ആലപ്പുഴ: ദിലീപ് നായകനായ ചിത്രത്തിന്റെ നിർമ്മാണത്തിൽ പങ്കാളികളാക്കാമെന്ന് വാഗ്ദാനം ചെയ്ത് സ്ത്രീകളുൾെപ്പടെ ഏഴുപേരിൽ നിന്നായി 17,42,000 തട്ടിയെടുത്തു മുങ്ങിയയാൾ ഒന്നര വർഷം കഴിഞ്ഞ് പൊങ്ങിയത് മഞ്ജു നായികയായ സിനിമാ നിർമ്മിക്കുന്നെന്ന അവകാശവാദവുമായി. മഞ്ജുവിന്റെ സിനിമയുടെ പേരിലും വീണ്ടും പണപ്പിരിവ് നടത്തുന്നെന്ന ആരോപണവും നാട്ടുകാർ ഉയർത്തുന്നു.

ആലപ്പുഴ സ്വദേശിയായ ശ്രീകുമാർ എന്നയാൾക്കെതിരെ പരാതിയുമായി എത്തിയവർ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി. ആലപ്പുഴ നിവാസികളായ ജയകുമാർ, രാഗിണി, വി.ടി ജയറാം, ജോസ് മാത്യു, കെ.എൽ. വർഗീസ്, കുഞ്ഞുമോൾ, വി. രാമചന്ദ്രൻ, മോളി എന്നിവരാണ് പരാതിക്കാർ.

2015ൽ പുറത്തിറങ്ങിയ ദിലീപ് നായകനായ സിനിമയുടെ നിർമ്മാതാവിന്റെ കൂട്ടാളിയാണ് ആരോപണവിധേയനെന്ന് പരാതിക്കാർ പറഞ്ഞു. ദിലീപിനെ നായകനാക്കി സിനിമയെടുക്കുകയാണെന്നും സഹനിർമ്മാതാക്കളാക്കാമെന്നും വാഗ്ദാനം ചെയ്ത് ഒന്നരവർഷം മുമ്പാണ് 75,000 രൂപ മുതൽ എട്ടുലക്ഷം രൂപവരെ ഓരോരുത്തരിൽ നിന്നായി വാങ്ങിയത്.

വെകാതെ ശ്രീകുമാർ നാട്ടിൽ നിന്ന് അപ്രത്യക്ഷനായി. പിന്നീട് നാട്ടിൽ തിരികെ വന്ന് മഞ്ജുവാര്യരെ നായികയാക്കി സിനിമാ നിർമ്മിക്കാൻ പോകുന്നുവെന്ന പേരിൽ ഇയാൾ പണപ്പിരിവ് നടത്തുന്നുവെന്നുകാട്ടിയാണ് പൊലീസിൽ പരാതി നൽകിയിരിക്കുന്നത്. പരാതിക്കാരായ തങ്ങളെ കള്ളക്കേസുകളിൽ കുടുക്കാൻ ശ്രമം നടക്കുന്നതായും അവർ പറഞ്ഞു.

ശ്രീകുമാറിനൊപ്പം ഭാര്യയും പണപ്പിരിവ് നടത്താൻ രംഗത്തുള്ളതായാണ് ഇവരുടെ ആരോപണം. 2015ൽ പുറത്തിറങ്ങിയ ദിലീപ് ചിത്രത്തിനായി ശ്രീകുമാറും പണം മുടക്കിയിരുന്നുവെന്ന സംശയവും പരാതിക്കാർക്കുണ്ട്. ഈ ചിത്രം ബോക്സ് ഓഫീസ് വിജയം നേടിയിരുന്നു. ശ്രീകുമാറിന്റെ നീക്കങ്ങൾക്ക് ചില രാഷ്ട്രീയക്കാരുടെ പിന്തുണയുണ്ടെന്നും പറഞ്ഞു.