കോട്ടയം: ദേശീയ ഗാനമാലപിക്കുമ്പോൾ കീഴ്‌വഴക്കം ലംഘിച്ചുവെന്നു പരാതി. കൊച്ചിയിൽ 14ന് നടന്ന ഇന്ത്യൻ സൂപ്പർ ലീഗ് മത്സരത്തിനു മുമ്പാണു സംഭവം.

മത്സരത്തിന്റെ തുടക്കത്തിൽ ദേശീയഗാനം പാടിയപ്പോൾ കീഴ്‌വഴക്കങ്ങൾ ലംഘിച്ചുവെന്നാണു പരാതി. സംഭവത്തിൽ അന്വേഷണം നടത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശം നൽകി.

പാലായിലെ മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ. ജോസ് നൽകിയ പരാതിയെ തുടർന്നാണ് സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ മുഖ്യമന്ത്രി നിർദ്ദേശം നൽകിയത്. കേരളാ ബ്ലാസ്റ്റേഴ്സും മുംബൈ സിറ്റിയും തമ്മിൽ നടന്ന മത്സരത്തിനു മുന്നോടിയായി ദേശീയഗാനം ആലപിക്കുമ്പോൾ അറ്റൻഷനായി നിൽക്കണമെന്ന കീഴ്‌വഴക്കവും നിർദ്ദേശവും ലംഘിച്ചുവെന്നു പരാതിയിൽ പറയുന്നു. കൈമാറോട് ചേർത്തു പിടിച്ചു നിന്നത് ദേശീയ ഗാനത്തോടുള്ള അവഹേളനമാണെന്നും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഗ്രൗണ്ടിൽ അണി നിരന്ന താരങ്ങളും ഇവർക്കൊപ്പമുണ്ടായിരുന്ന കുട്ടികളും ദേശീയഗാനം പാടിയപ്പോൾ കീഴ്‌വഴക്കം ലംഘിക്കുകയായിരുന്നു. ഇവരെ ശ്രദ്ധിച്ച കാണികളും കീഴ്‌വഴക്കം ലംഘിച്ചു. പരിശീലനം നൽകി ഗ്രൗണ്ടിലെത്തിച്ച കുട്ടികൾ ദേശീയഗാനം പാടിയപ്പോൾ കീഴ്‌വഴക്കം ലംഘിച്ചതിന്റെ ഉത്തരവാദിത്വം സംഘാടകസമിതിക്കാണ്. ഇവർക്കെതിരെ നടപടി സ്വീകരിക്കണം.

ബോധപൂർവ്വം ദേശീയഗാനാലാപനത്തിന്റെ കീഴ്‌വഴക്കം തെറ്റിച്ചതാണെന്നു സംശയമുണ്ടെന്നും ഇതേക്കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്നും എബി ജെ. ജോസ് ആവശ്യപ്പെട്ടു. സംഭവത്തിന്റെ ഉത്തരവാദിത്വമേറ്റെടുത്തുകൊണ്ട് സംഘാടക സമിതിയും കേരളാ ബ്ലാസ്റ്റേഴ്സ്, മുംബൈ സിറ്റി ടീം ഉടമകളും നിർവാജ്യം ഖേദം പ്രകടിപ്പിക്കണമെന്നും ഫൗണ്ടേഷൻ ആവശ്യപ്പെട്ടു. ഐഎസ്എൽ മത്സരങ്ങളിൽ കീഴ്‌വഴക്കം ലംഘിച്ചു ദേശീയഗാനാലാപം ഉണ്ടാവാതിരിക്കാൻ കർശനനടപടി സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.