തിരുവനന്തപുരം: അടുത്ത അദ്ധ്യായന വർഷം മുതൽ കേന്ദ്ര സർവകലാശാലകളിലെ പ്രവേശനത്തിനായി പൊതുപരീക്ഷ ഏർപ്പെടുത്താൻ കേന്ദ്രസർക്കാർ നീക്കം.തീരുമാ
നം നടപ്പിലായാൽ പ്ലസ് ടു മാർക്കിന്റെ അടിസ്ഥാനത്തിൽ സർവകലാശാലകളിൽ പ്രവേശനം നേടുന്ന രീതി അവസാനിക്കും. പ്രവേശന പരീക്ഷ നടത്തിപ്പ് സംബന്ധിച്ച ശുപാർശകൾക്കായി ഏഴംഗ സമിതിയെയും സർക്കാർ നിയോഗിച്ചു.

രാജ്യത്തെ എല്ലാ കേന്ദ്രസർവകലാശാലകളിലേക്കും കംമ്പ്യൂട്ടർ അധിഷ്ഠിത പൊതു പരീക്ഷയിലൂടെ പ്രവേശനമെന്നതാണ് കേന്ദ്രസർക്കാർ ഉദ്ദേശം.പരീക്ഷ നടത്തിപ്പ് അടക്കമുള്ള ക്രമീകരണങ്ങൾ എങ്ങനെ വേണമെന്നത് തീരുമാനിക്കാൻ ഏഴംഗ സമിതിയെ നിയോഗിച്ചു കഴിഞ്ഞു. ഒരു മാസത്തിനുള്ളിൽ സമിതി ശുപാർശകൾ സമർപ്പിക്കുമെന്ന് യുജിസി ചെയർപേഴസൺ പ്രൊഫസർ ഡിപി സിങ് വ്യക്തമാക്കി.നീറ്റ് മാതൃകയിൽ നാഷണൽ ടെസ്റ്റിങ് ഏജൻസി ആകും പരീക്ഷ നടത്തുക. പന്ത്രണ്ടാം ക്ലാസ് മാർക്കിന്റെ അടിസ്ഥാനത്തിൽ കട്ട് ഓഫ് മാർക്ക് നിശ്ചയിച്ച് സർവകലാശാലകൾ നടത്തുന്ന പ്രവേശനങ്ങളും ഓരോ കേന്ദ്ര സർവകലാശാലക്കും വെവ്വേറെ പ്രവേശന പരീക്ഷകൾ എന്ന രീതിക്കും ഇതോടെ അവസാനമാകും

അഭിരുചി, വിഷയാധിഷ്ഠിത പരീക്ഷകളായിരിക്കും പ്രവേശനത്തിനായി വിദ്യാർത്ഥികൾക്ക് ഉണ്ടാവുക. പ്ലസ്ടുവിന് അറുപത് ശതമാനം മാർക്ക് നേടിയവർക്കും പൊതു പരീക്ഷയിലൂടെ പ്രവേശനം നേടാൻ കഴിയുന്ന സാഹചര്യവും ഇതിലൂടെ ഉണ്ടാകും. 2020 ലെ യുജിസി കണക്ക് അനുസരിച്ച് ഇന്ത്യയിൽ 54 കേന്ദ്രസർവകലാശാലകൾ ആണ് ഉള്ളത്.2021 അധ്യയന വർഷം മുതൽ ഈ രീതിയിലേക്ക് മാറാനാണ് നീക്കം.