തിരുവനന്തപുരം: തമിഴ്‌നാട്ടിൽ ഗവർണറുമായി ബന്ധമുണ്ടെന്ന് പ്രചരിപ്പിച്ച് വിദ്യാർത്ഥിനികളെ അനാശാസ്യത്തിന് പ്രേരിപ്പിച്ചതിന് പിടിയിലായ നിർമ്മലയാ ദേവിയുടെ പേരുവിളിച്ച് കേരള സർവകലാശാലയിലെ തമിഴ് അദ്ധ്യാപികയെ അപമാനിക്കാൻ ശ്രമം. സഹപ്രവർത്തകനായ അസി. പ്രൊഫസർ തന്നെ നിരന്തരം അപമാനിക്കുന്നതായും വഴിയിൽ തടഞ്ഞുനിർത്തുന്നതായും തനിക്കെതിരെ നടക്കുന്നത് ലൈംഗിക അതിക്രമം ആണെന്നും അദ്ധ്യാപിക പരാതി നൽകി. യൂണിവേഴ്‌സിറ്റി സെക്ഷ്വൽ ഹരാസ്‌മെന്റ് സെൽ, വിസി, രജിസ്ട്രാർ എന്നിവർക്കാണ് പരാതി നൽകിയത്.

തമിഴ്‌നാട് മധുര കാമരാജ് സർവകലാശാലയിലെ വിദ്യാർത്ഥികളെ അനാശാസ്യത്തിന് പ്രേരിപ്പിച്ചതിന് ജയിലിലായ നിർമ്മലാ ദേവിയുടെ പേരുവിളിച്ചാണ് പലപ്പോഴും അപമാനിക്കുന്നതെന്ന് പരാതിയിൽ പറയുന്നു. ഏപ്രിൽ 18ന് സ്റ്റാഫ് കൗൺസിൽ യോഗത്തിനിടെ അദ്ധ്യാപിക, വനിത എന്നീ നിലകളിൽ തന്റെ സൽപ്പേര് കളങ്കപ്പെടുത്തുന്ന പരാമർശം ഈ അദ്ധ്യാപകന്റെ ഭാഗത്തുനിന്ന് ഉണ്ടായി. ഇത് ലൈംഗിക അതിക്രമമാണെന്നും സർവകലാശാലാ സെക്ഷ്വൽ ഹരാമെന്റ് സെൽ കൺവീനർ ഡോ. രാധാമണിക്ക് നൽകിയ പരാതിയിൽ പറയുന്നു. വി സിക്കും രജിസ്ട്രാർക്കും പരാതിയുടെ പകർപ്പ് അയച്ചുകൊടുത്തിട്ടുണ്ട്.

തന്നെ നിർമ്മലാദേവിയെന്ന് അദ്ധ്യാപകൻ അലറിവിളിക്കുന്നത് വിദ്യാർത്ഥികളും കേട്ടിട്ടുണ്ട്. തന്റെ അന്തസിനെയും വിശ്വാസ്യതയെയും ബാധിക്കുന്ന പ്രശ്‌നമാണിത്. മാനസികപീഡനം കാരണം പഠിപ്പിക്കലിൽ ശ്രദ്ധിക്കാനാവുന്നില്ല. തനിക്ക് സുരക്ഷിതമായി ജോലിചെയ്യണം. എടീ, പോടീ എന്നുമെല്ലാമാണ് നിരന്തരം വിളിക്കുന്നത്. ശല്യം സഹിക്കവയ്യാതെ മുറിക്ക് പുറത്തിറങ്ങാൻ പറഞ്ഞിട്ടും അനുസരിക്കാതിരുന്നപ്പോൾ സുരക്ഷാ ജീവനക്കാരെ വിളിക്കേണ്ടി വന്നിട്ടുമുണ്ട്. ഡിപ്പാർട്ട്‌മെന്റ് കൗൺസിൽ ഇക്കാര്യം ചർച്ചചെയ്തപ്പോഴും മര്യാദയില്ലാതെ സംസാരിച്ചു. കൗൺസിൽ അംഗങ്ങൾ മാപ്പുപറയാൻ ആവശ്യപ്പെട്ടിട്ടും അനുസരിച്ചില്ല. രജിസ്ട്രാറോട് പരാതിപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. തന്നെ താക്കീത് ചെയ്ത് രജിസ്ട്രാർ മെമോ അയച്ചു.

കഴിഞ്ഞ ഏപ്രിൽ ഏഴിന് വകുപ്പിലെ ചടങ്ങിൽ പരസ്യമായി തന്റെ സ്ത്രീത്വത്തെ അപമാനിച്ച് സംസാരിച്ചു. ഇത്തരം സംഭാഷണം പാടില്ലെന്ന് വകുപ്പുമേധാവി വിലക്കിയിരുന്നു. എന്നാൽ അതൊന്നും ഗൗനിക്കാതെയാണ് അപമാനിക്കൽ. ഇടനാഴിയിൽ നടക്കുമ്പോൾ മുന്നിൽ തടസം സൃഷ്ടിച്ച് നിൽക്കും. പിന്നിൽ നിന്ന് ആംഗ്യം കാട്ടി കളിയാക്കാറുമുണ്ട്.

പരാതിപ്പെടുന്നതോടെ ചാല മാർക്കറ്റിലെ വ്യാപാരിയായ തനിക്ക് ഗുണ്ടാസംഘങ്ങളുമായി ബന്ധമുണ്ടെന്നും വകവരുത്താൻ ഒരു ഫോൺ കോൾ മതിയെന്നും വകുപ്പിലെ പലരോടും പറഞ്ഞാണ് വിരട്ടൽ. ഇപ്പോഴും തന്നെ മാനസികമായി പീഡിപ്പിക്കുകയാണ്. തന്റെ ജീവന് ഭീഷണിയുണ്ട്. - അദ്ധ്യാപിക പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. പരാതി നൽകി 15 ദിവസത്തിന് ശേഷം, അദ്ധ്യാപകനെ ജാതിപ്പേര് വിളിച്ചെന്ന കള്ളപ്പരാതിയിൽ തനിക്ക് കാരണം കാണിക്കൽ നോട്ടീസ് അയച്ചതായും അദ്ധ്യാപിക പറയുന്നു.