- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കലക്കവെള്ളത്തിൽ മീൻ പിടിക്കാൻ പലരുമുണ്ടാകും; മുതലെടുക്കന്നവരോട് ജാഗ്രത കാട്ടണം; സൗഹാർദ്ദത്തിൽ ഉലച്ചിൽ ഉണ്ടാക്കരുത്; സംയുക്ത വാർത്താസമ്മേളനവുമായി സിഎസ്ഐ സഭ ബിഷപ്പും താഴത്തങ്ങാടി ഇമാമും
കോട്ടയം: നാർക്കോട്ടിക് ജിഹാദ് സംബന്ധിച്ച പാലാ ബിഷപ്പിന്റെ പരാമർശത്തെ അനുകൂലിച്ചും പ്രതികൂലിച്ചും പ്രതിഷേധവും വിമർശനവും ഉയരുന്നതിനിടെ കേരളത്തിന്റെ മത സൗഹാർദ്ദത്തിൽ ഉലച്ചിൽ ഉണ്ടാക്കരുതെന്ന ആഹ്വാനവുമായി താഴത്തങ്ങാടി ഇമാമുമായി ചേർന്ന് സിഎസ്ഐ ബിഷപ്പിന്റെ സംയുക്ത വാർത്താസമ്മേളനം.
സി.എസ്ഐ മദ്ധ്യകേരള മഹായിടവക ബിഷപ്പ് ഡോ. മലയിൽ സാബു കോശി ചെറിയാനും താഴത്തങ്ങാടി ജുമാ മസ്ജിദ് ഇമാം ഷംസുദ്ദീൻ മന്നാനി ഇലവുപാലവുമാണ് സംയുക്ത പത്രസമ്മേളനം നടത്തിയത്. പാലാ ബിഷപ്പിന്റെ നാർക്കോട്ടിക് ജിഹാദ് പരാമർശത്തിന്റെ പശ്ചാത്തലത്തിലായിരുന്നു പത്രസമ്മേളനം. മതേതരത്വം ഉയർത്തിപ്പിടിക്കാൻ ആണ് സംയുക്ത വാർത്താസമ്മേളനം എന്നാണ് സഭയുടെ നിലപാട്.
എല്ലാ തെറ്റായ പ്രവണതകളേയും എതിർക്കപ്പെടണമെന്ന് പറയുമ്പോഴും പാലാ ബിഷപ്പിന്റെ പ്രസംഗത്തോട് പ്രതികരിക്കാനില്ലെന്നാണ് സിഎസ്ഐ ബിഷപ്പ് വാർത്താസമ്മേളനത്തിൽ പറഞ്ഞത്. എല്ലാവർക്കും അഭിപ്രായം പറയാൻ സ്വാതന്ത്ര്യമുണ്ടെന്നും ബിഷപ്പ് പറഞ്ഞു.
കേരളം സംരക്ഷിച്ചു വന്നിരുന്ന മതസൗഹാർദ്ദം തകർക്കാൻ സമൂഹമാധ്യമങ്ങൾ വഴിയും അല്ലാതെയും ചില ശക്തികൾ ശ്രമിക്കുന്നതായി താഴത്തങ്ങാടി ഇമാം ആരോപിച്ചു. അടുക്കാനാകാത്ത വിധം നമ്മൾ അകന്നുപോകാൻ പാടില്ലെന്നും ഇമാം കൂട്ടിച്ചേർത്തു. രണ്ടു സമൂഹങ്ങൾ തമ്മിലുള്ള അകൽച്ച ബോധപൂർവ്വം വർദ്ധിപ്പിക്കുന്നതിനായി ആരോക്കെയോ പിന്നാമ്പുറങ്ങളിൽ പ്രവർത്തിക്കുന്നതായും അദ്ദേഹം പറഞ്ഞു. കേരളത്തിന് പോർവിളിയും വിദ്വേഷവുമല്ല വേണ്ടതെന്നും സമാധാനവും സ്നേഹവുമാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിൽ എറ്റവുമധികം മതസൗഹാർദ്ദമുള്ള സംസ്ഥാനമാണ് കേരളമെന്നും ആ സൗഹാർദ്ദം നിലനിർത്തേണ്ടത് നമ്മുടെ എല്ലാവരുടെയും കർത്തവ്യമാണെന്നും ബിഷപ്പ് ഡോ. മലയിൽ സാബു കോശി ചെറിയാൻ പറഞ്ഞു.
ലഹരി പോലുള്ള എല്ലാ തെറ്റായ പ്രവണതകളെ എതിർക്കേണ്ടതാണെന്ന് ബിഷപ്പ് പറഞ്ഞു. അത് ഹിന്ദു ചെയ്താലും ക്രൈസ്തവർ ചെയ്താലും മുസ്ലിം ചെയ്താലും തെറ്റാണ്. വ്യക്തികളാണ് ഇതിന് ശിക്ഷിക്കപ്പെടേണ്ടതെന്നും സമൂഹമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോട്ടയത്തെ സി.എസ്ഐ മദ്ധ്യകേരള മഹായിടവക ബിഷപ്പ് ഹൗസിൽവച്ചാണ് ഇരുവരുടെയും സംയുക്ത പത്രസമ്മേളനം നടന്നത്.
സൗഹാർദ്ദത്തിൽ ഉലച്ചിൽ ഉണ്ടാക്കരുതെന്നും കലക്കവെള്ളത്തിൽ മീൻ പിടിക്കാൻ പലരുമുണ്ടാകുമെന്നും സംയുക്തവാർത്താസമ്മേളനത്തിൽ മതനേതാക്കൾ മുന്നറിയിപ്പ് നൽകി. മുതലെടുക്കന്നവരോട് ജാഗ്രത കാട്ടണം. ലൗ ജിഹാദോ, നാർക്കോട്ടിക് ജിഹാദോ ഉണ്ടോയെന്ന് കണ്ടെത്തേണ്ടത് സർക്കാരാണ്. സിഎസ്ഐ സഭയുടെ നിലപാട് സമാധാനം ആണെന്നും ബിഷപ്പ് മലയിൽ കോശി ചെറിയാൻ വ്യക്തമാക്കി.
അഭിപ്രായ പ്രകടനത്തിന് ബിഷപ്പിന് സ്വാതന്ത്ര്യമുണ്ടെന്നാണ് വാർത്താസമ്മേളനത്തിൽ സിഎസ്ഐ സഭ സ്വീകരിച്ച നിലപാട്. പ്രദേശത്തിന്റെ സമാധാനം നിലനിർത്തണം, പ്രസ്താവനയുടെ പേരിൽ റാലിയും ജാഥയും നടത്തരുതെന്ന് ഇരു മത നേതാക്കളും ആവശ്യപ്പെട്ടു.
മറുനാടന് മലയാളി ബ്യൂറോ