ബർമിങ്ങാം: 2022 കോമൺവെൽത്ത് ഗെയിംസ് ബാഡ്മിന്റണിൽ ഇന്ത്യൻ വിജയഗാഥ. പുരുഷ സിംഗിൾസിലും വനിതാ സിംഗിൾസിലും ഇന്ത്യൻ താരങ്ങൾ സ്വർണമണിഞ്ഞതിന് പിന്നാലെ പുരുഷ ഡബിൾസിൽ ഇന്ത്യയുടെ സാത്വിക് സായ്‌രാജ് റാങ്കിറെഡ്ഡി- ചിരാഗ് ചന്ദ്രശേഖർ ഷെട്ടി സഖ്യം സ്വർണം സ്വന്തമാക്കി. 2018 കോമൺവെൽത്ത് ഗെയിംസിൽ ചിരാഗ്-സായ്‌രാജ് സഖ്യം വെള്ളി നേടിയിരുന്നു.

ഫൈനലിൽ ഇംഗ്ലണ്ടിന്റെ ബെൻ ലെയ്ൻ-സീൻ വെൻഡി സഖ്യത്തെ തകർത്താണ് ഇന്ത്യൻ ടീം സ്വർണം നേടിയത്. നേരിട്ടുള്ള ഗെയിമുകൾക്കാണ് ഇന്ത്യയുടെ വിജയം. സ്‌കോർ: 21-15, 21-13. ഇംഗ്ലണ്ടിന് ഇന്ത്യയ്ക്കെതിരേ ഒന്ന് പൊരുതാൻ പോലുമായില്ല.

രണ്ട് ഗെയിമിലും അനായാസ വിജയമാണ് ഇന്ത്യ നേടിയത്. 2022 കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യ നേടുന്ന 21-ാം സ്വർണ മെഡലാണിത്. ഇന്ന് ബാഡ്മിന്റണിൽ നിന്ന് മാത്രമായി ഇന്ത്യ നേടുന്ന മൂന്നാം സ്വർണ മെഡലും. നേരത്തേ പുരുഷ സിംഗിൾസിൽ ലക്ഷ്യ സെന്നും വനിതാ സിംഗിൾസിൽ പി.വി സിന്ധുവും സ്വർണം നേടിയിരുന്നു.

ബാഡ്മിന്റൻ പുരുഷ സിംഗിൾസ് ഫൈനലിൽ മലേഷ്യൻ താരം സെ യോങ്ങിനെയാണു ലക്ഷ്യ സെൻ പരാജയപ്പെടുത്തിയത്. സ്‌കോർ 19-21, 21-9, 21-16. ആദ്യ ഗെയിം കൈവിട്ട ലക്ഷ്യ രണ്ടു ഗെയിമുകളും സ്വന്തമാക്കിയാണ് ബർമിങ്ങാമിൽ സ്വർണം മെഡൽ ഉറപ്പിച്ചത്.

വാശിയേറിയ പോരാട്ടത്തിനൊടുവിൽ ആദ്യ സെറ്റ് നഷ്ടപ്പെടുത്തിയ ലക്ഷ്യ സെൻ രണ്ടാം സെറ്റ് പിടിച്ചെടുത്ത് മത്സരത്തിലേക്കു തിരികെയെത്തുകയായിരുന്നു. രണ്ടാം ഗെയിമിൽ 6-8 എന്ന നിലയിൽ പിന്നിലായ ശേഷമായിരുന്നു 21-9 എന്ന സ്‌കോറിൽ ലക്ഷ്യയുടെ തിരിച്ചുവരവ്. മൂന്നാം ഗെയിം 21-16 എന്ന സ്‌കോറിലും ഇന്ത്യൻ താരം സ്വന്തമാക്കി. കോമൺവെൽത്ത് ഗെയിംസിൽ ലക്ഷ്യ സെന്നിന്റെ ആദ്യ സ്വർണമാണിത്. നേരത്തേ മിക്‌സഡ് ടീം ഇനത്തിൽ ലക്ഷ്യ വെള്ളി നേടിയിരുന്നു.

അതേ സമയം പുരുഷ വിഭാഗം സിംഗിൾസ് ടേബിൾ ടെന്നീസിൽ ഇന്ത്യയുടെ കമൽ ശരത് അജന്ത സ്വർണം നേടി. ഫൈനലിൽ ഇംഗ്ലണ്ടിന്റെ ലിയാം പിച്ച്ഫോർഡിനെ തകർത്താണ് ഇന്ത്യൻ താരം വിജയം നേടിയത്.

ഒന്നിനെതിരേ നാല് ഗെയിമുകൾക്കാണ് ശരത്തിന്റെ വിജയം. ആദ്യ ഗെയിം നഷ്ടപ്പെട്ടിട്ടും പോരാട്ടവീര്യത്തോടെ തിരിച്ചുവന്ന ശരത് പിച്ച്ഫോർഡിനെ പിച്ചിച്ചീന്തി. പിന്നീടുള്ള നാല് ഗെയിമുകളും നേടിയ ശരത് കരിയറിലെ തന്റെ രണ്ടാം കോമൺവെൽത്ത് സിംഗിൾസ് സ്വർണമെഡൽ കഴുത്തിലണിഞ്ഞു. സ്‌കോർ: 11-13, 11-7, 11-2, 11-6, 11-8.

2022 കോമൺവെൽത്ത് ഗെയിംസിൽ ശരത് കമൽ നേടുന്ന നാലാം മെഡലാണിത്. സിംഗിൾസ് സ്വർണത്തിന് പുറമേ മിക്സഡ് ഡബിൾസിലും പുരുഷ ടീം വിഭാഗത്തിലും സ്വർണം നേടിയ ശരത് പുരുഷ ഡബിൾസിൽ വെള്ളിയും നേടി. ശരത് കമലിന്റെ 13-ാം കോമൺവെൽത്ത് ഗെയിംസ് മെഡലാണിത്. അതിൽ ഏഴ് സ്വർണവും ഉൾപ്പെടും.

മെഡൽ നേട്ടത്തിൽ ഇന്ത്യ നാലാം സ്ഥാനവും ഉറപ്പിച്ചു. 22 സ്വർണമുൾപ്പെടെ 61 മെഡലുകളാണ് ഇന്ത്യ ഇതുവരെ സ്വന്തമാക്കിയത്. ഇതിൽ 16 വെള്ളിയും 23 വെങ്കലവും ഉൾപ്പെടുന്നു. അഞ്ചാം സ്ഥാനത്തുള്ള ന്യൂസീലൻഡ് സ്വർണമെഡലിനായി ഒരു മത്സരം മാത്രമാണ് ഇനി ബാക്കിയുള്ളത്. അതിൽ അവർ ജയിച്ചാലും ഇന്ത്യയുടെ സ്ഥാനം നഷ്ടമാകില്ല.