വാഷിങ്ടൺ: യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിനും സർക്കാരിനുമെതിരെ രൂക്ഷ വിമർശനവുമായി ദേശീയ അന്വേഷണ ഏജൻസിയായ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷ(എഫ്ബിഐ)ന്റെ മുൻ ഡയറക്ടർ ജയിംസ് കോമി. ട്രംപ് ഭരണകൂടം എഫ്ബിഐയെക്കുറിച്ചു കള്ളങ്ങൾ പ്രചരിപ്പിക്കുകയും മേധാവിയായിരുന്ന തന്നെ മോശക്കാരനാക്കി ചിത്രീകരിക്കുകയും ചെയ്‌തെന്നു കോമി ആരോപിച്ചു. ഒരു മാസം മുൻപാണു ജയിംസ് കോമിയെ എഫ്ബിഐ ഡയറക്ടർ സ്ഥാനത്തുനിന്നു ട്രംപ് പുറത്താക്കിയത്.

സെനറ്റ് കമ്മിറ്റിക്കു മുൻപാകെ മൊഴി നൽകവെയാണു സർക്കാരിനും ട്രംപിനും എതിരായി കോമി ആഞ്ഞടിച്ചത്. തന്നെ പുറത്താക്കിയതിനു സർക്കാർ നൽകിയ വിശദീകരണം തൃപ്തികരമല്ലെന്നും അദ്ദേഹം പറഞ്ഞു. എഫ്ബിഐ ഡയറക്ടറെ മാറ്റുന്നതിനു നിയമപ്രകാരം കാരണം വ്യക്തമാക്കേണ്ടതില്ല.

എന്നാൽ, എഫ്ബിഐയുടെ പ്രവർത്തനം താളംതെറ്റിയെന്നും സംഘത്തിന്റെ ആത്മവിശ്വാസം ഇല്ലാതെയെന്നും ചൂണ്ടിക്കാട്ടി പുറത്താക്കിയതു തന്നെ അപമാനിക്കാനാണെന്നു കോമി ആരോപിച്ചു. യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ റഷ്യൻ രഹസ്യാന്വേഷണ വിഭാഗത്തിന്റെ ഇടപെടൽ സംബന്ധിച്ചാണു സെനറ്റ് സമിതിക്കു മുൻപാകെ കോമി വിശദീകരണം നൽകിയത്. ട്രംപിനെതിരെ ഗുരുതരമായ ആരോപണങ്ങൾ കോമി ഉന്നയിച്ചെന്നാണു റിപ്പോർട്ട്.

കഴിഞ്ഞ വർഷം നവംബറിൽ നടന്ന പ്രസിഡന്റു തിരഞ്ഞെടുപ്പിൽ ട്രംപിന് അനുകൂലമായി റഷ്യ ഇടപെടുകയും അതോടനുബന്ധിച്ചു ട്രംപിന്റെ പ്രചരണ പ്രവർത്തന സംഘത്തിലെ ചിലർ റഷ്യൻ ഉദ്യോഗസ്ഥരുമായി സമ്പർക്കം പുലർത്തുകയും ചെയ്‌തെന്ന ആരോപണമുണ്ടായിരുന്നു. അതിനെക്കുറിച്ചുള്ള അന്വേഷണത്തിനു എഫ്ബിഐയുടെ ഡയറക്ടർ ജയിംസ് കോമിയാണ് ആദ്യം നേതൃത്വം നൽകിയിരുന്നത്. ഇക്കഴിഞ്ഞ മെയ്‌ ഒൻപതിനു കോമിയെ ഡയറക്ടർ സ്ഥാനത്തുനിന്നു പിരിച്ചുവിട്ടതോടെ വീണ്ടും വിവാദങ്ങളായി.

അന്വേഷണം തടസ്സപ്പെടുത്താൻ ട്രംപ് ശ്രമിച്ചെന്ന ആരോപണം നേരത്തേയുണ്ട്. കോമിയെ അദ്ദേഹം പിരിച്ചുവിട്ട നടപടി അതിന്റെ ഭാഗമായിട്ടാണു കരുതപ്പെടുന്നത്. മുൻ യുഎസ് അസി. അറ്റോർണി ജനറൽ ക്രിസ്റ്റഫർ റേയെ ആണു പുതിയ എഫ്ബിഐ ഡയറക്ടറായി പ്രസിഡന്റ് നാമനിർദ്ദേശം ചെയ്തത്. സ്വകാര്യ നിയമ സ്ഥാപനത്തിൽ ജോലിചെയ്തിരുന്ന റേ 2003 മുതൽ 2005 വരെ ജോർജ് ഡബ്‌ള്യു. ബുഷിന്റെ കാലത്ത് അസി. അറ്റോർണി ജനറലായി പ്രവർത്തിച്ചിട്ടുണ്ട്. കോമിയുടെ വെളിപ്പെടുത്തൽ അനുസരിച്ചു, കേസ് അന്വേഷണത്തിൽ ഇടപെട്ടതായി തെളിഞ്ഞാൽ ട്രംപിന്റെ പ്രസിഡന്റു സ്ഥാനത്തിനു ഭീഷണിയായേക്കാമെന്നു വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.