മലപ്പുറം: എടപ്പാളിലെ തീയറ്റർ പീഡനകേസിൽ കേരളാ പൊലീസ് ഏറെ പഴികേൾക്കുന്നുണ്ട്. തെളിവുകൾ സഹിതം പരാതി ലഭിച്ചിട്ടും അത് മുക്കാൻ ശ്രമിച്ചതിനെ ചങ്ങരംകുളം പൊലീസ് കടുത്ത വിമർശനം നേരിടേണ്ടിയും വന്നു. ഇക്കാരണത്താൽ എസ്‌ഐയെ പുറത്താക്കുകയും ചെയ്തു. മന്ത്രിമാർ അടക്കമുള്ളവർ ഈ വിഷയത്തിന്റെ പേരിൽ കടുത്ത വിമർശനം നേരിടേണ്ടി വന്നു. ഏറ്റവും ഒടുവിൽ മുഖ്യമന്ത്രി പിണറായിയും ഈ വിഷയത്തിലെ പൊലീസ് നിലപാടിനെ വിമർശിച്ചു കൊണ്ട് രംഗത്തെത്തി.

ബന്ധുവിന്റെ പീഡനത്തിനിരയായി സംരക്ഷണ കേന്ദ്രത്തിലേക്കു മാറ്റിയ പന്ത്രണ്ടു വയസ്സുകാരിയെ പരീക്ഷയെഴുതാൻ പോയപ്പോൾ ബന്ധുക്കൾ കടത്തിക്കൊണ്ടുപോയ സംഭവത്തിലാണ് പൊലീസ് ഇപ്പോൾ വിമർശനം നേരിടുന്നത്. കുട്ടിയെ കടത്തിക്കൊണ്ടു പോയ ശേഷം മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിക്കുകയും ചെയ്ത സംഭവമാണ് പുറത്തായിരിക്കുന്നത്. കുട്ടിയെ കാണാതായെന്ന സംരക്ഷണ കേന്ദ്രത്തിന്റെ പരാതി പൊലീസ് അവഗണിച്ചു. ബാലക്ഷേമസമിതി ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ സമീപിച്ചതോടെ അഞ്ചു ദിവസത്തിനുശേഷം കുട്ടിയെ തിരിച്ചെത്തിച്ചു.

വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടായില്ല. മനോരോഗിയായി ചിത്രീകരിച്ച് മൊഴിയുടെ വിശ്വാസ്യത നശിപ്പിക്കാനും സമ്മർദം ചെലുത്താനും വേണ്ടിയാണ് കുട്ടിയെ കൊണ്ടുപോയതെന്നാണ് സൂചന. പ്രതിയെ ഇപ്പോഴും അറസ്റ്റ് ചെയ്തിട്ടില്ല. നടപടികൾ വൈകിക്കാൻ ജില്ലാ പൊലീസ് ഓഫിസിലെ ഉദ്യോഗസ്ഥൻ ചരടുവലിച്ചതായും ആക്ഷേപമുണ്ട്.

മാർച്ചിൽ അരീക്കോട് സ്റ്റേഷൻ പരിധിയിലാണു സംഭവം. ബന്ധു പീഡിപ്പിച്ച വിവരം കുട്ടി സ്‌കൂൾ കൗൺസലറോടു പറഞ്ഞിരുന്നു. നിയമപരമായ നടപടി സ്വീകരിക്കുന്നതിനു പകരം അക്കാര്യം വീട്ടിലറിയിച്ചതോടെ ബന്ധുക്കൾ ഇടപെട്ട് ഒതുക്കിത്തീർത്തു. വീണ്ടും പീഡനമുണ്ടായപ്പോൾ കുട്ടി ചൈൽഡ്ലൈനിനെ അറിയിച്ചു. അവർ കുട്ടിയെ ബാലക്ഷേമസമിതി മുൻപാകെ ഹാജരാക്കി, സംരക്ഷണകേന്ദ്രത്തിലേക്കു മാറ്റി.

അവിടെനിന്ന് സ്‌കൂളിൽ വാർഷിക പരീക്ഷയ്ക്കു പോയപ്പോഴാണ് പരീക്ഷാഹാളിൽനിന്നു കുട്ടിയെ കാണാതായത്. കുട്ടിയെ പരീക്ഷയ്ക്കു കൊണ്ടുപോയ സന്നദ്ധപ്രവർത്തക അരീക്കോട് പൊലീസ് സ്റ്റേഷനിൽ വിവരമറിയിച്ചു. പരാതിയുമായി എത്തിയ അവരെ എസ്‌ഐ വരട്ടെ എന്നുപറഞ്ഞ് സ്റ്റേഷനിൽ നിർത്തി. കുട്ടി വീട്ടിലെത്തിയിട്ടുണ്ടെന്നും കാണാതായെന്ന പരാതി നിലനിൽക്കില്ലെന്നുമായിരുന്നു പിന്നീട് പൊലീസിന്റെ നിലപാട്.

കുട്ടിയെ ബന്ധുക്കൾ കോഴിക്കോട്ടെ മാനസികാരോഗ്യകേന്ദ്രത്തിൽ പ്രവേശിപ്പിച്ചതായി പൊലീസ് തന്നെയാണ് സംരക്ഷണകേന്ദ്രത്തെ അറിയിച്ചത്. പഠനത്തിലും പാഠ്യേതര രംഗത്തും മികവുപുലർത്തിയിരുന്ന കുട്ടിയെ മാനസികാരോഗ്യകേന്ദ്രത്തിൽ അയയ്ക്കുന്നത് അസംബന്ധമാണെന്നും ഇടപെടണമെന്നും ആവശ്യപ്പെട്ട് സംരക്ഷണകേന്ദ്രം പൊലീസ് അധികൃതർക്കു കത്തുനൽകി. ബാലക്ഷേമസമിതി ഉന്നത തലത്തിൽ ഇടപെട്ട ശേഷമാണ് കുട്ടിയെ തിരിച്ചെത്തിച്ചത്. തുടർന്ന് കുട്ടിയെ വിട്ടുകിട്ടാൻ ബന്ധുക്കൾ ഹൈക്കോടതിയെ സമീപിച്ചെങ്കിലും സംരക്ഷണകേന്ദ്രത്തിലേക്കുതന്നെ വിട്ടു.