തിരുവനന്തപുരം: ഒരു ജോലി കിട്ടണമെങ്കിൽ നന്നായി പഠിച്ചാൽ മാത്രം പോരാ ഇന്നത്തെ കാലത്ത്. അക്കാഡമിക് മികവിന് ഒപ്പം തന്നെ അഭിമുഖങ്ങളിലും നല്ല പ്രകടനം കാഴ്ചവച്ചാൽ മാത്രമെ ജോലി ലഭിക്കുകയുള്ളു. ഇപ്പറഞ്ഞതാണ് സാധാരണ ഗതിയിൽ ഒരു തൊഴിൽ സ്ഥാപനത്തിൽ ജോലി ലഭിക്കുന്നതിനുള്ള സാമാന്യ നടപടി ക്രമങ്ങൾ. എന്നാൽ തിരുവനന്തപുരം നഗരത്തിൽ സ്ഥിതി ചെയ്യുന്ന ക്രെഡൻസ് എന്ന സ്വകാര്യ ആശുപത്രിയിൽ പെൺകുട്ടികൾക്ക് നഴ്സായി ജോലി ചെയ്യണമെങ്കിൽ ഇത്രയൊന്നും പോര. ജോലിക്ക് പ്രവേശിക്കുന്നതിന് മുൻപ് തങ്ങൾ ഗർഭിണിയല്ലെന്ന് തെളിയിക്കേണ്ട ഗതികേടാണ് പെൺകുട്ടികൾക്ക് ഇവിടെയെന്നാണ് നഴ്സുമാരുടെ സംഘടനയായ യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ ആരോപിക്കുന്നത്.

നഴ്സിങ്ങ് നിയമത്തിനായി അപേക്ഷ അയച്ചാൽ അഭിമുഖത്തിന് വിളിക്കും പിന്നീട് അഭിമുഖം കഴിഞ്ഞ ശേഷം ഗർഭിണിയാണോ എന്ന് പരിശോധിക്കും. വിവാഹിതയാണെങ്കിലും അല്ലെങ്കിലും പെൺകുട്ടികളെ പരിശോധനയ്ക്ക് വിധേയരാക്കും. ഗർഭിണിയാണെങ്കിൽ ജോലി ലഭിക്കില്ല, വിവാഹിതരായ പെൺകുട്ടികൾ ജോലിയിൽ പ്രവേശിച്ച ശേഷം ഗർഭിണിയായാലും അവരെ പിരിച്ച് വിടും എന്നതാണ് ആശുപത്രിയുടെ അപ്രഖ്യാപിതനയം. ഗർഭിണികളെ ജോലിക്ക് വച്ചാൽ ആറ് മാസം കഴിയുമ്പോൾ അവർക്ക് സർക്കാർ നിയമം അനുസരിച്ച് ശമ്പളത്തോട്കൂടിയുള്ള അവധി നൽകേണ്ടി വരും എന്നതാണ് ഇത്തരമൊരു നീക്കത്തിന് മാനേജ്മെന്റിനെ പ്രേരിപ്പിക്കുന്നത്.

ആശുപത്രിയുടെ പരസ്യങ്ങളിൽ ഏറ്റവും അധികം വരുന്ന വാചകം വന്ധ്യത ചികിത്സയെകുറിച്ചാണെന്നും എന്നിട്ടാണ് ഗർഭ പരിശോധന നടത്തിയ ശേഷം മാത്രം നിയമനം നടത്തുന്നത് എത്ര വിചിത്രമായ ഒരു സംഭവമാണെന്ന് ഇന്ന് ആശുപത്രിയിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്ത യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് സിബി മുകേഷ് പരിഹസിച്ചു. സ്വന്തം സ്ഥാപനത്തിൽ ജോലി ചെയ്യുന്നവരുടെ ഗർഭം ഇല്ലാതാക്കുന്നവരാണ് നാട്ടുകാർക്ക് വന്ധ്യത ചികിത്സ നൽകുന്നതെന്നും സിബി കുറ്റപ്പെടുത്തി.ക്രെഡൻസ് ആശുപത്രിയിൽ നടക്കുന്ന എല്ലാ തൊഴിലാളി വിരുദ്ധ നടപടികൾക്കെതിരെയും പ്രക്ഷോഭ പരിപാടികളുമായി രംഗത്ത് വരുമെന്നും സിബി മുകേഷ് മറുനാടൻ മലയാളിയോട് പറഞ്ഞു.

ആറ് പ്രവർത്തി ദിവസങ്ങൾക്ക് ഒരു ദിവസം അതായത് 24 മണിക്കൂർ അവധി നൽകണമെന്നാണ് തൊഴിൽ നിയമം എന്നിരിക്കെ നൈറ്റ് ഷിഫ്റ്റ് കഴിഞ്ഞ് ഇറങ്ങിയ ശേഷം പകൽ അവധിയും വീണ്ടും വൈകുന്നേരം നൈറ്റ് ഷിഫ്റ്റിന് ഡ്യൂട്ടിക്ക് കയറണം എന്ന രീതിയിലുമാണ് ഡ്യൂട്ടി നൽകുന്നത്.ഇത്തരത്തിൽ തൊഴിൽ ചൂഷണങ്ങളുടെ ഒരു വലിയ പട്ടിക തന്നെയാണ് ഉള്ളത്. യൂണിയൻ പ്രവർത്തനം നടത്തുന്നവർക്കെതിരെ പ്രതികാര നടപടിയും മാനേജ്‌മെന്റുകൾ സ്വീകരിക്കുന്നു. ഇതെല്ലാം പരാതിയിൽ ചൂണ്ടിക്കാണിച്ചിട്ടും ജില്ലാ ലേബർ ഓഫീസർക്ക് അനങ്ങാപാറ നയമാണെന്നാണ് യുഎൻഎ കുറ്റപ്പെടുത്തുന്നത്.

സമാനതകളില്ലാത്ത തൊഴിൽ പീഡനമാണ് ക്രെഡൻസിൽ നഴ്സുമാർ നേരിടുന്നത്.ആഴ്ചയിൽ ഒരു ദിവസത്തെ അവധി പോലും നൽകാതെയുള്ള ഷിഫ്റ്റ് രീതിയാണ് ഏറ്റവും ചൊടിപ്പിച്ചതെന്ന് യുഎൻഎ പറയുന്നു. സംഘടന പ്രവർത്തനം നടത്തിയ നഴ്സിനെ തടഞ്ഞ് വെയ്ക്കുന്ന നിലപാട് ഉണ്ടായപ്പോൾ യുഎൻഎ നടത്തിയ പ്രക്ഷോഭം മെഡിക്കൽ കോളേജ് പൊലീസ് ഉൾപ്പടെ ഇടപെട്ടാണ് പരിഹരിച്ചത്. പരാതി നൽകിയിട്ടും അനങ്ങാപ്പാറ നയം സ്വീകരിച്ച ജി്ല്ലാ ലേബർ ഓഫീസറുടെ നയം മറുനാടൻ മലയാളി റിപ്പോർട് ചെയ്തതിന് പിന്നാലെ നാളെ ചർച്ചയ്ക്ക് ക്ഷണിച്ചിരിക്കുകയാണ്.