'അല്ലയോ ഗാമ, നിന്നെ നാടുകടത്തിയതിനു ബദലായി നീ കണ്ടെത്തിയ നാട്ടിലേക്കുതന്നെ മഹത്തായ ബഹുമതികളോടും പ്രഭുവെന്ന സ്ഥാനത്തോടും കൂടി നീ തിരിച്ചുവരും'.

(സർഗം പത്ത്, ശ്ലോകം 53)

ജയിംസ് ജോയ്‌സ് പറയുന്നതുപോലെ, പ്രാചീന കാലത്തിന്റെ അന്ത്യവും ആധുനിക കാലത്തിന്റെ ഉദയവും കപ്പൽച്ചേതങ്ങളായനുഭവിച്ച യൂറോപ്പിന്റെ സാംസ്‌കാരിക ചരിത്രരേഖകളാണ് ഷേക്‌സ്പിയറുടെ 'ടെംപസ്റ്റും' ഡാനിയൽ ഡീഫോയുടെ 'റോബിൻ സാൻക്രൂസോ'യുമൊക്കെ. മഹാസമുദ്രസഞ്ചാരങ്ങളിലൂടെ കൊളോണിയലിസത്തിന്റെ പിതാമഹന്മാരിൽ ഏറ്റവും പ്രസിദ്ധനായിത്തീർന്ന വാസ്‌കോഡഗാമയുടെയും അന്നത്തെ യൂറോപ്പിലെ ഏറ്റവും കരുത്തുറ്റ രാജ്യമായിരുന്ന പോർച്ചുഗലിന്റെയും ഭൂഖണ്ഡാന്തര അധിനിവേശത്തിന്റെ ചരിത്രമായി 1572-ൽ എഴുതപ്പെട്ട മഹാകാവ്യമാണ് ലൂയിസ് റാഷ്ദ് കമോയിങ്ഷിന്റെ (de Luis de Camoes), 'ലൂസിയാദുകളുടെ ഇതിഹാസം' (Os Lvsiadas). ലൂസിയാദ് എന്നാൽ പോർച്ചുഗൽ ജനത എന്നർഥം. പോർച്ചുഗലിന്റെ ദേശീയേതിഹാസമാണ് എണ്ണായിരത്തി എണ്ണൂറ്റി പതിനാറു വരികളുള്ള ഈ ചരിത്ര-മഹാകാവ്യം.

ഹോമറുടെ ഒഡിസിയൂസിനെപ്പോലെ, അതിമാനുഷരായ ഇതിഹാസ നായകന്മാരുടെ സമുദ്രസഞ്ചാരങ്ങൾക്കു സമാനമാണ് ഭാവനയുടെ തലത്തിൽ ഗാമയുടേതും. പക്ഷെ, കവിതന്നെ ആവർത്തിച്ചു പറയുന്നതുപോലെ, ഒട്ടൊക്കെ 'മാനുഷിക'-മായി രചിക്കപ്പെട്ട വെർജിലിന്റെ 'ഏനിയഡി'ന്റെ മാതൃകയിൽ നവോത്ഥാനകാലം സൃഷ്ടിച്ച അപാരമായ മനുഷ്യസാഹസത്തിന്റെ കഥയാണ് ലൂസിയാദുകളുടെ ഇതിഹാസം. ഒരു മനുഷ്യൻ നായകസ്ഥാനത്തു വരുന്നുവെന്നു മാത്രമേയുള്ളു, യഥാർഥത്തിൽ ഈ ഇതിഹാസം ആ നായകൻ പ്രതിനിധാനം ചെയ്യുന്ന ജനതയുടേതുതന്നെയാണ്. സകല ഗ്രീക്കോ-റോമൻ ദേവീദേവന്മാരുടെയും അനുഗ്രഹം കിട്ടിയ, എന്നാൽ 'ഏകദൈവ'-ത്തിന്റെ സംരക്ഷണത്തിലുള്ള ചരിത്രത്തിലെ ഏറ്റവും ധീരനായ രാജാവിന്റെ (സീസറെയും അലക്‌സാണ്ടറെയും നിഷ്പ്രഭനാക്കുന്ന!) നേതൃത്വത്തിലുള്ള പോർച്ചുഗലിനെക്കുറിച്ചാണ് കവി നിരന്തരം പാടുന്നത്. വാസ്‌കോഡഗാമ, ആ രാജ്യത്തിനുവേണ്ടി വ്യാപാരം നടത്താനും ക്രിസ്തുമതം പ്രചരിപ്പിക്കാനും ലക്ഷ്യമിട്ട് കിഴക്കിന്റെ നിഗൂഢദേശമായിരുന്ന ഇന്ത്യ തേടിയിറങ്ങിയ വലിയ കപ്പിത്താനായിരുന്നു. അതുകൊണ്ടുതന്നെ ഈ കാവ്യം ഗാമയുടെയും ഇതിഹാസമാണ്.

വാസ്‌കോഡഗാമ മരിച്ച വർഷമാണ് കമോയിങ്ഷ് ജനിച്ചത്. അൻപതോളം വർഷം കഴിഞ്ഞാണ് അദ്ദേഹം ഈ കാവ്യം രചിക്കുന്നത്. പ്രാചീന യൂറോപ്യൻ ഇതിഹാസ കാവ്യങ്ങളിൽനിന്നു തികച്ചും ഭിന്നവും മധ്യകാല നവോത്ഥാന ചരിത്ര-മാനവികയുക്തികൾക്കനുസൃതവുമാണ് തന്റെ കാവ്യമെന്ന് കമോയിങ്ഷ് ആവർത്തിച്ചു പറയുന്നു.

പത്തുസർഗങ്ങളായാണ് കാവ്യത്തിന്റെ ആഖ്യാനം. ഒളിമ്പസ് പർവതത്തിൽ നടക്കുന്ന ദേവീദേവന്മാരുടെ സമ്മേളനം, ഇന്ത്യ തേടിപ്പോകാനുള്ള ദോം മാനുവൽ രാജാവിന്റെയും കപ്പിത്താനായ വാസ്‌കോഡഗാമയുടെയും തീരുമാനം അംഗീകരിക്കുന്നതും ഗാമയും സംഘവും ലിസ്‌ബണിൽനിന്നു പുറപ്പെട്ട് ഇന്ത്യയിലും തിരികെ പോർച്ചുഗലിലും എത്തുന്നതുവരെ അവർക്കു കാവലായി ദേവന്മാരെ നിയോഗിക്കുന്നതും മറ്റുമാണ് ഒന്നാം സർഗത്തിന്റെ തുടക്കം. ഗാമയും സംഘവും ആഫ്രിക്കൻ മുനമ്പു ചുറ്റി മൊമ്പാസയിൽ എത്തുന്നു. ഗ്രീക്ക് ഇതിഹാസങ്ങളുടെ കാവ്യാത്മകവും പാരമ്പര്യാത്മകവുമായ പ്രചോദനം, ഗ്രീക്കോ-റോമൻ ദേവീദേവന്മാരുടെ നിരന്തരമായ സാന്നിധ്യം, ഭൂഖണ്ഡാന്തര അധിനിവേശങ്ങൾക്ക് പോർച്ചുഗലിനു ലഭിക്കുന്ന ദൈവികമായ അനുമതി, ഗാമയുടെയും സംഘത്തിന്റെയും സമുദ്രസഞ്ചാരത്തിന്റെ ചരിത്രപ്രാധാന്യം; വാണിജ്യം, മതപ്രചാരണം എന്നിവയുടെ പ്രാധാന്യം ഊട്ടിയുറപ്പിക്കുന്ന കാവ്യത്തിന്റെ നിലപാട് എന്നിങ്ങനെ കമോയ്ങ്ഷിന്റെ ഇതിഹാസത്തിനു നിർമ്മിച്ചുനൽകുന്ന സാംസ്‌കാരികാടിത്തറകളാണ് ഒന്നാം സർഗത്തിന്റെ സ്വരൂപം.

മൊമ്പാസയിൽ ഗാമക്കും സംഘത്തിനും മുസ്ലിങ്ങളിൽനിന്നു നേരിടുന്ന ഭീഷണിയും അവരുടെ അക്രമവും, അവിടെനിന്നു രക്ഷപെട്ട് മാലിൻഡിയിൽ എത്തിച്ചേരുന്ന ഗാമ അവിടത്തെ രാജാവിനോട് തങ്ങൾക്കു നേരിട്ട ദുരിതങ്ങളായി വിവരിക്കുന്നു രണ്ടാം സർഗത്തിൽ. കുരിശുയുദ്ധങ്ങളുടെ തുടർച്ചയെന്നോണം യൂറോപ്പിലും ആഫ്രിക്കയിലുമൊക്കെ നിലനിന്നിരുന്ന ക്രിസ്ത്യൻ-മുസ്ലിം സംഘർഷങ്ങളുടെ ചരിത്രപശ്ചാത്തലത്തിലാണ് 'മൂറുകൾ' എന്നു കാവ്യം വിളിക്കുന്ന മുസ്ലിംജനത ഗാമക്കും കൂട്ടർക്കുമെതിരെ ചതിപ്രയോഗങ്ങൾ നടത്തുന്നത്.

മൂന്നും നാലും അഞ്ചും സർഗങ്ങൾ മാലിൻഡിയിലെ രാജാവിനോടും ജനങ്ങളോടും വാസ്‌കോഡഗാമ നടത്തുന്ന ചരിത്രാഖ്യാനമാണ്. യൂറോപ്പിന്റെ മധ്യകാല രാഷ്ട്രീയചരിത്രം. രാജാക്കന്മാരെ സ്തുതിച്ചും ക്രിസ്തുമതത്തെ സ്ഥാപിച്ചും ഇസ്ലാമിനെ തകർത്തും യൂറോപ്പ് കൈവരിച്ച വിജയങ്ങളുടെ കഥ ദീർഘമായവതരിപ്പിക്കുന്നു, ഗാമ.

യൂറോപ്പിന് ദൈവം അനുവദിച്ചും അനുഗ്രഹിച്ചും നൽകിയ വരമാണ് കൊളോണിയലിസം എന്ന നിലപാട് സമർഥിക്കുകയാണ് ഗാമ. (കവിയുടെ നിലപാടുതന്നെയായും ഇതുകാണാം.) അഫോൻസ് രാജാവ് യൂറോപ്പു കീഴടക്കി പോർച്ചുഗലിന്റെ പ്രാമാണ്യമുറപ്പിച്ച ചരിത്രമാണ് ഗാമയുടെ മുഖ്യവിഷയം. കിഴക്കിന്റെ ദേവതകൾ പോർച്ചുഗീസിനോടാവശ്യപ്പെടുകയാണ്, തങ്ങളെ കീഴടക്കൂ എന്ന്. സമുദ്രസഞ്ചാരത്തിനിടയിൽ തങ്ങൾക്കുണ്ടായ വിചിത്രമായ പ്രാപഞ്ചികാനുഭവങ്ങളുടെ വിവരണമാണ് ഈ ഭാഗത്തെ മറ്റൊരു വിഷയം. ഒപ്പം, മനുഷ്യസഹജമായ പരിമിതികളും ദൗർബ്ബല്യങ്ങളും ഗാമക്കും കൂട്ടർക്കും സൃഷ്ടിച്ച ദുരന്തങ്ങളുടെ അവതരണവും.


ആറാം സർഗത്തിൽ ഗാമയും കൂട്ടരും മാലിൻഡിതീരം വിട്ടു യാത്ര തുടരുന്നു. പിന്നീടങ്ങോട്ടുള്ളത് പൂർവാധികം ദുരിതപൂർണമായ സമുദ്രാനുഭവങ്ങളാണ്. എങ്കിലും അവരുടെ കാവൽദേവത, വീനസ്, അവരെ തുണച്ചു. കടൽ ശാന്തമായി. ഒടുവിൽ കോഴിക്കോടിനുമേൽ ഉയർന്നുനിൽക്കുന്ന പശ്ചിമഘട്ട മലനിരകൾ കണ്ണിൽപെടുമ്പോൾ തങ്ങൾ ഇന്ത്യ കണ്ടെത്തിക്കഴിഞ്ഞു എന്നവർ തിരിച്ചറിയുന്നു.

ഏഴും എട്ടും സർഗങ്ങൾ വാസ്‌കോഡഗാമയുടെ കോഴിക്കോട്ടെ അനുഭവങ്ങളാണ്. മൊൺസയിദ് എന്ന മുസ്ലിം ദ്വിഭാഷിയാണ് ഈഭാഗത്ത് ഗാമയെപ്പോലെതന്നെ പ്രസക്തനാകുന്ന കഥാപാത്രം. ഗാമക്കും കൂട്ടർക്കും ദൂതനും നയതന്ത്രജ്ഞനും രക്ഷകനുമായി മാറുന്നു, അയാൾ. കാരണം, സാമൂതിരിയുടെ പടത്തലവന്മാരായ നായന്മാരും മുസ്ലിങ്ങളും അറബികളായ കച്ചവടക്കാരുമായി ചേർന്ന് പോർച്ചുഗീസുകൾക്കെതിരെ കരുനീക്കങ്ങൾ ആരംഭിച്ചിരുന്നു.

ചേരമാൻ പെരുമാളിന്റെ കാലംതൊട്ടുള്ള മലബാറിന്റെ ചരിത്രം മൊൺസയിദ് ഗാമക്കു പറഞ്ഞുകൊടുക്കുന്നു.


പലതരം ചതികളും വഞ്ചനകളും നുണകളും വ്യാജങ്ങളുമായി സാമൂതിരിയുടെ പടനായകരും പ്രതിനിധികളും പോർച്ചുഗീസുകാരെ വകവരുത്താൻ ശ്രമിക്കുന്നു. ഗാമയെ അവർ തടവിലാക്കുകപോലും ചെയ്തു. എങ്കിലും ഗാമയുടെയും മൊൺസയിദിന്റെയും തന്ത്രപരമായ കരുനീക്കങ്ങളിലൂടെ മലബാറിലെ കുറച്ചുപേരെ തടവിലാക്കി ഗാമ കോഴിക്കോട് വിട്ടു.

തങ്ങളുടെ യാത്രാലക്ഷ്യം ഭാഗികമായെങ്കിലും സാധിച്ച ഗാമയുടെയും സംഘത്തിന്റെയും തിരിച്ചുപോക്കാണ് ഒൻപതാം സർഗത്തിന്റെ ഉള്ളടക്കം. 'അനുരാഗത്തിന്റെ ഒരു ദ്വീപിൽ' ഗാമയും സംഘവും എത്തിച്ചേരുന്നതിന്റെ അതീവ ഹൃദ്യവും കാല്പനികവുമായ ഒരാവിഷ്‌കാരമാണ് ഈ സർഗത്തിന്റെ രണ്ടാം പകുതി. അഞ്ചാം സർഗത്തിൽ കവി നടത്തിയ സൗന്ദര്യാത്മകമായ കാവ്യാവിഷ്‌കാരത്തിനു സമാനമായ ഒന്ന്. അതേസമയം, വിജയശ്രീലാളിതരായ പോർച്ചുഗീസ് നാവികരുടെ ആനന്ദനൃത്തത്തിന്റെ കൂടി അവതരണമാകുന്നു ഈഭാഗം. എന്നുമാത്രവുമല്ല, കാവ്യത്തിലുടനീളം താൻ പാടിപ്പുകഴ്‌ത്തിയ ഗ്രീക്ക് ദേവീദേവന്മാർ യഥാർഥത്തിൽ മനുഷ്യരുടെതന്നെ അതീതാവസ്ഥകളാണെന്ന നിലപാടും ഇവിടെ കവി സ്വീകരിക്കുന്നു. 90, 91 ശ്ലോകങ്ങൾ നോക്കുക:


'ഉദാത്തവും, വിശുദ്ധവും, കല്ലുകൾ നിറഞ്ഞതും എന്നാൽ ഒടുവിൽ മധുരവും, ആനന്ദകരവും, സുന്ദരവുമായിത്തീരുന്ന പടവുകൾ കടന്ന്, കഠിന പരിശ്രമങ്ങളിലൂടെയും വീരകൃത്യങ്ങളിലൂടെയും കീർത്തിദേവിയുടെ ഉത്കർഷമായ ചിറകുകളിലേറി, നക്ഷത്രനിബിഡമായ ഒളിമ്പസ് പർവ്വതത്തിനു മുകളിൽ എത്തിച്ചേർന്നതായി പുരാതന കാലങ്ങളിൽ മഹാന്മാരായ കവികൾ ഭാവനയിൽ കണ്ട അനശ്വരപ്രതിഭകൾ,മനുഷ്യരായിരുന്നുവെങ്കിലും, തങ്ങളുടെ അനശ്വരവും അത്യുത്കർഷവുമായ വീരകൃത്യങ്ങൾക്ക് ഈ ലോകം അവരെ പ്രശസ്തിയുടെ സമ്മാനം നൽകി ആദരിച്ചപ്പോൾ ദൈവികരായി മാറി എന്നേ ഉള്ളൂ. ദേവേന്ദ്രൻ, വാണിദേവൻ, സൂര്യൻ, യുദ്ധദേവൻ, ഏനിയസ്, റോമുളുസ്, ഹെർക്കുലിസ്, മദ്യദേവൻ, കൃഷി ധാന്യാധിദേവത, ജ്ഞാനദേവി, നായാട്ടുദേവത, വൈവാഹിതദേവത എന്നിവരെല്ലാംതന്നെ ബലഹീനമായ മനുഷ്യശരീരത്തിൽനിന്നും ജന്മ-മെടുത്തവരാണ്'.


പത്താംസർഗം വാസ്‌കോഡഗാമയും കൂട്ടരും പോർച്ചുഗലിലേക്കു തിരിച്ചുപോകുന്നതിന്റെ ആഘോഷവും ഭാവിയിൽ ഗാമയും പിൻഗാമികളും കൊയ്തുകൂട്ടിയ വൻവിജയങ്ങളുടെ സൂചനകളുമാണ്. മതപ്രചാരണം, വാണിജ്യക്കരാറുകൾ എന്നിവയ്‌ക്കൊപ്പം പോർച്ചുഗീസുകാർ ഇന്ത്യയിൽ നേടുന്ന രാഷ്ട്രീയാധിനിവേശത്തിന്റെ സൂചനകളും ഇവിടെയുണ്ട്. ജലകന്യകകൾക്കു മുന്നിൽ അവതരിപ്പിക്കുന്ന ഇന്ത്യാചരിത്രത്തിന്റെ പ്രവചനപരമായ പാഠങ്ങളാണ് ഈ സർഗത്തിന്റെ മുഖ്യ പ്രമേയം. ഗാമയുടെയും കൂട്ടരുടെയും ആദ്യ ഇന്ത്യായാത്ര, പിന്നീടുണ്ടാകാൻ പോകുന്ന നിരവധി യാത്രകളുടെ മുന്നോടിയായി നേടിയ വിജയത്തെ വാഴ്‌ത്തി കാവ്യം അവസാനിക്കുന്നു.

പത്തുകാണ്ഡങ്ങളിലായി 8816 വരികളാണ് 'ലൂസിയാദഷി'നുള്ളത്. വിവർത്തകൻ ഇത് ഗദ്യരൂപത്തിൽ പരാവർത്തനം ചെയ്യുന്നു. ഈ കാവ്യത്തിന്റെ ചരിത്രപരമായ പ്രാധാന്യത്തെക്കുറിച്ച് അതീവ ശ്രദ്ധേയമായ ആമുഖപഠനത്തിൽ ഡേവിഡ് സി.ജെ. എഴുതുന്നു:

'നവോത്ഥാനകാലഘട്ടത്തിൽ ഉയിർത്തെഴുന്നേറ്റ മാനവികതയുടെ ഉദാത്തമായ ഒരു ദൃഷ്ടാന്തമെന്ന നിലയ്ക്കാണ് 'ലുസിയാദുകളുടെ ഇതിഹാസ'ത്തിന് സാർവ്വത്രികമായ പ്രസക്തി ഇന്നും വായനക്കാർ കല്പിക്കുന്നത്. മദ്ധ്യകാലയുഗത്തിൽ ദൈവേച്ഛയെന്നു ആരോപിക്കപ്പെട്ടിരുന്ന പ്രകൃതിശക്തികൾക്കു മുന്നിൽ നിസ്സഹായനായി നിന്ന മനുഷ്യൻ, തന്റെ വിധികർത്താവ് തന്റെതന്നെ ഇച്ഛാശക്തിയാണെന്നു തിരിച്ചറിഞ്ഞ്, ദേവീദേവന്മാരാൽ പ്രതിനിധാനം ചെയ്യപ്പെടുന്ന പ്രകൃതിശക്തികൾക്കുമേൽ ആധിപത്യം സ്ഥാപിക്കുന്നതിന്റെ ഒരു യഥാർത്ഥ ചരിത്രഗാഥ രേഖപ്പെടുത്തുന്നുവെന്നുള്ളതാണ് ഈ പോർച്ചുഗീസ് മഹാകാവ്യത്തിന്റെ അനന്യത. അങ്ങനെ മദ്ധ്യകാലയുഗത്തിൽനിന്നും നവോത്ഥാന കാലത്തേക്ക് വിജയപ്രദമായി പ്രവേശിക്കുകയാണ് കമോയിങ്ഷിന്റെ കൃതി. മനുഷ്യനു നേരിടാനുള്ള വെല്ലുവിളി കവി ആരംഭത്തിൽത്തന്നെ വ്യക്തമാക്കുന്നുണ്ട്: 'കരയിലാകട്ടെ യുദ്ധവും ചതിയും; എന്നു മാത്രമല്ല, മനുഷ്യൻ ഇച്ഛിക്കാത്തതും വലയ്ക്കുന്നതുമായ സംഭവങ്ങളുടെ അനിവാര്യതയും! ദുർബലനായ മനുഷ്യനു എവിടെയുണ്ട് സ്വാഗതം? ഈ ഹ്രസ്വജീവിതം എവിടെ സുരക്ഷിതമായിടും? ഭൂമിയിലെ ഒരു ചെറുകീടമായ മനുഷ്യനെതിരെ എപ്പോഴാണ് പ്രശാന്തമെന്നു കരുതുന്ന വാനിടം ആയുധം ധരിക്കാതെയും കോപിക്കാതെയുമിരിക്കുന്നത്?' (I: 106). എന്നാൽ ഒരേസമയം ചരിത്രപുരുഷനും, ഇതിഹാസ കഥാപാത്രവുമായ വാസ്‌കോ ദ ഗാമ വിജയം നോടുന്ന നവോത്ഥാന മാനവികത ഇന്നത്തെ വായനക്കാർക്കു നൽകുന്ന പാഠമിതാണ്: 'തന്റേതു മാത്രമെന്നു വിളിക്കാവുന്ന ബഹുമതികൾ, അദ്ധ്വാനത്തിന്റെ കരങ്ങൾകൊണ്ട് ഒരുവൻ നേടുന്നത് ഇങ്ങനെയാണ്: ജാഗ്രതയുള്ളവനായി, കാച്ചിയെടുത്ത ഉരുക്കിന്റെ വസ്ത്രമണിഞ്ഞ്, കൊടുങ്കാറ്റിനേയും, അപായകാരികളായ തിരമാലകളേയും എതിരിട്ട്, മഞ്ഞുറഞ്ഞ ദക്ഷിണ ധ്രുവത്തെ അതിജീവിച്ച്, അഴുകിപ്പോയ ഭക്ഷണം വിഴുങ്ങി, കരകാണാത്ത ദേശങ്ങളിലൂടെ യാത്ര ചെയ്ത്, കഠിനവേദനകളിലൂടെ പക്വതനേടി, സഹയാത്രികന്റെ കാലോ കൈയോ ഛേദിക്കുന്ന പീരങ്കിക്കു മുന്നിൽ, തുടർന്നും സുരക്ഷിതനും സന്തോഷവാനും സമ്പൂർണ്ണ ആരോഗ്യവാനുമായി നിൽക്കുവാൻ സ്വമനസ്സിനെ നിർബന്ധമായി പഠിപ്പിക്കുകയും ചെയ്യുക' (VI : 97-98)'. വാസ്‌കോഡഗാമ യാത്രചെയ്ത ജലമാർഗങ്ങളിലും കരമാർഗങ്ങളിലും കൂടി, ഗാമയുടെ മരണത്തിന് അരനൂറ്റാണ്ടിനുശേഷം യാത്ര ചെയ്തും പോർച്ചുഗൽ രാജാക്കന്മാരുടെ പിൽക്കാല ചരിത്രങ്ങളോടു പ്രതികരിച്ചും തന്റെ അനുഭവങ്ങളുടെ കൂടി വെളിച്ചത്തിൽ ഗാമയുടെയും പോർച്ചുഗലിന്റെയും പതിനഞ്ചാം നൂറ്റാണ്ടിന്റെ ചരിത്രം കാവ്യമായെഴുതുകയായിരുന്നു, കമോയിങ്ഷ്. വിവർത്തകന്റെ ഈ കുറിപ്പു വായിക്കുക:

'പതിനാറു വർഷങ്ങളോളം നീണ്ടുനിന്ന സമുദ്രയാത്രകൾ, ഇന്ത്യയിലും മറ്റു ഏഷ്യൻ-ആഫ്രിക്കൻ രാജ്യങ്ങളിലും നേരിടേണ്ടിവന്ന പ്രതികൂല സാഹചര്യങ്ങൾ, യുദ്ധങ്ങൾ, ജയിൽവാസങ്ങൾ, ഒരു അഴിമതി വിരോധിയുടെ മേൽ ചുമത്തപ്പെട്ട ഔദ്യോഗികച്ചുമതലകൾ, ദാരിദ്ര്യം, സ്വന്തം നാടിന്റെ അവിചാരിതമായ അന്ത്യം എന്നിവയുടെയെല്ലാം നടുവിലാണ് ഇതിഹാസത്തിന്റെ ഭൂരിഭാഗവും എഴുതപ്പെട്ടത് എന്നത് കമോയിങ്ഷിന്റെ പ്രതിഭയെ അവിസ്മരണീയമാക്കുന്നു. കമോയിങ്ഷ് ഇന്ത്യയിൽ എത്തിച്ചേർന്നപ്പോഴേക്കും ഇവിടത്തെ പോർച്ചുഗീസ് സാമ്രാജ്യത്തിന്റെ സുവർണ്ണകാലം അസ്തമിച്ചു തുടങ്ങിയിരുന്നു. ഇക്കാലത്തിനിടയ്ക്ക് സമുദ്രങ്ങൾ വ്യാപിച്ചുകിടന്ന പോർച്ചുഗീസ് വ്യാപാരസമുച്ചയത്തെ താങ്ങിനിറുത്തുന്നതിനു ആവശ്യമായ സൈന്യബലം ഉറപ്പാക്കുന്നതിനു പോർച്ചുഗീസ് രാജാവിനു സാധിക്കാതെ പോയി എന്നു മാത്രമല്ല, ലോകത്തിന്റെ പകുതിയും വ്യാപിച്ചുകിടന്ന പോർച്ചുഗീസ് കൊളോണിയൽ ഭരണസംവിധാനത്തിനു അവശ്യം വേണ്ടതായ വിശ്വസ്തരായ സേവകരുടെ സംഖ്യ ഇന്ത്യയടക്കമുള്ള കോളനികളിൽ അനുദിനം ക്ഷയിച്ചുവരുകയും ചെയ്തു. ഈ അവസ്ഥാന്തരം വ്യക്തമാക്കുന്നതായിരുന്നു അക്കാലത്ത് കമോയിങ്ഷ് എഴുതിയ ഒരു കത്ത്. അദ്ദേഹം ഇന്ത്യയിൽനിന്ന് സ്വരാജ്യത്തിലേയ്ക്കയച്ച ആ കത്തിൽ പോർച്ചുഗീസ്-ഗോവയെ 'തെമ്മാടികളുടെ അമ്മ', 'സത്യസന്ധരുടെ രണ്ടാനമ്മ' എന്നിങ്ങനെ വിശേഷിപ്പിക്കുന്നു. ഈ കാലഘട്ടത്തിൽ ഡച്ച്, ഫ്രഞ്ച്, ഇംഗ്ലീഷ് കപ്പലുകൾ പോർച്ചുഗീസ് സമുദ്രപാതകൾ പിന്തുടർന്ന് കോളനികൾ പിടിച്ചെടുക്കുവാനുള്ള ഉദ്യമം ആരംഭിക്കുകയും ചെയ്തിരുന്നു. അങ്ങനെ, ഒരു ചരിത്രസംഭവത്തിന്റെ അന്ത്യം നേരിൽകണ്ട കമോയിങ്ഷിന് ഒരു ഇതിഹാസനിർമ്മിതിക്ക് ആവശ്യമായ എല്ലാ വിശദാംശങ്ങളും വേണ്ടത്ര ലഭിച്ചുകഴിഞ്ഞിരുന്നുവെന്നു പറയാം. അസ്തമിച്ചു തുടങ്ങിയ ഒരു സാമ്രാജ്യത്തിന്റെ ഭാവനാപരമായ പുനർനിർമ്മിതിക്കുവേണ്ടി രാജ്യസ്‌നേഹിയായ ഒരു കവിയുടെ ഉദാത്തമായ സമർപ്പണമാണ് 'ലുസിയാദുകളുടെ ഇതിഹാസ'ത്തിലൂടെ നാം ദർശിക്കുക. ഒരു രാഷ്ട്രേതിഹാസം (national epic) ഭൗതികമായ ഒരു സാമ്രാജ്യം സൃഷ്ടിക്കുകയില്ലെങ്കിൽ കൂടി, അത് ഒരു രാജ്യത്തിലെ പൗരന്മാരെ സംബന്ധിച്ചിടത്തോളം അവരുടെ രാഷ്ട്രത്തെപ്പറ്റിയുള്ള വിശ്വാസവും അന്തസ്സും കാലാതീതമായി നിലനിർത്തുന്നതിന് അത്യന്തം സഹായമായി ഭവിക്കുന്നു. 'ലുസീയദഷും' പോർച്ചുഗലും തമ്മിലുള്ള ബന്ധം അവ്വിധം അഭേദ്യമായി തീർന്നിരിക്കുന്നു'.

കൊളോണിയലിസത്തിന്റെ സാംസ്‌കാരിക-രാഷ്ട്രീയ ചരിത്രമെന്ന നിലയിൽ പല സാഹിത്യകൃതികൾക്കും കൈവന്ന പ്രാധാന്യം മുൻപുതന്നെ നാം വായിച്ചറിഞ്ഞിട്ടുണ്ടെങ്കിലും ഈ കാവ്യം നമുക്ക് അജ്ഞാതമായിരുന്നു. ഡേവിഡ് എഴുതുന്നു:

'സാഹിത്യം, സംസ്‌കാരം, ചരിത്രം തുടങ്ങിയ മേഖലകളെ ബന്ധിപ്പിക്കുന്ന അനേകം ഗവേഷണ സാദ്ധ്യതകളുടെ ഒരു കലവറയാണ് ഈ കാവ്യം. കേരളത്തിലെ അക്കാലത്തെ വിവിധ ജനവിഭാഗങ്ങളുടെ ആചാരാനുഷ്ഠാനങ്ങൾ, വിശ്വാസപ്രമാണങ്ങൾ, രാഷ്ട്രീയ സംവിധാനം, പടയാളികളായ നായന്മാർ, നാവികരായ മരയ്ക്കാന്മർ. വരേണ്യരായ ബ്രാഹ്മണന്മാർ തുടങ്ങിയവരെക്കുറിച്ചുള്ള വിവരണങ്ങൾ മുതലായവ ഈ കൃതിയിൽ കാണാം. അക്കാലത്തെ യുദ്ധതന്ത്രങ്ങളെക്കുറിച്ചും സമുദ്രപര്യവേക്ഷകരുടെ കപ്പലിനകത്തെ ജീവിതക്രമങ്ങളെക്കുറിച്ചും അറിവു നേടാം. കുന്താണിപ്പീരങ്കികൾ, ഗന്ധകകുടങ്ങൾ, തീബോംബുകൾ, പ്രത്യേകതരം കുന്തകഠാരകൾ, ഉരുക്കുതുപ്പാക്കികൾ, വില്ലുകൾ, പരിചകൾ തുടങ്ങി അക്കാലത്തെ വിദേശീയരും മലബാറിലെ പടയാളികളും ഉപയോഗിച്ചിരുന്ന വിവിധതരം ആയുധങ്ങളെയും പടക്കോപ്പുകളെയും കുറിച്ച് വിവരങ്ങൾ ശേഖരിക്കാനാകും. സാഹിത്യം, ചരിത്രം എന്നിവയുടെ അതിരുകളെയും സമ്മിശ്രണത്തെയും (interface) അധികരിച്ചുള്ള അന്വേഷണങ്ങൾക്ക് ശക്തമായ ഒരു മാതൃകാകൃതിയാണ് ഈ പോർച്ചുഗീസ് മഹാകാവ്യം. വേറിട്ട ഒരു ചരിത്രവീക്ഷണവും, മിത്ത്, യഥാതഥമായ സാഹചര്യങ്ങളിൽ വെളിവാകുന്ന വിശ്വാസം എന്നിവയിലൂടെ രൂപം പ്രാപിക്കുന്ന ദൈവശാസ്ത്രവും കമോയിങ്ഷിന്റെ കാവ്യത്തിൽ പ്രകടമാണ്. രാഷ്ട്രങ്ങളുടെ അവിഭാജ്യത, അനന്യത, സ്വത്വം എന്നിവ ചോദ്യം ചെയ്യപ്പെടുന്ന ഇക്കാലത്ത് രാഷ്ട്രനിർമ്മിതിയിൽ ഇതിഹാസത്തിനുള്ള പങ്ക് എന്തെന്നു വെളിവാക്കിത്തരുന്നുണ്ട് ഈ കൃതി. കൂടാതെ പര്യവേക്ഷകസാഹിത്യം, സഞ്ചാരസാഹിത്യം, ഇതിഹാസം, ചരിത്രം എന്നിവയുടെ രൂപകല്പനാപഠനങ്ങളിൽ തൽപരരായ ഗവേഷകർക്ക് ഒരുപക്ഷേ ഒഴിച്ചുകൂടാനാവാത്ത മാതൃകാകൃതിയാണ് കമോയിങ്ഷിന്റെ ഇതിഹാസം. ഇതിനെല്ലാം ഉപരി, കപ്പൽയാത്ര അനിവാര്യമാക്കിയ ഭൂപടനിർമ്മാണം, ഭൂമിശാസ്ത്രം എന്നിവ ഉടലെടുക്കുന്നതിനു വളരെ മുമ്പേ, എപ്രകാരമാണ് യൂറോപ്പിൽ ഇന്ത്യയെക്കുറിച്ച് കാല്പനികമായ ചിത്രങ്ങൾ മെനയപ്പെട്ടതെന്നും, അവ എങ്ങനെയാണ് ഇന്ന് ഏറെ പ്രിയമായ പോസ്റ്റ് കൊളോണിയൽ പഠനങ്ങളിലെ പൗരസ്ത്യസാഹിത്യ വിജ്ഞാനത്തിന് (Orientalism) ഉറവിടമായതെന്നും ഒരന്വേഷണത്തിനു മുതിരുമെങ്കിൽ, ലുസീയദഷിനെക്കുറിച്ചുള്ള പഠനം ഒഴിച്ചുകൂടാനാവാത്തതാണെന്നു മനസ്സിലാകും. ഇങ്ങനെ പോർച്ചുഗലിനെ എന്നല്ല, കേരളത്തെയും ഇന്ത്യയെയും സ്പർശിക്കുന്ന അനേകം ഗവേഷണവിഷയങ്ങൾ പോർച്ചുഗീസ് ദേശീയ ഇതിഹാസവുമായി ബന്ധപ്പെട്ടു കിടപ്പുണ്ട്. എങ്കിലും വിമർശിച്ചുപോലും 'ലുസീയദഷിനെ' അധികരിച്ച്, ആഴത്തിലുള്ള ഒരു പഠനവും കേരളത്തിൽ ഇന്നുവരെയും നടന്നിട്ടില്ലെന്നത് ആശ്ചര്യപ്പെടുത്തുന്ന വസ്തുതയാണ്'.

ചേരമാൻ പെരുമാളുടെ കഥയും നായർ-മുസ്ലിം പടയാളികളുടെയും അറബികളുടെയും സൈനിക-വാണിജ്യ കോയ്മകളുടെ സ്ഥിതിയും പോർച്ചുഗീസുകാരുടെ മതനയങ്ങളുമുൾപ്പെടെ, മധ്യകാല കേരളത്തിന്റെ ചരിത്രങ്ങൾ രേഖപ്പെടുത്തുന്ന ഏറ്റവും പഴയ സാഹിത്യകൃതിയായി കാണാം ലൂസിയാദിനെ. സാഹിത്യം, ചരിത്രമായി വായിക്കപ്പെടുന്നതിന്റെ എക്കാലത്തെയും ശ്രദ്ധേയമായ മാതൃകകളിലൊന്ന്.

സമുദ്രസഞ്ചാരം, യാത്രാവിവരണം, മധ്യകാല ഭരണകൂടങ്ങൾ, വാണിജ്യബന്ധങ്ങൾ, മതവെറികൾ, ആയുധ-യുദ്ധമുറകൾ എന്നിങ്ങനെ എത്രയെങ്കിലും വിഷയമേഖലകൾ ചരിത്രാത്മകമായാവിഷ്‌കരിക്കപ്പെടുന്ന ലൂസിയാദുകളുടെ ഇതിഹാസത്തിന്റെ പ്രാധാന്യം താഴെപ്പറയുംവിധം സംഗ്രഹിക്കാം.

1. മധ്യകാല യൂറോപ്യൻ കാവ്യഭാവനയും ചരിത്രബോധവും കൂടിക്കലരുന്നതിന്റെ ഗംഭീരമാതൃക.

2. ഭൂഖണ്ഡാനന്തര സമുദ്രസഞ്ചാരത്തിന്റെ അതിസാഹസികമായ വിവരണം.

3. ഗ്രീക്ക്, റോമൻ ഇതിഹാസ കാവ്യങ്ങളുടെയും ദേവീദേവന്മാരുടെയും നിരന്തര പരാമർശം കടന്നുവരുന്ന രചന.

4. മധ്യകാല യൂറോപ്പിന്റെ രാഷ്ട്രീയ ചരിത്രത്തിന്റെ അപഗ്രഥനം.

5. കൊളോണിയലിസത്തിനു പിന്നിലെ ക്രിസ്തുമതത്തിന്റെ അധിനിവേശ സാധ്യതകൾ.

6. കുരിശുയുദ്ധത്തോടെ കരുത്താർജ്ജിച്ച ഇസ്ലാം വിരോധത്തിന്റെ തുറന്നടിക്കലുകൾ.

7. പ്രകൃതിശക്തികൾക്കെതിരെയുള്ള മനുഷ്യപ്രജ്ഞയുടെ ധീരമായ മുന്നേറ്റങ്ങൾ.

8. പതിനാറ്, പതിനേഴ് നൂറ്റാണ്ടിലെ കേരളത്തിന്റെ (മലബാറിന്റെ) രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക ചരിത്രം.

9. മധ്യകാല ഭൂമിശാസ്ത്ര-ചരിത്രവിജ്ഞാനങ്ങളുടെ ഭണ്ഡാരം.

10. ക്രിസ്തുമതം നന്മ-യുടെയും ഇസ്ലാം തിന്മ-യുടെയും പ്രതീകങ്ങളാകുന്ന കൊളോണിയൽ രാഷ്ട്രീയം.

11. യൂറോപ്പിലെന്നപോലെ ഏഷ്യയിലും ആഫ്രിക്കയിലും പോർച്ചുഗലിന്റെ ആധിപത്യം ഉറപ്പിക്കുന്ന ചരിത്ര-സാംസ്‌കാരിക ആഖ്യാനം.

12. മധ്യകാല വാണിജ്യത്തിന്റെ ഇതിഹാസം.

13. ദൈവകേന്ദ്രിതമായിരുന്ന ഗ്രീക്കോ-റോമൻ ഇതിഹാസ പുരാണങ്ങളിൽനിന്നു ഭിന്നമായി രചിക്കപ്പെട്ട മനുഷ്യേതിഹാസം.

14. നവോത്ഥാനം സൃഷ്ടിച്ച 'മനുഷ്യന്റെ' വിജയവൈജയന്തി.

15. സർവോപരി, കൊളോണിയലിസത്തിന്റെ ദൈവശാസ്ത്രം.

ഗാമയുടെ ഇതിഹാസത്തിൽനിന്ന് (സർഗം ഏഴ്)

32. 'നിങ്ങൾ നങ്കൂരമിട്ടിരിക്കുന്ന ഈ തുറമുഖം മലബാർ എന്നു വിളിക്കപ്പെടുന്ന പ്രവിശ്യയിലാണ്. ഈ ദേശങ്ങളിലെല്ലാം വ്യാപകമായി കാണുന്നതുപോലെ പുരാതനകാലം മുതൽക്കെ ഇവർ വിഗ്രഹങ്ങളെ ആരാധിച്ചുവരുന്നു. ഇപ്പോൾ ഇവിടെ ധാരാളം രാജാക്ക•ാർ ഉണ്ട്. എന്നാൽ പാരമ്പര്യപ്രകാരം പണ്ട് ഈ പ്രദേശങ്ങൾക്കായി ഒരു രാജാവു മാത്രമാണുണ്ടായിരുന്നത്. ഈ സാമ്രാജ്യത്തിനു മുഴുവനായി ഉണ്ടായിരുന്ന അവസാനത്തെ ഏക രാജാവായിരുന്നു സരമ പെരുമാൾ*

33. 'എന്നാൽ അറബിനാടുകളിൽനിന്നും ഈ നാട്ടിലേക്കു വന്നവർ, എന്റെ മാതാപിതാക്കൾ എന്നെ അഭ്യസിപ്പിച്ച മുഹമ്മദീയ വിശ്വാസം ഇവിടെയും കൊണ്ടുവരുകയും, ആ മതപ്രസംഗികളുടെയും ജ്ഞാനികളുടെയും പ്രഭാഷണം പെരുമാളിനെ പുതിയ മതത്തിലേയ്ക്കു മാനസാന്തരപ്പെടുത്തുകയും ചെയ്തു. ആ മതത്തിന്റെ അനുയായി ആയി മരിക്കുവാൻ അവർ തീരുമാനിക്കുംവിധം, അവരുടെ പഠനങ്ങൾ അവനെ അത്രയും തീക്ഷ്ണതയുള്ളവനാക്കി മാറ്റി.

34. 'അവൻ കപ്പലുകൾ സജ്ജമാക്കി അവയിൽ പള്ളിയർപ്പണത്തിനുള്ള സാമഗ്രികൾ നിറച്ച് ഈ മതം ആദ്യമായി പ്രസംഗിച്ച പ്രവാചകൻ അന്ത്യവിശ്രമം കൊള്ളുന്ന നാട്ടിലേയ്ക്ക് യാത്രയായി. അവനു യഥാർത്ഥമായ ഒരു അനന്തരാവകാശി ഇല്ലാതിരുന്നതുകൊണ്ട്, യാത്ര പുറപ്പെടുന്നതിനു മുമ്പുതന്നെ തന്റെ വിസ്തൃതമായ സാമ്രാജ്യം സ്വന്തപ്പെട്ടവർക്കായി വിഭജിച്ചു നൽകി. ഇതിനായി ഏറ്റവും അനുയോജ്യരായവരെ അവൻ തിരഞ്ഞെടുത്തതുകൊണ്ട്, ദരിദ്രർ ധനികരും, പ്രജകളായിരുന്നവർ അധികാരികളുമായിത്തീർന്നു.

35. 'അവർ അവനെ സേവിക്കുകയും സംപ്രീതനാക്കുകയും ചെയ്തിരുന്ന തോതനുസരിച്ച് കൊച്ചി*, കണ്ണൂർ, ചാലി, കുരുമുളകുദ്വീപ്*, കൊല്ലം, കൊടുങ്ങല്ലൂർ എന്നിവ ഓരോരുത്തർക്കുമായി അദ്ദേഹം ദാനം ചെയ്തു. അദ്ദേഹം വളരെയധികം സ്‌നേഹിച്ചിരുന്ന ഒരു യുവാവ്, രാജ്യം മുഴുവനും ഭാഗിച്ചു നൽകിയതിനു ശേഷമാണ് അവനെ കാണുവാനെത്തിയത്. അവനായി കോഴിക്കോടു മാത്രമെ ബാക്കിയുണ്ടായിരുന്നുള്ളു. എന്നാൽ, ആ നഗരം ഇന്ന് കച്ചവടംകൊണ്ട് കുലീനവും സമ്പൽസമൃദ്ധവുമായി മാറിയിരിക്കുന്നു.

36. 'അവനെ 'ചക്രവർത്തി' എന്ന പ്രൗഢിയുള്ള സ്ഥാനം നൽകി മറ്റുള്ളവരുടെ അധിപനാക്കി. ഇതിനുശേഷം ഒരു വിശുദ്ധ ജീവിതം നയിച്ച് മരിക്കുവാനായി അറേബിയായിലേക്ക് അദ്ദേഹം പുറപ്പെട്ടു. അങ്ങനെ ആ യുവാവിൽനിന്നും അനന്തര അവകാശികളിലൂടെ കൈമാറി 'സാമൂതിരി' എന്ന നാമം ഇന്ന് സർവ്വസ്ഥാനങ്ങൾക്കും മുകളിൽ കുലീനവും മഹനീയവും പ്രൗഢവുമായ ഒരു സാമ്രാജ്യമായിത്തീർന്ന് ഈ നാടിനെ സ്വന്തമാക്കി ഇപ്പോൾ ഭരിച്ചുകൊണ്ടിരിക്കുകയാണ്.

37. 'ഇവിടെയുള്ള ധനികരും ദരിദ്രരും ഒരുപോലെ, ഭാവനകളിൽ നിന്നും ഉരുത്തിരിഞ്ഞ കഥകളാണ് മതമായി പിന്തുടരുന്നത്. മറയ്ക്കുവാൻ പ്രകൃതി നിശ്ചയിച്ചിരിക്കുന്ന ശരീരഭാഗങ്ങൾ ഒരു കഷണം തുണികൊണ്ടുമാത്രം ഗോപനം ചെയ്യുന്നതു ഒഴികെ അവർ നഗ്നരായി ജീവിക്കുന്നു. രണ്ടു ജാതി മനുഷ്യരുണ്ട്: ഒരു കൂട്ടർ കുലീനരായ നായന്മാരാണ്. താണ ജാതി അറിയപ്പെടുന്നത് പുലയ•ാർ എന്ന പേരിലാണ്. ഇവർ ആദ്യം പറഞ്ഞ ജാതിയുമായി വിവാഹബന്ധത്തിൽ ഏർപ്പെടുന്നത് അവരുടെ മതം വിലക്കുന്നു.

38. 'ഒരു ജോലിയിൽ ഏർപ്പെട്ടുകഴിയുന്നവർ മറ്റേതെങ്കിലും തൊഴിലിൽ ഏർപ്പെടുന്നവരിൽനിന്നും ഭാര്യയെ സ്വീകരിക്കുവാൻ പാടുള്ളതല്ല. മക്കളാകട്ടെ മരണംവരെയും തങ്ങളുടെ മാതാപിതാക്കളുടെ തൊഴിലിൽ അല്ലാതെ മറ്റൊന്നിലും ഏർപ്പെടുകയില്ല. ഇവരെ സ്പർശിക്കുക എന്നാൽ നായന്മാർക്ക് വലിയ അയിത്തമാണ്. അബദ്ധവശാൽ എങ്ങാനും തൊടുവാൻ ഇടയായാൽ ശുദ്ധിയാക്കുന്നതിന് ആയിരം കർമ്മങ്ങൾ ആവശ്യമാണ്.

39. 'ആദികാലങ്ങളിൽ ഇതുപോലെ യഹൂദജനതയും സമരിയനിവാസികളെ* സ്പർശിക്കുമായിരുന്നില്ല. അതിനേക്കാൾ അസാധാരണങ്ങളായ ആചാരാനുഷ്ഠാനങ്ങൾ നിങ്ങൾക്കിവിടെ കാണുവാൻ കഴിയുമെന്ന് ഞാൻ പറയും. ആയുധങ്ങൾ കൈവശം വെയ്ക്കുന്നത് നായന്മാരാണ്. ഇടതുകൈയിൽ പരിചയും വലതു കൈയിൽ വാളും എപ്പോഴും ധരിച്ചുനടക്കുന്ന ഇവർ മാത്രമാണ് ആപൽഘട്ടങ്ങളിൽ രാജാവിനു സുരക്ഷ നൽകുന്നത്.

40. 'അവരുടെ പുരോഹിതന്മാർ ബ്രാഹ്മണന്മാരാണ്. ഈ നാമം അതിപുരാതനകാലം മുതൽക്കെ വലിയ മേധാവിത്വം പുലർത്തുന്നു. തത്വശാസ്ത്രത്തിന്റെ പിതാവിന്റെ* നിയമങ്ങളാണ് അവർ പിന്തുടരുന്നത്. ഒരു ജീവിയേയും അവർ കൊല്ലുകയില്ല. മാംസ ഭോജനത്തിൽനിന്നുള്ള സംയമനം അത്യന്തം കർക്കശമായി അവർ അനുവർത്തിക്കുന്നു. ലൈംഗികവേഴ്ചയുടെ കാര്യത്തിൽ മാത്രം വലിയ സ്വാതന്ത്ര്യവും ക്രമരാഹിത്യവും അവർ അവലംബിക്കുന്നു.

41. 'ഭാര്യമാർ എല്ലാവർക്കും ഉള്ളതാണ്; എന്നാൽ ഈ സംവിധാനം തങ്ങളുടെ ഭർത്താക്കന്മാരുടെ മുറയിൽപ്പെട്ടവർക്കു മാത്രമായിട്ടുള്ളതാണ്. ഇക്കാര്യത്തിൽ പരസ്പര അസൂയകൊണ്ട് വൃണിതരാകാത്ത ഈ സമ്പ്രദായവും ആളുകളും ഭാഗ്യവാന്മാർ തന്നെ. ഇവയും ഇതുപോലെ നിരവധി ആചാരങ്ങളും മലബാറിലെ ആളുകൾ അനുഷ്ഠിച്ചു പോരുന്നു. ചൈന മുതൽ നൈൽ വരെയുള്ള രാജ്യങ്ങളുമായി സമുദ്രമാർഗ്ഗമുള്ള കച്ചവടംകൊണ്ട് സമ്പുഷ്ടമാണ് ഈ നാട്'.

ലൂസിയാദുകളുടെ ഇതിഹാസം
ലൂയീഷ് വാഷ് ദ് കമോയിങ്ഷ്
വിവ. ഡേവീസ് സി.ജെ.
കറന്റ് ബുക്‌സ്, തൃശൂർ
2016, വില: 350 രൂപ