ന്യൂഡൽഹി: റഷ്യൻ എയർലൈനായ എയ്‌റോ ഫ്‌ളോട്ട് ഇന്ത്യൻ വംശജരായ യാത്രക്കാർക്ക് നേരെ വർണവിവേചനം കാണിച്ച് ഇന്ത്യയിലേക്ക് തിരിച്ചയച്ചുവെന്ന് ആരോപണം. ന്യൂയോർക്കിലേക്ക് പോകാൻ വേണ്ടി ഡൽഹിയിൽ നിന്നും വിമാനം കയറി മോസ്‌കോയിലെത്തിയ അഞ്ച് ഇന്ത്യൻ വംശജരായ അമേരിക്കൻ പൗരന്മാർക്കാണീ ദുർഗതിയുണ്ടായിരിക്കുന്നത്. കടുത്ത മഞ്ഞ് കാരണം ന്യൂയോർക്കിലെ ജെഎഫ്‌കെ എയർപോർട്ടിലേക്കുള്ള ഇവരുടെ വിമാനം റദ്ദാക്കിയതിനെ തുടർന്നാണ് ഇവരെ മോസ്‌കോയിൽ നിന്നും ഇന്ത്യയിലേക്ക് നിർബന്ധപൂർവം തിരിച്ചയച്ചിരിക്കുന്നത്. ഇവരുടെ തൊലിനിറം നോക്കിയുള്ള വംശീയ വിദ്വേഷം തുളുമ്പുന്ന ഈ തീരുമാനത്തിനെതിരെ കടുത്ത പ്രതിഷേധമാണ് ഉയരാൻ തുടങ്ങിയിരിക്കുന്നത്.

ഇക്കഴിഞ്ഞ ജനുവരി 7നാണ് സംഭവം നടന്നത്. ഇവർ തിരിച്ച് പോകാൻ തയ്യാറായില്ലെങ്കിൽ നാടു കടത്തുമെന്നായിരുന്നു എയ്‌റോഫ്‌ളോട്ട് അധികൃതർ ഈ യാത്രക്കാരെ ഭീഷണിപ്പെടുത്തിയിരുന്നത്. റദ്ദാക്കിയിരിക്കുന്ന വിമാനത്തിന് പകരമുള്ള വിമാനത്തിൽ അവർക്ക് സീറ്റില്ലെന്ന് പറഞ്ഞായിരുന്നു എയറോഫ്‌ളോട്ട് അധികൃതർ ഇവരെ ഇന്ത്യയിലേക്ക് തിരിച്ചയച്ചത്.

അതിന് പുറമെ മോസ്‌കോയിൽ ഇവർക്ക് യാതൊരു വിധത്തിലുള്ള താമസസൗകര്യം നൽകാനും എയർലൈൻ അധികൃതർ തയ്യാറായിരുന്നില്ല. എന്നാൽ അതേ സമയം ഇവർക്കൊപ്പം ഡൽഹിയിൽ നിന്നും വിമാനത്തിലെത്തിയിരുന്ന വെളുത്തവർഗക്കാരായ അമേരിക്കക്കാർ യുഎസിലേക്കുള്ള കണക്ഷൻ ഫ്‌ളൈറ്റ് അറേഞ്ച് ചെയ്തുകൊടുക്കാനും എയറോഫ്‌ളോട്ടുകാർ തയ്യാറായില്ലെന്നന്ന ആരോപണവും ശക്തമാണ്.

ഇതിന് പുറമെ ഇവർക്ക് താൽക്കാലികമായി ഇവിടെ നിലകൊള്ളുന്നതിനുള്ള ട്രാൻസിസ്റ്റ് വിസകൾ നൽകാനും തയ്യാറായില്ലെന്നും പരാതി ഉയർന്നു. ഏറ്റവും ആദ്യം ലഭ്യമായ വിമാനത്തിന് ഇന്ത്യയിലേക്ക് പോകാനോ അല്ലെങ്കിൽ റഷ്യൻ ഒഫീഷ്യലുകളുടെ നാട് കടത്തലിന് വിധേയമാകുന്നതിനോ ആയിരുന്നു ഒരു എയറോഫ്‌ളോട്ട് ഒഫീഷ്യൽ ഇവരോട് നിർദേശിച്ചിരുന്നതെന്ന് ഇവർക്ക് വേണ്ടി ലോയർമാർ ഫയൽ ചെയ്തിരിക്കുന്ന ഫോർമൽ കംപ്ലയിന്റ് വെളിപ്പെടുത്തുന്നു.ഇക്കാര്യം അറിയിച്ച് കൊണ്ട് യാത്രക്കാർ മോസ്‌കോയിലെ യുഎസ്എംബസിയുമായി ബന്ധപ്പെട്ടിരുന്നു.

അവരുടെ ആഗ്രഹത്തിന് വിരുദ്ധമായി അവരെ മൂന്നാമതൊരു രാജ്യത്തേക്ക് നാട് കടത്തുന്നത് നിയമവിരുദ്ധമാണെന്നായിരുന്നു ഇവർക്ക് എംബസിയിൽ നിന്നും അറിയാൻ സാധിച്ചതെന്നും ഈ പരാതി വെളിപ്പെടുത്തുന്നു. മോസ്‌കോയിലെ യുഎസ് എംബസിയിലെ ഒഫീഷ്യൽ ഇക്കാര്യത്തിൽ തെറ്റ് ചെയ്യരുതെന്നും ഉചിതമായത് അനുവർത്തിക്കണമെന്ന് എയറോഫ്‌ളോട്ട് ഒഫീഷ്യലുകളോട് നിർദേശിച്ചിരുന്നുവെങ്കിലും അവരത് ഗൗനിച്ചില്ലെന്നും ആരോപണമുണ്ട്. ഒരാഴ്ചക്കുള്ളിൽ ഡൽഹിയിൽ നിന്നും ന്യൂയോർക്കിലേക്ക് എയറോഫ്‌ളോട്ട് വിമാനമില്ലെന്നായിരുന്നു ഡൽഹിയിലെത്തിയ അഞ്ച് പേർക്കും അറിയാൻ സാധിച്ചത്. തുടർന്ന് ഇവർ നിയമനടപടികളുമായി മുന്നോട്ട് പോവുകയാണ്.