ദുബൈയിലെ പൊതുഗതാഗത സംവിധാനങ്ങളിൽ ഉപയോഗിക്കുന്ന നോൽ കാർഡുകൾ വഴി മറ്റ് പണമിടപാടുകൾക്കും സൗകര്യം വരുന്നു. ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ പോലെ നോൽ കാർഡും ചെറു ഇടപാടുകളുടെ പണം നൽകാൻ ഉപയോഗപ്പെടുത്താവുന്ന സംവിധാനമാണ് നിലവിൽ വരുകഇത് സംബന്ധിച്ച റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അഥോറിറ്റിയും സ്മാർട്ട് ദുബൈ ഓഫീസും ധാരണാപത്രത്തിൽ ഒപ്പുവച്ചു.

ദുബൈയെ സ്മാർട്ട് സിറ്റിയാക്കി മാറ്റാനുള്ള ഭരണാധികാരി ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്റെ നിർദ്ദേശം അനുസരിച്ചാണ് പുതിയ പദ്ധതി ആവിഷ്‌കരിച്ചതെന്ന് സ്മാർട്ട് ദുബൈ ഓഫിസ് ഡയറക്ടർ ജനറൽ ഡോ. ആയിശ ബിൻത് ബുത്തി ബിൻ ബിശർ പറഞ്ഞു. പ്രധാനമായും സർക്കാർ സേവനങ്ങളുടെ ഫീസടക്കാനായിരിക്കും നോൽ കാർഡ് ഉപയോഗപ്പെടുത്തുക. 24 മണിക്കൂറും പണമടക്കാൻ സാധിക്കും. ഏതൊക്കെ സേവനങ്ങൾ ഉൾപ്പെടുത്തണമെന്നത് സംബന്ധിച്ച് ഇരുസ്ഥാപനങ്ങളും തമ്മിൽ ചർച്ച നടത്തും.

നേരത്തെ എമിറേറ്റ്‌സ് എൻ.ബി.ഡി ബാങ്കുമായി ചേർന്ന് ആർ.ടി.എ നോൽ ക്രെഡിറ്റ് കാർഡുകൾപുറത്തിറക്കിയിരുന്നു. വ്യാപാര സ്ഥാപനങ്ങളിലെ പണം നൽകാൻ നോൽ കാർഡുകൾ ഉപയോഗപ്പെടുത്തുന്നത് സംബന്ധിച്ച് ചർച്ചകളുണ്ട്. ഭാവിയിൽ ഇതും നിലവിൽ വന്നേക്കുമെന്നാണ് സൂചന.