വമാദ്ധ്യമങ്ങളുടെ സാമൂഹിക പ്രസക്തിക്ക് ഇനിയും മുഖവുരയുടെ ആവശ്യമില്ല. ലോകത്തെ കൂടുതൽ നീതിയുക്തമായ ഇടമാക്കി മാറ്റുന്നതിനും സർവാധിപത്യങ്ങളെ പുറംതള്ളിയുള്ള ജനായത്തവത്കരണത്തിനും പുതിയ മാദ്ധ്യമ പരിസരം നൽകുന്ന പിന്തുണയ്ക്ക് കൂടുതൽ തെളിവുകൾ വേണ്ട. അറിവും വാർത്തകളും ഇനിമേൽ തമസ്‌കരിക്കാനാവില്ല എന്ന് തെളിയിച്ച് നിൽപും ഇരിപ്പും സമരങ്ങൾ നമ്മുടെ നാട്ടിലും അരങ്ങേറിക്കഴിഞ്ഞു. മുമ്പ് ചിന്തിക്കാൻകൂടി കഴിയാതിരുന്ന പല കാര്യങ്ങളുംസ്വവർഗ ലൈംഗികത മുതൽ ചുംബനസമരം വരെ ഇന്ന് പൊതുസമൂഹത്തിന്റെ മുമ്പിലേക്ക് എത്തുന്നത് മാറിയ മാദ്ധ്യമ സാഹചര്യത്തിന്റെ തെളിവാണ്.

ഇപ്പോൾ എന്തിനാണ് ഇതൊക്കെ പറയുന്നത് എന്ന ചോദ്യം ഉയരുംമുമ്പ് വിഷയത്തിലേക്ക് വരാം: കേരളത്തിലെ മാദ്ധ്യമ മേഖലയിൽ നൂറ്റാണ്ടോളം പഴക്കമെത്തിയ പത്രമുത്തശ്ശിമാരും മുത്തശ്ശന്മാരും പുതിയ മാദ്ധ്യമ സംസ്‌കാരത്തോട് പുലർത്തുന്ന 'ഫോബിയ' പറഞ്ഞു തുടങ്ങേണ്ടിയിരിക്കുന്നു. ആ വാർധക്യഭീതിയുടെ തെളിവായാണ്, തങ്ങളുടെ സ്ഥാപനത്തിലെ തൊഴിൽ പ്രശ്‌നങ്ങളെ റിപ്പോർട്ട് ചെയ്തതിന്റെ പശ്ചാത്തലത്തിൽ കേരളത്തിന്റെ 'ദേശീയ' ദിനപത്രമായ മാതൃഭൂമിയുടെ മാനേജ്‌മെന്റ് സൗത്ത്‌ലൈവ്, അഴിമുഖം, വൺ ഇന്ത്യ എന്നീ ഓൺലൈൻ പോർട്ടലുകളെ തങ്ങളുടെ ഓഫീസുകളിൽ നിരോധിച്ച സംഭവത്തെ ഞങ്ങൾ കാണുന്നത്.

മാതൃഭൂമിയിൽ നിന്ന് ഇത് പുതിയ സമീപനമല്ല. രണ്ട് വർഷംമുമ്പ്, 2013 ഫെബ്രുവരിയിൽ, മാതൃഭൂമിയുടെ തൊഴിലാളി വിരുദ്ധ നടപടികളെ കുറിച്ചുള്ള ഒരു ലേഖനം പ്രസിദ്ധീകരിച്ചതിന് ആ പത്രം നാല് ഓൺലൈൻ പോർട്ടലുകളെ ആദ്യമായി തങ്ങളുടെ ആഭ്യന്തരലോകത്ത് നിരോധിക്കുകയുണ്ടായി. ഡൂൾന്യൂസ്, മലയാൾ.എഎം, ബോധികോമൺസ്, മറുനാടൻ മലയാളി എന്നീ പോർട്ടലുകളെയാണ് അവർ നിരോധിച്ചത്. അതുകൊണ്ടും അരിശം തീരാതെ, സുപ്രീംകോടതി സമീപകാലത്ത് റദ്ദുചെയ്ത 66 എ എന്ന കിരാത വകുപ്പ് പ്രകാരം തന്നെ അന്ന് ഈ സ്ഥാപനങ്ങൾക്കെതിരെ കേസും നൽകി. മാതൃഭൂമിയിൽ കുറെ കാലമായി നടന്നുകൊണ്ടിരിക്കുന്ന ജനാധിപത്യ വിരുദ്ധവും അങ്ങേയറ്റവും അപലപനീയവുമായ കാര്യങ്ങൾ പുറം ലോകത്തോട് വിളിച്ചു പറയുന്നതിന്റെ പേരിലാണ് ഈ വിലക്കുകൾ. അറിയിക്കാനുള്ള അവകാശത്തേക്കാൾ ഒരു തൂക്കം കൂടുതലുണ്ട് മനുഷ്യരുടെ അറിയാനുള്ള അവകാശത്തിന്. ഏതെങ്കിലും വിധത്തിലുള്ള നിരോധനം കൊണ്ടോ നിഷേധം കൊണ്ടോ തങ്ങൾക്ക് ഇഷ്ടമില്ലാത്ത കാര്യങ്ങൾ മൂടിവയ്ക്കുക ഇന്നത്തെ കാലത്ത് സാധ്യമാണെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കിൽ അത് മൗഢ്യമെന്നേ ഞങ്ങൾ പറയൂ.

ലോകം ഒരുപാട് മാറിയിട്ടുള്ളത് മാതൃഭൂമിയടക്കം പാരമ്പര്യത്തെ കൂട്ടുപിടിക്കുന്ന എല്ലാ മാദ്ധ്യമ സ്ഥാപനങ്ങളും മനസിലാക്കണം. ആധുനിക ജനാധിപത്യ സമൂഹത്തിലേക്കുള്ള ഓരോ കാൽവയ്‌പ്പും ലോകം അത്രയേറെ പ്രതീക്ഷയോടെയാണ് കാണുന്നത്. അവിടെ പുലർത്തേണ്ട മര്യാദകളും മാന്യതകളും ഒക്കെ ലംഘിക്കപ്പെടുന്നു എന്നു മനസിലാകുമ്പോഴാണ് പ്രതിരോധങ്ങൾ ഉയരുന്നതും. അകം മുഴുവൻ ചീഞ്ഞുനാറുന്ന സാഹചര്യത്തിലും പലവിധ വിലക്കുകളുടെയും ശാസനകളുടെയും ഒക്കെ രൂപത്തിൽ ജനാധിപത്യവിരുദ്ധമായ കാര്യങ്ങൾ തുടർന്നുകൊണ്ടു പോവുക എളുപ്പമല്ല. പക്ഷേ പാരമ്പര്യത്തിന്റെ ഭാരം പേറുന്നവർക്ക് അത് എളുപ്പം മനസിലാകണമെന്നില്ല.

അറിയാനും അറിയിക്കാനുമുള്ള അവകാശത്തിനായി വാചാലരാകുന്ന മാദ്ധ്യമങ്ങൾ, ലോകത്തെ എന്തിനെ കുറിച്ചും വലിയ ശബ്ദത്തിൽ വിളിച്ചുപറയുന്നവർ, ഒരിക്കലും ആ കണ്ണാടി സ്വന്തം മുഖത്തേക്ക് തിരിച്ചുവെക്കാറില്ല. പ്രതിഫലിക്കേണ്ടത് ബാഹ്യലോകം മാത്രമാണെന്നും തങ്ങളുടെ ആന്തരികലോകം വികൃതവും നികൃഷ്ടവുമാണെങ്കിലും അത് പുറത്തറിയരുതെന്നുമാണ് മാദ്ധ്യമലോകത്ത് എക്കാലത്തുമുള്ള അലിഖിത വ്യവസ്ഥ. ഇവിടേക്ക് പുറത്തുനിന്ന് മറ്റാരെങ്കിലും വെളിച്ചം തിരിച്ചുവിട്ടാൽ അത് അവരെ പരിഭ്രാന്തിയിലേക്ക് നയിക്കുന്നതും വിവേകപരമല്ലാത്ത നടപടികൾ തീരുമാനങ്ങളായി പുറത്തു വരുന്നതും പലപ്പോഴായി കാണാറുണ്ട്. തങ്ങൾ കണ്ണടച്ചാൽ ലോകം ഇരുട്ടിയെന്ന 'കാരണവർ സിണ്ട്രോം' തന്നെയാണ് അത്തരക്കാരെ നയിക്കുന്നതും.

സ്ഥാപനം എന്ന പരിമിത വൃത്തത്തിൽ എന്ത് വേണം, വേണ്ട എന്ന് തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യം മാതൃഭൂമിക്കും മറ്റ് സ്ഥാപനങ്ങൾക്കും ഒക്കെ ഉണ്ടാകാം. എന്നാലതേസമയം മാതൃഭൂമി മനസിലാക്കേണ്ട ഒരു കാര്യമുണ്ട്. അത് തങ്ങളുടെ സ്ഥാപനമെന്ന തൊഴിലിടത്തെ കുറിച്ചാണ്; അവിടെ കുറേ മനുഷ്യർ തൊഴിലെടുക്കുന്നുണ്ട്; അവർക്ക് കാര്യങ്ങൾ/വിവരങ്ങൾ അറിയാനുള്ള അവകാശവുമുണ്ട്. ഇത് തിരിച്ചറിഞ്ഞില്ലെങ്കിൽ തീർച്ചയായും നിങ്ങൾ തുറന്നു കാട്ടപ്പെട്ടുകൊണ്ടേയിരിക്കും. ഇതൊരു ഭീഷണിയല്ല. മറിച്ച് ചരിത്രപരമായ തിരിച്ചറിവാണ്.

കേവലം ഓഫീസ് വൃത്തങ്ങളിലെ പൊടിപ്പും തൊങ്ങലുകളും ലോകത്തെ അറിയിക്കുക എന്ന കാര്യമല്ല നവമാദ്ധ്യമങ്ങൾ ചെയ്യുന്നത് എന്നു മനസിലാക്കണം. സുതാര്യതയും സത്യസന്ധതയും ലോകത്തെ നയിക്കണം എന്ന കാഴ്ചപ്പാടോടു കൂടി അനേകം ആളുകളും സ്ഥാപനങ്ങളും കൂട്ടായ്മകളും ഒക്കെ ഉണ്ടായി വരുന്നത് ഒരു പ്രത്യാശയാണ്. അതിൽ ഉത്തരവാദിത്തം എന്നൊരു കാര്യം കൂടിയുണ്ട്; അവരവർ ജീവിക്കുന്ന ചുറ്റുപാടുകളോടും ഈ സമൂഹത്തോടാകെത്തന്നെയും. അത്തരം കാര്യങ്ങളിൽ വീഴ്ചകൾ വരുമ്പോൾ പ്രിയപ്പെട്ട മുത്തശ്ശി, നിങ്ങൾക്കുനേരെയും വിരൽചൂണ്ടേണ്ടിവരും. നിങ്ങൾ സ്വരുക്കൂട്ടിവച്ച മൂലധനത്തിന്റെ മതിൽക്കെട്ടുകൾക്കുള്ളിൽ നടക്കുന്നതെന്തെന്നും വിളിച്ചുപറയേണ്ടിവരും. അവിടെയാണ് പത്രധർമത്തിന്റെ ഉൾക്കരുത്ത് ഞങ്ങൾക്ക് പിൻബലമേകുന്നത്. അതിനുകൂടിയാണ് നവമാദ്ധ്യമങ്ങൾ.

പത്രസ്ഥാപനങ്ങൾ കേവലം സ്വകാര്യ സ്ഥാപനങ്ങൾ എന്നുള്ള കാഴ്‌ച്ചപാടിൽ മാത്രമല്ല കാര്യങ്ങളെ കാണേണ്ടത്, മറിച്ച് ആയിരക്കണക്കിന് തൊഴിലാളികൾ പണിയെടുക്കുന്ന തൊഴിലിടം എന്ന നിലയ്ക്ക് കൂടിയാണ്. സ്വാഭാവികമായും അവിടങ്ങളിൽ തൊഴിൽ പ്രശ്‌നങ്ങളും സമരങ്ങളും രൂപപ്പെടും. അത്തരം കാര്യങ്ങളെ ആരാണ് റിപ്പോർട്ട് ചെയ്യേണ്ടതെന്ന ഒരു ജേർണലിസ്റ്റിക് എത്തിക്കൽ ചോദ്യം ഇപ്പോഴെങ്കിലും ചോദിക്കണ്ടേ? പരസ്പരം കൂട്ടുകച്ചവടം നടത്തുന്നവരെന്ന നിലയിൽ മുഖ്യധാരാ പത്രസ്ഥാപനങ്ങൾക്ക് ഐക്യപ്പെട്ട ഒരു താൽപര്യമുണ്ടാകും. മുതലാളിത്ത താൽപര്യങ്ങൾ തന്നെയാണത്. അതുകൊണ്ട് തന്നെ അവിടങ്ങളിലെ തൊഴിൽ സമരങ്ങൾ റിപ്പോർട്ട് ചെയ്യാതിരിക്കുക എന്നത് ഈ മുതലാളിത്ത താൽപര്യത്തിന്റെ പ്രകടമായ പ്രതിഫലനമായിരിക്കുമല്ലോ.

വിലക്കല്ല, തുറന്നുകൊടുക്കലും സുതാര്യതയും നൈതികതയുമാണ് ലോകത്തെ നയിക്കേണ്ടതെന്ന് ഇനിയെന്നാണ് നമ്മൾ മനസിലാക്കുന്നത്? ഒരിടത്ത് ഏർപ്പെടുത്തുന്ന വിലക്കുകൊണ്ട് എല്ലായിടത്തുമുള്ള വിലക്ക് സാധ്യമല്ല. മൂടിവെക്കുന്നവിവരങ്ങൾ അറിയാൻ താൽപര്യമുള്ളവർക്ക് അവരുടെ വിരൽതുമ്പിൽ കാര്യങ്ങളറിയാമെന്ന നിലയിലേക്ക് ലോകവും നവമാദ്ധ്യമങ്ങളും സാങ്കേതിക വളർച്ച കൈവരിച്ചിട്ടുണ്ട്. കല്ലച്ചിന്റെ ലോകത്തു നിന്ന് പത്രപ്രവർത്തനം പുതിയ ആകാശങ്ങൾ കണ്ടെത്തിക്കഴിഞ്ഞു. അതിരുകളില്ലാത്ത നവമാദ്ധ്യമ വിഹായസ്സിന്റെ സ്വാതന്ത്ര്യം ഇത്തരം സ്ഥാപനങ്ങളും ആസ്വദിക്കുന്നുണ്ട്. തങ്ങളാസ്വദിക്കുന്ന ഈ സ്വാതന്ത്ര്യം മറ്റുള്ളവർക്ക് പാടില്ലന്നും, തങ്ങൾക്കുനേരെ ഒരിക്കലും പ്രയോഗിക്കരുതെന്നുമാണ് ഇപ്പോൾ നിരോധനം ഏർപ്പെടുത്തിയതിലൂടെ മാതൃഭൂമി കൽപ്പിക്കുന്നത്.

'നവമാദ്ധ്യമങ്ങൾ മഹാവിപ്ലവങ്ങൾ കൊണ്ടുവരുമെന്നും മുഖ്യധാരാ മാദ്ധ്യമങ്ങൾക്കു പകരമാകുമെന്നും ഒക്കെയുള്ളത് ഒരുകാലത്തും നടന്നേക്കില്ല' എന്ന് സ്വയം സമാധാനിക്കുക തന്നെയാണ് പാരമ്പര്യത്തിന്റെ അധികഭാരം ചുമക്കുന്നവർക്ക് അഭികാമ്യം. സത്യം മറച്ചുവച്ചും വസ്തുതകളെ വളച്ചൊടിച്ചും മുഖ്യധാരാ മാദ്ധ്യമങ്ങൾ ചെയ്യുന്ന കാര്യങ്ങൾ നവമാദ്ധ്യമങ്ങൾ ചെറുതായെങ്കിലും പുറത്തെത്തിക്കുന്നുവെന്നതാണ് യാഥാർത്ഥ്യം. ഇതൊരു തുടക്കമാണ്. ഇതിനോട് ക്രിയാത്മകമല്ലാതെ പ്രതികരിക്കുന്നത് പാരമ്പര്യത്തിന്റെ മഹത്വചിന്തയിൽ അഭിരമിക്കുന്നവരെ കൂടുതൽ അപഹാസ്യരായിത്തീർക്കുകയേയുള്ളൂ. കാലത്തെ തങ്ങളുടെ പേനത്തുമ്പുകൊണ്ട് പിടിച്ചുകെട്ടിക്കളയാമെന്നും തങ്ങളുടെലോകത്തു നിന്നും ഒരു കുയിലും പാടില്ല എന്നുമൊക്കെ ധരിച്ചുവശായിരിക്കുന്ന മുത്തശ്ശിമാരുടെ വിലക്കുകൾക്ക് മുമ്പിൽ പകച്ചു നിൽക്കുന്നതല്ല വർത്തമാനകാലവും അതാവശ്യപ്പെടുന്ന പത്രപ്രവർത്തനവും. ഇതൊന്ന് ഓർമിപ്പിക്കുക എന്ന ചെറിയ ദൗത്യമുണ്ടെന്ന് തോന്നി; അതും കൂട്ടായിട്ടു തന്നെ.