തിരുവനന്തപുരം: കണ്ണൂരിൽ ഇന്നലെ ആർഎസ്എസ് കാര്യകർത്ത ബിജുവിന്റെ കൊലപാതകത്തിന് പിന്നാലെ ആഹ്ലാദ പ്രകടനങ്ങൾ നടന്നെന്ന വാദവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. ഇന്നലെ കണ്ണൂരിൽ ബിജുവിന്റെ മരണത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് നടത്തുന്നതെന്ന പേരിൽ വീഡിയോ പുറത്തുവിട്ടുകൊണ്ടാണ് കുമ്മനത്തിന്റെ അവകാശവാദം. ട്വിറ്ററിലൂടെയാണ് കുമ്മനം ആഹ്ലാദ പ്രകടനത്തിന്റെ വീഡിയോ പുറത്തുവിട്ടത്.

ക്രൂരത അതിന്റെ ഏറ്റവും മോശമായ അവസ്ഥയിലാണ്. കൊലപ്പെടുത്തിയശേഷം കണ്ണൂരിലെ കമ്യൂണിസ്റ്റുകൾ ആർഎസ്എസ് കാര്യകർത്തയുടെ കൊലപാതകം ആഘോഷിക്കുന്നു എന്നാണ് ട്വീറ്റിലെ ഉള്ളടക്കം. ഇന്നലെയാണ് പഴയങ്ങാടിയിൽ ബിജെപി പ്രവർത്തകൻ കൂടിയായ ബിജു കൊലചെയ്യപ്പെട്ടത്.

പയ്യന്നൂരിലെ സിപിഐഎം പ്രവർത്തകൻ ധൻരാജിനെ കൊലപ്പെടുത്തിയകേസിലെ പ്രതിയാണ് ബിജു. ഇന്നലെ ക്രൂരമായാണ് ബിജുവിനെ കൊലപ്പെടുത്തിയത്. ബിജുവിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് കണ്ണൂർ ജില്ലയിലും മാഹിയിലും ബിജെപി ഹർത്താലിന് ആഹ്വാനം നൽകിയിട്ടുണ്ട്. ഇടക്കാലത്തിന് ശേഷമാണ് കണ്ണൂരിൽ വീണ്ടും രാഷ്ട്രീയ കൊലപാതകമുണ്ടാകുന്നത്.

കണ്ണൂരിലെ കൊലപാതകം ദൗർഭാഗ്യകരമായെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം. കണ്ണൂരിലെ സമാധാന ശ്രമങ്ങളെ യാതൊരുവിധത്തിലും ഇതു ബാധിക്കില്ലെന്നും കൊലയാളികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരുമെന്നും പിണറായി വ്യക്തമാക്കിയിരുന്നു. ബിജുവിന്റെ കൊലപാതകത്തിനു പിന്നിൽ പാർട്ടിക്കു പങ്കില്ലെന്നു സിപിഐഎം ജില്ലാ സെക്രട്ടറി പി ജയരാജനും വ്യക്തമാക്കിയിരുന്നു. അതിനിടെയാണ്, സിപിഐഎം പ്രവർത്തകർ ബിജുവിന്റെ കൊലപാതകത്തിൽ ആഹ്ലാദം പ്രകടിപ്പിച്ചു നടത്തുന്ന പ്രകടനത്തിന്റെ ദൃശ്യങ്ങൾ കുമ്മനം രാജശേഖരൻ പുറത്തുവിട്ടത്.