ഡിയർ ലിസ് അറിയുന്നതിന്,

ഹൗ ആർ യു? എനിക്കും അതിയാനും മാഗിക്കും ഇവിടെ സുഖം തന്നെ. പിന്നെ നിന്റെ അങ്ങേർക്കും ജോയി കുട്ടിക്കും എല്ലാം ഓകെ അല്ലേ. നീ അങ്ങ് മലബാറിന്ന് വെന്റ് ആയതി പിന്നെ എനിക്ക് ആകെ വിമ്മിട്ടം ആണ്.

ഞാൻ ഒരു പ്രത്യേക കാര്യം അന്വേഷിച്ച് അറിയുന്നതിനായിട്ടാണ് ഈ ലെറ്റർ എഴുതുന്നത്. എന്നാലും എന്റെ ലിസമ്മേ ആ രഞ്ജിനി ചെയ്ത ചതിയേ. അവൾ ഇങ്ങനെയൊക്കെ വിളിച്ചു പറയുമെന്ന് ആരെങ്കിലും കരുതിയോ. അവളെ ഞാൻ എന്റെ മാഗിയേക്കാൾ ലവ് ചെയ്തതല്ലേ. അവൾ പറഞ്ഞിട്ട് നമ്മൾ രണ്ടു പേരും എസ്എംഎസ് ചെയ്ത് എത്ര മണിയാണ് കളഞ്ഞത്. അവളെ ഞാൻ എന്റെ ഫാമിലി അംഗത്തെപ്പോലെ അല്ലേ കണ്ടിരുന്നത്.

എനിക്ക് എഡ്യുക്കേഷൻ കുറവാണെന്ന് പറഞ്ഞ് എന്റെ അങ്ങേര് ഷെയിം ചെയ്യുമ്പോൾ സ്റ്റാർ സിംഗറിൽ നിന്നും കേട്ടുപഠിച്ച അല്ല രഞ്ജിനി പഠിപ്പിച്ച പല വാക്കുകൾ ഉപയോഗിച്ച് ഞാൻ അതിയാന്റെ മൗത്ത് ഷട്ട് ആക്കിയിട്ടുണ്ടെന്ന് നിനക്ക് അറിയാമല്ലോ! അവളെ ഞാനും നീയും ഗുരുസ്ഥാനത്ത് അല്ലേ കണ്ടിരുന്നത്. രഞ്ജിനി പറയുന്നതുപോലെ ഇംഗ്ലീഷ് പറയാൻ നമ്മൾ എത്ര വിഷ് ചെയ്തു.

എന്റെയും നിന്റെയും പേരുകൾ പോലും എത്ര ഓൾഡ് ആണെന്ന് സ്റ്റാർ സിംഗർ വാച്ച് ചെയ്യാൻ തുടങ്ങിയപ്പോൾ അല്ലേ മനസ്സിലാക്കിയത്. എന്റെ അങ്ങേര് ആണെങ്കിൽ ഒരു മോഡേൺ ഡ്രസ്സ് പോലും ധരിക്കാൻ സമ്മതിക്കില്ല. എന്റെ മാത്തുക്കുട്ടി, അല്ല, മാറ്റ് മോൻ അങ്ങ് അമേരിക്കയിൽ നിന്നും വന്നപ്പോൾ കൊണ്ടുവന്ന ടീ ഷർട്ട് ഇടാൻ പോലും ആ പണ്ടാരക്കാലൻ സമ്മതിച്ചിട്ടില്ല.

മാരി കഴിഞ്ഞാൽ പിന്നെ നമ്മൾ ഈ മാൻസിന്റെ എല്ലാം അടിമയാണെന്നാണ് തിങ്കിങ്. ബട്ട് എയർപോർട്ടിൽ വച്ച് ക്യു ചാടിക്കടന്ന് പുവർ കഗെസിനെ ഉണ്ണിയാർച്ച സ്‌റ്റൈലിൽ ഹരിശ്രീ പഠിപ്പിക്കുന്നതു കണ്ടപ്പോൾ തന്നെ നമ്മൾ എത്ര രോമാഞ്ചം കൊണ്ടിരുന്നു. ഇത്രയായിട്ടും ഞാൻ കാര്യത്തിലേക്ക് വന്നില്ല.

കഴിഞ്ഞ ദിവസം ഒരു സംഭവം ഇവിടെയുണ്ടായി. അവളില്ലേ മാഗി എന്റെ മോൾ. അവൾക്ക് സാധാരണ ഇംഗ്ലീഷ് ഒക്കെ വലിയ പിടിപാടാണ്. ഇവിടെ അയൽപക്കത്തൊക്കെ അവൾ ഇംഗ്ലീഷ് പറയുന്നത് കേൾക്കുമ്പോൾ തന്നെ എനിക്ക് വലിയ ഹാപ്പിയാണ്. എന്നാൽ കഴിഞ്ഞ ദിവസം ആ രഞ്ജിനി ടിവിയിൽ പറഞ്ഞ വാക്ക് ലെസ്‌ബിയൻ എനിക്കറിയാമോ ഇതെന്താണ്. ഞാനോർത്തു ഏതാണ്ട് മലയാളം അറിയാതെ പറഞ്ഞപ്പോൾ തെറ്റി പോയതാണെന്ന്.

അവളു പറയുവാ ലെസ്‌ബിയൻസിനെ മാത്രമേ ബിലീവ് ചെയ്യാൻ കൊള്ളു എന്ന്. ഞാനോർത്തു സംഭവം ഫന്റാസ്റ്റിക് ആണല്ലോ എന്ന്. എന്നാൽ മാഗി അതിന്റെ മീനിങ് എന്താണെന്ന് ചോദിച്ചപ്പോൾ എനിക്കറിയാമോ. ഞാൻ പറഞ്ഞു നിന്റെ പ്രായോജകൻ വരുമ്പോൾ ചോദിക്കാൻ. എന്തായാലും ഇവിടെ ബാറുകൾ അടച്ചു പൂട്ടിയതുകൊണ്ട് അങ്ങേര് നേരത്തെ കമിങ് ആയി. അങ്ങേര് ആകെ കേട്ടിരിക്കുന്നത് ബാർ ലൈസൻസി എന്നു മാത്രമാണ്. എന്നാൽ പിന്നെ വിവരം ഉള്ള ആരോടെങ്കിലും ചോദിച്ചു വരാം എന്നു പറഞ്ഞ് ഹൗസിൽ നിന്നും എസ്‌കേപ്പ് ആയി.

നേരെ പോയത് നമ്മുടെ തെക്കേനിലെ സുന്ദരിക്കോതയില്ലെ ആ കോളേജിലൊക്കെ പഠിച്ച അവളോട് നേരെ പോയി ചോദിച്ചു മോളെ ലെസ്‌ബിയൻ എന്താണന്ന്. എന്റെ ലിസമ്മേ അവൾ ഇനിയൊന്നുമില്ല എന്റെ കെട്ടിയവനെപ്പറയാൻ അവളുചെന്ന് അവളുടെ ആങ്ങളമാരോട് വിവരം പറഞ്ഞു. അവരുതേണ്ടെ ചോദിക്കാൻ വന്നിരിക്കുന്നു. അവസാനം കൺട്രിസായ നാട്ടുകാർ ഓടികൂടി. അങ്ങേര് അവളോട് എന്തോ വൃത്തികേട് പറഞ്ഞതായിട്ടാണ് അവളു പറയുന്നത്. നിനക്കറിയാമല്ലോ അങ്ങേർക്ക് അതിനൊന്നുമുള്ള കഴിവില്ലന്ന്.

നീ എനിക്ക് ഒരു ഉപകാരം ചെയ്യണം. അവിടെ മലബാറിൽ മലയാളം അറിയാവുന്നവർ ഉണ്ടെങ്കിൽ അവരോട് സീക്രട്ടായി ചോദിച്ചിട്ട് വിവരം അറിയിക്കണം. നാട്ടുകാരിൽ നിന്നും തത്തീര് കിട്ടിയതിൽ പിന്നെ അങ്ങേര് ഇംഗ്ലീഷ് പഠിക്കണം എന്നൊക്കെ പിച്ചും പേയും പറയുന്നുണ്ട്. അതുകൊണ്ട് ഇപ്പോൾ പെൺകൊച്ച് അടുത്തില്ലാത്തപ്പോൾ ചില ഇംഗ്ലീഷ് ചാനല് ഒക്കെ വച്ച് കാണുന്നുണ്ട്. ഇംഗ്ലീഷ് പഠിക്കാൻ ആണെന്നാണ് പറയുന്നത്. അതുകൊണ്ട് നിനക്ക് സമയമുള്ളപ്പോൾ പാരിജാതത്തിന്റെയും പതിവ്രതയുടെയും കഥ ഒന്ന് ഇ മെയിൽ ചെയ്യണം. എനിക്ക് സീരിയലുകൾ കാണാൻ സമയം കിട്ടുന്നില്ല. അങ്ങേര് അതിന് സമ്മതിക്കുന്നില്ല. അതുകൊണ്ട് ഞാൻ കെപിസിസി ഭഗവാനോട് മുട്ടിപ്പായി പ്രാർത്ഥിക്കുന്നുണ്ട് ബിയർ പാർലറുകൾ തുറക്കണമേയെന്ന്. എങ്കിൽ മാത്രമേ അങ്ങേര് സന്ധ്യയാകുമ്പോൾ വീട്ടിൽ കാണാതിരിക്കുകയുള്ളു. അതുകൊണ്ട് ഞാൻ പറഞ്ഞ കാര്യങ്ങളുടെ സംഗതി മറക്കരുത്.

സാറാമ്മ എന്ന സാറ