ന്യൂഡൽഹി: ഗോൾഡൻ ഗ്ലോബ് പായ് വഞ്ചി മൽസരത്തിനിടെ അപകടത്തിൽപ്പെട്ട മലയാളി നാവിക സേന കമാൻഡർ അഭിലാഷ് ടോമിയെ ന്യൂ ആംസ്റ്റർഡാം ദ്വീപിൽ എത്തിച്ചു. രാവിലെ 9.30 ഓടെയാണ് അഭിലാഷ് ടോമിയുമായുള്ള ഫ്രഞ്ച് മൽസ്യബന്ധനക്കപ്പലായ ഒസിരിസ് ദ്വീപിലെത്തിയത്. അഭിലാഷിന്റെ ആരോഗ്യനില കൂടുതൽ മെച്ചപ്പെട്ടതായാണ് ഇപ്പോൾ ലഭിക്കുന്ന വിവരം.പ്രാഥമിക വൈദ്യസഹായവും അഭിലാഷിന് നൽകിയെന്ന് നാവികസേന അറിയിച്ചു. ഗോൾഡൻ ഗ്ലോബ് റേസ് അധികൃതർ ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ആംസ്റ്റർഡാമിൽ വിശദമായ വൈദ്യപരിശോധനയ്ക്കുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. മുതുകിന് സാരമായി പരിക്കേറ്റതിനാൽ എക്‌സ്‌റേ എടുക്കുന്നത് അടക്കമുള്ള കാര്യങ്ങൾ ആംസ്റ്റർഡാമിൽ നിന്ന് തന്നെ ചെയ്യും. ആരോഗ്യസ്ഥിതി പരിശോധിച്ച ശേഷമാകും അഭിലാഷ് ടോമിയെ ഓസ്ട്രേലിയയിലേക്കാണോ മൗറീഷ്യസിലേക്കാണോ കൊണ്ടു പോകേണ്ടതെന്നു തീരുമാനിക്കും. 27ന് ഓസ്ട്രേലിയയുടെയും 29ന് ഇന്ത്യൻ നാവികസേനയുടെയും കപ്പലുകൾ ദ്വീപിലെത്തും.ഇതിനു ശേഷമാകും അഭിലാഷിനെ മാറ്റേണ്ട കാര്യത്തിൽ തീരുമാനമെടുക്കുക.

അഭിലാഷിനൊപ്പം മത്സരിച്ച ഐറിഷുകാരൻ ഗ്രെഗർ മക്‌ഗെക്കിനേയും ആംസ്റ്റർഡാം ദ്വീപിലെത്തിച്ചിട്ടുണ്ട്. അഭിലാഷിന് പരിക്കേറ്റതോടെ രക്ഷിക്കാനായി ഗ്രെഗർ റേസിൽ നിന്ന് പിന്മാറുകയായിരുന്നു. എന്നാൽ തന്റെ പായ് വഞ്ചിയുമായി ഗ്രെഗറിന് അഭിലാഷിനടുത്തെത്താനായില്ല. തുടർന്ന് ഫ്രഞ്ച് കപ്പൽ ഓസിരിസ് അഭിലാഷിനൊപ്പം ഗ്രെഗറിനേയും രക്ഷിക്കുകയായിരുന്നു.

1968ൽ ബ്രിട്ടിഷുകാരൻ സർ റോബിൻ നോക്‌സ് ജോൺസ്റ്റൺ നടത്തിയ കടൽപ്രയാണത്തിന്റെ അൻപതാം വാർഷികത്തിന്റെ ഭാഗമായാണ് ഇത്തവണത്തെ ഗോൾഡൻ ഗ്ലോബ് റേസ്. അഭിലാഷ് ഉൾപ്പെടെ 18 പേരുടെ പായ് വഞ്ചികളാണു പങ്കെടുക്കുന്നത്. ജൂലൈ ഒന്നിനു ഫ്രാൻസിലെ ലെ സാബ്ലെ ദൊലോൻ തുറമുഖത്തു നിന്ന് ആരംഭിച്ച പ്രയാണത്തിൽ അപകടത്തിൽപ്പെടുമ്പോൾ മൂന്നാം സ്ഥാനത്തായിരുന്നു അഭിലാഷ്.
ഇന്ത്യൻ നേവിയുടെ ഐഎൻഎസ് സത്പുരയിലാകും അഭിലാഷിനെ കൊണ്ടുപോവുക.

പായ് വഞ്ചിയുടെ തൂൺ തകർന്നുവീണ് അഭിലാഷിന് ടോമിയുടെ നടുവിനാണ് പരുക്കേറ്റത്. അദ്ദേഹത്തിന് അനങ്ങാൻ സാധിക്കാത്ത നിലയിലായിരുന്നു. ഓസിരിസ് കപ്പലിലെ രണ്ട് ബോട്ടുകളിലാണ് രക്ഷാസംഘം അഭിലാഷിന് അടുത്തെത്തി രക്ഷപ്പെടുത്തിയത്.
ഇന്ത്യൻ നാവികസേനയുടെ പി-8ഐ വിമാനം നടത്തിയ തിരച്ചിലിലാണ് അഭിലാഷിന്റെ പായ് വഞ്ചി കണ്ടെത്തിയത്. ഇതാണ് രക്ഷാപ്രവർത്തനത്തിന് ഏറെ സഹായകരമായത്. വിമാനത്തിൽ നിന്ന് അയച്ച റേഡിയോ സന്ദേശങ്ങളോട് അഭിലാഷ് പ്രതികരിച്ചതോടെയാണ് സുരക്ഷിതനാണെന്ന് വ്യക്തമായത്.

ഫ്രാൻസിലെ 'ലെ സാബ്ലെ ദെലോൻ' എന്ന തുറമുഖത്തു നിന്ന് ജൂലൈ ഒന്നിനാണ് ഗോൾഡൻ ഗ്ലോബ് മത്സരത്തിനായുള്ള യാത്ര ആരംഭിച്ചത്. മൽസരത്തിന്റെ 83-ാം ദിവസം, ഇന്ത്യൻ മഹാസമുദ്രത്തിൽ വച്ചാണ് അഭിലാഷ് സഞ്ചരിച്ച പായ് വഞ്ചി തുരിയ തകർന്നത്. ഇതിനോടകം 19446 കിലോമീറ്റർ അഭിലാഷ് പായ് വഞ്ചിയിൽ പിന്നിട്ടിരുന്നു. അപകടത്തിൽ പെടുന്ന ഘട്ടത്തിൽ മൂന്നാം സ്ഥാനത്തായിരുന്നു അഭിലാഷ്.