- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രോഗബാധിതനായ ജീവനക്കാരന്റെ ചികിത്സയ്ക്ക് വേണ്ടി പണപ്പിരിവ് നടത്തി തട്ടിപ്പ്; വേദ പണ്ഡിതൻ ആചാര്യ എം ആർ രാജേഷിന്റെ നേതൃത്വത്തിലുള്ള കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷനെതിരെ പരാതിയുമായി മുൻ ജീവനക്കാരൻ; നിഷേധിച്ച് സ്ഥാപനം
കോഴിക്കോട്: രോഗബാധിതനായ ജീവനക്കാരന്റെ ചികിത്സയുടെ പേരിൽ ക്രൗഡ് ഫണ്ടിംഗിലൂടെ വൻ തുക പിരിച്ചെടുത്ത് തട്ടിപ്പ് നടത്തിയതായി കാണിച്ച് പ്രമുഖ വേദ പണ്ഡിതൻ ആചാര്യ എം ആർ രാജേഷിന്റെ നേതൃത്വത്തിലുള്ള കോഴിക്കോട് പ്രവർത്തിക്കുന്ന കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷനെതിരെ പരാതി. സ്ഥാപനത്തിലെ മുൻ സെക്യൂരിറ്റി ജീവനക്കാരനായ കൊയിലാണ്ടി നടേരി കാവും വട്ടം സ്വദേശി പുതിയോട്ടിൽ രാജൻ സി ആണ് സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയത്.
2016 മുതൽ സ്ഥാപനത്തിലെ സെക്യൂരിറ്റി ജീവനക്കാരനും വേദ പഠിതാവുമാണ് രാജൻ. പതിനായിരം രൂപ ശമ്പളത്തിനാണ് ഇവിടെ ജോലി ചെയ്തു വന്നിരുന്നതെന്ന് രാജൻ പറയുന്നു. ഇതിനിടയിലാണ് രാജൻ അസുഖബാധിതനായത്. തന്റെ ഹൃദയ ശസ്ത്രക്രിയയ്ക്കും ന്യൂറോ സംബന്ധമായ ചികിത്സയ്ക്കുമായി അഞ്ചു ലക്ഷം രൂപ ആവശ്യമായി വരുമെന്ന് കാണിച്ച് ആശ്രമത്തിൽ നിന്നും വേദം പഠിച്ച ആയിരക്കണക്കിന് പഠിതാക്കൾക്ക് ആശ്രമം ഭാരവാഹികൾ സന്ദേശം അയക്കുകയായിരുന്നു.
ആശ്രമത്തിന് പുറത്തുള്ളവരിൽ നിന്നും സമൂഹ മാധ്യമങ്ങളിലൂടെ സഹായം തേടാവുന്നതാണെന്ന് ആശ്രമ ഭാരവാഹികൾ പഠിതാക്കളെ അറിയിച്ചിരുന്നുവെന്നും രാജൻ ആരോപിക്കുന്നു. തന്നെ അറിയിക്കുകയോ തന്റെ അനുവാദം വാങ്ങുകയോ ചെയ്യാതെ ആശ്രമത്തിന്റെ അക്കൗണ്ടിലേക്കാണ് ചികിത്സാ സഹായം അയയ്ക്കാൻ പഠിതാക്കളോട് പറഞ്ഞത്.
ലക്ഷങ്ങൾ പിരിച്ചെടുത്തെങ്കിലും ഇരുപത്തയ്യായിരം രൂപ മാത്രമാണ് ചികിത്സയ്ക്കായി ആശ്രമം തനിക്ക് നൽകിയത്. കൊച്ചുമകളുടെ വിവാഹത്തിനായി അമ്പതിനായിരം രൂപയും പിന്നീട് നൽകി. കേന്ദ്ര സർക്കാറിന്റെ ആയുഷ്മാൻ ഭാരത് പദ്ധതിയിൽ അപേക്ഷിച്ചതു പ്രകാരം ലഭിച്ച സഹായം കൊണ്ടാണ് ശസ്ത്രക്രിയ ഉൾപ്പെടെ നടന്നത്. ഇതിനിടയിൽ ആവശ്യത്തിലധികം പണം വന്നു എന്നു പറഞ്ഞ് ആശ്രമം അധികൃതർ പണം നൽകിയവർക്ക് നന്ദി അറിയിക്കുകയും ചെയ്തു.
ആയുഷ്മാൻ ഭാരത് ചികിത്സാ സഹായ പദ്ധതിയിലൂടെ തനിക്ക് പണം ലഭിച്ച വിവരം ആശ്രമത്തിലെ പഠിതാക്കളിൽ നിന്നും ബോധപൂർവ്വം ആശ്രമം അധികൃതർ മറച്ചുവെക്കുകയായിരുന്നു. പിന്നീട് തിരികെ ജോലിയിൽ പ്രവേശിച്ചപ്പോഴാണ് തന്റെ പേരിൽ വലിയ തട്ടിപ്പ് നടന്നു എന്ന കാര്യത്തിൽ സംശയം തോന്നിത്തുടങ്ങിയത്. സംശയങ്ങൾ പ്രകടിപ്പിച്ചതോടെ ആശ്രമം അധികൃതർ തീർത്തും മനുഷ്യത്വ വിരുദ്ധമായി തന്നോട് പെരുമാറാൻ തുടങ്ങി.
ശസ്ത്രക്രിയ കഴിഞ്ഞ് ശാരീരിക അവശതകൾ അനുഭവിച്ചിരുന്ന തന്നെക്കൊണ്ട് പകലും രാത്രിയും ജോലി ചെയ്യിച്ചു. അമ്മയെ പരിചരിക്കാനായി ഉപയോഗിച്ചിരുന്ന ആഴ്ചയിലെ ഓഫ് പോലും റദ്ദ് ചെയ്യുകയായിരുന്നു അവർ ചെയ്തത്. അമ്മയ്ക്ക് അസുഖം അധികമായപ്പോൾ കാണാൻ പോകണമെന്ന് പറഞ്ഞപ്പോൾ പോയാൽ പിന്നെ തിരിച്ചുവരേണ്ടതില്ല എന്നായിരുന്നു എം ആർ രാജേഷിന്റെ മറുപടി. അമ്മയെ കാണാൻ പോയെന്നറിഞ്ഞ തന്നെ ജോലിയിൽ നിന്നും പിരിച്ചുവിടുകയും ചെയ്തു.
ഇക്കാര്യങ്ങൾ ആശ്രമത്തിലെ മുൻ പഠിതാവിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന് കീഴിൽ കമന്റായി രേഖപ്പെടുത്തിയപ്പോൾ നിങ്ങൾക്ക് ഇത്ര വലിയ തുക ചികിത്സാ സഹായമായി തന്ന ആശ്രമത്തിനെതിരെ ഇങ്ങനെ പ്രതികരിക്കുന്നത് ശരിയാണോ എന്ന് പലരും ചോദിച്ചു. അപ്പോഴാണ് തന്റെ രോഗം കാണിച്ച് ചികിത്സാ സഹായത്തിന് ഇത്രയും വലിയ പണപ്പിരിവ് നടത്തിയ കാര്യം തനിക്ക് കൃത്യമായി ബോധ്യമാകുന്നത്.
പണം പിരിച്ചതിന്റെ എല്ലാ രേഖകളും തന്നെ ബോധ്യപ്പെടുത്താമെന്ന് ആശ്രമം അധികൃതർ 2020 മെയ് മാസത്തിൽ പറഞ്ഞെങ്കിലും ഇതുവരെയും യാതൊരു വിധ വിശദാംശങ്ങളും പുറത്തുവിട്ടിട്ടില്ല. ചികിത്സാ സഹായം വേണമെന്ന് കാണിച്ച് പോസ്റ്റിട്ട വാട്‌സ് ആപ്പ് ഗ്രൂപ്പുകൾ ഡിലീറ്റ് ചെയ്യുകയാണ് ആശ്രമം അധികൃതർ ചെയ്തത്. ആശ്രമത്തിനെതിരെ ഗൂഢാലോചന നടത്തുന്നുവെന്ന നുണ പ്രചാരണമാണ് അവരിപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്. തന്നെ അറിയിക്കാതെയും തന്റെ ബാങ്ക് അക്കൗണ്ട് നൽകാതെയും ആശ്രമത്തിന്റെ പേരിൽ ചികിത്സാ സഹായം അവരുടെ അക്കൗണ്ടിലേക്ക് അഭ്യർത്ഥിച്ച് വൻ തുക എം ആർ രാജേഷ് സംഘവും തട്ടിയെടുക്കുകയാണ് ഉണ്ടായതെന്നും രാജൻ സി നടേരി കുറ്റപ്പെടുത്തുന്നു.
ഇതേ സമയം രാജന്റെ ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നാണ് കാശ്യപാശ്രമം അധികൃതരുടെ മറുപടി. പരാതി നൽകിയ രാജൻ ആശ്രത്തിലെ ജീവനക്കാരനായിരുന്നില്ല. സേവനം എന്ന നിലയിലാണ് അദ്ദേഹം അവിടെ പ്രവർത്തിച്ചത്. അദ്ദേഹത്തിന്റെ ചികിത്സാ സഹായത്തിനായി പ്രത്യേകം പണപ്പിരിവ് നടത്തിയിട്ടില്ല. സേവന പ്രവർത്തനങ്ങൾക്കായി പിരിച്ച തുകയിൽ നിന്ന് രണ്ടു ലക്ഷം രൂപ രാജൻ നൽകുകയാണ് ഉണ്ടായതെന്നും ഇവർ വ്യക്തമാക്കുന്നു. പിരിച്ചു കിട്ടിയ മൊത്തം തുകയുടെ കണക്ക് ആശ്രമത്തിലുണ്ടെന്നും അധികൃതർ പറയുന്നു
കെ വി നിരഞ്ജന് മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്.