ബർമിങ്ങാം: കോമൺവെൽത്ത് ഗെയിംസിൽ മെഡൽ വേട്ട തുടർന്ന് ഇന്ത്യൻ താരങ്ങൾ. ഇന്ന് നാല് സ്വർണമുൾപ്പെടെ എട്ട് മെഡലുകളാണ് ഇന്ത്യൻ താരങ്ങൾ സ്വന്തമാക്കിയത്. ബോക്സിങ്ങിൻ മൂന്ന് സ്വർണം നേടിയപ്പോൾ പുരുഷ വിഭാഗം ട്രിപ്പിൾ ജമ്പിലായിരുന്നു നാലാം സ്വർണം. ഒപ്പം രണ്ട് വെള്ളിയും മൂന്ന് വെങ്കലവും ഇന്ന് ഇന്ത്യ നേടി.

പുരുഷന്മാരുടെ ബോക്‌സിങ്ങിൽ ഇന്ത്യയുടെ അമിത് പംഗൽ സ്വർണം നേടി. 51 കിലോ വിഭാഗത്തിൽ അമിത് ഇംഗ്ലണ്ടിന്റെ കിയാരൻ മക്‌ഡൊണാൾഡിനെ തോൽപിച്ചു. വനിത ബോക്‌സിങ്ങിൽ ഇന്ത്യയുടെ നിതു ഗൻഗസ്സും നിഖാത്ത് സരിനും സ്വർണം നേടി. 48 കിലോ വിഭാഗത്തിൽ ഇംഗ്ലണ്ടിന്റെ ഡെമി ജേഡിനെയാണ് നിതു പരാജയപ്പെടുത്തിയത്. വനിതകളുടെ 50 കിലോഗ്രാം വിഭാഗത്തിൽ നിഖത് സരീൻ വടക്കൻ അയർലൻഡിന്റെ കാർലി നൗലിനെ തോൽപിച്ചു.

ട്രിപ്പിൾ ജംപിൽ മലയാളി താരം എൽദോസ് പോൾ സ്വർണം നേടി. ഫൈനലിൽ 17.03 മീറ്റർ ചാടിയാണ് എൽദോസ് സ്വർണം നേടിയത്. 17.02 മീറ്റർ ചാടിയ മലയാളിയായ അബ്ദുള്ള അബൂബക്കറിനാണ് വെള്ളി. മറ്റൊരു ഇന്ത്യൻ താരമായ പ്രവീൺ ചിത്രാവൽ നാലാം സ്ഥാനത്ത് എത്തി. ടേബിൾ ടെന്നീസ് പുരുഷ ഡബിൾസിൽ അചന്ത ശരത് കമൽ-സത്യൻ ജ്ഞാനശേഖരൻ സഖ്യം വെള്ളി നേടി. വനിതാ ജാവലിൻ ത്രോയിൽ അനു റാണിയും 10,000 കിലോമീറ്റർ നടത്തത്തിൽ സന്ദീപ് കുമാറും വെങ്കലം നേടി.

വനിതാ ഹോക്കിയിൽ ഇന്ത്യ വെങ്കലം നേടി. വെങ്കല മെഡൽ പോരാട്ടത്തിൽ ന്യൂസിലൻഡിനെയാണ് ഇന്ത്യൻ വനിതകൾ പരാജയപ്പെടുത്തിയത്. നിശ്ചിത സമയത്ത് ഇരുടീമുകളും 1-1ന് സമനില പാലിച്ചതിനേത്തുടർന്ന് ഷൂട്ടൗട്ടിലായിരുന്നു ഇന്ത്യൻ വനിതകളുടെ വിജയം.

അതേസമയം, ബാഡ്മിന്റൺ വനിതാ സിംഗിൾസിൽ പി.വി. സിന്ധുവും പുരുഷ സിംഗിൾസിൽ ലക്ഷ്യ സെന്നും ഫൈനലിൽ കടന്നു. സെമിയിൽ സിംഗപ്പൂരിന്റെ ജിയ മിന്നിനെയാണ് സിന്ധു തോൽപ്പിച്ചത്. നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു (2119, 2117) സിന്ധുവിന്റെ വിജയം.

ഗെയിംസിൽ ഇന്ത്യയുടെ സ്വർണനേട്ടം 17 ആയി. 13 വെള്ളിയും 19 വെങ്കലവും അടക്കം 49 മെഡലുകളാണ് ഇന്ത്യയുടെ അക്കൗണ്ടിലുള്ളത്. ഇതോടെ മെഡൽ പട്ടികയിൽ ന്യൂസിലൻഡിനെ പിന്തള്ളി ഇന്ത്യ നാലാം സ്ഥാനത്തേക്കും കുതിച്ചു.

കോമൺവെൽത്ത് ഗെയിംസ് ക്രിക്കറ്റിൽ സ്വർണം തേടി ഇന്ത്യൻ വനിതകൾ ഇന്ന് ഓസ്ട്രേലിയയെ നേരിടും. എഡ്ജ്ബാസ്റ്റണിൽ ഇന്ത്യൻ സമയം രാത്രി 9.30നാണ് മത്സരം കാണാം. ആതിഥേയരായ ഇംഗ്ലണ്ടിനെ തോൽപ്പിച്ചാണ് ഇന്ത്യ സ്വർണപ്പോരാട്ടത്തിന് യോഗ്യത നേടിയത്. ഓസ്ട്രേലിയ ന്യൂസിലൻഡിനെയാണ് തോൽപ്പിച്ചത്. ഫൈനലായതിനാൽ ഇരു ടീമിലും മാറ്റം വരുത്താൻ സാധ്യതയില്ല. സ്മൃതി മന്ഥാനയുടെ ഫോമിലാണ് ഇന്ത്യയുടെ പ്രതീക്ഷ. ബൗളിംഗിൽ രേണുക സിംഗും വിക്കറ്റെടുക്കുന്നുവെന്നുള്ളത് ആത്മവിശ്വാസം കൂട്ടും. അതോടൊപ്പം സ്നേഹ് റാണയുടെ സ്പിന്നും ടീമിന്റെ പ്രതീക്ഷ വർധിപ്പിക്കുന്നു.