തൃശൂർ: സോഷ്യൽ മീഡിയയിലെ പോസ്റ്റുകൾ വഴി അയ്യപ്പഭക്തരുടെ വിശ്വാസത്തെ വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് ദേശാഭിമാനി സബ്എഡിറ്റർക്കെതിരെ പരാതി. തൃശൂർ അയ്യന്തോളിലെ കേരള അയ്യപ്പ ഡിവോട്ടീ ഫോറം പ്രസിഡന്റ് ആർ.എം.രാജസിംഹയാണ് തൃശൂർ സ്വദേശിനിയായ ജിഷ അഭിനയക്കെതിരെ വെസ്റ്റ് ഫോർട്ട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. ഇതിന് പുറമേ പ്രധാനമന്ത്രിക്കും, കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ്‌സിങ്, ഐടി മന്ത്രി രവിശങ്കർ പ്രസാദ്, ഗവർണർ പി.സദാശിവം, ഡിജിപി ലോക്‌നാഥ് ബെഹ്‌റ, തൃശൂർ കളക്ടർ തുടങ്ങിയവർക്ക് പരാതിയുടെ പകർപ്പ് അയച്ചിട്ടുണ്ട്. ഫേസ്‌ബുക്കിലെ ജിഷയുടെ പോസ്റ്റുകൾ അയ്യപ്പഭക്തരെ മുറിവേൽപിക്കുന്നതാണെന്നും, രാജ്യത്തെ മതസൗഹാർദ്ദവും, സമാധാനവും തകർക്കാനും ലക്ഷ്യമിട്ടുള്ളതാണെന്നും പരാതിയിൽ പറയുന്നു. പരാതി പൊലീസ് ആസ്ഥാനത്തെ പരാതി നിരീക്ഷണ സെല്ലിലേക്ക് കൈമാറിയതായി ഡിജിപിയുടെ അറിയിപ്പ് പരാതിക്കാരന് കിട്ടിയിട്ടുണ്ട്.

അയ്യപ്പ വിശ്വാസികളുടെ വികാരങ്ങളെ വ്രണപ്പെടുത്തുക വഴി വർഗീയലഹളയുടെയും കലാപത്തിന്റെയും വിത്തുകൾ വിതയ്ക്കാനാണ് പോസ്റ്റുകളിലെ ശ്രമം. ഹിന്ദുമതത്തിലെ നിരീശ്വരവാദികളും, വിശ്വാസികളും തമ്മിൽ അക്രമത്തിന് കളമൊരുക്കാനാണ് ലക്ഷ്യമിടുന്നത്. ജിഷ അഭിനയയുടെ പോസ്റ്റുകൾ അശ്ലീലവും, ലൈംഗികചുവയുള്ളതും, സദാചാരവിരുദ്ധവും, പൊതുസമാധാനത്തിന് ഭംഗം വരുത്താനുമുള്ള ദുരുദ്ദേശത്തോടെയാണ് ഇട്ടിരിക്കുന്നത്.

നിയമപ്രകാരം പ്രതിഷ്ഠയെ ജീവിക്കുന്ന വ്യക്തിയായാണ് കണക്കാക്കുന്നത്. ബാലനായ അയ്യപ്പൻ, മണികണ്ഠനാണ് ശബരിമലയിലെ പ്രതിഷ്ഠ. ഇതുവഴി മണികണ്ഠനെയും മുറിവേൽപിച്ചിരിക്കുന്നു. അയ്യപ്പഭഗവാന്റെ സാമൂഹിക പദവിക്കും അന്തസ്സിനും ഇതോടെ കോട്ടം സംഭവിച്ചിരിക്കുകയാണ്. ജിഷ അഭിനയയുടെ ഒരു പോസ്റ്റിൽ രഹന ഫാത്തിമയോടും, കവിതയോടും ദർശനം കഴിഞ്ഞ് ഇറങ്ങും മുമ്പ് ഒന്നുനീട്ടിത്തുപ്പാൻ ആവശ്യപ്പെടുന്നു. 'യുവതികൾ പതിനെട്ടാം പടി കയറിയാൽ, ശ്രീകോവിൽ അടച്ചിടുമെന്ന് തന്ത്രി. തോന്നുമ്പോൾ പൂട്ടി താക്കോൽ കൗപീനത്തിൽ വെച്ചുപോകാൻ ഇതുതന്റെ സ്വത്താണോ..പുണ്യാഹം തളിക്കണം പോലും..രഹനാ കവിതാ ഇറങ്ങും മുമ്പ് ഒന്നു നീട്ടി തുപ്പ് ..ഇങ്ങനെയാണ് നിഷ ്ഭിനയയുടെ ഒരു പോസ്റ്റ്. മറ്റൊരു പോസ്റ്റ് ഇങ്ങനെ:' അല്ലയോ അയ്യപ്പാ..ഏതിരുട്ടിലും ആദരവോടെ, സ്‌നേഹാർദ്രമായ്, വിരൽ ചേർത്തുപിടിക്കുന്ന ആൺകൂട്ടിനെയാണ് പെണ്ണ് കാംക്ഷിക്കുന്നത്..അല്ലാതെ പെൺമുഖം കാണുമ്പോഴേക്കും 'മുട്ടുന്നവനെയല്ല', ആയതിനാൽ ഞങ്ങളെയും ഒന്നുകണ്ണുതുറന്നു കണ്ടാലും.'

ഭരണഘടനയുടെ 19(1)(a) ചിന്തയ്ക്കും അഭിപ്രായ സ്വാതന്ത്ര്യത്തിനുമുള്ള അവകാശം നൽകുന്നുണ്ടെങ്കിലും, രണ്ടാം നിബന്ധന പ്രകാരം ചില യുക്തമായ നിയന്ത്രണങ്ങളും വ്യവസ്ഥ ചെയ്യുന്നുണ്ട്. ഈ പശ്ചാത്തലത്തിൽ ജിഷ അഭിനയയ്‌ക്കെതിരെ ഐപിസി, സിആർപിസി, കേരള പൊലീസ് ആക്റ്റ്, ഐടി ആക്റ്റ് എന്നിവ പ്രകാരം കേസെടുക്കണമെന്നാണ് ആർ.എം.രാജസിംഹ തന്റെ പരാതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.