേറ്റ് ഉറയ്ക്കാത്ത കാലുകളോടെ മേരിയുടെ മുറിയിലേക്കു നടന്നു. മേരിയപ്പോൾ ലൈറ്റ് കെടുത്തി അഞ്ചു കാലുളുള്ള മെഴുകുതിരിവിളക്ക് തെളിയിച്ച് കിടക്കയിൽ ചാരിയിരുന്ന് വേദപുസ്തരം വായിക്കുകയായിരുന്നു. ലഹരി ചോപ്പിച്ച ജീസന്റെ കണ്ണുകൾ അവളുടെ സുതാര്യമായ വെളുത്ത ഗൗണിനുള്ളിലും വെളിയിലും ചിതറിപ്പറന്നു.

          'എന്നതാടാ ഒറക്കംവരുന്നില്ലേ?' മേരി വേദപുസ്തകത്തിൽനിന്നും പതിയെ മുഖം പൊക്കി.

          ഇല്ല... കറുത്തുചുരുണ്ട മുടിയിഴകൾക്കുള്ളിൽനിന്നും മീവൽപ്പക്ഷിയെപ്പോലെ ഉയർന്ന അവളുടെ മുഖത്തേക്കു നോക്കി അവൻ നിന്നു.

          'ഉം...'

          'എടീ എനിക്കൊര് മോഹം. നീയാ കാടു കുളിരണ്.... ഒന്ന് പാടിത്തരാവോ? പ്ലീസ്', ജീസന്റെ മുഖം ചുവന്നു.

          'എടാ നീയവിടെ കുന്തംപോലെ നിക്കാതെ ഇങ്ങോട്ടിരി. നിനക്കാദ്യം ഞാനൊരു കഥ പറഞ്ഞുതരാം. ഇച്ചരെ പഴക്കമൊള്ള കഥയാ. എന്റെ അമ്മാമ്മേടേം ശാൻൻചട്ടമ്പീടേം. അതു കഴിഞ്ഞുപോരെ പാട്ട്?'

          മേരി കൈയെത്തിച്ച് ലൈറ്റ് ഇട്ടു. പിന്നെ വിളക്ക് ഊതി അതിനരികെ വെച്ചിരുന്ന തിളങ്ങുന്ന കത്തി എടുത്ത് ഒരു ആപ്പിൾ മുറിച്ചുകൊണ്ട് കഥ പറയാനൊരുങ്ങി. ജീസൻ കത്തിയിലേക്കും അവളുടെ പഴുത്ത മുഖത്തേക്കും മാറിമാറി നോക്കി. പിന്നെ, 'ഓ.... വേണ്ടെന്നേ... അത് ഞാൻ പീറ്ററുചാച്ചൻ പറഞ്ഞ് ഒത്തിരി തവണ കേട്ടിട്ടൊണ്ട്. ആ... കൊച്ചിന് ഇപ്പം പനിക്കുന്നും മറ്റുമില്ലല്ലോ? ഞാൻ പോയേക്കുവാ, നല്ല ക്ഷീണം. ഒന്നു കിടക്കണം. നീ ഈ വാതിലടച്ചേരെ' എന്നും പറഞ്ഞ് ക്ഷണിച്ചുവരുത്തിയ കോട്ടുവായോടെ തിരിഞ്ഞുനടന്നു.

          മേരി നേരിയ ചിരിയോടെ ആ പോക്കും നോക്കിയിരുന്നു. പിന്നെ വേദപുസ്തകമെടുത്ത് കുതിരയ്ക്ക് ചമ്മട്ടി, കഴുതയ്ക്ക് കടിഞ്ഞാൺ, മൂഢന്മാരുടെ മുതുകിനു വടി! എന്നു വായനയും പൂർത്തിയാക്കി വാതിൽ തഴുതിട്ടുകൊണ്ട് നിദ്രയുടെ ചതുർവർണ്ണങ്ങളുള്ള സമചതുരപ്പലകയിലെ പകിടയേറിന്റെ താളപ്പെരുക്കങ്ങളിലേക്കു പതിയെ തല ചേർത്തുവെച്ചു'.

'മകാബ്‌റ' എന്ന കഥയിലെ ശ്രേയയും 'ചൂള'ത്തിലെ കാന്തമ്മയും 'കനകദുർഗ്ഗ'യിലെ തെയ്യാമ്മയുടെ പിൻഗാമികളാണ്. തികച്ചും വ്യത്യസ്തമായ ജീവിതപശ്ചാത്തലങ്ങളും സ്ഥലകാലസന്ദർഭങ്ങളും കൊണ്ട് അവ സവിശേഷവും മൗലികവുമായ കഥാത്വം കൈവരിക്കുന്നു. മേരിയെപ്പോലെ ബംഗളുരുവിൽ പേയിങ് ഗസ്റ്റുകളായി ജീവിക്കുന്ന ചെറുപ്പക്കാരാണ് 'മകാബ്‌റ'യിലെയും കഥാപാത്രങ്ങൾ. ശ്രേയ, മാലതി, യഷിക, പപ്പു തുടങ്ങിയവർ. മരണനൃത്തം എന്നർഥമുള്ള മകാബ്‌റ പരിശീലിക്കുന്ന കൂട്ടുകാരാണവർ. ശ്രേയയും മാലതിയും തമ്മിലുള്ള സൗഹൃദത്തിന്റെ അസാധാരണമായ വഴിത്തിരിവുകളും ആത്മബന്ധങ്ങളുമാണ് കഥയുടെ ഇതിവൃത്തമായി വളരുന്നത്.

          പപ്പമ്മയുടെ വീട്ടിൽ പേയിങ് ഗസ്റ്റുകളായി താമസിക്കുന്ന ശ്രേയ നോയിഡയിൽനിന്നുള്ളയാളാണ്. സഹോദരൻ മാത്രമേ അവൾക്കു ബന്ധുവായുള്ളു. ഒരു പ്രകൃതിദുരന്തത്തിൽ മാതാപിതാക്കളെ നഷ്ടമായവളാണ് മാലതി. അകന്ന ബന്ധുവായ മുകുന്ദൻ അവളെ പലവിധത്തിലും വേട്ടയാടിത്തുടങ്ങുന്നു. മരണം എന്ന വാക്കുപോലും ഭയചകിതയാക്കുന്ന മാലതിയോട് ഒരു ഹോട്ടൽമുറിയിലെത്താൻ അയാൾ നിർബന്ധിക്കാൻ തുടങ്ങിയിട്ട് ദിവസങ്ങളായി. ശ്രേയയോട് പോലും അത് പറയാൻ കഴിയാതെ തകരുകയാണ് മാലതി. ശ്രേയയാകട്ടെ കുറ്റബോധങ്ങളോ ചാഞ്ചല്യങ്ങളോ ഇല്ലാതെ, താൻ കടന്നുപോന്ന ജീവിതത്തോടു പകരംവീട്ടാനെന്നോണം കാമുകരെയും പങ്കാളികളെയും യഥേഷ്ടം മാറി, ഹോട്ടലുകളിൽ അന്തിയുറങ്ങിയും മദ്യപിച്ചും പുകവലിച്ചും ജീവിതം അനുഭവിക്കുന്നു. ഗത്യന്തരമില്ലാതെ മുകുന്ദനുമൊത്ത് ഹോട്ടൽമുറിയിലേക്കു പോകുന്ന മാലതിയെ അവിടെവച്ചു കണ്ടുമുട്ടുന്ന ശ്രേയ, അയാളുടെ കരണക്കുറ്റിക്ക് ഒന്നു പൊട്ടിച്ച് അവളെ വീട്ടിലേക്കു പറഞ്ഞയക്കുന്നു.

          സ്വന്തം വിധിയോട് കൂസലില്ലാതെ പോരാടുന്ന പെണ്ണുങ്ങളുടെ കഥകളാണ് 'കനകദുർഗ്ഗ'യും 'ചൂള'വുമെന്നപോലെ 'മകാബ്‌റ'യും. തന്നെയും സഹോദരനെയും അനാഥരാക്കി സ്വന്തം സുഖം തേടിപ്പോയ അച്ഛനമ്മമാരാണ് ശ്രേയയുടെ ദുഃഖം. പ്രകൃതിദുരന്തത്തിനിരയായ മാതാപിതാക്കൾ മാലതിയുടെയും. ഇവരുടെ അവസ്ഥക്കു സമാന്തരമായി കഥയിൽ സൂചിതമാകുന്ന പപ്പമ്മയുടെ ജീവിതമാണ് മറ്റൊന്ന്. ആക്‌സിഡന്റിൽ കൈകാലുകൾ നഷ്ടമായ ഭർത്താവിനെയും പിറവിയിൽതന്നെ അരയ്ക്കുതാഴെ തളർന്ന ബധിരരും മൂകരുമായ രണ്ട് ഇരട്ടപ്പെൺമക്കളെയും സംരക്ഷിക്കുന്ന പാപ്പമ്മ. കഥ, അതിനിന്ദ്യമായ നരജീവിതം പോലെ തന്നെ അതിന്റെ കൊടിയ സങ്കടങ്ങളിലും കൊടിപ്പടം താഴാത്ത പ്രജ്ഞയുടെ വെളിപാടുകളായി എഴുതപ്പെടുന്നു, ഇവിടെയും.

          ബംഗളുരുവല്ലെങ്കിലും കർണാടകം തന്നെയാണ് 'ചൂള'ത്തിന്റെയും സ്ഥലഭൂമിക. ചിക്കബദരഹള്ളിയെന്ന കരിമ്പുകൃഷിഗ്രാമത്തിൽ തന്റെ അവിശ്വസനീയവും വിസ്മയകരവുമായ ചൂളംവിളിയുടെ കരുത്തിൽ പെണ്മയുടെ ഒരു സ്വതന്ത്ര റിപ്പബ്ലിക്ക് സ്ഥാപിച്ച കാന്തമ്മയുടെ കഥയാണ് 'ചൂളം'. കാന്തമ്മയെക്കുറിച്ച് ഒരു വീഡിയോ തയ്യാറാക്കാൻ പുറപ്പെടുന്ന ശാന്തിയും സുഹൃത്തായ കാമറാവുമണും കണ്ടും കേട്ടും കൊണ്ടും അറിയുന്ന കാന്തമ്മയുടെ കഥയും അവർ താങ്ങും തണലുമായി നിൽക്കുന്ന ഗ്രാമത്തിന്റെയും കഥയും സമാന്തരമായി പറയുന്നു, മിനി. ഒപ്പം, 'കനകദുർഗ്ഗ'യിലെ തെയ്യാമ്മയുടെ കഥയും മകാബ്‌റ'യിലെ പപ്പമ്മയുടെ കഥയും പോലെ ഒരു ഉപകഥയും. കാന്തമ്മയെപ്പോലെ തന്നെ ജാതിവെറിയുടെ ഇരയായി ജീവിതം ചീന്തിയെറിയപ്പെട്ട ശാന്തിയുടെ കഥയാണത്.

          തന്റെ പാരമ്പര്യസ്വത്തായി കിട്ടിയ നിധിച്ചുരുളും രാജപാളയം നായ്ക്കളുമായി ചിക്കബദരഹള്ളിയിൽ ജീവിതം തുടങ്ങിയ കാന്തമ്മയുടെ ഭർത്താവ് വർഷം തികയും മുൻപ് കൊല്ലപ്പെട്ടു. 1960കളാണ് കാലം. ജന്മിയായ നഞ്ചപ്പഗൗഡരുടെയും അയാളുടെ വേട്ടനായ്ക്കളുടെയും വിഷപ്പല്ലുകളിൽനിന്നു രക്ഷപെടാൻ കാന്തമ്മ കണ്ടുപിടിച്ചതാണ് ചെവിതുളയ്ക്കുന്ന ചൂളം വിളി. തനിക്കൊപ്പം ഗ്രാമത്തിലെ സ്ത്രീകളെയും കാന്തമ്മ കാത്തു. കരിമ്പിൻത്തോട്ടങ്ങൾക്കു കാവലിരുന്നും ക്രമേണ അവ പിടിച്ചെടുത്തും കാന്തമ്മ തന്റെ ലോകം വളച്ചു കെട്ടി. പെണ്ണുങ്ങൾ നിർഭയരായും കുഞ്ഞുങ്ങൾ സ്വതന്ത്രരായും ജീവിക്കുന്ന ലോകം. പുറംലോകത്തെ കാന്തമ്മ തന്നിൽനിന്നും അകറ്റിനിർത്തി, തന്റെ നിധിച്ചുരുളുകളിൽ ഒളിച്ചിരുന്ന ചൂളശാസ്ത്രം കൊണ്ട് നാടിനെയും നാട്ടാരെയും മാത്രമല്ല കാടിനെയും കാട്ടുമൃഗങ്ങളെയും കാന്തമ്മ വരുതിയിലാക്കി. നിധിച്ചുരുൾ പ്രതിഷ്ഠിച്ച ക്ഷേത്രത്തിൽ കടന്നുകയറിയ ശാന്തിയെയും കാമറാവുമണിനെയും കാന്തമ്മയുടെ നായ്ക്കൾ കടിച്ചുകുടഞ്ഞു. കാന്തമ്മ തന്നെയെത്തി അവരെ രക്ഷിക്കുന്നു.

         

മിത്തും കഥയും ഇടകലരുന്ന ഗംഭീര ഭാവനയാണ് ചൂളത്തിന്റേത്. ബൈബിൾ പഴയനിയമത്തിൽ ജോഷ്വായും കൂട്ടരും ജെറീക്കോ പട്ടണത്തിന്റെ മതിൽ തകർക്കുന്നത് തുടർച്ചയായി കാഹളം മുഴക്കിയാണെന്ന കഥയിൽനിന്നു രൂപംകൊടുത്ത പുതിയകാലത്തിന്റെ മിത്താണ് ചൂളം. ഒപ്പം, സ്ത്രീയുടെ കർതൃപദവി നിർമ്മിതിയിലും അതിജീവനത്തിലും സംഭവിക്കുന്ന അസാധാരണമായ അവസ്ഥാപരിണാമങ്ങളുടെ ആവിഷ്‌ക്കാരവും. അപൂർവമായെങ്കിലും രാഷ്ട്രീയസ്വഭാവം കൈക്കൊള്ളുന്ന ചില സന്ദർഭങ്ങളിലേക്ക് മിനിയുടെ കഥയെഴുത്ത് സംക്രമിക്കുന്നതിന്റെ ഉദാഹരണമായും ചൂളം വായിച്ചെടുക്കാം.

          ഒന്നിനൊന്നു ഭിന്നമായ കല്പനാപശ്ചാത്തലങ്ങളിൽ മേല്പറഞ്ഞ മൂന്നു കഥകളും സൃഷ്ടിക്കുന്ന പെണ്മയുടെ സൗന്ദര്യലോകങ്ങൾ ശ്രദ്ധിക്കൂ. മിനിയുടെ രചനകൾ കഥയുടെ രൂപ, ഭാവ തലങ്ങളിൽ കൈവരിക്കുന്ന മികച്ച ക്രാഫ്റ്റും കലയും തിരിച്ചറിയാം.

ഇനിയുള്ള കഥകളും ഇതുപോലെതന്നെ വൈവിധ്യമാർന്ന മർത്യജീവിതഭാഗധേയങ്ങളുടെ ചാരുതയ്യാർന്ന വാങ്മയങ്ങളാണ്. ഇഷാൻ, തേജസ് എന്നീ രണ്ടു കുട്ടികളുടെ വേരറ്റുപാറുന്ന ബാല്യകാലത്തിന്റെയും കൊച്ചുദുഃഖങ്ങളുടെയും ഘനീഭൂതഭാവനയാണ് 'പട്ടമായ്' എന്ന കഥ. രണ്ടാളുടെയും അമ്മ ഒരാളാണ്-താര. അച്ഛന്മാർ രണ്ടുപേരും. മൂത്തവൻ ഇഷാൻ ലാലിന് താരയിൽ ജനിച്ചതാണെങ്കിൽ ഇളയവൻ തേജസ് നരേന്ദ്രന്റെ മകനാണ്. നരേന്ദ്രന്റെ വീട്ടിൽ ഒരുമിച്ചു കളിച്ചുവളർന്നു, കുട്ടികൾ. താരയാകട്ടെ ലാലിനെയും നരേന്ദ്രനെയും കുട്ടികളെയും വിട്ടാണ് ജീവിക്കുന്നത്. ഇഷാനെ ലാലിന് വിട്ടുകൊടുക്കേണ്ടിവരുന്ന ദിവസം നരേന്ദ്രൻ കുട്ടികളെയും കൂട്ടി ലാലിന്റെ വീട്ടിലെത്തുന്നതാണ് കഥാസന്ദർഭം. ഇഷാന്റെ റൂബിക്‌സ് ക്യൂബും കളിപ്പാട്ടങ്ങളും വസ്ത്രങ്ങളും പട്ടങ്ങളും പാക്കുചെയ്ത് നരേന്ദ്രൻ ഇഷാനെയും തേജസിനെയും കൊണ്ട് പുറപ്പെടുന്നു. പട്ടം പറത്തലിൽ പ്രശസ്തനാണയാൾ. അതിന്റെ ലോകമത്സരത്തിൽ പങ്കെടുക്കുന്ന ഇന്ത്യൻ ടീമിന്റെ ക്യാപ്ടൻ. ലാൽ പക്ഷിശാസ്ത്രജ്ഞനും പ്രകൃതിസ്‌നേഹിയുമാണ്. നരേന്ദ്രനുണ്ടാക്കിയ പട്ടങ്ങൾ പറത്തി കുട്ടികൾ പക്ഷികൾക്കൊപ്പം മാനത്തു സഞ്ചരിക്കുന്നു.

          മുതിർന്ന മനുഷ്യരും കുട്ടികളും തമ്മിലുള്ള ഏറ്റവും വലിയ വ്യത്യാസം കുട്ടികൾ ആത്മാവിൽ ദരിദ്രരല്ല എന്നതാണ്. അവർ സ്വപ്നങ്ങളിൽ മാത്രമല്ല ജീവിതത്തിലും മഴവില്ലുകൾ കാണുന്നവരാണ്. കഥയിലെ മുതിർന്ന നാല് മനുഷ്യരും (താരയും നരേന്ദ്രനും ലാലും ലാലിന്റെ വീട്ടിലെ സഹായി മറിയുമ്മയും) കുട്ടികളും കാണുന്നത് രണ്ടു ലോകങ്ങളാണ്. ബാല്യത്തിന്റെ പറുദീസാനഷ്ടങ്ങളെക്കുറിച്ച് മലയാളത്തിലെഴുതപ്പെട്ട മികച്ച കഥകളിലൊന്നാണ് 'പട്ടമായ്'. വായിക്കൂ:

          ' 'വാ....' അവൻ തേജുവിനെ ചേർത്തുപിടിച്ച് അകത്തേക്ക് നടന്നു. 'ഇന്ന് തേജൂനെ ഇഷുവാ റെഡിയാക്കണേ?'

          തേജുവിന്റെ കണ്ണുകളിൽ സംശയം നിറഞ്ഞു. ഇഷാൻ കരയാതിരിക്കാൻ ശ്രമിച്ചു.

          മുകളിലെ കണ്ണാടിയോടുകളിലൂടെ അകത്തെത്തിയ ചൂട് തറയോടുകളിലെ തണുപ്പിനെ തുരത്തിയോടിച്ചിരുന്നു. തേജു ഒരു പാവക്കുഞ്ഞിനെപ്പോലെ ഇഷാനു നിന്നുകൊടുത്തു. ഇഷാൻ അവന്റെ കൈകാൽ കഴുകിച്ചു. വസ്ത്രം മാറ്റിച്ചു. മുടി ചീകിയൊതുക്കി, പൗഡർ ഇടീച്ചു-പിന്നെ അവനെ നോക്കി തൃപ്തിപ്പെട്ടുകൊണ്ട് തുടുത്തുരുണ്ട ആ കവിളിൽ ഒരുമ്മ കൊടുത്തു.

          'ഇതൊക്കെ ഇനി തേജൂന്റെയാ', ഇഷാൻ അവന്റെ കളിപ്പാട്ടങ്ങൾ നിറച്ച വലിയ ബോക്‌സുകളിലേക്ക് കൈചൂണ്ടി. പിന്നെ ഷർട്ട് പോക്കറ്റിൽനിന്നും റൂബിക്‌സ് ക്യൂബ് എടുത്ത് അവനു നീട്ടി.

          'ഇതാ പിടിച്ചോ....'

          'എനിക്കൊന്നും വേണ്ട..... ഇഷു ല്ലെങ്കി പിന്നെ ആരാ എനിക്കിത് ശരിയാക്കിത്തരണേ? ഞാൻ ഇഷൂനെ വിട്ട് പോവില്ല....' അവൻ വിതുമ്പിക്കൊണ്ട് ഇഷാനെ കെട്ടിപ്പിടിച്ചു. ഇഷാൻ പെട്ടെന്ന് എന്തോ ഓർത്തപോലെ അവനെ അടർത്തിമാറ്റി പുറമേക്കോടി. മുകളിൽ മഴവില്ല് പതിയെ മെലിഞ്ഞു വിളറിത്തുടങ്ങിയിരുന്നു.

          'തേജൂ.... മഴബോ പോകുംമുമ്പേ നമുക്ക് പട്ടം പറത്തണ്ടേ? വാ...' അവൻ തേജുവിനെ ചിരിപ്പിക്കാൻ ശ്രമിച്ചുകൊണ്ട് പട്ടങ്ങൾ എടുത്തു.

       

'ദാ പിടിക്ക്...' ഇഷാൻ ഒരു പട്ടം തേജുവിനു നീട്ടി. പിന്നെ ഒരു കൈയിൽ ചരടും മറുകൈയിൽ പട്ടവുമായി ഇരുവരും മുറ്റത്തിന്റെ ഒത്ത നടുക്ക് കാറ്റിനു കാതോർത്തുനിന്നു... വൈകാതെ കുന്നിറങ്ങി മരക്കൂട്ടങ്ങളെ കുലുക്കിമറിച്ച് ദൂരെ നിന്നൊരു കാറ്റു വന്നു. അതിന്റെ വിളിക്കൊപ്പിച്ച് അവർ പതിയെപ്പതിയേ പട്ടം സ്വതന്ത്രമാക്കിക്കൊണ്ടിരുന്നു. കാറ്റിൽ തിളങ്ങുന്ന വാലുള്ള, ജോക്കറിന്റെ മുഖമെഴുതിയ പട്ടങ്ങൾ മറിയുമ്മയുടെ പ്രാവുകളെയും മലവരമ്പന്മാരെയും തൊടാതെ ഉയരങ്ങളിലേക്കു പറന്നു. പെട്ടെന്ന് കാറ്റിന്റെ ശക്തി കൂടിക്കൂടിവന്നു. പട്ടങ്ങൾ ചാഞ്ഞും ചെരിഞ്ഞും തെന്നിയകന്നും തമ്മിൽ പുണർന്നും ആകാശത്തിന്റെ മുകളടുക്കുകളിലൂടെ, ഭൂമിയുടെ കാന്തവലയങ്ങലുടെ ആന്തരികവലികളെ മറന്ന് മഴബോയെ തൊടാനായി മുകളിലേക്കു മുകളിലേക്ക് കുതിച്ചു. അതുകണ്ട് താഴെ ഒരു റൂബിക്‌സ് ക്യൂബ് ഇഷൂ പ്ലീസ്.... ഇഷൂ പ്ലീസ്.... എന്നു വിങ്ങിക്കരഞ്ഞുകൊണ്ട് മുകളിലേക്കതിന്റെ കുഞ്ഞിക്കൈകളുയർത്തി'.

          'ആത്മാവിൽ ദരിദ്രരായവർ...' മാത്തപ്പനും ജോണും തമ്മിലുള്ള സൗഹൃദത്തിന്റെയും അതിനിടയിൽ ജോണിന്റെ ഭാര്യ സോന അനുഭവിക്കുന്ന വിരുദ്ധാവസ്ഥകളുടെയും കഥയാണ്. പഴയ കൗതുകവസ്തുക്കൾ ശേഖരിച്ച് തന്റെ കൊട്ടാരതുല്യമായ വീട്ടിൽ പ്രദർശിപ്പിക്കുകയാണ് ഗൾഫ് മലയാളിയും മഹാധനികനുമായ മാത്തപ്പന്റെ ഹരം. ഒരിക്കൽ ജോണിന്റെ വീട്ടിലെത്തിയപ്പോൾ കണ്ട ഫോട്ടോയിലെ, കഞ്ഞിവാർക്കുന്ന പാത്തിയേരി സ്വന്തമാക്കാൻ അയാൾ പഠിച്ച പണി പതിനെട്ടും നോക്കുന്നു. സോനയുടെ വല്യമ്മച്ചിക്ക് അവരുടെ കെട്ട്യോൻ പ്രേമപൂർവം പണിതുകൊടുത്തതാണതെന്നും ഒരു കാരണവശാലും വല്യമ്മച്ചി അതാർക്കും കൊടുക്കില്ലെന്നും സോന പറഞ്ഞിട്ടും ജോൺ കൂട്ടുകാരനുവേണ്ടി ഒരു കടന്നകൈ തന്നെ പ്രയോഗിക്കുന്നു. സോനയെ അയാൾ അവളുടെ വീട്ടിൽ കൊണ്ടാക്കി. പാത്തിയേരിയുമായി വന്നാലേ തങ്ങൾ ഒരുമിച്ച് ജീവിക്കൂ എന്ന ഭീഷണിയിൽ വിരണ്ടുപോയ സോനയുടെ അപ്പൻ അമ്മയുടെ എതിർപ്പും കണ്ണീരും വകവയ്ക്കാതെ പാത്തിയേരി ജോണിനു കൈമാറി. അയാൾ അത് മാത്തപ്പനും.

പുതിയ വരവിൽ മാത്തപ്പന്റെ കൂടെ ഒരു മദാമ്മയുമുണ്ട്. ഹെയ്‌സൽ. മൂന്നാറിൽ, കഴിഞ്ഞ നൂറ്റാണ്ടിന്റെ തുടക്കത്തിൽ, തമിഴ്‌നാട്ടിലേക്ക് തേയില കൊണ്ടുപോകാൻ ടോപ്‌സ്റ്റേഷൻ വരെയുണ്ടാക്കിയ മോണോ റെയിലിന്റെ എഞ്ചിനീയർ ഈ മദാമ്മയുടെ മുതുമുത്തച്ഛനായിരുന്നു. സായിപ്പിന്റെ മകൻ, ഹെയ്‌സലിന്റെ മുത്തച്ഛൻ, എഡ്മണ്ട്, തീവണ്ടിയിൽ കൽക്കരി നിറയ്ക്കാൻ വന്നിരുന്ന ഒരു പെൺകുട്ടിയുമായി പ്രണയത്തിലാവുകയും അവളിൽ അയാൾക്ക് ഒരാൺകുട്ടി ജനിക്കുകയും ചെയ്തു. എഡ്മണ്ട് തൂത്തുക്കുടിയിൽ പോയ സമയത്തുണ്ടായ തൊണ്ണൂറ്റൊമ്പതിലെ വെള്ളപ്പൊക്കത്തിൽ മൂന്നാറും മോണോറെയിലുമൊക്കെ തകർന്നുതരിപ്പണമായതോടെ അയാൾക്ക് തിരികെ മൂന്നാറിലെത്താനായില്ല. ഇംഗ്ലണ്ടിലേക്കു മടങ്ങിപ്പോയ എഡ്മണ്ട് മാതാപിതാക്കളുടെ നിർബന്ധം മൂലം വേറെ വിവാഹം കഴിച്ചു. മൂന്നാറിലേക്കു തിരിച്ചുവന്ന് ഭാര്യയെയും മകനെയും കാണാൻ അയാൾ ഒരുപാട് ശ്രമിച്ചെങ്കിലും രണ്ടാം ഭാര്യ അതനുവദിച്ചില്ല. സായിപ്പ് മരിച്ച് കാലമേറെയായിട്ടും ജീവൻപോകാതെ കിടന്നു നരകിക്കുന്ന മുത്തശ്ശിയുടെ ആത്മാവിന് മുക്തി കിട്ടണമെങ്കിൽ മൂന്നാറിലെത്തി എഡ്മണ്ട് മുത്തച്ഛൻ ഉപേക്ഷിച്ചുപോയ ഭാര്യയെയും മകനെയും കണ്ട് ക്ഷമ ചോദിക്കണം എന്നു വിശ്വസിച്ചിരിക്കുന്ന സമയത്താണ് ഹെയ്‌സൽ മാത്തപ്പനെ പരിചയപ്പെടുന്നതും അയാൾ അവരെയുംകൊണ്ട് മൂന്നാറിലെത്തുന്നതും. ഹെയ്‌സലിന്റെ കയ്യിലുള്ള മോണോറെയിലിന്റെ പഴയ മോഡൽ കയ്യടക്കുക എന്ന ഒറ്റ ഉദ്ദേശ്യമേ മാത്തപ്പനുള്ളു. അതിനുവേണ്ടി അയാൾ ഒരുപാട് നുണകൾ പറഞ്ഞും നാടകം കളിച്ചും ഹെയ്‌സലിനെയും കൊണ്ട് മൂന്നാറിലും ദേവികുളത്തും ടോപ്‌സ്റ്റേഷനിലുമൊക്കെ സഞ്ചരിച്ച് എഡ്മണ്ടിന്റെ ഭാര്യയെ അറിയാവുന്ന ചിലരെ പരിചയപ്പെടുത്തുകയും ഒടുവിൽ എഡ്മണ്ടിന്റെ മകൻ എന്നു പറഞ്ഞ് പടുവൃദ്ധനായ ഒരു സായിപ്പിനെത്തന്നെ കൂട്ടിമുട്ടിക്കുകയും ചെയ്യുന്നു. ഹെയ്‌സൺ സംതൃപ്തിയോടെ മടങ്ങി. പക്ഷെ എല്ലാം തട്ടിപ്പായിരുന്നുവെന്ന് ജോണിനു മാത്രം മനസ്സിലായി. സോനപോലും, പാത്തിയേരിക്കുവേണ്ടി മാത്തപ്പൻ തന്നോടു ചെയ്ത പാതകങ്ങളൊക്കെ പറന്ന് ഹെയ്‌സലിനു വേണ്ടി അയാൾ അനുഷ്ഠിച്ച ത്യാഗങ്ങൾ കണ്ട് അമ്പരക്കുന്നു.

          മിനിയുടെ കഥകൾ കണ്ടെത്തുന്ന അസാധാരണവും മൗലികവുമായ പ്രമേയങ്ങൾക്ക് മികച്ച മാതൃകയാണ് ഈ കഥ. ചരിത്രത്തിൽ സങ്കല്പിച്ചെടുക്കുന്ന കല്പിതഭാവനയുടെ ഒന്നാന്തരം പാഠരൂപം. അതിന്റെ ആഖ്യാനമാകട്ടെ ആദ്യന്തം പ്രസാദാത്മകവും ആകാംക്ഷ നിറഞ്ഞതും. രസകരമായ കഥപറച്ചിലിന്റെ കലയിൽ മലയാളം ദശകങ്ങൾക്കു മുൻപേ കൈവിട്ട പാരമ്പര്യത്തെ സാകൂതം തിരിച്ചുപിടിക്കുകയാണ് മിനി. സൂക്ഷ്മസുന്ദരമായ മനുഷ്യസ്വഭാവചിത്രീകരണങ്ങളിലും ഭാവിത സംഭവങ്ങളിലും കൂടി.

         

'രതി'യാണ് ഈ സമാഹാരത്തിലെ ഏറ്റവും ഭാവതീവ്രവും സ്ത്രീത്വത്തിന്റെ ദമിതകാമനകളുടെ സംഘർഷഭരിതവുമായ ആവിഷ്‌ക്കാരം. പതിനഞ്ചുവർഷത്തിനുശേഷം സവിതക്ക് പൂർവകാമുകൻ വിനോദിന്റെ ഫോൺ കോൾ: 'എനിക്കു നിന്നോടു സംസാരിക്കണം. പറ്റിയൊരിടം പറയാം. വരണം'. അവൾ നടുങ്ങി. ശേഖറുമായി നടന്ന വിവാഹശേഷം ജനിച്ച മകൾ രതി വിനോദിന്റേതാണ് എന്ന രഹസ്യം അവൾക്കും വിനോദിനും മാത്രമേ അറിയൂ. അടുത്ത കൂട്ടുകാരി ഭാമയുടെ രോഗത്തെക്കുറിച്ച് നുണക്കഥയുണ്ടാക്കി ശേഖറിനെയും മകളെയും വിശ്വസിപ്പിച്ച് സവിത വിനോദ് പറഞ്ഞ സ്ഥലത്തെത്തുന്നു. മകളാണ് അയാളുടെ തുറുപ്പ് ചീട്ട് എന്നവൾക്കറിയാം. ഗത്യന്തരമില്ലാതെ സവിത അയാൾക്കൊപ്പം അവിടെ നിന്ന് ദൂരെ ഒരിടത്തേക്കു പോകുന്നു. നരച്ച കുന്നുകൾക്കും റബ്ബർതോട്ടങ്ങൾക്കുമിടയിലെ അടച്ചിട്ട വീട്ടിൽ അവരെത്തി. വിജനമായ പ്രദേശം. ജീവിതത്തിലെ അപ്രതീക്ഷിതവും അപ്രതിഹതവുമായ ഒരു വഴിത്തിരിവിന്റെ ആഘാതത്തിൽ സവിത തളർന്നു. പഴയ കാമുകനെങ്കിലും വിശ്വാസം പാടെ തകർന്ന ഒരാൾക്കൊപ്പം അപരിചിതവും വന്യവുമായ ഒരിടത്ത് രാത്രി കഴിയേണ്ടിവരുന്ന സാഹചര്യം അവളിൽ സൃഷ്ടിക്കുന്ന അനുഭവസംഘർഷങ്ങളുടെ തീവ്രതയാണ് ഈ കഥയുടെ ഭാവമൂല്യം. പ്രണയത്തിൽ കാല്പനികവും കാമിതവുമായനുഭവപ്പെട്ടിരുന്നത് ദാമ്പത്യത്തിൽ അകാല്പനികവും ഭീതിദവുമായിത്തീരുമെന്നതിന്റെ അസാമാന്യമായ വിപര്യയമാണ് ഈ കഥയുടെ മനഃശാസ്ത്രം. 'രതി', മകളുടെ പേരെന്നതുപോലെതന്നെ അവരുടെ ബന്ധത്തിന്റെ പൊള്ളുന്ന അബോധമായും കഥയിലുടനീളം നിറയുന്നു. എന്തായിരുന്നു സവിതയെ അവിടെ ആ ഏകാന്തരാവിൽ കാത്തിരുന്നത്? വായിക്കൂ:

          'നേരം കടന്നുപോയ്‌ക്കൊണ്ടിരുന്നു. മണ്ണട്ടകളുടെയും രാപ്പക്ഷികളുടെയും കോലാഹലങ്ങൾ ഇരുളിന്റെ ഏകതാനതയിൽനിന്നും ബഹുസ്വരങ്ങളായ് ചിതറി. അയാൾ വാച്ചഴിക്കുകയും തുടച്ചുകെട്ടുകയും വീണ്ടും അഴിക്കുകയും കെട്ടുകയും ചെയ്തുകൊണ്ട് സംസാരം തുടങ്ങാൻവയ്യാത്തവിധം സങ്കോചത്തോടെ ഉമ്മറപ്പടിയിൽ ചൂളിപ്പിടിച്ചിരുന്നു.

'നിങ്ങൾക്കെന്താണ് പറയാനുള്ളത്?' അവൾ നിവൃത്തികേടോടെ സംസാരം തുടങ്ങിവെച്ചു. അയാൾ സ്വാഭാവികമല്ലാത്ത ഒരു ചുമയുടെ അകമ്പടിയോടെ ഉമ്മറപ്പടിയിൽനിന്നും മുറ്റത്തേക്കിറങ്ങി ചരലിലൂടെ ചെരിപ്പുരച്ച് അസുഖകരമായ ശബ്ദം കേൾപ്പിച്ചുനടന്നു. അവൾ വിയർപ്പ് കടിക്കുന്ന പുറംഭാഗം കൈയെത്തി ചൊറിയാൻ ശ്രമിച്ചുകൊണ്ട് അയാളെ നോക്കി. അവളുടെ കറുത്ത സാരിയിലെ നീലക്കല്ലുകൾ ഇരുളിൽ സർപ്പക്കണ്ണുകൾപോലെ തിളങ്ങി. അവൾ മിടിക്കുന്ന ഹൃദയത്തോടെ അയാളെ നോക്കി. അയാൾ പെട്ടെന്ന് ഓടിവന്ന് തനിക്കു മുന്നിൽ കൈകൂപ്പി ഇരുന്നുകൊണ്ട്, 'രതിക്ക് സുഖമാണോ? പണ്ട് നീ എനിക്കുതന്നെ ഒരു വാക്കുണ്ട്, എന്ന് ഞാനവളെ കാണാൻ ആഗ്രഹം പ്രകടിപ്പിക്കുന്നോ അന്ന് കാണിച്ചുതരുമെന്ന്. കാണാൻ എനിക്കാഗ്രഹമുണ്ട്-അവളുടെ അച്ഛൻ എന്ന് അവളെ ബോദ്ധ്യപ്പെടുത്തിക്കൊണ്ട്... പ്ലീസ്' എന്ന് അപേക്ഷിക്കുമെന്നും അയാൾ കരയുന്നതു കണ്ട് ധർമ്മസങ്കടത്തോടെ താൻ മുഖം കുനിച്ചിരിക്കുമെന്നും അവൾ ഭയന്നു. പക്ഷേ, അയാൾ 'ഇവിടേക്ക് ഒന്ന് ഇറങ്ങിവരൂ....' എന്ന് ആവശ്യപ്പെട്ടുകൊണ്ട് തണ്ടികയ്ക്ക് പുറകെയുള്ള പാറയുടെ അരികിലേക്ക് നടന്നു. പാറയിലേക്കു വെളിച്ചം കിട്ടുംവിധം രണ്ടോ മൂന്നോ ലൈറ്റുകൾ തണ്ടികയ്ക്കു പുറകിൽ തെളിഞ്ഞുകിടന്നിരുന്നു.

          'ഉം?' അവൾ നീട്ടിമൂളി.

          'വരൂ. എന്തായാലും ഇത്രടം വന്നതല്ലേ....' അയാളുടെ ശബ്ദം നന്നേ തണുത്തിരുന്നു.

          അവൾ മനസ്സില്ലാമനസ്സോടെ അയാൾക്കു പുറകെ പാറപ്പുറത്തേക്കു നടന്നു. ആനപ്പുറംപോലെ വിസ്താരത്തിൽ കിടക്കുന്ന അവിടമാകെ ടോർച്ച് വെളിച്ചത്തിൽ പരതിയ ശേഷം അയാൾ ഒരിടത്ത് ഇരിപ്പുറപ്പിച്ചു.

          'ഇരിക്കൂ... ഇന്ന് പൗർണ്ണമിയാണ്', അയാൾ മുകളിലേക്കു കൈചൂണ്ടി. അവൾ മുകളിലേക്കു നോക്കി.

          ഇരുണ്ട മാനത്തേക്കു കുടഞ്ഞിടപ്പെട്ട അനന്തകോടി നക്ഷത്രങ്ങളെക്കണ്ട് അവൾക്ക് ഉറക്കെ കരയാൻ തോന്നി.

          'എന്നാണ് ഞാൻ അവസാനമായി ആകാശം കണ്ടത്?' അവൾ സ്വയം ചോദിച്ചു. നോക്കിക്കൊണ്ടിരിക്കുന്തോറും ആകാശം അവളെ കരയിച്ചു.

         

ആ കണ്ണീരിനിടെ ദൂരെ വിളവെടുത്ത കൃഷിയിടങ്ങളിൽ കർഷകർ തീയിട്ടിരിക്കുന്നതും താഴെ വീടുകളിൽ വിളക്കെരിയുന്നതും മാനം വെളിച്ചപ്പൊട്ടുകളായി ഭൂമിയെ പൊതിയുന്നതും അവൾ കണ്ടു. രാപ്പാടികളുടെ പാട്ടു കേട്ടു.

          'പറയൂ, ഞാനെന്താണ്? വെളിച്ചമോ? സംഗീതമോ?' അവൾ നിശ്ശബ്ദം ആത്മാവിനോടു ചോദിച്ചു.

          മറുപടി കിട്ടുംമുമ്പ് ആ ഇരുപ്പിൽനിന്നും അവളെ ഉണർത്തിക്കൊണ്ട് മൺനിറമുള്ള കുഞ്ഞുപട്ടി അരികെ വന്നുകിടന്നു. അവൾ അതിനെ നോക്കി. അത് സന്തോഷത്തോടെ അവളുടെ കാൽച്ചൂടുപറ്റിക്കിടന്നു. അവൾ പെട്ടെന്ന് അയാളെ നോക്കി. അയാൾ ദുരേക്കു നോക്കിയിരിക്കുകയാണ്.

          'വിനൂ എന്താണ് പറയാനുള്ളത്?' അവൾ ശാന്തമായി ചോദിച്ചു. അയാൾ ഒന്ന് നിവർന്നിരുന്നുകൊണ്ട് അവളെ നോക്കി ഒന്നു ചിരിച്ചു.

          'പേടിക്കണ്ട. ഒന്നുമില്ല, ഒരു ദുരുദ്ദേശവുമില്ല. ഓർക്കുന്നുണ്ടോ ഒരിക്കൽ നീ എന്നോട് ഇതുപോലൊരു രാത്രി ആവശ്യപ്പെട്ടിരുന്നു. വിജനവും അപരിചിതവുമായൊരിടത്ത് ഉറങ്ങാത്ത ആകാശത്തിനു കീഴെ രാപ്പാടികളുടെ പാട്ടു കേട്ട് ഒരു രാത്രി മുഴുവൻ നിനക്കരികിലിരിക്കണമെന്ന്.... ഓർക്കുന്നുണ്ടോ?'

          അവൾക്ക് എത്ര ശ്രമിച്ചിട്ടും അത് ഓർത്തെടുക്കാനായില്ല.

          'ഞാനങ്ങനെ പറഞ്ഞിരുന്നോ?'

          'ഉവ്വ്. എന്നെക്കൊണ്ട് സത്യവും ചെയ്യിച്ചിരുന്നു. ഒരുപാട് പരിഭവിച്ചും കരഞ്ഞുമാണ് എന്നെക്കൊണ്ട് സത്യം ചെയ്യിച്ചത്'.

          അയാൾ ചിരിച്ചു. അവൾ ഓർമ്മകളിൽ പരതി. ഉവ്വോ? എങ്കിൽപ്പോലും ഈ കാഴ്ചകളിൽ എത്രനേരം മനസ്സുറപ്പിക്കാൻ കഴിയും? കുഞ്ഞുങ്ങളെക്കുറിച്ചും ശേഖറെക്കുറിച്ചുമുള്ള സംഗതികളാണ് തന്നെ ഇപ്പോൾ ഭരിക്കുന്നത്. അവൾ പിടച്ചിലോടെ അയാളെ നോക്കി. അയാളുടെ മുഖത്തെ കടുപ്പം കുറഞ്ഞിരുന്നു.

          'നമ്മൾ പ്രണയിക്കുമ്പോൾ ഞാൻ വളരെ കുറച്ചുമാത്രമേ സംസാരിച്ചിരുന്നുള്ളൂ. പക്ഷേ, നീ വാതോരാതെ സംസാരിച്ചു. ആത്മാർത്ഥതയെക്കുറിച്ച്, സങ്കൽപ്പങ്ങളെയും സ്വപ്നങ്ങളെയും കുറിച്ച്.... എന്നെക്കൂടാതെ ഒരുനിമിഷംപോലും ഭൂമിയിൽ ജീവിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാൻ കഴിയുകയില്ലെന്ന് നീ പറഞ്ഞു. ഒരുപാട് പറഞ്ഞതുകൊണ്ടാവും, നീ എല്ലാം മറന്നത്. വളരെ കുറച്ചു പറഞ്ഞതുകൊണ്ടാവും ഞാനെല്ലാം ഓർക്കുന്നതും. കാലം കഴിയുമ്പോ കൂടുതൽ പരുവപ്പെടുക പെണ്ണിന്റെ മനസ്സുതന്നെയാണ്. നിന്നെ കുറ്റപ്പെടുത്തിയതല്ല. ബുദ്ധിമുട്ടിക്കാൻവേണ്ടി വിളിച്ചതുമല്ല. ജീവിതത്തിൽ ഒരാൾ മാത്രമേ ഇതുപോലെ ഒരാഗ്രഹം പറഞ്ഞിട്ടുള്ളൂ. അതു സാധിച്ചുകൊടുക്കണമെന്നു തോന്നി. നെക്സ്റ്റ് വീക്ക് ഒരു സർജറിയുണ്ട്. ഇക്കാര്യം പറഞ്ഞാൽ നീ വരില്ലെന്നു തോന്നി. അതാണ് രതിയെക്കുറിച്ച് പറഞ്ഞത്', വിനോദ് ദീർഘമായി നിശ്വസിച്ചു.

          അവൾ ആത്മനിന്ദയോടെ അയാളെ നോക്കി.

          'രതിയെ കാണണമെങ്കിൽ.....' അവൾ വിക്കി. ഒരു മര്യാദച്ചോദ്യം എന്നതിൽക്കവിഞ്ഞ് അയാളുടെ അവസ്ഥയോട് എങ്ങനെ പ്രതികരിക്കണമെന്ന് അവൾക്ക് അറിയില്ലായിരുന്നു.

          'എന്തിന്? ഞാൻ അത്രയ്ക്ക് സ്വാർത്ഥനല്ല. എന്റെ പിതൃത്വം അവൾക്കൊരു വേദനയാവരുത്. ആ ജീവിതത്തിൽ ഞാനില്ല. ഈ രാത്രിക്കപ്പുറം നിന്റെ ജീവിതത്തിലും', അയാളുടെ വാക്കുകൾ കണ്ണീർ കുടിച്ചിരുന്നു.

          'വിനൂ....' എന്നോ ഒരിക്കൽ താൻ ഇയാളെ പ്രണയിച്ചിരുന്നുവെന്നും ഇത്തരമൊരു രാത്രി ആഗ്രഹിച്ചിരുന്നുവെന്നും അത് താൻതന്നെ ആയിരുന്നുവെന്നും ഉറപ്പിക്കാൻ അവൾക്ക് പ്രയാസം തോന്നി. ആ നിസ്സഹായതയോടെ രതി, സത്യം, രാവ് എന്ന ആത്മനിയന്ത്രണത്തോടെ, ആരോടൊക്കെയോ ഉള്ള ക്ഷമാപണത്തോടെ ആകാശം ഉറങ്ങാനും ഭൂമി എത്രയും വേഗം ഉണരാനും പ്രാർത്ഥിച്ചുകൊണ്ട് കാട് കത്തുന്നതും നോക്കി വെറുതേ അവളിരുന്നു'.

          മർത്യജീവിതത്തിന്റെ, വിശേഷിച്ചും പെൺജീവിതത്തിന്റെ ഗുപ്തവും ഗൂഢവും ദമിതവും സമൃദ്ധവുമായ കാമനാലോകങ്ങൾ അപാവരണം ചെയ്യുന്നതിൽ മിനിയുടെ കഥകൾ പ്രകടിപ്പിക്കുന്ന കാവ്യാത്മകമായ ഭാവബന്ധങ്ങൾക്കുദാഹരണമാണ് 'കനകദുർഗ്ഗ'യിലെ രചനകൾ. വായനാക്ഷമവും ധ്വന്യാത്മകവും പ്രസാദാത്മകവും സൗന്ദര്യപൂർണവുമായ കഥയുടെ രസവിദ്യയിൽ മിനിക്കുള്ള കയ്യടക്കം ഈ സമാഹാരത്തിലെ ആറുകഥകളും ഒന്നിനൊന്നു മികച്ച രീതിയിൽ പ്രകടമാക്കുകയും ചെയ്യുന്നു. 

കനകദുർഗ്ഗ
മിനി പി.സി.
മാതൃഭൂമി ബുക്‌സ്
2022, 190 രൂപ