- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തമിഴ് ഹാസ്യനടൻ വടിവേൽ ബാലാജി അന്തരിച്ചു; മരണം ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിലിരിക്കെ; ലോക്ക് ഡൗൺ കാലയളവിൽ കടുത്ത സാമ്പത്തിക പ്രയാസത്തിലായിരുന്നു എന്നും റിപ്പോർട്ടുകൾ
ചെന്നൈ: തമിഴ്ഹാസ്യ നടനായ ബാലാജി എന്ന വടിവേൽ ബാലാജി അന്തരിച്ചു. 45 വയസായിരുന്നു. രണ്ടാഴ്ച മുൻപ് ഉണ്ടായ ഹൃദയാഘാതത്തെ തുടർന്ന് കൈകളുടെ ചലനശേഷി നഷ്ടപ്പെട്ട നിലയിൽ ചെന്നൈ രാജീവ്ഗാന്ധി ഗവ. ആശുപത്രിയിൽ ചികിൽസയിലായിരുന്നു. വ്യാഴാഴ്ച രാവിലെ മരണം സംഭവിച്ചു. ദിവസങ്ങൾക്ക് മുമ്പാണ് ഹൃദയാഘാതത്തെ തുടർന്ന് ചെന്നൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യനില വഷളായതിനെ തുടർന്ന് വെന്റിലേറ്ററിന്റെ സഹായത്തിലായിരുന്നു. സാമ്പത്തിക പ്രയാസം കാരണം സർക്കാർ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇന്ന് രാവിലെ മരണം സംഭവിക്കുകയും ചെയ്തു.
വിജയ് ടി.വിയിലെ 'കലക്കപോവത് യാര്' എന്ന ഷോയിലൂടെ ശ്രദ്ധിക്കപ്പെട്ടു. തമിഴ് ഹാസ്യനടൻ വടിവേലുവിനെ അനുകരിച്ച് ഹാസ്യ പരിപാടികൾ നടത്തിയിരുന്നതിനാലാണ് 'വടിവേലു ബാലാജി' എന്ന പേരിൽ അറിയപ്പെട്ടു തുടങ്ങിയത്. 1991 ൽ പുറത്തിറങ്ങിയ എൻ റാസാവിൻ മനസിൽ എന്ന ചിത്രത്തിലൂടെയാണ് മധുരക്കാരനായ ബാലജി തമിഴ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. വിജയ് ടി.വിയിലെ മിക്ക ഷോകളിലും ബാലാജിക്ക് മുഖ്യ റോളുണ്ടായിരുന്നു. 'കോലമാവ് കോകില' ഉൾപ്പെടെ ചില സിനിമകളിലും അഭിനയിച്ചു.
വടിവേലുവിനെ ഇത്രയും ഭംഗിയായി അനുകരിക്കുന്ന മറ്റൊരു വ്യക്തിയില്ലെന്ന് പറയാം. അതുകൊണ്ടുതന്നെയാണ് ബാലാജിക്ക് വടിവേൽ ബാലാജി എന്ന് വിളിപ്പേര് വരാൻ കാരണം. ഒരിക്കൽ വടിവേലു തന്നെ ബാലാജിയെ പരസ്യമായി അഭിനന്ദിച്ചിരുന്നു. താൻ തന്നെയാണോ ഇത് എന്നാണ് വടിവേലു അന്ന് പറഞ്ഞത്. ബാലാജി ഏറ്റവും ഒടുവിൽ അഭിനയിച്ച ചിത്രം നയൻതാര മുഖ്യ കഥാപാത്രമായ കൊലമാവ് കോകിലയാണ്. മധുരയിൽ ജനിച്ച വടിവേൽ ബാലാജി 1991ലാണ് ആദ്യമായി സിനിമയിൽ എത്തിയത്. എൻ രാസാവിൻ മനസിലെ ആയിരുന്നു ആദ്യ ചിത്രം. ലോക്ക് ഡൗൺ കാലയളവിൽ കടുത്ത സാമ്പത്തിക പ്രയാസത്തിലായിരുന്നു വടിവേൽ ബാലാജി എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഭാര്യയും രണ്ടു മക്കളുമുണ്ട്.
മറുനാടന് ഡെസ്ക്