കാംപസ് റിക്രൂട്ട്മെന്റിലൂടെ സെലക്ഷൻ കിട്ടുമ്പോൾ കമ്പനിയുടെ പേരും ചരിത്രവും നോക്കാതെ അതിൽ ജോയിന്റ് ചെയ്യാൻ ചാടിപ്പുറപ്പെട്ട് പോകുന്ന ടെക്കികൾ ഒന്നു കൂടി ആലോചിക്കുന്നത് നന്നായിരിക്കും. റിക്രൂട്ട് മെന്റ് വേളയിൽ നിങ്ങൾക്ക് തന്ന വാഗ്ദാനങ്ങൾ പാലിക്കാത്ത നിരവധി ഐടി കമ്പനികളുണ്ടെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഉദ്യോഗാർത്ഥികൾക്ക് നൽകിയ വാക്ക് പാലിക്കാതിരുന്ന 31 കമ്പനികൾക്ക് ഐഐടികളിൽ നിന്നുള്ള കാംപസ് റിക്രൂട്ട്മെന്റ് നിരോധിച്ചിരിക്കുകയാണ്. ആൾ ഐഐടിസ് പ്ലേസ്മെന്റ് കമ്മിറ്റി(എഐപിസി)യാണീ നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയിലുടനീളമുള്ള ഐഐടികളിലെ ഹയറിംഗിന്റെ ഉത്തരവാദിത്വമുള്ള പാനലാണ് എഐപിസി. ഇത്തരത്തിലുള്ള കമ്പനികളുടെ ഒരു കരിമ്പട്ടിക എഐപിസി ഓഗസ്റ്റ് 14ന് പുറത്തിറക്കിയിട്ടുമുണ്ട്. ഇവയിൽ മിക്കവയും സ്റ്റാർട്ടപ്പ് കമ്പനികളാണ്. 

രാജ്യമാകമാനമുള്ള 23 ഐഐടികളിലെ വിദ്യാർത്ഥികൾ ചതിയിൽ പെടാതിരിക്കുന്നതിനുള്ള മുൻകരുതലെന്ന നിലയിലാണീ ബ്ലാക്ക്ലിസ്റ്റ് പുറത്തിറക്കിയിരിക്കുന്നതെന്നാണ് എഐപിസി സെക്രട്ടറിയായ പ്രഫ. കൗസ്തുഭ മോഹന്തി വ്യക്തമാക്കിയിരിക്കുന്നത്.ഐഐടി ബോംബയിലെ 25 വിദ്യാർത്ഥികളെ ഇത്തരത്തിൽ ചതിച്ച ഒമ്പത് മറ്റ് കമ്പനികളെ പിന്നീട് കാംപസ് റിക്രൂട്ട്മെന്റിൽ നിന്നും നിരോധിച്ചിട്ടുണ്ട്. സെറ്റ, നൗഫ്ലോറ്റ്സ്, കൺസൾട്ട്ലെയിൻ , സിംപ്ലി, പെപ്പർടാപ്പ്, പോർടീ മെഡിക്കൽ, ബാബജോബ്, ജിപിഎസ്‌കെ, ഹോപ്സ്‌കോച്ച്, സ്മാർട്ട്ട്രാക്ക് സോളാർ സിസ്റ്റംസ് പ്രൈവറ്റ് ലിമിറ്റഡ്, ക്രായോൻ ഡാറ്റ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, ഗ്ലോ ഹോംസ് ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ്, ടെസ്‌കാര സോഫ്റ്റ് വെയർ പ്രൈവറ്റ് ലിമിറ്റഡ്/ റോക്കോൺ ടെക്നോളജീസ്, ഗ്രോഫേർസ്, ടെനോവ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, വെറിറ്റി നോളഡ്ജ് സോല്യൂഷൻസ്, എക്സലൻസ്ടെക്, സ്റ്റൈലിസ, റോഡ്റന്നർ, ലെക്ഇന്നോവ, ലീഗാർഡ് ബേണറ്റ് ഗ്രൂപ്പ്, ജോൺസൻ ഇലക്ട്രിക്, ജപ്പാൻ, മെരാ ഹുനർ, ഫണ്ടമെന്റൽ എഡ്യുക്കേഷൻ, കാഷ്‌കെയർ ടെക്നോളജി , ഹോലമെഡ്, ഇൻഡസ്ഇൻസൈറ്റ്, ക്ലിക്ക്ലാബ്സ്, ഗ്രാബ്ഹൗസ്, മെഡ് എന്നിവയാണ് കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്ന കമ്പനികൾ. 

സോമാറ്റോയെ മറ്റൊരു വർഷം കൂടി റിക്രൂട്ട്മെന്റിൽ നിന്നും കമ്മിറ്റി നിരോധിച്ചിട്ടുണ്ട്. ഐഐടി ബോംബെ ബ്ലാക്ക്ലിസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്ന കമ്പനികളിൽ ഇനി പറയുന്നവ ഉൾപ്പെടുന്നുണ്ട്. ജിപിഎസ്‌കെ, ജോൺസൻ ഇലക്ട്രിക്, ചൈന, പോർടീ മെഡിക്കൽ, കാഷ്‌കെയർ ടെക്നോളജീസ്, പെപ്പർ ടാപ് എന്നിവയാണവ.ഇവ വിദ്യാർത്ഥികൾക്ക് നൽകുന്ന ജോബ് ഓഫറുകൾ ദുർബലപ്പെടുത്തിയെന്നാരോപണമുയർന്നതിനെ തുടർന്നാണ് ഇവയെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ജോലി വാഗ്ദാനം ദുർബലപ്പെടുത്തിയത് മാത്രമല്ല വ്യാജ ഓഫീസ് വിലാസത്തിൽ പ്രവർത്തിച്ചുവെന്ന ആരോപണവും ദി ലെഗാർഡ് ബേണറ്റ് ഗ്രൂപ്പിന് മുകളിലുണ്ട്. ഇതിനെ തുടർന്ന് ഈ ഗ്രൂപ്പിനെയും റിക്രൂട്ട്മെൻരിൽ നിന്നും നിരോധിച്ചിട്ടുണ്ട്. മറ്റൊരു പേരിൽ മറ്റൊരു സ്റ്റാർട്ടപ്പിലേക്ക് വിദ്യാർത്ഥികളെ ഹയർ ചെയ്തുവെന്ന ആരോപണമുയർന്നതിനെ തുടർന്നാണ് ബോംബെ ഐഐടി മേര ഹുനാർ എന്ന കമ്പനിയെ നിരോധിച്ചിരിക്കുന്നത്. വിദ്യാർത്ഥികൾക്ക് ജോലിയിൽ ചേരുന്നതിനുള്ള തീയതികൾ വൈകിച്ചതിനാലാണ് ഇൻഡസ് ഇൻസൈറ്റിനെ ബോംബെ ഐഐടി കാംപസ് റിക്രൂട്ട്മെൻരിൽ നിന്നും വിലക്കിയിരിക്കുന്നത്.

ഈ അടുത്ത മാസങ്ങളിൽ കാംപസ് റിക്രൂട്ട്മെന്റിലൂടെ തെരഞ്ഞെടുത്ത നിരവധി വിദ്യാർത്ഥികൾക്ക് ജോബ് ഓഫറുകൾ വൈകിപ്പിച്ചുവെന്ന ആരോപണം നിരവധി സ്റ്റാർട്ടപ്പുകൾക്ക് നേരെ ഉയർന്നിട്ടുണ്ട്. ഇ കോമേഴ്സ് ഭീമനായ ഫ്ലിപ്കാർട്ട് അടക്കമുള്ള നിരവധി സ്ഥാപനമങ്ങൾ ഉദ്യോഗാർത്ഥികളുടെ ജോയിനിങ് തിയതി ചുരുങ്ങിയത് ആറ് മാസങ്ങൾ വരെ വൈകിപ്പിച്ചുവെന്നും ആരോപണമുയർന്നിരുന്നു.