ന്യൂഡൽഹി: സംവിധായകൻ വിനയനെ വിലക്കിയ സംഭവത്തിൽ താരസംഘടനകൾ പിഴയടയ്ക്കണമെന്ന് ഉത്തരവിട്ട് കോംപറ്റീഷൻ കമ്മിഷൻ ഓഫ് ഇന്ത്യ.

സിനിമ സംഘടനകളായ 'അമ്മ'യ്ക്കും 'ഫെഫ്ക'യ്ക്കും പിഴ. വിനയന്റെ പരാതിയുടെ അടിസ്ഥാനത്തിൽ കോംപറ്റീഷൻ കമ്മിഷൻ ഓഫ് ഇന്ത്യയാണ് പിഴ ചുമത്തിയത്. ചലച്ചിത്ര പ്രവർത്തകരായ ഇന്നസെന്റ്, ഇടവേള ബാബു, സിബി മലയിൽ, ബി.ഉണ്ണിക്കൃഷ്ണൻ എന്നിവരും പിഴയടയ്ക്കണം. സംഘടനയെ ഉപയോഗിച്ച് നടത്തുന്ന വൃത്തികേടുകൾക്കെതിരായ വിധിയാണെന്ന് വിനയൻ പ്രതികരിച്ചു. എനിക്കാരോടും വ്യക്തിവൈരാഗ്യമില്ല. ഇത് എന്റെ നിലപാടുകൾക്കുള്ള അംഗീകാരമാണ്.- വിനയൻ പറഞ്ഞു

അമ്മ നാലു ലക്ഷം രൂപയും ഫെഫ്ക 81,000 രൂപയുമാണ് പിഴയായി നൽകേണ്ടത്. ഇന്നസെന്റ് 51,000 രൂപയും സിബി മലയിൽ 61,000 രൂപയും നൽകണം. അപ്രഖ്യാപിത വിലക്കാണ് മലയാള സിനിമയിൽ വിനയന് നിലനിന്നിരുന്നത്. ചലച്ചിത്ര താരങ്ങളോട് അദ്ദേഹത്തിന്റെ ചിത്രങ്ങളിൽ അഭിനയിക്കരുതെന്ന് നിർദ്ദേശിച്ചതായും ആരോപണമുയർന്നിരുന്നു.

2014 ഡിസംബറിൽ നടത്തിയ പരാതിയിലാണ് നടപടി. വരുമാനത്തിന്റെ അഞ്ചുശതമാനം എന്ന നിരക്കിലാണ് പിഴ. വിനയനെതിരെ ഹൈക്കോടതിയെ താരസംഘടനകൾ സമീപിച്ചെങ്കിലും അത് തള്ളി കോടതി ഇവരോട് കോംപിറ്റീഷൻ കമ്മീഷനെ സമീപിക്കാൻ നിർദ്ദേശിക്കുകയായിരുന്നു.

രാജ്യത്തെ അസോസിയേഷനുകളുടെയും വിവിധ സംഘടനകളുടെയും പ്രവർത്തന രീതി പരിശോധിക്കാൻ രൂപീകരിച്ച സംവിധാനമാണ് കോംപറ്റീഷൻ കമ്മിഷൻ ഓഫ് ഇന്ത്യ.