മെൽബൺ: കുടിയേറ്റക്കാർക്ക് കുറഞ്ഞ വേതനം നൽകുകയും റിക്രൂട്ട്‌മെന്റ് ചെലവുകൾക്കായി അനധികൃതമായി തൊഴിലാളികളിൽ നിന്ന് പണം ഈടാക്കുകയും ചെയ്ത കമ്പനിക്ക് 175,000 ഡോളർ പിഴ വിധിച്ചുകൊണ്ട്  ഫെഡറൽ കോടതി. ഇതാദ്യമായാണ് രാജ്യത്ത് ഇത്തരത്തിൽ ഒരു കമ്പനി ഇത്രയേറെ പിഴയടക്കാൻ കോടതിവിധിക്കുന്നത്. കമ്പനിക്കെതിരേ ഇമിഗ്രേഷൻ ഡിപ്പാർട്ട്‌മെന്റ് നൽകിയ കേസിലാണ് ഫെഡറൽ കോടതി ശിക്ഷ വിധിക്കുന്നത്.

ഡാർവിനിൽ നിരവധി റെസ്റ്റോറന്റുകളും കഫേകളും നടത്തുന്ന ചൂംഗ് എന്റർപ്രൈസസിനെതിരേയാണ് ഫെഡറൽ കോടതിയുടെ വിധി. വർഷങ്ങളായി പത്ത് ഫിലിപ്പിനോ തൊഴിലാളികൾക്ക് കുറഞ്ഞ വേതനം നൽകുകയും വ്യാജ വേതന റെക്കോർഡുകൾ നിർമ്മിക്കുകയും തൊഴിലാളികളിൽ നിന്ന് റിക്രൂട്ട്‌മെന്റ് ചെലവുകൾക്കായി തുക ഈടാക്കുകയും ചെയ്തുവെന്നാണ് കമ്പനിക്കെതിരേയുള്ള പരാതികൾ. തൊഴിൽ നിയമങ്ങളെല്ലാം കാറ്റിൽപറത്തിയെന്നാണ് കമ്പനിക്കെതിരേയുള്ള പ്രധാന ആരോപണം.

2009-2012 കാലഘട്ടത്തിലായി അഞ്ചു പുരുഷന്മാരേയും അഞ്ചു സ്ത്രീകളേയും ചൂംഗ് എന്റർപ്രൈസസ് ജോലിക്കായി സ്‌പോൺസർ ചെയ്തുകൊണ്ടു എത്തിക്കുകയായിരുന്നു. മണിക്കൂറിന് 17 ഡോളർ മുതൽ 21 ഡോളർ വരെയാണ് ഇവർക്ക് വേതനമായി നൽകേണ്ടിയിരുന്നത്. എന്നാൽ മണിക്കൂറിന് വെറും 12 ഡോളറോളം മാത്രമായിരുന്നു വേതനമായി നൽകിയിരുന്നതെന്നാണ് കോടതി കണ്ടെത്തിയിരിക്കുന്നത്. കൂടാതെ ആഴ്ചയിൽ 38 മണിക്കൂർ തൊഴിൽ എന്നതിനു പകരം ആഴ്ചയിൽ 60 മണിക്കൂറോളം തൊഴിൽ എടുപ്പിച്ചിരുന്നുവെന്നും ഇതിന് അധികശമ്പളം നൽകിയിരുന്നില്ലെന്നും കോടതി കണ്ടെത്തി. സിക്ക് ലീവ്, പബ്ലിക് ഹോളിഡേകൾ എന്നിവ നൽകിയിരുന്നില്ലെന്നും വ്യക്തമായിട്ടുണ്ട്.

തൊഴിലാളികൾക്ക് വേതനം നൽകുന്നതിന്റെ രേഖകൾ സൂക്ഷിക്കുന്നതിൽ ചൂംഗ് എന്റർപ്രൈസസ് വീഴ്ച വരുത്തിയെന്നും അനധികൃതമായി റിക്രൂട്ടിങ് ഫീസ് ഈടാക്കിയെന്നും കോടതി വെളിപ്പെടുത്തി. കമ്പനി ഡയറക്ടറായ റൊണാൾഡ് ചൂംഗിന് ഇതുസംബന്ധിച്ച് ഇമിഗ്രേഷൻ ഡിപ്പാർട്ട്‌മെന്റ് മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും അതെല്ലാം അവഗണിച്ച് ചൂംഗ് വീണ്ടും നിയമലംഘനം നടത്തുകയായിരുന്നുവെന്നും കോടതി കണ്ടെത്തി.

ചൂംഗ് എന്റർപ്രൈസസ് നടത്തിയ നിയമലംഘനങ്ങൾക്കെല്ലാം റൊണാൾഡ് ചൂംഗ് തന്നെയാണ് പൂർണ ഉത്തരവാദിയെന്നും ഡിപ്പാർട്ട്‌മെന്റ് മുന്നറിയിപ്പുകൾ അവഗണിച്ച് തുടർച്ചയായ നിയമലംഘനം നടത്തിയതിനാൽ പിഴ ശിക്ഷ അർഹിക്കുന്നുവെന്നും ജസ്റ്റീസ് ജോണ് മാൻസ്ഫീൽഡ് വ്യക്തമാക്കി. കോടതിയിലേക്ക് 175,000 ഡോളറിലധികം അടയ്ക്കണമെന്നും നാലു തൊഴിലാളികൾക്കായി മൈഗ്രേഷൻ എജന്റിന് 6400 ഡോളർ തിരിച്ചു നൽകണമെന്നും കോടതി ഉത്തരവിട്ടു. ഇനി ചൂംഗ് എന്റർപ്രൈസസിന് 457 വിസയിൽ ആളെ കൊണ്ടുവരാൻ സാധ്യമല്ലെന്നും കമ്പനി ഈടാക്കിയ പിഴ മറ്റു സ്‌പോൺസർമാർക്ക് ഒരു പാഠമാകണമെന്നും കോടതി പറയുന്നു.
457 വിസാ സ്‌പോൺസർമാരെ ഇമിഗ്രേഷൻ ഡിപ്പാർട്ട്‌മെന്റ് കർശനമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും അവരുടെ പ്രവർത്തനം നിയമവഴിയേ അല്ലെങ്കിൽ പിടിവീഴുമെന്നും കോടതി വെളിപ്പെടുത്തി. നിയമലംഘനം നടത്തുന്നവർക്ക് കനത്ത പിഴ  ഈടാക്കേണ്ടി വരുമെന്ന മുന്നറിയിപ്പാണ് ഇതിലൂടെ കോടതി നൽകുന്നത്.

മെയ് ദിനം പ്രമാണിച്ച് നാളെ (01.05.2015) ഓഫീസ് അവധിയായതിനാൽ മറുനാടൻ മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല- എഡിറ്റർ