- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തോക്കുകൾ കഥ പറയുന്നു
'Why should I be afraid now? Strange men have come to kill me eversince I was twelve years old'.
- Don Corleone, The Godfather
ആയുധങ്ങളും ആൾബലവും അമാനുഷികമായ സ്ഥൈര്യവും കൊണ്ടാർജ്ജിച്ച അധികാരവും സമ്പത്തും വഴി സമാന്തര ഭരണകൂടങ്ങൾ തന്നെയായി മാറിയ ഗ്യാങ്സ്റ്റർ സംസ്‌കാരങ്ങൾ ലോകത്തെവിടെയുമുണ്ട്. കടൽകൊള്ളക്കാരും മയക്കുമരുന്നു കടത്തുകാരും ആയുധവ്യാപാരികളും കുറ്റകൃത്യങ്ങൾ ഏറ്റെടുത്തു നിർവഹിക്കുന്നവരും വാടകക്കൊലയാളികളും അധികാര ദല്ലാളന്മാരും ചൂതാട്ട രാജാക്കന്മാരും അധോലേകനായകരുമൊക്കെയായി ഈ സംഘങ്ങൾ രാജ്യാന്തര ശൃംഖലകൾ കെട്ടിപ്പടുക്കുന്നു. ഇരുട്ടിന്റെ ഈ ചക്രവർത്തിമാരെക്കുറിച്ച് ഇരുപതാം നൂറ്റാണ്ടിൽ വിശ്വവിഖ്യാതങ്ങളായ എത്രയെങ്കിലും നോവലുകളും ജീവചരിത്രങ്ങളും സിനിമകളും രൂപംകൊണ്ടിട്ടുണ്ട്. 'ക്രൈംതില്ലർ' പ്രസ്ഥാനത്തിൽ ഏറ്റവും ജനപ്രീതി നേടിയ സാഹിത്യ-ചലച്ചിത്ര ഗണങ്ങളിലൊന്ന് ഗ്യാങ്സ്റ്റർ രചനകളുടേതാണ്. രാഷ്ട്രീയ ഭരണകൂടങ്ങൾ മുതൽ വ്യവസായ സാമ്രാജ്യങ്ങൾ വരെയും കായികമാമാങ്കങ്ങൾ മുതൽ വർഗീയകലാപങ്ങൾവരെയും നിയന്ത്രിക്കുന്ന ആഗോള ഗ്യാങ്സ്റ്റർമാർ തമ്മിൽത്തമ്മിൽ നടക്കുന്ന യുദ്ധങ്ങളുടെ കഥകൾ വേറെ. അൽ കാപോണും പാബ്ലോ എസ്‌കൊബാറും മുതൽ ഹാജിമസ്താനും വരദരാജമുതലിയാരും കരിംലാലയും ഛോട്ടാരാജനും ദാവൂദ് ഇബ്രാഹിമും ടൈഗർ മേമണും വരെയുള്ള ഓരോ അധോലോക രാജാക്കന്മാർക്കും സ്വന്തം സൈന്യവും ഭണ്ഡാരവും ആയുധപ്പുരയും രാജ്യവുമുണ്ടായിരുന്നു. വംശീയവും മതപരവും ജാതീയവും പ്രാദേശികവും ദേശീയവുമൊക്കെയായ രാഷ്ട്രീയങ്ങളും ഇവരുടെ സാമ്പത്തിക സാമ്രാജ്യസൃഷ്ടികൾക്കു പിന്നിലുണ്ട്. നിഷ്ഠൂരമായ ഹിംസകളും നികൃഷ്ടമായ കുറ്റകൃത്യങ്ങളും അവിശ്വസനീയമായ ആസൂത്രണങ്ങളും അചിന്ത്യമായ അട്ടിമറികളും രാജ്യാന്തരവ്യാപ്തിയുള്ള അധികാരബന്ധങ്ങളും അളവറ്റ സമ്പത്തും അതിനൂതനമായ ആയുധങ്ങളും അത്ഭുതകരമായ കരുനീക്കങ്ങളും ഇവരുടെ ആരോഹണാവരോഹണങ്ങൾക്കു വഴിയൊരുക്കി. നിയമസംവിധാനങ്ങളുടെ ഇടപെടലിലൂടെ എന്നതിനെക്കാൾ തമ്മിൽ തമ്മിൽ രൂപംകൊണ്ട കുടിപ്പകയുടെ ഇരകളായാണ് ഇവരിൽ പലരും കെട്ടടങ്ങിയത്. അതിമാനുഷപദവി കൈവരിച്ച വീരപുരുഷന്മാരുടെ (യൂറോപ്പിലും തെക്കെ അമേരിക്കയിലുമൊക്കെ സ്ത്രീകളും വിഖ്യാതരായ മാഫിയാ നേതാക്കളായിത്തീർന്നിട്ടുണ്ട്) അധോലോക താരപദവി ആഗോള ജനപ്രിയസംസ്‌കാരത്തിന്റെ ഏറ്റവും പ്രസിദ്ധമായ പാഠമാതൃകകളായി മാറി. രാജ്യാന്തര വേരുകളുള്ള മേല്പറഞ്ഞ രാജാക്കന്മാർക്കും അവരുടെ സംഘർഷങ്ങൾക്കും ഒപ്പമല്ലെങ്കിലും, അസാധാരണമാംവിധം കുപ്രസിദ്ധിയും ജനപ്രീതിയും നേടിയ പ്രാദേശിക ഗ്യാങ്സ്റ്റർ സംഘങ്ങളും നായകരും മിക്ക ഇടങ്ങളിലുമുണ്ട് (ഇന്ത്യയിൽ ചമ്പൽക്കാടുകൾ മുതൽ സത്യമംഗലം കാടുകൾ വരെ. ഇവരുടെ കഥകൾക്കു വേദിയായി). 'ഷോലൈ' മുതൽ ഇങ്ങോട്ട് ഹിന്ദി, തമിഴ് ഭാഷകളിൽ നിർമ്മിക്കപ്പെട്ട ചില സിനിമകൾ പ്രാദേശിക ഗ്യാങ്സ്റ്ററുകൾക്കു സൃഷ്ടിച്ചുകൊടുത്തിട്ടുള്ള സാംസ്‌കാരിക പദവി ഓർമ്മിക്കുക. 'നായകൻ' മുതൽ 'വടചെന്നൈ' വരെയും 'സത്യ' മുതൽ 'ഗ്യാങ്‌സ് ഓഫ് വാസിപ്പൂർ' വരെയുമുള്ള സിനിമകൾ ഉദാഹരണം. കലാപരമായോ ചരിത്രപരമായോ ഇവയ്‌ക്കൊപ്പം വരില്ലെങ്കിലും മലയാളത്തിലുമുണ്ട് ചില ഗ്യാങ്സ്റ്റർ സിനിമകൾ-ബിഗ്‌ബിയും അങ്കമാലി ഡയറീസും മാലിക്കും ഉൾപ്പെടെ.
മലയാളത്തിൽ സാഹിത്യത്തിനോ സിനിമക്കോ നാളിതുവരെ ഭാവനചെയ്യാൻ കഴിയാത്തവിധം ചരിത്രനിഷ്ഠവും രാഷ്ട്രീയസൂക്ഷ്മവും ജീവിതബദ്ധവുമായി കുടിപ്പകയുടെ ചോരക്കഥകൾ ആവിഷ്‌ക്കരിക്കുന്ന അസാധാരണമായ നോവലാണ് കെ.എൻ പ്രശാന്തിന്റെ 'പൊനം'. 1970കൾ തൊട്ടുള്ള അരനൂറ്റാണ്ടുകാലം പ്രത്യക്ഷമായും അതിനു മുൻപുള്ള കുറെ ദശകങ്ങൾ പരോക്ഷമായും സൂചിതമാകുന്ന, ഉത്തരകേരളത്തിലെ ഒരു സവിശേഷ സ്ഥലപശ്ചാത്തലത്തിന്റെ അതിഗൂഢമായ ജൈവസാന്നിധ്യം പ്രകടമാകുന്ന, ഭിന്നഭാഷകളും ജനസംസ്‌കൃതികളും ജാതിമതവിഭാഗങ്ങളും സാമൂഹ്യാനുഭവങ്ങളും അടിയൊഴുക്കാകുന്ന, മാനുഷികവും പ്രാകൃതികവും മൃഗീയവുമായ അടിസ്ഥാന ചോദനകൾ തിളച്ചുമറിയുന്ന, തലമുറകളിലേക്കു കൈമാറിയെത്തുന്ന മൃത്യുദാഹത്തിന്റെ ഹസ്തരേഖകൾ വിധി നിർണയിക്കുന്ന, റാക്കും തോക്കും ഊക്കും ചേർന്ന് കാമനയുടെ ഭാവചരിതമെഴുതുന്ന, ആധുനിക കേരളത്തിന്റെ രാഷ്ട്രീയചരിത്രത്തിലേക്ക് ഹിംസയുടെ നരവംശശാസ്ത്ര ഭൂപടം വരച്ചുചേർക്കുന്ന, പകയുടെ രക്തകാവ്യമാണ് 'പൊനം'. മലയാളത്തിലെ ആദ്യ ഗ്യാങ്സ്റ്റർ നോവൽ.
ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ പഠനകാലത്ത് സുഹൃത്ത് രാഹുൽ പറയുന്ന കരിമ്പുനം എന്ന കാസർകോഡൻ വനഗ്രാമത്തിന്റെ രക്തരൂഷിതമായ ഗ്യാങ്സ്റ്റർചരിത്രമന്വേഷിച്ചാണ് ആഖ്യാതാവ് ആ നാട്ടിലെത്തുന്നത്. തലമുറകളിലേക്കു നീണ്ട രണ്ടു കുടുംബങ്ങളുടെ കുടിപ്പകയുടെ കഥകൾ സിനിമയാക്കാനുള്ള ആഗ്രഹമാണ് കരിമ്പുനത്തേക്ക് അയാളെ നയിച്ച പ്രഥമ ചോദന. ഒപ്പം, ആ കുടിപ്പകയുടെ ഇരയായി മാറിയ തന്റെ അപ്പൻ അബ്രഹാം ജോൺ എന്ന പൊലീസ് ഓഫീസറുടെ ഓർമ്മയും.
കാസർകോഡ് ജില്ലയുടെ കിഴക്കൻ മലയോരങ്ങളിൽ കർണാടകയുമായി അതിർത്തി പങ്കിടുന്ന കുടിയേറ്റ ഗ്രാമമാണ് കരിമ്പുനം. തുളുവും കന്നഡയും മലയാളവും സംസാരിക്കുന്ന ജനത. പഴയ തുളുനാടിന്റെ സാംസ്‌കാരിക ജീവിതം കൈമാറിവന്ന സമൂഹം. കള്ളക്കടത്തും കാട്ടുതടിവെട്ടും നായാട്ടും വഴി അധോലോകസമാനമായ ഒരു സമ്പദ്ഘടന നിർമ്മിച്ച ആൺപ്രരൂപങ്ങളും അരക്കെട്ടിന്റെയും കള്ളവാറ്റിന്റെയും നുരഞ്ഞുപൊന്തുന്ന ലഹരികളിൽ അവരെ ആറാടിച്ച പെൺപ്രരൂപങ്ങളും നിറഞ്ഞ ഒരു സമാന്തര കഥ/ജീവിതഭൂമിക കരിമ്പുനത്തിനുണ്ട്. ആ കഥകൾ ഒന്നൊന്നായി അയാൾക്കു മുന്നിൽ ചുരുൾ നിവരുന്നതാണ് നോവൽ.
കരിമ്പുനത്ത് അയാൾ കാൽകുത്തിയ മണിക്കൂറിൽ തന്നെയാണ് അയാൾ തേടിവന്ന കഥയിലെ കഥാപാത്രങ്ങളിലൊന്നായ മഞ്ജുനാഥ ഗൗഡ പട്ടാപ്പകൽ നടുറോഡിൽ കൊല്ലപ്പെടുന്നത്. അരനൂറ്റാണ്ടിലധികം കാലമായി കരിമ്പുനത്ത് കത്തിനിന്നിരുന്ന കുടിപ്പകയുടെ ഏറ്റവും പുതിയ ആളലായിരുന്നു അത്. താൻ ഒറ്റുകാരനായി പ്രവർത്തിച്ച അവസാനത്തെ വൻകൊലക്കുശേഷം നാടുവിട്ട് ഇരുപതുവർഷം കഴിഞ്ഞ് കൊല്ലപ്പെടാനായി മാത്രം കരിമ്പുനത്തേക്കു വന്നതായിരുന്നു ഗൗഡ. അയാളെ ഒറ്റാനായി പഴയ ഇരയുടെ ചോരപ്പങ്കാളികൾ അത്രയും കാലം കാത്തിരിക്കുകയുമായിരുന്നു. ചോരപ്പുഴയുടെ ഒഴുക്ക് മുന്നോട്ടും പിന്നോട്ടുമുണ്ട് എന്നു തെളിയിച്ചുകൊണ്ട് കരിയൻ എന്ന വൃദ്ധനും പാർവതി എന്ന വേശ്യയും അയാൾക്ക് കരിമ്പുനത്തിന്റെ നരവേട്ടകളുടെ നിഷാദപുരാണം പറഞ്ഞുകൊടുക്കുന്നു.
മുക്കാൽ നൂറ്റാണ്ടുമുൻപ്, കരിമ്പുനത്തിന്റെ ഭൂമിയും കാടും സമ്പത്തും കയ്യടക്കി വച്ചിരുന്നത് പള്ളിക്കുഞ്ഞിഹാജിയുടെ ബാപ്പയായിരുന്നു. ബ്രിട്ടീഷ്ഭരണം അവസാനിച്ച കാലം. അയാളിൽനിന്ന് കാട്ടുഭരണം ഹാജിയിലേക്കു കൈമാറിയെത്തിയപ്പോൾ വലംകയ്യായി നിന്നത് കർത്തമ്പുവെന്ന ആണൊരുത്തനും. ഹാജിയാരുടെ എതിരാളിയായി വളർന്നുവന്ന രൈരുനായരുടെ തോക്കുകാരനായിരുന്നു അമ്പൂട്ടി. അറുത്തിട്ടാൽ തുടിക്കുന്ന മറ്റൊരു തിയ്യപൗരുഷം. കർത്തമ്പുവിനെ ഇല്ലാതാക്കിയാലേ തനിക്ക് കാടുപിടിക്കാനാവൂ എന്നു മനസ്സിലാക്കിയ രൈരുനായർ അമ്പൂട്ടിയെ ചതിച്ചുകൊന്ന ശേഷം ആ കൊലക്കു പിന്നിൽ കർത്തമ്പുവാണെന്നു പ്രചരിപ്പിച്ചു. അമ്പൂട്ടിയുടെ മക്കൾ ശേഖരനും ഗണേശനും കൂട്ടുകാരൻ സോമപ്പനായിക്കും രൈരുനായരുടെ കൂടെ ചേർന്നു. അവർ കർത്തമ്പുവിനെ കൊന്നതോടെ കാട്ടുതടി വെട്ടലിലും കടത്തലിലുമുള്ള ഹാജിയുടെ കുത്തക തകർന്നു. കാട് രൈരുനായരുടെ സാമ്രാജ്യമായി.
തന്റെ അച്ഛനെ കൊന്നത് ശേഖരനാണെന്നറിഞ്ഞിട്ടും പകരം വീട്ടാനിറങ്ങിയില്ല കർത്തമ്പുവിന്റെ മകൻ മാധവൻ. പക്ഷെ ശേഖരനും സോമപ്പനും ചേർന്ന് അയാളുടെ പെങ്ങളെയും കാമുകിയെയും ബലാത്സംഗം ചെയ്യുകയും പെങ്ങളെ കൊല്ലുകയും ചെയ്തതോടെ മാധവൻ തോക്കെടുക്കുന്നു. ഉറ്റസുഹൃത്തായ മാലിംഗനോടൊപ്പം പള്ളിക്കുഞ്ഞിഹാജിയെ കണ്ട മാധവൻ ശേഖരന്റെ കാട്ടുഭരണം അവസാനിപ്പിക്കാൻ കരാറുണ്ടാക്കി. അവിടെയാരംഭിക്കുന്നു കുടിപ്പകയുടെ ചോരക്കാലങ്ങൾ. രൈരുനായരെ തകർത്ത് സ്വന്തം കാട്ടുരാജ്യം സ്ഥാപിച്ചിരുന്ന ശേഖരനെ മാധവൻ വെല്ലുവിളിച്ചു. തടിവെട്ടിലും കടത്തിലും ശേഖരനെ അയാൾ ബഹുദൂരം പിന്നിലാക്കി. കൊന്നും കൊടുത്തും എടുത്തും തടുത്തും ശേഖരനും മാധവനും കരിമ്പുനത്തിന്റെ കാടുകളിൽ തീപടർത്തി. ചന്ദനവും കരിവീട്ടിയും മരുതും വെട്ടിക്കടത്തുന്നതിൽ മാത്രമല്ല മൃഗനായാട്ടിലും നരനായാട്ടിലും മാധവനും ശേഖരനും മത്സരിച്ചു മുന്നേറി. ശേഖരന്റെ വലംകയ്യായി കൂടെ നിന്നിരുന്ന കാന്തയും മാധവന്റെ പെങ്ങളുടെ കൊലക്കു സാക്ഷിയായ ഉമേശനും മാധവനോടൊപ്പം ചേരുന്നു. മാലിംഗന്റെ കൊലക്കുശേഷം കാന്ത മാധവന്റെ താങ്ങായി മാറി. അക്കാലത്താണ് പൊലീസ് ഇൻസ്‌പെക്ടർ അബ്രഹാം ജോൺ ബേദൂർ സ്റ്റേഷനിൽ ചാർജ്ജെടുക്കുന്നതും കാട്ടുകൊള്ളക്കാരെ ഒതുക്കാൻ ഇറങ്ങിപ്പുറപ്പെടുന്നതും. ശേഖരനെ തളച്ച അബ്രഹാം ജോണിനെ അയാൾ നിഷ്ഠൂരമായി കൊന്നുതള്ളി.
സോമപ്പന്റെ വധമാണ് പിന്നീടുണ്ടായത്. മാലിംഗന്റെ ചോരക്ക് മാധവൻ പകരം വീട്ടി. തുടർന്ന് ശേഖരനെയും അയാളും കാന്തയും ചേർന്ന് വകവരുത്തുന്നു. മാധവൻ ഒരാക്രമണത്തിൽ മരിക്കാതെ രക്ഷപെട്ടുവെങ്കിലും ജീവിതകാലം മുഴുവൻ കിടപ്പിലായി. ഗണേശന്റെ കാൽ വെട്ടിയെറിഞ്ഞ കാന്തയെ പിന്നീടാരും കണ്ടിട്ടില്ല.
കാലം മുന്നോട്ടുരുണ്ടു. 1970-2000 കാലത്തിന്റെ പശ്ചാത്തലത്തിൽ നടന്ന ഈ നര-മൃഗ-വനവേട്ടകളുടെ കനലുകൾ രണ്ടുപതിറ്റാണ്ടിനുശേഷവും ജ്വലിക്കുന്നുവെന്നാണ് ഗൗഡയുടെ കൊലപാതകം തെളിയിച്ചത്. കഥാന്ത്യത്തിൽ, കരിമ്പുനം വിട്ട് മംഗലാപുരത്തു താമസമാക്കിയ ഗണേശനെ തേടി ആഖ്യാതാവെത്തുന്ന ദിവസം തന്നെ ഗൗഡയുടെ കൊലക്കു പകരമെന്നോണം അയാളെ ആരോ വകവരുത്തുന്നു. കരിമ്പുനത്തിന്റെ ചോരക്കഥകൾ അവസാനിക്കുന്നില്ല എന്ന തിരിച്ചറിവിൽ അബ്രഹാം ജോണിന്റെ മകൻ തന്റെ ചലച്ചിത്രസ്വപ്നങ്ങളുമായി സ്തംഭിച്ചു നിൽക്കുന്നിടത്താണ് നോവൽ തീരുന്നത്.
മുക്കാൽ നൂറ്റാണ്ടുകാലം കൊണ്ട് മൂന്നു തലമുറകളിലേക്കു പടരുന്ന ഈ ആൺവേട്ടക്കഥകൾക്കു സമാന്തരമായി 'പൊനം' ഒരു പെൺകോയ്മയുടെ കഥയും ചരിത്രവും നോവൽവൽക്കരിക്കുന്നുണ്ട്. ഉച്ചിരി-ചിരുത-പാർവതി-രമ്യമാരിലൂടെ നാലു തലമുറകളിലേക്കു നീളുന്ന പെണ്ണിന്റെ കാമംകൊണ്ടു കത്തുന്ന ഉടലുകളുടെയും കാരിരുമ്പുപോലുള്ള പ്രജ്ഞയുടെയും കഥയാണത്. കരിമ്പുനത്തെ ആണുങ്ങളെ വാറ്റുചാരായത്തിന്റെയും ഊറ്റൻ ശരീരത്തിന്റെയും വീര്യത്തിൽ മുക്കി കാടും നാടും ഭരിച്ചു അവർ.
ദൊഡ്ഡമാന ബെല്ലാൾ എന്ന ജന്മിയുടെ വീട്ടിൽ പണിക്കുവന്ന ഉച്ചിരിയെ ബെല്ലാളും മകനും മാറിമാറി പ്രാപിച്ചുകൊണ്ടേയിരുന്നു. കെട്ട്യോൻ കോമൻനായരുടെ ഉപദ്രവവും അയാളുടെ അച്ഛൻ കുഞ്ഞിക്കണ്ണന്റെ ശല്യവും സഹിക്കാതെ വന്നപ്പോൾ അവൾ തനിക്കു പ്രണയം തോന്നിയ മകൻബെല്ലാളുടെ ഗർഭം പേറി. അങ്ങനെ ചിരുത ജനിച്ചു. ചിരുത വളർന്നപ്പോൾ അവളെ ജനിപ്പിച്ചവൻ തന്നെ അവളെ പ്രാപിക്കാൻ നോക്കി. കാമുകനായ അഡ്രുനായിക്കിനൊപ്പം ചിരുത നാടുവിട്ടു കരിമ്പുനത്തെത്തി. അഡ്രുനായിക്കാകട്ടെ കോമൻനായർ ഉച്ചിരിയെ തല്ലിയതിനെക്കാൾ മാരകമായി ചിരുതയെ തല്ലുകളും സംശയിക്കുകയും ചെയ്തതോടെ അവൾ നാട്ടുകാരായ പുരുഷന്മാരെ പ്രാപിച്ചു തുടങ്ങി, ഒപ്പം ചാരായം വാറ്റും. അമ്പൂട്ടിയെപ്പോലുള്ള ഉശിരന്മാരായ ആണുങ്ങളുടെ സഹായത്തോടെ നായിക്കിനെ തച്ചുകൊന്ന് കാട്ടിൽ തള്ളി ചിരുത. ആരിൽ നിന്നോ അവൾക്ക് പാർവതിയും പേരറിയാത്ത ഒരുവനിൽ നിന്ന് പാർവതിക്ക് രമ്യയും ജനിച്ചു. ആരും കുലത്തൊഴിൽ മറന്നില്ല. ചിരുത നാടുവിട്ടതോടെ പാർവതിയായി കരിമ്പുനത്തിന്റെ കാമദേവത. ചിരുതയെ തേടിവന്നിരുന്ന അമ്പൂട്ടിയും പിന്നാലെ അയാളുടെ മകൻ ശേഖരനും പാർവതിയെ പ്രാപിക്കാനെത്തി. പിതാക്കളും പുത്രന്മാരും ചിരുത മുതൽ രമ്യ വരെയുള്ള ഓരോ തലമുറപെണ്ണിനെയും കിരാതമായ കാമത്തോടെ തേടിവരികയും അനുഭവിക്കുകയും ചെയ്യുന്നു. തിരിച്ചും. പാർവതിയാണ് അബ്രഹാം ജോണിന്റെ മകന് കരിമ്പുനത്തിന്റെ കഥകൾ പറഞ്ഞുകൊടുക്കുന്നത്. കഥയുടെ തുടർച്ചയെന്ന നിലയിൽ ഗണേശനെ തേടി അയാൾക്കൊപ്പം പോകുന്നത് രമ്യയും.
നോവലിന്റെ ആഖ്യാനത്തിൽ ആദ്യന്തം പൂത്തും തളിർത്തും കായ്ച്ചും നിറയുന്ന ഈ ആൺ, പെൺ പ്രരൂപങ്ങളുടെ നെടിയ ജീവിതങ്ങൾക്കു പുറമെ നിരവധി കഥകളും കഥാപാത്രങ്ങളും ഓരോ ഘട്ടങ്ങളിലായി വന്നുപോകുന്നുണ്ട്. ശേഖരനുവേണ്ടി ഒരു കൈ ബലികൊടുക്കുന്ന മാത്യുവിന് പാർവതിയോടും പിന്നെ രമ്യയോടും തോന്നുന്ന പ്രണയം, ശേഖരന്റെയും സോമപ്പന്റെയും ബലാൽക്കാരവും കൊലപാതകവും കണ്ടുവെന്ന കുറ്റത്തിന് നിഷ്ഠൂരമായി വധിക്കപ്പെടുന്ന ഗംഗന്റെയും അയാളുടെ ഭാര്യ വിശാലയുടെയും കഥ, കാടിന്റെ മാന്ത്രികനായി മാറിയ കാന്തയും ചഞ്ചലയും തമ്മിലുള്ള ബന്ധം എന്നിങ്ങനെ. അതേപോലെതന്നെയാണ്, മംഗലാപുരത്ത് പഠിക്കാൻ പോയ സമയത്ത് ഈസ്റ്റിന്ത്യാ കമ്പനി ഉദ്യോഗസ്ഥനായ സായിപ്പിന്റെ മകളെ പുലിയിൽനിന്നും രക്ഷിച്ച് അവളോടുള്ള പ്രണയം ഭ്രാന്തായി നാട്ടിൽ തിരിച്ചെത്തി ചിരുതയുടെ കാമചികിത്സയിൽ സുഖപ്പെടുന്ന ചക്രപാണിനമ്പ്യാർ എന്ന ചക്രൻപട്ടേലരുടെയും കോഴിപ്പോരിൽ പന്തയം വച്ച് എല്ലാം മുടിഞ്ഞപ്പോൾ കന്നഡിഗരെ ചതിച്ച് കരിമ്പുനത്തേക്കു രക്ഷപെട്ട കൊട്ടൻ മൂസോന്റെയും കാടുകത്തിച്ച് സർപ്പങ്ങളെ ചുട്ടെരിച്ച്, ഒടുവിൽ അതേ കാട്ടുതീയിൽ വെന്തൊടുങ്ങി തൊണ്ടച്ചൻതെയ്യമായി മാറിയ കേളന്റെയും വിഷം തീണ്ടിയ തന്ത്രിയുടെയും അയാളുടെ വിഷബാധ മാറ്റിയ വൈദ്യരുടെയും ഒക്കെ കഥകൾ. കേളന്റെ കഥ കേൾക്കൂ:
'കുന്നുകളിൽ പൂത്തും തളിർത്തും നിൽക്കുന്ന കാട് വെട്ടി ചുട്ട് കരിച്ച് പുനംകൃഷിക്കായി കുന്നരുദേശത്തുനിന്നും മലകയറി വന്നതായിരുന്നു കേളൻ. ചുറ്റുമുള്ള നാല് പുനങ്ങളും വെട്ടുമ്പോൾ ആകാശം തൊട്ടുനിൽക്കുന്ന നെല്ലിമരം വെട്ടാൻ എന്തുകൊണ്ടോ അയാൾക്ക് തോന്നിയില്ല. പുനമെല്ലാം വെട്ടി തീയിട്ടപ്പോൾ അത് മലയോളം ഉയരത്തിൽ കത്താൻ തുടങ്ങി. ഒന്നാം കാടും രണ്ടാം കാടും മൂന്നാം കാടും കത്തിയപ്പോൾ ഒന്നിൽനിന്നും മറ്റൊന്നിലേക്ക് ചാടി രക്ഷപ്പെട്ട കേളൻ നാലാം കാട്ടിൽ വെട്ടിയിട്ട മരങ്ങൾക്കൊപ്പം താനും വെണ്ണീറാകാൻ പോകുകയാണെന്ന് തിരിച്ചറിഞ്ഞ് രക്ഷയ്ക്കായി ഒരു മാർഗം തിരഞ്ഞു. അപ്പോഴാണ് വെട്ടാമായിരുന്നിട്ടും എന്തുകൊണ്ടാണ് പരദൈവങ്ങൾ ആ നെല്ലിമരം തന്നെക്കൊണ്ട് വെട്ടിക്കാതിരുന്നതെന്ന് അയാൾക്ക് മനസ്സിലായത്. അഗ്നിയിൽ നിന്നും രക്ഷപ്പെട്ട് ആകാശമെത്തുന്ന നെല്ലിമരത്തിലേക്ക് അയാൾ ജീവനുവേണ്ടി പാഞ്ഞുകേറി. നൂറ്റാണ്ടുകളായി കാളിയെന്നും കരിവേലനെന്നും പേരായ ഇണകളായ കരിമൂർഖന്മാരുടെ വാസസ്ഥലമായിരുന്നു ആ മരം. ശല്യങ്ങളൊന്നും ഇല്ലാതെ ആ ഫലവൃക്ഷത്തിൽ അവർ ശാന്തരായി കഴിഞ്ഞുപോരുകയായിരുന്നു. ചുറ്റും പടരുന്ന തീയിലും ചൂടിലും വെപ്രാളപ്പെട്ട് നിൽക്കുകയായിരുന്ന നാഗങ്ങളുടെ മുന്നിലേക്കാണ് ജീവനുവേണ്ടി പരുന്തുപോലെ ഒരു മനുഷ്യൻ കടന്നുകയറിയത്. ശത്രുവായ മനുഷ്യനിൽനിന്നും രക്ഷപ്പെടാനുള്ള വെപ്രാളത്തിനിടെ പാമ്പുകൾ അയാളുടെ രണ്ടു മുലകളിലുമായി കൊത്തി. വിഷം കയറി ശരീരമാകെ കരിനീലിച്ച് കേളൻ പിടയുമ്പോഴും സർപ്പങ്ങൾ നെഞ്ചത്തെ കടിവിട്ടില്ല. അവസാനം വിഷം തലയിലോളം കയറി കത്തുന്ന കാട്ടിലേക്ക് കേളൻ നിലം പതിച്ചു. താൻ കൊളുത്തിയ തീയിൽ സർപ്പങ്ങൾക്കൊപ്പം എരിഞ്ഞൊടുങ്ങുമ്പോഴും കേളന്റെ ആത്മാവ് രക്ഷയ്ക്കായി കേണുകൊണ്ടിരുന്നു. നെഞ്ചത്ത് രണ്ട് കരിഞ്ഞുപോയ ഉഗ്രവിഷസർപ്പങ്ങളുമായി വെന്തു കിടന്ന കേളനെ അതുവഴി നായാടിയും വിളയാടിയും വന്ന വയനാട്ടുകുലവൻ കണ്ടു. അന്നു മുതൽ കേളൻ കമ്ടനാർ കേളനായി. ചാമ്പലായിക്കിടന്ന മനുഷ്യനോട് ദയതോന്നിയ വയനാട്ടുകുലവൻ കാലുകൊണ്ട് ചാരത്തിൽ തല്ലിയപ്പോൾ അയാൾ ദൈവക്കരുവായി ഉയർത്തെഴുന്നേറ്റു. ദൈവക്കരുവായ കണ്ടനാർ കേളന്റെ നെഞ്ചത്ത് രണ്ടു വിഷസർപ്പങ്ങൾ, കണ്ണിൽ നാഗശല്കങ്ങൾ. കരിമ്പുനത്ത് ആരെ പാമ്പുകടിച്ചാലും അവർ ആദ്യം വിളിക്കുന്നത് എന്റെ തൊണ്ടച്ചാ എന്നാണ്. തൊണ്ടച്ചനെന്നാൽ അവർക്ക് വയനാട്ടുകുലവൻ തെയ്യവും തെയ്യത്തിന്റെ ദൈവക്കരുവായ കണ്ടനാർ കേളനുമാണ്. അറിഞ്ഞു വിളിച്ചാൽ വിഷം തീണ്ടിയവരെ കേളൻ കൈവിടില്ലെന്ന് വൈദ്യർക്കറിയാം. കത്തിയമരുന്ന കാട്ടിൽ നിന്നും അഗ്നിസ്ഫുലിംഗങ്ങൾ ചിതറുന്ന ശരീരവുമായി വന്ന് കണ്ടനാർ കേളൻ അവരെ രക്ഷിക്കും. വൈദ്യർതോറ്റത്തിന്റെ താളത്തിൽ ഇലഞ്ഞിമരത്തിനു കീഴിൽ നിന്നു.
ഞാൻ ചുട്ട പൂമ്പുനം കരിമ്പുനമാ-
യെന്നെ വിഴുങ്ങുവാനാഞ്ഞിടുമ്പോൾ
പ്രാണനായ് നെല്ലിമരത്തിങ്കലേറി ഞാനാ-
യുസ്സിനായി കളിച്ചിടുന്നേനാ-
മരത്തിങ്കലല്ലോ കരിവേല-കാളി
നാഗങ്ങൾ പാർത്തീടുന്നു
ശത്രുവായ് കണ്ടെന്റെ മാറിൽ കടിച്ചവർ
കാളകൂടം പോൽ വിഷം ചൊരിഞ്ഞേ
അഗ്നിയിൽ വീണങ്ങുഴലും നേരം
മറ്റാരുമില്ല സഖേയെനിക്ക്....
വൈദ്യരുടെ പാട്ട് മരങ്ങൾക്കിടയിലൂടെ കാട്ടിൽ ചെന്നുചേർന്നു. മരങ്ങളെ ചുഴറ്റി വന്ന കാറ്റ് കണ്ടനാർ കേളൻ തെയ്യം ഉറയുംപോലെ തന്ത്രിക്ക് ചുറ്റും കുത്തിയ പന്തങ്ങളെ ചിതറിച്ചുകൊണ്ടിരുന്നു. ശ്വാസമുണ്ടോ എന്ന് സംശയം തോന്നിക്കുന്ന തന്ത്രിയുടെ ശരീരം നിലത്ത് കിടത്തി ചൂട്ടുകൾ അയാളുടെ നാലുഭാഗത്തായി മണ്ണിൽ കുത്തിയശേഷം വീടുകളിലേക്ക് പോകാൻ വൈദ്യർ മറ്റുള്ളവരോട് പറഞ്ഞു. തന്ത്രിയുടെ ഭാര്യ ഒന്നു ശങ്കിച്ചെങ്കിലും ആരോ അവരെയും വിളിച്ച് വീട്ടിലേക്ക് പോയി. കുറച്ച് ചെന്ന് ഇരുട്ടിൽനിന്നും തിരിഞ്ഞുനോക്കിയപ്പോൾ കണ്ടനാർ കേളന്റെ അഗ്നിപ്രവേശത്തെ ഓർമ്മിപ്പിച്ച് ചൂട്ടുകൾ ആളിക്കത്തുന്നതും അഗ്നിസ്ഫുലിംഗങ്ങൾ ഇരുട്ടിൽനിന്നും തെറിക്കുന്നതും അവർ ഭയത്തോടെ കണ്ടു'.
'പൊന'ത്തിന്റെ നോവൽഭാവനയെ ഭാവസമ്പന്നമാക്കുന്ന എത്രയെങ്കിലും കഥനസങ്കേതങ്ങൾ ഇനിയുമുണ്ട്. മിത്തും ചരിത്രവും വർത്തമാനവും ചേർന്ന് സൃഷ്ടിക്കുന്ന കരിമ്പുനത്തിന്റെ കാലഭൂപടം ഒരുവശത്ത്. കാടും പുഴയും യാത്രകളും നിർണയിക്കുന്ന നോവലിന്റെ സ്ഥിര-ചര സ്ഥലരാശികൾ വേറൊരു വശത്ത്. ഇരുട്ടും മൃഗങ്ങളും വേട്ടകളും നിർവഹിക്കുന്ന കരിമ്പുനത്തിന്റെ കാമനാജീവിതം ഇനിയുമൊരുവശത്ത്. ഇവയെല്ലാം ചേർന്നു രൂപംകൊടുക്കുന്ന സാംസ്‌കാരികാടിത്തറക്കുമേൽ റാക്കും തോക്കും ഊക്കും ചേർന്നെഴുതുന്ന നോവലിന്റെ മേൽപ്പുരജീവിതം-'പൊന'ത്തിന്റെ ആഖ്യാനകല മലയാളനോവലിൽ ഒരു വഴിമാറിനടപ്പായി മാറുന്നത് വായിച്ചറിയുകതന്നെ വേണം. അസാധാരണമാംവിധം കാവ്യാത്മകവും ദൃശ്യബിംബസമൃദ്ധവുമാണ് 'പൊന'ത്തിന്റെ ഭാഷണകല. അടിമുടി സിനിമാറ്റിക്.
കോഴിപ്പോരിന്റെയും തെയ്യംകെട്ടിന്റെയും അണങ്ങിന്റെയും സമാന്തര പൗരജീവിതമണ്ഡലങ്ങൾ 'പൊന'ത്തിന്റെ ഭാവജീവിതത്തെ പൂരിപ്പിക്കുന്നു. ഭാഷകളും സംസ്‌കൃതികളും ജാതിവൈവിധ്യങ്ങളും സൃഷ്ടിക്കുന്ന നരവംശഭൂപടം 'പൊന'ത്തിന്റെ സാംസ്‌കാരിക ഭൂമിശാസ്ത്രമായി പരിണമിക്കുന്നു. നായിക്കുകളും മാദിഗരും ഗൗഡമാരും നായന്മാരും നമ്പ്യാന്മാരും തീയ്യരും മൊറഗരും മുസ്ലിങ്ങളും ക്രിസ്ത്യാനികളും നിർമ്മിക്കുന്ന കരിമ്പുനത്തിന്റെ ജൈവഭൂപടം തുളുനാടിന്റെ ദേശവൈവിധ്യങ്ങളെ കൂട്ടിയിണക്കുന്നു. സിനിമയുടെ ആഖ്യാനകല ആദ്യന്തം നോവലിന്റെ ലാവണ്യകലയായി പരിണമിക്കുന്നതിന്റെ അസാധാരണമായ പാഠമാതൃകയാണ് 'പൊനം'.
മേല്പറഞ്ഞ ആഖ്യാനകലാപദ്ധതികളിലൂടെ രൂപംകൊള്ളുകയും നാലുതലങ്ങളിൽ വ്യാപിച്ചുനിൽക്കുകയും ചെയ്യുന്ന ഭാവജീവിതം 'പൊന'ത്തിനുണ്ട്. ക്രൈംത്രില്ലർ പ്രസ്ഥാനത്തിൽ രൂപംകൊണ്ട മലയാളത്തിലെ ആദ്യ ഗ്യാങ്സ്റ്റർ നോവൽ എന്നതാണ് ഒന്നാമത്തേത്. തോക്കുകൾ കൊണ്ടു പറയുന്ന കഥകളുടെ അസാധാരണമായ ജനപ്രിയഭാവന. ദേശകഥ എന്ന നിലയിൽ സക്കറിയ (ഭാസ്‌കരപട്ടേലരും എന്റെ ജീവിതവും), അംബികാസുതൻ മാങ്ങാട് (എന്മകജെ), വിനോയ്‌തോമസ് (കളി) തുടങ്ങിയവർ സാമാന്യമായി സൂചിപ്പിച്ചിട്ടുള്ള ദേശ-ഭാഷാ-ജന-ജീവിതസന്ദർഭങ്ങളെ വിപുലവും വിശാലവും സൂക്ഷ്മവും സവിശേഷവുമായ കഥനപശ്ചാത്തലമാക്കി വികസിപ്പിക്കുന്നുവെന്നതാണ് രണ്ടാമത്തേത്. (പ്രശാന്തിന്റെ ചില കഥകളിൽ മാത്രമാണ് യഥാർഥത്തിൽ ഈ സ്ഥലഭൂമിക ഇതിനു മുൻപ് ഈവിധം സൂക്ഷ്മമായി മലയാളഭാവനയിൽ രേഖപ്പെടുത്തപ്പെട്ടിട്ടുള്ളത്) പകയും കാമവും ഇരട്ടമുഖമായി നിലനിൽക്കുന്ന കാമനാചരിത്രത്തിന്റെ അസാമാന്യമായ സാമൂഹ്യമനഃശാസ്ത്രമാണ് മൂന്നാമത്തേത്. മണ്ണും പെണ്ണും ആണും ഇണപിരിഞ്ഞാടുന്ന ഒരു മഹാസർപ്പസത്രമാണ് 'പൊന'ത്തിന്റെ അബോധം.
കണ്ണൂരിലെ പിൽക്കാല രാഷ്ട്രീയകൊലപാതകങ്ങളുടെ പ്രാക്‌രൂപമോ പ്രാക്ഭാവമോ ആയി കാണാവുന്ന കുരുതികളുടെ നരവംശഭൂമിക എന്ന നിലയിൽ പ്രത്യയശാസ്ത്രത്തെക്കാൾ ജാത്യധിഷ്ഠിത മാനങ്ങളുള്ള കുടിപ്പകയുടെയും കൊതിതീരാത്ത രക്തദാഹത്തിന്റെയും ചരിത്രപാഠങ്ങൾ എന്നതാണ് നാലാമത്തെ ഭാവതലം.
മാരിയോ പുസോവിന്റെ ദ ഗോഡ്ഫാദർ വായിച്ചിട്ടുള്ളവർക്കറിയാം, കുതിരയുടെ മനക്കരുത്തുള്ള പുരുഷജന്മങ്ങൾക്കിടയിൽ കുടിപ്പകയുടെ തീപ്പൊരി വീണുകഴിഞ്ഞാൽ പിന്നെ നിയമവും നൈതികതയുമൊക്കെ അതതിന്റെ വഴിക്കു പോകുന്നതെങ്ങനെയെന്ന്. ഏതുമഹാഭാഗ്യത്തിനു പിന്നിലും ഒരു കുറ്റകൃത്യം കാണുമെന്ന ബൽസാക്കിയൻ നിരീക്ഷണം നോവലിന്റെ മുഖവാക്യമായി ചേർക്കുന്ന പുസോ തന്റെ നായകനെ ഭരണകൂടത്തിനു സമാന്തരമായി സ്ഥാപിക്കുന്ന ഒരു സാമ്രാജ്യത്തിന്റെ ഡോൺ ആക്കുന്നു. 'പൊനം' മലയാളത്തിൽ നാളിതുവരെ ഭാവന ചെയ്യപ്പെടാത്തവിധം ഭിന്നവും മൗലികവുമായ ഒരു ഗ്യാങ്സ്റ്റർ നോവലായി മാറുന്നത് തികച്ചും പ്രാദേശികവും സാംസ്‌കാരികവുമായ ഒരു നരവംശശാസ്ത്ര-ജാതികേന്ദ്രിതാടിത്തറ ചരിത്രനിഷ്ഠവും ജീവിതബദ്ധവുമായി ഭാവന ചെയ്തുകൊണ്ടാണ്. പഴയ തുളുനാടിന്റെ ഭൂമിശാസ്ത്ര പരിധിക്കുള്ളിൽ കാടും നാടും തമ്മിലുള്ള മത്സരത്തിലെ അടങ്ങാത്ത വീറിന്റെ ഏടുകൾ പങ്കിടുന്ന ആൺ, പെൺ ജന്മങ്ങളുടെ ചോരക്കഥകളായി ആ ഭാവന തിടംവയ്ക്കുന്നു. തോക്കുകളെഴുതുന്ന ദേശചരിത്രമായി മാറുകയാണ് അതുവഴി 'പൊനം'.
നരവേട്ടകളും മൃഗവേട്ടകളും വനവേട്ടകളും ഒരേ ആസക്തിയോടെ കത്തിപ്പടരുന്നതിനിടയിൽ ഭരണകൂടവും നിയമസംവിധാനങ്ങളുമെല്ലാം എരിഞ്ഞമരുന്നു. 'കരിമ്പുനം' എന്ന ഭാവനാസ്ഥലം ഒഴികെ നോവലിലെ മുഴുവൻ ഇടങ്ങളും യഥാർഥസ്ഥലങ്ങൾ തന്നെയാണ്. മണ്ടക്കോലും തളങ്കരയും തുടിക്കാനയും നീലേശ്വരവും കാസർകോഡും കാനത്തൂരും ബേദൂരും ഈശ്വരമംഗലയും മംഗലാപുരവും ചിക്കമഗ്‌ളൂരും സുള്ള്യയും കൊടകും ജാൽസൂരും കരിച്ചേനിയും മാത്രമല്ല ചന്ദ്രഗിരിപ്പുഴയും അതിന്റെ കൈവഴികളായ എരിഞ്ഞിപ്പുഴയും കരിച്ചേനിപ്പുഴയുമൊക്കെ. ദശകങ്ങളും തലമുറകളും നീണ്ട കുടിപ്പകയുടെ രക്തകാണ്ഡങ്ങൾ ഭാവിതം മാത്രമല്ല എന്നതാണ് വസ്തുത.
മൂന്നു തലമുറകൾ പ്രത്യക്ഷമായും പിൻതലമുറകൾ പരോക്ഷമായും കയ്യേന്തുന്ന ആയുധങ്ങളുടെ യുദ്ധഭൂമിയായി കരിമ്പുനം മാറുന്നു. ഫ്യൂഡലിസത്തിന്റെയും കൊളോണിയലിസത്തിന്റെയും കാലം മുതലാളിത്തത്തിന്റെയും കക്ഷരാഷ്ട്രീയത്തിന്റെയും കൊലച്ചൂരുകൾക്കു വഴിതുറക്കുന്നു. പള്ളിക്കുഞ്ഞിഹാജിയും രൈരുനായരും തുടക്കമിടുന്ന മദമാത്സര്യങ്ങളുടെ ഒന്നാം ഘട്ടം അമ്പൂട്ടിയുടെയും കർത്തമ്പുവിന്റെയും കൊലപാതകങ്ങളിൽ കലാശിക്കുന്നു. പട്ടേലർമാരുടെയും നായനാർമാരുടെയും കാലം കഴിഞ്ഞ് പൊലീസ് ഇൻസ്‌പെക്ടർമാരുടെ കാലം വരുന്നു. ശേഖരനും സോമപ്പനായിക്കും ഗണേശനും നേതൃത്വം നൽകുന്ന കൗരവപ്പട മാധവനും മാലിംഗനും നേതൃത്വം കൊടുക്കുന്ന പാണ്ഡവപ്പടയുമായി ഏറ്റുമുട്ടുകയാണ്. കാന്ത, കൂറുമാറിയ കർണ്ണനെപ്പോലെ മാധവനൊപ്പം ചേരുന്നു. 'കൊന്നും വെന്നും തീവെച്ചു മുടിച്ചും' പെണ്ണിനും മണ്ണിനും മരത്തിനും സമ്പത്തിനും വേണ്ടി പടവെട്ടി മരിച്ചും ഇരുപക്ഷവും പട്ടുതീരുന്നു. ചാകാതെചത്ത മാധവനും കാലറുത്തുമാറ്റപ്പെട്ട ഗണേശനും കാടുകയറിയ കാന്തയും കുറെക്കാലം കൂടി അജ്ഞാതരായി ജീവിക്കുന്നു. എങ്കിലും പകയുടെ കനലുകൾ കെടുന്നില്ല; വിത്തുകൾ പാഴാകുന്നില്ല. അരനൂറ്റാണ്ടിനിപ്പുറം, ശേഖരന്റെ വധത്തിനും രണ്ടു പതിറ്റാണ്ടിനുശേഷം, അയാളെ ഒറ്റിയ ഗൗഡയെ, നാട്ടിലെത്തുന്ന നാഴികയിൽ തന്നെ ഒറ്റുകൊടുക്കാൻ തക്കവിധം ആ രക്തദാഹം കരിമ്പുനത്തു തെഴുത്തുനിൽക്കുകയാണ്. ഗൗഡയുടെ ചോരക്കുപകരം ഗണേശന്റെ ജീവനെടുക്കാൻ മാസങ്ങളേ വേണ്ടിവരുന്നുള്ളു. കാടും മനുഷ്യരും ജാതിയും ഭാഷയും മിത്തും ചരിത്രവും കുഴമറിഞ്ഞ കരിമ്പുനത്തിന്റെ നരനായാട്ടുകൾ കാലവും ദേശവും കടന്ന് തുടരുകതന്നെയാണ്.
ചതിയിലും വഞ്ചനയിലും പകയിലും വെറിയിലും മുക്കിയെടുത്ത ആയുധങ്ങൾ കൊണ്ട് ആമരണം ഏറ്റുമുട്ടുന്ന രണ്ടു കുടുംബങ്ങളുടെ കഥ കർത്തമ്പുവിന്റെ കൊലയിലാണാരംഭിക്കുന്നത്. അമ്പൂട്ടിയുടെ മരണത്തെക്കുറിച്ച് രൈരുനായർ നിർമ്മിച്ച കള്ളക്കഥയിൽ നിന്നാണ് അതിന്റെ തുടക്കം.
'അന്ന് രാത്രി രൈരുനായരും രണ്ട് സഹായികളും ശേഖരനെയും സോമപ്പനെയും കൊണ്ട് കാട് കയറി. വഴിക്കെവിടെയോ വച്ച് സഹായികളെ കാണാതായി. കുറേ ദൂരം മുന്നോട്ട് ചെന്നപ്പോഴാണ് പിറകിൽ അവരില്ലെന്ന് ശേഖരനും സോമപ്പനും അറിയുന്നത്. ദൂരെനിന്നും ഒരു പക്ഷിയുടേതിവു സമാനമായ ചൂളവിളം കേട്ടപ്പോൾ രൈരുനായർ അവരെയുംകൊണ്ട് വലിയ ഒരു മരത്തിനു പിറകിലൊളിച്ചു. മരങ്ങൾക്കിടയിലൂടെ ഇരുട്ട് വകഞ്ഞ് ഒരു മങ്ങിയ വെളിച്ചം വരുന്നത് അവർ കണ്ടു. ഉയരംകൊണ്ട് ആ വിളക്ക് വരുന്നയാളുടെ നെറ്റിയിലാണെന്ന് അവർ ഊഹിച്ചു.
ഒരു വെങ്കണമരത്തിന്റെ കൂറ്റൻ വേര് കടന്നപ്പോൾ മുന്നിൽ എന്തോ നിൽക്കുന്നുണ്ടെന്ന് കർത്തമ്പുവിന് തോന്നി. തോക്ക് മുറുകെപ്പിടിച്ച് കണ്ണും കാതും കൂർപ്പിച്ച് അയാൾ പതിയെ മുന്നോട്ട് നീങ്ങി. നെറ്റിയിലെ വെളിച്ചത്തിൽ ചെറിയ ഒരു ചെക്കനാണ് അതെന്ന് അയാൽക്ക് മനസ്സിലായി. തന്റെ മാധവന്റെ പ്രായം കാണും, അല്ലെങ്കിൽ അവനെക്കാൾ ഒന്നോ രണ്ടോ വയസ്സ് കൂടും. അതിലധികം വരില്ല. ശേഖരനെ ഒന്നുരണ്ടുതവണ അമ്പൂട്ടിയുടെ കൂടെ കണ്ടിട്ടുണ്ടെങ്കിലും അപ്പോൾ അവനെ അയാൾക്ക് മനസ്സിലായില്ല. അബദ്ധത്തിലോ വീട്ടുകാരോട് പിണങ്ങിയിട്ടോ കാട് കയറിയ കുട്ടിയാണ് അവൻ എന്ന് ഉറപ്പിച്ച് അയാൾ മുന്നോട്ട് ചെന്നു.
'നീ ആരി കുഞ്ഞീ? എങ്ങന ഈട എത്തീനി?' അയാൾ വാത്സല്യത്തോടെ അവന്റെ മുതുകിൽ തൊട്ടുകൊണ്ട് ചോദിച്ചു.
താൻ ആരെന്ന് കർത്തമ്പുവിന്റെ നെറ്റിയിലുള്ള വെളിച്ചത്തിലേക്ക് നോക്കി അവൻ പറഞ്ഞു. അമ്പൂട്ടി കൊല്ലപ്പെട്ട കാര്യം അപ്പോൾ അയാൾക്ക് ഓർമ്മ വന്നു. സഹതാപത്തോടെ അവന്റെ കവിളിൽ തൊടാൻ ചെന്നപ്പോൾ അവൻ പിറകിലേക് മാറി. അടുത്തുള്ള മരത്തിൽ ചാരിവച്ചിരുന്ന തോക്ക് അവൻ എടുത്തപ്പോൾ അയാളുടെ നെറ്റിയിലെ വിളക്കു തട്ടി അതിന്റെ കുഴൽ തിളങ്ങി. എന്തെങ്കിലും ആലോചിക്കാൻ സമയം ലഭിക്കുന്നതിനു മുൻപ് അതിൽനിന്നും ഒരേസമയം രഉണ്ടകൾ അയാളുടെ നെഞ്ച് തുളച്ച് കടന്നുപോയി. വീണുകിടക്കുന്ന അയാളുടെ നെറ്റിയിലെ വിളക്ക് അഴിച്ച് സോമപ്പൻ അത് അയാളുടെ മുഖത്തിനു നേരേ തെളിച്ചു. അല്പം ജീവൻ ബാക്കിയുണ്ടായിരുന്ന അയാൾ ഞെരങ്ങി. തോക്കിനായി കൊതിച്ചുനിന്ന സോമപ്പനായിക്കിന് അത് കൈമാറി കർത്തമ്പുവിന്റെ തൊണ്ടക്കുഴിയിലേക്ക് നിറയൊഴിക്കാൻ സൗകര്യത്തിനായി വെളിച്ചം തെളിയിച്ച് കൊടുത്ത് ശേഖരൻ അയാളുടെ മരണം ആസ്വദിച്ച് കണ്ടു. എല്ലാം കഴിഞ്ഞപ്പോൾ അനക്കമറ്റ അയാളുടെ ദേഹത്ത് ചവിട്ടി വിജയഭാവത്തിൽ അവൻ നിന്നു. രൈരുനായരുടെ വിദേശനിർമ്മിത തോക്ക് ഉപയോഗിച്ചതിന്റെ ഗമയിൽ സോമപ്പനായിക്ക് ശവത്തിന്റെ മുഖത്ത് തുപ്പി.
'നീ ഈന് മുൻപ് ആരെയെങ്കിലും കൊന്നിനാ?' പടിയത്ത് രൈരുനായർ ശേഖരനെ അഭിനന്ദിച്ചുകൊണ്ട് ചോദിച്ചു.
'ഇയാളെത്തന്നെ ഞാൻ കൊറേ പ്രാവശ്യം കൊന്നിനി. സ്വപ്നത്തില്'.
അവൻ മുതിർന്ന ഒരാളെപ്പോലെ ഗൗരവത്തോടെ പറഞ്ഞുകൊണ്ട് ഇരട്ടക്കുഴലിൽ തടവി. രൈരുനായർ അത് വാങ്ങി കൈയിൽ വച്ചു. പിന്നെ കൂടെ ഉണ്ടായിരുന്നവരോട് ശവമെടുത്ത് കളകൾ പറിച്ചു കൂട്ടിയ വയലിൽ എത്തിക്കാൻ പറഞ്ഞു. ശവത്തിനു മുകളിൽ പഞ്ചസാര കാര്യമായി ഇട്ട് ഉണങ്ങിയ കളകൾ കൊണ്ട് മൂടി തീ കൊളുത്തണം. കത്തിയാൽ എല്ലുതരിപോലും ബാക്കി കാണില്ല. ആകാശം മുട്ടുന്ന തീക്കൂനയ്ക്ക് താഴെ ഒരു ശവം ഉണ്ടെന്ന് ആരും ഊഹിക്കുകപോലുമില്ല. പിറ്റേന്ന് കർത്തമ്പുവിന്റേതാണോ ഉണക്കപ്പുകൾ കത്തിയതാണോ എന്ന് തിരിച്ചറിയാൻ കഴിയാത്ത ചാരം വയലുകൾ മുഴുവൻ വിതറിയശേഷം സുബ്രഹ്മണ്യം ചന്തയിൽനിന്നും വാങ്ങിയ ഒത്ത മൂരിക്കുട്ടന്മാരെക്കൊണ്ട് രൈരുനായരുടെ പണിക്കാർ കണ്ടങ്ങൾ ഉഴുതുമറിച്ചു'.
ഭയവും ചതിയും എന്തെന്നറിഞ്ഞിട്ടില്ലാത്ത സോമപ്പനായിക്കിന്റെ വധമാണ് മാധവൻ ഏറ്റെടുക്കുന്ന ആദ്യ ദൗത്യം. വായിക്കുക:
'നിലാവില്ലാത്ത രാത്രിയിലെ കാട് മൂന്നിരട്ടി കാടാണ്. ഇരുട്ടിന്റെ ഇരുട്ടറിയണമെങ്കിൽ അപ്പോൾ വനത്തിലൂടെ നടക്കണം. മരങ്ങളും അടിക്കാടും ഒന്നാക്കി അന്ധകാരം ഉറഞ്ഞുകിടക്കുന്ന വഴിയിലൂടെ സോമപ്പനായിക്ക് തനിക്ക് എത്ര ശ്രമിച്ചിട്ടും അടക്കാൻ കഴിയാത്ത പ്രണയവുമായി നടന്നു. ഓർമ്മവച്ച കാലം മുതൽ ഇരുട്ടാണ് തന്നെ നയിച്ചിട്ടുള്ളത് എന്ന് അറിയാവുന്നതുകൊണ്ട് ടോർച്ചുണ്ടായിട്ടും അത്യാവശ്യസമയത്തു മാത്രമേ അയാൾ അത് ഉപയോഗിച്ചുള്ളൂ. താനും അവളും കണ്ടുമുട്ടിയ കമ്പളക്കാളകൾ കുതിച്ചുപാഞ്ഞ ആ വൈകുന്നേരം കഴിഞ്ഞ് എത്ര രാത്രികൾ കടന്നുപോയെന്നോർത്തപ്പോൾ ജീവിതത്തിൽ അന്നുവരെ തോന്നാത്ത ആ വികാരമാണോ പ്രണയം എന്ന് ആദ്യമായി അയാൾ സംശയിച്ചു. ഓരോ തവണയും ഒട്ടും മടുക്കാതെ ആദ്യമായി കണ്ടുമുട്ടുകയാണെന്ന തോന്നലുണ്ടാക്കുന്ന ആ സ്ത്രീയെ കല്ല്യാണം കഴിച്ച് കൂടെ ജീവിക്കാൻ ഇരുട്ട് നടപ്പിനിടയിൽ സോമപ്പനായിക്ക് തീരുമാനിച്ചു. ഉറങ്ങാതെ കാട് പല ശബ്ദങ്ങളുണ്ടാക്കി. ദൂരെ എവിടെയോ ഒരു മൂങ്ങയുടെ മൂളൽ അയാൾ വ്യക്തമായി കേട്ടു.
പെട്ടെന്ന് കണ്ണുകൾ തുളയ്ക്കുന്ന ഒരു വെളിച്ചം അയാളെ തടഞ്ഞുനിർത്തി.
'ഏത് സൂളേ മോന്ടാ മോത്തേക്ക് ടോർച്ചടിക്ക്ന്ന്'.
അരയിലെ കൈത്തോക്കെടുക്കാൻ ശ്രമിക്കുന്നതിനൊപ്പം അയാൾ അലറി. തോക്ക് കൈയിലാകും മുൻപ് പിന്നിലൂടെ ആരോ അയാളുടെ രണ്ടു കൈകളും ചേർത്ത് നിർത്തി. കുതറാൻ ശ്രമിച്ചപ്പോൾ പിടിച്ച കൈയുടെ ബലം സോമപ്പനായിക്ക് അറിഞ്ഞു. അതിനിടയിൽ തോക്ക് അറയിൽനിന്നും മറ്റൊരു കൈ തപ്പിയെടുത്തു. ദേഷ്യത്തിൽ തെറി വിളിക്കുകയും ആക്രോശിക്കുകയും ചെയ്യുന്നതിനിടെ മുഖമടച്ച് കിട്ടിയ അടിയിൽ അയാൾ നിലംപറ്റി, തനിക്കും ശേഖരനും ശത്രുക്കൾ ഒരുപാട് ഉണ്ടെങ്കിലും ആരും അറിയാത്ത തന്റെ രാത്രിസഞ്ചാരത്തിനിടെ ഇങ്ങനെ ഒരു പ്രതികാരത്തിന് മുതിരാൻ മാത്രം ധൈര്യമുള്ളവർ ആരാണെന്ന് മനസ്സിലാകാതെ ഇരുട്ടിലേക്ക് നോക്കി തെറിവിളിച്ചുകൊണ്ടിരുന്ന അയാളെ സ്തബ്ധനാക്കിക്കൊണ്ട് ടോർച്ചുവെളിച്ചത്തിന്റെ വട്ടത്തിൽ കാന്തയുടെ മുഖം തെളിഞ്ഞു. പിന്നെ മാധവന്റെ, മാലിംഗന്റെ അങ്ങനെ ഓരോന്നായി ശത്രുക്കളുടെ മുഖം അയാൾ കണ്ടു.
അതിലൊരു ടോർച്ചുവെട്ടം പതിയെ സോമപ്പനായിക്കിന്റെ തലയിലൂടെ താഴേക്ക് പോയി. അത് കൃത്യം തുടകൾക്കു നടുവിലെത്തിയപ്പോൾ ഇരുട്ടിനെ നടുക്കി ആദ്യ വെടി പൊട്ടി. നിലവിളിയോടെ തുടകൾക്കിടയിൽനിന്നും ചോരചീറ്റി വീണുകിടക്കുന്ന സോമപ്പന്റെ മുഖത്തിനടുത്ത് ചെന്ന് ടോർച്ചടിച്ച് താനാരാണെന്ന് ഒന്നുകൂടി കാണിച്ചുകൊടുത്തശേഷം അട്ടഹസിച്ചുകൊണ്ട് ഉണ്ടതീരും വരെ കാന്ത വെടിപൊട്ടിച്ചു. ഒരു ഉച്ചയ്ക്ക് ശേഖരന്റെ കൂടെ പാർവ്വതി കുളിക്കുന്നതു കാണാൻ പോയതു മുതലുള്ള കാര്യങ്ങൾ മനസ്സിലൂടെ പാഞ്ഞുപോകുന്നതായും തന്നെ കാത്തിരിക്കുന്ന സ്ത്രീയോടൊപ്പം രതിചെയ്യുന്നതായും തനിക്ക് സ്ഖലനം സംഭവിക്കുന്നതായും മരണത്തിനു തൊട്ടുമുൻപ് സോമപ്പനായിക്കിന് തോന്നി. വൈകിയുദിക്കുന്ന ചന്ദ്രനെയും കാത്ത് അവൾ വീട്ടുമുറ്റത്ത് മണ്ണെണ്ണ വിളക്കുമായി ഇരിക്കുകയാകും എന്നോർത്തപ്പോൾ താൻ മരിച്ചുപോകുന്നെന്ന വേദന അയാൾ അറിഞ്ഞു'.
കാടിനെയും പുഴയെയും ഇരുട്ടിനെയും കാറ്റിനെയും സാക്ഷിനിർത്തി ശേഖരൻ മാധവന്റെ വലംകൈ അറുത്തെടുത്തു-മാലിംഗനെ കൊന്നു:
'പട്ടേലർക്ക് അവസാനമായി സ്വപ്നസ്ഖലനമുണ്ടായിടത്ത് അയാളെ ജീവിതാവസാനം വരെ കൊതിപ്പിച്ച സ്ത്രീയുടെ മകളെ ഓർത്ത് മാലിംഗൻ നിന്നു. മാനിനെ കിട്ടാത്തതിൽ നിരാശ തോന്നി എങ്കിലും പാർവ്വതിയുടെ ശരീരത്തിന്റെ ഓർമ്മ മഴത്തണുപ്പിലും തന്നെ ചൂടുപിടിപ്പിക്കുകയും ചലനമുണ്ടാക്കുകയും ചെയ്യുന്നു എന്ന് അയാൾ തിരിച്ചറിഞ്ഞു. അപ്പോൾ അയാൾക്ക് അവളെ കാണാനുള്ള അടക്കാനാവാത്ത വെമ്പൽ ഉണ്ടായി. രതി അയാളിലെ ഭയത്തെ ഉരിഞ്ഞുകളഞ്ഞു. തോക്കിൽ മരുന്നു കുത്താൻ പിടിപ്പിച്ച കത്തിയെടുത്ത് ഉറപ്പുള്ള ഒരു മരക്കൊമ്പ് വെട്ടി കൂർപ്പിച്ച് അയാൾ തോട്ടിലേക്ക് നടന്നു. കലങ്ങുന്ന ഒഴുക്കുണ്ടായിട്ടും തോടിനു മുകളിലെ നഗ്നയാകാശത്ത് ഇരുട്ടിനിടയിൽ ബാക്കിനിൽക്കുന്ന വെളിച്ചത്തിൽ മീനുകളുടെ വെള്ളവയർ തിളങ്ങി. മൂന്നെണ്ണത്തിനെ കുത്തിയെടുത്താൽ മതി അഞ്ചുപേർക്കുള്ള തീറ്റയ്ക്കുണ്ടെന്ന് മാലിംഗൻ മനസ്സിൽ പറഞ്ഞു. മീനുകളെ കാട്ടുവള്ളികൾകൊണ്ട് ചെകിളവഴി കെട്ടിയെടുക്കുമ്പോൾ അവ പന്നികളുടെ ഊക്കിൽ പിടഞ്ഞു. മാലിംഗൻ തോടിന്റെ കര പിടിച്ച് കരിമ്പുനത്തേക്ക് നടന്നു.
കരിമ്പുനം കുന്നിനടുത്തെത്തയപ്പോൾ ഇരുട്ടിൽ ആരോ തന്നെ പിൻതുടരുന്നുണ്ടെന്ന് അവനു തോന്നി. അതുവരെ പാർവ്വതിയുമായുള്ള ആദ്യ അനുഭവത്തിന്റെ ഓർമ്മയുടെ മായാലോകത്തിലൂടെ, ആ പഴയ ദിവസം സത്യമായിരുന്നോ എന്നും താൻ ആദ്യമായി ശരീരം ചേർത്ത സ്ത്രീ യഥാർത്ഥത്തിൽ ഉള്ളതാണോ എന്നും സംശയിച്ച് നടക്കുകയായിരുന്നു അവൻ. ദൂരെ പാർവ്വതിയുടെ വീട്ടിലെ വെളിച്ചം അവൻ തിരിച്ചറിഞ്ഞു. മഴ പതിയെ പെയ്യാൻ തുടങ്ങിയതും അവൻ വിചാരങ്ങളിൽനിന്നും പുറത്തുവന്നു. പെട്ടെന്ന് പിന്നിൽ ആരോ ഉണ്ടെന്ന തന്റെ തോന്നൽ ശരിയാണെന്ന് ഉറപ്പിച്ച് തോളിൽ തൂക്കിയ തോക്ക് മുറുകെ പിടിച്ച് അവൻ നിന്നു. വളരെ അടുത്തുള്ളതു മാത്രം കാണാവുന്നത്രയേ ഇരുട്ടിൽ ഇപ്പോൾ കണ്ണുപിടിക്കുന്നുള്ളൂ. എന്തോ നടക്കാൻ പോകുന്നു എന്നു തോന്നിപ്പിക്കുന്ന നിശ്ശബ്ദതയിൽ ഒരു മരംപോലെ അവൻ കാത്തുനിന്നു. നിമിഷങ്ങൾ ഒന്നും സംഭവിക്കാതെ കടന്നുപോയി. തന്റെ തോന്നലിനെ തെറി പറഞ്ഞ് അവൻ പരിസരങ്ങൾ നിരീക്ഷിച്ച് പതിയെ നടന്നു. മഴക്കാലം പടർത്തിയ പൊന്തകളിൽ തട്ടിയപ്പോൾ ഉലഞ്ഞു വെള്ളം തെറിച്ചു. പാറമുള്ളുകൾകൊണ്ട് കാലുകളിൽ പോറിയത് അവൻ അറിഞ്ഞതേ ഇല്ല. അപ്പോൾ ശക്തിയോടെ വെളിച്ചം അവന്റെ കണ്ണുകളിൽ വന്നു തുളച്ചു. മിന്നലേറ്റതുപോലെ അവൻ തരിച്ചുനിന്നു.
'അണ്ണാ..... മാലിംഗനാന്ന് വിടറ്'.
ഇരുട്ടിൽനിന്നും വന്ന ആക്രോശത്തിനു നേർക്ക് മീൻകോപ്പ വലിച്ചെറിഞ്ഞ് മാലിംഗൻ വെളിച്ചം വന്നയിടത്തേക്ക് ആദ്യത്തെ വെടിപൊട്ടിച്ചു. അതിന്റെ അങ്കലാപ്പിൽ എതിരാളികൾ ചിതറുന്നതിനടയിൽ ജീവനും കൊയിൽ പിടിച്ച് അവൻ തിരിഞ്ഞോടാൻ തുടങ്ങി. വരുമ്പോൾ ഇല്ലാത്ത പലതും ഇപ്പോൾ വഴിയിൽ മുളച്ചുവന്നിട്ടുണ്ടെന്ന് തട്ടി വീണിടത്തുനിന്നും എഴുന്നേറ്റ് ഓടുമ്പോൾ അവനു തോന്നി. ദൂരെ വെളിച്ചങ്ങൾ തനിക്കു പിറകെ വരുന്നത് കണ്ട് അവൻ പൊന്തകൾ വകഞ്ഞുമാറ്റിയും കല്ലുകളിൽ തടഞ്ഞും അന്ധനെപ്പോലെ പാഞ്ഞുകൊണ്ടിരുന്നു. ശത്രുക്കളെക്കാൾ താൻ മുന്നിലായിരിക്കുന്നു എന്ന് കണ്ണാടിത്തോടിന്റെ ശബ്ദം കേട്ടപ്പോൾ അവനു മനസ്സിലായി. വനാന്തരത്തെ രാത്രി കട്ടികൂടിയ ആയിരം കമ്പിളികൾകൊണ്ട് മൂടി എല്ലാം മറച്ചുനിന്നു. തോടിനു മുകളിലെ ആകാശത്ത് കാർമേഘങ്ങൾ പെയ്യാറായി നിൽക്കുന്നത് അവൻ കണ്ടില്ല. പൊടുന്നനെ കാടിനെ മൊത്തം വിറപ്പിച്ച് മഴ പെയ്യാൻ തുടങ്ങി. ഇലകൾക്കു മുകളിൽ ജലശബ്ദം ആർത്തു. മാലിംഗൻ എന്തു ചെയ്യണം എന്നറിയാതെ ഒരു മരത്തിനു ചാരിനിന്നു. അതുവരെ ഇല്ലാത്ത ഒരു ഭയം കാടിനെ ഉലയ്ക്കുന്ന തണുത്ത കാറ്റായി തന്നെ തൊടുന്നത് മാലിംഗൻ അറിഞ്ഞു. അവൻ പതിയെ അരുവിയുടെ ശബ്ദത്തിനടുത്തേക്ക് തപ്പിനടന്നു. കരയിലെ പാറക്കല്ലുകളിൽ കാൽതട്ടിയപ്പോൾ അതിന്റെ വിളുമ്പുകളിൽ പതുങ്ങി ഇരിക്കാൻ ശ്രമിക്കവേ നല്ല മൂർച്ചയുള്ള വെളിച്ചം തന്റെ പിന്നിൽ വന്നു തൊട്ടത് തോട്ടിലേക്ക് തെളിഞ്ഞ തന്റെ നിഴലിൽനിന്നും അയാൾക്കു മനസ്സിലായി. അതിന്റെ ചിതറലിൽ ആർത്തൊഴുകുന്ന മീനുകളെ അയാൾ ഒരിക്കൽക്കൂടി കണ്ടു.
പിറകിൽ തോക്കുകൾ ഉണ്ടാകും എന്ന് തിരനിറയ്ക്കുന്ന ശബ്ദങ്ങളിൽനിന്നും മാലിംഗൻ കണക്കുകൂട്ടാൻ ശ്രമിച്ചു. വെളിച്ചമെടുക്കാൻ മറന്ന നിമിഷത്തെ ശപിച്ചുകൊണ്ട് അയാൾ തോക്ക് ശരിയാക്കി. അതാണയാളുടെ അവസാനത്തെ ഓർമ്മ. വെടിയുടെ ഊക്കിൽ തോട്ടിലേക്ക് തെറിച്ചു വീണ അയാളുടെ തലയ്ക്ക് പിന്നിലൂടെ തുളച്ചുകയറിയ വെടിയുണ്ട നെറ്റിയിലൂടെ പുറത്തു വന്നു. ആ മുറിവിൽനിന്നും ചീറ്റിയ ചോര നുരച്ചൊഴുകുന്ന തോട്ടിലൂടെ കരിമ്പുനത്തേക്ക് പടർന്നു. ഇരുട്ടായിരുന്നതിനാൽ വെടിവച്ചവർപോലും അത് കണ്ടില്ല. രക്തത്തിന്റെ രുചിയറിഞ്ഞ മീനുകൾ പതിയെ അയാളുടെ അരികിലേക്ക് നീന്തി. ഉമ്മവയ്ക്കുകയാണെന്ന പോലെ അവ ആ ശരീരം പതിയെ തിന്നാൻ തുടങ്ങി'.
ശേഖരനെ കാത്തിരുന്നതും മറ്റൊരു വിധിയായിരുന്നില്ല. സ്വന്തം ജീവൻ കയ്യിലെടുത്ത് കാട്ടിൽനിന്ന് കാട്ടിലേക്ക് പരക്കം പാഞ്ഞ ശേഖരനെ അയാൾ സ്വപ്നങ്ങളും വെറുപ്പുകളും ആവോളം കൊയ്തുകൂട്ടിയ തലച്ചോറ് ചിതറിച്ചുകൊണ്ട് തേടിവന്ന വെടിയുണ്ടകൾ നിശ്ശബ്ദനാക്കി.
'മുന്നോട്ട് നടക്കുന്തോറും താനും കൂട്ടരും പിന്നിൽ ഉപേക്ഷിച്ച കാലം അയാളിൽ വന്നുചേർന്നുകൊണ്ടിരുന്നു. പരിസരബോധമില്ലാതെ ഓർമ്മകൾ അയാളെ മുന്നോട്ട് നടത്തി. പെട്ടെന്ന് മുന്നിൽ എന്തോ ഒരനക്കം കണ്ട് അയാൾ നിന്നു. വീണുകിടക്കുന്ന ഒരു കാട്ടുമരത്തിനു ചുറ്റും തീ നിറത്തിൽ ആയിരക്കണക്കിന് പൂമ്പാറ്റകൾ. കാട്ടിൽ പലയിടത്തും ഇതുപോലുള്ള ശലഭരാജ്യങ്ങൾ കാണാറുണ്ടെങ്കിലും ഇപ്പോൾ തന്റെ മനസ്സ് മറ്റൊന്നാണെന്ന് ശേഖരൻ തിരിച്ചറിഞ്ഞു. സുന്തരമാണ് ആ കാഴ്ച എന്ന് അയാൾ സ്വയം പറഞ്ഞു. ചിത്രശലഭങ്ങൾ ധ്യാനിച്ചും ഇണചേർന്നു പാറിപ്പറന്നും കഴിയുന്ന ആ പ്രത്യേക സ്ഥലം തനിക്ക് എന്തെന്നില്ലാത്ത ശാന്തി നൽകുന്നു എന്ന് ശേഖരൻ തിരിച്ചറിഞ്ഞു. കൃഷിക്കായി പുനം കൊത്തി ചുട്ടെരിക്കാൻ കാടു കയറിയ കണ്ടനാർ കേളൻ തെയ്യത്തിന്റെ കഥയിലെ തീപിടിച്ച കാടിനെ ഓർമ്മിപ്പിക്കുന്ന ശലഭങ്ങൾ അയാളെ ഭ്രമിപ്പിച്ചു. സർപ്പദംശനമേറ്റ് തീയിൽ വെന്ത് വെണ്ണീരിൽ കിടന്ന കേളനെ വയനാട്ട്കുലവൻ തെയ്യം ദൈവക്കരുവായി ഉയിർപ്പിച്ചതുപോലെ സോമപ്പനായിക്കിന്റെ ജീവൻ രക്ഷിക്കാൻ തനിക്ക് കഴിഞ്ഞില്ലല്ലോ എന്ന് അയാൾക്ക് കുറ്റബോധം ഉണ്ടായി.
താൻ ചെയ്തുകൂട്ടിയവയൊക്കെ തന്റെ നിയോഗമായിരുന്നു. കരിമ്പുനത്തുനിന്നും തുടങ്ങുന്ന കാടിന് ഒരു അധിപൻ വേണമായിരുന്നു. പ്രകൃതി കണ്ടെത്തിയ ആ ഒരാൾ താനാണെന്ന് അയാൾ എന്നും അഹങ്കരിച്ചു. ഈ കാട് ഇപ്പോഴും തന്റേതെന്ന് മനസ്സിൽ പറഞ്ഞപ്പോൾ അയാളുടെ ചുണ്ടിൽ ചെറുപുഞ്ചിരി വിടർന്നു. മുന്നിൽ വീണുകിടക്കുന്ന ഒരു വലിയ മരത്തടിയിലേക്ക് അയാൾ ഒരു രാജാവിനെപ്പോലെ കയറിനിന്നു. മരമിളകിയപ്പോൾ അയാൾക്കു ചുറ്റും ശലഭങ്ങൾ ഉയർന്നുപൊങ്ങി. അപ്പോൾ ആ സ്ഥലം ഏതെന്ന് അത്യന്തം അത്ഭുതത്തോടെ അയാൾക്ക് മനസ്സിലായി. ഏകദേശം ഇരുപത് വർഷങ്ങൾക്കു മുൻപ് താനും സോമപ്പനും വെടികൊണ്ട പന്നിയെപ്പോലെ മുക്രയിട്ടും അണച്ചും ഓടിയെത്തിയ അങ്കരക്കാട്! അന്നത്തെ ഭ്രമാത്മകരാത്രിയെ അനുകരിച്ച് അവിടെ നിറഞ്ഞ പൂമ്പാറ്റകളെ അയാൾ കൗതുകത്തോടെ നോക്കി. അവയുടെ ഉയർന്നുപൊങ്ങലിലേക്ക് നോക്കിയപ്പോൾ മുകളിലെ മരക്കൊമ്പിൽനിന്നും താഴേക്ക് തൂക്കിയിട്ട നിലയിൽ ഒരു മോട്ടോർ സൈക്കിളിന്റെ തുരുമ്പിച്ച അസ്ഥികൂടം അയാളെ സ്തബ്ധനാക്കി. ചക്രങ്ങളുടെ സ്ഥാനത്ത് ദ്രവിച്ച ഈർക്കിലികൾക്ക് സമാനമായ കമ്പികൾ എഴുന്നുനിന്നു. ഭയത്തിന്റെ മിന്നൽപ്പിണർ കാലുകളിൽ നിന്നും തലയിലേക്ക് കയറിപ്പോയത് അയാൾ അറിഞ്ഞു. പിറകിൽ കരിയിലകൾ അനങ്ങുന്നു. ഗൗഡ തന്നെ തിരഞ്ഞ് വരുന്നതായിരിക്കുമോ, അതോ തന്നെ ഇത്രയും കാലം കെണിവച്ച് കാത്തിരിക്കുന്ന ശത്രുവോ? തോക്ക് എടുക്കാൻ തോന്നുന്നതിനും മുൻപ് പൂമ്പാറ്റകലെ ഒന്നാകെ മുകളിലേക്കുയർത്തി ശേഖരൻ നിലം പതിച്ചു. വീണുകിടക്കുമ്പോൾ അയാൾക്ക് മതിഭ്രമങ്ങളുടെ ആ പഴയ രാത്രിയിൽ തീക്കുണ്ഡത്തിനരികെ ഇരുന്ന വൃദ്ധൻ പറഞ്ഞ വാക്കുകൾ ഓർമ്മ വന്നു.
'ഒര ഇയ്യി ഇൻചി ബല്ല. നീ ഇവിടെ വരും, ഒരിക്കൽക്കൂടി വരും'.
പിന്നിൽനിന്നും തുളച്ചുകയറിയ കൂർത്ത ആയുധം നെഞ്ചുവരെ എത്തിയത് അയാൾ വേദനയോടെ കണ്ടു. അത് എന്തെന്നറിയാൻ ശ്രമിച്ചുകൊണ്ടിരിക്കെ അയാളുടെ തലതകർത്ത് ഒന്നിനു പിറകേ ഒന്നായി വെടിയുണ്ടകൾ പാഞ്ഞുവന്നു. തന്നെ തീർത്തവൻ ആരെന്നറിയാനുള്ള ആഗ്രഹംകൊണ്ട് ചാകാതിരിക്കാൻ പരമാവധി ശ്രമിച്ചെങ്കിലും മുന്നിൽ വന്നുനിൽക്കുന്ന നിഴൽരൂപമേതെന്ന് മനസ്സിലാക്കാനാവാതെ ശേഖരൻ കണ്ണുകൾ അടച്ചു. സ്വൈരവിഹാരം തടസ്സപ്പെട്ട പൂമ്പാറ്റകൾ ഒറ്റക്കോലത്തിന്റെ മേലേരിയിലെ തീപ്പൊരികളെ ഓർമ്മിപ്പിച്ച് മുകളിലേക്കുയർന്നു. ഭൂമി ശാന്തമായപ്പോൾ അവ പതിയെ താഴേക്ക് വരാൻ തുടങ്ങി. മരമെന്നു കരുതി ശലഭങ്ങൾ ശേഖരന്റെ ചലനമറ്റ ശരീരത്തിനെ പതിയെ മൂടാൻ തുടങ്ങി'.
പകയും കാമവും രക്തവും മാംസവും പോലെ അഭേദ്യമായി രൂപംകൊടുക്കുന്ന കാമനകളുടെ ചരിത്രജീവിതമാണ് 'പൊന'ത്തിന്റെ അനുപമമായ ഭാവതലങ്ങളിലൊന്ന്. നോവലിന്റെ ആദ്യഖണ്ഡിക മുതൽ അവസാന ഖണ്ഡികവരെ പകയുടെ സങ്കീർത്തനവാക്യങ്ങൾ കൊണ്ടാണെഴുതപ്പെട്ടിരിക്കുന്നത്. വാറ്റെന്നപോലെ ഒറ്റും ആണിനു തീറെഴുതിക്കൊടുത്തിട്ടില്ല 'പൊനം'. മിക്ക ഒറ്റുകാരും പെണ്ണുങ്ങളാണ്. മുഴുവൻ വാറ്റുകാരും. ഒരു കണ്ണിൽ പകയും മറുകണ്ണിൽ കാമവുമായി അവർ കരിമ്പുനത്തെ ഹിംസകളിൽനിന്ന് ഹിംസകളിലേക്ക് കൈപിടിച്ചു നയിച്ചു. രക്തദാഹം മാത്രമല്ല മാംസദാഹവും മലവെള്ളംപോലെ കരിമ്പുനത്ത് കുത്തിപ്പാഞ്ഞു. രതിയുടെ മൃഗയകളായാണ് നോവലിൽ മിക്ക സ്ത്രീപുരുഷബന്ധങ്ങളും വിവരിക്കപ്പെടുന്നത്. മർത്യകാമനകളുടെ ആദിപർവങ്ങൾ പോലെ അവ സർപ്പസൗന്ദര്യങ്ങളിൽ പത്തിവിടർത്തിയാടി.
'മലർന്നു നീന്തിക്കൊണ്ടിരിക്കെ തല ഉയർത്തി വായിലെ വെള്ളം മുകളിലേക്ക് പ്രത്യേക രീതിയിൽ തുപ്പിക്കൊണ്ട് അവൾ പൊന്തയ്ക്കു നേരേ വാ എന്ന് കൈ ഉയർത്തി. അപ്പോൾ പതിയെ കുറ്റിക്കാടുകൾ ഇളകി. ആർത്തിയുള്ള കണ്ണുകളിൽ അമ്പരപ്പോടെ ശേഖരൻ പുഴയിലേക്ക് ഇറങ്ങി. തുണി പറിച്ചെറിഞ്ഞ് കരയിലേക്ക് വീണ വരാലിന്റെ ശ്വാസംമുട്ടലോടെ അവൻ ഒഴുക്കിലേക്ക് കുതിച്ചു. അവൻ പിറകേ വരുന്നത് ആസ്വദിച്ച് അവനോട് മത്സരിക്കാനുറച്ച് പരമാവധി വേഗത്തിൽ അവൾ അക്കരയ്ക്ക് നീന്തി. കാടിന്റെ ശബ്ദം അവൾക്കടുത്തായി. ആൾപ്പെരുമാറ്റം ഇല്ലാത്ത കാടാണ് മറുകര. കരയിലേക്ക് കയറാതെ സാമാന്യം വലിപ്പമുള്ള ഒരു വേരിൽ പിടിച്ച് അവൾ നിന്നു. ശേഖരൻ നീന്തി എത്തുമ്പോഴേക്കും വിരിഞ്ഞു പടർന്ന വേരിനു മുകളിലേക്ക് അവൾ കയറി. അവൻ ആവേശത്തോടെ അതിനടുത്തേക്ക് തുഴഞ്ഞപ്പോൾ അവൾ കൈകൾ വിടർത്തി ഒരു പൊന്മാനിനെപ്പോലെ ആഴത്തിലേക്ക് കുതിച്ചു. അവളുടെ നിറഞ്ഞ ഉറച്ച മുലകൾ വെള്ളത്തെ ചിതറിക്കുന്നത് അവൻ കാലുകൾകൊണ്ട് തുഴഞ്ഞു നിൽക്കുമ്പോൾ കണ്ടു. മറുഭാഗത്ത് അവർ ഇറങ്ങിയതിന് കുറച്ചു കിഴക്കുമാറി പുഴയിൽ അവിടവിടായി ചിതറിക്കിടക്കുന്ന മിനുസമുള്ള പാറകളിലൂടെ അവൾ വെഷെറെങ്ങിക്കയത്തിലേക്ക് നീന്തിക്കയറി.
പിറകേ വരുന്ന അവന്റെ ആവേശം അവൾ ആസ്വദിച്ചു. ഓരോ പ്രാവശ്യവും അവൾ വെള്ളത്തിനു മുകളിൽ വന്നപ്പോൾ ആ ചില്ലുമേനിയിൽ മദ്ധ്യാഹ്നവെയിൽ തട്ടി ചിതറുന്നത് കണ്ട് തന്റെ ശ്വാസം നിലയ്ക്കുമോ എന്ന് ശേഖരൻ പേടിച്ചു. അവൾക്കു പിറകേ കരയിലേക്ക് കയറുമ്പോൾ ജീവിതത്തിൽ അന്നോളം കണ്ടിട്ടുള്ളതിൽവച്ച് ഏറ്റവും സുന്ദരമായ കാഴ്ച അവൻ കണ്ടു. പുഴക്കരയാകെ തണൽ വിരിച്ച് പൂത്തുനിൽക്കുന്ന വലിയ ഇലഞ്ഞിമരത്തിനു കീഴിൽ പൂക്കൾ പൊഴിഞ്ഞ് മദിപ്പിക്കുന്ന ഗന്ധം പുറപ്പെടുന്ന നനുത്ത പുൽത്തകിടിയിൽ പാർവ്വതി കിടക്കുന്നു. പുലരിയിലും സന്ധ്യയിലും മദദന്തേശ്വരക്ഷേത്രത്തിലെ പൂജാരിയായ തന്ത്രി കുളിക്കുന്ന ആ കടവിൽ പുറത്തുനിന്നുള്ള ആരും വരില്ലായിരുന്നു. ഇടതുകാൽ വലതിനു മുകളിൽവച്ച് കൈകൊണ്ട് മുഖം മറച്ച് അവൾ അവനെയും കാത്ത് ഇലഞ്ഞിമണത്തിൽ വിശ്രമിച്ചു. ആവേശം മൂത്ത് ധൃതിയിൽ അവൻ കുതിച്ചു വന്ന് അവളുടെ മുലകളിൽ ഞെരടി.
ഹൗ. ഞാനെന്താ മരാ?
അവൾ പുളഞ്ഞു. ഒന്നു പരുങ്ങിയ അവന്റെ കൈ പതിയെ അവിടേക്ക് കൊണ്ടുപോയി സ്ത്രീയെ തൊടേണ്ടതെങ്ങനെ എന്ന് പഠിപ്പിച്ചു. പലയിടത്തും ധൃതി കൂട്ടിയ അവനെ നിയന്ത്രിച്ചു. അവൾ അവനു മുകളിലായിരുന്നപ്പോൾ കാറ്റിന്റെ ഉലച്ചിലിൽ അവരുടെ മേൽ പൂമഴ പെയ്തു. അക്കരെനിന്നും ഒരു മാൻ കുരയ്ക്കുന്ന ശബ്ദം ഇടയ്ക്കു കേട്ടു. നാലുകാലിലുള്ള അവളിലേക്ക് പിറകിലൂടെ കുതിക്കുമ്പോൾ മാനിനെ ഒരു കുറുക്കൻ ഓടിക്കുന്നതും അത് തിരിഞ്ഞുനിന്ന് മുക്രയിടുന്നതും അവൻ കണ്ടു. സുഭഗയായ അവളിലേക്ക് സ്വയം ഒഴിഞ്ഞ് തളർന്നുവീഴുമ്പോൾ അവർ രണ്ടു വന്യമൃഗങ്ങളായി മുക്രയിട്ടു. അത് ഒടുങ്ങി രണ്ടുപേരും പരസ്പരം വേർപെടുമ്പോഴാണ് ഇലഞ്ഞിമരത്തിൽനിന്നും ഇഴഞ്ഞുനീങ്ങുന്ന കരിമൂർഖനെ അവൻ കാണുന്നത്. ഒന്ന് ഞെട്ടിയെങ്കിലും പേടിയൊന്നുമില്ലാതെ അവൻ അതിനെ നോക്കി. മരത്തിലേക്ക് കയറിപ്പോകുന്ന അതിനെ പാർവ്വതിക്ക് പരിചയം ഉണ്ട്. സാധാരണ കാണുന്ന മൂർഖനെക്കാൾ വലിപ്പവും നീളവുമുള്ള അതിന്റെ വംശത്തിൽപെട്ട ഒരു പാമ്പാണ് അവർ ഇരിക്കുന്നിടത്തുനിന്നും പുഴയിലേക്കിറങ്ങുന്ന കടവിന് വെഷെറങ്ങിക്കയം എന്നു പേരു കൊടുത്തത്. ആ കഥ അവനെ നെഞ്ചിൽ കിടത്തി പാർവ്വതി പറയാൻ തുടങ്ങി'.
മറ്റൊന്ന് വായിക്കൂ:
'മാല്യപ്പള്ളം നിറയെ മരങ്ങളാണ്. മഴക്കാലത്തും അതിനുശേഷം വൃശ്ചികം വരെയും വെള്ളം കെട്ടിനിൽക്കുന്ന ചെറിയ പള്ളങ്ങളുടെ ചുറ്റും കാട്ടത്തിയും ഇലഞ്ഞിയും മരോട്ടിയും വെണ്ടേക്കും കരിവീട്ടിയും വേങ്ങയും കദംബവുമൊക്കെ പണ്ട് അവിടെ ഉണ്ടായിരുന്ന വനത്തിന്റെ ഓർമ്മയിൽ അന്നത്തെക്കാളും ശുഷ്‌കമായ മഴയും കൊടും വെയിലും പേരിനു മാത്രമുള്ള മഞ്ഞും ഇരുട്ടും കൊണ്ട് നിൽക്കുന്നു. ഇലഞ്ഞിമണം മൂക്കു തുളച്ചപ്പോൾ ശാന്തേച്ചിക്ക് കുപ്പായപ്പെട്ടിയിൽ ഇടാൻ കുറച്ച് പെറുക്കി എടുക്കാൻ തീരുമാനിച്ച് അവൻ സുഗന്ധത്തിനു നേരേ നടന്നു. തൊട്ടടുത്തെവിടെയോ രണ്ടു പാമ്പുകൾ ഇണചേരുന്നുണ്ടെന്ന് ഇലഞ്ഞിമരത്തിന് അടുത്തെത്തിയപ്പോൾ അവനു തോന്നി. ശീൽക്കാരം ഉയർന്നുകേൾക്കുന്നുണ്ട്. കരിമ്പുനത്ത് പാമ്പുകൾ അനവധിയാണ്. ചേരയും നിർക്കോലിയും പച്ചിലപ്പാമ്പും മുതൽ വെള്ളിക്കെട്ടനും രക്തമണ്ഡലിയും പത്തിയിൽ ചിത്രപ്പണികളുള്ള സാക്ഷാൽ മൂർഖനും കരിമൂർഖനും പെരുമ്പാമ്പും കുടകുമലയിൽനിന്നും മലവെള്ളത്തിനൊപ്പം ഒഴുകിയെത്തുന്ന രാജവെമ്പാലയും അതിൽപെടും. ഇണയുമായി ചേരുന്ന സമയങ്ങളിൽ അവ ആരെയും കൂസാതെ വഴികളിലും വെളിമ്പ്രദേശങ്ങലിലും വളഞ്ഞും പുളഞ്ഞും ഉയർന്നുപൊങ്ങിയും പ്രണയനൃത്തമായി. അവയുടെ സുരതം തടസ്സപ്പെടുത്തുന്ന മനുഷ്യർക്ക് ആപത്തുകൾ വരുമെന്ന് കരിമ്പുനക്കാർ വിശ്വസിച്ചു. വിറകിനായി കാടുകേറവേ മൂർഖൻ ഇണചേരുന്നത് കമ്ട ഉണ്ണിച്ചി എന്ന സ്ത്രീയുടെ സംസാരശേഷി നഷ്ടപ്പെട്ടുപോയ കഥ ഓർത്തെങ്കിലും മനുഷ്യന് ഏറ്റവും ആകാംക്ഷയുള്ള ആ സംഗതി കാണാൻ അവൻ ഇലഞ്ഞിമരത്തിനു മറവിലേക്ക് നിന്നു.
കഥകളിൽ കേട്ടിട്ടുള്ള മിണ്ടാനും മനുഷ്യരായി വേഷം മാറാനും കഴിവുള്ള നാഗങ്ങളാണതെന്നാണ് മാലിംഗൻ കരുതിയത്. ഉയർന്നുപൊങ്ങുന്ന പെണ്ണിനെ തന്റെ തുടകളിലിരുത്തി സീൽക്കാര ശബ്ദത്തിൽ മുകളിലേക്ക് തുള്ളുന്നത് പാമ്പുകളുടെ രീതിയാണെന്ന് അവൻ ഉറപ്പിച്ചു. പക്ഷേ, കുറച്ചു സമയം എടുത്തെങ്കിലും അത് പാർവ്വതിയാണെന്ന് അവൻ തിരിച്ചറിഞ്ഞു. അവളുടെ സർപ്പശരീരം അവനിൽ വിഷം നിറച്ചു. അവൾക്കു കീഴിൽ കിടക്കുന്ന പുരുഷനെ കൊല്ലാനുള്ള പക എന്തിനെന്നറിയാതെ അവനിൽ ഉണ്ടായി. കരിമ്പുനത്ത് ഉടനീളം അലയുന്ന പട്ടികളും വീടിനു ചുറ്റുമുള്ള പൂച്ചകളും കോഴികളും ഇണചേരുന്നത് അവൻ കണ്ടിട്ടുണ്ട്. മനുഷ്യരിലും പെണ്ണിനുമേൽ ആണ് അധികാരം നേടുമെന്നാണ് അവൻ കരുതിയിരുന്നത്. പക്ഷേ, മക്കട്ടി തോടിന്റെ ജലസംഗീതത്തിന്റെ പശ്ചാത്തലത്തിൽ തനിക്ക് അഭിമുഖമായി ഇളകുന്ന ഉറച്ചമുലകളും കഠിനമായി ജോലി ചെയ്യുമ്പോൾ അവനും കൂട്ടുകാരും ഉണ്ടാക്കുന്നതിനെക്കാൾ ഉച്ചത്തിലുള്ള കിതപ്പിലെ ആത്മാർത്ഥതയും അവൻ കണ്ടു. അവളുടെ കണ്ണുകൾ പാതികൂമ്പി അടയുന്നതും പല്ലുകൾ ചുണ്ടുകളെ അമർത്തുന്നതും താഴെ അവൾ കൊല്ലുന്നതുകൊണ്ട് തേങ്ങിക്കരയുകയാണെന്ന് തോന്നുന്ന തരത്തിൽ ശബ്ദമുണ്ടാക്കുന്നവന്റെ കഴുത്തിൽ അവൾ ഇടയ്ക്കിടെ ഉമ്മവയ്ക്കുന്നതും അവൻ അത്ഭുതത്തോടെ നോക്കിനിന്നു.
കുതിരപ്പുറത്തേറി കുതിച്ചശേഷം പെട്ടെന്നിറങ്ങി അവൽ ഒരു പേടമാനായി രൂപം മാറി നാലുകാലിൽ നിന്നിളകി. ആൺമൃഗത്തിന്റെ കുറുകലോടെ അവൻ അവളുടെ പിന്നിലേക്ക് ചേർന്നു. മരങ്ങളിൽ ചിലച്ചുകൊണ്ടിരുന്ന പക്ഷികളെ കൂട്ടത്തോടെ ഭയപ്പെടുത്തി പറത്തിവിട്ടുകൊണ്ട് ഒരലർച്ച പുറപ്പെടുവിച്ച് അവൾ അവനുവേണ്ടി മലർന്നുവീഴുംവരെ അവരാ മൃഗരതി തുടർന്നു. അവളിലേക്ക് പൊട്ടിയൊലിച്ച് നിസ്സഹായനായി അലറുന്ന പുരുഷന്റെ ശബ്ദവും ഉയർന്നുകേട്ട ശേഷം മനുഷ്യരുണ്ടാകുന്നതിനു മുൻപുള്ള ശബ്ദങ്ങൾ മാത്രമായി ആ സ്ഥലം നഷ്ടപ്പെട്ടു കിടന്നു. പക്ഷികൾ പതിയെ മരങ്ങളിലേക്ക് തിരിച്ചുവന്നുകൊണ്ടിരുന്നു. അപ്പോൾ നേരത്തേതിലും അധികമായി ഇലഞ്ഞിപ്പൂമണം അവിടമാകെ പരക്കുന്നെന്ന് മാലിംഗൻ അറിഞ്ഞു'.
ആദ്യത്തെ പെണ്ണായ ഉച്ചിരി മുതൽ അവസാനത്തെ പെണ്ണായ രമ്യ വരെയുള്ളവർ ആണിന്റെ നിഷ്ഠൂരമായ ആർത്തികൾക്കും വേട്ടകൾക്കും ഇരയാവുകയായിരുന്നു. കിട്ടിയ സാഹചര്യങ്ങളിൽ അവരും വേട്ടക്കാരായി മാറി. കരിമ്പുനത്തെ ആണുങ്ങൾ ഭാര്യമാരെ വെറുതെ കിടത്തി ഈ വേശ്യകളെ പ്രണയിച്ചും പ്രാപിച്ചും കൊണ്ടേയിരുന്നു. നോവലിൽ ആദ്യവസാനം ഈവിധം പകയും കാമവും കൊണ്ടു നിർമ്മിച്ച കാമനാചരിതത്തെ കരിമ്പുനത്തിന്റെ സാമ്പത്തിക ചരിത്രത്തിനും കുറ്റകൃത്യചരിത്രത്തിനും സമാന്തരമായി ഭാവന ചെയ്യുന്നുവെന്നതാണ് 'പൊന'ത്തിന്റെ ഏറ്റവും ശ്രദ്ധേയമായ ഒരു ആഖ്യാനകലയും ഭാവതലവും.
'പൊനം', ഉത്തര മലബാറിൽ കഴിഞ്ഞ നൂറ്റാണ്ടിൽ നടന്ന മൃഗീയവും പ്രാകൃതവും വന്യവുമായ ഒരു കുടിപ്പകയുടെ കഥ മാത്രമായി അവസാനിച്ചുപോകാതിരിക്കാനുള്ള പ്രധാന കാരണം, കണ്ണൂരിലെ രാഷ്ട്രീയകൊലപാതകങ്ങളുമായി ഈ ഭാവനാചരിത്രത്തിനു കൈവന്നിട്ടുള്ള അസാധാരണമായ നരവംശശാസ്ത്രബന്ധങ്ങളാണ്. കണ്ണൂരിന്റെ രാഷ്ട്രീയ രക്തരേഖയായിത്തീരുന്നുണ്ട് കരിമ്പുനത്തെ തിയ്യന്മാരുടെ കുടിപ്പക സൃഷ്ടിച്ച ഹിംസാചരിത്രം. രക്തദാഹത്തിലും അധികാരക്കൊതിയിലും ബാക്കി മുഴുവൻ ജാതികളും അവർക്കു പിന്നിലാണ് നിലകൊള്ളുന്നത്. അമ്പൂട്ടിയും കർത്തമ്പുവും തിയ്യരാണ്. സ്വാഭാവികമായും അവരുടെ മക്കൾ ശേഖരനും ഗണേശനും മാധവനും തിയ്യരാണ്. കണ്ണൂരിലെ രാഷ്ട്രീയകൊലപാതകങ്ങളിൽ തിയ്യജാതിയിൽപെട്ടവർക്കുള്ള വർധിച്ച പങ്കും രാഷ്ട്രീയ കുടിപ്പകയുടെ രക്തപങ്കിലമായ കുതിരസ്സവാരിക്കു പിന്നിലെ പ്രത്യയശാസ്ത്രാഭാവവും കരിമ്പുനത്തിന്റെ ഭാവനാഭൂപടത്തെ കേരളരാഷ്ട്രീയത്തിന്റെ നരഹത്യാ ഭൂപടമാക്കി വ്യാപിപ്പിക്കുന്നതിൽ മൂന്നു പാർട്ടികൾക്കുമുള്ള ആവേശവും തെളിയിക്കുന്നത് മറ്റൊരു സാമൂഹ്യ-നരവംശശാസ്ത്രമല്ല. ജന്മി-കുടിയാൻ ബന്ധങ്ങളിലെ സംഘർഷങ്ങളോ ജാതികൾ തമ്മിലോ മതങ്ങൾ തമ്മിലോ ഉള്ള കലാപങ്ങളോ വർഗസമരംതന്നെയോ അല്ല കണ്ണൂർ രാഷ്ട്രീയത്തിലെ ഹിംസകൾക്കു പിന്നിലെ സാമൂഹ്യശാസ്ത്രം. അത് കുടിപ്പകയുടെയും രക്തദാഹത്തിന്റെയും കയ്യൂക്കിന്റെയും രാഷ്ട്രീയം മാത്രമാണ്. 'പൊനം' നോവലിന്റെ ഭാവതലത്തിൽ സൃഷ്ടിക്കുന്ന ഈ ഇടപെടൽ രാഷ്ട്രീയകേരളത്തിന്റെ ഭാവനാചരിത്രത്തിലേക്കുള്ള അസാധാരണമായ ഒരു വിരൽചൂണ്ടൽ കൂടിയായി മാറുന്നു എന്നർഥം.
അതുവഴി, 'പാലേരിമാണിക്യം' മുതൽ 'പുറ്റ്' വരെ, ഇരുപത്തൊന്നാം നൂറ്റാണ്ടിൽ രാഷ്ട്രീയബദ്ധമായ ചരിത്രാനുഭവങ്ങളുടെയും ഫണം നിവർത്തിയാടുന്ന ജീവിതകാമനകളുടെയും രക്തസ്നാതവും ഹിംസാത്മകവുമായ ജൈവാധികാരങ്ങളുടെയും വന്യവും ഗൂഢവുമായ അസ്തിത്വസന്ധികളുടെയും പാഠരൂപങ്ങളായി നോവലിന്റെ കലയെ മുന്നോട്ടു നയിച്ച മികച്ച മലയാളരചനകൾക്കൊപ്പം ഇടം നേടുന്നു, 'പൊനം'.
പൊനം
കെ.എൻ. പ്രശാന്ത്
ഡി.സി. ബുക്‌സ്
2022
320 രൂപ
കേരള സര്വകലാശാലയില് ഗവേഷകവിദ്യാര്ത്ഥിയായിരുന്ന കാലത്ത് കലാകൗമുദി വാരികയില് തുടര്ച്ചയായി ലേഖനങ്ങളും ഫീച്ചറുകളും എഴുതിത്തുടങ്ങി. ആനുകാലികങ്ങളിലും, പുസ്തകങ്ങളിലും, പത്രങ്ങളിലും രാഷ്ട്രീയസാംസ്കാരിക വിഷയങ്ങളെ സംബന്ധിച്ച നിരവധി ലേഖനങ്ങളും പഠനങ്ങളും എഴുതിയിട്ടുണ്ട്. അക്കാദമിക നിരൂപണരംഗത്തും മാദ്ധ്യമവിമര്ശനരംഗത്തും സജീവമായ വിവിധ വിഷയങ്ങളില് ഷാജി ജേക്കബിന്റെ നൂറുകണക്കിനു രചനകള് പുറത്തുവന്നിട്ടുണ്ട്.