റിയാദ്: സൗദിയിൽ മഞ്ഞ വിഭാഗത്തിൽപ്പെട്ട കമ്പനികളിൽ ജോലി ചെയ്യു്ന്ന തൊഴിലാളികളുടെ കാലാവധി ആറ് വർഷത്തിൽ നിന്ന് നാലാക്കി ചുരുക്കിക്കൊണ്ടുള്ള നിയന്ത്രണം ശനിയാഴ്‌ച്ച മുതൽ നിലവിൽ വരും. നിത്വാഖാത് വ്യവസ്ഥ പ്രകാരം ഉള്ളതാണ് ഈ നിയന്ത്രണവും.

സൗദിയിൽ ആകെ നാലു വർഷം പൂർത്തിയാക്കിയ മഞ്ഞ വിഭാഗത്തിലുള്ള തൊഴിലാളികളുടെ ഇഖാമ പുതുക്കി നൽകില്ലെന്ന് തൊഴിൽ മന്ത്രാലയം രണ്ടു മാസം മുമ്പ് വ്യക്തമാക്കിയിരുന്നു. അടുത്ത ഏപ്രിൽ മുതൽ ഇത് രണ്ടു വർഷമായി വീണ്ടും ചുരുക്കുമെന്ന് മന്ത്രാലയം അറിയിച്ചു. മഞ്ഞ വിഭാഗത്തിൽ പെട്ട നാലു വർഷം പൂർത്തിയായ വിദേശ തൊഴിലാളികൾ ഇതോടെ സുരക്ഷിത വിഭാഗത്തിലേക്ക് മാറുന്നതിന് ശ്രമം തുടങ്ങി.

മഞ്ഞ വിഭാഗത്തിലുള്ള സ്ഥാപനങ്ങൾക്ക് തൊഴിൽ മന്ത്രാലയം പുതിയ വിസകൾക്കുള്ള അപേക്ഷകൾ സ്വീകരിക്കുകയില്ല. കൂടാതെ സ്‌പോൺസർഷിപ്പ് മാറ്റവും തൊഴിലാളികളുടെ പ്രൊഫഷൻ മാറ്റവുമടക്കം നിരവധി സേവനങ്ങൾ നിഷേധിക്കപ്പെടും.

കുറഞ്ഞ പച്ചയിലേക്കുള്ള തൊഴിലാളികളുടെ സേവന മാറ്റത്തിനും ഒക്ടോബർ 25 മുതൽ നിരോധനമേർപ്പെടുത്തും. മധ്യവിഭാഗം പച്ചയിലേക്കോ ഉയർന്ന പച്ചയിലേക്കോ മാത്രമേ മാറ്റം അനുവദിക്കുകയുള്ളു. കൂടുതൽ സ്വദേശികളെ നിയമിക്കാൻ ഉദ്ദേശിച്ചാണ് ശനിയാഴച മുതൽ പുതിയ നിയന്ത്രണങ്ങളിലൂടെ നിയമം കർശനമാക്കുന്നത്.

സൗദിയിൽ മൂന്നാംഘട്ട വനിതാവൽകരണ പദ്ധതിക്കും ശനിയാഴ്ച തുടക്കമാവും. നവജാത ശിശുക്കൾക്കും മാതാക്കൾക്കും ആവശ്യമായ വസ്തുക്കൾ, വനിതകളുടെ ബാഗ്, ചെരുപ്പ് തുടങ്ങിയവ വിൽപ്പന നടത്തുന്ന സ്ഥാപനങ്ങളിൽ സ്വദേശി വനിതകളെ മാത്രമേ നിയമിക്കാവുവെന്നും ഈ പദ്ധതിയിൽ പറയുന്നു.