- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പരാതി പറയാൻ വിളിച്ച സ്ത്രീയോട് മോശം പെരുമാറ്റം: വനിതാ കമ്മീഷൻ അദ്ധ്യക്ഷയ്ക്ക് എതിരെ വനിതാ കമ്മീഷനിൽ പരാതി; കേസെടുത്ത് അന്വേഷണം നടത്തണമെന്ന് കോൺഗ്രസ് നേതാവ് ബിന്ദു കൃഷ്ണ; തങ്ങളും പച്ചയായ മനുഷ്യരെന്നും കടുത്ത മാനസിക സമ്മർദ്ദങ്ങൾക്ക് വിധേയരെന്നും ന്യായീകരിച്ച് എം.സി.ജോസഫൈൻ
കൊല്ലം: വനിതാ കമ്മിഷൻ അധ്യക്ഷ എംസി ജോസഫൈന് എതിരെ വനിതാ കമ്മിഷനിൽ പരാതി. ടെലിവിഷൻ പരിപാടിക്കിടെ പരാതി പറയാൻ വിളിച്ച സ്ത്രീയോട് മോശമായി പെരുമാറിയെന്നാണ്, കൊല്ലം ഡിസിസി അധ്യക്ഷ ബിന്ദു കൃഷ്ണ നൽകിയ പരാതിയിൽ പറയുന്നത്. ജോസഫൈനെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്ന് പരാതിയിൽ പറയുന്നു.
പരാതി പറയാൻ വിളിച്ച സ്ത്രീയോട് അപമര്യാദയായി പെരുമാറിയെന്ന വാർത്ത ജോസഫൈൻ നേരത്തെ നിഷേധിച്ചിരുന്നു. അങ്ങനെ പെരുമാറിയിട്ടില്ലെന്നും, ആരോപണം നിഷേധിക്കുകയാണെന്നും ജോസഫൈൻ പറഞ്ഞു. ഞാനും ഒരു സാധാരണ സ്്ത്രീയാണ്. പൊലീസിൽ പരാതി കൊടുക്കൂ എന്നാണ് പറഞ്ഞത്. അല്ലാതെ തെറിയൊന്നും പറഞ്ഞിട്ടില്ലെന്ന് ജോസഫൈൻ പറഞ്ഞു.
പരാതി നൽകിയില്ലെങ്കിൽ അനുഭവിച്ചോളൂ എന്നു താൻ പറഞ്ഞിട്ടില്ലെന്നും വനിതാ കമ്മീഷൻ അധ്യക്ഷ വ്യക്തമാക്കി. പൊലീസിൽ പരാതി നൽകാൻ നിർദ്ദേശിക്കുകയാണ് ചെയ്തത്. അത് പൊലീസ് സ്റ്റേഷനിൽ പോകേണ്ട പരാതിയാണ്. കൊടുക്കാതിരുന്നത് ശരിയായില്ല എന്നാണ് പറഞ്ഞത്. തികഞ്ഞ ആത്മാർത്ഥതയോടെ, സത്യസന്ധതയോടെയാണ് താൻ പറഞ്ഞതെന്നും മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി ജോസഫൈൻ വ്യക്തമാക്കി.
പരാതി നൽകിയില്ലെങ്കിൽ അനുഭവിച്ചോളൂ എന്ന് മാഡം പറഞ്ഞതായി വീഡിയോ ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയപ്പോൾ, അങ്ങനെ പല വീഡിയോയും വരുമെന്നായിരുന്നു മറുപടി. ഞങ്ങളും പച്ചയായ മനുഷ്യരാണ്. ഓരോ ദിവസവും കടുത്ത മാനസിക സമ്മർദ്ദങ്ങൾക്ക് വിധേയരായിട്ടാണ് മുന്നോട്ടുപോകുന്നത്. അത്രയേറെ സ്ത്രീകളാണ് പരാതികളുമായി വിളിക്കുന്നത്.
ഒരു സ്ത്രീക്ക് അസഹ്യമായ അനുഭവം ഭർത്താവിൽ നിന്നോ, ആരിൽ നിന്നോ ഉണ്ടായാലും പെട്ടെന്ന് ഓടിയെത്താൻ വനിതാ കമ്മീഷന് കഴിയില്ല. പൊലീസിൽ പരാതി നൽകിയാൽ അതിന് ഒരു ബലമുണ്ടാകും. എല്ലാ പരാതിക്കാരോടും പറയുന്ന കാര്യമാണിത്. സാധാരണക്കാരും യഥാവിധിയല്ല കാര്യങ്ങൾ കേട്ടുമനസ്സിലാക്കുന്നതും തിരിച്ചു പറയുന്നതും. അപ്പോൾ ചിലപ്പോ ഉറച്ചഭാഷയിൽ സംസാരിച്ചിട്ടുണ്ടാകുമെന്നും ജോസഫൈൻ പറഞ്ഞു.
മനോരമ ന്യൂസ് സംഘടിപ്പിച്ച പ്രത്യേക പരിപാടിക്കിടെയായിരുന്നു ജോസഫൈന്റെ പ്രതികരണം. എറണാകുളം സ്വദേശി ലെബിനക്കാണ് എംസി ജോസഫൈനിൽ നിന്നും മോശം പെരുമാറ്റം നേരിടേണ്ടി വന്നത്.
തനിക്ക് ഭർത്താവിൽ നിന്നും ഭർതൃവീട്ടുകാരിൽ നിന്നും നേരിടേണ്ടി വന്ന ക്രൂരതകളെകുറിച്ച് തുറന്നുപറഞ്ഞ ലെബിനയോട് എന്തുകൊണ്ട് പൊലീസിൽ അറിയിച്ചില്ലായെന്ന ചോദ്യത്തിന് താൻ ആരോടും പറഞ്ഞില്ലായെന്നായിരുന്നു മറുപടി. പെട്ടെന്ന് ക്ഷുഭിതയായി എങ്കിൽ അനുഭവിച്ചോളൂ എന്നായിരുന്നു എംസി ജോസഫൈന്റെ പ്രതികരണം. കൊടുത്ത സ്ത്രീധനം തിരിച്ചുകിട്ടാനും നഷ്ടപരിഹാരം കിട്ടാനും കുടുംബ കോടതി വഴി നിയമപരമായി മൂവ് ചെയ്യുക. വേണമെങ്കിൽ വനിതാ കമ്മീഷന് ഒരു പരാതിയും അയച്ചോ. പക്ഷെ അയാൾ വിദേശത്താണല്ലോ. പറഞ്ഞത് മനസിലായോ.' എന്നും എംസി ജോസഫൈൻ പ്രതികരിച്ചു.
കൊല്ലത്ത് വിസ്മയ എന്ന യുവതി ഭർത്താവിന്റെ വീട്ടിൽ തൂങ്ങിമരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ചർച്ച. സ്ത്രീധനത്തിന്റെ പേരിൽ ഭർതൃവീട്ടിൽ നിന്നും നേരിടേണ്ടി വന്ന നിരന്തര പീഡനത്തെ തുടർന്നാണ് വിസമയുടെ മരണമെന്നാണ് പ്രാഥമിക നിഗമനം.
മറുനാടന് മലയാളി ബ്യൂറോ