ചെന്നൈ: തമിഴ്‌നാട്ടിലെ വ്യവസായിയെ വിവാഹവാഗ്ദാനം നൽകി നടി വഞ്ചിച്ചതായി പരാതി. മലയാള സിനിമയിലുൾപ്പെടെ നായികയായ ഗ്ലാമർ താരം മേഘ്‌ന രാജ് വഞ്ചിച്ചുവെന്നു കാട്ടി ജനാർദനൻ എന്ന വ്യവസായിയാണു പരാതി നൽകിയത്.

വിവാഹിതരാകാമെന്ന് പറഞ്ഞ് മേഘ്‌നാ രാജ് വഞ്ചിച്ചെന്നാണ് പരാതിയിൽ. താനുമായുള്ള ബന്ധം തെളിയിക്കുന്ന രേഖകൾ മേഘ്‌ന രാജ് മോഷ്ടിച്ചതായും ജനാർദൻ പരാതിയിൽ പറയുന്നു.

ബംഗലൂരു സിറ്റി പൊലീസ് കമ്മിഷണർ എൻ എസ് മേഘരിഖിന് ഇമെയിലായാണ് ജനാർദനൻ പരാതി നൽകിയത്. ജെപി നഗർ പൊലീസ് ആണ് കേസ് അന്വേഷിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ ആരോപണങ്ങൾ മേഘ്‌ന നിഷേധിച്ചു.

മലയാളം, തമിഴ്, കന്നഡ ചിത്രങ്ങളിൽ തിളങ്ങിയ നായികയാണു മേഘ്‌ന രാജ്. താനും മേഘ്‌നയും തമ്മിൽ കഴിഞ്ഞ കുറച്ചു കാലമായി ബന്ധമുണ്ടെന്നും ഒന്നിച്ചു കഴിഞ്ഞിട്ടുണ്ടെന്നും വിവാഹത്തിനു തയാറാണെന്നു പറഞ്ഞു തന്റെ പണം അപഹരിച്ചെന്നുമാണു പരാതി. തന്റെ ചെലവിൽ കഴിഞ്ഞിരുന്ന നടി വിവാഹത്തിന് താൻ നിർബന്ധിച്ചതോടെ തന്നെ വിട്ടുപോവുകയായിരുന്നെന്നാണ് ജനാർദനൻ പറയുന്നത്. തന്റെ വിലപ്പെട്ട പല സാധനങ്ങളും കവർന്നെടുത്തിട്ടുണ്ടെന്നാണ് ആരോപണം.

കന്നഡയിലൂടെയാണ് മേഘ്‌ന ചലച്ചിത്ര രംഗത്തു സജീവമായത്. വിനയന്റെ യക്ഷിയും ഞാനുമാണ് മലയാളത്തിലെ ആദ്യത്തെ ചിത്രം. ബ്യൂട്ടിഫുൾ എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധേയയായത്. സൂപ്പർഹിറ്റ് ചിത്രം മെമ്മറീസിലും അഭിനയിച്ചിരുന്നു. കുറച്ചു നാളായി മലയാളത്തിൽ അത്ര സജീവമല്ല.