കോഴിക്കോട്: ഞായറാഴ്ച രാത്രി കോവിഡ് ബാധിതനായി മരണപ്പെട്ട വ്യക്തിയുടെ സംസ്‌ക്കാര ചടങ്ങുകൾ ഈഗോയുടെ പുറത്ത് മണിക്കൂറോളം കോർപ്പറേഷൻ ഓഫീസിലെ ഹെൽത്ത് ഇൻസ്‌പെക്ടർ വൈകിപ്പിച്ചതായി പരാതി. കോഴിക്കോട് വെള്ളിാടുകുന്ന് നിർമ്മല ആശുപത്രിയിൽ വച്ചാണ് കോവിഡ് ബാധിതനായ കോവൂർ സ്വദേശി ഇ കെ ദിവാകരൻ മരണപ്പെടുന്നത്. ഇദ്ദേഹത്തിന്റെ സംസ്‌ക്കാര ചടങ്ങുകളാണ് ഹെൽത്ത് ഇൻസ്‌പെക്ടറുടെ അനാവശ്യ പിടിവാശി കാരണം മണിക്കൂറുകളോളം വൈകിയത്. ഇതിനെതിരെ കോഴിക്കോട് വാർഡ് 15 ലെ ആർആർ ടി പ്രവർത്തകനും സിപിഐ ചേവായൂർ ലോക്കൽ കമ്മറ്റി സെക്രട്ടറിയുമായ ബൈജു മേരികുന്നു ആരോഗ്യവകുപ്പ് മന്ത്രിക്ക് പരാതി നൽകി.

ഞായറാഴ്ച രാത്രി 10. 45 നാണ് കോവിഡ് രോഗിയായ ഇ കെ ദിവാകരൻ മരണപ്പെടുന്നത്. കോവിഡ് ബാധിതനായതുകൊണ്ട് മൃതദേഹം വിട്ടുകിട്ടണമെങ്കിൽ സ്ഥലത്തെ ഹെൽത്ത് ഇൻസ്‌പെക്ടറുടെ കത്ത് വേണമെന്ന് ആശുപത്രി അധികൃതർ അറിയിക്കുകയായിരുന്നു. തുടർന്ന് മരണപ്പെട്ടയാളുടെ ബന്ധു പല തവണ ഹെൽത്ത് ഇൻസ്‌പെക്ടറായ പ്രമോദിനെ വിളിച്ചു നോക്കിയെങ്കിലും ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. തുടർന്ന് ബന്ധു വിവരം ബൈജു മേരിക്കുന്നിനെ അറിയിക്കുകയും അദ്ദേഹം വാർഡ് കൗൺസിലർ ടി കെ ചന്ദ്രനെ വിവരം അറിയിക്കുകയും ചെയ്തു.

കൗൺസിലർ മറ്റു വഴികളില്ലാതെ കോർപ്പറേഷൻ ഓഫീസിലെ മറ്റൊരു ഹെൽത്ത് ഇൻസ്‌പെക്ടറെ വിവരം ധരിപ്പിക്കുകയും തുടർന്ന് ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടറുമായി ബന്ധപ്പെട്ട് ബന്ധുക്കൾ മൃതദേഹം വിട്ടു കിട്ടുന്നതിനുള്ള കത്ത് സംഘടിപ്പിക്കുകയും ചെയ്തു. തുടർന്ന് ഇന്ന് രാവിലെ 8.30 ഓടെ മൃതദേഹം സംസ്‌ക്കരിക്കാനായി മാവൂർ റോഡിലെ ശ്മശാനത്തിൽ എത്തിയപ്പോഴാണ് പ്രശ്‌നങ്ങൾ ഉടലെടുത്തത്. സംസ്‌ക്കാര ചടങ്ങുകളുടെ ഉൾപ്പെടെ ഉത്തരവാദിത്തമുള്ള ഹെൽത്ത് ഇൻസ്‌പെക്ടർ പ്രമോദിന്റെ കത്ത് കിട്ടിയാൽ മാത്രമെ സംസ്‌ക്കാരം നടത്താൻ സാധിക്കുകയുള്ളുവെന്ന് ശ്മശാന അധികൃതർ വ്യക്തമാക്കി.

തുടർന്ന് വീണ്ടും പ്രമോദിനെ ബന്ധപ്പെട്ടു. തലേന്ന് വിളിച്ചപ്പോൾ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു എന്ന കാര്യം ഉൾപ്പെടെ അറിയിച്ചെങ്കിലും തന്നെ വിവരം അറിയിക്കാത്തതുകൊണ്ട് സംസ്‌ക്കാരം നടത്താൻ അനുവദിക്കരുതെന്നായിരുന്നു ശ്മശാന അധികൃതർക്കുള്ള ഹെൽത്ത് ഇൻസ്‌പെക്ടറുടെ നിർദ്ദേശം. മൃതദേഹം വിട്ടു നൽകാനുള്ള കത്ത് നൽകിയ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടറെയും നിർമ്മല ആശുപത്രി അധികൃതരേയും ഇദ്ദേഹം വിളിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തു. രാത്രി മുഴുവൻ ഫോൺ സ്വിച്ച് ഓഫ് ചെയ്തു വച്ചിരിക്കുന്നുതുകൊണ്ടാണ് മറ്റൊരു ഹെൽത്ത് ഇൻസ്‌പെക്ടറോട് സംസാരിച്ച ശേഷം മൃതദേഹം ശ്മശാനത്തിൽ എത്തിച്ചതെന്ന് വാർഡ് കൗൺസിലർ വ്യക്തമാക്കിയെങ്കിലും അദ്ദേഹത്തോടും മോശമായിട്ടായിരുന്നു ഹെൽത്ത് ഇൻസ്‌പെക്ടർ പെരുമാറിയതെന്ന് പരാതിയിൽ പറയുന്നു.

രാത്രി മുഴുവൻ ആശുപത്രിയിൽ നിന്ന് മൃതദേഹം വിട്ടു നൽകാനാവാത്ത സ്ഥിതിയുണ്ടാക്കുകയും പകൽ 2.30 മണിക്കൂറോളം ശ്മശാനത്തിൽ സംസ്‌ക്കാര ചടങ്ങുകൾ വൈകിപ്പിക്കുകയുമാണ് ഹെൽത്ത് ഇൻസ്‌പെക്ടർ ചെയ്തത്. വെറും ഈഗോയുടെ പേരിൽ മൃതദേഹം സംസ്‌ക്കരിക്കാൻ അനുവദിക്കാതെ തടഞ്ഞുവെച്ച പ്രമോദിനെതിരെ ഉചിതമായ നടപടി സ്വീകരിക്കണമെന്നും ബൈജു മേരികുന്ന് പരാതിയിൽ ആവശ്യപ്പെട്ടു. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് തുരങ്കം വെക്കുന്ന ഇത്തരം ഓഫീസർമാർക്കെതിരെ നടപടി എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.