തിരുവനന്തപുരം: കൈരളി ടിവിയിലെ ഉർവശി അവതരിപ്പിക്കുന്ന പരിപാടിയാണ് ജീവിതം സാക്ഷി. ഈ പരിപാടി എങ്ങനെയാണ് നടക്കുന്നതെന്ന് കണ്ടാൽ പലരും മൂക്കത്ത് വിരൽ വെക്കും. കാരണം മദ്യലഹരിയിൽ പൊതുവേദിയിൽ പ്രത്യക്ഷപ്പെടുകയും കുടിച്ച് ലക്കുകെട്ട് തെറിപറയുകും ലഹരിയിൽ കോടതിയിൽ വരെ എത്തുകയും ചെയ്ത നടി ഉർവശി അവതാരികയായ ഈ പരിപാടി കുടുംബ പ്രശ്‌നങ്ങൾ പറഞ്ഞു തീർക്കാനുള്ള വേദിയായിട്ടാണ് അവതരിപ്പിക്കുന്നത്.

നടൻ മനോജ് കെ ജയനുമായുള്ള വിവാഹ മോചനത്തിന്റെ പേരിലുള്ള വാക്പയറ്റും മറ്റു കാര്യങ്ങളും മലയാളത്തിലെ മാദ്ധ്യമങ്ങളിലൂടെ ലോകം മുഴുവൻ അറിയുന്നതുമാണ്. ഇങ്ങനെ കുടുംബ ദാമ്പത്യത്തെ കുറിച്ചുള്ള പ്രശ്‌നം പരിഹരിക്കാൻ പോലും കഴിയാത്ത ഉർവശി ജീവിതം സാക്ഷിയെന്ന പരിപാടി അവതരിപ്പിക്കുന്നതിൽ പലകോണുകളിൽ നിന്നും വിമർശനം കേൾക്കേണ്ടി വന്നിട്ടുണ്ട്. സ്വന്തം ജീവിത പ്രശ്‌നം പരിഹരിക്കാൻ കഴിയാത്ത ഉർവശി മറ്റുള്ളവരുടെ ജീവിത പ്രശ്‌നം തീർക്കാൻ രംഗത്തുവരുന്നതിലെ വൈരുധ്യമാണ് ഈ വിമർശനത്തിനെല്ലാം ആധാരമായത്.

എന്തായാലും സോഷ്യൽ മീഡിയയിലും അല്ലാതെയും ഉയരുന്ന വിമർശനങ്ങൾക്ക് അപ്പുറത്തേക്ക് കളി കാര്യമാകുന്നു എന്നാണ് അറിയാൻ സാധിക്കുന്നത്. കൈരളി ടിവിയിൽ സംപ്രേഷണം ചെയ്യുന്ന ജീവിതം സാക്ഷി എന്ന പരിപാടിക്കെതിരെ മനുഷ്യാവകാശ കമ്മീഷന് പരാതി നല്കിയിരിക്കയാണ് ഒരു സംഘടന. പരാതി കമ്മീഷൻ സ്വീകരിക്കുകയും ചെയ്തു. പരിപാടിയുടെ അവതാരക ഉർവശിക്കെതിരെ ആരോപണം ഉന്നയിച്ചു കൊണ്ട് പരാതി നൽകിയത് കവടിയാർ പ്രൊട്ടക്ഷൻ ഫോറം പ്രസിഡന്റ് ഷെഫിനാണ്. പരിപാടിയുടെ അവതാരണത്തിനിടെ ഉർവശി നടത്തുന്ന ഇടപെടലുകളും ശാസനയും മറ്റുമാണ് പരാതിക്ക് ആരാധമായതും.

ദമ്പതികളെ വിളിച്ചു വരുത്തി സ്റ്റുഡിയോയിൽ ഇരുത്തി പ്രശ്‌നങ്ങൾ തീർക്കാൻ എന്ന വിധത്തിൽ അവതരിപ്പിക്കുന്നത് കക്ഷികളേയും ജുഡീഷ്യറി അംഗങ്ങളെയും കൂടി ഉൾപ്പെടുത്തിക്കൊണ്ടാണ്. കുടുംബ വഴക്കുകൾ കാരണം ദമ്പതികൾ വഴിപിരിയാതിരിക്കാനുള്ള കൗൺസിലിങ്ങ് നൽകുക എന്ന ഉദ്ദേശത്തോട് കൂടിയാണ് പരിപാടി സംപ്രോഷണം ചെയ്യുന്നത്. എന്നാൽ ജുഡീഷ്യറി അംഗങ്ങൾക്ക് മുന്നിൽ വച്ച് പരിപാടിയിൽ പങ്കെടുക്കാനെത്തുന്ന ദമ്പതികളെ ഉർവ്വശി ശാസിക്കുന്നതായും ജുഡീഷ്യറി അംഗങ്ങൾക്ക് മുന്നിൽ വച്ച് നടത്തുന്ന ഇത്തരം ഭീഷണികൾ കോടതി അലക്ഷ്യത്തിന് തുല്യമാണെന്നും കാണിച്ചാണ് പരാതി നൽകിയിരിക്കുന്നത്.

കേരള ലീഗൽ സർവ്വീസസ് അഥോറിറ്റി(കോടതി) ജഡ്ജി അടങ്ങുന്ന പാനൽ മെമ്പർമാരുടെ മുന്നിൽ കാര്യങ്ങൾ അവതരിപ്പിക്കുക എന്നതാണ് നടിയുടെ കർത്തവ്യം. എന്നാൽ ഇത് മറികടന്ന് പലപ്പോഴും നിയമ വ്യവസ്ഥയെ അപമാനിക്കുന്ന രീതിയിലാണ് നടി പരിപാടി അവതരിപ്പിക്കുന്നതെന്നും പരാതിയിൽ പറയുന്നു. പല പ്രശ്‌നങ്ങളുമായി എത്തുന്ന ദമ്പതികൾക്ക് മുന്നിൽ രോഷം പ്രകടിപ്പിക്കാൻ നടിക്ക് എന്ത് അവകാശമാണ് ഉള്ളതെന്നും പരാതിയിൽ ചോദിക്കുന്നു. അങ്ങനെ രോഷം പ്രകടിപ്പിക്കാനുള്ള വിധത്തിൽ മാന്യത ഉർവശിക്ക് വ്യക്തിജീവിതത്തിൽ ഇല്ലെന്നും പരാതിക്കാരൻ ചൂണ്ടിക്കാട്ടുന്നു.

സ്വന്തം ജീവിതം നേരെ കൊണ്ട് പോകാൻ കഴിയാതെ വിവാഹബന്ധം പോലും വേർപ്പെടുത്തിയ ആൾ എങ്ങനെയാണ് കുടുംബ ബന്ധങ്ങൾ നിലനിൽക്കേണ്ട ആവശ്യകതകൾ ഉപദേശിക്കുന്നത് എന്നതാണ് പ്രധാന ചോദ്യം. പരിപാടിയിൽ ചർച്ച ചെയ്യുന്ന കുടുംബ വഴക്ക് എന്നത് തീർത്തും വ്യക്തിപരമായ കാര്യമാണ്. എന്നാൽ കോടതിയിൽ പോകുന്നതും വക്കീൽ ഫീസായി വലിയ തുക നൽകേണ്ടി വരുമെന്ന കാര്യവും ചൂണ്ടിക്കാട്ടിയാണ് ഷോയിലേക്ക് ആളെ എത്തിക്കുന്ന്. കുടുംബ പ്രശ്‌നം പറഞ്ഞു തീർക്കാനുള്ള വേദി എന്ന വിധത്തിൽ വേഗത്തിൽ പരിഹാരം കാണാനാകുമെന്ന് വാഗ്ദാനം നൽകിയാണ് ചാനലിലേക്ക് ദമ്പതികളെ വിളിച്ചു വരുത്തുന്നത്. എന്നാൽ, പലപ്പോഴും ഷോയുടെ റേറ്റിംഗിനായി നടി പങ്കെടുക്കുന്നവരെ അധിക്ഷേപിച്ച് സംസാരിക്കുന്നു. പരസ്പ്പരം ദമ്പതികൾ ക്യാമറയ്ക്ക് മുന്നിൽ വഴക്കിട്ടു കിട്ടിയാൽ അതും റേറ്റിംഗിനായി ഉപയോഗിക്കുന്നു എന്നുമാണ് ആക്ഷേപം. വിഷയത്തിൽ കൈരളി ടിവിയുടെ എംഡി യോടും നടിയോടും മനുഷ്യാവകാശ കമ്മീഷൻ വിശദീകരണം ചോദിക്കണം എന്നാണ് പരാതിക്കാരുടെ ആവശ്യം.

മനുഷ്യാവകാശ കമ്മീഷനു മുന്നിൽ സമർപ്പിച്ച പരാതിയുടെ പൂർണ്ണ രൂപം ഇങ്ങനെ:

നടി ഉർവ്വശി 'ജീവിതം സാക്ഷി' എന്ന പരിപാടിയിൽ വെറുമൊരു അവതാരക മാത്രമാണ്. ബഹുമാനപ്പെട്ട കേരള ലീഗൽ സർവ്വീസസ് അഥോറിറ്റി(കോടതി) ജഡ്ജി അടങ്ങുന്ന പാനൽ മെമ്പർമാരുടെ മുന്നിൽ കാര്യങ്ങൾ അവതരിപ്പിക്കുക എന്നതാണ് നടിയുടെ കർത്തവ്യം.

ബഹുമാനപ്പെട്ട കോടതിയുടെ മുന്നിൽ ഇരുന്നു കൊണ്ട് പരിപാടിയിൽ പങ്കെടുക്കുന്നവരെ അധിക്ഷേപിക്കുകയും സംസ്‌കാരത്തിനും അന്തസ്സിനും യോജിക്കാത്ത നിലവാരം കുറഞ്ഞ വാക്കുകൾ ഉപയോഗിച്ച് ഭീഷണിയുടെ സ്വരത്തിൽ രോഷ പ്രകടനം നടത്തുന്നതും ബഹുമാനപ്പെട്ട കോടതിയെ പരസ്യമായി അവഹേളിക്കുന്നതിന് തുല്യവും നീതിന്യായ വ്യവസ്ഥക്ക് തന്നെ നാണക്കെടുണ്ടാക്കുന്നതുമാണ്.

''നടി മദ്യപിച്ച് ലക്കുകെട്ട് അസഭ്യം പറയുന്ന വീഡിയോകൾ നവ മാദ്ധ്യമങ്ങളിൽ വൻ ചർച്ചയായതും ഈ വീഡിയോകൾ ഇപ്പോൾ യൂടൂബിൽൽ ലഭ്യവുമാണ്. ഇങ്ങനെയുള്ള ഒരു നടിക്ക് പ്രശ്‌ന പരിഹാരത്തിനായി വരുന്നവരെ ഉപദേശിക്കാൻ എന്ത് ധാർമ്മീകതയാണുള്ളതെന്ന് കൂടി വ്യക്തമാക്കെണ്ടതുണ്ട്.''

തെറ്റ് ചെയ്തവരെ ശാസിക്കാനും ശിക്ഷിക്കാനുമുള്ള അധികാരം ബഹുമാനപ്പെട്ട കോടതിക്കാണ്. ലക്ഷണക്കിന് ആളുകൾ കാണുന്ന പരിപാടിയിൽ പ്രശ്‌ന പരിഹാരത്തിനായി വരുന്ന സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരെ മുന്നിൽ ഇരുത്തി അധിക്ഷേപിക്കുന്നത് കടുത്ത മനുഷ്യാവകാശ ലംഘനം കൂടിയാണ്.